ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടി എന്നാണ് കോണ്‍ഗ്രസ്സിനെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചിരിക്കുന്നത്. സംശയമുള്ളവര്‍ പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ പോയി നോക്കുക. പാര്‍ട്ടിയുടെ പേരിനോട് ചേര്‍ത്ത് ഈ അവകാശവാദമെഴുതി വെച്ചിട്ടുണ്ട്. തര്‍ക്കവിഷയമാണ് രണ്ടും. കോണ്‍ഗ്രസ് ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണോ എന്നത് ഒരു തര്‍ക്കവിഷയം, കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണോ എന്നത് രണ്ടാമത്തെ തര്‍ക്കവിഷയം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയാവും ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. സംശയം ഉണ്ടാവുക ചൈനീസ് പാര്‍ട്ടി ജനാധിപത്യ പാര്‍ട്ടിയാണോ എന്ന കാര്യത്തിലാവും. ഈ സംശയം കോണ്‍ഗ്രസ്സിന്റെ കാര്യത്തിലും ഉണ്ട്. പാര്‍ട്ടിക്കുള്ളില്‍ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ തിരഞ്ഞെടുക്കലാണ് ജനാധിപത്യത്തിന്റെ തെളിവ് എങ്കില്‍ രണ്ട് അവകാശവും തെറ്റാണ്. കോണ്‍ഗ്രസ് ഏറ്റവും വലിയ പാര്‍ട്ടിയല്ല, കോണ്‍ഗ്രസ് ജനാധിപത്യപാര്‍ട്ടിയുമല്ല.
ഇപ്പോള്‍ പലരും കോണ്‍ഗ്രസ്സിനെ കോണ്‍ഗ്രസ് ജെ എന്നാണ് വിളിക്കുന്നത്. കേരള കോണ്‍ഗ്രസ് ജെ എന്ന് കേട്ടിട്ടുണ്ട്, കോണ്‍ഗ്രസ് ജെ ഉണ്ടോ എന്ന് ചോദിക്കേണ്ട, ഉണ്ട്. ഇവിടെ ജെ ജോസഫ് അല്ല. ജെ എന്നാല്‍, ജംബോ. ജംബോ എന്നത് ഒരാന. കോണ്‍ഗ്രസ് ലോകത്തിലെ ഏറ്റവും വലിയ പാര്ട്ടിയായിരുന്നതുപോലെ, ലോകത്തിലെ ഏറ്റവും വലിയ ആനയായിരുന്നു ജംബോ. കോണ്‍ഗ്രസ് ജനിച്ചത് 1885ല്‍, ജംബോ ജനിച്ചത് 1861ല്‍. ആയുസ്സ് പക്ഷേ, കുറവായിരുന്നു. കോണ്‍ഗ്രസ് ജനിച്ച അതേ വര്‍ഷംതന്നെ ജംബോ ഡൈഡ്. ജംബോ ചരിഞ്ഞെങ്കിലും ശരീരം സ്റ്റഫ് ചെയ്ത് കുറേക്കാലം കാഴ്ചവസ്തുവാക്കിയിരുന്നുവത്രേ. കോണ്‍ഗ്രസ്സും ഇതുപോലെ എന്നോ ചരിഞ്ഞുകഴിഞ്ഞെന്നും ഇപ്പോഴുള്ളത് അതിന്റെ സ്റ്റഫ് ചെയ്ത ശരീരം മാത്രമാണെന്നും ശത്രുക്കള്‍ പറയുന്നത് നമ്മള് ശ്രദ്ധിക്കേണ്ട. ഇത് 1885ല്‍ സായ്പ് ഉണ്ടാക്കിയ അതേ കോണ്‍ഗ്രസ് തന്നെ.
