പുനഃസംഘടനാജ്വരം

ഇന്ദ്രൻ



മഴക്കാലത്ത് നാനാവിധം നാടന്‍, വിദേശനിര്‍മിത പനികള്‍ വന്നുകയറാറുള്ളതുപോലെ കോണ്‍ഗ്രസ്സില്‍ സമയാസമയത്ത് ജ്വരം ഉണ്ടാവുക എന്നതാണ് ന്യായം. അതുകൊണ്ടാവും, മുഖ്യമന്ത്രിതന്നെ പുതിയ നാടന്‍ ഇനം രോഗാണുവിനെ തുറന്നുവിട്ടത്

മൂന്നാം വയസ്സിനും നാലാം വയസ്സിനുമിടയില്‍ സാധാരണ ഉണ്ടാകാറുള്ളതാണ് ഈ പ്രത്യേക ഇനം ജ്വരബാധ. മുന്‍കാല യു.ഡി.എഫ്. മന്ത്രിസഭകള്‍ക്കെല്ലാം ജനപ്രീതി ഓടയില്‍ കിടന്ന ഘട്ടങ്ങളിലാണ് ഇതുണ്ടായത്. ഉടനീളം വിറ, അത്തുംപിത്തും പറച്ചില്‍, കൈകാല്‍വീശി ഘടകകക്ഷികളെ ഭയപ്പെടുത്തല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. മാധ്യമങ്ങളിലെ രാഷ്ട്രീയവൈദ്യന്മാര്‍ ഇതിന് പുനഃസംഘടന, നേതൃമാറ്റം, പ്രതിച്ഛായ വീണ്ടെടുക്കല്‍ തുടങ്ങിയ പേരുകളിടുകയും ഒറ്റമൂലികള്‍ നിര്‍ദേശിക്കുകയും ചെയ്യാറുണ്ട്. മൂന്നാം വയസ്സിനുശേഷം ഒരു ലോക്‌സഭാതിരഞ്ഞെടുപ്പോ പഞ്ചായത്ത് തിരഞ്ഞെടുപ്പോ വന്ന് യു.ഡി.എഫ്. മനോഹരമായി തോല്‍ക്കുമ്പോഴാണ് ഇതിന് അരങ്ങൊരുങ്ങുക. മുഖ്യമന്ത്രിയെ എതിര്‍ഗ്രൂപ്പിന് മാത്രമല്ല, വഴിയേപോകുന്ന ആര്‍ക്കും തെരുവോരത്ത് കെട്ടിത്തൂക്കിയ ചെണ്ടയിലെന്നപോലെ കൊട്ടാവുന്ന അവസ്ഥയുണ്ടാകും. ചിലര്‍ കടിച്ചുതൂങ്ങി പ്രതിച്ഛായയിലെ ഛായ നഷ്ടപ്പെട്ട് ശരിക്കും പ്രതിയാകും. കേന്ദ്രത്തില്‍ വല്ലതും ഒപ്പിക്കാം എന്നുറപ്പുള്ളവര്‍ അങ്ങോട്ടുപോകുന്നതും കണ്ടുവരുന്നു.

ഇത്തവണ വയസ്സ് മൂന്ന് പിന്നിട്ടിട്ടും ജ്വരം വരാത്തതില്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് കടുത്ത മനഃപ്രയാസമുണ്ടായെന്നാണ് മനസ്സിലാക്കേണ്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റിരുന്നെങ്കില്‍ ആരോടും ചോദിക്കാതെ വിറയും പനിയും വന്നുകേറുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. തോല്‍ക്കണമെന്ന് നമ്മള്‍ തീരുമാനിച്ചാലും ജനം സമ്മതിച്ചില്ലെങ്കില്‍ എന്തുചെയ്യും? പക്ഷേ, മുഖ്യമന്ത്രിക്ക് പാര്‍ട്ടിയുടെ വികാരം മാനിക്കാതിരിക്കാതെ പറ്റില്ല. മഴക്കാലത്ത് നാനാവിധം നാടന്‍, വിദേശനിര്‍മിത പനികള്‍ വന്നുകയറാറുള്ളതുപോലെ കോണ്‍ഗ്രസ്സില്‍ സമയാസമയത്ത് ജ്വരം ഉണ്ടാവുക എന്നതാണ് ന്യായം. അതുകൊണ്ടാവും മുഖ്യമന്ത്രിതന്നെ പുതിയ നാടന്‍ ഇനം രോഗാണുവിനെ തുറന്നുവിട്ടത്.

