വൈകിയുദിച്ച സി.പി.ഐ. ബുദ്ധി

ഇന്ദ്രൻ

കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി പിളര്‍ന്നപ്പോഴത്തെ കേരളത്തിലെ അവസ്ഥ, ബുദ്ധി ഒരു ഭാഗത്ത്‌, ജനം മറുഭാഗത്ത്‌ എന്നതായിരുന്നു. ആള്‍ബലത്തിന്റെ കുറവ്‌ മറ്റേതുകൊണ്ട്‌ കോമ്പന്‍സേറ്റ്‌ ചെയ്യാം. അതുപയോഗിച്ചാണ്‌ മുന്നണിയില്‍ രണ്ടാം കക്ഷിയായി പിടിച്ചുനിന്നത്‌. ആ ബുദ്ധിക്ക്‌ കുറച്ചുകാലമായി ഗ്ലാനി സംഭവിക്കുന്നുണ്ട്‌. തീരെ ഇല്ലാതിരിക്കുന്നതിലും ഭേദം വൈകിയുണ്ടാകുന്നതാണ്‌ എന്ന്‌ ആംഗലത്തില്‍ ചൊല്ലുണ്ട്‌. അതനുസരിച്ച്‌ വൈകിയുദിച്ച ബുദ്ധിയുമായാണ്‌ റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന്‍ മൂന്നാറിലേക്ക്‌ പോയിരിക്കുന്നത്‌.

മൂന്നാര്‍ ജെ.സി.ബി പ്രയോഗത്തിന്റെ ക്രഡിറ്റ്‌ സംബന്ധിച്ച്‌ ചെറുതര്‍ക്കം നിലവിലുണ്ടല്ലോ. ഇല്ല, മുഖ്യമന്ത്രി അതില്‍ ക്രെഡിറ്റ്‌ അവകാശപ്പെട്ടുവെന്ന്‌ ദുസ്സൂചന നല്‍കുകയൊന്നുമല്ല. എല്ലാവരും ക്രഡിറ്റ്‌ മുഖ്യമന്ത്രിയില്‍ ചൊരിയാന്‍ ശ്രമിക്കുകയും അദ്ദേഹം അത്‌ സര്‍വശക്തിയുമുപയോഗിച്ച്‌ ജെ.സി.ബി കൊണ്ട്‌ തള്ളിമാറ്റുകയും ചെയ്യുന്നതിനെയാണ്‌ ചെറുതര്‍ക്കം എന്ന്‌്‌ ഉദ്ദേശിച്ചത്‌. മൂന്നാറിലെ ജെ.സി.ബി പ്രയോഗത്തിന്‌ ക്രെഡിറ്റ്‌ എടുക്കാനാണ്‌ മന്ത്രി രാജേന്ദ്രന്‍ അങ്ങോട്ട്‌ പോയത്‌ എന്നും ധരിക്കേണ്ട. ജെ.സി.ബി പ്രയോഗത്തിന്റെ ഡിസ്‌ക്രെഡിറ്റ്‌ ഇല്ലാതാക്കാന്‍ പോയതാണ്‌ എന്ന്‌ വേണമെങ്കില്‍ പറഞ്ഞുകൊള്ളുക.

