കപില സിബല ന്യായം

ഇന്ദ്രൻ

റേ പറയത്തക്ക പണിയൊന്നും കേന്ദ്രസര്‍ക്കാറിനില്ല. നാട്ടിലൊരിടത്തും ഒരു പ്രശ്‌നവുമില്ല. കള്ളവുമില്ല, ചതിയുമില്ല, അഴിമതിയുടെ കാര്യം പറവാനില്ല. പട്ടിണി, കര്‍ഷക ആത്മഹത്യ, തൊഴിലില്ലായ്മ തുടങ്ങിയവയുടെയൊന്നും പൊടിയില്ല ഒരിടത്തും. മാവോവാദികള്‍, മറ്റിനം ഭീകരര്‍, മതമൗലികവാദികള്‍, അണ്ണ ഹസാരെ തുടങ്ങിയ ക്ഷുദ്രജീവികളുടെയൊക്കെ വേരറുത്തുകഴിഞ്ഞു. സ്ഥിതിസമത്വം കൊടികുത്തിവാഴുന്നു. മൂന്നുനേരവും വയറുനിറച്ചുണ്ണുന്നതുകൊണ്ടുള്ള ദഹനക്കേട് മാറ്റാനേ വഴി തേടേണ്ടതുള്ളൂ. പരിഹരിക്കാന്‍ ഒരു പ്രശ്‌നവുമില്ലാതെ കേന്ദ്രത്തിലെ ഒരു സര്‍ക്കാറിന് എത്ര കാലം ഇങ്ങനെ കഴിഞ്ഞുകൂടാനാവും? അലസമനസ്സുകള്‍ പിശാചിന്റെ പണിയിടങ്ങളാവുമെന്നുണ്ടല്ലോ. അങ്ങനെ അലസമായി ഉണ്ടിരിക്കുമ്പോഴാണ് വിദേശത്തുനിന്നുള്ള വന്‍കമ്പനികളെ കൂട്ടിക്കൊണ്ടുവന്ന് ഇവിടെ പലചരക്കുകച്ചവടം തുടങ്ങിച്ചാലെന്താണ് എന്ന അതിഭയങ്കര ഐഡിയ ഉണ്ടായത്. അതങ്ങനെ കത്തിനില്‍ക്കുകയാണ്. അതിന്റെകൂടെ ഒരു സൈബര്‍പ്രശ്‌നം കൂടി ഉണ്ടായാല്‍ കുശാലാവുമെന്ന് ആര്‍ക്കോ തോന്നി. അങ്ങനെയാണ് തീതുപ്പുന്ന അഭിഭാഷക സിംഗം കപില സിബലന്‍ പുതിയ ഒരു തേനീച്ചക്കൂട്ടില്‍ കൈയിട്ടത്. സൈബര്‍ അധോലോകത്ത് കടുത്ത രാഷ്ട്രദ്രോഹപ്രവര്‍ത്തനം നടക്കുന്നു. ആരവിടെ, പിടിക്കവനെ, കെട്ടവനെ …

സൈബര്‍ മാധ്യമം കുഴപ്പം പിടിച്ച ഇടമാണ്. മാധ്യമം ആണോ എന്നുചോദിച്ചാല്‍ മാധ്യമം തന്നെ. പക്ഷേ, പരമ്പരാഗത ശ്രേഷ്ഠ മാധ്യമത്തിന്റെ ആഢ്യത്വം ലവലേശമില്ല. അതിന് എഡിറ്ററും ഉടമയും ജേര്‍ണലിസ്റ്റുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ യോഗ്യന്മാരെക്കൊണ്ടുമാത്രമല്ലേ എഴുതിക്കുകയും പറയിക്കുകയും ചെയ്യൂ. സോഷ്യല്‍ മീഡിയയില്‍ ഈ ജാതി ഏര്‍പ്പാടുകളൊന്നുമില്ല. എഴുതാന്‍ ആര്‍ക്കെല്ലാം കൈ തരിക്കുന്നുണ്ടോ, ഉടനെ എഴുതാം. അയച്ചുകൊടുത്താല്‍ മടക്കത്തപാലില്‍ തിരിച്ചയയ്ക്കുന്ന ദുഷ്ട പത്രാധിപന്മാരില്ല ഈ മാധ്യമത്തില്‍. ഒരു വരി