വെറുതെ ഒരു വി.എസ്‌.

ഇന്ദ്രൻ

സീരിയല്‍ അതിന്റെ അവസാന എപ്പിസോഡിലേക്ക്‌ പ്രവേശിക്കുകയാണ്‌. ആരെല്ലാം ശ്രമിച്ചാലും ഇനിയും ഈ കണ്ണീര്‍ സീരിയല്‍ നീട്ടിക്കൊണ്ടുപോകാനാവില്ല. ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ഈ ദുരന്തനാടകം നായകന്‍ വി.എസ്‌.അച്യുതാനന്ദന്റെ പലായനത്തോടെ ട്രാജഡിയായി അവസാനിച്ചേക്കും.

ഉത്സവപ്പറമ്പിലെത്തി രാത്രി മുഴുവന്‍ ഉറക്കമിളച്ച്‌ ചൂതാട്ടത്തിലേര്‍പ്പെടുന്ന നാട്ടിന്‍പുറത്തെ ചില പയ്യന്മാരെപ്പോലെയാണ്‌ വി.എസ്‌. അച്യുതാനന്ദന്റെ അവസ്ഥ. കയ്യിലുള്ളതെല്ലാം പോയിരിക്കുന്നു. തിരിച്ച്‌ വീട്ടിലെത്താന്‍ സൂക്ഷിച്ചുവെച്ച ബസ്സുകൂലിയും അവസാനം കള്ളിയില്‍ വെച്ച്‌ നഷ്ടപ്പെടുത്തി. ഒന്നു വെച്ചാല്‍ അഞ്ച്‌‌, അഞ്ചുവെച്ചാല്‍ ഇരുപത്തഞ്ച്‌ എന്ന വിളിയാണ്‌ രാഷ്‌ട്രീയചൂതാട്ടത്തിന്റെയും അവസാനിക്കാത്ത പ്രലോഭനം. അഞ്ചും പത്തും എറിഞ്ഞുകൊണ്ടേ ഇരിക്കും. ഇടക്കിടെ ചില്ലറയെന്തെങ്കിലും കൈയില്‍വരും. പിന്നെ അതെല്ലാം നഷ്ടപ്പെടും. ഒടുവിലാണ്‌ നിര്‍ധനനും നിസ്വനുമായി മടക്കം.

മൂന്നുവര്‍ഷം മുമ്പത്തെ വരവ്‌ എത്ര രാജകീയമായിരുന്നു എന്നോര്‍മയുണ്ടോ ? ജനം ഏതാണ്ട്‌ മുഴുക്കെ ഒപ്പമുണ്ടായിരുന്നു. പാര്‍ട്ടിക്കകത്തെ പിന്തുണയും ഒട്ടും മോശമായിരുന്നില്ല. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിപ്പട്ടിക മാറ്റിക്കാന്‍ കഴിയുന്ന ജനപിന്തുണ ചരിത്രത്തില്‍ മറ്റൊരാള്‍ക്കുണ്ടായിട്ടില്ല. ആദ്യ ചൂതാട്ടമതായിരുന്നു അത്‌. സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടപ്പോള്‍ രണ്ടുദിവസം മൗനവ്രതം. അനുയായികളും ആരാധകരും തെരുവില്‍. മാധ്യമങ്ങളില്‍ അമര്‍ഷപ്രകടനം. പാര്‍ട്ടിക്കകത്ത്‌ കടുത്ത ബേജാറ്‌. വലിയ റിസ്‌ക്‌ ഉള്ള കളിയായിരുന്നു. ഒന്നുകില്‍ പാര്‍ട്ടിക്ക്‌ പുറത്ത്‌, അല്ലെങ്കില്‍ മുഖ്യമന്ത്രിസ്ഥാനത്ത്‌. പണ്ടായിരുന്നെങ്കില്‍ ഉറപ്പായും പാര്‍ട്ടിക്ക്‌ പുറത്താണ്‌‌. കേരം തിങ്ങും കേരളനാട്‌ കെ.ആര്‍.ഗൗരി ഭരിച്ചീടും എന്നാരോ വിളിച്ചതിനാണ്‌ ഗൗരിയമ്മ വഴിയാധാരമായത്‌‌. എന്നാലും മടിച്ചുനിന്നുകൂടല്ലോ. വെയ്‌ രാജാ വെയ്‌‌. വി.എസ്‌. ധൈര്യമായി വെച്ചു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത ശേഷമേ ആകപ്പാടെ എന്താണ്‌ സംഭവിച്ചതെന്ന്‌ അങ്ങേര്‍ക്കും പിടികിട്ടിയുള്ളൂ.

