ഇന്ദ്രപ്രസ്ഥത്തില്‍ ആദര്‍ശാത്മക ജനാധിപത്യവിപ്ലവം ഭാഗികമായി ജയിച്ചു. പക്ഷേ, അതിന്റെ ഉദ്ഘാടനം നടക്കുന്നത് ലേശം ആദര്‍ശവിരുദ്ധമായാണോ എന്ന് സംശയമുണ്ട്. ഡല്‍ഹിയിലെ ജനം തീരുമാനിച്ചത് ബി.ജെ.പി.യെ ഒന്നാംനമ്പര്‍ കക്ഷിയാക്കാനാണ്. കെജ്‌രിവാള്‍ മുഖ്യമന്ത്രിയാകണമെന്ന് ജനത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അവര്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നല്‍കുമായിരുന്നു. നല്‍കിയിട്ടില്ല. മണ്ഡലത്തില്‍നിന്ന് പ്രതിനിധിയെ തിരഞ്ഞെടുക്കുക ഭൂരിപക്ഷം വോട്ടര്‍മാര്‍ ആരെ പിന്തുണച്ചു എന്നുനോക്കിയല്ല. കൂടുതല്‍ വോട്ടര്‍മാര്‍ ആരെ പിന്തുണച്ചു എന്നുനോക്കിയാണ്. ആ ന്യായം മന്ത്രിസഭ ഉണ്ടാക്കുമ്പോള്‍ അന്യായമാകും. അവിടെ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയാല്‍ പോര; ഭൂരിപക്ഷം വോട്ടുതന്നെ കിട്ടണം. കെജ്‌രിവാള്‍ മുഖ്യമന്ത്രിയായത്, ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രിയാക്കാന്‍വേണ്ടി ജയിച്ചവരുടെ പിന്തുണയോടെയാണ്.
കൂടുതല്‍ വോട്ടുകിട്ടി ഒന്നാംസ്ഥാനത്തെത്തിയ ആളെ തോ ല്‍പ്പിക്കാന്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍ കൂട്ടുകൂടുന്നത് പുതിയ ഏര്‍പ്പാടൊന്നുമല്ല. അത് ജനാഭിലാഷത്തിന് എതിരാണെന്ന് ഒന്നാംസ്ഥാനത്തുള്ളവര്‍ വിമര്‍ശിക്കാറുമുണ്ട്. ജനാധിപത്യം നടന്നുപോകണമെങ്കില്‍ ഇങ്ങനെ ചില ജനാധിപത്യവിരുദ്ധ സംഗതികള്‍ സഹിക്കേണ്ടിവരും. ചില്ലറ ജനാധിപത്യവിരുദ്ധ നടപടികളെയെല്ലാം വ്യാഖ്യാനിച്ച് തികച്ചും ജനാധിപത്യപരം എന്ന് സ്ഥാപിക്കാനാവും. നല്ല നാക്കുവേണം എന്നേയുള്ളൂ. ഡല്‍ഹിയില്‍ അതിനുള്ള അവസരം കെജ്‌രിവാളിനാണ് കിട്ടിയത്. തുടക്കം മോശമായിട്ടില്ല. മറ്റുപല രാജ്യങ്ങളിലുമുള്ളതുപോലെ ഇന്ത്യയില്‍ വോട്ടര്‍ക്ക് തന്റെ രണ്ടാമത്തെ ഇഷ്ടം രേഖപ്പെടുത്താന്‍ ബാലറ്റ് പേപ്പറില്‍ സൗകര്യം നല്‍കിയിരുന്നെങ്കില്‍ കെജ്‌രിവാളിന് ഭൂരിപക്ഷം കിട്ടുമായിരുന്നുവെന്ന് വ്യക്തം. റിയാലിറ്റി ഷോയിലൊക്കെ ഉള്ളതുപോലെ ഡല്‍ഹിയില്‍ ആം ആദ്മി വക എസ്.എം.എസ്. രണ്ടാംവോട്ട് ഉണ്ടായിരുന്നു. അതില്‍ കെജ്‌രിവാളിനാണത്രേ ഭൂരിപക്ഷം!
