കുംഭകോണം രാജാക്കള്‍

ഇന്ദ്രൻ

മന്‍മോഹന്‍ജിയുടെ ഗുരു നരസിംഹജിയാണ്. ആളൊരു സിങ്കമായിരുന്നു. മിണ്ടാട്ടം കുറവായിരുന്നുവെങ്കിലും ഭരണം സംഭവബഹുലമായിരുന്നു. മന്ത്രിമാര്‍ ജാഥയായാണ് അഴിമതിക്കേസുകളില്‍ കോടതികളിലേക്ക് പോയിരുന്നത്. ആ സിങ്കത്തിന്റെ കീഴിലാണ് മന്‍മോഹന്‍ജി മന്ത്രിപ്പണി പഠിച്ചത്. എന്നാല്‍ അതിന്റെ ഗുണമൊന്നും ആദ്യത്തെ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ കണ്ടില്ല. ഗുരുവിനോളം വരില്ല ശിഷ്യന്‍ എന്നാണ് ജനത്തിന് തോന്നിയത്.

സ്വാതന്ത്ര്യസമരകാലത്തേക്കാള്‍ എളുപ്പമാണ് ജയിലില്‍പോക്ക് എന്ന് ഗുരുവിന്റെ ഭരണകാലത്തെ അനുഭവം കൊണ്ട് മന്‍മോഹന്‍ജിക്ക് ബോധ്യപ്പെട്ടിരുന്നു. ചുറ്റും നടക്കുന്ന സംഭവങ്ങളെക്കുറിച്ചൊന്നും ഒരു പിടിയും ഇല്ലാത്ത ആളായിരുന്നുസിംഹം. എന്നിട്ടും, ആ പാവത്തെ അഴിമതിക്കുറ്റത്തിന് ശിക്ഷിക്കുകയുണ്ടായി. ജയിലിലടയ്ക്കുന്നതിന് ഗെയ്റ്റ് ഏതാണ്ട് നരനായ തുറന്നുവെച്ചതായിരുന്നു. കാറ്റടിച്ചിട്ടോ മറ്റോ ഗെയ്റ്റ് അടഞ്ഞുപോയത്രെ, നരന് കിടക്കേണ്ടിവന്നില്ല. അഴിമതിക്കുറ്റത്തിന് ജയിലില്‍ കിടന്ന ആദ്യ പ്രധാനമന്ത്രി എന്ന ബഹുമതി തലനാരിഴയ്ക്കാണ് നഷ്ടപ്പെട്ടത്. മന്‍മോഹന്‍ജിയുടെ സഹമന്ത്രിമാരില്‍ എത്രപേര്‍ അഴിമതിക്കേസ്സില്‍ പ്രതികളായി, ആരെല്ലാം ജയിലിലായി എന്നിപ്പോള്‍ പറയാനാവില്ല. സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമല്ല. പൊതുവെ, കോഴ വാങ്ങി എന്നാണ് മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്നുവരാറുള്ള ആക്ഷേപം. അതിനൊരു അന്തസ്സുണ്ടല്ലോ. പക്ഷേ, കോഴ കൊടുത്തു എന്നതായിരുന്നു നരസിംഹജിയുടെ പേരിലുണ്ടായ കേസ്. കൊടുത്തതോ എം.പി.മാര്‍ക്കും. അതിനാണ് ശിക്ഷിച്ചത്. ദോഷം പറയരുതല്ലോ, സെന്റ് കിറ്റ്‌സ് കോഴ, മുക്തിമോര്‍ച്ച കോഴ, യൂറിയ കുംഭകോണം, ലഖുഭായി ലക്ഷം ഡോളര്‍ കോഴ തുടങ്ങിയ ഡസന്‍കണക്കിന് ആരോപണങ്ങളില്‍ ഒന്നുമാത്രമായിരുന്നു

കോഴ കൊടുത്തു എന്നത്. ബാക്കിയെല്ലാറ്റിലും കോഴ വാങ്ങി എന്നതുതന്നെയായിരുന്നു കേസ്.

