ബസ്സില്‍ ആളുകൂടുതലാണെന്ന പേടിയില്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താതെ പോയാല്‍ കാത്തുനില്ക്കുന്നവര് സഹിക്കില്ല. ഡ്രൈവറെ അവരുടെ പിതാമഹന്മാരെ അനുസ്മരിപ്പിക്കും. വല്ലവിധവും കേറിയാലോ. പിന്നെയൊരു സ്റ്റോപ്പില്‍ നിര്‍ത്താന്‍ സമ്മതിക്കില്ല. ഇതിനോട് അടുത്തുവരും മുന്തൊഴില്രഹിതരായ ഉദ്യോഗസ്ഥരുടെ മനോഭാവം. പെന്‍ഷന്‍പ്രായം വര്ധിപ്പിച്ചുകൂടെന്ന് തൊഴില്രഹിതന് പറയും. വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ മതി സര്‍ക്കാറിനെ കല്ലെറിഞ്ഞ് കാലപുരിക്കയയ്ക്കും. വല്ല വിധേനയും പി.എസ്.സി. എഴുതി ക്ലാര്‍ക്കോ പ്യൂണോ ആയാല്‍ പിറ്റേന്ന് തുടങ്ങും വേവലാതി- 55 ലൊക്കെ പിരിയേണ്ടിവരുന്നത് മഹാ കഷ്ടം തന്നെയാണേ…… കേട്ടിട്ടില്ലേ, പഴയ സോവിയറ്റ് യൂണിയനില്‍ 65 വയസ്സിലേ പിരിയേണ്ടിയിരുന്നുള്ളൂ പോലും !….
രണ്ട് വേവലാതികളും തീര്‍ത്തും ന്യായം തന്നെയാണെന്നതാണ് വൈരുധ്യാത്മകമായ സത്യം. സ്വാര്‍ഥതയാണ് മനുഷ്യപുരോഗതിയുടെ പാതയെന്ന സാമ്പത്തികസിദ്ധാന്തംതന്നെ നിലവിലുണ്ടല്ലോ. തങ്ങള്‍ക്ക് ഗുണം ഏതാണോ അതിനൊത്തുവേണം തങ്ങളുടെ ന്യായങ്ങളും വാദങ്ങളും പടുത്തുയര്‍ത്താന്‍. പലവട്ടം പി.എസ്.സി. പരീക്ഷയെഴുതിയിട്ടും എങ്ങും കേറിപ്പറ്റാനാകാത്തവന്റെ വേവലാതി തന്നെയാണ് വേവലാതി. കണ്ടില്ലേ ഓരോരുത്തര് ഉദ്യോഗത്തിലങ്ങനെ ഉടുമ്പിനെപ്പോലെ കടിച്ചുതൂങ്ങുന്നത്? ഇവന്മാരൊക്കെ പിരിഞ്ഞൊഴിഞ്ഞിരുന്നെങ്കില് ഈ റാങ്ക് ലിസ്റ്റിലെങ്കിലും എല്ലാവര്ക്കും നിയമനം കിട്ടുമായിരുന്നു എന്നവര്‍ വൃഥാ ആശിക്കുന്നതില്‍ തെറ്റില്ല. മുപ്പതും നാല്പതും വയസ്സുവരെ കഷ്ടപ്പെട്ട് ഗൈഡുപഠിച്ചാണ് പലരും ജോലി നേടുന്നത്. ജോലി കിട്ടിയിട്ട് വേണം കാഷ്വല്‍ ലീവെടുത്ത് നാലുദിവസം വീട്ടിലിരിക്കാനെന്ന് പറഞ്ഞതുപോലെയാണ് അവരുടെ സ്ഥിതി. മക്കള്‍ എന്‍ട്രന്‍സ് പരീക്ഷയെഴുതും മുമ്പ് പെന്‍ഷനാവുകയും ചെയ്യും. പിന്നെ, സര്‍വീസിലിരുന്നതിനേക്കാള്‍ കൂടിയ കാലം പെന്ഷന് വാങ്ങേണ്ടിവരും. അയ്യോ കഷ്ടം.
