ചവിട്ട്‌ കേരളത്തിന്റെ മുതുകത്ത്‌

ഇന്ദ്രൻ

ബി.ജെ.പി.യുടെ ബന്ദര്‍ത്താല്‍ ജാഥയുടെ കുറുകെ നടന്ന സ്‌ത്രീയെ ജാഥാംഗം മുതുകില്‍ ആഞ്ഞുചവിട്ടുന്നത്‌ ചാനലില്‍ കണ്ട്‌ ജനങ്ങള്‍ ഞെട്ടിയെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇതാണ്‌ ദൃശ്യമാധ്യമത്തിന്റെ കുഴപ്പം. ചെറിയ സംഗതികള്‍ പൊലിപ്പിച്ച്‌ കാട്ടിക്കളയും. യഥാര്‍ത്ഥത്തില്‍ ബന്ദ്‌ നടത്തുന്ന പാര്‍ട്ടി ജനങ്ങളോട്‌ ചെയ്യുന്നതിന്റെ ഒരു പ്രതീകാത്മകപ്രകടനം മാത്രമായിരുന്നു ആ ചവിട്ട്‌. ബന്ദ്‌ എന്ന്‌ പറയുന്നത്‌ ജനങ്ങളുടെ മുതുകത്ത്‌ ചവിട്ടലാണ്‌. അത്‌ തന്നെയേ ആ പാര്‍ട്ടിക്കാരന്‍ സ്‌ത്രീയോട്‌ ചെയ്‌തുള്ളൂ.

എന്നാലും, ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ നേരിട്ട്‌ അങ്ങനെ ചെയ്‌തല്ലോ എന്നോര്‍ത്ത്‌ ആളുകള്‍ അന്തം വിട്ട്‌ പോകുന്നുണ്ട്‌. അതും ഒരു തെറ്റിദ്ധാരണയില്‍ നിന്ന്‌ ഉണ്ടായ അന്തംവിടലാണ്‌. മഹാത്മാ ഗാന്ധിയും രാഷ്ട്രീയപ്രവര്‍ത്തകനായിരുന്നു, മുതുകത്ത്‌ ചവിട്ടിയവനും രാഷ്ട്രീയപ്രവര്‍ത്തകനാണ്‌. ആദ്യത്തേതാണ്‌ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പ്രതീകം എന്ന ധാരണ കാരണമാണ്‌ രണ്ടാമത്തെ നിക്‌ൃഷ്ടപ്രവൃത്തി കണ്ട്‌ അന്തംവിട്ടുപോകുന്നത്‌. ബി.ജെ.പി. രാഷ്ട്രീയത്തിന്റെ പ്രതീകം രണ്ടാമത്തേതാണ്‌.

മൂന്ന്‌ സംഗതികളിലൂടെയേ കേരളത്തില്‍ ഈ പാര്‍ട്ടിയുടെ പേര്‌ ആളുകള്‍ ശ്രദ്ധിക്കാറുള്ളൂ. ആദ്യത്തേത്‌ ഗ്രൂപ്പിസവും കുതികാല്‍വെട്ടുമാണ്‌. അതൊഴിഞ്ഞ സമയമുണ്ടാകാറില്ല. കോണ്‍ഗ്രസ്സുകാര്‍ക്ക്‌ പോലും ഇവരുടെ ശിഷ്യരാകാനുള്ള യോഗ്യതയേ ഉള്ളൂ. വല്ലപ്പോഴും ഒഴിവ്‌ കിട്ടുമ്പോഴാണ്‌ രണ്ടാമത്തെ സംഗതി നിര്‍വഹിക്കാറുള്ളത്‌. നാട്ടിലെ ഏതെങ്കിലും എതിര്‍കക്ഷി പ്രവര്‍ത്തകനെ വെട്ടിനുറുക്കിക്കൊല്ലും. കൊല്ലുന്നതില്‍ പത്തില്‍ ഒമ്പതും മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയിലെ താഴേക്കിട തൊഴിലാളിയായിരിക്കും. മൂന്നാമത്തേത്‌ തിരഞ്ഞെടുപ്പിലെ വോട്ട്‌ വില്‍പ്പനയാണ്‌. കഴിഞ്ഞ ദിവസം നടത്തിയതുപോലുള്ള ബന്ദര്‍ത്താല്‍ നടത്തും ഈയിടെയായി ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്‌. ഇതിലേതാണ്‌ മുതുകത്ത്‌ ചവിട്ടുന്നതിനേക്കാള്‍ ഭേദപ്പെട്ടത്‌ ?

