രക്ഷകന്‍ വീണ്ടും വന്നു

ഇന്ദ്രൻ

അദ്വാനി ആട്ടിന്‍തോലണിഞ്ഞ ആടാണെന്ന്‌ വിശ്വസിക്കേണ്ടെന്ന്‌ പിണറായി വിജയന്‍ പറഞ്ഞതായാണ്‌ പാര്‍ട്ടിപത്രത്തില്‍ കാണുന്നത്‌. ആട്‌ എന്തിനാണ്‌ ആട്ടിന്‍തോലണിയുന്നതെന്ന്‌ വ്യക്തമല്ല. അല്‌പം സാഹിത്യം ചേര്‍ത്തതാവും അദ്വാനി ആട്ടിന്‍ തോലണിഞ്ഞ ചെന്നായയാണെന്നു തന്നെയാവും സഖാവ്‌ പിണറായി പറഞ്ഞതിന്റെ അര്‍ഥം. ‘വ്യാജ പ്രവാചകരെ സൂക്ഷിച്ചുകൊള്ളൂ, അവര്‍ ആടിന്റെ വേഷത്തില്‍ നിങ്ങളെ സമീപിക്കും’ എന്ന്‌ മത്തായി സുവിശേഷത്തില്‍ പറഞ്ഞിട്ടുണ്ട്‌.

കൊടും ഫാസിസ്റ്റും ന്യൂനപക്ഷവിരുദ്ധനും പള്ളിപൊളിയനും ക്രൈസ്‌തവര്‍ക്കെതിരെ നടക്കുന്ന എല്ലാ അതിക്രമങ്ങള്‍ക്കും കാരണക്കാരനുമായ അദ്വാനിയെ കോട്ടയത്ത്‌ വലിയ മെത്രാപ്പൊലീത്തയുടെ നവതിയാഘോഷച്ചടങ്ങിന്‌ ക്ഷണിച്ചുകൊണ്ടുവന്നത്‌ എന്തിനെന്ന്‌ പിണറായിക്ക്‌ മാത്രമല്ല ഒരുവിധപ്പെട്ട മതേതരര്‍ക്കൊന്നും മനസ്സിലായിട്ടില്ല. ആത്മീയക്കാര്‍ പാവം ആടാണെന്ന്‌ തെറ്റിദ്ധരിച്ച്‌ അദ്വാനിയെ വിളിച്ചുകൊണ്ടുവന്നതാവുമെന്നാണ്‌ മതേതരരുടെ പരിഭ്രാന്തി കണ്ടാല്‍ തോന്നുക. അദ്വാനി പണ്ട്‌ കറാച്ചിയിലെ സെന്റ്‌ പാട്രിക്‌ സ്‌കൂളില്‍ പഠിച്ചതുകൊണ്ടാണ്‌ അച്ചന്മാര്‍ അദ്ദേഹത്തെ വിളിച്ചതെന്ന്‌ ധരിച്ചവരുണ്ട്‌. അതായിരുന്നെങ്കില്‍ മദ്രാസ്‌ ക്രിസ്‌ത്യന്‍ കോളേജില്‍ പഠിച്ച പ്രകാശ്‌ കാരാട്ടിനെ ഒരു ആശംസക്കാരനെങ്കിലുമായി വിളിക്കുമായിരുന്നില്ലേ? ഇല്ല വിളിച്ചില്ല, ഒ.രാജഗോപാലിനെയും ബി.ജെ. പി. സംസ്ഥാനസെക്രട്ടറിയെയും വിളിച്ചിട്ടും മതേതരത്വത്തെയും ന്യൂനപക്ഷത്തെയും സംരക്ഷിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ഒരാളെപ്പോലും സമ്മേളനത്തിന്റെ നാലയലത്തേക്കൊന്നും ക്ഷണിച്ചില്ല.