പിന്നീടിങ്ങോട്ട്‌ ഭാഗ്യദേവത കടാക്ഷിച്ചിട്ടില്ല. വി.എസ്‌. വില കൂടിയ ആദര്‍ശങ്ങള്‍ ഓരോന്നായി മുന്നോട്ടുവെച്ചുകൊണ്ടിരുന്നു. ഭൂമാഫിയാവിരുദ്ധ ആദര്‍ശം, സ്‌ത്രീപീഡനവിരുദ്ധആദര്‍ശം, അഴിമതിവിരുദ്ധആദര്‍ശം, ആഗോളീകരണവിരുദ്ധആദര്‍ശം, എ.ഡി.ബി.വിരുദ്ധആദര്‍ശം, സ്‌മാര്‍ട്‌ സിറ്റിവിരുദ്ധആദര്‍ശം, റിവിഷനിസ്റ്റ്‌ വിരുദ്ധആദര്‍ശം അങ്ങനെയങ്ങനെ. ഓരോന്നില്‍ പിടികൂടിയപ്പോഴും പാര്‍ട്ടിക്കകത്തെ പിന്തുണയുടെ ഗ്രാഫ്‌ കുത്തനെയും ജനപിന്തുണയുടെ ഗ്രാഫ്‌്‌ ചെരിഞ്ഞുമാണ്‌ താഴോട്ടുവന്നത്‌. ഭരണത്തിലെത്തിയാലെങ്കിലും ചാരിക്കിടന്ന്‌ അത്‌ ആസ്വദിച്ചുകൊള്ളുമെന്നായിരുന്നു പാര്‍ട്ടി കാര്യസ്ഥന്മാര്‍ കരുതിയിരുന്നത്‌. മുഖ്യമന്ത്രി സ്ഥാനം ഇത്രയും ആസ്വദിക്കാവുന്ന ഒരു പാര്‍ട്ടി ലോകത്തില്ല. തീരുമാനങ്ങള്‍ മുഴുവന്‍ പാര്‍ട്ടിയെടുത്തോളും, എന്നുവെച്ചാല്‍ പാര്‍ട്ടി സെക്രട്ടറിയെടുത്തോളും. തയ്യാറാക്കിത്തരുന്ന പ്രസംഗങ്ങള്‍ വായിക്കുന്ന പണിയേ മുഖ്യമന്ത്രിക്കുള്ളൂ. സുഖജീവിതം. വി.എസ്സിന്‌ മാത്രം അതുപറ്റില്ലെന്ന്‌ പറഞ്ഞാല്‍ എങ്ങനെ സമ്മതിച്ചുകൊടുക്കും. പാര്‍ട്ടിയേക്കാള്‍ വലുത്‌ ആദര്‍ശമാണെന്ന്‌്‌ പറഞ്ഞാല്‍ എന്തുചെയ്യും. ഒന്നും ചെയ്യാനില്ല. ഓരോ പ്രശ്‌നം ഏറ്റെടുത്തപ്പോഴും പാര്‍ട്ടിക്കകത്ത്‌ പിന്തുണക്കാര്‍ ഒന്നൊന്നായി മറുകണ്ടം ചാടി. വി.എസ്‌ വെറുതെ മുഖ്യമന്ത്രിസ്ഥാനത്ത്‌ ഇരിക്കുകയാണ്‌ എന്ന്‌ ബോധ്യപ്പെട്ടപ്പോള്‍ ജനപിന്തുണയും കുറഞ്ഞു.