ഒരു മുഖ്യമന്ത്രിക്ക് ഏറ്റവും കുറഞ്ഞ സമയംകൊണ്ട് ചെയ്യാവുന്ന കാര്യം എന്ത് എന്ന് ക്വിസ് മത്സരത്തില്‍ ചോദിച്ചാല്‍ ലോവര്‍ ്രൈപമറി കുട്ടികള്‍പോലും ഉത്തരമെഴുതും മന്ത്രിസഭ ഉണ്ടാക്കല്‍ എന്ന്. പത്തറുപത് വര്‍ഷമായി ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരും ചെയ്തുപോന്നതാണ് ഇക്കാര്യം. ആരെ മന്ത്രിയാക്കണമെന്ന് തീരുമാനിക്കാന്‍ മുഖ്യമന്ത്രിക്ക് പടച്ചതമ്പുരാനുമായി മാത്രമേ കണ്‍സള്‍ട്ട് ചെയ്യേണ്ടതുള്ളൂ. ഇന്ദിരാജിയാണ് ഇക്കാര്യത്തില്‍ ലോകറെക്കോഡ് ഇട്ട പ്രധാനമന്ത്രി. ഒരു മുന്നറിയിപ്പുമില്ലാതെ ഇടയ്ക്കിടെ അവര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചുകൊണ്ടിരിക്കുമായിരുന്നു. അതുകൊണ്ടുള്ള പ്രയോജനം, മന്ത്രിസ്ഥാനം നഷ്ടപ്പെടുംവരെ ഉറക്കമില്ലാതെ കഷ്ടപ്പെട്ടുകൊള്ളും എന്നതാണ്. മനുഷ്യന്‍ കണ്ടുപിടിച്ചതില്‍വെച്ച് ഏറ്റവും വലിയ പീഡനമാണത്. ആളിനെ ഉറങ്ങാന്‍ സമ്മതിക്കാതിരുന്നാല്‍ ആളെക്കൊണ്ട് എന്തും ചെയ്യിക്കാം. എന്തും ചെയ്യുന്നവരായിരുന്നു ഇന്ദിരാജിയുടെ മന്ത്രിമാരേറെയും.
നേരേ എതിര്‍ധ്രുവത്തിലായിരുന്നു നമ്മുടെ എക്‌സ് പ്രധാനമന്ത്രി. അദ്ദേഹവും കോണ്‍ഗ്രസ് തന്നെ. പക്ഷേ, കാര്യമില്ല. ഡോ. മന്‍മോഹന്‍സിങ്ങിന് ഒരു മന്ത്രിയെപ്പോലും സ്വയമേവ നിയമിക്കാന്‍ പറ്റുമായിരുന്നില്ല. ഘടകകക്ഷിമന്ത്രിമാരെ നിയമിക്കാനും മാറ്റാനും അതത് പാര്‍ട്ടി ഉടമസ്ഥന്മാര്‍ പറയണം. പ്രധാനമന്ത്രിയുടെ സ്വന്തം പാര്‍ട്ടിയിലെ മന്ത്രിമാരെ തീരുമാനിക്കുന്നത് സോണിയാജിയുമായിരുന്നു. പാര്‍ട്ടി പ്രസിഡന്റുമാര്‍ അയയ്ക്കുന്ന ലിസ്റ്റ് പിന്‍ചെയ്ത് അടിയില്‍ ഒപ്പുവെച്ച് രാഷ്ട്രപതിഭവനിലേക്ക് അയച്ചാല്‍ മതിയായിരുന്നു. ആരെന്നൊന്നും വായിച്ചുനോക്കേണ്ട കാര്യമില്ല. പേര് വായിച്ചാല്‍ ആരെയും മനസ്സിലാവില്ല. പിറ്റേദിവസം പത്രത്തില്‍ ഫോട്ടോ വരുമ്പോള്‍ ആളെ മനസ്സിലാക്കാമല്ലോ.

