പാലക്കാടിനെപ്പോലെ ഭൂപ്രകൃതിയും കാലാവസ്ഥയും മനുഷ്യരും ഭാഷയുമെല്ലാം ഇത്രയേറെ ഭിന്നവും വൈവിദ്ധ്യപൂര്‍ണവുമായ മറ്റൊരു ജില്ല ഇല്ലെന്നു തോന്നാറുണ്ട്. പാലക്കാട് എന്നു കേള്‍ക്കുമ്പോഴേ മനസ്സില്‍ വരിക പച്ച നിറഞ്ഞ നെല്പാടങ്ങളും വൃക്ഷത്തോപ്പുകളും മഴയും വേണ്ടുവോളമുള്ള പാലക്കാടന്‍ ഗ്രാമങ്ങളാണ്.
പാലക്കാട് അതാണ്, മറ്റു പലതുമാണ്. ഓരോ ഇടവും വേറെ വേറെ ചിത്രങ്ങളും ശബ്ദങ്ങളും ഗന്ധങ്ങളും മുഖങ്ങളുമായി എന്നും മനസ്സില്‍ നിറഞ്ഞുനില്ക്കുന്നു. പേരില്‍തന്നെ ട്രെയ്ന്‍ ഇരമ്പമുള്ള ഷൊര്‍ണ്ണൂര്‍, മണ്ണാര്‍ക്കാട് മല കടന്ന് അപ്പുറത്ത് നിത്യഹരിത വനമായ സൈലന്റ് വാലി, അതിനെ വളഞ്ഞ് അര്‍ദ്ധ മരുഭൂമി പോലെ അട്ടപ്പാടി. ജലസമൃദ്ധിയുടെ കൃഷിയിടങ്ങള്‍ മാത്രമുള്ള നിരവധി ഗ്രാമങ്ങള്‍, ജില്ലാ ആസ്ഥാനത്തുനിന്ന് മലമ്പുഴയും കടന്ന് വാളയാറിലേക്ക് നീങ്ങിയാല്‍ മണ്ണിനും കാറ്റിനും തമിഴ് ഗന്ധം….. വളരെയൊന്നും അകലെയല്ല ചിറ്റൂരും പരിസരവും. അടുത്തുതന്നെയാണെങ്കിലും കൊഴിഞ്ഞമ്പാറ വേറെ ഭൂമിയാണ്. പറമ്പിക്കുളം നിബിഡവനം കാണാന്‍ വരണ്ട തമിഴ് ഭൂമി താണ്ടണം…….. എന്തെല്ലാം വൈവിദ്ധ്യങ്ങള്‍.
അകലെ തലശ്ശേരിയില്‍ നിന്നുവന്ന എനിക്ക് ഓരോ പ്രദേശത്തു ചെന്നപ്പോഴും തോന്നിയത് ഇവിടത്തെ മനുഷ്യരെയും അവരുടെ പ്രശ്നങ്ങളും അറിയാന്‍, പഠിക്കാന്‍ ഇനിയും പല വട്ടം വരണം, താമസിക്കണം, സഞ്ചരിക്കണം എന്നൊക്കെയാണ്. അതൊന്നും പക്ഷേ, അത്ര എളുപ്പമല്ലെന്ന് അറിയാതെയല്ല. മാതൃഭൂമിയുടെ കോഴിക്കോട് ഡസ്കില്‍ രണ്ടു വര്‍ഷത്തെ ട്രെയ്നിങ്ങ് കഴിഞ്ഞ് എനിക്ക് ആദ്യപോസ്റ്റിങ്ങ് കിട്ടുന്നത് പാലക്കാട്ടാണ്.
1984-ജൂണില്‍ പാലക്കാട്ട് ചെല്ലുമ്പോള്‍ സുല്‍ത്താന്‍പേട്ടയിലെ ചെറിയ ജില്ലാ ബ്യൂറോവില് വേറൊരു ലേഖകനേ ഉണ്ടായിരുന്നുള്ളൂ-ആന്റണി തരകന് ദീര്‍ഘകാല സര്‍വീസ് ഉള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ്. അദ്ദേഹമാണ് ബൂറോ ചീഫ്. അദ്ദേഹം ഏതാനും മാസം കഴിഞ്ഞപ്പോള്‍ റിട്ടയര്‍ ചെയ്തു. ഞാന്‍ തനിച്ചായി. ജില്ലയിലെ പ്രധാന പട്ടണങ്ങളിലെല്ലാം പരിചയസമ്പന്നരായ പ്രാദേശിക ലേഖകര്‍ ഉണ്ട് എന്നതു മാത്രമായിരുന്നു സമാധാനം.
