അഖണ്ഡ ശകാരയജ്ഞം

ഇന്ദ്രൻ

താന്‍ മന്ത്രിയായി പതിനെട്ടുമാസം പ്രസംഗിച്ചുനടക്കുകയായിരുന്നുവെന്നും ഇനി പ്രവര്‍ത്തിച്ചുകാണിക്കാന്‍ പോകുകയാണെന്നും ജി.സുധാകരന്‍ ജനവരിയില്‍ കോഴിക്കോട്ട്‌ പ്രസംഗിക്കുകയുണ്ടായി. ഇനി കുറച്ചുശമനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ജനവരിയില്‍ നല്ല തണുപ്പായിരുന്നു. പിന്നീട്‌ ചൂടേറി. ഏപ്രില്‍, മെയ്‌ ആയതോടെ സംഗതി മൂര്‍ധന്യത്തിലാണ്‌. മഴ തുടങ്ങിയാല്‍ കുറഞ്ഞേക്കുമെന്ന പ്രതീക്ഷ മാത്രമാണ്‌ ഇനി ബാക്കിയുള്ളത്‌.

പ്രസംഗം പ്രവൃത്തി ആക്കിയതുകൊണ്ട്‌ സുധാകരന്‌ എന്തെല്ലാമോ നഷ്ടപ്പെടുന്നുണ്ട്‌ എന്ന്‌ ആരും കരുതേണ്ട. പത്രങ്ങളും ചാനലുകളും എത്ര ഡസനുണ്ടായാലും അവരെല്ലാം ന്യൂസ്‌ വാല്യു ഉള്ളിടത്തേ ചെല്ലൂ. നായയെ കടിക്കുന്ന മനുഷ്യനാണ്‌ വാര്‍ത്തയില്‍ വരിക, മനുഷ്യനെ കടിക്കുന്ന നായ അല്ല എന്നാണല്ലോ തത്ത്വം. നായയെകടിക്കാന്‍ എല്ലാ കോഞ്ഞാണന്മാര്‍ക്കും കഴിയണമെന്നില്ല. അതിനാവശ്യം തൊലിക്കട്ടിയാണ്‌-നായയ്‌ക്കല്ല, മനുഷ്യന്‌. ആദ്യം കുറച്ച്‌ പ്രയാസം തോന്നും. ശീലിച്ചാല്‍പ്പിന്നെ നായയെ ഓടിച്ചിട്ട്‌ കടിക്കാം, കുരയ്‌ക്കുകയും ചെയ്യാം.

വേദാന്തവും സിദ്ധാന്തവും പറയുന്നേടത്ത്‌ പേനയും മൈക്കും കോപ്പുമായി ഒരു മാധ്യമക്കാരനും ചെല്ലുകയില്ല. ജി.സുധാകരന്‍ മൈക്കിന്‌ മുന്നില്‍ നിന്ന്‌ ശകാരിക്കുന്നു എന്നുകേട്ടാല്‍ ഓടിച്ചെല്ലുകയും ചെയ്യും. സുധാകരന്‍ ഉള്‍പ്പെടെ നാല്‌ മന്ത്രിമാര്‍ നഗരത്തില്‍ ഒരേ സമയം പ്രസംഗിക്കുന്നുവെന്ന്‌ കരുതുക. പത്രക്കാര്‍ നാലായി പിരിഞ്ഞ്‌ നാല്‌ മന്ത്രിമാരുടെയും പ്രസംഗം കേള്‍ക്കാന്‍ ചെല്ലുമെന്നായിരിക്കും നിങ്ങള്‍ കരുതുന്നുണ്ടാവുക. ഇല്ലേയില്ല. എല്ലാവരും ജി.സുധാകരന്റെ ശകാരം കേള്‍ക്കാന്‍ പോകും. വേറെ പണിയൊന്നുമില്ലാത്ത പത്രക്കാര്‍ മാത്രമെ മറ്റേതെങ്കിലും മന്ത്രിയുടെ പ്രസംഗം റിപ്പോര്‍ട്ട്‌ ചെയ്യുകയുള്ളൂ. ഈ സത്യം ജി.സുധാകരനറിയാം. അതുകൊണ്ടു വ്യാജസ്വാമിമാരോളം പ്രസിദ്ധീകരണം കിട്ടുന്നത്‌ ജി.സുധാകരനുമാത്രമാണ്‌. അസൂയപ്പെട്ടിട്ട്‌ കാര്യമില്ല.