കോണ്‍ഗ്രസ് ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണോ എന്ന കാര്യത്തിലേ തര്‍ക്കമുണ്ടാകൂ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭാരവാഹികളുള്ള പാര്‍ട്ടിയേത് എന്ന് ഏത് ക്വിസ് മത്സരത്തില്‍ ചോദിച്ചാലും ഒരൊറ്റ ഉത്തരമേ കിട്ടൂകോണ്ഗ്രസ്. ഇത് ഗിന്നസ്ലിംക ബുക്കിലൊന്നും കണ്ടെന്ന് വരില്ല. അവര്‍ക്ക് ഇതുവരെ ഇതിനെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. ഈയിടെ നടന്ന ഭാരവാഹി പുനഃസംഘടനയുടെ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വായിച്ച് ഗിന്നസ്ലിംക പ്രസാധകരുടെ ഏജന്റുന്മാര്‍ കേരളത്തിലേക്ക് വിമാനം കേറിയിട്ടുണ്ട് എന്നാണ് കേള്‍ക്കുന്നത്. ഒടുവിലത്തെ റിപ്പോര്‍ട്ടനുസരിച്ച് 69 ഭാരവാഹികള്‍ ഉണ്ടത്രേ. അത്രേ എന്നേ പറയാനൊക്കൂ. ഇനി ലോകാവസാനം വരെ ഈ ലിസ്റ്റില്‍ മാറ്റം വരുത്തില്ല എന്നൊന്നും ഹൈക്കമാന്‍ഡ് പറഞ്ഞിട്ടില്ല. സതീശന് പാച്ചേനിയെ അവഗണിച്ചു, വി. ബാലരാമനെ കാലുവാരി എന്നും മറ്റുമുള്ള പരാതികള്‍ ഉണ്ടാകുന്നത് ലജ്ജാകരമാണ്. 21 ജനറല്‍ സെക്രട്ടറിമാരുണ്ട്, 42 സെക്രട്ടറിമാരുണ്ട്. 21നും 42നും ഒന്നും ഒരു ദിവ്യത്വവുമില്ല. ഹിമാലയ തുംഗത്തിലിരിക്കുന്ന ഏതെങ്കിലും ദിവ്യന് തകിടില്‍ കൊത്തി അയച്ചുകൊടുത്ത സംഖ്യയൊന്നുമല്ലല്ലോ 21 ഉം 42 മൊന്നും. 21 ആകാമെങ്കില്‍ 25 ഉം കാണാം. രണ്ടും ഒറ്റസംഖ്യതന്നെ. സതീശനും ആകട്ടെ, ബാലരാമും ആകട്ടെ ജനറല്‍ സെക്രട്ടറി.
ഭാരവാഹികളുടെ എണ്ണക്കൂടുതല്‍ ഒരു പരിഹാസ്യ സംഗതിയായി പാര്ട്ടിശത്രുക്കള് എടുത്തുപറയുന്നുണ്ട്. സെക്രട്ടേറിയറ്റില്‍ സെക്രട്ടറിമാരുടെയോ അണ്ടര്‍ സെക്രട്ടറിയുടെയോ എണ്ണം വര്‍ധിക്കുന്നത് ആരിലും പരിഹാസമുണ്ടാക്കുന്നില്ല. എണ്ണം വര്‍ധിപ്പിക്കാന്‍വേണ്ടി യൂണിയന്കാര് പാഞ്ഞുനടക്കുകതന്നെ ചെയ്യും. സെക്രട്ടേറിയറ്റില്‍ പലയിനത്തില്‍പ്പെട്ട നൂറ് സെക്രട്ടറിമാരെങ്കിലും കാണും. തീര്‍ച്ചയായും ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ കേരളഘടകത്തില്‍ നൂറ് ജനറല്‍ സെക്രട്ടറിയുണ്ടാകുന്നതില് ഒരു തെറ്റുമില്ല. എന്തായാലും സെക്രട്ടേറിയറ്റിലെ സെക്രട്ടറിക്ക് കിട്ടുന്ന അത്രശമ്പളമൊന്നും കെ.പി.സി.സി. സെക്രട്ടറിക്ക് നല്‍കേണ്ടിവരില്ല. പല സെക്രട്ടറിമാരും സെല്‍ഫ് ഫൈനാന്‍സിങ് ആണ്. പാര്‍ട്ടി ഒന്നും കൊടുക്കേണ്ട. അവര്‍ അവര്‍ക്ക് വേണ്ടതിലും അതില്‍ക്കൂടുതലും ഉണ്ടാക്കിക്കൊള്ളും. പിന്നെ, ജനത്തിന് എന്തിനാണ് ഈ അസൂയ ?
ദേശീയതലത്തില്‍ ഇത്ര സെക്രട്ടറിബലം പാര്‍ട്ടിക്കില്ല. പത്ത് ജനറല്‍ സെക്രട്ടറിമാരേ ഉള്ളൂ, 33 സാദാ സെക്രട്ടറിമാരുണ്ട്. രണ്ടിനുമിടയില്‍ എട്ട് സ്വതന്ത്ര ചുമതലക്കാരുമുണ്ട്. ഈ മാതൃകയില്‍ കെ.പി.സി.സി.ക്കും ആകാമായിരുന്നു പതിനെട്ട് സ്വതന്ത്രചുമതലക്കാര്. എന്തായാലും വളരെ ദീര്‍ഘവീക്ഷണമുള്ളവരായിരുന്നു പാര്‍ട്ടി ഭരണഘടന ഉണ്ടാക്കിയവര്‍. ഇന്ന കമ്മിറ്റിയില്‍ ഇത്ര പേരേ പാടുള്ളൂ എന്നൊന്നും വ്യവസ്ഥ ചെയ്തില്ല. മുപ്പത് വര്‍ഷം മുമ്പുവരെ പാര്‍ട്ടിക്ക് ഒരു പ്രസിഡന്റും ഒരു വൈസ് പ്രസിഡന്റും മൂന്ന് ജനറല്‍ സെക്രട്ടറിമാരുമേ ഉണ്ടായിരുന്നുള്ളൂ. മുപ്പത് വര്‍ഷക്കാലം പാര്‍ട്ടിക്കുണ്ടായ വളര്‍ച്ചയുടെ എതിര്‍ദിശയില്‍ പാര്‍ട്ടി ഭാരവാഹികളുടെ എണ്ണം കുതിച്ചുചാടി.