ഇതിപ്പോള്‍ ആദ്യത്തെ അനുഭവമൊന്നുമല്ല. ക്ഷണിക്കാതിരുന്നവര്‍ മറന്നിരിക്കാം. തല്ലിയവന്‍ മറന്നാലും തല്ലുകൊണ്ടവന്‍ മറക്കില്ല എന്ന്‌ പറയാറുള്ളതുപോലെ, മതേതരര്‍ക്ക്‌ ഇതുമറക്കാനാവില്ല. ചില പ്രത്യേകസന്ദര്‍ഭങ്ങളില്‍ മതേതരരുടെ ഡിമാന്‍ഡ്‌ കുറയുകയും മറ്റേ കൂട്ടരുടേത്‌ ഉയരുകയും ചെയ്യാറുണ്ട്‌. വാജ്‌പേയി പ്രധാനമന്ത്രിസ്ഥാനവും അദ്വാനി ഉപപ്രധാനമന്ത്രിസ്ഥാനവും വഹിച്ച അഞ്ചുകൊല്ലക്കാലം മതേതരവാദികളുടെ ഓഹരിവിലയില്‍ കനത്ത ഇടിവായിരുന്നു. ന്യൂനപക്ഷക്കാര്‍ക്ക്‌ പോലും വേണ്ടാതായി മതേതരരെ. ഇപ്പോള്‍ ആ അവസ്ഥയൊന്നും ഇല്ല. പൊതുതിരഞ്ഞെടുപ്പിന്‌ ഒരു കൊല്ലമെങ്കിലും ബാക്കിയില്ലേ, ആര്‍ക്കും ഭൂരിപക്ഷം കിട്ടാനും കിട്ടാതിരിക്കാനും സാധ്യതയില്ലേ എന്നെല്ലാം ചോദിക്കാം. കാര്യമില്ല. മീനിനെ നീന്തല്‍ പഠിപ്പിക്കാന്‍ ആരും വരേണ്ട. ആരെ എപ്പോള്‍ ശ്രദ്ധിക്കണമെന്നും അവഗണിക്കണമെന്നുമെല്ലാം നമുക്കറിയാം. ചൈനീസ്‌ ആക്രമണം നടന്ന 1962ല്‍ ചൈനീസ്‌ ഭാഷ പഠിക്കാന്‍ പുസ്‌തകം തിരഞ്ഞ്‌ നടന്നവരുണ്ടെന്ന്‌ കേട്ടിരുന്നു. എന്തും ഒരു മുഴം മുമ്പെ ആകുന്നതാണ്‌ ബുദ്ധി.

വിശ്വാസം രക്ഷിക്കാന്‍ ദൈവം മാത്രം പോര, അധികാരിയും വേണം എന്ന സത്യം എത്രയോ കാലത്തെ അനുഭവത്തില്‍ നിന്ന്‌ മനസ്സിലാക്കിയിട്ടുള്ളവരാണ്‌ എല്ലാ മതമേധാവികളും. ബ്രിട്ടീഷ്‌കാലത്തായാലും ഹിറ്റ്‌ലര്‍ കാലത്തായാലും സര്‍ സി.പി.യുടെ കാലത്തായാലും അദ്വാനിയുടെ കാലത്തായാലും മേലങ്കി വിറ്റ്‌ വാള്‍ വാങ്ങാനൊന്നും ആവില്ല കേട്ടോ. അതിനൊക്കെ വേറെ ആളെനോക്കണം. ആകപ്പാടെ ശരിക്കുമൊന്നിറങ്ങിനോക്കിയത്‌ അമ്പത്തൊമ്പതില്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ കേരളത്തില്‍ വിമോചനസമരം നടന്നപ്പോള്‍ മാത്രമാണ്‌. അന്ന്‌ അങ്ങനെ വല്ലതും ചെയ്യണമെന്നായിരുന്നു ആസ്ഥാനത്ത്‌ നിന്ന്‌ കിട്ടിയ കല്‌പനയും. സംഘപരിവാറുകാരെ സഹിക്കാം. പള്ളിയും പള്ളിക്കൂടവുമില്ലാത്ത ഇക്കൂട്ടരെയാണ്‌ ഒട്ടും സഹിക്കാന്‍ വയ്യാത്തത്‌.