മന്‍മോഹന്‍ജിയുടെ രണ്ടാം ഭരണകാലം ഒന്നാം കാലത്തിന്റെ കുറവുകളെല്ലാം നികത്തുന്നുണ്ട്. സ്യൂട്ട്‌കേസില്‍ ഒരു ലക്ഷം ഡോളര്‍ വാങ്ങി എന്നതുപോലുള്ള നാണക്കേടുണ്ടാക്കുന്ന ഇടപാടുകളാണ് റാവുജിയുടെ കാലത്തുണ്ടായിരുന്നത്. ഇപ്പോള്‍ നിലവാരം വാനോളം ഉയര്‍ന്നിട്ടുണ്ട്. ലക്ഷം കോടിയുടെ കുംഭകോണം എന്നൊക്കെയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ആകാശം ഇടിഞ്ഞുവീണാലും കുലുങ്ങാത്ത കേളനായിരുന്നു ഗുരു. ബാബറി മസ്ജിദ് വീഴുമ്പോള്‍ നീറോ വീണ വായിക്കുകയായിരുന്നു. ശിഷ്യന്‍ ഗുരുവിനെ തോല്പിച്ചു. ടെലികോം കടലാസിന്മേല്‍ മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്ന് കോടതി പറഞ്ഞിട്ടും 16 മാസമാണ് അതിനുമുകളില്‍ അഖണ്ഡമൗന തപസ്സനുഷ്ഠിച്ചത്. നരസിംഹറാവു വിചാരിച്ചാലും ഇത്രയ്ക്കു കഴിയുമായിരുന്നില്ല.

മന്ത്രിസഭയെ നിലനിറുത്താനാണ് ഗുരു ജെ.എം.എം. എം.പി.മാര്‍ക്ക് കോഴ കൊടുത്തതത്രെ. മന്ത്രിസഭയെ നിലനിറുത്താന്‍തന്നെയാണ് രാജമാരുടെ പകല്‍ക്കൊള്ള കണ്ടില്ലെന്ന് ശിഷ്യന്‍ നടിച്ചതും. അതിന്റെ ഇക്കണോമിക്‌സിനെക്കുറിച്ച് വലിയ സംശയമുണ്ട്. രാജ വെട്ടിച്ചതിന്റെ പത്തുശതമാനം ഉണ്ടായിരുന്നെങ്കില്‍ മന്ത്രിസഭയെ താങ്ങിനിറുത്താനുള്ള പറ്റത്തെ തമിഴ്‌നാട്ടില്‍നിന്നുതന്നെ കിട്ടുമായിരുന്നു. രാജ വെട്ടിച്ചതിന്റെ നൂറിലൊരു പങ്കുപോലും ചെലവുവന്നിട്ടില്ല മന്‍മോഹന്റെ കഴിഞ്ഞ മന്ത്രിസഭയെ രക്ഷിക്കാന്‍. സൗജന്യമായി പിന്തുണനല്‍കാന്‍ തമിഴ്‌റാണി ഒരുക്കമായിരുന്നു. ഓക്‌സ്ഫഡിലൊന്നും പഠിപ്പിക്കുന്നതല്ലല്ലോ ഈ വക ഇടപാടുകള്‍.
മന്‍മോഹന്‍ അഴിമതിക്കാരനല്ല എന്നതു സത്യം. അഴിമതിക്കാരനാവുകയായിരുന്നു ഭേദം. നല്ല അഴിമതിക്കാര്‍ക്ക് അറിയാം ഏതാണ് നിലനിന്നുപോകാവുന്ന അഴിമതിയുടെ തോത് എന്ന്- സസ്റ്റെയ്‌നബ്ള്‍ കറപ്ഷന്‍. തമിഴ്‌നാട്ടിലെ തോതല്ല ഡല്‍ഹിയിലെ തോത് എന്ന് രാജമാര്‍ അറിയാന്‍ വൈകി. ജയലളിതയുടെ തോതുപോലും ഇതിനേക്കാള്‍ താഴെയായിരുന്നല്ലോ. മുന്നണി കൊണ്ടുനടക്കാന്‍ കഴിയുക അഴിമതിയുടെ സാമ്പത്തികശാസ്ത്രം അറിയുന്ന രാഷ്ട്രീയക്കാര്‍ക്കാണ് എന്നും മന്‍മോഹന്‍ജി തിരിച്ചറിഞ്ഞുകാണണം.

