കൈരളിചാനല്‍ പാര്ട്ടിചാനലാണോ സ്വതന്ത്രചാനലാണോ എന്നിതുവരെ പിടികിട്ടിയിട്ടില്ല. അഭിവന്ദ്യ ഫാരിസ് പുണ്യവാളന്റെ അഭിമുഖം ഖണ്ഡശ: സംപ്രേഷണം ചെയ്തതിന് ശേഷമുള്ള അവസ്ഥ കൈരളി സ്വതന്ത്രചാനല്‍ ആണ് എന്നതാണ്. ഇനിയൊരു അറിയിപ്പ് വരെ അതില്‍ മാറ്റമില്ല. എന്തായാലും കൈരളി പാര്ട്ടിചാനല് അല്ല എന്ന് മാനേജിങ്ങ് ഡയറക്റ്ററും എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസ് ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്്. അക്കാര്യത്തില്‍ ആര്‍ക്കും ആശയക്കുഴപ്പം വേണ്ട. എസ്.എഫ്.ഐ എപ്രകാരം പാര്‍ട്ടി വിദ്യാര്‍ഥി സംഘടനയോ ഡി.വൈ.എഫ്.ഐ പാര്‍ട്ടി യുവജനവിഭാഗമോ സി.ഐ.ടി.യു. പാര്‍ട്ടി തൊഴിലാളിസംഘടനയോ അല്ല, അപ്രകാരം കൈരളി ചാനല്‍ പാര്ട്ടിചാനലേ അല്ല. ക്ലിയര്‍ ?
ചാനല്‍ തുടങ്ങുമ്പോള്‍ സംസ്ഥാനകമ്മിറ്റി അയച്ച കത്തില്‍ പറഞ്ഞിരുന്നത് ” പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലുള്ള ചാനല്‍ ” എന്നായിരുന്നു. അത് കേട്ടാണല്ലോ സഖാക്കള്‍ നാട്ടുകാരെ പിഴിഞ്ഞു ഓഹരിപ്പണം ശേഖരിച്ചത്. വിശേഷണം പിന്നീടെപ്പോഴെങ്കിലും ഭേദഗതിപ്പെടുത്തിയോ എന്നറിയില്ല. പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന യോഗം പാര്‍ട്ടിയുടെ യോഗം ആണ് എന്നതുപോലെ, പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലുള്ള ചാനല്‍ പാര്ട്ടിചാനല് ആണ്്. ആകപ്പാടെ നോക്കുമ്പോള്‍, സൗകര്യം നോക്കി സ്വതന്ത്രമോ അസ്വതന്ത്രമോ ആകാനുള്ള സ്വാതന്ത്ര്യം ചാനലിന് ഉണ്ട്് എന്ന് ചുരുക്കം. ടോര്‍ച്ച് ആയും ഉപയോഗിക്കാം, പീച്ചാത്തിയായും ഉപയോഗിക്കാം. സര്‍വതന്ത്രസ്വതന്ത്രം എന്ന് പറയുന്ന ബൂര്ഷ്വാചാനലുകള്ക്ക് ഒന്നിനുമില്ല ഇത്രയും സ്വാതന്ത്ര്യം.