ഇന്ന്‌ ആരെ ശകാരിക്കണം എന്ന്‌ മുന്‍കൂട്ടി തീരുമാനിച്ചാണ്‌ സുധാകരന്‍ രാവിലെ മുണ്ടും മടക്കിക്കുത്തി പുറപ്പെടുന്നത്‌ എന്ന്‌ ധരിക്കരുത്‌. അങ്ങനെയൊന്നുമില്ല. ആരെ ശകാരിക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ മൈക്കിനു മുന്നില്‍എത്തുമ്പോള്‍ മാത്രമാണ്‌. സൂര്യനു കീഴിലുള്ള ഒരു വിധം എല്ലാവരെയും നൂറ്റൊന്നുവട്ടം ശകാരിച്ചുകഴിഞ്ഞു. ഇനിയും ഇതു തുടര്‍ന്നാല്‍ ആരും ശ്രദ്ധിക്കാതാവും എന്നും സുധാകരന്‌ അറിയാം.

അടുത്ത ഘട്ടം വേറെ കൈക്രിയകള്‍ വല്ലതും ചെയ്യാനാവും പദ്ധതി. പ്രസംഗം നിര്‍ത്തി പ്രവൃത്തി ആരംഭിക്കാന്‍ പോകുകയാണ്‌ എന്ന്‌ നേരത്തേ പറഞ്ഞത്‌ ഇങ്ങനെ വല്ല ആശയവും മനസ്സില്‍ വെച്ചായിരിക്കുമോ എന്നുറപ്പില്ല.

ഈ ഭൂമിയില്‍ മാനം മര്യാദയുള്ള, വിവരവും വിദ്യാഭ്യാസവുമുള്ള, സത്യധര്‍മാദികള്‍ പുലര്‍ത്തുന്ന, നേരുംനെറിയുമുള്ള, കഴിവും അനുഭവവുമുള്ള ഒരാളുണ്ടെങ്കില്‍ അത്‌ താന്‍ മാത്രമാണെന്ന വിശ്വാസമാണ്‌ അദ്ദേഹത്തെ നയിക്കുന്നത്‌. ഇത്തരം വിശ്വാസങ്ങളാണ്‌ പല ആളുകളെയും ആള്‍ദൈവങ്ങള്‍ ആക്കി മാറ്റുന്നത്‌. ജി. സുധാകരന്‌ ആരെക്കുറിച്ചും എന്തും പറയാം. ജി.സുധാകരനെക്കുറിച്ചുപറയുന്നവര്‍ വിവരദോഷികളും മര്യാദകെട്ടവരും പക്വതയില്ലാത്തവരും കോഞ്ഞാണന്മാരും സി.ഐ.എ. ഏജന്റുമാരും ഓച്ചാന്മാരും കാലുവാരികളും കാലുനക്കികളും പിന്നെയെന്തെല്ലാമോ ആണ്‌. എല്ലാം എഴുതാന്‍ കൊള്ളില്ല.

ജി.സുധാകരന്‍ ബെല്ലും ബ്രേക്കും ലക്കുംലഗാനുമില്ലാതെ കൈയില്‍ കിട്ടുന്നവരെയും കണ്ണില്‍ കാണുന്നവരെയും എല്ലാം കുത്തിവീഴ്‌ത്തുകയും ചവിട്ടിയരയ്‌ക്കുകയും ചെയ്യുകയാണെന്ന്‌ ധരിക്കരുതുകേട്ടോ. ആരെ ബഹുമാനിക്കണമെന്നും ആരെക്കുറിച്ച്‌ കവിതയെഴുതണമെന്നുമെല്ലാം അദ്ദേഹത്തിനറിയാം. പലരുടെയും ധാരണ അദ്ദേഹം എട്ടാംക്ലാസ്സും ഗുസ്‌തിയും മാത്രമുള്ള അസംസ്‌കൃതനാണ്‌ എന്നാണ്‌. മൈക്കിന്‌ മുന്നിലെ ശകാരംമാത്രം കേട്ട്‌ ആരെക്കുറിച്ചും ഇത്തരം അഭിപ്രായത്തിലെത്താന്‍ പാടില്ല. ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും നിയമത്തില്‍ വേറെ ബിരുദവും ഒക്കെയുള്ള വിദ്യാഭ്യാസവിചക്ഷണനും സാംസ്‌കാരികനായകനുമാണ്‌ കക്ഷി. നാലു കവിതയെഴുതിയ എത്രപേരെ സാംസ്‌കാരികനായകനായി കൊണ്ടുനടക്കുന്നു ഇവിടെ… സുധാകരനെയും പരിഗണിക്കണം നായകനായി. മന്ത്രിയായതിനുശേഷം അദ്ദേഹത്തിന്റെ സര്‍ഗാത്മകത അനുദിനം വര്‍ധിച്ചുവരികയാണ്‌. അങ്ങനെയൊരു പ്രശ്‌നമുള്ള വേറൊരാള്‍ ബിനോയ്‌ വിശ്വമാണ്‌. അതുപക്ഷേ സുധാകരനോളം വരില്ല.