എന്തായാലും ആജന്മശത്രുവായ കോണ്‍ഗ്രസ്സിന്റെ ഷീലാ ദീക്ഷിത് തീരുമാനിക്കും കെജ്‌രിവാള്‍ എത്രനാള്‍
മുഖ്യമന്ത്രിയായിരിക്കണമെന്ന്. ഇതിലും വലിയ ശിക്ഷ ഒരു വിജയിക്ക് കിട്ടാനില്ല. ഭരണം പിടിച്ചാല്‍ ആദ്യം ചെയ്യുക ഷീലാ ദീക്ഷിതിനെയും കൂട്ടരെയും ജയിലിലടയ്ക്കുകയാണെന്ന് പ്രഖ്യാപിച്ച ആം ആദ്മിക്കാരോട് ഇതിലും വലിയ പ്രതികാരം എങ്ങനെ ചെയ്യാനാണ്.
എതിരാളിയെ ഭരണത്തിലിരുത്തി തന്റെ ആജ്ഞാനുവര്‍ത്തിയാക്കുന്നതിന്റെ രസം പലരും മുമ്പ് ആസ്വദിച്ചിട്ടുണ്ട്. 1996-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഒന്നാംസ്ഥാനത്തും കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തുമായിരുന്നു. 13 പാര്‍ട്ടികളുള്ള മൂന്നാം മുന്നണിയെ കോണ്‍ഗ്രസ് പിന്തുണച്ച് കേന്ദ്രത്തില്‍ അധികാരത്തിലേറ്റിയത് ബി.ജെ.പി.യെ അകറ്റാനാണ്. 13 നാള്‍ ഭരിച്ച വാജ്‌പേയിയെ വീഴ്ത്തി മൂന്നാംമുന്നണിയില്‍പ്പെട്ട ജനതാദളിന്റെ എച്ച്.ഡി. ദേവഗൗഡയെ പ്രധാനമന്ത്രിയാക്കി. തുമ്പിയെക്കൊണ്ട് കുട്ടികള്‍ കല്ലെടുപ്പിക്കുന്നതുപോലെ കോണ്‍ഗ്രസ് പ്രസിഡന്റ് സീതാറാം കേസരി പ്രധാനമന്ത്രി ഗൗഡയെക്കൊണ്ട് പലതും എടുപ്പിച്ചു. രണ്ടുപേരും ഒരേ നിലവാരക്കാരായിരുന്നിട്ടും വിനോദം അധികം നീണ്ടില്ല. കെ. കരുണാകരന്റെ വീട്ടില്‍ എട്ടുതവണ ഇരുട്ടത്ത് തലയില്‍ മുണ്ടിട്ട് ചെന്ന ഗൗഡ, തന്റെ വീട്ടില്‍ രണ്ടുതവണയേ വന്നുള്ളൂവെന്ന് പരിഭവിച്ചാണ് കേസരി ഗൗഡയെ താഴെയിറക്കിയതത്രേ. പിന്നെ ഗുജ്‌റാളിനെ കയറ്റി. അതും അധികം നീണ്ടുപോയില്ല.
അതിനുമുമ്പ് 1989-ല്‍ ഇതേനില ഉണ്ടായപ്പോള്‍ വി.പി. സിങ്ങിന്റെ മന്ത്രിസഭയെ നിലനിര്‍ത്തിയത് കീരിയും പാമ്പും കളിച്ചിരുന്ന ഇടതുപക്ഷവും ബി.ജെ.പി.യും ചേര്‍ന്നാണ്. പ്രഭാതഭക്ഷണത്തിന് സിങ് ബി.ജെ.പി.ക്കാരെ വിളിക്കും. ഇടതുപക്ഷക്കാരെ വിളിക്കുക വൈകീട്ടത്തെ ചായയ്ക്കാണ്. അനിഷ്ടസംഭവം വല്ലതുമുണ്ടായാലോ എന്നുഭയന്നാണ് രണ്ടിനെയും ഒന്നിച്ച് വിളിക്കാതിരുന്നത്. ബാബറി മസ്ജിദ് പ്രശ്‌നത്തില്‍ ബി.ജെ.പി. പിന്തുണ പിന്‍വലിച്ചപ്പോള്‍ രാജി വെച്ച വി.പി.സിങ്ങിനെ പിന്തുടര്‍ന്ന് പ്രധാനമന്ത്രിയായ ചന്ദ്രശേഖറെ രാജീവ്ഗാന്ധി കല്ലെടുപ്പിക്കാന്‍ നോക്കിയിരുന്നു.വെറും 64 എം.പി.മാരുള്ള കക്ഷിയുടെ പ്രധാനമന്ത്രിയായതുകൊണ്ട് ഏതുകല്ലും പേറിക്കോളും എന്നായിരുന്നു രാജീവിന്റെ ധാരണ. അത് നടന്നില്ല. പ്രധാനമന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ് ചന്ദ്രശേഖര്‍ ഇറങ്ങിപ്പോയി.