അക്കാലത്ത് കോഴിക്കോട്ട് അച്ചടിക്കുന്ന മാതൃഭൂമി പത്രമാണ് വടക്ക് കാസര്‍ക്കോട് വരെയും തെക്ക് പാലക്കാട് വരെയും, ഗള്‍ഫ് തുടങ്ങിയ വിദേശങ്ങളിലും, മദ്രാസ്, ബോംബെ, ബാംഗളൂര്‍ പട്ടണങ്ങളിലും എത്തിച്ചിരുന്നത്. വൈകുന്നേരം ആറേഴ് മണി കഴിഞ്ഞാല്‍ പാലക്കാട് പേജുകളിലേക്ക് വാര്‍ത്തയൊന്നും കയറില്ല. എട്ടൊമ്പത് മണി കഴിഞ്ഞാല്‍ കോഴിക്കോട്ട് പേജ് നിര്‍മാണം തന്നെ പൂര്‍ത്തിയാകും. പാലക്കാട്ട് ലേഖകന്മാര്ക്ക്് പകല്‍ പൊരിഞ്ഞ പണിയാണെങ്കിലും സന്ധ്യ കഴിയുമ്പോഴേക്ക് എല്ലാം ശാന്തമാകും.
അട്ടപ്പാടി തുടക്കം
ഒരു ദിവസം എന്തോ പ്രാദേശിക വാര്‍ത്തകളുമായി മല്ലിടിച്ച് ബ്യൂറോവിലിരിക്കുമ്പോഴാണ് രണ്ടു മൂന്നു യുവാക്കള്‍ ഒരു പ്രശ്നവുമായി കയറിവന്നത്. അട്ടപ്പാടിയില്‍നിന്നാണ് വരവ്. അവിടെ ഒരിടത്ത് അനധികൃതമായ മരംമുറി നടക്കുന്നു. അധികൃതരെ അറിയിച്ചിട്ടൊന്നും ഇടപെടുന്നില്ല. മരംവെട്ടിനു പിന്നില്‍ സ്വാധീനമുള്ള ആളുകളാണ് ഉള്ളത്. വിഷയത്തില്‍ ഇടപെടണം, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യണം-അതാണ് അവരുടെ ആവശ്യം.
അട്ടപ്പാടി എന്നു കേട്ടപ്പോള്‍തന്നെ എനിക്ക് ആവേശമായി. അവിടെ പോകാന്‍ ആഗ്രഹിച്ചിരിക്കുമ്പോഴാണ് ഇതാ വിളി വന്നിരിക്കുന്നു. പാലക്കാട്ട് ജോലി തുടങ്ങുന്നതിനു മുന്‍പുതന്നെ ഒരിക്കല്‍ സൈലന്റ് വാലിയില്‍ വന്നതാണ്. സൈലന്റ് വാലി അല്ല അട്ടപ്പാടി എന്നറിയാം. അതു കൊണ്ടുതന്നെ, അന്നു വാര്‍ത്തയുമായി വന്നവരോട് ഞാന്‍ പറഞ്ഞു-ഞാന്‍ വരാം. നേരില്‍ കണ്ടിട്ട് റിപ്പോര്‍ട്ട് എഴുതാം. നാട്ടിലെ പരിസ്ഥിതി പ്രവര്‍ത്തകരും പ്രകൃതിസ്നേഹികളുമാണ് അവര്‍. അവര്‍ക്കും സന്തോഷമായി. ഇവിടെ നിന്നാണ് എന്റെ അട്ടപ്പാടി ബന്ധം ആരംഭിക്കുന്നത്.