മന്ത്രിയായ ശേഷം ജി.സുധാകരന്റെ പത്തുകവിതയെങ്കിലും അറിയപ്പെടുന്ന ബൂര്‍ഷ്വാ പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. അതില്‍ സാഹിത്യചരിത്രത്തില്‍ സ്ഥാനം പിടിക്കാന്‍ ഇടയുള്ള ഒന്ന്‌ ഒന്നൊന്നര വര്‍ഷം മുമ്പ്‌ വന്ന ‘ഗരിമയുടെ ഭരണ രഥനായകാ ധീരതേ’ എന്ന കവിതയാണ്‌. കവിത എന്നുമാത്രം വെറുതെ പറഞ്ഞാല്‍പോരാ…വിപ്ലവ പുരോഗമന കടുംകവിത എന്നെങ്കിലും പറയണം. കുരുക്ഷേത്രയുദ്ധത്തിലെ വീരയോദ്ധാവ്‌ അര്‍ജുനന്റെ റോളില്‍ സഖാവ്‌ വി.എസ്‌. ചില്ലറ സന്ദേഹങ്ങളും സംശയങ്ങളുമെല്ലാമുണ്ടായിരുന്നെന്ന്‌ വെച്ചോളൂ…എന്തിന്‌ പേടിക്കണം സാക്ഷാല്‍ കൃഷ്‌ണനായി പിണറായി വിജയന്‍ രഥത്തിലുള്ളപ്പോള്‍. ”ചുടുചോര പൊടിയുന്ന മനസ്സിന്റെ വേദന/ മലയാളി മനസ്സിന്റെ മനമുരുകി വേദന/ അതുപാടെ മാറ്റാന്‍ നിനവുറ്റ ശക്തിയായി/ തവ പിന്നില്‍ നില്‍പ്പൂ വിജയരഥ സാരഥി ” എന്നവസാനിക്കുന്നു നീണ്ട കവിത. വാക്കിന്റെ അര്‍ഥമറിയാത്തത്‌ കൊണ്ടല്ല …തവ പിന്നില്‍ നില്‍പ്പൂ വിജയരഥസാരഥി …എന്നെഴുതിയത്‌. സാധാരണ സാരഥികള്‍ മുന്നിലേ നില്‍ക്കൂ. ഇതങ്ങനെയല്ല. പിന്നിലാണ്‌ നില്‍പ്പ്‌. അതിന്‌ ആംഗലത്തില്‍ ബാക്ക്‌സീറ്റ്‌ ഡ്രൈവിങ്‌ എന്നും പറയും.

ആകപ്പാടെ മനസ്സിലാക്കേണ്ടത്‌ ഒരു കാര്യം മാത്രം…കഴുകനെയും കപോതത്തെയും തിരിച്ചറിയാത്ത വനവേടനല്ല ജി.സുധാകരന്‍. പിണറായി ആര്‌ എന്നും വി.എസ്‌ .ആര്‌ എന്നും താന്‍ ആര്‌ എന്നും കൃത്യമായി അറിയാം.

എ.കെ.ജി., കൃഷ്‌ണപ്പിള്ള, ഇ.എം.എസ്‌. എന്നിവര്‍ക്ക്‌ തുല്യനായി ഇപ്പോള്‍ പിണറായി വിജയനേ ഉള്ളൂ എന്ന്‌ 2007 നവംബറില്‍ തലശ്ശേരിയില്‍ ഒരു സഹകരണസംഘം ഉദ്‌ഘാടനശകാരത്തില്‍ ഉറച്ചുപറഞ്ഞതുകൊണ്ട്‌ ഇനിയെന്ത്‌ എഴുതിയാലും ആരും ഞെട്ടുകയില്ല. പുരോഗമനസാഹിത്യസംഘത്തിലെ കവികളെയെല്ലാം എം.എന്‍.വിജയന്‍മാസ്റ്റര്‍ ദുഷിപ്പിച്ചത്‌ കൊണ്ടുണ്ടായ വിടവ്‌ നികത്താന്‍ സുധാകരന്‍ ബാധ്യസ്ഥന്‍ തന്നെയാണ്‌. കെ.പി.ജി., ആണ്ടലാട്ട്‌ തുടങ്ങിയ വിപ്‌ളവകവികളുടെ ശ്രേണിയിലേക്ക്‌ ഒരു പുതുതാരം കൂടി ഉദിച്ചുയര്‍ന്നു എന്ന്‌ ലോകം അറിയട്ടെ.