ശ്രീ ശ്രീ രവിശങ്കര്‍, മാതാ അമൃതാനന്ദമയി തുടങ്ങിയ ആത്മീയ വ്യക്തിത്വങ്ങള്‍ക്കാണ് ഇതിന് മുമ്പ് രണ്ട് ദിവസമായി രണ്ടുമണിക്കൂര്‍ അഭിമുഖത്തിന് കൈരളി അവസരം നല്‍കിയിട്ടുള്ളത്. ആ പദവി എങ്ങനെയാണ് ഫാരിസിന് കിട്ടിയത് എന്ന് ചോദിച്ചുകൊണ്ടാണ് ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ കൈരളിയിലെ ഓഹരി പിന്‍വലിച്ചത്. കേരളീയര്‍ക്ക് വിലപ്പെട്ട പല ഉപദേശങ്ങളും നല്കാന് കഴിവുള്ള ആളാണ് അഭിവന്ദ്യ ഫാരീസ് തിരുമേനി എന്ന് ബര്‍ലിന്‍ നായര്‍ക്ക് മനസ്സിലായിട്ടില്ല. തന്ന പണത്തിന്റെ കണക്കുനോക്കിയല്ല അഭിമുഖത്തിന്റെ സമയം നിശ്ചയിക്കുക. അങ്ങനെയെങ്കില്‍ സാന്റിയാഗോ മാര്ട്ടിന് ഒരാഴ്ചത്തെ അഭിമുഖം അനുവദിക്കേണ്ടി വരും. അതല്ല മാനദണ്ഡം. പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ടിന് ഇരുപത് മിനിട്ടും പ.ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ ഭട്ടാചാര്യയ്ക്ക് പതിനഞ്ചുമിനുട്ടും മാത്രമേ ചാനല്‍ അനുവദിച്ചിരുന്നുള്ളൂ. അതില്‍ തെറ്റില്ല. ഓരോരുത്തരുടെയും മാര്‍ക്കറ്റ് മൂല്യം അറിഞ്ഞ ശേഷമാണ് അവര്‍ക്കുള്ള സമയം നിശ്ചയിക്കുക. അച്ചടിരംഗത്താണെങ്കില് ഇതിന് മഞ്ഞപ്പത്രം എന്നും ടെലിവിഷനിലാണെങ്കില്‍ മാധ്യമധര്‍മം എന്നും പറയും. കാരാട്ടിനെയും ബൂദ്ധദേവിനെയും എത്രനേരം സഖാക്കള്‍ സഹിക്കും. ചാനല്‍ മാറ്റാനുള്ള റിമോട്ട് കാണാതായിപ്പോവുകയോ കേടായിപ്പോവുകയോ മറ്റോ വേണ്ടിവരും അവരെ അഞ്ചുമിനുട്ടിനപ്പുറം സഹിക്കണമെങ്കില്‍. അതല്ല, ഫാരിസിന്റെ സ്ഥിതി. ജനം രണ്ട് ദിവസം ശ്വാസമടക്കി അഭിമുഖം കണ്ടിരിക്കുകയായിരുന്നു. എന്തൊരു വിനയം, എന്തൊരു വിവരം, എന്തൊരു വിവേകം, എന്തൊരു വിജ്ഞാനം…സ്ത്രീസീരിയലുകള് പോലെ വേണമെങ്കില്‍ കുറച്ചാഴ്ച നീട്ടുകപോലും ചെയ്യാമായിരുന്നു.
1887 മുതല്‍ ദൈവമാര്‍ഗത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന ദീപിക എന്ന പത്രസ്ഥാപനം ലേശം ബൂദ്ധിമുട്ടിലാണെന്നറിഞ്ഞപ്പോള് രക്ഷകനായി സിംഗപ്പൂരില്‍നിന്നോ മറ്റോ വിമാനമിറങ്ങി പ്രത്യക്ഷപ്പെടുകയായിരുന്നു ഫാരിസ്. കാര്‍മലീത്താ വൈദികര്‍ നൂറ്റിരുപതുവര്ഷം മുമ്പ് ദൈവവചനം കുഞ്ഞാടുകളില്‍ എത്തിക്കാന്‍ തുടങ്ങിവെച്ച സ്ഥാപനത്തെ അതിന്റെ മോശം കാലത്ത് സംരക്ഷിക്കാന്‍ സത്യവിശ്വാസികളാരും മുന്നോട്ട് വന്നില്ല. മതഭേദമൊന്നും നോക്കാതെയാണ് ഫാരിസ് ഞാന്‍ രക്ഷിക്കും എന്നാര്‍ത്തുവിളിച്ച് ചാടി വീണത്. സക്കാത്തായി ഒരു കോടി കൊടുത്തായിരുന്നു തുടക്കം. വല്ല അനാഥശാലയെയും രക്ഷിക്കാന്‍ പോയ്ക്കൂടായിരുന്നോ എന്ന് ചോദിക്കരുത്. അതിന് വേറെ ആളുണ്ടല്ലോ. പണ്ട് തമ്പിനകത്ത് കയറിയ ഒട്ടകത്തിന്റെ സ്റ്റൈലില്‍ ഫാരിസ് രക്ഷകന് ദീപികയുടെ സര്വാധികാരിയായത് വെറും നാലുവര്‍ഷം കൊണ്ടാണ്. അത്രക്കുണ്ടായിരുന്നു അച്ചന്മാരുടെ വാണിജ്യവൈഭവം.