പാലക്കാട്ടെ പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍-ജഗ്ദിഷ് ബാബു (നില്ക്കുന്നവരില് ഇടത്ത് രണ്ടാമത്) ഇരിക്കുന്നവരില്‍ ഇടത്തു നിന്ന് – ആന്റണി തരകന്, സി.എ. കൃഷ്ണന്, എന്‍.പി രാജേന്ദ്രന്, ടി.എം. മണി, പുത്തൂര്‍ മുഹമ്മദ്…പ്രസ് ക്ലബ്ബിലെ യാത്രയയപ്പ്
ഭൂതിവഴി എന്ന സ്ഥലത്താണ് മരംവെട്ട് നടന്നിരുന്നത്. പുറമ്പോക്കിലാണ് വിലയേറിയ ആ മട്ടിമരങ്ങള്‍ ഉണ്ടായിരുന്നത്. അത് മുറിച്ച് കാശാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അവിടെ പ്രകൃതിസ്നേഹികളുടെ ചെറിയ പ്രക്ഷോഭവും നടക്കുന്നുണ്ടായിരുന്നു. അത് ഉത്തരാഖണ്ഡില്‍ മരംമുറിക്കെതിരെ ചിപ്കോ പ്രസ്ഥാനം എന്ന പേരില്പ്രക്ഷോഭം നടക്കുന്ന കാലമായിരുന്നു. സുന്ദര്‍ലാല്‍ ബഹുഗുണ എന്ന പരിസ്ഥിതിസ്നേഹിയെ ലോകപ്രശസ്തനാക്കിയത് ആ സമരമാണ്. മരംമുറിക്കാന്‍ വരുമ്പോള്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന പ്രകൃതിസ്നേഹികള്‍ മരംകെട്ടിപ്പിടിച്ചുനില്ക്കുന്നതാണ് സമരമാര്‍ഗം. പക്ഷേ, ഭൂതിവഴിയില്‍ വലിയ പ്രക്ഷോഭമുണ്ടായില്ല. അധികൃതശ്രദ്ധ ആകര്‍ഷിക്കാന്‍ മാതൃഭൂമിയില്‍ വാര്‍ത്ത വരുത്തുക മാത്രമാണ് അവര്‍ കണ്ട ഒരു വഴി.
ആ വാര്‍ത്തയുടെ പരിണാമം എന്തായി എന്നൊന്നും എനിക്ക് ഇപ്പോള്‍ ഓര്‍മയില്ല. പക്ഷേ, വാര്‍ത്തയുമായി വന്നവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന പത്മനാഭന് എന്ന ചെറുപ്പക്കാരനുമായി അന്നുണ്ടായ ബന്ധം മുപ്പത്താറു വര്‍ഷം കഴിഞ്ഞ് ഇന്നും തുടരുന്നു. അക്കാലത്ത് അട്ടപ്പാടിയില്‍ പ്രാദേശിക ലേഖകരൊന്നും ഇല്ല. മണ്ണാര്‍ക്കാടാണ് അടുത്തുള്ള വാര്‍ത്താകേന്ദ്രം. ജില്ലാ ലേഖകന്മാര് വന്നാലേ എന്തെങ്കിലും കാര്യമായ റിപ്പോര്‍ട്ടുകള്‍ കിട്ടൂ. പൊതുവെ സര്‍ക്കാര്‍ പ്രസ് റിലീസുകളിലെ വികസനവാര്ത്തകളില് ഒതുങ്ങുമായിരുന്നു അട്ടപ്പാടിയുടെ കവറേജ്. പത്മനാഭന് പിന്നെയും പലവട്ടം അട്ടപ്പാടി വാര്‍ത്തകളുമായും സംഭവങ്ങളുമായും പാലക്കാട്ടേക്കു വന്നു. നല്ല ന്യൂസ് സെന്‍സ് ഉള്ള ഈ യുവാവിലൂടെ പല നല്ല വാര്‍ത്തകളും ജന്മമെടുത്തു. ചില കാട്ടുപ്രദേശങ്ങളിലൊക്കെ ഞങ്ങള്‍ ഒരുമിച്ചു പോയി ദിവസങ്ങള്‍ ക്യാമ്പ് ചെയ്ത് വാര്‍ത്ത ശേഖരിച്ചത് ഓര്‍ക്കുന്നു. നല്ല സാമൂഹ്യബോധവുമുള്ള ആളായിരുന്നു അന്നേ പത്മനാഭന്.
തമിഴ്നാട് അതിര്‍ത്തിയോട് അടുത്തുള്ള മുള്ളി എന്ന ഗ്രാമത്തില്‍ പോയത് ഇപ്പോഴും ഓര്‍ക്കുന്നു. പത്മനാഭനാണ് വഴികാട്ടി. പാലക്കാട് നിന്നു ബസ്സില്‍ പുറപ്പെട്ട് അട്ടപ്പാടി അതൃത്തിയിലെ കോട്ടത്തറയില്‍ ബസ്സിറങ്ങി കുറെ നടന്നാണ് മുള്ളിയില്‍ എത്തിയത്. ചന്ദനക്കടത്തിന്റെ കേന്ദ്രമായിരുന്നു മുള്ളി. പത്രലേഖകരാണ് എന്നു വെളിപ്പെടുത്താതെയാണ് ആളുകളുമായി ഇടപെട്ടത്. അതു വെളിപ്പെടുത്തുന്നത് അപകടകരമാണ് എന്ന ബോധ്യത്തോടെയാണ് അങ്ങനെ ചെയ്തത്. പിറ്റേന്ന് ഞങ്ങള്‍ താമസിച്ചേടത്തു വന്ന ചിലര്‍ക്ക് ഞങ്ങളെക്കുറിച്ച് ശരിയായ സംശയം ഉണ്ട് എന്നു ഞങ്ങള്‍ക്ക് തോന്നി. എന്തോ ഒഴികഴിവ് പറഞ്ഞ് ഞങ്ങള്‍ തടിയൂരി. ചന്ദനം മണക്കുന്ന ആ പ്രദേശങ്ങളെക്കുറിച്ച് ചില റിപ്പോര്‍ട്ടുകള്‍ മാതൃഭൂമിയില്‍ പിന്നീട് പ്രസിദ്ധീകരിക്കുകയും ചെയ്തു.
