ധനനഷ്ടവും മാനഹാനിയും

ഇന്ദ്രൻ

തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന സ്ഥാനാര്‍ഥി ജയിച്ച സ്ഥാനാര്‍ഥിക്കെതിരെ കേസുകൊടുക്കുന്നതെന്തിനാണ്‌? രാജ്യത്ത്‌ നിയമവാഴ്ച ഉറപ്പുവരുത്താനോ പുണ്യം കിട്ടാനോ മറ്റോ ആണോ ഒരു പാട്‌ കാശും അദ്ധ്വാനവും ചെലവിട്ട്‌ കോടതി കയറിയിറങ്ങുന്നത്‌? ആവാനിടയില്ല. ജയിച്ച സ്ഥാനാര്‍ഥി തോറ്റതായി കോടതി പ്രഖ്യാപിക്കുമെന്ന്‌ പ്രതീക്ഷിട്ടു പോലുമാവില്ല അങ്ങനെ ചെയ്യുന്നത്‌. തിരഞ്ഞെടുപ്പ്‌ റദ്ദാക്കി വീണ്ടും വോട്ടെടുപ്പ്‌ നടത്തിയാല്‍ ഒരു കൈ നോക്കാം എന്നു പ്രതീക്ഷിക്കാന്‍ വകയുണ്ടെങ്കിലാണ്‌ കേസ്‌ കൊടുക്കുക. ജയിച്ച സ്ഥാനാര്‍ഥിയെ ചിലപ്പോള്‍ അയോഗ്യനായി പ്രഖ്യാപിച്ചേക്കാം. എന്നാലും, വോട്ടെടുപ്പ്‌ വീണ്ടും നടത്തണം. അപ്പോഴും, കേസില്‍ ജയിക്കുന്ന സ്ഥാനാര്‍ഥി വോട്ടെടുപ്പില്‍ ജയിക്കണമെന്നില്ല. സംഭവം കൂത്തുപറമ്പിലാണെങ്കില്‍ അത്തരം ഒരത്ഭുതവും സാമാന്യ ബുദ്ധിയുള്ളവര്‍ പ്രതീക്ഷിക്കുകയില്ല.

സാമാന്യബുദ്ധിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്‌ അസാമാന്യ നിലവാരത്തിലാണെന്ന കാര്യം മറക്കുന്നില്ല. എന്നാലും, നാലുവര്‍ഷത്തിലേറെക്കാലം കോടതി കയറിയിറങ്ങി പി.ജയരാജന്റെ തിരഞ്ഞെടുപ്പ്‌ റദ്ദാക്കിയതിനെ ശൈലീപരമായി തുലനപ്പെടുത്താവുന്നത്‌, വെളുക്കാന്‍ തേച്ചത്‌ പാണ്ടായതിനോടാണ്‌. ജയിക്കാന്‍ കേസുകൊടുത്ത്‌ കൂത്തുപറമ്പായി എന്നും പറയാവുന്നതാണ്‌.സ്ഥാനാര്‍ഥിയുടെ പത്രിക സ്വീകരിച്ചത്‌ തെറ്റായെന്ന വാദം കോടതി സ്വീകരിച്ചിട്ടും അതേ സ്ഥാനാര്‍ഥിയെത്തന്നെ വീണ്ടും എതിരിടാന്‍ അപൂര്‍വം ഭാഗ്യവാന്മാര്‍ക്കേ അവസരം ലഭിക്കാറുള്ളൂ. കൂത്തുപറമ്പില്‍ കെ.പ്രഭാകരനു ലഭിച്ചത്‌ അത്തരമൊരു ഭാഗ്യമാണ്‌. 18620 വോട്ടിന്‌ തോറ്റേടത്ത്‌ കഷ്ടപ്പെട്ട്‌ കേസുകൊടുത്ത്‌ രണ്ടാമതും തിരഞ്ഞെടുപ്പുണ്ടാക്കി അതേ സ്ഥാനാര്‍ഥിയെത്തന്നെ നേരിട്ട്‌ 45,477വോട്ടിന്‌ തോല്‍ക്കാന്‍ കഴിഞ്ഞവര്‍ ഇന്ത്യയില്‍ വേറെയെവിടെയെങ്കിലും ഉണ്ടോ?