എത്രത്തോളം ഇല്ലാതാക്കാന്‍ പറ്റുമെന്ന്‌ അറിയില്ല. മൂന്നു ഉദ്യോഗസ്‌ഥദുഷ്‌പ്രഭുക്കന്മാര്‍ക്ക്‌ മൂന്നാര്‍ ഓപറേഷന്റെ കരാര്‍ കൊടുത്തപ്പോള്‍ ത്തന്നെ അതിന്റെ അപകടസാധ്യതയും തിരിച്ചറിയണമായിരുന്നു. എം.എന്‍.ഗോവിന്ദന്‍നായര്‍, പി.കെ.വാസുദേവന്‍നായര്‍ എന്നീ പ്രഗത്ഭ നായര്‍കുടിയേറ്റകര്‍ഷകരുടെ വക വസ്‌തുവകകളും ടൂറിസം റിസോര്‍ട്ടുകളും മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന സംഗതി ബഹുമുന്‍മന്ത്രി കെ.പി.പ്രഭാകരന്‍ മകന്‍ റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന്‌ (അന്തിക്കാട്‌ അംശം ദേശം സ്വസ്ഥം കൃഷി രാഷ്ട്രീയം) അറിയുമായിരുന്നില്ല എന്നുവിശ്വസിക്കാന്‍ പ്രയാസമുണ്ട്‌. പാര്‍ട്ടിപ്രവര്‍ത്തകന്മാര്‍ക്ക്‌ താമസിച്ച്‌ മാര്‍ക്‌സിസം ലെനിനിസം പഠിക്കാന്‍ വേണ്ടി ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മിച്ചതെന്ന്‌ കുര്യന്‍സഖാവ്‌ പറഞ്ഞ ലോഡ്‌ജുകളിലൊന്നും താമസിച്ചുപഠിക്കാതെയാണോ രാജേന്ദ്രന്‍സഖാവ്‌ മന്ത്രിസഖാവായത്‌ എന്നറിയേണ്ടതുണ്ട്‌.

തലതിരിഞ്ഞ മൂന്നെണ്ണത്തിനെ അങ്ങോട്ടയക്കുന്നു എന്നു കേട്ട മാത്രയില്‍ മന്ത്രിസഭ ായോഗത്തില്‍ അലമുറകൂട്ടി സര്‍വം സ്‌തംഭിപ്പിക്കണമായിരുന്നു. ഇനിയതും സാധിച്ചില്ല എന്നുകരുതുക. റവന്യൂ ഉദ്യോഗസ്ഥനായ രാജുനാരായണസ്വാമി തിരിച്ചുവരേണ്ടത്‌ കലക്‌റ്ററേറ്റിലേക്ക്‌ തന്നെയല്ലേ. എ.ഐ.ടി.യു.സി, സി.ഐ.ടി.യു ,ടാറ്റ തുടങ്ങിയ മാര്‍ജിനല്‍ കര്‍ഷകരുടെ കാര്യം മന്ത്രി നേരിട്ടുനോക്കും, ബാക്കി അലവലാതികളുടെ കാര്യം മതി ഉദ്യോഗസഥര്‍ നോക്കുന്നത്‌ എന്നൊരു സന്ദേശം നല്‍കിയാലും മതിയായിരുന്നു. ഉദ്യോഗസ്ഥന്മാര്‍ തീര്‍ത്തും വിവരദോഷികളൊന്നുമല്ല എന്ന്‌ മൂന്നാറില്‍ കണ്ടതാണ്‌. കുഷിചെയ്യാനെന്ന്‌ പറഞ്ഞുവാങ്ങിയ ഭൂമിയില്‍ വേറെ കൃഷി നടത്തുന്ന സി.ഐ.ടി., ഐ.എന്‍.ടി.യു.സി റിസോര്‍ട്ടുകള്‍ മറ്റുള്ളവ പൊളിച്ചതുപോലെത്തന്നെ മാന്തിപ്പൊളിക്കാമായിരുന്നു. പക്ഷേ, പ്രതീകാത്മകമായി മുക്ക്‌ അല്‍പ്പമൊന്നുചെത്തുക മാത്രമല്ലേ ദൗത്യന്മാര്‍ ചെയ്‌തുള്ളൂ. അതല്ലേ ബുദ്ധി ?

