മഞ്ഞയിലും മേത്തരം

ഇന്ദ്രൻ

സി.പി.എം എം.എല്‍.എ പി.ജയരാജന്റെ ജര്‍ണലിസം ക്ലാസ്‌ ഏറെ വിജ്ഞാനപ്രദമായിരുന്നു. മിക്ക ആളുകളുടെയും ധാരണ മഞ്ഞപത്രപ്രവര്‍ത്തനമെന്നാല്‍ അശ്ലീല പ്രസിദ്ധീകരണമാണെന്നാണ്‌. അതുകൊണ്ടാണ്‌ കേട്ടത്‌ പാതി കേള്‍ക്കാത്തപാതി കോണ്‍ഗ്രസ്സുകാരും മറ്റും ചാടിയെഴുന്നേറ്റ്‌ കോലാഹലമുണ്ടാക്കിയത്‌. അറിവില്ലെങ്കില്‍ അറിയുന്നവരോട്‌ ചോദിക്കുകയെങ്കിലും വേണ്ടേ. മഞ്ഞയെന്നത്‌ അത്രമോശം നിറമൊന്നുമല്ല. പത്രം ചെലവാകാന്‍ വേണ്ടി ചില വേലത്തരങ്ങള്‍ കാട്ടുകയെന്നതുമാത്രമാണ്‌ മഞ്ഞകൊണ്ട്‌ ഉദ്ദേശിച്ചിട്ടുള്ളൂ. ഉദാഹരണത്തിന്‌, കടം വാങ്ങിയ രണ്ടുകോടി തിരിച്ചുകൊടുക്കാന്‍ ഒരു പാര്‍ട്ടി തീരുമാനിച്ചു എന്നു വെക്കുക. എങ്ങനെയാണ്‌ വിവരമുള്ള പത്രപ്രവര്‍ത്തകര്‍ അത്‌ പ്രസിദ്ധപ്പെടുത്തേണ്ടത്‌ ? വാണിജ്യം വ്യവസായം പേജില്‍ ഒറ്റക്കോളത്തില്‍ കൊടുക്കണം. മഞ്ഞപ്പത്രങ്ങള്‍ അത്‌ ഒന്നാം പേജ്‌ എട്ടുകോളത്തില്‍ കൊടുക്കും. ഇതാണ്‌ മഞ്ഞപ്പത്രരീതി. ജയരാജന്‍ ഡിക്‌ഷണറി നോക്കി അതെല്ലാം മനസ്സിലാക്കി വെച്ചിട്ടുണ്ട്‌.

പലയിനമുണ്ട്‌ പത്രപ്രവര്‍ത്തനം. മഞ്ഞയും നീലയും കൊണ്ട്‌ വലിയ ദ്രോഹമൊന്നുമില്ല. വേണമെങ്കില്‍ വാങ്ങിയാല്‍ മതിയല്ലോ. ഇപ്പോള്‍ വടക്കന്‍ കേരളത്തിന്റെ പല ഗ്രാമങ്ങളിലും നടക്കുന്നതുപോലെ വാങ്ങിയില്ലെങ്കില്‍ ശരീരം കേടാക്കുന്ന ഏര്‍പ്പാടൊന്നുമല്ല അത്‌. മഞ്ഞപ്പത്രങ്ങള്‍ക്ക്‌ കച്ചവടം കൂട്ടാന്‍ വേറെ വഴിയൊന്നുമില്ലാത്തത്‌ കൊണ്ട്‌ അവര്‍ ചില്ലറ എരിവും പുളിയും ചേര്‍ക്കുന്നുവെന്നല്ലേ ഉള്ളൂ. സര്‍ക്കാര്‍ഉദ്യോഗസ്ഥരെ വിട്ട്‌ അഞ്ചുകൊല്ലത്തേക്കുള്ള വരിസംഖ്യ പിരിപ്പിക്കുകയൊന്നും ചെയ്യാന്‍ അവര്‍ക്ക്‌ ആരു ഭരിച്ചാലും ശേഷിയുണ്ടാവില്ല. ദുര്‍ബലന്മാരാണ്‌.