കൊല്ലുന്ന കാര്യം പറഞ്ഞല്ലോ. ബി.ജെ.പി.ക്ക്‌ അപൂര്‍വമായ ഒരു ബഹുമതി ഇക്കാര്യത്തിലുണ്ടെന്ന്‌ അധികംപേര്‍ ഓര്‍ക്കാറില്ല. പാര്‍ട്ടിഅംഗങ്ങളുടെ എണ്ണവും കൊലക്കേസ്‌ പ്രതികളായ അംഗങ്ങളുടെ എണ്ണവും തമ്മിലുള്ള അനുപാതം ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന പാര്‍ട്ടി ബി.ജെ.പി.യാണ്‌. ലോകത്തിന്റെ കണക്കൊന്നും അറിഞ്ഞുകൂട. കേരളത്തില്‍ ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം ബി.ജെ.പി. ക്ക്‌ തന്നെ. ചില ഗ്രാമങ്ങളില്‍ ഈ പാര്‍ട്ടിയുടെ പ്രവര്‍ത്തകരില്‍ തൊണ്ണൂറുശതമാനവും കൊല ഉള്‍പ്പെടെയുള്ള ക്രിമിനല്‍കേസ്സില്‍ പ്രതികളാണ്‌. പ്രവര്‍ത്തകര്‍ ഭൂരിപക്ഷം അത്തരക്കാരായാല്‍ നേതാക്കളും അത്തരക്കാരാകാന്‍ പിന്നെ അധികം താമസമില്ല. ചീത്ത പണം നല്ല പണത്തെ അടിച്ചോടിക്കുമെന്ന സാമ്പത്തികശാസ്‌ത്രത്തില്‍ പറയുന്നത്‌ രാഷ്ട്രീയത്തിലും ബാധകമാണ്‌.. ചീത്ത പ്രവര്‍ത്തകര്‍ നല്ല പ്രവര്‍ത്തകരെ തല്ലിയോടിക്കും. സ്‌ത്രീെയ ചവിട്ടിയല്ലേ ഉള്ളൂ, വാളെടുത്ത്‌ വെട്ടിയില്ലല്ലോ എന്ന്‌ ആശ്വസിക്കുക. നമ്മള്‍ ഘോഷിക്കാറുള്ള ആര്‍ഷഭാരതസംസ്‌കാരത്തില്‍ ഒരു പക്ഷേ അങ്ങനെയാവും കാര്യത്തിന്റെ കിടപ്പ്‌. നമുക്കറിയില്ലല്ലോ.

വ്യത്യസ്‌തമായ പാര്‍ട്ടി എന്ന്‌ അവകാശപ്പെട്ടാണ്‌ ഈ പാര്‍ട്ടി നടന്നിരുന്നത്‌. ഇപ്പോളത്‌ കേള്‍ക്കാറില്ല. വ്യത്യാസമെല്ലാം തീര്‍ന്നുകാണണം. ഇന്ത്യ മുഴുവന്‍ ഒന്നായിക്കണ്ട്‌ ഒരേ ആശയത്തിന്‌ വേണ്ടി പോരാടുന്ന പാര്‍ട്ടി എന്നെല്ലാം പറഞ്ഞ കാലമുണ്ടായിരുന്നു. അതാണല്ലോ ദേശീയത. അത്‌ ഇപ്പോള്‍ പുറത്തെടുക്കാറില്ല. ഇപ്പോള്‍ തമിഴ്‌ ദേശീയത വേറെയും കേരള ദേശീയത വേറെയും ആണ്‌. സേലം ഡിവിഷന്‌ വേണ്ടി തമിഴ്‌നാട്ടില്‍ താമരക്കൊടി പിടിച്ച്‌ ഓണത്തിന്‌ കേരളത്തിലേക്ക്‌ വരുന്ന ട്രെയിന്‍ തടയും. കേരളത്തില്‍ സേലം ഡിവിഷന്‌ എതിരെ ബന്ദര്‍ത്താല്‍ നടത്തി സ്‌ത്രീയെ ചവിട്ടും. കൊടി താമരക്കൊടി തന്നെ. ഇതിനാണ്‌ ദേശീയത എന്ന്‌ പറയുക.

ഹര്‍ത്താലില്‍ മുഴുവന്‍ ജനങ്ങളും ചേരുക വഴി കേന്ദ്ര അവഗണനക്കെതിരെ വികാരം തിളച്ചു എന്നാണ്‌ പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെട്ടത്‌. ഹര്‍ത്താല്‍ നാളില്‍ കടയടച്ചതും വാഹനമോടാഞ്ഞതും പാര്‍ട്ടിയോടും പാര്‍ട്ടിയുടെ ആഹ്വാനത്തോടുമുള്ള അനുഭാവം കൊണ്ടാണെന്ന്‌ അവകാശപ്പെടാന്‍ ചെറിയ ലജ്ജയില്ലായ്‌മയൊന്നും പോര. ജാഥ മുറിച്ച്‌ കടന്ന സ്‌ത്രീക്ക്‌ നല്‍കിയ ശിക്ഷയുടെ അനുപാതത്തില്‍ നോക്കിയാല്‍, ഹര്‍ത്താലിന്‌ വാഹനമോടിച്ചാലും കടതുറന്നാലും കിട്ടുന്നത്‌ എന്തായിരിക്കുമെന്ന്‌ ഊഹിക്കാനേ പറ്റൂ.

ലോകത്ത്‌ ഇക്കാലം വരെ ഒരു ജനതയും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത താണതരം ഫാസിസത്തിന്റെ മുതുകത്ത്‌ ചവിട്ടാണ്‌ കേരളജനത അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്‌. ബന്ദര്‍ത്താലുകാരെ ഫാസിസ്റ്റുകള്‍ എന്ന്‌ വിളിക്കുന്നത്‌ സൂക്ഷിച്ചുവേണം. യഥാര്‍ഥ ഫാസിസ്റ്റുകള്‍ക്ക്‌ കലികയറും. ഫാസിസ്റ്റുകള്‍ക്കും ഉണ്ടല്ലോ ചില്ലറ നിലയും വിലയുമൊക്കെ. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ നാലേമുക്കാല്‍ ശതമാനം മാത്രം വോട്ട്‌ കിട്ടിയ പാര്‍ട്ടിയാണ്‌ കേരളത്തിലെ മുഴുവന്‍ ജനതയേയും വീട്ടുതടങ്കലിലാക്കിയത്‌. നാലേമുക്കാല്‍ ശതമാനം ഇപ്പോള്‍ രണ്ടോ മൂന്നോ ആയി കുറഞ്ഞിരിക്കാനേ ഇടയുള്ളു. ഇവരുടെ പക്ഷത്ത്‌ നിന്ന്‌ വിട്ടുപോയ ഒരു കൂട്ടരാണ്‌ ഇപ്പോള്‍ ‘ജനപക്ഷ’ മായി നടക്കുന്നത്‌. ജനം നമ്മുടെ പക്ഷത്ത്‌ ഇല്ല എന്നുറപ്പുള്ളപ്പോഴാണ്‌ തങ്ങള്‍ ജനപക്ഷത്താണ്‌ എന്ന്‌ നേതാക്കള്‍ അവകാശപ്പെടാറുള്ളത്‌.