സംഘപരിവാറുകാര്‍ സുവിശേഷകരെ ജീവനോടെ ചുട്ടെരിച്ചില്ലേ, കന്യാസ്‌ത്രീകളെ മാനഭംഗം ചെയ്‌തില്ലേ എന്നെല്ലാം ചോദിക്കുന്നവരുണ്ട്‌. ശരിയാവാം. എന്ന്‌ വെച്ച്‌ നമ്മള്‍ അവരെ നിത്യശത്രുക്കളായി കരുതാന്‍പാടില്ല. കര്‍ത്താവിനെയോര്‍ത്ത്‌ അവരോട്‌ ക്ഷമിക്കുകയാണ്‌ വേണ്ടത്‌. ശത്രുവിനേയും സ്‌നേഹിക്കണം എന്നാണ്‌ ദൈവവചനം. അദ്വാനി ഇത്‌ ആദ്യമായാണ്‌ നമ്മുടെ പരിപാടിക്ക്‌ വരുന്നത്‌ എന്നുതോന്നിപ്പോകും ഇവരുടെയൊക്കെ വികാരപ്രകടനം കണ്ടാല്‍. ബാബ്‌രി മസ്‌ജിദ്‌ പൊളിച്ചടുക്കിയ കൈകൊണ്ടുതന്നെയല്ലേ, പഴയ നസ്രാണി ദീപികയുടെ ഏറ്റവും ‘കൊച്ചുപേരക്കുട്ടിയായ സായാഹ്നപത്രത്തിന്റെ ഉദ്‌ഘാടനവും നിര്‍വഹിച്ചത്‌? അദ്വാനി മാത്രമോ? രാജഗോപാല്‍ജി കോട്ടയം അരമനയില്‍ വന്ന്‌ പിതാവിന്റെ കൈ മുത്തിയില്ലേ? അയോധ്യ കേസ്സിലെ മറ്റൊരു മുഖ്യപ്രതി മുരളിമനോഹര്‍ ജോഷി പരിശുദ്ധ പരുമലത്തിരുമേനിയുടെ കബറിടത്തില്‍ ചന്ദനത്തിരി കൊളുത്തിയില്ലേ? കോട്ടയത്ത്‌ കിഴക്കിന്റെ വലിയ മെത്രാപ്പൊലീത്തയുടെ സുവര്‍ണജൂബിലിയില്‍ പങ്കെടുത്ത രാജഗോപാല്‍ജി ഹിന്ദുമതത്തെപ്പോലെ സഹിഷ്‌ണുതയുടെ മതമാണ്‌ ക്രിസ്‌തുമതമെന്ന്‌ പ്രസംഗിച്ചില്ലേ? ഇതുകൊണ്ടൊന്നും അവര്‍ക്ക്‌ പ്രയോജനമുണ്ടായില്ലെന്ന്‌ ധരിക്കരുത്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ ഇരു മുന്നണികളെയും ഒരരുക്കാക്കി നമ്മുടെ തോമാച്ചന്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി മൂവാറ്റുപുഴയില്‍ നിന്ന്‌ ജയിച്ചുകയറിയില്ലേ. പുള്ളിക്കാരന്‍ പരിവാറുകാരെ വെട്ടിച്ചെങ്കിലും പുതിയ തോമാച്ചന്മാര്‍ക്ക്‌ വേണ്ടി അദ്വാനി ചൂണ്ടലിടുന്നതില്‍ തെറ്റുപറഞ്ഞുകൂടാ. ആരെങ്കിലും കൊത്താതിരിക്കില്ല.