വേറെയൊരുതരം പത്രപ്രവര്‍ത്തനമുണ്ട്‌്‌. വ്യക്തികളെയോ സ്ഥാപനങ്ങളെയോ നോട്ടമിട്ടുവെക്കുക. ആരെയെങ്കിലും കൊള്ളയടിച്ചോ പറ്റിച്ചോ നാലുമുക്കാല്‍ ഉണ്ടാക്കിയവരായിരിക്കണം. അവരെക്കുറിച്ച്‌ ചില വിവരങ്ങള്‍ ശേഖരിക്കുക. അവന്റെ ഉള്ളുകള്ളികള്‍ നാളെ മുതല്‍ തുറന്നുകാട്ടുമെന്ന്‌ പത്രത്തില്‍ അറിയിപ്പുകൊടുക്കുക. കുറച്ചുവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുക. അടുത്ത ലക്കത്തില്‍ ശേഷം വിവരങ്ങള്‍ ഉണ്ടായിരിക്കുമെന്ന്‌ അറിയിപ്പുകൊടുത്ത്‌ കാത്തിരിക്കുക. അവന്‍ വീട്ടില്‍ വന്നിരിക്കും. ചില്ലറവല്ലതും തന്ന്‌ തടിരക്ഷപ്പെടുത്താന്‍ ശ്രമിക്കും. വഴങ്ങരുത്‌. പിഴിയാവുന്നത്‌ പരമാവധി പിഴിഞ്ഞേക്കണം.

ഇപ്പോള്‍ ഇതെല്ലാം പരിഷ്‌കരിച്ചിട്ടുണ്ട്‌. കാലത്തിനൊത്ത്‌ മാറണമല്ലോ നമ്മളും. അപ്പപ്പോള്‍ ചെന്ന്‌ കാശ്‌ പിടുങ്ങുന്നതൊക്കെ പ്രാകൃതരീതികളാണ്‌. ഉദാഹരണമായി നാട്ടിലിപ്പോള്‍ ഒരുവന്‍ വ്യാജലോട്ടറിയും ആളെപ്പറ്റിക്കല്‍ ലോട്ടറിയും ഒക്കെ നടത്തി കാശൊരുപടി പോക്കറ്റിലാക്കിയിട്ടുണ്ടെന്ന്‌ കരുതുക. നമ്മള്‍ അവനെതിരെ നെടുങ്കന്‍ ലേഖനപരമ്പര ഒരെണ്ണം തട്ടണം. സാങ്കല്‍പ്പികമായൊരു പേരു പറയാം. മാര്‍ട്ടിന്‍. നിരുപദ്രവമായൊരു പേരാണ്‌, കേരളത്തിലധികമില്ലതാനും. “പാവം ലോട്ടറി വില്‍പ്പനക്കാരന്‍ , വരവ്‌ അയ്യായിരം കോടി ” എന്നാകാം പരമ്പരയുടെ തലക്കെട്ട്‌്‌. കിടിലന്‍ തലക്കെട്ട്‌. അഞ്ചോ ആറോ ലക്കം താങ്ങാം. പത്രപ്രവര്‍ത്തനത്തില്‍ മഞ്ഞ മാത്രമല്ലല്ലോ ഉള്ളത്‌. ഇന്‍വെസ്റ്റിഗേറ്റീവ്‌ ജര്‍ണലിസം എന്ന വകുപ്പില്‍ പെടുന്ന സാധനങ്ങളും വേണം. ലോട്ടറിക്കാരന്‌ ഇന്‍വെസ്റ്റിഗേറ്റീവ്‌ പരമ്പര കൊണ്ട്‌ ഒരു രോമത്തിനും കേട്‌ വരില്ല. പക്ഷേ ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞാല്‍ കളിമാറും. സംസ്ഥാനത്ത്‌ ഭരണം മാറുകയും അധികാരം നമ്മുടെ കൈയില്‍ വരികയും ചെയ്യുന്നു എന്ന്‌ കരുതുക. ലോട്ടറിക്കാരന്‍ നമ്മുടെ സര്‍ക്കാറിന്‌ ഒരു അയ്യായിരമോ എണ്ണായിരമോ കോടി നല്‍കാനുണ്ടെന്നും വെക്കുക. നമ്മള്‍ വീണ്ടും ഈ പരമ്പരയുടെ ബാക്കി എഴുതാന്‍ തുടങ്ങിയാല്‍ സംഗതി അപകടമാകുമെന്ന്‌ അറിയാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. എണ്ണായിരം തരാനുള്ളവനോട്‌ അഞ്ചോ പത്തോ കോടി ചോദിച്ചാലും പിശകില്ല. നമ്മള്‌ മാന്യത വിട്ടുകളിക്കരുതല്ലോ, കോടി രണ്ടുമതി.