ഹര്‍ത്താല്‍ ദിനത്തില്‍ പ്രയാസങ്ങള്‍ അനുഭവപ്പെടുന്നവര്‍ക്ക്‌ വിളിച്ച്‌ സഹായം അഭ്യര്‍ത്ഥിക്കാന്‍ ബി.ജെ.പി. പ്രസിഡന്റിന്റെ ഫോണ്‍ നമ്പര്‍ ഒരു പത്രം പ്രസിദ്ധപ്പെടുത്തിയിരുന്നു. അന്നേ ദിവസം ആ ഫോണ്‍ സ്വിച്ചോഫ്‌ ചെയ്‌തതായാണ്‌ മനസ്സിലായതെന്ന്‌ ഒരു ചാനല്‍ റിപ്പോര്‍ട്ട്‌ റിപ്പോര്‍ട്ട്‌ ചെയ്യുകയുമുണ്ടായി. ബന്ദര്‍ത്താല്‍ പ്രഖ്യാപിക്കുന്ന പാര്‍ട്ടിയുടെ മുഴുവന്‍ നേതാക്കളുടെയും ഫോണ്‍, വീട്ടിലേതുള്‍പ്പെടെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ദിവസം തുടങ്ങി ഹര്‍ത്താല്‍ കഴിഞ്ഞ്‌ ഒരു മാസം വരെ പൂട്ടിയിടേണ്ട അവസ്ഥ ഉണ്ടാക്കാന്‍ ജനങ്ങള്‍ക്കാകുമോ ? എങ്കില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുംമുമ്പ്‌ അവര്‍ രണ്ടുവട്ടം ആലോചിക്കും. അല്ലാതെ ആ സ്‌ത്രീയോട്‌ ചെയ്‌തത്‌ ഇവരോട്‌ ചെയ്യാനൊന്നും നമുക്ക്‌ ആവില്ലല്ലോ.

********
സഹകരണമേഖലയിലെ പുസ്‌തകപ്രസാധനം സാമാന്യം പാപ്പരായെങ്കിലും സാഹിത്യകാരന്മാര്‍ ഇപ്പോള്‍ ചില്ലറ സന്തോഷത്തിലാണ്‌. സംഘത്തില്‍ നിന്ന്‌ കിട്ടാനുള്ളതെങ്കിലും കിട്ടില്ലെന്നുറപ്പാക്കി എഴുതിത്തള്ളിയിരുന്ന റോയല്‍റ്റിയില്‍ ഒരു പങ്ക്‌ വീണുകിട്ടുംപോലെ കിട്ടി. മണിയോര്‍ഡര്‍ കൊണ്ടുവരുന്ന പോസ്റ്റ്‌മാന്റെ പണി മന്ത്രിതന്നെ ചെയ്‌തു. അതിന്‌ സാഹിത്യകാരന്മാര്‍ വണ്ടിക്കൂലി ചെലവാക്കി അങ്ങോട്ട്‌ ചെന്നു. പോയില്ലെങ്കില്‍ ഇതും കിട്ടിയെന്നുവരില്ല. മറ്റേത്‌ പ്രസാധകരാണ്‌ ടെലിവിഷന്‍ ക്യാമറകളെ സാക്ഷിയാക്കി റോയല്‍റ്റി നല്‍കാറുള്ളത്‌? അതിന്‌ പണം അങ്ങോട്ട്‌ കൊടുക്കേണ്ടേ? ചരിത്രത്തിലാദ്യമായി റോയല്‍റ്റിവിതരണം അവാര്‍ഡ്‌ വിതരണം പോലെ ആഘോഷിച്ചിരിക്കുന്നു. റോയല്‍റ്റിയും കിട്ടി പോരാത്തതിന്‌ മന്ത്രി സുധാകരന്റെ വക കൊട്ടക്കണക്കിന്‌ ഉപദേശവും ശകാരവും കിട്ടി . സന്തോഷത്തിന്‌ ഇനി വേറെന്ത്‌ വേണം.