രണ്ടു ചരിത്രദൗത്യങ്ങള്‍ ഇതിനിടയില്‍ രക്ഷകന് ഏറെറടുക്കുകയുണ്ടായി. ഒന്ന്, പഴയ നസ്രാണിദീപികയെ പിണറായി ദീപികയാക്കി. വി.എസ്.അച്യൂതാനന്ദന്റെ കഥ കഴിക്കാന്‍ രാവും പകലും കഠിനാധ്വാനം ചെയ്തു. വിമോചനസമരകാലത്ത് സി.ഐ.എ പണം വാങ്ങിയെന്ന ദൂഷ്പേരുള്ളത് കൊണ്ട് ഇനി കൂടുതല്‍ ചീത്തപ്പേരൊന്നും ദീപികയ്ക്ക് വരാനില്ല. രണ്ടാമത്തെ ദൗത്യം-നാളെ കഴുകന്കണ്ണുള്ള റിയല്‍ എസ്റ്റേറ്റ് മാഫിയക്കാരാരും ദീപികയെ അതിന്റെ വസ്തുവഹയിലും ഭൂസ്വത്തിലും നോട്ടമിട്ട് കൈയടക്കുകയില്ല എന്ന് ഉറപ്പുവരുത്തി. അങ്ങോട്ട് വല്ലതും കൊടുത്താല്‍ പോലും ഇനി ആരും ദീപിക വാങ്ങാന്‍ വരില്ല. ഉള്ള കെട്ടിടവും ഭൂസ്വത്തുമെല്ലാം വിറ്റ് കാശുപറ്റുകയോ സ്വന്തം അധീനത്തിലാക്കുകയോ ചെയ്തിട്ടുണ്ട് അദ്ദേഹം.
കൈരളിയിലെ രണ്ടുമണിക്കൂര്‍ അഭിമുഖത്തിനുള്ള ന്യായം അതുമാത്രമല്ല. നമ്മുടെ നാട്ടിലൊന്നുമില്ലാത്ത ഒരു വമ്പന്‍ സാമ്പത്തികപ്രവര്‍ത്തനത്തിന്റെ ആശാനാണത്രെ അദ്ദേഹം. ഊക്കനൊരു ലാന്‍ഡ് ബാങ്ക് അദ്ദേഹത്തിന് ഉണ്ട് എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. നമ്മളൊക്കെ സഹ.ബാങ്ക്, വോട്ട്ബാങ്ക്, വെറും ബാങ്ക് എന്നിവയെക്കുറിച്ചേ കേട്ടിട്ടുള്ളൂ. ഭൂമിയുടെ കാര്യത്തിലാണെങ്കില്‍ അഞ്ചും പത്തും ഏക്കര്‍ നക്കാപ്പിച്ച കയ്യേറാനേ കേരളീയര്ക്ക്് അറിയൂ. ഇന്ത്യയിലും പുറത്തുമായി വന്‍നഗരങ്ങളിലടക്കം ആയിരക്കണക്കിന് ഏക്കര്‍ ചുളുവിലയ്ക്ക്് കൈവശത്തിലാക്കുകയും പിന്നെ കൂറ്റന്വിലയ്ക്ക് വില്‍ക്കുകയും ചെയ്യുന്നതാണ് ഈ പരിപാടി. ഫാക്ടറിവേണ്ട, തൊഴിലാളി വേണ്ട, വിപണിവേണ്ട, പീടികവേണ്ട, സി.ഐ.ടി.യു. വേണ്ട….കാശ് അങ്ങനെ ഇരട്ടിച്ചുകൊണ്ടേ ഇരിക്കും. പിടിച്ചാല്‍ കിട്ടില്ല. നോട്ടിരട്ടിപ്പിനേക്കാള് ലാഭമാണ്. നാളെ കേരളം വില്‍പ്പനയ്ക്കുണ്ടോ, വാങ്ങാന്‍ നമ്മള് തയ്യാര്‍. ഇത്രയും പ്രത്യല്‍പ്പാദനപരമായ, രാജ്യസ്നേഹപരമായ, അനുകരിക്കാവുന്ന വാണിജ്യവ്യവസായം വേറെ എന്തുണ്ട്, ഇങ്ങള് പറയിന്‍. അസൂയക്കാര് ഈ ഏര്പ്പാടുകാരെ റിയല്‍ എസ്റ്റേറ്റ് മാഫിയ എന്നൊക്കെ പറയും. ചാനലില്‍ അഭിമുഖം രണ്ട് മണിക്കൂറല്ല രണ്ടാഴ്ച സംപ്രേഷണം ചെയ്താലും തെറ്റില്ല സഗാേേേേവ.