ബുദ്ധിയില്ലാത്ത പത്രക്കാരും നാട്ടില്‍ ഒരുപാടുണ്ട്‌. പ്ലാച്ചിമടയില്‍ വെള്ളമൂറ്റുന്നുവെന്നും മറ്റും പറഞ്ഞ്‌ ഒരു പത്രം കാലം കുറച്ചായി വാര്‍ത്ത കൊടുക്കുകയും സമരം നടത്തിക്കുകയുമെല്ലാം ചെയ്യുന്നു. ഒരു ദേശീയ മഞ്ഞപ്പത്രമാണെന്നു കൂട്ടിക്കോളൂ. അതിന്റെ പേരില്‍ വേണമെങ്കില്‍ അവറ്റകള്‍ക്ക്‌ കൊക്കക്കോളയില്‍ നിന്ന്‌്‌ ബോണ്ടോ കീണ്ടോ ഒക്കെയായി വേണമെങ്കില്‍ പത്തോ ഇരുപത്തഞ്ചോ കോടിയുടെ പരസ്യം അഡ്വാന്‍സായി വാങ്ങാം. അതുവാങ്ങിയില്ലെന്നുമാത്രമല്ല കോളക്കാരുടെ പരസ്യമേ കൊടുക്കാതെ കോടികള്‍ നഷ്ടപ്പെടുത്തുകയും ചെയ്‌തു മണ്ടന്മാര്‍. അങ്ങനെയും ഉണ്ട്‌ ഇക്കാലത്ത്‌ ആളുകള്‍. ബൂദ്ധിയില്ലാത്ത ഇത്തരം പത്രപ്രവര്‍ത്തനത്തിന്‌ നിറം വല്ലതും എന്‍സൈക്ലോപ്പീഡിയയില്‍ പറഞ്ഞിട്ടുണ്ടോ എന്തോ..ഗ്രന്ഥം നോക്കിയാലേ അറിയൂ.

*************************
പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം ആവശ്യമില്ലാത്ത പല കീഴ്‌വഴക്കങ്ങളും ഉണ്ടാക്കിവെക്കുന്നുണ്ട്‌. തിരുവനന്തപുരത്ത്‌ പത്തോ ഇരുപത്തഞ്ചോ സഖാക്കള്‍ മണിച്ചനില്‍ നിന്ന്‌ മാസപ്പടി വാങ്ങിയെന്ന്‌ കേട്ട്‌ ബേജാറായാണ്‌ കേന്ദ്രനേതൃത്വം പണപ്പിരിവ്‌ കാര്യത്തില്‍ ആവശ്യമില്ലാത്ത വ്യവസ്ഥകളൊക്കെ ഉണ്ടാക്കിയത്‌. ഇത്‌ പാലോറമാതയുടെ കാലംതന്നെയാണെന്നാവും പ്രകാശ്‌ കാരാട്ടിന്റെ വിചാരം. കേരളത്തില്‍ കാലം മാറിയത്‌ അദ്ദേഹം ഇപ്പോഴുമറിഞ്ഞിട്ടില്ല.

ലോട്ടറിരാജാവില്‍ നിന്ന്‌ പണം വാങ്ങിയതില്‍ ദുരുദ്ദേശമില്ല, ബോണ്ടില്ല, ബാധ്യതയില്ല, യാതൊരു തത്ത്വലംഘനവുമില്ല. നാളെ കൊടുക്കുന്ന പരസ്യത്തിന്‌ ഇന്ന്‌ മുന്‍കൂര്‍ പണം തന്നു എന്നു മാത്രം. ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌ ശക്തിപ്പെട്ട്‌ ഇന്ത്യന്‍ ജനാധിപത്യം കരുത്തുള്ളതാകട്ടെ എന്ന ഒറ്റ വിചാരം കൊണ്ട്‌ മാത്രമാവണം മാര്‍ട്ടിന്‍ രാജാവ്‌ പണം തന്നത്‌. ആകെ ഉണ്ടായത്‌ മഞ്ഞപ്പത്രം ഉണ്ടാക്കിയ ബഹളം മാത്രം. മഞ്ഞപ്പത്രങ്ങള്‍ എട്ടുകോളം തലക്കെട്ട്‌ നിരത്തുമ്പോഴേക്ക്‌ കാശ്‌ തിരിച്ചുകൊടുക്കാന്‍ തുടങ്ങിയാല്‍ പാപ്പരായിപ്പോകില്ലേ പാര്‍ട്ടി. മണിച്ചനില്‍ നിന്ന്‌ മാസം തോറും പാര്‍ട്ടിജില്ലാക്കമ്മിറ്റി അരലക്ഷം വീതവും ജില്ലാസെക്രട്ടറി സെ്‌പഷല്‍ കവര്‍ വേറെയും വാങ്ങിയെന്ന്‌ പാര്‍ട്ടി അന്വേഷണക്കമ്മിറ്റി തന്നെ റിപ്പോര്‍ട്ടാക്കിയതല്ലേ. അതുതിരിച്ചുകൊടുക്കാന്‍ പറഞ്ഞാല്‍ തെണ്ടിപ്പോവുകയേ ഉള്ളൂ.