നിലയ്‌ക്കാത്ത വീഴ്‌ചയുടെ മൂന്നാം വാര്‍ഷികത്തിലാണ്‌ രണ്ട്‌ സെല്‍ഫ്‌ ഗോളുകള്‍ ഒത്തുവന്നത്‌. ഒന്ന്‌ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ്‌, രണ്ട്‌ ലാവ്‌ലിന്‍ നിയമോപദേശം. ഗ്രൂപ്പില്‍ പെട്ടവര്‍ക്ക്‌ മത്സരിക്കാന്‍ സീറ്റ്‌ കൊടുത്തില്ലെന്ന പരാതി വി.എസ്സിന്‌ ഉണ്ടായിട്ടില്ല. ഗ്രൂപ്പില്‍ ആരും അവശേഷിച്ചിട്ടില്ലെന്നതുതന്നെ കാരണം. പക്ഷേ, ഓദ്യോഗികന്മാരുടെ സ്ഥാനാര്‍ഥികളെ മുഴുവന്‍ വിജയിക്കാന്‍ അനുവദിച്ചാല്‍ തന്റെ കേസ്‌തോല്‍ക്കുമെന്ന്‌ അറിയുന്നതുകൊണ്ട്‌ ചില്ലറ കളികള്‍ വേണ്ടിവന്നു. എന്താണ്‌ ചെയ്‌തതെന്നത്‌ സംബന്ധിച്ച്‌ വ്യക്തമായ വിവരം പാര്‍ട്ടി ചാരന്മാര്‍ക്ക്‌ ലഭിച്ചിട്ടില്ല. വോട്ട്‌ ചോര്‍ന്നെന്നോ ചോര്‍ത്തിയെന്നോ മറ്റോ കേള്‍ക്കുന്നുണ്ട്‌. അതവിടെ നില്‍ക്കട്ടെ, വോട്ടെണ്ണിക്കഴിഞ്ഞിട്ട്‌ പറയാം. കൃത്യസമയത്താണ്‌, ലാവ്‌ലിന്‍ കേസ്സില്‍ അഡ്വക്കറ്റ്‌ ജനറലിന്റെ നിയമോപദേശം വന്നത്‌. വോട്ട്‌ ചോര്‍ന്നതുപോലൊരു സംശയം നിയമോപദേശം ചോര്‍ന്നതിനെക്കുറിച്ചുമുണ്ട്‌. ചോര്‍ത്തലിനെക്കുറിച്ച്‌ ഇപ്പോള്‍ പാര്‍ട്ടിക്കകത്ത്‌ ചര്‍ച്ചയില്ല. സി.പി.എമ്മിന്റെ സൂതാര്യത കണ്ട്‌ കോണ്‍ഗ്രസ്സുകാര്‍ക്ക്‌ അസൂയ തോന്നുകയാണ്‌. പാര്‍ട്ടി സെക്രട്ടേറിയറ്റിലെ വി.എസ്‌ വിചാരണ സെക്രട്ടേറിയറ്റ്‌ യോഗം തീരുംമുമ്പ്‌ അക്ഷരംപ്രതി ചാനലുകളിലെത്തിയിരുന്നു. ഇതിനൊന്നും നമ്മള്‍ മാധ്യമസിന്‍ഡിക്കേറ്റ്‌ എന്ന്‌ വിളിക്കാന്‍ പാടില്ല, ചെയ്യാവുന്ന കാര്യം മാത്രം – വാര്‍ത്ത അപ്പടി നിഷേധിക്കുക. അതുചെയ്‌തു, തീര്‍ന്നു ബാധ്യത.

പോക്കറ്റില്‍ അവശേഷിച്ച അവസാനത്തെ അണ ലാവ്‌ലില്‍ കാര്യത്തിലാണ്‌ മുഖ്യമന്ത്രി ചൂതാട്ടക്കളത്തില്‍ വെച്ചത്‌. ഭരണഘടനാബാധ്യത നിറവേറ്റുക മാത്രമാണ്‌ ചെയ്‌തതെന്നും പാര്‍ട്ടി അച്ചടക്കം ലംഘിച്ചില്ലെന്നുമുള്ള കൂമ്പസാരത്തില്‍ കഴമ്പില്ല. പാര്‍ട്ടി സെക്രട്ടറിയെ അഴിമതിക്കേസ്സില്‍ നിന്ന്‌ രക്ഷിക്കുക തന്നെയാണ്‌ പാര്‍ട്ടി മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യത. മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ഒരു പക്ഷത്തും പാര്‍ട്ടി മന്ത്രിമാര്‍ മറുപക്ഷത്തും നില്‍ക്കുകയെന്നത്‌ കോണ്‍ഗ്രസ്‌ ചരിത്രത്തില്‍ പോലും ഇല്ലാത്തതാണ്‌. പിണറായി വിജയന്‌ വേണ്ടി സി.പി.ഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയോട്‌ വാദിക്കേണ്ടി വരുന്നതിനപ്പുറം ഒന്നും സംഭവിക്കാനില്ല. അവസാനത്തെ ശീട്ടും അതോടെ കീറി.