ഉമ്മന്‍ചാണ്ടിയുടെ പ്രശ്‌നം ഘടകകക്ഷികളല്ല. അതത്രെ എളുപ്പം. ലീഗിന്റെ മന്ത്രിയെ മാറ്റിക്കിട്ടണമെങ്കില്‍ കുഞ്ഞാലിക്കുട്ടിയോടും ലീഗ് പ്രസിഡന്റിനോടും പറഞ്ഞാല്‍ മതി; കേരള കോണ്‍ഗ്രസ്സുകാരെ മാറ്റാന്‍ മാണിസാറിനോടും. പ്രശ്‌നം മുഴുവന്‍ സ്വന്തം പാര്‍ട്ടിതന്നെ എന്നുപറഞ്ഞാലും അതും ഭാഗിക സത്യംമാത്രം. ഇഷ്ടംപോലെ പ്രശ്‌നങ്ങളുണ്ട്. അത് ഹൈക്കമാന്‍ഡ് കൈകാര്യംചെയ്തുകൊള്ളും. അവിടെ ഇപ്പോള്‍ വേറെ പണിയൊന്നുമില്ലാത്തതുകൊണ്ട് 24 മണിക്കൂര്‍കൊണ്ട് ലിസ്റ്റ് ഉണ്ടാക്കിത്തരും. പക്ഷേ, അങ്ങനെ ചെയ്യില്ല. ഇവിടെ ഒരു നിശ്ചിതകാലം കോണ്‍ഗ്രസ്സുകാര്‍ക്ക് ഗൂഢാലോചന നടത്താനും ഗ്രൂപ്പ് തിരിഞ്ഞ് ബലം നോക്കാനും പത്രപ്രസ്താവന ഇറക്കാനും ചാനല്‍ചര്‍ച്ചയില്‍ അലമ്പുണ്ടാക്കാനും അവസരം നല്‍കിയില്ലെങ്കില്‍ അവര്‍ നിരാശരാകും. ഹൈക്കമാന്‍ഡ് അങ്ങനെ ചെയ്യാന്‍ പാടില്ലല്ലോ. അതുകൊണ്ട് കുറച്ചുമാസം അത് നടക്കും. ആ സമയത്ത് പത്രത്തില്‍ വേറെ അലമ്പുണ്ടാക്കുന്ന ഹെഡ്ഡിങ്ങുകള്‍ വരില്ല എന്ന ഗുണവുമുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ യഥാര്‍ഥ തലവേദന വേറെ ആര്‍ക്കും ഇല്ലാത്ത ഒന്നാണ്. ആളുകള്‍ വിചാരിക്കും യു.ഡി.എഫില്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, മൂന്നിനം കേരള കോണ്‍ഗ്രസ്സുകള്‍, ഒരിനം എസ്.ജെ.ഡി., ഒരു പ്രത്യേക ഇനം ആര്‍.എസ്.പി. എന്നിവയേ ഉള്ളൂ എന്നാണ്. ഔദ്യോഗികരേഖകളില്‍ ഇത്രയേ കാണൂ. പക്ഷേ, കാണപ്പെടുന്ന ഘടകകക്ഷികളുടെ പലയിരട്ടി അദൃശ്യ ഘടകകക്ഷികളുണ്ട്. പല വേഷത്തില്‍ അവര്‍ പല കേന്ദ്രങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. പാര്‍ട്ടികളൊന്നുമല്ല, തങ്ങളാണ് വോട്ട് ഉണ്ടാക്കിത്തരുന്നത് എന്ന് യു.ഡി.എഫുകാരെ അവര്‍ ധരിപ്പിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പ് കൈകാര്യംചെയ്യുന്നത് കോണ്‍ഗ്രസ്സല്ല, എന്‍.എസ്.എസ്. ആണ്. റവന്യൂവകുപ്പ് കൈകാര്യംചെയ്യുന്നത് എസ്.എന്‍.ഡി.പി.യാണ്. വകുപ്പുകള്‍ ഇങ്ങനെ പല കൂട്ടരുടെയും പോക്കറ്റിലാണ്. ഗ്രൂപ്പുകളും ഘടകകക്ഷികളും ഈ ഇനം അനൗദ്യോഗിക ഘടകകക്ഷികളും ചേര്‍ന്നാല്‍ വലിയ ആള്‍ക്കൂട്ടമാണ്. പള്ളിയില്‍ പോയി പ്രാര്‍ഥിച്ചില്ലെങ്കിലും ദൈവം പൊറുക്കും. ജാതിമത ദൈവങ്ങളെ ചെന്നുകണ്ട് മുട്ടുകുത്തിയില്ലെങ്കില്‍ പൊറുക്കില്ല. ഒരു ദൈവം പറയുന്നത് മറ്റേ ദൈവം സമ്മതിക്കില്ല. എല്ലാ ദൈവങ്ങളെയും മെരുക്കിയെടുക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ആരും ധൃതി കൂട്ടരുത്. പണി കുറച്ച് നീണ്ടുനില്‍ക്കും.