നമുക്കിങ്ങനെ നൂറുകാര്യങ്ങളുണ്ടെന്നെങ്കിലും വിചാരിക്കാം. ഇതുവല്ലോം ഉണ്ടായിട്ടാണോ ഇടതുസഹയാത്രികനും വേറിട്ട ചാനല്‍ ചെയര്‍മാനുമായ മമ്മൂട്ടി ഹിന്ദു വര്‍ഗീയ ഫാസിസ്റ്റിന്റെ ആത്മകഥ പ്രകാശനം ചെയ്യാന്‍ പോയത്‌ ? ഗുജറാത്തില്‍ ഡി.വൈ.എഫ്‌.ഐ ഉണ്ടായിരുന്നെങ്കില്‍ പരിവാറുകാരുടെ എല്ലൂരിയേനെ എന്ന്‌ പ്രസംഗിച്ച വിപ്ലവകാരിയാണ്‌ അദ്ദേഹം. പക്ഷേ, ഫാസിസ്റ്റുകള്‍ നേരിട്ട്‌ വന്ന്‌ വിനയപൂര്‍വം ക്ഷണിച്ചാല്‍ ആരായാലും വഴങ്ങിപ്പോകും. പണ്ടൊരു വനിതാരത്‌നം പറഞ്ഞത്‌ പോലെ, നാട്ടിലെ മുഖ്യസ്ഥന്‍ വന്ന്‌ വിളിക്കുമ്പോള്‍ എങ്ങനെയാണ്‌ ഒക്കില്ലെന്ന്‌ പറയുക. സദാചാരമൊക്കെ നോക്കാനുള്ള സമയമാണോ അത്‌? മോഹന്‍ലാലോ എഴുത്തുകാരന്‍ ആനന്ദോ മറ്റോ ആണ്‌ പുസ്‌തകം ഏറ്റുവാങ്ങിയതെങ്കില്‍ സവര്‍ണവര്‍ഗീയഫാസിസ്റ്റ്‌ എന്ന്‌ അധിക്ഷേപിച്ച്‌ നാണം കെടുത്താമായിരുന്നു.

രാഷ്‌ട്രീയം വോട്ടുകച്ചവടം മാത്രമാകുമ്പോള്‍ ഇതിന്റെയൊന്നും നേരും വേരും ചികയുന്നതില്‍ ഒരര്‍ഥവുമില്ല. കാര്യം നടക്കാന്‍ പലകാലും പിടിക്കേണ്ടിവരും. പള്ളിയില്‍ പോകാത്തവര്‍ വള്ളിക്കാവില്‍ പോയെന്നിരിക്കും, അമ്പലത്തില്‍ പോകാത്തവര്‍ പോട്ടയില്‍ പോയെന്നിരിക്കും. രണ്ടിടത്തും പോകാത്തവര്‍ പാണക്കാട്ടും കാരന്തൂരും പോയെന്നിരിക്കും. അദ്വാനി പള്ളിയില്‍ പോയെന്നുമിരിക്കും. നമുക്കും അവര്‍ക്കും ലാഭം നല്‍കുന്ന കച്ചവടം മോശമാണോ സാറേ ….

************

യുക്തിവാദിയോഗം ഉദ്‌ഘാടനം ചെയ്‌ത്‌ ഗീതാപ്രഭാഷണം നടത്തുകയാണ്‌ അച്യുതാനന്ദന്‍. ജാതിരാഷ്‌ട്രീയത്തിന്റെ തനിസ്വരൂപമായിരുന്ന ആളുടെ ജന്മശതാബ്ദിയാഘോഷം ഉദ്‌ഘാടനം ചെയ്‌തിട്ടാണ്‌ അദ്ദേഹം കോണ്‍ഗ്രസ്സിന്റെ ജാതിരാഷ്‌ട്രീയക്കളിയെ വിമര്‍ശിക്കുന്നത്‌. ആദ്യകാലത്ത്‌ സര്‍ സി.പി. ക്കെതിരെ സമരം ചെയ്യുകയും ജയിലില്‍ പോവുകയുമൊക്കെ ചെയ്‌ത ആര്‍. ശങ്കറെ കോണ്‍ഗ്രസ്‌ നേതാക്കള്‍ തന്നെയാണ്‌ എസ്‌.എന്‍.ഡി.പി. യോഗത്തെ കൈപ്പിടിയിലാക്കാന്‍ നിയോഗിച്ചത്‌. ശങ്കര്‍ യോഗം സെക്രട്ടറി വരെ ആയി. പിന്നെ സ്വാഭാവികമായും സര്‍ സി.പി.യുടെ കൈയാളായി, കളി ജാതിയുടെ കളത്തിലായി. കമ്യൂ.പാര്‍ട്ടിയും അക്കാലത്ത്‌ ഇങ്ങനെ ചിലരെ ജാതിസംഘടനകള്‍ പിടിക്കാന്‍ പറഞ്ഞയച്ചിരുന്നുവെന്നും അവരും പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ചില ചരിത്രകാരന്മാര്‍ പറയുന്നുണ്ട്‌.