വിവേകത്തോടെയും വിവേചനബുദ്ധിയോടെയും വേണം എന്തു സര്‍ക്കാര്‍കാര്യവും ചെയ്യാന്‍. ഇതെങ്ങനെ എന്ന്‌ രവീന്ദ്രനോട്‌ ചോദിച്ചാല്‍ പറഞ്ഞുതരും.ഏതു രവീന്ദ്രന്‍ എന്നു ചോദിക്കരുത്‌, പന്ന്യനായാലും പറഞ്ഞുതരും പട്ടയം രവീന്ദ്രനായാലും പറഞ്ഞുതരും. വിവേചനബുദ്ധിയോടെയാണ്‌ രവീന്ദ്രന്‍ പട്ടയം കൊടുത്തത്‌. താന്‍ കൊടുത്ത അഞ്ഞൂറ്റിമുപ്പതു പട്ടയവും ജനകീയകമ്മിറ്റിയുടെ ശുപാര്‍ശക്ക്‌ വിധേയമായി പാര്‍ട്ടിക്കാര്‍ക്കോ അനുഭാവികള്‍ക്കോ ആണ്‌ കൊടുത്തതെന്നും അവ വ്യാജമാണെന്നു പറഞ്ഞാല്‍ മുഖ്യമന്ത്രി തിരുത്തേണ്ടിവരുമെന്നും രവീന്ദ്രന്‍ പത്രക്കാരോട്‌ പറഞ്ഞിട്ടുണ്ട്‌. രവീന്ദ്രന്റെ വിവേചനബുദ്ധി തിരിച്ചറിഞ്ഞിട്ടും അദ്ദേഹം അര്‍ഹിക്കുന്ന പദവിയൊന്നും കൊടുത്തില്ല. കലക്‌റ്ററാക്കാമായിരുന്നു. പോട്ടെ, ഒരു എം.എല്‍.എ എങ്കിലും.. കൊടുത്തത്‌ ഉടുമ്പത്തൂര്‍ പഞ്ചായത്തില്‍ പതിനഞ്ചാം വാര്‍ഡില്‍ ഇടതുമുന്നണിസ്ഥാനാര്‍ഥിയായി മത്സരിച്ചുതോല്‍ക്കാന്‍ ഒരവസരമാണ്‌്‌. ഹൂൂൂയി.
*****************

അഞ്ചുകൊല്ലം ഭരിച്ചിട്ടും കോണ്‍ഗ്രസ്സുകാര്‍ എന്തേ മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കഞ്ഞതെന്ന ചോദ്യം കേട്ട്‌ ഉമ്മന്‍ചാണ്ടിക്ക്‌ അരിശമാ വന്നത്‌. കൈയേറ്റവിവരം ലഭിച്ച ഉടനെ 2002ല്‍ അന്വേഷണത്തിനയച്ചില്ലേ അഡീഷനല്‍ ഡി.ജി.പിയെ. ഒന്നേകാല്‍ കൊല്ലം കൊണ്ട്‌ റിപ്പോര്‍ട്ട്‌ കിട്ടി. അപ്പോഴാണ്‌ മനസ്സിലായത്‌ കൈയേറ്റത്തിന്റെ തോത്‌ കൂടുതലും റിപ്പോര്‍ട്ടിന്റെ തോത്‌ കുറവുമാണ്‌ എന്ന്‌. അതുകൊണ്ട്‌, ഏഴുമാസം കഴിഞ്ഞ്‌ വേറെ കമ്മീഷനെ അന്വേഷണത്തിന്‌ വെച്ചു. ഏതാണ്ട്‌ മൂന്നുകൊല്ലം കമ്മീഷന്‍ തലങ്ങും വിലങ്ങും അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കുമ്പോഴേക്ക്‌ ഭാഗ്യവശാല്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണം അവസാനിച്ചിരുന്നു. അതിനിടയില്‍ ഒരാളെയെങ്കിലും ഒഴിപ്പിച്ചോ ? ഇല്ലില്ല. വീണ്ടും ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്നിരുന്നുവെങ്കില്‍ ഉടന്‍ എല്ലാവരേയും ഒഴിപ്പിക്കുമായിരുന്നു അല്ലേ ? ഇല്ലേയില്ല. അന്വേഷണകാലയളവിനുള്ളില്‍ നടന്ന കൈയേറ്റങ്ങളെക്കുറിച്ച്‌ അന്വേഷിക്കാന്‍ വേറൊരു ഊക്കന്‍ കമ്മീഷനെ വെക്കും ,അല്ലാതെന്ത്‌…

Leave a Reply

Your email address will not be published. Required fields are marked *

Go Top