കേന്ദ്രനേതാക്കന്മാരുടെ വിഡ്ഡിത്തം ആലോചിച്ചാല്‍ ചിരിവരും. പാര്‍ട്ടികള്‍ക്ക്‌ ഇനി സുതാര്യമായേ പണം തരൂ എന്ന്‌ പ്രഖ്യാപിച്ച്‌ ടാറ്റ എട്ടുവര്‍ഷം മുമ്പ്‌ എല്ലാപാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പ്‌ ഫണ്ട്‌ അയച്ചുകൊടുത്തിരുന്നു. സി.പി.എമ്മിന്‌ അയച്ചത്‌ ഇരുപത്തഞ്ചുലക്ഷം രൂപയാണ്‌. ‘വ്യവസായശാലകളില്‍ നിന്ന്‌ സംഭാവന സ്വീകരിക്കില്ല’ എന്ന്‌ പ്രഖ്യാപിച്ചുകൊണ്ട്‌ സി.പി.എം കേന്ദ്രനേതൃത്വം ചെക്ക്‌ ടാറ്റയ്‌ക്ക്‌ മടക്കുകയാണ്‌ ഉണ്ടായത്‌. പാവം ടാറ്റ, വിഷമിച്ചുപോയിരിക്കും. ബോണ്ട്‌ ആക്കിയാല്‍ സ്വീകരിക്കുമോ എന്ന്‌ ടാറ്റ അന്വേഷിച്ചുമില്ല. ഇതൊക്കെയാണ്‌ കേന്ദ്രനേതൃത്വത്തിന്റെ രീതി. യാതൊരു യാഥാര്‍ഥ്യബോധവുമില്ല.

അതേ തത്ത്വം വെച്ചാണ്‌ മാര്‍ട്ടിനില്‍ നിന്ന്‌ വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ തീരുമാനിപ്പിച്ചത്‌. റോഡിലിറങ്ങിയും ടി.വി.ചാനലില്‍ കേറിയും ജയരാജത്രയം ഒച്ചവെച്ചതുമുഴുവന്‍ പാഴായി. രണ്ടുകോടിയേ പോയുള്ളു എങ്കില്‍ സഹിക്കാമായിരുന്നു, ഒരു പത്തുകോടിയുടെ നാണക്കേടും ഉണ്ടാക്കി.

പൊതുജനാഭിപ്രായം നോക്കുക എന്നൊരു ബൂര്‍ഷ്വാരീതി പ്രകാശ്‌കാരാട്ടും കേന്ദ്രനേതൃത്വവും ഇപ്പോള്‍ നടപ്പാക്കിവരുന്നുണ്ട്‌. അതുപയോഗിച്ചാണ്‌ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വി.എസ്‌. അച്യുതാനന്ദനെ സ്ഥാനാര്‍ഥിയാക്കിയത്‌.‌ ഇതെവിടെച്ചെന്നെത്തുമെന്ന്‌ അറിയില്ല. പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയെ ജനാഭിപ്രായം നോക്കി തീരുമാനിക്കുന്നേടത്തുവരെ ചെന്നെത്തുമോ ആവോ…