പത്മനാഭന് ക്രമേണ ഔദ്യോഗികമായിത്തന്നെ മാതൃഭൂമി അട്ടപ്പാടി ലേഖകനായി മാറിയതോടെ ഞങ്ങളുടെ ബന്ധം മറ്റൊരു തലത്തിലേക്ക് വളര്‍ന്നു. പത്മനാഭന് ധാരാളം നല്ല റിപ്പോര്‍ട്ടുകള്‍ എഴുതി. അതു അദ്ദേഹത്തിന്റെ ഒരു തുടക്കം മാത്രമായിരുന്നു. ഞാന്‍ പാലക്കാട് വിട്ട് അധികം കഴിയുംമുന്പ് പത്മനാഭന് മുഴുവന്‍സമയ പത്രപ്രവര്‍ത്തകനായി. മാധ്യമം പത്രത്തില്‍ സ്റ്റാഫ് ലേഖകനായി സംസ്ഥാനത്ത് പലേടത്തും പ്രവര്‍ത്തിച്ച എന്‍.പത്മനാഭന് ക്രമേണ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന നേതാവുമായി ഉയര്‍ന്നു.
ആദിവാസി പ്രശ്നങ്ങള്‍
പോകാന്‍ ഒരു പാട് പ്രദേശങ്ങള്‍ ജില്ലയില്‍ ഉണ്ടെങ്കിലും പാലക്കാട് സേവനകാലത്ത് ഞാന്‍ കൂടുതല്‍ തവണ പോയത് അട്ടപ്പാടിയിലേക്കായിരിക്കും എന്നു തോന്നുന്നു. ആദിവാസികള്‍ ധാരാളമുള്ള ആ പ്രദേശത്ത് അതുകൊണ്ടുതന്നെ റിപ്പോര്‍ട്ട് ചെയ്യാനും ധാരാളമുണ്ടായിരുന്നു. പട്ടിണിയും കഷ്ടപ്പാടും നിരക്ഷരതയും ചൂഷണവും വികസനമില്ലായ്മയും പ്രാഥമിക സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുന്നതും എങ്ങു ചെന്നാലും കാണാനാവുമായിരുന്നു. ഇരുനൂറില്‍ താഴെ ഊരുകളിലായി 1981-ല്‍ സെന്‍സസ് പ്രകാരം 20659 പേരേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴുള്ളത് 32000 പേരാണ്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന് വലിയ തോതില്‍ കര്‍ഷകര്‍ കുടിയേറി വന്നതിന്റെ ഫലമായി ആദിവാസികളുടെ കൈവശമുള്ള ഭൂമിയുടെ അളവ് കുറഞ്ഞുവരികയായിരുന്നു. 1951-ല്‍ അട്ടപ്പാടി ജനസംഖ്യയില്‍ 90 ശതമാനം ഗിരിവര്ഗക്കാരായിരുന്നു. 2001-ല്‍ ഇത് 43 ശതമാനം മാത്രമായി. ഇതിനേക്കാള്‍ കൂടിയ തോതില്‍ ആദിവാസികള്‍ ഭൂരഹിതരാകുന്നുണ്ടായിരുന്നു. അതിജീവനത്തിനായി അവര്‍ നടത്തേണ്ടി വന്ന പോരാട്ടങ്ങള്‍ അന്നും വേണ്ട വിധം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു എന്നു പറയാനാവില്ല. എങ്കിലും, അന്ന് ആദിവാസി ചൂഷണം റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതാണ് എന്ന ബോധ്യമെങ്കിലും വളര്‍ന്നു വരുന്നുണ്ടായിരുന്നു. ഇന്ന് അതെത്രത്തോളം ബാക്കിയുണ്ട്? അന്നത്തേക്കാള്‍ മോശമല്ലേ ഇന്നത്തെ അവസ്ഥ? ഇതിന് ആരാണ് ഉത്തരവാദികള്‍? ഉത്തരമില്ലാത്ത ചോദ്യങ്ങളേറെയാണ്.
