കോണ്‍ഗ്രസ് സബ്‌സിഡി

ഇന്ദ്രൻ

 

കോണ്‍ഗ്രസ്സിന്റെ കേന്ദ്രനേതൃത്വം കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ കേരളത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്ക് പത്തുലക്ഷം രൂപ വീതം കൊടുത്ത കൊടിയ അപരാധം യു.ഡി.എഫുമായി പുലബന്ധമില്ലാത്ത ഒരു ചാനല്‍ സവിസ്തരം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായല്ലോ. പിറ്റേന്ന് അത് സിന്‍ഡിക്കേറ്റ്  സിന്‍ഡിക്കേറ്റിതര പത്രങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോഴതാണ് രീതി. പത്ര എക്‌സ്‌ക്ലൂസീവ് ചാനലുകള്‍ക്കും ഏറ്റെടുക്കാം. സിംഹം കടിച്ചെടുത്തതിന്റെ അവശിഷ്ടങ്ങള്‍ ചെറുകിട ഹിംസ്രമൃഗങ്ങള്‍ പിന്നീട് ഭുജിക്കും. യു.ഡി.എഫ്. പണമിടപാടില്‍ എന്താണ് സംഭവിച്ചത് എന്ന് പത്രങ്ങള്‍ വരികള്‍ക്കിടയിലും വരികള്‍ക്കപ്പുറവും വായിച്ചവര്‍ക്ക് ഏതാണ്ട് പിടികിട്ടിക്കാണണം.

പത്ത് ലക്ഷം രൂപ ആളോഹരിവീതം ലീഗ്, കേരളാ കോണ്‍ഗ്രസ് ആദിയായ കുടികിടപ്പുപാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ് ജന്മി നല്‍കി. പക്ഷേ, കുടിയാന്മാര്‍ അത് അധികാരിക്ക് കൊടുത്ത കണക്കില്‍ ഉള്‍പ്പെടുത്തിയില്ല. ഇതാണ് സംഭവം. തിരഞ്ഞെടുപ്പിന് ചെലവാക്കിയതിന്റെ കണക്ക് കാണിക്കാതിരിക്കുന്നത് കുറ്റം തന്നെ. കള്ളക്കണക്ക് കൊടുക്കുന്ന യോഗ്യന്മാരെ അയോഗ്യരാക്കാന്‍ ഇലക്ഷന്‍ കമ്മീഷന് അധികാരമുണ്ട്. ഇവിടെ പക്ഷേ, അങ്ങനെ സംഭവിച്ചിട്ടില്ലത്രെ. ലീഗ് വിവരം മറച്ചുവെച്ചു എന്ന ആരോപണത്തിന് മറുപടിയായി പാര്‍ട്ടി നല്‍കിയ വിശദീകരണം കേട്ടില്ലേ ? ലീഗ് ഇത്ര രൂപ കിട്ടി എന്ന് പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. പക്ഷേ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അത് ചെലവാക്കിയതായി കാട്ടിയിട്ടില്ല. കോണ്‍ഗ്രസ് പോലുള്ള പേര് പറയാവുന്നതും പിന്നെ പേര് പുറത്തു പറയാന്‍ കൊള്ളാത്തതുമായ പല കേന്ദ്രങ്ങളില്‍ നിന്നും പാര്‍ട്ടി പണം വാങ്ങിയിട്ടുണ്ട്. പക്ഷേ, അതൊന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവാക്കിയിട്ടില്ല. അതൊന്നും പ്രചാരണച്ചെലവല്ല. അനുബന്ധ ചി.ചി. കള്‍ ആണ് ( ചി.ചി. എന്നാല്‍ ചില്ലറ ചെലവ്).