ഒരു പാര്‍ട്ടിയുടെ തമിഴ്നാട് ഘടകം സൂര്യന് കിഴക്കുദിക്കുന്ന കാലത്തോളം മുല്ലപ്പെരിയാര്‍ പൊട്ടുകയില്ലെന്നു കടവുളയെ ആണയിട്ടു പറയും. അതേ പാര്‍ട്ടിയുടെ കേരളഘടകം അടുത്ത മഴയ്ക്ക് പൊട്ടുമെന്ന് പറഞ്ഞ് മനുഷ്യമതിലുണ്ടാക്കും. അതേപോലെയാണ് പെന്ഷന് കാര്യവും. പെന്ഷന് പ്രായം കൂട്ടിയാല്‍ പാര്‍ട്ടിയുടെ യുവജനവിഭാഗം നാട് കുട്ടിച്ചോറാക്കും. എന്‍.ജി.ഒ. വിഭാഗം സര്‍ക്കാറിനെ അനുമോദിച്ച് പ്രകടനം നടത്തും. ഇവര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിരുന്നെങ്കില്‍ കാണാനെങ്കിലും ഒരു രസമുണ്ടാകുമായിരുന്നു, അതൊട്ടുണ്ടാവുകയുമില്ല. രണ്ടുകൂട്ടരെയും പാര്‍ട്ടിക്ക് വേണ്ടതുകൊണ്ട് പാര്‍ട്ടികളൊന്നും നയം പറയില്ല. ഇപ്പോഴുള്ളതുപോലെയങ്ങ് പോട്ടെ എന്നുപറയും. വല്ലതും തീരുമാനിച്ചാലല്ലേ ബുദ്ധിമുട്ടുള്ളൂ. അപൂര്‍വം ചില പാര്‍ട്ടികള്‍ക്ക് രണ്ടുടീമിലും ഒരേ വാശിയോടെ കളിക്കാനാവും. അസാമാന്യമായ ശരീരവഴക്കം ഉള്ളവര്‍ക്കേ അതുകഴിയൂ. പത്രഏജന്റുമാരുടെ കമ്മീഷന് കൂട്ടണമെന്ന് പറഞ്ഞ് അവരെ സമരത്തിലിറക്കാം, വേഷം മാറി പത്രഉടമസ്ഥ സംഘത്തിന്റെ യോഗത്തില്‍ ചെന്നിരുന്ന് ഒരു പൈസ കൂട്ടരുതെന്നും പറയാം. തൊഴിലുടമയുടെ രാഷ്ട്രീയം നോക്കി സമരം ചെയ്യുകയും ചെയ്യാതിരിക്കുകയുമാവാം എന്ന അതിനൂതന തൊഴിലാളിവര്ഗസിദ്ധാന്തം കൊണ്ടുവന്ന പ്രതിഭാശാലികളെ കാണാന്‍ സി.പി.എം. കോണ്‍ഗ്രസ് കാലത്ത് വിദേശപ്രതിനിധികള്‍ ധാരാളം വരുന്നുണ്ടെന്നാണ് കേട്ടത്.
മെയ് വഴക്കത്തില്‍ ഇന്റര്‍നാഷനല്‍ ഗോള്‍ഡ് മെഡലിസ്റ്റാണ് കെ.എം. മാണിസാര്‍. പക്ഷേ, പെന്ഷന് വിഷയത്തില്‍ തോമസ് ഐസക് മാണിസാറിനെയും അതിശയിപ്പിച്ചു. ഐസക്ക് സാര്‍ പെന്ഷന് പ്രായം കൂട്ടിയോ? ഇല്ല, പക്ഷേ, മാണിസാറിനെക്കൊണ്ട് കൂട്ടിച്ചു. അമ്പത്തഞ്ചാം വയസ്സ് അവസാനിക്കുന്ന നാള് പിരിഞ്ഞുപോരേണ്ടവരോടൊക്കെ മാര്‍ച്ച് 31 വരെ പിരിയേണ്ട എന്ന് പറഞ്ഞത് ടോപ്ക്ലാസ് ബുദ്ധിയായിരുന്നു. ചെറുകിട കുടില ബുദ്ധിജീവികളുടെയൊന്നും തലയില്‍ കിളുര്ക്കുന്ന ഇനം ബുദ്ധിയല്ലത്. രണ്ടുണ്ട് നേട്ടം. ഇടതുഭരണത്തിന്റെ അവസാനവര്‍ഷം മുഴുക്കെ ആര്‍ക്കും പിരിയല്‍ തുക കൊടുക്കേണ്ടിവന്നില്ല. വന്‍ലാഭം. മാര്‍ച്ച് മുപ്പത്തൊന്നാവുമ്പോഴേക്ക് ഭരണം മറ്റവന്റേതായിരിക്കുമെന്ന് ഉറപ്പായിരുന്നല്ലോ ഐസക്കിനും. ഗ്രാറ്റ്വിറ്റിയും മറ്റും കൊടുക്കാന്‍ കഴിയാതെ മാണി ഒന്നുകില്‍ വെള്ളം കുടിക്കണം. അല്ലെങ്കില്‍ പെന്ഷന് പ്രായം അമ്പത്താറാക്കി പഴി മുഴുവന്‍ കേള്‍ക്കണം.