രണ്ടു വീര കേസരികളുടെ പതനം ഈ പതിറ്റാണ്ടിലെ കേരളരാഷ്‌ട്രീയത്തിലെ ശ്രദ്ധേയ സംഭവമാണ്‌. ഒരില വീഴുന്നതുകണ്ട്‌ ചിരിച്ചതാണ്‌ മറ്റേ ഇല. കെ.കരുണാകരന്റെ വീഴ്‌ചക്ക്‌ കുറെയെല്ലാം കാരണക്കാരന്‍ കൂടിയായിരുന്നു വി.എസ്‌ അച്യുതാനന്ദന്‍. ചില സാദൃശ്യങ്ങള്‍ കാണുമെങ്കിലും രണ്ടും തമ്മിലൊരു വ്യത്യാസമുണ്ട്‌. അധാര്‍മിക രാഷ്‌ട്രീയത്തിന്റെ പ്രതീകമെന്ന്‌ മുദ്രകുത്തിയ ആളെയാണ്‌ കോണ്‍ഗ്രസ്സുകാര്‍ പുറത്തെറിഞ്ഞത്‌ . ധാര്‍മികരാഷ്‌ട്രീയത്തിന്റെ പ്രതീകത്തെയാണ്‌ സി.പി.എം പുറത്തെറിയാന്‍ പോകുന്നത്‌. ഇത്‌ വലിയ വ്യത്യാസമാണ്‌, പാഠവുമാണ്‌.
*****
പൊതുവെ ഹര്‍ത്താല്‍വിരുദ്ധപക്ഷത്ത്‌ നിലകൊണ്ട്‌ ജനപ്രീതി നേടാനാണ്‌ നോക്കാറുള്ളതെങ്കിലും പ്രതിപക്ഷത്താണെങ്കില്‍ കോണ്‍ഗ്രസ്സുകാരും ഹര്‍ത്താല്‍ ആഹ്വാനിക്കും. വേറെ നിവൃത്തിയുമില്ലെങ്കിലേ അത്‌ ചെയ്യൂ. രണ്ടുവര്‍ഷംമുമ്പ്‌ കേരളത്തില്‍ പകര്‍ച്ചപ്പനി ജനജീവിതം കാര്‍ന്നുതിന്നപ്പോള്‍ നല്ലൊരു പ്രതിവിധി കണ്ടെത്താന്‍ കഴിയാതെ വിദഗ്‌ധന്മാരും സര്‍ക്കാറുമെല്ലാം പൊറുതി മുട്ടിയപ്പോഴാണ്‌ കോണ്‍ഗ്രസ്സുകാര്‍ മുന്തിയ പരിഹാരം നിര്‍ദ്ദേശിച്ചത്‌. ഒരു ദിവസം ഹര്‍ത്താല്‍ നടത്തുക. നല്ലതുപറഞ്ഞാല്‍ മനസ്സിലാകാത്തവര്‍ എവിടെയുമുണ്ടല്ലോ. ഹര്‍ത്താല്‍ നടത്താന്‍ സമ്മതിച്ചില്ല. പകര്‍ച്ചപ്പനിയേക്കാള്‍ ഭീകരം ഹര്‍ത്താലാണെന്ന മട്ടിലായിരുന്നു ആളുകളുടെ വിലാപം. കോണ്‍ഗ്രസ്സിന്‌ ഹര്‍ത്താല്‍ ഉപേക്ഷിക്കേണ്ടിവന്നു.

അതിന്‌ ശേഷം ഇപ്പോഴാണ്‌ ഹര്‍ത്താല്‍ നടത്താനൊരു നല്ല അവസരം കിട്ടിയത്‌. ലാവലില്‍ കേസ്സില്‍ മുന്‍മന്ത്രി പിണറായി വിജയനെ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കേണ്ട എന്ന മന്ത്രിസഭാതീരുമാനത്തെ എതിര്‍ക്കാന്‍ ജനം ഹര്‍ത്താലാചരിക്കണമെന്ന തീരുമാനമുണ്ടായത്‌ അങ്ങനെയാണ്‌. പകര്‍ച്ചപ്പനിക്ക്‌ ശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രശ്‌നം ഇതല്ലെന്ന്‌ ആരുപറയും ? പന്നിപ്പനിയിങ്ങോട്ട്‌ വന്നിരുന്നുവെങ്കില്‍ അതിനാകാമായിരുന്നു ഹര്‍ത്താല്‍. അതുവന്നുമില്ല.