ആദിവാസികള്‍ക്കും നാട്ടുകാര്‍ക്കു പൊതുവെയും പ്രയോജനം കിട്ടാന്‍ തുടക്കമിട്ട പദ്ധതികള്‍ തന്നെ നിരന്തരം അവഗണിക്കപ്പെടുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അന്നും ഇന്നും അട്ടപ്പാടിയില്‍ നിരവധിയാണ്. പലവട്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒരു പദ്ധതി ഓര്‍ക്കുന്നു-അട്ടപ്പാടി വാലി ഇരിഗേഷന്‍ പ്രോജക്റ്റാണത്. പാലക്കാട് ഉണ്ടായിരുന്ന എല്ലാ ലേഖകരും ആ പദ്ധതിയെക്കുറിച്ച് എഴുതിക്കാണണം. 60 വര്‍ഷം മുന്‍പ് ഫയലില്‍ തുടക്കം കുറിച്ചതാണ് ആ പദ്ധതി ആശയം. ഞാനും പല വട്ടം അതിനെക്കുറിച്ച് എഴുതിയത് ഓര്‍ക്കുന്നു. ഈയിടെ-2020 ജുണിലും പത്രത്തില്‍ കണ്ടു, അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതിക്ക് അന്തിമ രൂപമായി എന്ന്! ഇതുപോലെ എന്തെല്ലാം പദ്ധതികള്‍, പാളിച്ചകള്‍, പരാജയങ്ങള്‍, ധൂര്‍ത്തുകള്‍, കൊള്ളകള്‍…
രാജീവ് ഗാന്ധിയുടെ വരവ്
അട്ടപ്പാടി റിപ്പോര്‍ട്ടിങ്ങ് ഓര്‍മകളില്‍ മറക്കാനാവത്ത രണ്ടെണ്ണം രണ്ട് വി.വി.ഐ.പി സന്ദര്‍ശനങ്ങളാണ്. 1984 ഒക്റ്റോബര്‍ 31 നാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വന്തം രക്ഷാഭടന്മാരാല് വധിക്കപ്പെടുന്നത്. തുടര്‍ന്ന് പ്രധാനമന്ത്രിയായ മകന് രാജീവ് ഗാന്ധി ’85 സപ്തംബറില്‍ അട്ടപ്പാടിയിലെത്തുന്നു. അമ്മയുടെ പ്രിയ പ്രോജക്റ്റ് ഉദ്ഘാടനം ചെയ്യാനായിരുന്നു രാജീവിന്റെ വരവ്. നീണ്ട കാലത്തെ വിവാദങ്ങള്‍ക്കും ലോക വ്യാപകമായി നടന്ന ചര്‍ച്ചകള്‍ക്കും ശേഷമാണ് സൈലന്റ് വാലി വനമേഖലയെ കേന്ദ്രസര്‍ക്കാര്‍ ഒരു ദേശീയ പാര്‍ക്കായി അംഗീകരിക്കുന്നത്. തീര്‍ച്ചയായും അമ്മയുടെ ആഗ്രഹത്തിന്റെ സഫലീകരണം എന്ന നിലയിലാണ് രാജീവ് ഗാന്ധി പാര്‍ക്കിന്റെ ഉദ്ഘാടനത്തിനായി സൈലന്റ് വാലിയിലേക്കു വരാന്‍ നിശ്ചയിച്ചത്. അഞ്ഞൂറു ലക്ഷം വര്‍ഷത്തിനിടയില്‍ മനുഷ്യസ്പര്ശമില്ലാതെ സ്വാഭാവികമായി പരിണാമം പ്രാപിച്ച ജീവജാലങ്ങളാണ് ഈ അര ലക്ഷം ഹെക്റ്റര്‍ പാര്ക്കിലുള്ളതെന്ന ഖ്യാതിയും പരിപാടികള്‍ക്കു നല്ല പ്രാമുഖ്യമേകി.