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമെന്നുറപ്പായ ശേഷമാണ്‌ പുന്നപ്ര വയലാറില്‍ വെറുതെ പാവങ്ങളെ വെടികൊള്ളിച്ചതെന്ന്‌ കമ്യൂണിസ്റ്റുകാരെക്കുറിച്ച്‌ പറയാറുണ്ടെങ്കിലും അത്തരം മണ്ടത്തരങ്ങളൊന്നും ശങ്കറോ മന്നത്ത്‌ പത്മനാഭനോ ചെയ്‌തിട്ടില്ല. സ്വാതന്ത്ര്യം കിട്ടിയാല്‍ കോണ്‍ഗ്രസ്‌ വരുമെങ്കില്‍ പിന്നെ നമ്മളെന്തിന്‌ ഖദര്‍ തയ്‌ക്കാന്‍ വൈകിക്കണം ? പില്‍ക്കാലത്ത്‌ ദേവസ്വം ബോര്‍ഡില്‍ പ്രാതിനിധ്യം നഷ്ടപ്പെട്ടപ്പോഴാണ്‌ രണ്ടുപേരും ചേര്‍ന്ന്‌ നായര്‍-ഈഴവ ഐക്യം പ്രഖ്യാപിച്ചതും ഹിന്ദുമഹാമണ്ഡലം രൂപവത്‌കരിച്ചതും സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ ക്രിസ്‌ത്യാനി കോണ്‍ഗ്രസ്സാണ്‌ എന്ന്‌ പറഞ്ഞ്‌ ഡെമോക്രാറ്റിക്‌ കോണ്‍ഗ്രസ്‌ ഉണ്ടാക്കിയതുമെല്ലാം. ജാതിഐക്യത്തേക്കാള്‍ ലാഭം ജാതിപ്പോരുതന്നെ എന്ന്‌ ഇവര്‍ക്ക്‌ ക്രമേണ മനസ്സിലായിക്കാണണം. പിന്നീട്‌ വിശേഷിച്ച്‌ കാരണമൊന്നുമില്ലാതെ ഇവര്‍ കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തിയെന്നതും ചരിത്രം.

അമ്പത്തേഴിലെ കമ്യൂണിസ്റ്റ്‌ മന്ത്രിസഭയ്‌ക്കെതിരെ വിമോചനസമരം നടക്കുമ്പോള്‍ കെ.പി.സി.സി.യുടെ പ്രസിഡന്റ്‌ ആയിരുന്ന ആളുടെ ജന്മശതാബ്ദിയാണ്‌ താന്‍ ഉദ്‌ഘാടനം ചെയ്യുന്നത്‌ എന്ന്‌ മുഖ്യമന്ത്രി ഓര്‍ത്തുകാണണം. ദാമോദരമേനോന്‌ വീര്യം പോരാത്തതുകൊണ്ടാണ്‌ ശങ്കറെ പ്രസിഡന്റാക്കിയത്‌. പിന്നീട്‌ ശങ്കര്‍ ഉപമുഖ്യമന്ത്രിയായതും മുഖ്യമന്ത്രിയായതും വിമോചനസമരത്തിലും ജാതി രാഷ്‌ട്രീയത്തിലും വഹിച്ച പങ്കിനുള്ള പ്രതിഫലമായിത്തന്നെ. തീര്‍ച്ചയായും ജാതി രാഷ്‌ട്രീയത്തിന്‌ പണ്ട്‌ ചില ഒളിവും മറവുമൊക്കെയുണ്ടായിരുന്നു. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകുന്നതിനെ പിന്താങ്ങുന്നതും ജാതിയുടെ പേരിലാണ്‌ എന്ന്‌ പറയാന്‍ ധൈര്യപ്പെട്ട ആളുകള്‍ ശ്രീനാരായണഗുരുവിന്റെ പ്രസ്ഥാനത്തിന്‌ നേതൃത്വം നല്‌കുന്നു. ശങ്കര്‍ ശതാബ്ദിച്ചടങ്ങില്‍ അവരും അച്യുതാനന്ദന്റെ അടുത്തുണ്ടായിരുന്നു.