ഇത് രാഷ്ട്രീയ പ്രവര്‍ത്തനരംഗത്ത് പണ്ടേ ഉള്ളതാണ്. നൂറുപോസ്റ്റര്‍ ഒട്ടിച്ചു. അച്ചടിച്ചെലവും ഒട്ടിക്കാനുള്ള പശച്ചെലവും യാത്രാച്ചെലവുമെല്ലാം കണക്കില്‍ കാണിക്കാം. ഇത്രയും കാശ് മുടക്കിയാല്‍ പോസ്റ്റര്‍ ചുവരില്‍ ഒട്ടിക്കൊള്ളും എന്ന വിശ്വസിക്കാനുള്ള മണ്ടത്തരം, രാഷ്ട്രീയത്തിന്റെ എ.ബി.സി.ഡി. അറിയാത്ത തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കുപോലുമുണ്ടാകില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചി.ചി. ധാരാളം വേണ്ടിവരും. പരിപ്പ് വടയും ബീഡിയും കൊണ്ട് സംഭവം നടന്ന കാലമുണ്ടായിരുന്നു. പിന്നീട് അത് പുട്ടും കടലയും ആയി. ചോറും പൊരിച്ച മീനും എന്ന ഘട്ടം പോലും പത്തുമുപ്പത് വര്‍ഷം മുമ്പ് പിന്നിട്ടുകഴിഞ്ഞു. ഒടുവിലത്തെ നിലയെന്തെന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ട്. ദിവസക്കൂലി, നൈറ്റ് അലവന്‍സ്, ചിക്കന്‍ ബിരിയാണി, സംഗതി തുടങ്ങുന്നതിന് മുമ്പ് ക്ഷീണം വരാതിരിക്കാനും സംഗതിക്കുശേഷം ക്ഷീണം തീര്‍ക്കാനുമുള്ള ടോണിക് ( ഈ പറഞ്ഞത് മുസ്‌ലിം ലീഗിന് ബാധകമല്ല) എന്നിങ്ങനെ പോകുന്നു ചെലവുകള്‍. ഒടുവില്‍ കണക്കെഴുതുമ്പോള്‍ പോസ്റ്റര്‍ ഒട്ടിച്ചതിന് ചെലവ് നൂറു രൂപ; ചില്ലറ ചെലവ് ആയിരം രൂപ എന്നെഴുതിവെക്കേണ്ടിവരും. ഇതില്‍ ആദ്യത്തെ കണക്കേ ഇലക്ഷന്‍ കമ്മീഷന് കൊടുക്കാന്‍ പറ്റൂ.

കോണ്‍ഗ്രസ് തന്ന ആളൊന്നിന് പത്ത് ലക്ഷം രൂപ വരുമാനം ലീഗ് കണക്കില്‍ ചേര്‍ത്തില്ല എന്ന് പറയുന്നത് കേട്ടാല്‍ മറ്റൊരു തെറ്റിദ്ധാരണ കൂടി ഉണ്ടാകാനിടയുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇത്രയേ ചെലവാക്കാവൂ എന്ന് നിയമമുണ്ട്. പക്ഷേ, ഇത്രയേ പിരിക്കാവൂ എന്ന് നിയമമില്ല. യു.ഡി.എഫിലെ ചില പാര്‍ട്ടികളില്‍ മത്സരിച്ചാല്‍ കെട്ടിവെച്ചത് കിട്ടില്ലെന്ന് ഉറപ്പുള്ള സീറ്റിലും മത്സരിക്കാന്‍ സ്ഥാന ആര്‍ത്തിക്കാരുടെ നീണ്ട ക്യൂ കാണാറുണ്ട്. പാര്‍ട്ടിക്കുവേണ്ടി ത്യാഗം ചെയ്യാനാണ് പാവങ്ങള്‍ ക്യൂ നില്‍ക്കുന്നത് എന്ന് ധരിക്കും നമ്മള്‍. അല്ല, മത്സരിച്ചാല്‍ മതി ജയിക്കണമെന്നില്ല. ഒരു കോടി പിരിച്ച് 25 ലക്ഷം പ്രചാരണത്തിന് ചെലവാക്കിയാല്‍ അതും മോശമല്ല. കെട്ടിവെച്ചതേ പോകൂ, 25 ലക്ഷം പോക്കറ്റിലാവും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഔദാര്യപൂര്‍വം നല്‍കിയ തുക ബാങ്കിലിടാനോ അല്ലെങ്കില്‍ ചില്ലറ ചെലവിന് നീക്കിവെക്കാനോ ലീഗിനും കേരളാ കോണ്‍ഗ്രസ്സിനും സ്വാതന്ത്ര്യമുണ്ട്.

എല്‍.പി.ജി. വിലയുടെ ഒരു പങ്ക് സബ്‌സിഡിയാണെന്ന് പറയുന്നതുപോലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഘടകകക്ഷികള്‍ക്ക് നല്‍കുന്ന സബ്‌സിഡിയാണ് ഈ സിലിന്‍ഡര്‍ ഒന്നിന്  സോറി സ്ഥാനാര്‍ഥി ഒന്നിന് നല്‍കുന്ന പത്തുലക്ഷം രൂപ. ഗ്യാസ് സബ്‌സിഡി ബാങ്ക് വഴി നല്‍കുന്ന സമ്പ്രദായം വരാന്‍പോകുന്നേ ഉള്ളൂ. പാര്‍ട്ടി സബ്‌സിഡി കഴിഞ്ഞ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ ബാങ്ക് വഴിയാണ് നല്‍കിവരുന്നത്. അതില്‍ കളവും മറവുമില്ല. പാര്‍ട്ടികള്‍ക്ക് അത് ചെലവാക്കാം, ചെലവാക്കാതിരിക്കാം. കോണ്‍ഗ്രസ് നല്‍കിയ സബ്‌സിഡിയുടെ വിവരം പാര്‍ട്ടികള്‍ ഇലക്ഷന്‍ കമ്മീഷനെ അറിയിച്ചില്ലെന്നതിലേ വാര്‍ത്തയുള്ളൂ. കോണ്‍ഗ്രസ് വേറെ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതില്‍ നാട്ടുകാര്‍ക്ക് എന്തിന് പരാതി ?