പൊതു തിരഞ്ഞെടുപ്പുകള്‍ക്ക്‌ ഉള്ളതിലേറെ സൗകര്യം ഒരു കാര്യത്തില്‍ ഉപതിരഞ്ഞെടുപ്പുകള്‍ക്കുണ്ട്‌. റിട്ടേണിങ്‌ ഓഫീസര്‍ പ്രഖ്യാപിക്കുന്ന വിജയവും തോല്‍വിയുമൊന്നുമല്ല പാര്‍ട്ടികള്‍ കണക്കിലെടുക്കാറുള്ളത്‌. അത്‌ വെറും ഉപരിപ്ലവ കണക്കുകള്‍ മാത്രം. ലീഡുകളുടെ താരതമ്യം വേറെ നൂറു നിഗമനങ്ങള്‍ക്ക്‌ സാധ്യതയുണ്ടാക്കും. മുന്‍ തിരഞ്ഞെടുപ്പിലെ ലീഡുമായി താരതമ്യം നടത്താം. കൂടിയോ കുറഞ്ഞോ? തലങ്ങും വിലങ്ങും വോട്ടിന്റെ കണക്ക്‌ വ്യാഖ്യാനിച്ചിട്ടും കരപിടിക്കാനാകുന്നില്ലെങ്കില്‍ അത്‌ വിട്ടുകള; വോട്ടിന്റെ ശതമാനത്തിന്മേല്‍ ഒരു കളികളിക്കാം. വോട്ടറുടെ എണ്ണം ഇത്രശതമാനം കൂടിയിട്ട്‌ പോളിങ്‌ ഇത്രശതമാനം കുറഞ്ഞപ്പോള്‍ എതിരാളിക്ക്‌ കിട്ടിയ വോട്ടിന്റെ ശതമാനം ഇത്ര കുറഞ്ഞത്‌….. വ്യാഖ്യാനം അങ്ങനെ മുന്നോട്ടുപോയി, ജയിച്ച സ്ഥാനാര്‍ഥിയല്ല ജയിച്ചതെന്ന്‌വാദിച്ചു സ്ഥാപിക്കാം. ഇത്തവണ കൂത്തുപറമ്പും അഴീക്കോടും അതിന്‌ പോലും പഴുതനുവദിക്കുന്നില്ല.

വടക്കന്‍ കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകള്‍ക്ക്‌ മറ്റൊരു പ്രത്യേകത കൂടിയുണ്ടെന്ന്‌ കോണ്‍ഗ്രസ്സുകാര്‍ക്ക്‌ അറിയാത്തതല്ല. പൊതുതിരഞ്ഞെടുപ്പില്‍ കിട്ടിയതിലേറെ വോട്ട്‌ ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക്‌ കിട്ടാത്ത ഓരൊറ്റ ഉപതിരഞ്ഞെടുപ്പും ഇക്കാലം വരെ അവിടെ നടന്നിട്ടില്ല. അതെന്തുകൊണ്ടാണെന്ന്‌ സി.പി.എം.ന്‌ ഇതുവരെ പിടികിട്ടിയിട്ടില്ല.

ജനാധിപത്യം സംരക്ഷിക്കുന്നതിന്‌ അയല്‍ മണ്ഡലങ്ങളില്‍ നിന്നുപോലും വോട്ടര്‍മാര്‍ ആവേശപൂര്‍വം വന്നുവോട്ടു ചെയ്യുന്നതെങ്ങനെ ജനാധിപത്യ വിരുദ്ധമാവും? യു.ഡി.എഫ്‌. ശ്രമിക്കാഞ്ഞിട്ടല്ല, കഴിയാറില്ല. അഴീക്കോട്ടും കൂത്തുപറമ്പിലും ഇത്തവണ സംഘടനാ സംവിധാനം കാര്യക്ഷമമായതുകൊണ്ട്‌ പോളിങ്‌ ഏജന്റുമാരെപ്പോലും അന്യമണ്ഡലങ്ങളില്‍ നിന്നാണ്‌ യു.ഡി.എഫ്‌. ഇറക്കുമതി ചെയ്തത്‌. പിന്നെ വോട്ടര്‍മാരെ ഇറക്കാന്‍ എവിടെ നേരം.

