ഹിമാലയം ദാനക്കേസ്

ഇന്ദ്രൻ

ഭൂമിദാനക്കേസ് എന്ന പേരിലൊരു വമ്പന്‍ അഴിമതിക്കേസ് അച്യുതാനന്ദന് എതിരെ കെട്ടിപ്പടുത്തത് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണെന്ന് പറയുന്നതില്‍ കാര്യമുണ്ട്. അഞ്ചുവര്‍ഷം ഭരിച്ച മുഖ്യമന്ത്രിയോട് കാണിക്കേണ്ട നേരിയ ബഹുമാനം പോലും ഈ കോണ്‍ഗ്രസ്സുകാര്‍ക്കില്ലാതെ പോയത് കഷ്ടമാണ്. കേരളീയരെ മൊത്തമാണ് അപമാനിച്ചിരിക്കുന്നത്. അഴിമതി എന്ന് പറയണമെങ്കില്‍ ചുരുങ്ങിയത് നൂറുകോടിയെങ്കിലും പോക്കറ്റിലാക്കിയിരിക്കണം. ഒരു നിലവാരമൊക്കെ വേണമല്ലോ. ബി.എം.ഡബ്ല്യു. കാറിടിച്ച് മരിച്ചു എന്ന് പറയുന്നതിന്റെ വിലയും നിലയുമുണ്ടോ കാളവണ്ടി മുട്ടി മരിക്കുന്നതിന്?

അഞ്ചുകൊല്ലം സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രി ചെയ്ത അഴിമതി എന്തെന്ന് കേട്ടില്ലേ? കാസര്‍കോട്ടെ കൊടുംകാടുമൂലയിലെവിടെയോ 2.33 ഏക്കര്‍ ഭൂമി, വകയിലൊരു ബന്ധമുള്ള മുന്‍ പട്ടാളക്കാരന്റെ കുടുംബത്തിന് പതിച്ചുകൊടുക്കാന്‍ കൂട്ടുനിന്നെന്നോ കൂട്ടുനില്‍ക്കുമെന്ന് ആരോടോ പറഞ്ഞത് ആരോ കേട്ടെന്നോ മറ്റോ ആണ് സംഗതി. അഞ്ചുകൊല്ലം ഈ സഖാവ് മുഖ്യമന്ത്രിയായിരുന്നോ അതോ വല്ല അംശം അധികാരിയോ മറ്റോ ആയിരുന്നോ? എന്തെല്ലാം ചെയ്യാവുന്ന സ്ഥാനമാണ് ഒരു മുഖ്യമന്ത്രിയുടേത്? കേരളത്തേക്കാള്‍ ചെറിയ സംസ്ഥാനങ്ങളില്‍പ്പോലും മുഖ്യമന്ത്രിമാര്‍ക്കെതിരെ എത്രയായിരം കോടിയുടെ ആരോപണമാണ് ഉന്നയിക്കപ്പെടുന്നത്. ഇവിടെ മുഖ്യമന്ത്രിസ്ഥാനത്തിന് ഒരുവിലയും ഇല്ല. മുമ്പും ഇല്ല, ഇപ്പോഴും ഇല്ല.

എന്നാലും കോണ്‍ഗ്രസ് ഡിറ്റക്ടീവുമാരുടെ ഒരു കാര്യക്ഷമതയേയ്… സെക്രട്ടേറിയറ്റിലെ ഏത് ഫയല്‍ വേണമെങ്കിലും പൊക്കിയെടുത്ത് ആദ്യാവസാനം ഭൂതക്കണ്ണാടി വെച്ച് പരിശോധിക്കാന്‍ ഇപ്പോള്‍ സംവിധാനമുണ്ട്. കമ്പ്യൂട്ടറില്‍ കാണാം ഏത് ഫയല്‍ എവിടെയെന്ന്. അഞ്ചുവര്‍ഷം പ്രതിപക്ഷത്തിരിക്കുമ്പോള്‍തന്നെ അഴിമതിയുടെ വിദൂരലക്ഷണമെങ്കിലും ഉള്ള ഓരോന്നിന്റെയും സബ്ജക്ടും റഫറന്‍സും നോക്കി, നമ്മുടെ കമ്പ്യൂട്ടറില്‍ സെയ്‌വ് ചെയ്ത് വെക്കേണ്ടതായിരുന്നു. ഭരണം കിട്ടിയതിന്റെ പിറ്റേന്ന് തുടങ്ങണം ഇവയെല്ലാം തപ്പിയെടുത്ത് ഏതെല്ലാം ഇന്‍വെസ്റ്റിഗേറ്റീവ് ജര്‍ണലിസ്റ്റുകള്‍ക്ക് അവാര്‍ഡ് റിപ്പോര്‍ട്ട് എഴുതാന്‍ കൊടുക്കണം, ഏതെല്ലാം ചാനലില്‍ ബ്രെയ്ക്കിങ് ന്യൂസ് ആക്കണം, ഏതെല്ലാം ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജിയാക്കണം, ഏതെല്ലാം നിയമസഭയില്‍ ഉന്നയിക്കണം എന്നെല്ലാം തീരുമാനിക്കാന്‍.