ഭൂമിവാങ്ങാനൊക്കെ കാശ് എവിടെ നിന്നാണ് കിട്ടുക എന്ന ചോദ്യം മുട്ടിനില്ക്കുന്നുണ്ടല്ലേ. പറഞ്ഞുതരാം. വല്ല കിഡ്നി ഫൗണ്ടേഷനിലോ മറ്റോ സോഫ്റ്റ്വേര്‍ ഉണ്ടാക്കിക്കൊടുക്കാമെന്നോ ശവപ്പെട്ടി കെട്ടിക്കൊടുക്കാമെന്നോ എന്താണെന്നുവെച്ചാല്‍ അത് പറഞ്ഞ് പത്തോ മുപ്പതോ കോടി വാങ്ങുക. പണം കൈയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ആ വഴിക്ക് പോകരുത്. ആ പണം ഉപയോഗിച്ച് ഭുമി വാങ്ങുക വില്‍ക്കുക, വാങ്ങുക വില്‍ക്കുക…. കാശ് തന്നവര്‍ നിലവിളിച്ചുകൊണ്ടേ ഇരിക്കും. മൈന്‍ഡ് ചെയ്യേണ്ട. കുറെക്കഴിഞ്ഞാല്‍ അവര്‍ കേസ് കൊടുക്കും. അപ്പോഴും അങ്ങോട്ട് തിരിഞ്ഞുനോക്കരുത്. പോലീസ് പിടിക്കുമെന്നാകുമ്പോള് ആ നാട് വിട്ടു പുറത്ത് കടക്കുക. സ്വന്തം നാട്ടില്‍ എത്തിയാല്‍ എന്തും ചെയ്യാം, പത്രാസുമാകാം പത്രമുടമയുമാകാം. ആരെങ്കിലും എടുക്കുന്ന ഫോട്ടോവില്‍ നമ്മള് പെട്ടുപോകുന്നില്ല എന്ന് മാത്രം ഉറപ്പുവരുത്തുക. ഫോട്ടോ എടുത്തത് പള്ളീലച്ചനായാലും ഓടിച്ചിട്ട് പിടിച്ച് അത് ഡിലീറ്റ് ചെയ്യുക. കുറച്ചുകാലം കഴിയുമ്പോള്‍ നമ്മള് ഇറക്കിയ മുപ്പതുകോടിരൂപ നൂറുകോടിയോ മുന്നൂറുകോടിയോ ഒക്കെയായി വളര്‍ന്നിട്ടുണ്ടാകും. അതില്‍നിന്ന് പണ്ട് വാങ്ങിയ മുപ്പത് കോടി പറന്നുചെന്ന് കിഡ്നി ഫൗണ്ടേഷന്കാരുടെ കിഡ്നിക്ക് എറിഞ്ഞുകൊടുക്കണം, പറ്റിയാല്‍ മോന്തയ്ക്ക് ഒരടിയും കൊടുക്കണം. പിന്നെ ആരെയും പേടിക്കാനില്ല, ഫോട്ടോ വേണ്ടവര്‍ക്ക് ഫോട്ടോ എടുക്കാം. സിനിമയെടുത്താലും വിരോധമില്ല.
