പോസ്റ്റ്‌മോര്‍ട്ടം, കുമ്പസാരം

ഇന്ദ്രൻ

കോഴിക്കോട് ജില്ലയിലെ മാത്രം തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മാറ്റിവെക്കുക വഴി ഇലക്ഷന്‍ കമ്മീഷന്‍ ചെറിയ ദ്രോഹമൊന്നുമല്ല ചെയ്തത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തങ്ങളാണ് വന്‍ജയം നേടിയതെന്ന് കണക്കുകള്‍ നിരത്തി ജനത്തെ ബോധ്യപ്പെടുത്താന്‍ ഒരു പാര്‍ട്ടിക്കും കഴിയാതായി എന്നതുതന്നെ ദ്രോഹം. മുന്‍തിരഞ്ഞെടുപ്പുകളിലെല്ലാം ഫലപ്രഖ്യാപനം നടന്ന ഉടനെ തുടങ്ങിയാല്‍ ആഴ്ചകളോളം നീണ്ടുനില്‍ക്കാറുണ്ട് കണക്കുവ്യാഖ്യാനവിനോദം. ഇത്തവണ അത് തുടങ്ങാന്‍ വൈകി. സാരമില്ല, ഞായറാഴ്ച വൈകുന്നേരത്തോടെ ചെറിയ തോതിലെങ്കിലും തുടങ്ങാനിടയുണ്ട്.

സമാനതകളില്ലാത്ത പരാജയമാണ് എല്‍.ഡി.എഫിന് ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടായതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് കേട്ട് ആരും തെറ്റിദ്ധരിക്കരുത്. എല്‍.ഡി.എഫിന്റെ പൂര്‍വകാല പരാജയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴേ സമാനതകളില്ലാതുള്ളൂ. അത് കോണ്‍ഗ്രസ്സുകാര്‍ പ്രത്യേകിച്ച് പറയാത്തത് അവരുടെ അതിവിനയം കൊണ്ടുമാത്രമാണ്. എല്‍.ഡി.എഫ്. ഇത്തവണ കൈയെത്തിപ്പിടിച്ചതിനേക്കാള്‍ വലിയ പരാജയം യു.ഡി.എഫ്. 2005-ല്‍ നേടിയെടുക്കുകയുണ്ടായി. അന്ന് ആകെയുള്ളതിന്റെ എഴുപത്തഞ്ചുശതമാനത്തിലേറെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നേടിയത് ഇടതുമുന്നണിയായിരുന്നു. ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ പതിന്നാലില്‍ പതിമ്മൂന്നുജില്ലയും നഷ്ടപ്പെട്ട ചരിത്രവും യു.ഡി.എഫിനുണ്ട്. അത്രത്തോളം നേടാന്‍ എന്തായാലും ഇത്തവണ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല. ദയനീയമായി പരാജയപ്പെട്ടിട്ടും 2005-ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത് യു.ഡി.എഫിന്റെ സ്ഥിതിമെച്ചപ്പെട്ടു എന്നായിരുന്നു. തൊട്ടുമുമ്പേ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ അവസ്ഥയേക്കാള്‍ ഭേദമാണ് എന്നാണ് ഉമ്മന്‍ചാണ്ടി ആശ്വസിച്ചത്. ഇത്തവണ പിണറായി വിജയന്‍ പറഞ്ഞതും അതുതന്നെ-എല്‍.ഡി.എഫിന്റെ നില മെച്ചപ്പെട്ടു.

2001-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. നൂറുസീറ്റില്‍ ജയിച്ചപ്പോഴും തങ്ങളുടെ ജനപിന്തുണയ്ക്ക് ലവലേശം കുറവില്ലെന്ന് വാദിച്ചുതെളിയിച്ചവരാണ് സി.പി.എമ്മിലെ കണക്കപ്പിള്ളമാര്‍. അതിന്റെ അടുത്തൊന്നും വരില്ലല്ലോ ഇപ്പോഴത്തെ പഞ്ചായത്തുതോല്‍വി. കോഴിക്കോട്ടെ കണക്കുകൂടി വരട്ടെ, എന്നിട്ട് വേണം കാല്‍ക്കുലേറ്ററുമെടുത്തൊരു പണി തുടങ്ങാന്‍. കാക്കത്തൊള്ളായിരം ഗ്രാമപ്പഞ്ചായത്ത് -മുനിസിപ്പാലിറ്റി- കോര്‍പ്പറേഷന്‍ വാര്‍ഡുകളിലെ കണക്കുകള്‍ നിരത്തി യു.ഡി.എഫിനേക്കാള്‍ തങ്ങള്‍ക്കാണ് നേട്ടമെന്ന് വാദിച്ചാല്‍ അതിനെ ചോദ്യം ചെയ്യാന്‍ ആര്യാടന്‍ മുഹമ്മദിനല്ല കൊല്‍ക്കത്ത ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള വിദഗ്ധന്മാര്‍ക്കുപോലും കഴിയില്ല. 2005 നേക്കാള്‍ മികച്ച വിജയം നേടുമെന്ന് പിണറായി വിജയന്‍ മലപ്പുറം പ്രസ്സ് ക്ലബ്ബിലെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞത് അതുമനസ്സില്‍ കണ്ടാവണം.