വി.എസ്. മുഖ്യമന്ത്രിയെന്നനിലയില്‍ എത്ര കടലാസില്‍ ഒപ്പിട്ടിരിക്കും ? ഉമ്മന്‍ചാണ്ടിയെപ്പോലെ, കടലാസിലെല്ലാം മുട്ടുകാലില്‍വെച്ച് ഒപ്പിട്ടുകൊടുത്തുകാണില്ലായിരിക്കും. എന്നാലും ദിവസം ഓരോന്നിലെങ്കിലും ഒപ്പിടാതിരിക്കില്ലല്ലോ. അഞ്ചുകൊല്ലം കൊണ്ട് ആയിരത്തിഎണ്ണൂറ്റിച്ചില്വാനം കടലാസില്‍ ഒപ്പിട്ടിരിക്കണം. അതിലൊന്നില്‍പ്പോലും നാലാള്‍ കേട്ടാല്‍ ഗമതോന്നുന്ന അഴിമതിയുടെ മണം പോലും ഇല്ലെന്നോ ? അങ്ങനെ ആലോചിച്ചുവരുമ്പോള്‍ തോന്നുന്നത്, ഈ അഴിമതി ആരോപണത്തിന് പിന്നില്‍ വി.എസ്സിന് അപകീര്‍ത്തി ഉണ്ടാക്കാനുള്ള ഗൂഢാലോചനയല്ല, കീര്‍ത്തി ഉണ്ടാക്കാനുള്ള ഗൂഢാലോചനയാണ് എന്നാണ്.

കൊച്ചിയില്‍ മോണോറെയിലിന് സ്ഥലമെടുത്തത് സെന്റിന് 60 ലക്ഷവും അതിലേറെയും കൊടുത്താണെന്ന് കേട്ടിട്ടുണ്ട്. ആ ഇനത്തില്‍പ്പെട്ട ഭൂമി കാലാകാലമായി ഏതെല്ലാം സ്ഥാപനങ്ങള്‍, സംഘടനകള്‍ പാട്ടത്തിനെടുത്തും മറ്റും സ്വന്തമാക്കിയിട്ടുണ്ട്? ആരെല്ലാം കൈയടക്കിയിട്ടുണ്ട്? കോടികള്‍ വിലവരുന്ന വനഭൂമി ആരെല്ലാം കൈയേറുന്നു, പാട്ടക്കാലാവധി കഴിഞ്ഞിട്ടും കൈവശം വെച്ചനുഭവിക്കുന്നു, ഉദ്യോഗസ്ഥരും ഭരണക്കാരും പാര്‍ട്ടിരഹിതമായി കണ്ണടച്ചതുകൊണ്ട് എത്ര സര്‍ക്കാര്‍ വനഭൂമി സ്വകാര്യഭൂമിയായി മാറിയിരിക്കുന്നു….. ഒന്നിനുമില്ല കേസും കൂട്ടവും.

അതിനേക്കാളെല്ലാം ഭയങ്കരമാണ് കാസര്‍കോട് ഷേണി വില്ലേജിലെ മുണ്ട്യത്തടുക്ക പള്ളത്തെ കൃഷിയിറക്കാന്‍ പോലും കഴിയാത്ത ചെങ്കുത്തായസ്ഥലത്തെ 2.33 ഏക്കര്‍ തരിശുഭൂമി ഒരു വിമുക്തഭടന് കൊടുത്ത അഴിമതി. അണ്ണ ഹസാരെയും കെജ്‌രിവാളും ഒന്നിച്ചിറങ്ങിവന്ന് വാളോങ്ങേണ്ട അഴിമതി തന്നെ, സംശല്യ.

* * *

പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് തന്നെ മാറ്റാന്‍ ഗൂഢാലോചന നടന്നു എന്ന് അച്യുതാനന്ദന്‍ പറഞ്ഞത് കേട്ട് ആകെ കണ്‍ഫ്യൂഷനില്‍ ആയിരിക്കുകയാണ് പൊതുജനം. പ്രതിപക്ഷ നേതാവിനെക്കൊണ്ട് ഏറ്റവും വലിയ ഉപദ്രവം ആര്‍ക്കാണ്? ഏത് സംസ്ഥാനത്തും അത് മുഖ്യമന്ത്രിക്കും മറ്റ് ഭരണക്കാര്‍ക്കുമാണ്. ഇവിടെയും. പക്ഷേ, ഇവിടെ അച്യുതാനന്ദനാണ് ഈ സര്‍ക്കാറിന്റെ രക്ഷകന്‍ എന്നത് സകലജനത്തിനും അറിയുന്ന രഹസ്യമാണ്. വേണമെങ്കില്‍ സെക്രട്ടേറിയറ്റില്‍ വി.എസ്സിന്റെ ഒരു വലിയ ഫോട്ടോ വെച്ചിട്ട് ‘വി.എസ്.ഈ ഭരണത്തിന്റെ രക്ഷകന്‍’ എന്നൊരു അടിക്കുറിപ്പ് കൊടുത്താലും മുഷിയില്ല.