********************

വാര്‍ത്തയുടെ ഉറവിടം രഹസ്യമാക്കിവെക്കാനുള്ള അവകാശം തങ്ങള്‍ക്ക്‌ ജന്മസിദ്ധമാണെന്ന്‌ പറയുന്നവരാണ്‌ പത്രപ്രവര്‍ത്തകന്മാര്‍-മഞ്ഞയും മറ്റേ ഇനവും. സമാനമായ തത്ത്വം വിപ്ലവകാരികളായ പൊതുപ്രവര്‍ത്തകന്മാര്‍ക്കും ബാധകമാക്കേണ്ടതുണ്ട്‌. പണത്തിന്റെ ഉറവിടം വെളിപ്പെടുത്താന്‍ അവരെ നിര്‍ബന്ധിക്കുന്നത്‌ ജനാധിപത്യം അപകടത്തിലാക്കും. പുതിയ കാലത്തെ ധനതത്ത്വശാസ്‌ത്രവും അതാണ്‌ അനുശാസിക്കുന്നത്‌. നികുതിവകുപ്പുകാരും ഇപ്പോള്‍ പണം എവിടെ നിന്ന്‌ കിട്ടിയെന്ന്‌ നോക്കാറില്ല. കിട്ടിയ പണത്തിനുള്ള നികുതി തന്നേച്ചാല്‍ മതി. മാര്‍ട്ടിന്‍ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ആദായനികുതിദായകനായപ്പോള്‍ അദ്ദേഹത്തോടാരും ഇതങ്ങനെ സാധിച്ചു മോനെ മാര്‍ട്ടിനേ എന്ന്‌ ചോദിച്ചില്ലല്ലോ. അവരാരും ചോദിക്കാത്ത ചോദ്യം സ്വകാര്യസ്വത്തവകാശത്തിലും ലോട്ടറിയിലും വിശ്വസിക്കാത്ത ദേശാഭിമാനി ജനറല്‍മാനേജര്‍ ചോദിക്കേണ്ടിയിരുന്നു എന്ന്‌ പറയുന്നത്‌ കുറെ കടന്ന കൈയാണ്‌. ഈ വ്യവസ്ഥിതി തന്നെയില്ലാതാക്കാനാണ്‌ നമ്മള്‍ പാര്‍ട്ടിയും പാര്‍ട്ടിപ്പത്രവുമെല്ലാം നടത്തുന്നതുതന്നെ. മുതലാളിത്തവും അതുണ്ടാക്കുന്ന സ്വകാര്യസ്വത്തും തന്നെ കളങ്കമാണ്‌. പിന്നെയെന്ത്‌ കളങ്കമുള്ള മുതലാളിയും അതില്ലാത്ത മുതലാളിയും !ചൂഷകരില്‍ നല്ല ചൂഷകരും ചീത്ത ചൂഷകരുമുണ്ടോ ?

പുതിയ തത്ത്വം നടപ്പിലാക്കിയത്‌ മണിച്ചന്‍ മുതലാണ്‌ എന്ന്‌ കരുതരുത്‌. മണിച്ചനിലാണ്‌ അത്‌ നാലാളറിഞ്ഞ്‌ നാണക്കേടായത്‌ എന്നുമാത്രം. അതുതന്നെയും ഓര്‍ക്കാപ്പുറത്ത്‌ മദ്യദുരന്തം വന്നതുകൊണ്ട്‌. കല്ലുവാതുക്കല്‍ മദ്യദുരന്തം ഇല്ലായിരുന്നെങ്കില്‍ ഒരു മാന്യനായി വളരാമായിരുന്നു അദ്ദേഹത്തിനും. പല സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരം മാന്യന്മാര്‍ രാജ്യസഭാംഗങ്ങള്‍ വരെ ആയിട്ടുണ്ട്‌. മണിച്ചന്റെ കൈയിലുള്ള പണം യഥാര്‍ഥത്തില്‍ മണിച്ചന്റേതല്ല എന്ന്‌ ഈ മഞ്ഞപ്പത്രക്കാര്‍ മനസ്സിലാക്കിയിട്ടുണ്ടോ ആവോ. തൊഴിലാളിവര്‍ഗത്തിന്റേതാണ്‌ അതില്‍ 99 ശതമാനവും. അവരാണ്‌ ചാരായം കുടിക്കാന്‍ പതുങ്ങിചെല്ലാറുള്ളത്‌, സമ്പന്നബൂര്‍ഷ്വാവര്‍ഗമല്ല. ലോട്ടറിയുടെ കാര്യവും ഏതാണ്ട്‌ ഇങ്ങനെത്തന്നെയാണ്‌. മണിച്ചന്റേത്‌ നൂറുശതമാനമെങ്കില്‍ മാര്‍ട്ടിന്റേത്‌ തൊണ്ണൂറുശതമാനവും തൊഴിലാളിവര്‍ഗത്തിന്റെ പണമാണ്‌. അതുകൊണ്ട്‌ തൊഴിലാളിവര്‍ഗപ്പാര്‍ട്ടിക്ക്‌ പണം വാങ്ങാം. മാസപ്പടിയല്ല, ദിവസപ്പടിതന്നെ വാങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *

Go Top