****

ദൈവനിന്ദ, മതനിന്ദ എന്നൊക്കെയുള്ളതുപോലുള്ള വലിയ കുറ്റമാണ് സെക്രട്ടേറിയറ്റ് നിന്ദ. അതാണ് നമ്മുടെ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ചെയ്തിരിക്കുന്നത്. സംസ്ഥാനം ഭരിക്കുന്നത് ജനങ്ങള്‍ തിരഞ്ഞെടുത്ത മന്ത്രിമാരും എം.എല്‍.എ. മാരുമൊക്കെയാണെന്നത് തെറ്റിദ്ധാരണ മാത്രമാണ്. മന്ത്രിമാര്‍ക്ക് തീരുമാനമെടുക്കാനുള്ള അധികാരമുണ്ട്. പക്ഷേ, തീരുമാനം നടപ്പാക്കണമോ എന്ന് തീരുമാനിക്കുന്നത് സെക്രട്ടേറിയറ്റിലെ ദൈവങ്ങളാണ്. അവരെ ഗുമസ്തന്മാര്‍ എന്നുവിളിച്ച് നിന്ദിക്കരുതേ ഡോ. ഐസക് സഖാവേ. അവര്‍ വെറും ക്ലര്‍ക്കുമാരല്ല, ഗ്‌ളോറിഫൈഡ് ക്ലര്‍ക്കുമാരാണ്. ദൈവികത്വമുള്ള പണ്ഡിതര്‍ എന്ന അര്‍ഥത്തിലാണ് പണ്ടുകാലത്ത് ക്ലാര്‍ക്ക് എന്ന് വിളിച്ചിരുന്നതുതന്നെ.

ഒരു സ്‌കൂളിലെ കുട്ടികള്‍ക്ക് കുടിവെള്ളം ശുദ്ധമാക്കി കിട്ടാനുള്ള എം.എല്‍.എ.യുടെ ശ്രമമാണ് സെക്രട്ടേറിയറ്റ് കുട്ടിദൈവങ്ങള്‍ കഷ്ടപ്പെട്ട് മുടക്കിയത്. തീരുമാനം വര്‍ഷങ്ങള്‍ വൈകിക്കാന്‍ ബന്ധപ്പെട്ട ഫയലുകള്‍ അവര്‍ അരഡസന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കെങ്കിലും അയച്ചുകാണും. നൂറ്റൊന്ന് ക്വെറികള്‍ എഴുതിപ്പിടിപ്പിക്കാന്‍ പെടാപ്പാട് പെട്ടുകാണും. എന്നിട്ടും ഇതിനെതിരെ ലേഖനമെഴുതിയ എം.എല്‍.എ. ചെയ്തത് അക്ഷന്തവ്യമായ കുറ്റംതന്നെ.