പോലും ആരും വെട്ടിക്കളയില്ല. പ്രസിദ്ധപ്പെടുത്തുമോ എന്നറിയാതെ ഉറക്കമില്ലാത്ത രാത്രികള്‍ ചെലവഴിക്കേണ്ട. എഴുതിയയയ്ക്കലും പ്രസിദ്ധപ്പെടുത്തലും തമ്മില്‍ വെടിയും തീയും തമ്മിലുള്ള അകലമേ ഉള്ളൂ. ഇന്‍സ്റ്റന്റാണ് പ്രസിദ്ധീകരണം. ലോകം മുഴുവനുമുള്ളവര്‍ അത് വായിക്കുന്നുണ്ടാവും എന്നഭിമാനിച്ച് തുള്ളിച്ചാടാം. ചിലപ്പോഴത് നമ്മള്‍ തന്നെയേ കണ്ടിട്ടുണ്ടാവൂ, വായിച്ചിട്ടുണ്ടാവൂ എന്നത് വേറെ കാര്യം. എന്തും നൂറുകണക്കിനാളുകള്‍ക്ക് ഇ-മെയിലില്‍ അയച്ചുകൊടുക്കാം. കാല്‍പൈസ സ്റ്റാമ്പിന് ചെലവഴിക്കേണ്ട. അമേരിക്കയിലേക്കായാലും ശരി അട്ടപ്പാടിയിലേക്കായാലും ശരി അത് ഫ്രീ ആയി പോയിക്കോളും. കാല്‍ക്കാശ് ചെലവില്ലാതെ, താനെഴുതിയത് ആയിരം പേര് വായിച്ചു എന്ന് അഭിമാനിച്ചുനടക്കാവുന്നത് സൈബര്‍ ലോകത്തുമാത്രം.

ഇതുകൊണ്ടൊക്കെ എന്താ കപില സിബലിന് തലവേദന എന്ന് സംശയിക്കാം. ആളുകള്‍ വല്ല കഥയോ കവിതയോ ആണ് എഴുതിവിടുന്നതെങ്കില്‍ തലവേദനയൊന്നുമില്ല. നല്ലൊരു വിഭാഗം അങ്ങനെ നിരുപദ്രവ സാധനങ്ങളാണ് സൃഷ്ടിച്ചുവിടുന്നത്. പക്ഷേ, വേറേ വലിയ ഒരുവിഭാഗം രാഷ്ട്രീയത്തിന്മേലാണ് കൈവെക്കുന്നത്. സീരിയല്‍ കാണുന്നതുപോലൊരു ഒഴിവുസമയവിനോദമല്ല ഇത്. സൈബര്‍ അധോലോകം ജനാഭിപ്രായത്തെ സ്വാധീനിക്കുന്നു. പല രാജ്യങ്ങളിലും വന്‍ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നു. പത്രങ്ങളെയും ടെലിവിഷനെയുമെല്ലാം പോക്കറ്റിലാക്കി സുഖമായി ഭരിച്ചുകൊണ്ടിരുന്ന ഭരണാധികാരികളെ ജനം ഓടിച്ചിട്ട് പിടിച്ച് ജയിലിലാക്കുന്നു. ചിലര്‍ രാജ്യം വിട്ടോടുന്നു. ഞെട്ടിക്കുന്ന(നമ്മളെയല്ല ഭരണാധികാരികളെ) വാര്‍ത്തകള്‍. എല്ലാറ്റിന്റെയും പിന്നില്‍ ഈ സൈബര്‍ മീഡിയക്കാരുടെ കളിയാണത്രെ. പത്രത്തിലും ടെലിവിഷനിലും ഒന്നും വരാത്ത വാര്‍ത്തകളും അഭിപ്രായങ്ങളും അതില്‍ വരുന്നു. ആടിനെ പട്ടിയാക്കും. പട്ടിയെ പുലിയാക്കും. ആണിനെ പെണ്ണാക്കും. അണ്ണ ഹസാരെയെ മഹാത്മാഗാന്ധിയാക്കും. ആകപ്പാടെ മുന്തിയ അരാജകത്വമാണ് നടമാടുന്നത്.