ഇത്തരം ഉപതിരഞ്ഞെടുപ്പുകളില്‍, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. കാട്ടിയ മാതൃക കോണ്‍ഗ്രസ്സുകാര്‍ക്ക്‌ പിന്തുടരാവുന്നതാണ്‌. ഉപതിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാതിരുന്നാല്‍ പൊതുതിരഞ്ഞെടുപ്പില്‍ ധൈര്യമായി അവകാശവാദങ്ങളുന്നയിച്ച്‌ മത്സരിക്കാനിറങ്ങാം. ഒരു വര്‍ഷമേ ബാക്കിയുള്ളൂ എങ്കില്‍ ഉപതിരഞ്ഞെടുപ്പ്‌ വേണ്ടെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പറയുന്നതുപോലെ, രണ്ടുവര്‍ഷമെങ്കിലും ബാക്കിയുണ്ടെങ്കിലേ മത്സരിക്കൂ എന്നു യു.ഡി.എഫിന്‌ എന്തുകൊണ്ട്‌ ശഠിച്ചുകൂടാ? സീറ്റ്‌ എന്തായാലും നഷ്ടപ്പെടും. ധനവും നഷ്ടപ്പെടും. മാനനഷ്ടമെങ്കിലും ഒഴിവാക്കാമല്ലോ.

*****

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഏതെല്ലാം കാര്യത്തില്‍ എന്തെല്ലാം തരത്തിലാണ്‌ റിക്കാര്‍ഡ്‌ സ്ഥാപിക്കുക എന്നു കാലാവധി തീരുമ്പോഴേ പറയാനൊക്കൂ. ഏറ്റവും ഒടുവില്‍ സൃഷ്ടിക്കപ്പെട്ട റിക്കാര്‍ഡ്‌ സാധാരണമായ ഒരു കേസ്സില്‍ അപ്പീല്‍ സമര്‍പ്പിക്കുന്ന കാര്യത്തിലാണുണ്ടായത്‌. കീഴ്ക്കോടതി വിധി പറഞ്ഞ്‌ 1314 ദിവസത്തിനുശേഷം മേല്‍ക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു. ലോകറിക്കാര്‍ഡാണിതെന്നു കേള്‍ക്കുന്നുണ്ട്‌. ഉറപ്പില്ല.

ഇതിനാണ്‌ ‘അതിവേഗം, ബഹുദൂരം’ എന്നും മറ്റും വിശേഷണം നല്‍കേണ്ടത്‌. സി.പി.എമ്മിനോട്‌ വിവേചനാപൂര്‍വം പെരുമാറുന്നു എന്നും മറ്റും അവര്‍ ആക്ഷേപിക്കാറുണ്ടല്ലോ. സി.പി.എമ്മിനോട്‌ ഒരു വിരോധവും സര്‍ക്കാറിനില്ല കേട്ടോ. ഒരു സി.പി.എം. എം.എല്‍.എ.യുടെ രണ്ടു വര്‍ഷം തടവുശിക്ഷ ഒരു വര്‍ഷമായി കുറച്ചതിനെതിരെയുള്ള അപ്പീലാണ്‌ 1314 ദിവസം സര്‍ക്കാര്‍ വൈകിച്ചതെന്നോര്‍ക്കണം. എം.എല്‍.എ. കോണ്‍ഗ്രസ്സുകാരനായിരുന്നെങ്കില്‍ എത്രകാലം വൈകിക്കുമായിരുന്നു എന്ന്‌ അത്ഭുതപ്പെടേണ്ട. അപ്പീല്‍ കൊടുക്കില്ല. അത്രയേ ഉള്ളൂ. കൊടുക്കേണ്ട അപ്പീല്‍ ‘അതിവേഗം’ കൊടുക്കും. ‘ബഹുദൂരം’ പോയും കൊടുക്കും. വനംമന്ത്രിക്ക്‌ ചന്ദനമാഫിയ ബന്ധമുണ്ടെന്നു കോടതി പറഞ്ഞപ്പോള്‍ അങ്ങനെയൊരു അപ്പീലാണ്‌ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പാഞ്ഞുചെന്നു കൊടുത്തത്‌. പോയതിനേക്കാള്‍ വേഗം തിരിച്ചുപോന്നു എന്നത്‌ മറ്റൊരു കാര്യം.