കണക്കുവ്യാഖ്യാനവിനോദം പോലെ ജനാധിപത്യത്തിലെ അനിവാര്യമായ മറ്റൊരു ആചാരമാണ് തിരഞ്ഞെടുപ്പനന്തര പോസ്റ്റ്‌മോര്‍ട്ടവും കുമ്പസാരവും. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലാണ് ഈ ചടങ്ങ് മുടക്കമില്ലാതെ നടക്കാറുള്ളത്. വെള്ളത്തില്‍ മത്സ്യമെന്നതുപോലെ ജനങ്ങള്‍ക്കിടയില്‍ കഴിയുന്നവരാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്മാര്‍. അതുകൊണ്ട് തിരഞ്ഞെടുപ്പുഫലം എന്ത് എന്നറിയാന്‍ അവര്‍ക്ക് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുന്നതുവരെ കാത്തുനില്‍ക്കേണ്ട കാര്യമൊന്നുമില്ല. എത്ര വോട്ടിന് ജയിക്കുമെന്ന് വോട്ടെടുപ്പിന്റെ തലേന്നുതന്നെ ബ്രാഞ്ച് സെക്രട്ടറിമാര്‍ കണക്കുകൂട്ടി പറയും. കൃത്യമായിരിക്കും കണക്കുകള്‍. എവിടെയെങ്കിലും അല്ലറ ചില്ലറ കുറവുണ്ടെങ്കില്‍ അതുപരിഹരിക്കാനാവശ്യമായ ‘ജനാധിപത്യവോട്ടു’കള്‍ക്ക് സംവിധാനമേര്‍പ്പെടുത്തും. പാര്‍ട്ടിയില്‍ അചഞ്ചലമായ വിശ്വാസമുണ്ടാകണം എന്ന തത്ത്വത്തില്‍ ഉറച്ചുനിന്നതുകൊണ്ടാണ് ഒരു തവണ വോട്ടെണ്ണും മുമ്പേ അച്ചടിക്കേണ്ടിവന്ന പാര്‍ട്ടി താത്ത്വിക പ്രസിദ്ധീകരണത്തില്‍, പാര്‍ട്ടിക്ക് വന്‍വിജയം നേടിത്തന്ന വോട്ടര്‍മാരെ അഭിവാദ്യം ചെയ്യുന്ന മുഖപ്രസംഗം കൊടുക്കേണ്ടിവന്നതും പാര്‍ട്ടി തോറ്റതിലുള്ള ദുഃഖാചരണത്തിനിടയില്‍ പ്രവര്‍ത്തകര്‍ക്ക് അത് വായിക്കേണ്ടിവന്നതും.