കെജ്‌രിവാളിന് ദേവഗൗഡയാകാന്‍ പറ്റില്ല. ആയാല്‍ ജനം അദ്ദേഹത്തെ വഴിനടക്കാന്‍ സമ്മതിക്കില്ല. അദ്ദേഹത്തിന്റെ കണ്ണ് ഈ മുഖ്യമന്ത്രിസ്ഥാനത്തിലേ അല്ല. അടുത്ത തിരഞ്ഞെടുപ്പിലാണ്. തലയ്ക്കുമുകളില്‍ തൂങ്ങിനില്‍ക്കുന്ന ഡമോക്ലീസിന്റെ വാള്‍ പേടിച്ച് മുഖ്യമന്ത്രിക്കസേരയില്‍ അധികം നാളിരിക്കുന്ന പ്രശ്‌നമില്ല. എത്രയും കുറച്ചുനാള്‍കൊണ്ട് എത്രയും വൃത്തിയായി പുരപ്പുറം തൂക്കാന്‍ കെജ്‌രിവാള്‍ തന്റെ ചൂല്‍ ഉപയോഗിക്കുന്നുവോ അത്രയും നല്ലത്. കോണ്‍ഗ്രസ്സിന് കെജ്‌രിവാള്‍ വൈറസിനെ അധികം പൊറുപ്പിക്കാന്‍ പറ്റില്ല. പടരാന്‍ നല്ല സാധ്യതയുള്ള അപകടകാരിയാണ്. പോലീസ്‌കാവലോ ആഡംബര ജീവിതമോ അഴിമതിയോ വാഗ്ദാനലംഘനമോ ഒന്നുമില്ലാതെ ഭരിക്കാന്‍ പറ്റുമെന്ന് തെളിയിക്കാനുള്ള അവസരം ആര്‍ക്കും കൊടുത്തുകൂടാ. അതുകൊണ്ടുതന്നെ കെജ്‌രിവാളിനെ, കയറിയ അതേവേഗത്തില്‍ താഴെയിറക്കിയേ പറ്റൂ. അക്കാര്യത്തില്‍ ബി.ജെ.പി.യും കോണ്‍ഗ്രസ്സും നാളെ യോജിച്ചാലും അദ്ഭുതമില്ല. ജനാധിപത്യത്തില്‍ അദ്ഭുതങ്ങള്‍ അവസാനിക്കുകയില്ല.
* * * *
പോലീസ് സംരക്ഷണമൊന്നും വേണ്ട. തന്റെ ജീവന്‍ ദൈവം രക്ഷിക്കട്ടെ എന്നത്രേ കെജ്‌രിവാളിന്റെ ലൈന്‍. വീടുകാവലിനുവന്ന പോലീസിനെ അദ്ദേഹം നിര്‍ബന്ധിച്ച് തിരിച്ചയച്ചെന്ന് വാര്‍ത്തയുണ്ടായിരുന്നു. രാഷ്ട്രപിതാവും ഒരു പ്രധാനമന്ത്രിയും വെടിയേറ്റുമരിച്ച പട്ടണമാണ് ഡല്‍ഹി. ജനിച്ചാല്‍ മരിച്ചല്ലേ പറ്റൂ. അതിന്റെ ടൈംടേബിള്‍ നിങ്ങള്‍തന്നെ തീരുമാനിച്ചാല്‍മതി എന്ന ലൈനിലാണ് ദൈവം തമ്പുരാന്‍. ഡല്‍ഹിയിലെ നിര്‍ഭയ പെണ്‍കുട്ടിയുടെ കൊലയാളിക്ക് ജഡ്ജി വധശിക്ഷ വിധിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞത് ദൈവം ജഡ്ജിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതായി തോന്നി എന്നാണ്. അവിടെയാണ് കുഴപ്പം. 2012 ഡിസംബര്‍ 16-ന് ആ നിഷ്ഠുരസംഭവം നടക്കുമ്പോള്‍ ദൈവം ഒരു പോലീസുകാരന്റെ രൂപത്തിലെങ്കിലും അവിടെ എത്തിയിരുന്നെങ്കില്‍ എന്നാണ് ആരും ആലോചിച്ചുപോവുക. അത്രയേ ഉള്ളൂ ദൈവത്തിന്റെ കാര്യം.