കൈയിലുള്ള പണം കൊണ്ട് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ കഷ്ടപ്പെടുന്ന നിരപരാധികള്‍ ധാരാളമുണ്ടല്ലോ. വല്ലപ്പോഴും മന്ത്രിയോ മറ്റോ ആയപ്പോള്‍ അറിയാതെ കൈയില്വന്നുപെട്ട കോടികള്‍ ബാങ്കിലും ഇടാന്‍ പറ്റില്ല, പോക്കറ്റിലും ഇടാന്‍ പറ്റില്ല, വീട്ടില്‍ കുഴിച്ചിടാനും പറ്റില്ല. സര്‍വകക്ഷികളിലും കാണും അത്തരം നിസ്സഹായനേതാക്കള്. അവര്‍ക്ക് ധൈര്യപൂര്‍വം പണം നമ്മളെ ഏല്പ്പിക്കാവുന്നതേ ഉള്ളൂ. മ്യൂച്വല്‍ ഫണ്ടിലിട്ട പോലെ പണം നല്ലോണം പെരുപ്പിച്ച് കൊടുക്കും. അതുകൊണ്ടുതന്നെ നമുക്ക് എതിരെ ഒരുപാര്‍ട്ടിയും നില്‍ക്കില്ല. എല്ലാപാര്ട്ടിയിലുമുണ്ട് നമ്മുടെ സേവനം നേടിയിട്ടുള്ളവര്‍.
ഇതൊക്കെയാണെങ്കിലും ഇല്ലാത്ത അപവാദം ആരെക്കുറിച്ചും പറഞ്ഞുകൂടാ. ലാവലിന്‍ പണമാണ് ഫാരിസ് ബിനാമിയായികൊണ്ടുനടക്കുന്നത് എന്നൊക്കെ ചില ബി.ജെ.പി.ക്കാര് പോക്രിത്തരം പറഞ്ഞുനടക്കുന്നുണ്ട്. അക്കാലത്തൊന്നും തനിക്ക് പിണറായി വിജയനെ അറിയില്ലായിരുന്നുവെന്ന ഫാരിസിന്റെ പ്രസ്താവന നാം മുഖവിലയ്ക്കെടുക്കണം. അറിയുമായിരുന്നെങ്കില്‍ കൈരളിയില്‍ വന്നിരിക്കാനുള്ള യോഗം സഖാവ് മമ്മൂട്ടിക്കുണ്ടാവുമായിരുന്നില്ല. ആ സ്ഥാനത്ത് ഫാരിസ് ഇരിക്കുമായിരുന്നു. ഇപ്പോളും ഇരിക്കാവുന്നതേ ഉള്ളൂ. മറ്റാര്‍ക്കും അതറിയില്ലെങ്കിലും ജോണ്‍ ബ്രിട്ടാസിനതറിയാം. പക്ഷേ, ഫാരിസിന് താല്‍പ്പര്യമില്ല. വേറെ പത്രം സ്ഥാപിച്ച് രണ്ടുവര്‍ഷം കൊണ്ട് രണ്ടാം സ്ഥാനത്തുള്ള കുത്തകപത്രമാവുകയാണ് ലക്ഷ്യം. അപ്പോഴേ പിണറായിയുടെ പാര്‍ട്ടിപത്രത്തെ നാലാംസ്ഥാനത്തേക്ക് താഴ്ത്താന്‍ കഴിയൂ. ഭൂമി വാങ്ങിവില്ക്കുന്നതിനേക്കാള് എളുപ്പമായ പണിയാണ് അത്. ദീപികയുടെ തലപ്പത്ത് ഇരുന്ന് അഞ്ചാറുവര്‍ഷം ആഞ്ഞുശ്രമിച്ചിട്ടും അതിന്റെ സര്‍ക്കുലേഷന്‍ പകുതിയാക്കാന്‍ കഴിഞ്ഞില്ലെന്നും കാണേണ്ടതുണ്ട്. രണ്ടുവര്ഷമൊന്ന് ക്ഷമിക്കിന് കാണിച്ചുതരാം.