എന്നാലും സി.പി.എമ്മിനെയും സി.പി.ഐ.യെയും പോലുള്ള പാര്‍ട്ടികളുടെ ദയനീയാവസ്ഥ ആലോചിച്ചുനോക്കു. എന്തൊരു ഗതികെട്ട പാര്‍ട്ടികളാണ്. സി.പി.എമ്മിന് നാടുമുഴുക്കെ സ്വത്തും പാട്ടവും ഒക്കെ കാണുമായിരിക്കും. എന്തുപ്രയോജനം ? പാര്‍ട്ടിക്ക് സംസ്ഥാനത്തുള്ളത് ഒരൊറ്റ സെക്രട്ടറി. കെ.പി.സി.സി.ക്ക് ജനറലും അല്ലാത്തതുമായി 63 സെക്രട്ടറിമാര്‍. സി.പി.എമ്മുകാര്‍ക്ക് നാണം എന്നൊരു അവസ്ഥയേ ഇല്ലാതായോ പടച്ചോനേ? കെ.പി.സി.സി.യുടെ 69നോട് മുട്ടാനുള്ളത് ഒരൊറ്റ സെക്രട്ടറി ! ആ പാര്‍ട്ടിക്ക് ഖജാന്ജിയെങ്കിലുമുണ്ടോ ആവോ. സി.പി.എം. കേരള ഖജാന്‍ജി എന്നിതുവരെ പത്രത്തിലൊന്നും കണ്ടിട്ടില്ല. ഗ്രൂപ്പിസം കൊണ്ടാണ് കെ.പി.സി.സി.യില്‍ ഈ രീതിയില്‍ ഭാരവാഹികളുടെ കുതിച്ചുചാട്ടം ഉണ്ടായതെന്ന് പറയുന്നു. ഗ്രൂപ്പിസം സി.പി.എമ്മിലുമുണ്ടല്ലോ… എന്തുപ്രയോജനം ? സി.പി.ഐ.യിലെപ്പോലെ ഒരു അസി. സെക്രട്ടറിയെയെങ്കിലും വെച്ചുകൂടായിരുന്നോ?
കെ.പി.സി.സി. ഭാരവാഹിത്വ പ്രഖ്യാപനം ഇവിടത്തെ ഫഌ്സ് വ്യവസായത്തിന് നല്കിയ വലിയ സഹായം എടുത്തുപറയേണ്ടതുതന്നെയാണ്. നിയമസഭാതിരഞ്ഞെടുപ്പ് നടക്കുന്നുണ്ടോ എന്ന് തോന്നിപ്പിക്കും വിധം, ഏതാണ്ട് അറിയപ്പെടുന്ന എല്ലാ നേതാക്കളുടെയും വര്‍ണമുഖങ്ങള്‍, രണ്ടാള് വലിപ്പത്തില്‍ കേരളത്തിലെങ്ങും കാണാനുണ്ട്. ഏതാണ്ട് എല്ലാവരും ഭാരവാഹികളാണ്, ഒന്നുകില്‍ ജനറല്‍ സെക്രട്ടറി, അല്ലെങ്കില്‍ സെക്രട്ടറി. ബോര്‍ഡിലെ ഫോട്ടോയുടെ വലിപ്പം കണ്ടാല്‍ കിട്ടിയത് പ്രധാനമന്ത്രിസ്ഥാനമോ എന്നു തോന്നിപ്പോകുമെന്നു മാത്രം. എങ്കിലും തികച്ചും ആരോഗ്യകരമായ ഫഌ്സ് മത്സരമാണ് പുതിയ ഭാരവാഹികള്‍ തമ്മിലുള്ളത്. ഇത്രയും ഫഌ്സ് കേരളത്തിന്റെ ആരോഗ്യത്തിന് പറ്റുമോ എന്നതിനെക്കുറിച്ച് നമ്മുടെ ഹരിത എം.എല്‍.എ.മാര്‍ ഒന്നും പറഞ്ഞുകേട്ടില്ല.
ഒരാള്‍ക്ക് ഒരു തൊഴില്‍ എല്ലാവര്ക്കും തൊഴില്‍ എന്ന് പണ്ടൊരു പാര്‍ട്ടി മുദ്രാവാക്യമുയര്‍ത്തിയിരുന്നു. സമാനമാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് അവസ്ഥഒരാള്ക്ക് ഒരു സ്ഥാനം, എല്ലാവര്ക്കും സ്ഥാനം.