എല്ലാം സഹിക്കാം, ഈയിടെയായി മാഡം സോണിയാഗാന്ധി, രാജീവ്ഗാന്ധി, രാഹുല്‍ഗാന്ധി തുടങ്ങിയ മഹാന്മാരെക്കുറിച്ചും പറയാന്‍ പാടില്ലാത്തതെന്തെല്ലാമോ സൈബര്‍ മീഡിയയില്‍ വന്നുവത്രെ. അതിനെത്തുടര്‍ന്നാണ് കപില സിബലന്‍ നിയമഗ്രന്ഥങ്ങളൊക്കെ ഒന്നുകൂടി വായിച്ചത്. ഇപ്പോഴുള്ള നിയമം ഉപയോഗിച്ചുതന്നെ ആളുകളുടെ വായടപ്പിക്കാന്‍ വകുപ്പുണ്ട്. മാനഹാനി ഉണ്ടാക്കുന്നത് പത്രത്തില്‍ എഴുതിയാല്‍ പെട്ടെന്നൊന്നും ചോദ്യം ചെയ്യാന്‍ കഴിയില്ല എന്നതാണ് സത്യം. മാനനഷ്ടക്കേസുമായി കുറേക്കാലം കോടതി കയറിയിറങ്ങിയാലേ ശിക്ഷിപ്പിക്കാന്‍ കഴിയൂ. എന്നാല്‍, പത്രത്തില്‍ വന്ന അതേസംഗതി സൈബര്‍ പ്രസിദ്ധീകരണത്തില്‍ വന്നാല്‍ ആളെ ഉടന്‍ പിടികൂടി ജയിലിലടയ്ക്കാന്‍ വകുപ്പുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ അറിയണമെന്നുള്ളവര്‍ സഖാവ് പിണറായി വിജയനോട് ചോദിച്ചാല്‍ മതി. അതെന്താണ് കേസ് എന്നല്ലേ, പറയാം. പിണറായി വിജയന്റെ പിണറായി ഗ്രാമത്തിലുള്ള വീടാണ് എന്നുപറഞ്ഞ് ഒരു പടുകൂറ്റന്‍ രമ്യഹര്‍മ്യത്തിന്റെ ഫോട്ടോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു. കുറേ മണ്ടന്മാര്‍ അത് സത്യമാണെന്ന് ധരിച്ച് വേറേ മണ്ടന്മാര്‍ക്ക് അയച്ചുകൊടുത്തു. അവരില്‍ കുറേ പേരെങ്കിലും വിശ്വസിച്ചിരിക്കാം ഇത് സത്യമാണെന്ന്. ആരാണ് ആദ്യം ഫോട്ടോ ഉണ്ടാക്കി അയച്ചത് എന്നൊക്കെ കണ്ടെത്താന്‍ സൈബര്‍ലോകത്ത് ഒരു പ്രയാസവുമില്ല. തപാലില്‍ അയയ്ക്കുന്ന ആളുടെ പേരില്ലെങ്കില്‍ അതുകണ്ടെത്തുക എളുപ്പമല്ല. ഇ- മെയിലയച്ചാല്‍ അപ്പംപിടിക്കും. പിണറായി വിജയന്‍ പരാതി കൊടുത്തു, അയച്ച ആളെ പിടിച്ച് ജയിലിലാക്കുകയും ചെയ്തു. ഇത്രയേ സംഗതിയുള്ളൂ. അങ്ങനെ ചെയ്യേണ്ടിയിരുന്നോ, ശരിയായ വീടിന്റെ ഫോട്ടോ പ്രസിദ്ധപ്പെടുത്തിയാല്‍ മതിയായിരുന്നില്ലേ എന്നുചോദിക്കാം. ജയിലിലടപ്പിച്ചതല്ലേ ഉള്ളൂ, കൈയും കാലും വെട്ടി ആസ്​പത്രിയിലാക്കിയില്ലല്ലോ എന്ന് സഖാക്കള്‍ക്ക് മറുപടി പറയുകയും ചെയ്യാം. രാജീവ് ഗാന്ധിക്ക് സ്വിസ്ബാങ്കില്‍ അഞ്ചുലക്ഷം കോടി രൂപ സമ്പാദ്യമുണ്ടെന്ന് പ്രചരിപ്പിച്ച ആളെ കണ്ടെത്താന്‍ പാര്‍ട്ടിക്കാര്‍ക്ക് നേരംകിട്ടിയിട്ടില്ല. അത് സത്യമോ എന്നാരും അന്വേഷിച്ചുമില്ല.