***

കോണ്‍ഗ്രസ് നേതൃത്വത്തിന് ഘടകകക്ഷി അഴിമതി സംബന്ധിച്ച ഫിലോസഫി നല്ല നിശ്ചയമാണ്. സ്വന്തം മന്ത്രിമാരുടെ അഴിമതിതന്നെ കണ്ടില്ലെന്ന് നടിക്കുന്നു, പിന്നെയല്ലേ ഡി.എം.കെ. അഴിമതി. അടിമുടി അഴിമതിയുള്ള പാര്‍ട്ടിയാണെങ്കിലും ഡി.എം.കെ.യെ ഭരണമുന്നണിയില്‍നിന്ന് പുറത്താക്കേണ്ട കാര്യമേയില്ല.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിനുമുമ്പ് ദേശീയതലത്തില്‍ മുന്നണിയുണ്ടാക്കാന്‍ പായുന്ന തിരക്കിനിടയില്‍ സി.പി.എം. സെക്രട്ടറി പ്രകാശ് കാരാട്ട് ഘടകകക്ഷി അഴിമതിയുടെ താത്ത്വിക നിലപാട് വ്യക്തമാക്കിയിരുന്നു. ജയലളിതയെയും മായാവതിയെയുംപോലുള്ള അഴിമതിക്കാരെ കൂട്ടിയാണോ മുന്നണിയുണ്ടാക്കുന്നതെന്ന് ഒരു ടി.വി. അവതാരകന്‍ ചോദിച്ചു. മണി മണിപോലെയായിരുന്നു മറുപടി.
‘കോടതിയില്‍ തെളിയിക്കപ്പെടുന്നതുവരെ ഒരു കക്ഷിയെയും അഴിമതിയുടെ പേരില്‍ മാറ്റിനിര്‍ത്തേണ്ട കാര്യമില്ല. വ്യക്തികളുമായല്ല, പാര്‍ട്ടികളുമായാണ് ധാരണയുണ്ടാക്കുക… അഴിമതി നോക്കിയാലൊന്നും മുന്നണിയുണ്ടാക്കാനാവില്ല.’ ചോദ്യം: മായാവതിയാണ് പ്രധാനമന്ത്രിയാകാന്‍ യോഗ്യ എന്ന് ബര്‍ദന്‍ പറഞ്ഞതിനോട് യോജിപ്പുണ്ടോ? മൂന്നുകൊല്ലംകൊണ്ട് സമ്പാദ്യം 3000 ശതമാനം ഇരട്ടിയാക്കിയ അഴിമതിക്കാരിയല്ലേ അവര്‍?

ഉത്തരം: അതദ്ദേഹത്തിന്റെ അഭിപ്രായം. എനിക്ക് യോജിപ്പില്ല. കോണ്‍ഗ്രസ്സാണ് അഴിമതിയില്‍ മുന്നില്‍. ബാക്കിയെല്ലാവരും രണ്ടാം കിടക്കാര്‍ മാത്രമാണ്.ഇത് പ്രകാശ്കാരാട്ടല്ല, പ്രകാശഗുരു ആണ്. കാരാട്ടിന്റെ ടെലിവിഷന്‍ അഭിമുഖം അത്രമേല്‍ പ്രധാനമായതിനാല്‍ തമിഴ്‌നാട്ടില്‍നിന്നുള്ള സനാതന ‘ഹിന്ദു’പത്രം അന്നത് ലേഖനരൂപത്തില്‍ പുനഃപ്രസിദ്ധപ്പെടുത്തുകയുണ്ടായി. അതിന്റെ ദീര്‍ഘദര്‍ശിത്വം ഇപ്പോഴാണ് മനസ്സിലാകുന്നത്. ബൊഫോഴ്‌സ് അഴിമതിയെക്കുറിച്ച് നിരന്തരം എക്‌സ്‌ക്ലൂസീവുകള്‍ എഴുതി രാജീവ്ഗാന്ധിയുടെ കഥ കഴിച്ച പത്രത്തില്‍ ഇപ്പോള്‍ അഴിമതിക്കഥകളില്ല, രാജയുമില്ല, സ്‌പെക്ട്രവുമില്ല. 56 കോടിയേക്കാള്‍ വലുതല്ലല്ലോ പതിനാറായിരം കോടി. അഴിമതിക്കഥകള്‍ക്കൊന്നും ഇപ്പോള്‍ പഴയ ഡിമാന്‍ഡ് ഇല്ലന്നേ…