പി.ജയരാജന്‍ എം.എല്‍.എ.യുടെ കേസില്‍ 1314 ദിവസം വൈകിക്കൊടുത്ത അപ്പീലില്‍ 1500 ദിവസം കഴിഞ്ഞ്‌ വിധി വരുമെന്നും അപ്പോള്‍ വീണ്ടും ഉപതിരഞ്ഞെടുപ്പുണ്ടാകും എന്നും ഭൂരിപക്ഷത്തിന്റെ പുതിയ റിക്കാര്‍ഡ്‌ തകര്‍ക്കുമെന്നുംനമുക്ക്‌ പ്രതീക്ഷിക്കാം.

*****

ആദ്യമായി കേരളത്തില്‍ മുസ്‌ലിംലീഗുമായി കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ കേരളത്തിലെ ലീഗ്‌ വ്യത്യസ്തം എന്ന സിദ്ധാന്തമാണ്‌ കോണ്‍ഗ്രസ്സുകാര്‍ ഉന്നയിച്ചിരുന്നത്‌. കേരളത്തിലെന്തും വ്യത്യസ്തമാണല്ലോ. കോണ്‍ഗ്രസ്സുപോലും വ്യത്യസ്തമാണ്‌. ദേശീയ തലത്തില്‍ കോണ്‍ഗ്രസ്‌-ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ ന്യൂഡല്‍ഹിക്ക്‌ വിമാനം കയറുകയാണ്‌ മുന്‍ മുഖ്യമന്ത്രി എ.കെ.ആന്റണി ‘എം.പി. കം എം.എല്‍.എ’. കേരളത്തിലെ ഇടതു-കോണ്‍ഗ്രസ്‌ ഐക്യമോ? പറ്റില്ല പറ്റില്ല. കേരളത്തിലെ സി.പി.എം. വ്യത്യസ്തമാണ്‌. കൂട്ടുകൂടാന്‍ കൊള്ളില്ല.

എങ്ങനെയാണ്‌ ഇത്‌ വ്യത്യസ്തമാകുന്നതെന്നു ആന്റണിയോട്‌ ചോദിച്ചാല്‍ വിശദീകരിച്ചുതരും. എ.ഡി.ബി. പണം കൊണ്ടുവരാന്‍ കേരളത്തിലനുവദിക്കുന്നില്ല, ബംഗാളില്‍ അനുവദിക്കുന്നു. വിദേശ വ്യവസായം ബംഗാളില്‍ അനുവദിക്കുന്നു, ഇവിടെ അനുവദിക്കുന്നില്ല. എക്സ്പ്രസ്‌ വേ ബംഗാളില്‍ അനുവദിക്കുന്നു, ഇവിടെ തടയുന്നു. സ്വകാര്യ മെഡി. കോളേജും മറ്റും ബംഗാളില്‍ ഇഷ്ടംപോലെ, ഇവിടെ സമരവും ബഹളവും. ആകപ്പാടെ നോക്കുമ്പോള്‍ ബംഗാളിലാണ്‌ മാതൃകയാക്കേണ്ട ഒന്നാം ക്ലാസ്‌ സി.പി.എമ്മുള്ളത്‌. എന്നാല്‍, ബംഗാളില്‍ പോയി അതും പറഞ്ഞ്‌ സി.പി.എം-കോണ്‍ഗ്രസ്‌ ഐക്യമൊന്നു ശക്തിപ്പെടുത്താമോ? അയ്യോ….അതും പറഞ്ഞ്‌ അങ്ങോട്ട്‌ ചെന്നാല്‍ തിരിച്ചുവരാന്‍ പറ്റില്ല. ആകപ്പാടെ നോക്കുമ്പോള്‍ സാധ്യമായത്‌ ഒരു കാര്യം മാത്രം. സി.പി.എം. ഒട്ടും ഇല്ലാത്ത ഇടങ്ങളിലെല്ലാം സി.പി.എമ്മുമായുള്ള കോണ്‍ഗ്രസ്‌ ബന്ധം ശക്തിപ്പെടുത്താം. കേരളത്തിലും ബംഗാളിലുമൊന്നും ഒരു നിവൃത്തിയുമില്ല, സഖാക്കളേ.

Leave a Reply

Your email address will not be published. Required fields are marked *

Go Top