പെന്ഷന് പ്രായം കൂട്ടാന്‍വേണ്ടി മാണിയും ഐസക്കും ഗൂഢാലോചന നടത്തിയുണ്ടാക്കിയതാണ് ഞാന്‍ പാതി താന്‍ പാതി എന്ന തന്ത്രമെന്ന് ആരോപിക്കുന്നവരുണ്ട്. ആവോ…… എന്തായാലും യുവാക്കള്‍ക്കിടയില്‍ ഡിസ്ക്രെഡിറ്റ് മാണിക്കുതന്നെ. ഐസക്കുസാര് തീര്‍ത്തും നിരപരാധി. ഉദ്യോഗസ്ഥര്‍ക്കിടയില്‍ ക്രെഡിറ്റ് കിട്ടുമെന്നാണ് വിചാരിച്ചിരുന്നത്. പക്ഷേ, അതിബുദ്ധി കാരണം അതൊട്ട് കിട്ടിയതുമില്ല.
********
ടി.എം. ജേക്കബിനെ വെറും 157 വോട്ടിന് മാത്രം ജയിപ്പിച്ച പിറവത്തുകാര്‍ എന്തുകൊണ്ടാണ് പുത്രന് അനൂപിനെ 12,070 വോട്ടിന് ജയിപ്പിച്ചത്? ഭിന്നാഭിപ്രായങ്ങളുണ്ട്. ഭരണത്തിന്റെയും പിന്നെ വേറെ എന്തോ ഒരു ദ്രാവകത്തിന്റെയും സ്വാധീനം കൊണ്ടാണ് അതുണ്ടായതെന്ന് പിണറായി വിജയന് പറഞ്ഞതായി കേട്ടു. ഭരണം കൈകടത്തുന്നതും ദ്രാവകം ഒഴുകുന്നതുമൊന്നും വോട്ടെടുപ്പ് ദിവസം സഖാക്കള്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് ചെയ്യാഞ്ഞതുമോശമായിപ്പോയി. അവര്‍ അതുചെയ്തിരുന്നുവെങ്കില് വോട്ടെടുപ്പ് കഴിഞ്ഞപ്പോഴും വന്‍ ഭൂരിപക്ഷത്തിന് ജയിക്കും എന്ന് പാര്‍ട്ടി അവകാശപ്പെടില്ലായിരുന്നു.
മദ്യത്തിന് നന്ദി പ്രകടിപ്പിക്കാന്‍ വേണ്ടി രാഷ്ട്രീയം മറന്ന് വോട്ട് ചെയ്യുന്നവര്‍ കേരളത്തിലല്ല ജാര്‍ഖണ്ഡിലെ ആദിവാസിഗ്രാമങ്ങളില്പ്പോലും ഇല്ല. കിട്ടുന്നതുവാങ്ങി
കുടിക്കും, വോട്ട് ഇഷ്ടം പോലെ ചെയ്യും. അതുകൊണ്ട് പോളിങ് അട്ടിമറിച്ചത് വോട്ടെടുപ്പ് ദിവസത്തെ മദ്യപാനമാകാനേ വഴിയുള്ളൂ. മുമ്പായിരുന്നെങ്കില്‍ കണ്ണ് മങ്ങിയും കൈ കുഴഞ്ഞും മദ്യപന് വോട്ട് എവിടെയെങ്കിലും കുത്തുന്നതുകൊണ്ട് വോട്ട് അസാധുവായിപ്പോകുമായിരുന്നു. ഇപ്പോഴതല്ല സ്ഥിതി. ഇലക്ട്രോണിക് ആണല്ലോ സംഭവം. എല്‍.ഡി.എഫിന് കുത്തേണ്ട വോട്ട് യു.ഡി.എഫിലായിപ്പോകും. അതാണ് പ്രശ്നം.