മൃതദേഹം ദഹിപ്പിക്കുന്നതിനുമുമ്പ് വേണമല്ലോ പോസ്റ്റ്‌മോര്‍ട്ടം നിര്‍വഹിക്കാന്‍. വോട്ടെണ്ണി 48 മണിക്കൂറിനകം സംസ്ഥാനക്കമ്മിറ്റിയാണ് അതുനിര്‍വഹിക്കാറുള്ളത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്ക് അനുസൃതമായി, ആവശ്യമെങ്കില്‍ പാര്‍ട്ടി സെക്രട്ടറി കുമ്പസാരവും നടത്തേണ്ടതുണ്ട്. ഇതിന് രണ്ടുഘട്ട ങ്ങളാണുള്ളത്. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ എന്ന് സംസ്ഥാനക്കമ്മിറ്റി യോഗത്തില്‍ സെക്രട്ടറി ചെവിക്കുമ്പസാരം നടത്തും. പുറത്താരും അത് കേള്‍ക്കാനോ അറിയാനോ പാടുള്ളതല്ല. മുമ്പേതോ മഹാന്‍ പറഞ്ഞതുപോലെ, തെറ്റുകുറ്റങ്ങളെക്കുറിച്ചേ ആര്‍ക്കും കുമ്പസാരം നടത്താനാവൂ. ലജ്ജാകരമായ മണ്ടത്തരങ്ങളെ കുറിച്ചാരും കുമ്പസരിക്കാറില്ല. എന്തായാലും ലഭ്യമായ കുമ്പസാരം തലതാഴ്ത്തി മൗനമായി സ്വീകരിച്ച് ദുഃഖഭാരത്തോടെ സംസ്ഥാനക്കമ്മിറ്റി പിരിയും. സെക്രട്ടറിയുടെ ഭാഗത്തുണ്ടായത് എത്ര മാരകപാപമാണെങ്കിലും അവയ്ക്ക് ലഘുപാപങ്ങള്‍ എന്ന പരിഗണനയേ നല്‍കാറുള്ളൂ. തെറ്റുകള്‍ തിരുത്തുമെന്ന് ജനങ്ങളോട് ഏറ്റുപറയുന്നതോടെ പ്രായശ്ചിത്തമായി. അതോടെ എല്ലാം അവസാനിച്ചു. പിന്നെ, മുമ്പ് ചെയ്തുപോന്ന കാര്യങ്ങളെല്ലാം അടുത്ത തിരഞ്ഞെടുപ്പു വരെ അതേപടി തുടര്‍ന്നുപോകാവുന്നതേ ഉള്ളൂ. പാര്‍ട്ടി നേതാക്കന്മാര്‍ തമ്മിലടിച്ച് ഭരണം കുട്ടിച്ചോറാക്കുക, സെക്രട്ടറിയെ കാണുമ്പോള്‍ മുണ്ട് മടക്കിക്കുത്തഴിച്ച് വണങ്ങാത്ത കീടങ്ങളുടെയെല്ലാം തലയില്‍ കുടം കൊണ്ടടിച്ച് കഥ കഴിക്കുക, ജാതിയും മതവും നോക്കാതെ സര്‍വരെയും നികൃഷ്ടജീവികളായി മുദ്രകുത്തുക, ചാനലുകളില്‍ നിരന്തരം പ്രത്യക്ഷപ്പെട്ട് സ്റ്റാലിന്‍, ഹിറ്റ്‌ലര്‍, മുസ്സോളിനി തുടങ്ങിയവരെക്കുറി ച്ചുള്ള നൊസ്റ്റാള്‍ജിയ ഉണര്‍ത്തുക, കൂടെ നില്‍ക്കുന്ന മറ്റുകക്ഷികളെ കഴിയുന്നത്ര വേഗത്തില്‍ എതിര്‍മുന്നണിയിലെത്തിക്കുക തുടങ്ങിയവയാണ് അഭംഗുരം ചെയ്യേണ്ട നടപടിക്രമങ്ങള്‍.തിരഞ്ഞെടുപ്പ് തോറ്റാലും ജയിച്ചാലും യു.ഡി.എഫ്. കുമ്പസാരത്തിനും പോസ്റ്റ്‌മോര്‍ട്ടത്തിനുമൊന്നും സമയം പാഴാക്കാറില്ല. എന്തുകൊണ്ടാണ് തോറ്റത് എന്നതുപോകട്ടെ എന്തുകൊണ്ടാണ് ജയിച്ചത് എന്നവര്‍ അറിയാറില്ല. മുമ്പാരോ പറഞ്ഞതുപോലെ, ഇടതുമുന്നണിയെ ജനം ജയിപ്പിക്കുമ്പോള്‍ യു.ഡി.എഫ്. താനേ തോല്‍ക്കുകയും ഇടതിനെ തോല്‍പ്പിക്കുമ്പോള്‍ താനേ ജയിക്കുകയും ചെയ്യുന്നുവെന്നുമാത്രം. ഈശ്വരനാണേ സത്യം അവരൊന്നും അറിഞ്ഞുചെയ്യാറില്ല. അതുഞമ്മളാ എന്ന് കോളറ് പൊക്കി അവകാശപ്പെടാന്‍ എല്ലാ ഘടകകക്ഷികള്‍ക്കും നേതാക്കള്‍ക്കും അതുവഴി അവസരം ലഭിക്കുകയും ചെയ്യും. ഈ ആരോഹണാവരോഹണ ചാക്രിക പ്രതിഭാസം അഭംഗുരം തുടരുന്നതിനിടയില്‍ നമ്മുടെ കാലം കഴിയുകയും ചെയ്യുമല്ലോ.