* * *

ദാ കൊന്നു, ദേ പോയി എന്നാണ് ചില കുബുദ്ധികള്‍ ഇറ്റാലിയന്‍ നാവികരെ കുറിച്ചെഴുതിയത്. ദേ പോയവര്‍ ദാ തിരിച്ചുവന്നിരിക്കുന്നു. ഇറ്റലിക്കാര്‍ ഇനി തിരിച്ചുവരികയേ ഇല്ല എന്നെഴുതിയവര്‍ക്കും പ്രസംഗിച്ചവര്‍ക്കും ഒന്നും പറയാനില്ല. നമ്മുടെ സംസ്‌കാരമനുസരിച്ചാണ് നമ്മുടെ ധാരണ. രക്ഷപ്പെടാന്‍ തരംകിട്ടിയാല്‍ നമ്മള്‍ രക്ഷപ്പെടും. ഇറ്റലിക്കാരും അതേ ചെയ്യൂ എന്ന് നമുക്കുറപ്പായിരുന്നു. ഇറ്റലിക്കാരോട് ക്ഷമ ചോദിക്കേണ്ടതുണ്ട്. പറഞ്ഞ തീയതിക്കുമുമ്പ് അവര്‍ തിരിച്ചുവന്ന് പാസ്‌പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറി. ഇനി കേസ്‌വിധി വരെ അവരിവിടെ കഴിഞ്ഞുകൂടും.

വലിയ ജാമ്യത്തുകയും കര്‍ക്കശ വ്യവസ്ഥകളും ഉണ്ടെങ്കില്‍ എത്ര വലിയ കുറ്റവാളിയെയും ജാമ്യത്തില്‍ വിടാം. അല്പം കൂടി വലിയ ജാമ്യത്തുകയും കുറച്ച് വിശ്വാസവുമുണ്ടെങ്കില്‍ പ്രതികളെ വിദേശത്തുമയക്കാം. പക്ഷേ, നമ്മുടെ ഭരണകൂടത്തിന് വിദേശികളിലുള്ളത്ര വിശ്വാസം നമ്മുടെ പൗരന്മാരിലില്ല. ഇറ്റാലിയന്‍ തടവുകാര്‍ ജയിലില്‍ കിടന്ന അതേ കൊല്ലത്തുനിന്ന് പിടിച്ചുകൊണ്ടുപോയതാണ് അബ്ദുന്നാസര്‍ മഅദനിയെ. കര്‍ണാടക പോലീസ് വന്നപ്പോള്‍ പിടി കൊടുക്കാതെ വീര്യം പിടിച്ചുനിന്ന മഅദനിയെ പിടിക്കാന്‍ ജനങ്ങളും പോലീസിന് ഒപ്പംനിന്നിട്ടുണ്ട്. കേസുണ്ടെങ്കില്‍ അറസ്റ്റിന് വഴങ്ങണം. പിന്നെ ജാമ്യമോ ശിക്ഷയോ കിട്ടുംഅതാണ് തത്ത്വം. പക്ഷേ, മഅദനിക്ക് ജാമ്യമില്ല, ശിക്ഷയില്ല, ചികിത്സയുമില്ല. കൊല്ലാതെ കൊല്ലുന്നു എന്ന് പറഞ്ഞതുപോലെ ശിക്ഷിക്കാതെ ശിക്ഷിക്കുകയാണ്. ആദ്യഘട്ടത്തില്‍ ഒമ്പതുവര്‍ഷം ജയിലില്‍ കിടന്നു. ഇപ്പോഴിതാ 2010 ആഗസ്ത് 17 മുതല്‍ വീണ്ടും ജയിലില്‍ കഴിയുന്നു. പത്തുകൊല്ലം കഴിഞ്ഞ് നിരപരാധിയെന്ന് സര്‍ട്ടിഫിക്കറ്റ് കൊടുക്കും. സന്തോഷപൂര്‍വം വീട്ടില്‍പോകാമല്ലോ.

ഇപ്പോള്‍ ജനം തീര്‍ച്ചയായും സംശയിക്കുന്നുണ്ട്. മഅദനിയാണോ ഭീകരന്‍? അതോ ജാമ്യവും ചികിത്സയും നല്‍കാതെ ശിക്ഷിക്കുന്ന വ്യവസ്ഥയോ?

Leave a Reply

Your email address will not be published. Required fields are marked *

Go Top