************

വെറുംകൈയോടെ തിരഞ്ഞെടുപ്പ്‌ ഗോദയില്‍ ഇറങ്ങേണ്ടിവരുമെന്ന്‌ ബി.ജെ.പി. പേടിച്ചിരിക്കുമ്പോഴാണ്‌ ഓര്‍ക്കാപ്പുറത്ത്‌ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും വന്നുകയറിയത്‌. അതോടെ ബഹുസന്തോഷമായി. കഴിഞ്ഞ തവണ അഞ്ചുകൊല്ലം ഭരിച്ച്‌ ഇന്ത്യയെ തിളക്കുകയും തിളപ്പിക്കുകയുമെല്ലാം ചെയ്‌തപ്പോള്‍ വിജയം സുനിശ്ചിതം എന്നായിരുന്നു വിശ്വാസം. ജനാധിപത്യത്തില്‍ ജനത്തെ മാത്രം ഒട്ടും വിശ്വസിച്ചുകൂടാ. വിലക്കയറ്റവും ഭക്ഷ്യക്ഷാമവും അങ്ങനെയല്ല. വിശ്വസിക്കാന്‍ കൊള്ളാവുന്ന കൂട്ടരാണ്‌. തിരഞ്ഞെടുപ്പില്‍ സഹായിക്കാതിരിക്കില്ല. ഇനി ഒരു പ്രാര്‍ഥനയേ ഉള്ളൂ. വിലക്കയറ്റം തടയണം, ക്ഷാമം തീര്‍ക്കണം എന്നും മറ്റും പാര്‍ട്ടി നിര്‍ത്താതെ അലമ്പുണ്ടാക്കും. അതുകേട്ട്‌ വിലയൊന്നും കുറച്ചേക്കരുത്‌. പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ്‌ കഴിയും വരെ വില ഒരുശതമാനം കുറയരുത്‌. കൂടുന്നതില്‍ ഒട്ടും വിരോധമില്ല.

വിലവര്‍ധനയ്‌ക്കെതിരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ട്‌ കേരളത്തിലൊഴികെ എങ്ങും പെട്ടിക്കട പോലും അടച്ചില്ല. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ ഒട്ടും അടച്ചില്ല. അടപ്പിക്കാന്‍ പാര്‍ട്ടി തലകുത്തി മറിഞ്ഞാലും സാധിക്കുകയുമില്ല. കേരളത്തില്‍ നേരെ മറിച്ചാണ്‌ സ്ഥിതി. ഹര്‍ത്താല്‍ ദിവസം ആരും കടയടയ്‌ക്കരുതെന്ന്‌ ഹര്‍ത്താലുകാര്‍തന്നെ മൈക്ക്‌ കെട്ടി ആവശ്യപ്പെട്ടാലും ജനം വഴങ്ങില്ല. കടയടച്ച്‌ വീട്ടിലിരുന്ന്‌ സി.ഡി.കണ്ടുകളയും. തൊണ്ണൂറ്റഞ്ചുശതമാനം ജനങ്ങളും ഇവിടെ ബി.ജെ.പി. വിരുദ്ധരായതുകൊണ്ടാവണം നൂറുശതമാനം വിജയമായിരുന്നു ഹര്‍ത്താല്‍.

Leave a Reply

Your email address will not be published. Required fields are marked *

Go Top