******************
ഇ.കെ.നായനാരുടെ ഓര്മ നിലനിര്‍ത്താന്‍ നടത്തേണ്ടത് ഫൂട്ബോള്‍ ടൂര്‍ണമെന്റ് ആണോ എന്നൊരു സംശയം അന്നേ തോന്നിയിരുന്നു. കിണറിലെ തവളകളെപ്പോലുള്ള ചെറിയ മനുഷ്യര്‍ക്ക് തോന്നുന്ന ഓരോരോ അബദ്ധസംശയങ്ങളാണ്. നായനാര്‍ ഫുട്ബോള്‍ കളിക്കാരനൊന്നും ആയിരുന്നില്ലല്ലോ എന്നാണ് ചിന്തിച്ചുപോയത്. അതില്‍ കാര്യമില്ല. മഹാത്മാഗാന്ധിയുടെ സ്മരണാര്‍ഥവും നടത്താം ടൂര്‍ണമെന്റ്. ഗാന്ധിജി സ്മാരക ബോക്സിങ്ങ് ടൂര്‍ണമെന്റ് പോലുമാകാം നായനാരുടെ ലേബ്ള്‍ ഉള്ളതുകൊണ്ട് സംഗതിക്ക് കണ്ണൂരില്‍ മുട്ടും മുടക്കവുമൊന്നും ഉണ്ടായില്ല. ഗ്രൗണ്ടിലെ കളി കാണാന്‍ ടൗണില്‍ യൂക്കാലിപ്ല് വില്ക്കുന്നവന് ചുറ്റും കൂടുന്നത്ര ആളേ ഉണ്ടായിരുന്നുള്ളൂ എന്നുമാത്രം. അതില്‍ കാര്യമില്ല.
തൊഴിലാളിവര്‍ഗത്തിനെ സംഘടിപ്പിക്കാനോ പാര്‍ട്ടി ആശയങ്ങള്‍ പ്രചരിപ്പിക്കാനോ ഒന്നുമല്ല ഫുട്ബോള്‍ നടത്തുന്നത്. കല കലയ്ക്ക് വേണ്ടി എന്നൊക്കെ ചില പിന്തിരിപ്പന് കലാസാഹിത്യസംഘക്കാര് പറഞ്ഞിരുന്നതു പോലെ, ഫുട്ബോള്‍ ഫുട്ബോളിന് വേണ്ടിത്തന്നെ. ഫുട്ബോള്‍ പ്രേമികള്‍ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും പണമയച്ചുകൊടുത്തിട്ടുണ്ട്. ഒരു ഫുട്ബോള്‍ പ്രേമി അറുപതുലക്ഷം ആണ് ബാങ്ക് മുഖേന നല്‍കിയത്. ഒന്നാന്തരം വൈറ്റ് മണി. ചെറിയ മനുഷ്യരുടെ വലിയ തെറ്റിദ്ധാരണകളില്‍ ഒന്ന് അറുപതുലക്ഷം വലിയ ആന ആണ് എന്നതാണ്. മാസത്തില്‍ അയ്യായിരമോ പതിനായിരമോ നക്കാപ്പിച്ച ശമ്പളം പറ്റുന്ന പത്രപ്രവര്‍ത്തകര്‍ക്ക് അത് വലിയ ആനയായിരിക്കും. പലര്‍ക്കും അറുപത് ലക്ഷം നക്കാപ്പിച്ചയാണ്. ഇംഗ്ലണ്ടിലും സിംഗപ്പുരിലുമൊക്കെ പീനട്സ് എന്ന് പറയും. കപ്പലണ്ടി. കാര്യാക്കണ്ട. അല്ലെങ്കിലും, അറുപത് ലക്ഷം കൊണ്ട് എന്താക്വാനാണ്! മ്മളെ വേണ്ടപ്പെട്ട ഒരാളിന്റെ മോന് ലണ്ടന്‍ലെ ബര്മിങ്ഗാം യൂണിവേഴ്സിറ്റിയില്‍ പഠിക്കണം എന്ന് വെച്ചോ.. ഉര്‍പ്യ എത്ര വേണ്ടിവരും. അറുപത് ലച്ചം കൊണ്ട് അതന്നെ നടക്കൂല്ലപ്പാ…