* * *

തിരഞ്ഞെടുപ്പ് പരാജയാനന്തര വിശകലനം കൂടുതല്‍ ആസ്വാദ്യമാക്കുന്നതിന് പുതിയ ചില ഇനങ്ങള്‍ ഇടതുമുന്നണി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അതിലൊന്ന് ഘടകകക്ഷികളുടെ പഴിചാരല്‍ നാടകമാണ്. മുന്‍കാലത്ത് മുന്നണി തോറ്റാല്‍, ഞങ്ങളൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ ഘടകകക്ഷികള്‍ മിണ്ടാതിരിക്കാറാണ് പതിവ്. പറയാനുള്ളത് സി.പി.എം.തമ്പ്രാന്‍ പറയും. അങ്ങനെത്തന്നെ എന്ന് മുന്നണി സഖ്യകക്ഷി അടിയങ്ങള്‍ തലയാട്ടും. കഴിഞ്ഞു.

ഇപ്പോഴതല്ല നില. നിലത്തിഴയുന്ന ജന്തുക്കളും ഫണമുയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് പറയേണ്ടസമയത്ത് പറഞ്ഞിരുന്നെങ്കില്‍ തീരുമായിരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സി.പി.ഐ., ആര്‍.എസ്.പി.എന്നീ ഘടകകക്ഷികള്‍ക്ക്- ഇപ്പോള്‍ വേറെ ഘടകകക്ഷികള്‍ ഉണ്ടോ എന്തോ… വൈക്കം വിശ്വനേ അറിയൂ- ഓര്‍മവരിക വോട്ടെണ്ണിക്കഴിഞ്ഞ ശേഷം മാത്രമാണ്. അതല്ല, എല്ലാം അതത് സമയത്ത് മുന്നണിയോഗത്തില്‍ പറഞ്ഞിട്ടുണ്ടെന്നാണ് ഘടകകക്ഷി നേതാക്കള്‍ പാര്‍ട്ടി കമ്മിറ്റികളെ ധരിപ്പിക്കാറുള്ളത്. മുന്നണിയോഗത്തില്‍ തമ്പ്രാനല്ലാതെ മറ്റാരും ഉരിയാടാറില്ലെന്നാണ് മുന്നണിയില്‍ നിന്ന് ഈയിടെ മതില്‍ചാടിയ ധീരസാഹസികര്‍ പറയുന്നത്. ന്യൂനപക്ഷ മതക്കാരെ കണക്കറ്റ് വിമര്‍ശിച്ചാല്‍ ഭൂരിപക്ഷമതക്കാരുടെ വോട്ട് കിട്ടുമെന്ന് തമ്പ്രാന്‍ പറഞ്ഞത് ശരിയോ എന്ന് വോട്ടെണ്ണിയാലല്ലേ അറിയാനാവൂ. വോട്ടെണ്ണിയപ്പോഴാണ് കൂടെ ന്യൂനപക്ഷവുമില്ല, ഭൂരിപക്ഷവുമില്ല എന്നറിഞ്ഞത്. മുമ്പൊരു തിരഞ്ഞെടുപ്പില്‍ ഇ.എം.എസ്. ആചാര്യന്‍ ഒരു ഭൂരിപക്ഷ ചക്കവെട്ടി താഴെ ഇട്ടപ്പോള്‍ ന്യൂനപക്ഷ മുയലിനെ കറിവെക്കാന്‍ പാകത്തില്‍ കിട്ടിയതായിരുന്നു. ഇത്തവണ ചക്ക വീണത് അത് ഉന്തിയവന്റെ തലയില്‍ തന്നെയാണ്. എന്ത് ചെയ്യാന്‍ ?