അഴിമതിക്കാരായ മുന്‍ മന്ത്രിമാരെ ജയിലിലടയ്ക്കുക, കുടിവെള്ള മാഫിയയുടെ കഥകഴിക്കുംവിധം സൗജന്യവിതരണം നടപ്പാക്കുക തുടങ്ങിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയാല്‍ പോലീസ് സംരക്ഷണം മതിയാകാതെ പോവും. ദൈവം അപ്പോള്‍ ആം ആദ്മി
എന്ന ബഹുജനത്തിന്റെ രൂപത്തില്‍ വന്നാലേ രക്ഷയുണ്ടാവൂ.
* * * *
കോണ്‍ഗ്രസ് നേതൃത്വത്തിലെ അഴിമതിയും ഭരണത്തകര്‍ച്ചയുമാണ് ജനത്തെ ശത്രുക്കളാക്കിയതെന്ന് കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിക്ക് കുറച്ചുമുമ്പുതന്നെ മനസ്സിലായിരുന്നു. ഭരണത്തിനും നേതൃത്വത്തിനുമെതിരായ വികാരത്തില്‍ താനുംകൂടി പങ്കാളിയാവുകയാണ് അതിനെ ചെറുക്കാനുള്ള വഴി എന്ന് അദ്ദേഹത്തെ പഠിപ്പിച്ചതും കോണ്‍ഗ്രസ്സുകാരായിരിക്കണം. വൃദ്ധകോണ്‍ഗ്രസ്സിനെതിരെ പൊരുതിയാണ് ഇന്ദിരാഗാന്ധി ജനപ്രിയയായത്. രാജീവ്ഗാന്ധി പിന്തുണ പിടിച്ചുപറ്റിയതും അധികാര ദല്ലാളുമാര്‍ക്കെതിരെ പോരുവിളിച്ചുകൊണ്ടാണ്. പലവട്ടം പ്രയോഗിച്ചതാണെങ്കിലും രോഗചികിത്സയ്ക്ക് വേറെ മരുന്നൊന്നും ഇല്ലാത്തതുകൊണ്ട് ഈ ഒറ്റമുലിതന്നെയാണ് രാഹുലിന്റെയും കൈയിലുള്ളത്.
രാഹുലിന് പക്ഷേ, സോണിയാജിക്കും മന്‍മോഹന്‍സിങ്ങിനും എതിരെ തിരിയാന്‍ വയ്യ. അങ്ങനെ ചെയ്താല്‍ ഉള്ള പിന്തുണയും പോകുമെന്ന റിസ്‌കുമുണ്ട്. എങ്കിലും ഇടയ്ക്ക് റിബല്‍ ചമഞ്ഞുനോക്കുകയെങ്കിലും വേണമല്ലോ. അഴിമതിക്കേസുള്ള ജനപ്രതിനിധികള്‍ക്ക് അനുകൂലമായ നിയമനിര്‍മാണത്തിനെതിരെയുള്ള രാഹുലിന്റെ വാള്‍വീശല്‍ ലേശം പിടിപ്പുകെട്ട നിലയിലായിപ്പോയതിനാല്‍ ഗുണത്തിലേറെ ദോഷംചെയ്തു. ആദര്‍ശ് അഴിമതിക്കാര്‍ക്ക് അനുകൂലമായ മഹാരാഷ്ട്ര സര്‍ക്കാറിന്റെ നിലപാടിനെതിരെയാണ് രാഹുല്‍ ഒടുവില്‍ വാളെടുത്തത്. കാര്യമായൊന്നും ഏശുന്നില്ല. ഒട്ടുമില്ലാത്തതിലും ഭേദം അല്പം എന്നലൈനില്‍ കുറച്ചൊക്കെ ശരിതന്നെ. പക്ഷേ, ഇരമ്പിവരുന്ന കടലിനെ ചെറുക്കാന്‍ ഈ മണ്ണണ പോരെന്നത് പകല്‍പോലെ വ്യക്തം.