കോടതിയില്‍ കിടക്കുന്ന വിഷയമാണ്‌ ലാവലിന്‍. പിണറായിയെ പ്രതിയാക്കാന്‍ അനുവദിക്കണമോ എന്ന്‌ തീരുമാനിക്കേണ്ടത്‌ ഗവര്‍ണറാണ്‌. കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ നിയമിച്ച വിശ്വസ്‌തനാണ്‌ ഗവര്‍ണര്‍. മന്ത്രിസഭയുടെ ശുപാര്‍ശ ഇക്കാര്യത്തില്‍ സ്വീകരിച്ചേ തീരൂ എന്നുവ്യവസ്ഥയുമില്ല. ഗവര്‍ണറുടെ തീരുമാനം എന്തായിരുന്നാലും കോടതിക്ക്‌ തിരുത്താവുന്നതുമാണ്‌. കാര്യമിങ്ങനെയെല്ലാമാണെങ്കിലും ഹര്‍ത്താല്‍ വേണമെന്നാണ്‌ കോണ്‍ഗ്രസ്‌ അഥവാ യു.ഡി.എഫ്‌. തീരുമാനിച്ചത്‌. വേറെ ഒരു നിവൃത്തിയുമില്ലാഞ്ഞിട്ടാണ്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്ന്‌ കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞതില്‍ കാര്യമുണ്ട്‌. വെള്ളക്കടലാസ്സില്‍ പ്രസ്‌താവനയെഴുതി മാധ്യമപ്രതിനിധികള്‍ക്ക്‌ മുന്നില്‍ വായിച്ചാല്‍ കേരളം സ്‌തംഭിക്കുന്ന വിദ്യക്കാണല്ലോ ഹര്‍ത്താല്‍ എന്ന്‌ പറയുന്നത്‌. കോണ്‍ഗ്രസ്സും യു.ഡി.എഫും വിചാരിച്ചാല്‍ ചെയ്യാന്‍ കഴിയുന്ന ഏക സംഗതി അതാണ്‌. പത്രസമ്മേളനം നടത്തുക. വേറൊന്നും ചെയ്യാനുള്ള ശേഷിയില്ല.

ഹര്‍ത്താല്‍ വിരുദ്ധന്‍ എം.എം ഹസ്സനെ ഹര്‍ത്താല്‍ ദിവസം നാട്ടിലെങ്ങും ആരും കണ്ടില്ലെന്ന്‌ പറയുന്നുണ്ട്‌ ചിലര്‍. ഔട്ട്‌ ഓഫ്‌ റെയ്‌ഞ്ച്‌ ! നാണക്കേട്‌ കൊണ്ട്‌ പുറത്തിറങ്ങാത്തതാണെന്ന്‌ കരുതുന്നത്‌ അബദ്ധമാണ്‌. അത്തരം ദൗര്‍ബല്യങ്ങളൊന്നും പൊതുപ്രവര്‍ത്തകര്‍ക്കുണ്ടാകാന്‍ പാടില്ല, ഉണ്ടായിട്ടുമില്ല. അഴിമതി വിരുദ്ധവും വര്‍ഗീയവിരുദ്ധവും മദ്യവിരുദ്ധവും പസംഗിക്കുന്നതുപോലെയേ ഹര്‍ത്താല്‍ വിരുദ്ധത്തെയും കാണേണ്ടതുള്ളൂ. ഇത്തവണ ഹസ്സന്‌ആശ്വാസമുണ്ട്‌. കൂട്ടിന്‌ അബ്ദുള്ളക്കുട്ടിയുമുണ്ട്‌‌. ഹര്‍ത്താല്‍ പേടിച്ച്‌ യു.ഡി.എഫില്‍ ചെന്നപ്പോള്‍ അവിടെ പന്തംകൊളുത്തിയ ഹര്‍ത്താല്‍ !

ഇപ്പോള്‍ ഒന്നു മനസ്സിലായി. നേരാംവണ്ണമൊരു ഹര്‍ത്താല്‍ നടത്താനും കോണ്‍ഗ്രസ്സിനുവയ്യ. ഹര്‍ത്താല്‍ പ്രഖ്യാപിച്ച ആള്‍ തന്നെ പറഞ്ഞത്‌ കടയടക്കണമെന്നൊന്നും നിര്‍ബന്ധമില്ലെന്നാണ്‌.ഹര്‍ത്താല്‍ ഭാഗികമായിരുന്നെന്ന ചീത്തപ്പേരും. ഇതും നമുക്ക്‌ പറ്റുന്ന പണിയല്ല തങ്കച്ചാ….

Leave a Reply

Your email address will not be published. Required fields are marked *

Go Top