* * *

പതിറ്റാണ്ടുകളായി കേരളത്തിലെ ഭരണകക്ഷി സി.പി.എം. ആണ്. കേള്‍ക്കുമ്പോള്‍ അബദ്ധമാണെന്ന് തോന്നിയേക്കും. ഭരണം നടക്കുന്നത് സംസ്ഥാന സെക്രട്ടേറിയറ്റില്‍ മാത്രമാണ് എന്ന് ധരിച്ചവരേ സി.പി.എം. അഞ്ചുവര്‍ഷം കൂടുമ്പോള്‍ പ്രതിപക്ഷത്തിരിക്കാറുണ്ട് എന്ന് കരുതൂ. സെക്രട്ടേറിയറ്റ് തൊട്ട് താഴെ പഞ്ചായത്തില്‍ വരെ പലതട്ടുകളില്‍ ഭരണം നടക്കുന്നുണ്ട്. ഒന്നിലല്ലെങ്കില്‍ മറ്റൊന്നില്‍ പാര്‍ട്ടിയുടെ ഭരണം സദാസമയം ഉണ്ടാകും. കോട്ടയം, മലപ്പുറം ജില്ലകളിലേ ലേശമൊക്കെ വ്യത്യാസമുള്ളൂ. ഇതിന് പുറമെയാണ് സഹകരണബാങ്കുകളും സംഘങ്ങളുമെല്ലാം ചേര്‍ന്നുള്ള വലിയ ഭരണ ശൃംഖല. പാര്‍ട്ടിയിലെ ഉന്നതശ്രേണിയിലുള്ളവര്‍ക്കേ സംസ്ഥാനഭരണം കൊണ്ട് സ്ഥാനമാനങ്ങളും ഉപജീവനവും തരാവൂ. കോര്‍പ്പറേഷനുകളും കൗണ്‍സിലുകളും ഉപദേശകകൗണ്‍സിലുകളും മറ്റ് എണ്ണിയാലൊടുങ്ങാത്ത രാഷ്ട്രീയ ഉദ്യോഗങ്ങളും കൊണ്ട് കഴിഞ്ഞുകൂടുന്ന പാര്‍ട്ടി സവര്‍ണരുടെ എണ്ണം നൂറുകണക്കിന് വരുമെങ്കിലും ഇടയിലും താഴെയുമുള്ള ആയിരക്കണക്കിന് കേഡര്‍മാരെ പാര്‍ട്ടി ചാവേറുകളായി പോറ്റി വളര്‍ത്തുന്നത് ജില്ലാ കൗണ്‍സില്‍ തൊട്ട് താഴെ ബ്ലോക്കും പഞ്ചായത്തും സഹ. സംഘവും വായനശാലാസമിതിയും ഉള്‍പ്പെടെയുള്ള പല പല സ്ഥാപനങ്ങള്‍ വഴിയാണ്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ തിരിച്ചടി പാര്‍ട്ടിക്കകത്ത് സാമ്പത്തിക മാന്ദ്യവും കടക്കെണിയുമുള്‍പ്പെടെയുള്ള വന്‍ പ്രതിസന്ധികളുണ്ടാക്കുമെന്നാണ് പാര്‍ട്ടി നിരീക്ഷകര്‍ കരുതുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ജീവന്മരണ പ്രശ്‌നമാകുന്നത് അതുകൊണ്ടാണ്. കോണ്‍ഗ്രസ്സുകാരെപ്പോലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍നിന്നോ ആയുധം ഇറക്കുമതിയില്‍ നിന്നോ പത്ത് ശതമാനം – ഇരുപത് ശതമാനം സര്‍വീസ് ടാക്‌സ് ഈടാക്കാന്‍ പാവപ്പെട്ടവരുടെ പാര്‍ട്ടിക്ക് കഴിയില്ലല്ലോ. ഇവിടെയാണെങ്കില്‍ സംസ്ഥാനസര്‍ക്കാറിനുള്ളതിനോളം സ്ഥാപനങ്ങള്‍ പാര്‍ട്ടിക്ക് കൊണ്ടുനടത്താനുണ്ട്. ഇതൊന്നും കോണ്‍ഗ്രസ്സുകാര്‍ക്കും സി.പി.ഐ.ക്കാര്‍ക്കുമൊന്നും മനസ്സിലാകില്ല.

നിയമസഭാതിരഞ്ഞെടുപ്പിലും ഇതേ തോതിലാണ് വോട്ടെങ്കില്‍ അഞ്ചാറുവര്‍ഷം നിന്നുപിഴയ്ക്കാന്‍ എ.ഡി.ബി.യോ ലോകബാങ്കോ തരേണ്ടിവരും വായ്പയോ ഗ്രാന്റോ ആയിനത്തില്‍പ്പെട്ട എന്തെങ്കിലുമൊരു കുന്തമോ. വേറെ വഴിയൊന്നും കാണാനില്ല.

Leave a Reply

Your email address will not be published. Required fields are marked *

Go Top