യു.ഡി.എഫും എന്‍.എസ്‌.എസ്സും സുധാകരനെ ബഹിഷ്‌കരിക്കുകയാണത്രെ. ഇനി നാളെ ആര്‍.എസ്‌.എസ്സും അത്തരം മറ്റുസംഘടനകളും ബഹിഷ്‌കരിക്കുമായിരിക്കും. സുധാകരന്‌ വേണ്ടതും അതുതന്നെയാണ്‌. ഓരോ പ്രസംഗത്തിനും മുമ്പായി യു.ഡി.എഫുകാര്‍ ഓരോ കരിങ്കൊടിപ്രകടനം സംഘടിപ്പിക്കുകയാണെങ്കില്‍ സുധാകരന്‍ രക്ഷപ്പെടും. നിരോധിക്കപ്പെട്ട പുസ്‌തകത്തിന്‌ ആളുകൂടുംപോലെ പ്രസംഗത്തിന്‌ ആളുകൂടും. ചാനല്‍ക്യാമറകളുടെ എണ്ണവും കൂടും. ആനന്ദലബ്‌ധിക്ക്‌ വേറെന്ത്‌ വേണം ?

സംന്യാസവും ജ്യോത്സ്യവും ആര്‍ഷഭാരതസംസ്‌കാരത്തില്‍പ്പെട്ട സംഗതികളായതുകൊണ്ട്‌ അവയെ അപകീര്‍ത്തിപ്പെടുത്തുന്ന യാതൊന്നും കണ്ടുനില്‍ക്കാന്‍ സംഘപരിവാറിനാകില്ല. അങ്ങനെ ചെയ്യുന്നവരെ ഹിന്ദുത്വവിരുദ്ധന്മാരെന്ന്‌ മുദ്രകുത്തി കഥ കഴിക്കുകയായിരുന്നു പതിവ്‌. ഇപ്പോള്‍ അതുവയ്യ. വ്യാജസംന്യാസിമാരെ ഏതുഗണത്തിലാണ്‌ പെടുത്തുക ? അസ്സല്‍ സംന്യാസിയേത്‌, വ്യാജന്‍ ഏത്‌ എന്നുതിരിച്ചറിയാന്‍ കഴിയുന്നില്ല. വ്യാജന്മാര്‍ ഏറെയും നമ്മുടെ സ്വന്തക്കാര്‍, പലേടത്തും നേതാക്കള്‍ അവരുടെ നിത്യസന്ദര്‍ശകര്‍. ആകപ്പാടെ അങ്കലാപ്പിലാണ്‌ പരിവാരം. അതുമാറ്റാന്‍ ഒരു വഴിയേ കണ്ടുള്ളൂ. ക്രിസ്‌ത്യാനിയായ ബ്രദര്‍ തങ്കുവിനെതിരെ ജാഥ നടത്തുക, അഭിപ്രായവ്യത്യാസമുണ്ടാകില്ല.

മുമ്പ്‌  കേരളം മുഴുവന്‍ പരിവാറുകാര്‍ കൊണ്ടുനടന്നു പ്രസംഗിപ്പിച്ചിരുന്ന ഒരു സംന്യാസി വ്യാജനാണ്‌ എന്ന്‌ പിന്നീട്‌ തെളിഞ്ഞു. പ്രസംഗം കേട്ടവര്‍ക്ക്‌ അന്നേ തോന്നിയിരുന്നു സംന്യാസത്തിന്റെ നാലയലത്ത്‌ പോയ ഒരാള്‍ക്ക്‌ ആ വിധം പ്രസംഗിക്കാന്‍ കഴിയില്ലെന്ന്‌. പിന്നീട്‌, ഒറിജിനല്‍ ഹൈന്ദവപത്രം തുടങ്ങാനെന്ന്‌ പറഞ്ഞ്‌ നാട്ടുകാരില്‍ നിന്ന്‌ നന്നായി പണംപിരിച്ച വേറൊരു സംന്യാസനാമധാരി തുടങ്ങിയ പത്രമെവിടെ, പിരിച്ച പണമെവിടെ എന്ന്‌ ചോദിക്കാന്‍ ഈ പുണ്യഭൂമിയിലാളില്ല.