***
പഠിച്ചുപഠിച്ച് താഴെ ക്ലാസ്സിലേക്കാണ് പ്രൊമോഷന്‍ എന്ന് കേട്ടിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് ആ ദിശയിലാണ് പോകുന്നത്. നിരക്ഷരര്‍ക്ക് മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന കാലത്താണ് തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ ഏര്‍പ്പെടുത്തിയത്. സാക്ഷരത സാര്‍വത്രികമായാല്‍ ഇത് അവസാനിപ്പിക്കാവുന്നതേ ഉള്ളൂ. അവസാനിപ്പിക്കുകയല്ല ആരംഭിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്സില്‍. അവരുടെ സംഘടനാതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം ഏര്‍പ്പെടുത്താന്‍ പോകുകയാണത്രെ. നിരക്ഷരരുടെ എണ്ണം അത്രയധികമുള്ളതുകൊണ്ടാവാം. ഏപ്രില്‍ ഒന്നിനാണ് വാര്‍ത്ത വായിച്ചിരുന്നതെങ്കില്‍ ആ ഗണത്തില്‍ പെടുത്താമായിരുന്നു. ഇപ്പോള്‍ അതിനും വകുപ്പില്ല.

അക്ഷരമറിയില്ലെങ്കിലും പോക്കറ്റില്‍ കാശുണ്ടായാല്‍ മതി. ഏഴായിരം രൂപവരെ വേണം ഓരോരോ സ്ഥാനങ്ങളിലേക്ക് പത്രിക നല്‍കാന്‍. അതു നല്‍കുന്ന സന്ദേശം സ്വാഗതാര്‍ഹംതന്നെ. കാശ് എറിഞ്ഞാലല്ലേ കാശുണ്ടാക്കാന്‍ പറ്റൂ. ഒന്നും ചുമ്മാ കിട്ടില്ല.
****

കേരളത്തിലെ പത്രക്കാര്‍ കൊടുംതട്ടിപ്പുകള്‍ക്ക് കുംഭകോണം എന്നാണ് വിളിക്കുന്നതെന്ന കാര്യം തമിഴ്‌നാട്ടുകാര്‍ അറിയുമോ എന്തോ. വൈക്കോവിനെപ്പോലുള്ള അവിടത്തെ തീവ്രവാദികള്‍ക്ക് വിവരംകിട്ടിയാല്‍ മുല്ലപ്പെരിയാറൊക്ക വിട്ട് ഇതിന്മേലാവും കൈയാങ്കളി. ബന്ദ്, റോഡ് തടയല്‍ എന്നിവ ഉടനുണ്ടാവും. തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണത്തുകാര്‍ തട്ടിപ്പുകാരും വെട്ടിപ്പുകാരുമൊന്നുമല്ല. എന്നിട്ടും വെട്ടിപ്പിന്റെ പര്യായപദമായിരിക്കുന്നു അത്.

ഇത് പത്രക്കാര്‍ ഉണ്ടാക്കിയ ഒരു വാക്കാണ് എന്ന ധാരണ ശരിയല്ലെന്ന് ഭാഷാവിദഗ്ധര്‍ പറയുന്നുണ്ട്. 1923-ല്‍ ഇറങ്ങിയ ശബ്ദതാരാവലിയില്‍ കുംഭകോണത്തിന് തട്ടിപ്പ്, കുഴപ്പം എന്നൊക്കെ അര്‍ഥം കൊടുത്തിട്ടുണ്ടത്രെ. ജയലളിതയായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ആണ്ടിമുത്തു രാജ ജനിച്ച പെരമ്പാളൂരിനെയോ മുത്തുവേല്‍ കരുണാനിധി ജനിച്ച തിരുക്കുവാലെയെയോ പകരം ചേര്‍ത്ത് ഓര്‍ഡിനന്‍സ് ഇറക്കുമായിരുന്നു. ഇനി അതിനും സാധ്യത കുറവാണ്. കുംഭകോണത്തുകാര്‍ അനുഭവിച്ചുതീര്‍ക്കുകയേ നിവൃത്തിയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

Go Top