മദ്യപിച്ച് പോളിങ് ബൂത്തില്‍ പോകുന്നതിന് എതിരെ നിയമമുണ്ടോ എന്നറിയില്ല. ഇല്ലെങ്കില്‍ ഉണ്ടാക്കണം. നിയമം വളച്ചൊടിച്ച് റെയില്‍വേ പോലീസ് വ്യാഖ്യാനിക്കുന്നതുപോലെ ചെയ്താലും വിരോധമില്ല. പോലീസിനെ നിറുത്തി വോട്ടറെ ഊതിപ്പിച്ച് നോക്കുന്നത് പ്രയാസമാവും. വോട്ടിങ് യന്ത്രത്തില്‍ത്തന്നെ മദ്യഗന്ധമുള്ള വോട്ട് അസാധുവാക്കാന്‍ സംവിധാനമുണ്ടാക്കാമോ എന്നുനോക്കണം. മദ്യദാനം സമ്മതിദാനത്തെ സ്വാധീനിക്കാതിരിക്കാന്‍ ഏതറ്റം വരെയും പോകാം. അറ്റത്തുനിന്ന് നിലം പതിക്കരുതെന്നേ ഉള്ളൂ.
*******
മത്സരിച്ച് ജയിക്കുംമുമ്പ് അനൂപിനെ മന്ത്രിയാക്കണമെന്നായിരുന്നു പാര്‍ട്ടിയുടെ ആവശ്യം. അത്രക്കങ്ങട് പോകേണ്ട എന്ന് മറ്റുള്ളവര്‍ക്ക് തോന്നിയതുകൊണ്ടുമാത്രം അതുണ്ടായില്ല. 27-ാം വയസ്സില്‍ നിയമസഭാംഗമായിട്ടുണ്ട് ജേക്കബ്. പക്ഷേ, മന്ത്രിയായത് പിന്നെയും അഞ്ചുകൊല്ലം കഴിഞ്ഞാണ്. ഹോംവര്‍ക്ക് നല്ലോണം ചെയ്തേ അദ്ദേഹം മന്ത്രിപ്പരീക്ഷയ്ക്ക് പോയുള്ളൂ. അനൂപ്മോനെ ജയിക്കും മുമ്പ് മന്ത്രിയാക്കണം. ഊക്കന്‍ പാര്‍ട്ടിയാണ്. ഇതിലപ്പുറവും മോഹിച്ചുകൂടായ്കയില്ല.
അനൂപിന് കനമുള്ള വകുപ്പൊന്നും കൊടുക്കില്ലെന്നും ട്രെയ്നി ആയി കുറച്ചുകാലം പ്രവര്ത്തിപ്പിക്കുമെന്നൊക്കെ രാഷ്ട്രീയ ലേഖകന്മാര് പ്രവചിക്കുന്നുണ്ട്. കേന്ദ്രത്തില്‍ പണ്ട് വകുപ്പില്ലാമന്ത്രി എന്നൊരു അത്യപൂര്‍വ സാധനമുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. അനൂപിനെ അങ്ങനെയൊന്നും ആക്കിയേക്കരുതേ ചാണ്ടിസാറേ….. ജോണി നെല്ലൂരാനെപ്പോലുള്ള മഹാരഥന്മാര് പാര്‍ട്ടിയിലുള്ളതുകൊണ്ട് ഏത് വകുപ്പും കൈകാര്യം ചെയ്തുകൊള്ളും. ഉടന്‍ ഒരു മന്ത്രിയില്ലെങ്കില്‍ പിറവത്ത് ആകാശം ഇടിഞ്ഞുവീഴും. അതുകൊണ്ട് സത്യപ്രതിജ്ഞ വൈകിക്കല്ലേ…..