ഇതൊന്നുമല്ല കപില സിബലിന്റെ പ്രശ്‌നം. ഇന്റര്‍നെറ്റ് കമ്പനികളെ അങ്ങനെയങ്ങ് വിട്ടുകൂടല്ലോ. ഗൂഗിളും യാഹൂവും ഫേസ് ബുക്കുമൊക്കെ കപില സിബലിന്റെ മുമ്പില്‍ മുട്ടിലിഴയണം. സര്‍ക്കാറിന് എതിരെ ഒന്നും വന്നുപോകരുത് എന്നുകല്‍പ്പിച്ചാല്‍ ഒന്നും വന്നുപോകരുത്. ചൈനയിലെ മുതലാളിത്ത കമ്യൂണിസ്റ്റുകാരും അടിയന്തരാവസ്ഥയില്‍ നമ്മുടെ സ്വന്തം മാഡവും ചെയ്തത് ഇതിന്റെ പഴയ ചില പ്രാകൃത രൂപങ്ങള്‍ മാത്രം. സോണിയ മാഡത്തിന് വേണ്ടി താന്‍ എത്രമാത്രമാണ് കഷ്ടപ്പെടുന്നതെന്ന്, കൈകാര്യം ചെയ്യുന്നതെന്ന് ജനവും സോണിയ മാഡം തന്നെയുംഅറിയണമല്ലോ. അത്രയേ കപില സിബലും ഉദ്ദേശിച്ചുള്ളൂ. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കഴുത്തറുക്കുന്ന അതികഠിനമായ വ്യവസ്ഥകള്‍ രാജ്യത്ത് ഇപ്പോള്‍ തന്നെയുണ്ടെന്ന് പ്രക്ഷോഭത്തിനിറങ്ങിയവരും ശ്രദ്ധിക്കുന്നില്ല. സാങ്കേതിക അബദ്ധമാണ് എന്നുറപ്പുള്ള സംഗതി ടി. വി. ചാനലില്‍ വന്നതിന്റെ പക തീര്‍ക്കാന്‍ കേസ് കൊടുത്ത് മുന്‍ ജഡ്ജി നൂറുകോടി രൂപ പിഴ ശിക്ഷിപ്പിച്ചതിന്റെ ഉള്ളുകള്ളികള്‍ ആരും അന്വേഷിച്ചില്ല. ഏത് ചാനലും പൂട്ടിക്കാം, ഇത്തരം ഒരു കേസ് മതി. ഇങ്ങനെ ശിക്ഷ വിധിക്കുന്ന ജഡ്ജിമാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കബില്‍ സിബല്‍ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്‍ തന്നെ.

സൈബര്‍ലോകം വലിയ ഒരു മൈതാനമാണ്. ആര്‍ക്കും മൈക്ക് കെട്ടി എന്തും വിളിച്ചുപറയാം. തെറ്റും പറയാം, ശരിയും പറയാം. തെറ്റിനെ അധികാരത്തിന്റെ ഉരുക്കുമുഷ്ടി കൊണ്ടല്ല, ശരി കൊണ്ടേ നേരിടാനാവൂ. നിങ്ങള്‍ വേറേ മൈക്ക് കെട്ടി ശരി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞോളൂ. തെറ്റ് പറയുന്നവനെ ജയിലിലിടാന്‍ നോക്കിയാല്‍ ശരി പറയാനും ആളില്ലാതാവും. അതാണ് ചിലര്‍ ആഗ്രഹിക്കുന്നതും.