പൊതുവായ ചില തത്ത്വങ്ങള്‍ സെക്രട്ടേറിയറ്റില്‍ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഫയല്‍ എത്രയും വേഗം തീര്‍പ്പാക്കുക എന്നതല്ല, എത്രയും നീട്ടിക്കൊണ്ടുപോവുക എന്നതാണ് ശരി. ഒരു ഫയലില്‍നിന്ന് അനേകം പുതിയ ഫയലുകള്‍ ഉയിര്‍ത്തുവരണം. ഓരോ തുള്ളിച്ചോരയില്‍നിന്നും… എന്ന പടപ്പാട്ടില്ലേ, ആ സ്‌റ്റൈലില്‍ ഫയലുകളും പെരുകണം. ഫയലുകള്‍ എത്ര കാലം വെച്ചുതാമസിപ്പിക്കാമോ അത്രയും താമസിപ്പിക്കണം. എത്ര സെക്ഷനുകളിലേക്ക് അയച്ച് അതിനെ വട്ടംകറക്കണമോ അത്രയും വട്ടംകറക്കണം. നിയമപ്രകാരം ഒരു പ്രത്യേക അധികാരം തങ്ങള്‍ക്കില്ല എന്ന് തോന്നിയാലും അതൊരിക്കലും സമ്മതിച്ചുകളയരുത്. എല്ലാ അധികാരവും തങ്ങള്‍ക്കാവണം. ഏത് ഡിപ്പാര്‍ട്ട്‌മെന്റില്‍ എന്ത് പുതിയ തസ്തിക ഉണ്ടായാലും അത് ആദ്യം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഒരു ഫോണ്‍സന്ദേശത്തിലൂടെ അറിയാവുന്ന കാര്യവും അങ്ങനെ അറിയിച്ചുകൂടാ. കീഴേക്ക് ഒരു ക്വറി തട്ടിയേക്കണം. മറുപടി കിട്ടിയാല്‍ കൂടുതല്‍ വലിയ സംശയത്തിനും ഫയലിനും രൂപം നല്‍കുന്നതാവണം തീരുമാനം. അങ്ങനെ ഫയലുകള്‍ പെരുകുന്നതിനെയാണ് വികസനം എന്ന് വിളിക്കേണ്ടത്.

ഐ.എ.എസ്സുകാര്‍ വിവരമില്ലാത്തവരും താഴേക്കിടക്കാര്‍ ബുദ്ധിജീവികളും ആയതുകൊണ്ട്, മേലേക്കിട ഉദ്യോഗസ്ഥരില്‍ നിന്ന് താഴേക്കിടയിലേക്ക് മുഴുവന്‍ അധികാരവും എത്തിക്കുന്നതിനെയാണ് അധികാരവികേന്ദ്രീകരണം എന്ന് വിളിക്കേണ്ടത്. എന്ത് വിവരക്കേട് താഴെയുള്ളവര്‍ എഴുതിയാലും മേലെ ആരും വായിച്ച് തിരുത്തരുത്. വെറുതെ കു വരച്ച് വിട്ടാല്‍ മതി.
90 ശതമാനം രാഷ്ട്രീയക്കാര്‍ ബാക്കി 10 ശതമാനത്തിന് ചീത്തപ്പേരുണ്ടാക്കുന്നു എന്നാരോ പരിഹസിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ ഈ ശതമാനക്കണക്ക് വ്യക്തമല്ല.
npr@mpp.co.in

Leave a Reply

Your email address will not be published. Required fields are marked *

Go Top