വന്നു വന്ന്‌ പുരോഗമനസംന്യാസിയും മതേതരസംന്യാസിയും വരെ രംഗപ്രവേശം ചെയ്‌തുതുടങ്ങിയിട്ടുണ്ട്‌. വി.എസ്‌ പറഞ്ഞതുപോലെ വായില്‍ കൊള്ളാത്ത പേരുള്ളവര്‍. സഖാവ്‌ ചൈതന്യാനന്ദബോധാനന്ദ ശക്തിശാലി എന്നോ മറ്റോ ആണ്‌ പേര്‌. ജനത്തിന്റെ കഷ്ടപ്പാടെന്നല്ലാതെ എന്തുപറയാന്‍.

ഡി.വൈ.എഫ്‌.ഐ.രംഗത്തിറങ്ങിയിട്ടുണ്ട്‌. സംന്യാസിമഠങ്ങളിലേക്ക്‌ ജാഥയായി, മാര്‍ച്ചായി, അടിയായി,പൊളിയായി….കഴിഞ്ഞ ആഴ്‌ചയോ മറ്റോ ആണ്‌ ഈ വ്യാജന്മാര്‍ ഇവിടെ ലാന്‍ഡ്‌ ചെയ്‌ത്‌ ആളുകളെ പറ്റിക്കാന്‍ തുടങ്ങിയതെന്ന്‌ തോന്നും അവരുടെ പാച്ചിലും വീഴലും കണ്ടാല്‍. ഇവരുടെയെല്ലാം ആശ്രമവാര്‍ഷികത്തിന്‌ സംഘപരിവാറുകാരും സഖാക്കളും ഒന്നിച്ച്‌ പോയാണ്‌ ആശംസ നേരാറുള്ളത്‌. അതെല്ലാം സകലമാധ്യമങ്ങളിലും കളറില്‍ വരാറുണ്ട്‌. ഒരു വണ്ടിച്ചെക്ക്‌ സ്വാമിയുടെ ആശ്രമം യുവസഖാക്കള്‍ തകര്‍ത്തു. കോടതിയുത്തരവുണ്ടായിട്ടും രണ്ടുവര്‍ഷമായി സ്വാമിയെ നമ്മുടെ പോലീസ്‌ സംരക്ഷിച്ചുപോരുമ്പോള്‍ സഖാക്കള്‍ സംഗതിയറിഞ്ഞതേ ഇല്ലായിരുന്നു.

ചെറുകിട ആള്‍ദൈവങ്ങള്‍ മാത്രമേ പേടിക്കേണ്ടൂ. അവര്‍ക്കെതിരെയേ റെയ്‌ഡും വിജിലന്‍സും എല്ലാം ഉണ്ടാകൂ. വര്‍ഷംതോറും വിദേശത്ത്‌ നിന്ന്‌ കോടികള്‍ വരുന്ന കുത്തക ആള്‍ദൈവങ്ങളെപ്പറ്റി ആരും ഒരക്ഷരം മിണ്ടുകയില്ല. കേരളം ദൈവത്തിന്റെ സ്വന്തം നാടല്ല, ആള്‍ദൈവത്തിന്റെ സ്വന്തം നാടാണ്‌ എന്ന്‌ യു.കലാനാഥന്‍ പറഞ്ഞത്‌ എത്ര ശരി. അതിനിടെ, കലാനാഥനും യുക്തിവാദികള്‍ക്കും പെട്ടെന്ന്‌ ജീവന്‍വെച്ചിരിക്കുന്നു. കുറെക്കാലമായി എണ്ണയും കുഴമ്പും തേച്ച്‌ വീട്ടിലിരിപ്പായിരുന്നു. രാമനാപം ജപിക്കാനോ ഭാഗവതം വായിക്കാനോ പാടില്ലല്ലോ. ഇപ്പോള്‍ ദിവ്യാത്ഭുതഅനാവരണം, എ.ടി.കോവൂര്‍ അനുസ്‌മരണം,പ്രകടനം,പ്രസ്‌താവന തുടങ്ങിയ സംഗതികള്‍ പലേടത്തും ഉഷാറായി നടക്കുന്നു. ആളുകൂടുന്നുമുണ്ട്‌. ഇല്ല, ഇതൊരു താത്‌കാലികപ്രതിഭാസം മാത്രം. എത്രപേരെക്കിട്ടും അറുബോറായ യുക്തിയുടെ പിറകെപോകാന്‍. നാടുവിട്ട സംന്യാസിമാരെല്ലാം കാശി, രാമേശ്വരം, ഹിമാലയമെല്ലാം സന്ദര്‍ശിച്ച്‌ പൂര്‍വാധികം ചൈതന്യത്തോടെ തിരിച്ചുവരും. കാത്തിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Go Top