പണ്ടത്തെ കമ്പല്‍സറി ഡിപ്പോസിറ്റ്‌ സ്‌കീമിലെന്ന പോലെ, ഒരു പങ്ക്‌ ബലമായി പിടിച്ചെടുത്തിട്ട്‌ ബാക്കിയാണ്‌ നല്‍കിയത്‌. ധനമന്ത്രി തോമസ്‌ ഐസക്‌ വലിയ സാമ്പത്തികവിദ്‌ഗ്‌ധനല്ലേ ? എന്ത്‌ പ്രയോജനം. ഇതുപോലൊരു ഐഡിയ അദ്ദേഹത്തിനുണ്ടായോ? മരാമത്ത്‌ മന്ത്രി മോന്‍സ്‌ ജോസഫിന്‌ ഉണ്ടായോ? സര്‍ക്കാര്‍ കോണ്‍ട്രാക്‌റ്റര്‍മാര്‍ക്ക്‌ എത്രകോടി കൊടുക്കാനുണ്ട്‌ ? ഒരു വലിയ സമ്മേളനം തലസ്ഥാനത്തെ മുന്തിയ മസ്‌കെറ്റിലോ മറ്റോ വിളിക്കുക. എല്ലാ ചാനലുകാരെയും കൊണ്ടുവരണം. കോണ്‍ട്രാക്‌റ്റര്‍മാര്‍ക്ക്‌ കൊടുക്കാനുള്ളതിന്റെ പാതി പിടിച്ചുവെച്ച്‌ ബാക്കി ചെക്കായിട്ട്‌ കൊടുക്കുക, വണ്ടിയല്ല, അസ്സല്‍. സാഹിത്യകാരന്മാരെപ്പോലെ അവരും ചിരിച്ച്‌ചുമലില്‍ത്തട്ടി കിട്ടിയത്‌ ലാഭം എന്ന്‌്‌ പറഞ്ഞ്‌ പോയ്‌ക്കോളും. അത്‌ വിജയിച്ചാല്‍ മറ്റുമേഖലകളിലും ഇത്‌ പരീക്ഷിക്കാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ഒരു വര്‍ഷം ശമ്പളം കൊടുക്കാതെ അവരെയും വിളിച്ച്‌ പാതികൊടുത്ത്‌ ചുമലില്‍ത്തട്ടിയാല്‍ മതി. ചടങ്ങും ക്യാമറയും പറ്റുമെങ്കില്‍ ജി.സുധാകരനും വേണം എന്നേയുള്ളൂ.

റോയല്‍റ്റിദാനമഹാമഹത്തിലെ മന്ത്രിയുടെ പ്രഖ്യാപനങ്ങളില്‍ ഒന്ന്‌ സഹകാരികളെ ഞെട്ടിക്കുന്നതാണ്‌. സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഇനിയും നൂറോ മറ്റോ പുസ്‌തകം ഇറക്കാന്‍ പോകുന്നുണ്ടത്രെ. ജീവിതത്തിലെന്നെങ്കിലും ഒരു രചന പ്രസ്‌തുത സംഘത്തെ ഏല്‍പ്പിച്ച ആരും ഇനിയൊരെണ്ണം സംഘത്തെ ഏല്‍പ്പിക്കില്ലെന്നുറപ്പ്‌. ഒരു മാളത്തില്‍ കൈയിട്ടപ്പോള്‍ പാമ്പ്‌ കടിച്ച ശേഷം വീണ്ടും ആ മാളത്തില്‍ കൈയിടുന്നവനാണ്‌ ഏറ്റവും വലിയ വിഡ്‌ഢി എന്നാരോ പറഞ്ഞിട്ടുണ്ട്‌. ഒരു പ്രസാധകനും എടുക്കില്ല എന്ന്‌ ഉറപ്പുള്ള കൃതികളായിരിക്കും ഇനി സംഘത്തിന്‌ കിട്ടാന്‍ പോകുന്നത്‌. ഫലത്തില്‍ ആ പുസ്‌തകങ്ങളും കെട്ട്‌ കെട്ടായി വരാന്‍ പോകുന്നത്‌ കേരളത്തിലെ സഹകരണസംഘങ്ങളിലേക്കാണ്‌. ഇത്രയും കഠിനശിക്ഷ കിട്ടാന്‍ കേരളത്തിലെ സഹകരണപ്രസ്ഥാനം എന്ത്‌ പാപമാണ്‌ ചെയ്‌തതുപോയത്‌ എന്നുമാത്രം മനസ്സിലാകുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Go Top