രണ്ടോ മൂന്നോ എം.എല്‍.എ.മാരെ കാലുമാറ്റിയാല്‍ ഭരണത്തെ താഴെയിറക്കാം. അതുപക്ഷേ, അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ നടപ്പില്ല. ചില്വാനം കൊടുത്തും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തും കാലുമാറ്റ ക്രിയയില്‍ അങ്ങേര്‍ക്ക് താത്പര്യമില്ലത്രെ. വേറൊരു പ്രശ്‌നമുണ്ട്. ഉമ്മന്‍ചാണ്ടി ഇറങ്ങിയാല്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വിളിക്കേണ്ടത് പ്രതിപക്ഷനേതാവിനെയാണ്. അച്യുതാനന്ദന്‍ അതിന് വഴങ്ങില്ല എന്നാണ് നാട്ടിലെ വര്‍ത്തമാനം. ഇനി വഴങ്ങുമെങ്കിലും ബുദ്ധിമുട്ടാണ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാവുന്നതിലും ഭേദം ഉമ്മന്‍ ചാണ്ടി തുടരുന്നതാണെന്ന് സി.പി.എം. പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ട.

തന്നെ കേസില്‍ കുടുക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നു എന്നു വി.എസ്. പറഞ്ഞതുശരി. പക്ഷേ, പ്രതിപക്ഷനേതൃസ്ഥാനത്തുനിന്നിറക്കാന്‍ ശ്രമിക്കുന്നത് ഉമ്മന്‍ചാണ്ടിയാണ് എന്ന് പറഞ്ഞിട്ടില്ല. അതാരാണ് എന്ന രഹസ്യം വി.എസ്. വെളിപ്പെടുത്തിയിട്ടുമില്ല. കണ്ടാലറിയാവുന്ന ചില അജ്ഞാത അന്യഗ്രഹജീവികളാണ് എന്നാണ് റിപ്പോര്‍ട്ട്. എന്താണ് അവരുടെ ഉദ്ദേശ്യം എന്ന് ദൈവം തമ്പുരാനേ അറിയൂ. അവര്‍ ആരെന്ന് കണ്ടുപിടിക്കാന്‍ സി.പി.എം. നേതൃത്വം കമ്മീഷനെ നിയോഗിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.

* * *

”വിജിലന്‍സിനെ ദുരുപയോഗപ്പെടുത്തിയാണ് സര്‍ക്കാര്‍ പ്രതിപക്ഷനേതാവിനെ പ്രതിയാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ദുരുദ്ദേശ്യപരമായി നടത്തിയ കേസാണിത്. കേസന്വേഷിച്ച വിജിലന്‍സ് ഉദ്യോഗസ്ഥന് ക്രിമിനല്‍ അന്വേഷണത്തിന്റെ പ്രാഥമികതത്ത്വം പോലും അറിയില്ല. പ്രതിപക്ഷനേതാവിനെ അഴിമതിക്കേസില്‍ കുടുക്കാനാണ് ശ്രമിച്ചത്. അഴിമതിക്കെതിരെ പോരാടിയിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം. പൊതുജനങ്ങള്‍ക്കിടയില്‍ തനിക്കുള്ള പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടിയാണ് വിജിലന്‍സ് അന്വേഷണം എന്ന ഇദ്ദേഹത്തിന്റെ വാദത്തില്‍ കഴമ്പുണ്ട്. കള്ളക്കേസില്‍ ഒരാളെ കുടുക്കിയശേഷം അയാളെ ആണിയടിച്ച് തറയ്ക്കാനുള്ള കുരിശ് കണ്ടെത്തുകയാണ് ഗവ. ചെയ്തിട്ടുള്ളത്. പൊതുജനമധ്യത്തില്‍ തന്നെ കരിതേക്കാനുള്ള ശ്രമം മാത്രമായിരുന്നു കേസ് എന്ന ആരോപണത്തോട് കോടതി യോജിച്ചു…”

കഴിഞ്ഞ സര്‍ക്കാറിന്റെ ഭരണകാലത്താണ് ഈ വിധമൊരു റിപ്പോര്‍ട്ട് ഉണ്ടായതെന്ന് സങ്കല്പിക്കുക. രസമല്ലേ, വെറുതെ സങ്കല്പിക്കുക. എങ്കില്‍, ഇപ്പോള്‍ അച്യുതാനന്ദന്‍, പിണറായി വിജയന്‍, വൈക്കം വിശ്വം, ആനത്തലവട്ടം ആനന്ദന്‍, ഇ.പി.ജയരാജന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരിറക്കിയ പ്രസ്താവനകളെല്ലാം അക്ഷരംപ്രതി വ്യത്യാസമില്ലാതെ മാധ്യമങ്ങളില്‍ അന്നും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടാവും. പ്രസ്താവന ഇറക്കിയവരുടെ പേരുകള്‍ ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിങ്ങനെ മാറിയിരിക്കും എന്നേയുള്ളൂ. അല്ലെങ്കിലും പേരിലെന്തിരിക്കുന്നു. ശാശ്വത സത്യങ്ങളിലല്ലേ കാര്യം കിടക്കുന്നത്!

Leave a Reply

Your email address will not be published. Required fields are marked *

Go Top