* * *
പാര്‍ലമെന്റില്‍ നിയമം പാസ്സാക്കിയാലോ അത് നടപ്പാക്കാന്‍ പോലീസിനെ ഇറക്കിയാലോ മാധ്യമങ്ങളില്‍ ഉത്തരവാദിത്വ ബോധമുണ്ടാക്കാന്‍ കഴിയുമോ? കഴിയുമെന്നാണ് ചില കൂട്ടര്‍ കരുതുന്നത്. സോഷ്യല്‍ മീഡിയയിലെന്നല്ല, പൊതു മീഡിയയില്‍ പോലും അത് നടപ്പില്ലെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. എല്ലാ മീഡിയയും സര്‍ക്കാറും ഒന്നിച്ചാണ് മുല്ലപ്പെരിയാര്‍ ഇതാ പൊട്ടാന്‍ പോകുകയാണെന്ന ഭീതി പടര്‍ത്തിയത്. ഭീതി കുറയ്ക്കാന്‍ പാടില്ല, കുറച്ചാല്‍ തമിഴ് നാടിനാണ് നേട്ടം. കേരളത്തില്‍ ഉള്ളതിന്റെ പതിന്മടങ്ങാണ് തമിഴ്‌നാട്ടിലെ യുദ്ധകാഹളം. കേരള-തമിഴ്‌നാട് അതിര്‍ത്തിയേക്കാള്‍ എത്രയോ ശാന്തമാണത്രെ ഇന്ത്യ- പാക് അതിര്‍ത്തി.

തമിഴ്‌നാട് പട്ടണങ്ങളില്‍ കഴിഞ്ഞ ദിവസം മലയാളികള്‍ക്കെതിരെ അക്രമമഴിച്ചുവിടാന്‍ പ്രകോപനമായത് ഒരു പത്രറിപ്പോര്‍ട്ടാണത്രെ. അത് വായിച്ചിട്ട് ഇത്രയൊക്കെയല്ലേ അവര്‍ ചെയ്തുള്ളൂ എന്ന് ആശ്വസിക്കുകയാണ്. ഇടുക്കി അതിര്‍ത്തിയില്‍ മലയാളികള്‍ മുന്നൂറിലേറെ തമിഴരെ തടവിലാക്കിയെന്നും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്നുമൊക്കെ എഴുതിപ്പിടിപ്പിച്ചത് തമിഴ് പത്രമല്ല ഇംഗ്ലീഷ് പത്രമാണ്. ഒന്നാം പേജിലെ മുഖ്യവാര്‍ത്ത. പത്രം ആ വാര്‍ത്ത കേരളത്തില്‍ പ്രസിദ്ധപ്പെടുത്തിയില്ലെന്നത് അവരുടെ ബുദ്ധി.

മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ കേരളം രണ്ടായി പിളര്‍ന്ന് നാല് ജില്ലകള്‍ അഗാധ ഗര്‍ത്തമാവുമെന്ന് ഗ്രാഫിക്‌സ് സഹിതം പേടിപ്പിച്ചത് പത്രങ്ങളല്ല, സോഷ്യല്‍ മീഡിയ ആണ് എന്നത് സത്യം. വോട്ടിനും സര്‍ക്കുലേഷനും ടാം റെയ്റ്റിങ്ങിനും വേണ്ടിയുള്ള യുദ്ധമില്ല അവിടെ, വിവരക്കേടുകള്‍ കുറച്ചേറെ ഉണ്ടാകാറുണ്ടെങ്കിലും. കൂടുതല്‍ പേടിപ്പിക്കുന്നവര്‍ക്കാണ് കൂടുതല്‍ പിന്തുണ എന്ന അവസ്ഥയാണ് പൊതുരാഷ്ട്രീയത്തിലും പൊതുമാധ്യമത്തിലുമുള്ളത്. ഏതാണ് സോഷ്യല്‍ മീഡിയ, ഏതാണ് ആന്റി സോഷ്യല്‍ മീഡിയ എന്നൊന്നും പിടികിട്ടുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Go Top