പക്ഷേ, ഞങ്ങള്‍ പത്രപ്രവര്‍ത്തകര്‍ക്ക് ഇതൊരു വെല്ലുവിളിയായിരുന്നു. വീട്ടുമുറ്റത്ത് സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു മരിച്ച പ്രധാനമന്ത്രിയുടെ മകന് പ്രധാനമന്ത്രിയായി വരുമ്പോള്‍ രക്ഷാനിയന്ത്രണങ്ങള്ക്ക് അസാധാരണമായ കാര്‍ക്കശ്യം ഉണ്ടാവുമെന്നതായിരുന്നു ആശങ്കള്‍ക്ക് അടിസ്ഥാനം. സപ്തംബര്‍ ഏഴിനാണ് ഉദ്ഘാടനം നടന്നത്. ഉച്ചയ്ക്ക് മുമ്പ് ആ പരിപാടി കഴിഞ്ഞ് വൈകീട്ട് പാലക്കാട് കോട്ട മൈതാനത്ത് പ്രധാനമന്ത്രി പ്രസംഗിക്കുന്ന പൊതുയോഗവും ഉണ്ട്. ഫോട്ടോഗ്രാഫര്‍മാരെയും റിപ്പോര്‍ട്ടര്‍മാരെയും എല്ലാ കേന്ദ്രങ്ങളിലും നിയോഗിക്കേണ്ടതുണ്ട്. പ്രധാനമന്ത്രിയുടെ പാലക്കാട്ടെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ കോഴിക്കോടു നിന്നു സബ് എഡിറ്റര്‍ വി.എന്‍ ജയഗോപാല്‍ നിയോഗിക്കപ്പെട്ടിരുന്നു. 1981-ല്‍ ഒപ്പം മാതൃഭൂമിയില്‍ ചേര്‍ന്ന ഞങ്ങള്‍ ആറു പേരില്‍ ഒരാളാണ് ജയഗോപാല്‍. പ്രശസ്ത ഫോട്ടോഗ്രാഫര്‍ രാജന് പൊതുവാളിനെയും കമ്പനി അന്നു തിരുവനന്തപുരത്തു നിന്ന് പാലക്കാട്ടേക്കു നിയോഗിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപിത പരിപാടി രണ്ടെണ്ണമേ ഉള്ളൂ. ഒന്ന് സൈലന്റ് വാലിയില്‍, മറ്റൊന്ന് പാലക്കാട് കോട്ടമൈതാനിയില്‍. എന്നാല്‍, വഴി മദ്ധ്യേ അദ്ദേഹത്തിനു സന്ദര്‍ശിക്കാന്‍ റോഡരുകില്തന്നെയുള്ള കാവുണ്ടിക്കല്‍, ചുളിക്കടവ് ഊരുകളില്‍ അധികൃതര്‍ ഒരുക്കങ്ങള്‍ ചെയ്തിരുന്നു. രണ്ടിടത്തും പത്രപ്രവര്‍ത്തകരും ഫിലിംസ് ഡിവിഷനും ആയിരക്കണക്കിന് ആളുകളും എത്തിയിരുന്നു. ആദ്യവാസി യുവതികളുടെ നൃത്തസംഘങ്ങള്‍ അണിഞ്ഞൊരുങ്ങി കാത്തുനിന്നു. അവിടെ പ്രസംഗമോ സ്വീകരണമോ ഉദ്ദേശിച്ചിരുന്നില്ല. അപ്രതീക്ഷിതമായി വരുത്തിയ മാറ്റങ്ങള്‍ കാത്തുനിന്ന ആയിരങ്ങളെ നിരാശരാക്കി. രണ്ടിടത്തും പ്രധാനമന്ത്രി വന്നില്ല. എന്നാല്‍, അപ്രതീക്ഷിതമായി കയറിച്ചെന്ന ഒന്നു രണ്ട് ഊരുകളിലും നല്ല ആള്‍ക്കൂട്ടമുണ്ടായിരുന്നു. അപ്രതീക്ഷിതമായി പ്രധാനമന്ത്രിയെ മുന്നില്‍ കിട്ടിയതില്‍ അവര്‍ ആഹ്ലാദിച്ചു. സുരക്ഷാപരമായ കാരണങ്ങളാലാവും സന്ദര്‍ശനസ്ഥലങ്ങള്‍ മാറ്റിയത്. രാജീവിന്റെ ഭാര്യ സോണിയഗാന്ധി രാജീവിനൊപ്പം ഊരിലേക്കു കടന്നു ചെന്ന് കുറെ സമയം ആദിവാസികള്‍ക്കൊപ്പം ചെലവഴിച്ചു, അവരുടെ പരാതികള്‍ കേട്ടു. തിരിച്ചു കാറില്‍ കയറും മുമ്പ് അവര്‍ ഭര്‍ത്താവിനോട് ‘ ഇവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണം’ എന്നു പറഞ്ഞതായി അന്നു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ പാലക്കാട് എത്തി പ്രസംഗിക്കുമ്പോഴും റോഡ് മാര്‍ഗം സഞ്ചരിച്ച പല പത്രപ്രവര്‍ത്തകരും പാലക്കാട്ടെത്തിയിരുന്നില്ല. എനിക്ക് അതൊരു പ്രശ്നമായില്ല, കാരണം പ്രസംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ജയഗോപാല്‍ ഉണ്ട്. പക്ഷേ, മറ്റൊരു പ്രശ്നം തലവേദനയായി. പരിപാടികളുടെ കളര്‍ ഫിലിം മാതൃഭൂമിയുടെ കോഴിക്കോട് ഡസ്കില്‍ എത്തിക്കണം. കാരണം, ആദ്യമായി കളറില്‍ വാര്‍ത്താചിത്രം പ്രസിദ്ധപ്പെടുത്താന്‍ ഉദ്ദേശ്യമുണ്ട്. നേരത്തെ, 1981 ജനവരി ഒന്നിന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വര്‍ക്കല പാപനാശം കടപ്പുറത്ത് ഹെലിക്കോപ്റ്ററില്‍ വന്നിറങ്ങുന്ന കളര്‍ ചിത്രം മാതൃഭൂമി തിരുവനന്തപുരം എഡിഷനില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. അതാണ് മാതൃഭൂമിയുടെ ആദ്യ കളര്‍ വാര്‍ത്താചിത്രം. അതെടുത്ത രാജന് പൊതുവാള് തന്നെയാണ് ഇന്ദിരയുടെ മകന് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി അട്ടപ്പാടിയില്‍ ആദ്യമായി എത്തുന്ന ചിത്രം എടുക്കാനും നിയോഗിക്കപ്പെട്ടത്.
പക്ഷേ, ഒരു പ്രശ്നമുണ്ടായി. രാജന് പൊതുവാള് കാത്തുനിന്ന ഊരില്‍ പ്രധാനമന്ത്രി കയറാതിരുന്നതുകൊണ്ട് ആ ചിത്രം അദ്ദേഹത്തിനു കിട്ടിയില്ല. പക്ഷേ, സൈലന്റ് വാലിയില്‍ മറ്റൊരു ഫോട്ടോഗ്രാഫറെ-പാലക്കാട്ട് അക്കാലത്ത് മാതൃഭൂമിയുടെ ഫോട്ടോകളെടുക്കാറുള്ള സ്റ്റുഡിയോ ഫോട്ടോഗ്രാഫര്‍ ഗംഗാധരനെ- നിയോഗിച്ചിരുന്നതു കൊണ്ട് ഫോട്ടോ കിട്ടി. അതാണ് കോഴിക്കോട് മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ കളര്‍ വാര്ത്താചിത്രങ്ങളിലൊന്ന്. മൈതാനത്ത് രാജീവ് പ്രസംഗിക്കുന്ന ചിത്രം രാജന് പൊതുവാള് എടുത്തതും പത്രത്തില്‍ ഒന്നാം പേജില്‍ ഉണ്ട്. ഇന്നത്തെപ്പോലെ ഇന്റര്നെറ്റിലല്ലല്ലോ അയക്കുന്നത്- അന്നു പാലക്കാട് മാതൃഭൂമി യൂണിറ്റ് മാനേജര്‍ സേതുമാധവന് നായരുടെ മകന് മോഹന്‍ദാസ് (ഇന്നദ്ദേഹം അവിടെ അഡ്വര്‍ടൈസിങ് മാനേജരാണ് ) ആണ് ഈ ഫോട്ടോഫിലിമുകള് ജിപ്പില്‍ കോഴിക്കോട്ട് എത്തിക്കാന്‍ സന്നദ്ധനായത്. വഴിയില്‍ വാഹനം കേടായിട്ടും ആകാവുന്നത്ര കുറച്ച് സമയമെടുത്ത് അവരത് ന്യൂസ്് റൂമിലെത്തിച്ചിരുന്നു. എങ്കിലും, ചിത്രം വൈകിയതിന് അന്നത്തെ ന്യൂസ് എഡിറ്റര്‍ ശിവശങ്കരന് എഴുത്തച്ചന് എന്നെ ഫോണില്‍ വിളിച്ച് ശകാരിച്ചത് ഓര്‍ക്കുന്നു. ഫീല്‍ഡില്‍ എന്തു സംഭവിച്ചാലും എഡിറ്റര്‍മാര്‍ക്ക് ബാധ്യതയില്ല. റിപ്പോര്‍ട്ടും പടവും പറഞ്ഞ സമയത്തിനു കിട്ടണം. കളര്‍ ചിത്രം രൂപാന്തരപ്പെടുത്തി പ്രിന്റിങ്ങിനു സജ്ജമാക്കാന്‍ സമയമെടുക്കും. എങ്കിലും, പിറ്റേന്ന്-1985 സപ്തംബര്‍ എട്ടിന്- പത്രം കളറില്‍ തന്നെ ഇറങ്ങിയത് ആശ്വാസം പകര്‍ന്നു. ഒരു വീഴ്ചയും പുറത്തുകാണിക്കാതെ, വാര്‍ത്തയും കളര്‍ ഫോട്ടോകളും പൊലിപ്പിച്ചിരുന്നു. പൊതുവെ ഞാന്‍ എഴുതിയ വാര്‍ത്തകളുടെ തലക്കെട്ടുകളൊന്നും ഞാന്‍ ഓര്‍ത്തുവെക്കാറില്ല. എന്തുകൊണ്ടോ, അട്ടപ്പാടിയിലെ രാജീവ് സന്ദര്‍ശന വാര്‍ത്തയ്ക്ക് എഴുതിയ തലക്കെട്ട് ഞാന്‍ മറന്നില്ല-ഹരിതവനത്തിന് ഹരം നുകര്‍ന്ന്, ഗിരിജനത്തിന് മനം കവര്‍ന്ന്…..ഞാന്‍ ഓര്‍ത്തതുതന്നെ എനിക്ക് അത്ഭുതമായിരുന്നു. പക്ഷേ, അന്നു കൈയില്‍ കൊണ്ടുപോയ ഫോട്ടോ ക്യാപ്ഷന്‍-ഇതേ വാചകം-മുപ്പത്തഞ്ച് വര്‍ഷത്തിനു ശേഷവും മോഹന്‍ദാസ് ഓര്‍ത്തു പറഞ്ഞപ്പോള്‍ അതെന്നെ ശരിക്കും കോരിത്തരിപ്പിച്ചു.
ചന്ദ്രശേഖറും അട്ടപ്പാടിയും
പ്രധാനമന്ത്രിയായിരുന്ന ചന്ദ്രശേഖറിന് അട്ടപ്പാടിയുമായുള്ള ബന്ധം അധികം പേര്‍ക്കൊന്നും അറിയില്ല. ചന്ദ്രശേഖര്‍ അട്ടപ്പാടിയിലെ ഒരു ഭൂഉടമയാണ്! സത്യം. ജനത പാര്‍ട്ടിയുടെ പ്രസിഡന്റായിരുന്നു ചന്ദ്രശേഖര്‍ 1977-88 കാലത്ത്. 1977-ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയുടെ ഭരണത്തെ തൂത്തെറിഞ്ഞ് അധികാരം പിടിച്ച പ്രതിപക്ഷ സംഖ്യത്തെ നയിച്ചത് ജനത പാര്‍ട്ടി ആയിരുന്നല്ലോ. തിരഞ്ഞെടുപ്പിനു ശേഷമാണ് ചന്ദ്രശേഖര്‍ പാര്ട്ടിപ്രസിഡന്റായത്. ജനത പാര്‍ട്ടി മന്ത്രിസഭ തകര്‍ന്ന ശേഷം പൊതുതിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി തിരിച്ചുവന്നത് ചരിത്രം. ജനത പാര്‍ട്ടി പ്രസിഡന്റ് ആയിരിക്കെ തന്നെയാണ് ചന്ദ്രശേഖര്‍ ഒരു വലിയ സംഘം അനുയായികള്‍ക്കൊപ്പം ”ജനഹൃദയം തൊട്ടറിയാന്‍” 1983-ല്‍ കന്യാകുമാരി മുതല്‍ ഡല്‍ഹി വരെ പദയാത്ര-ഭാരതയാത്ര- നടത്തിയത്. അത് പാര്‍ട്ടി പരിപാടിയായിരുന്നില്ല. ആ യാത്രയുടെ തുടര്‍ച്ചയാണ് അഗളിയിലെ ഭാരതയാത്രകേന്ദ്രം.
യാത്രയില്‍ ഉള്‍ക്കൊണ്ട ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനും ഗ്രാമജനതയെ ഉദ്ധരിക്കാനുമെല്ലാമായി അദ്ദേഹം രാജ്യത്ത് പലേടത്തും സ്ഥാപിച്ച ഭാരതയാത്ര കേന്ദ്രങ്ങളിലൊന്നു മാത്രമാണ് ശുരുവാണി തീരത്തേത്. ചന്ദ്രശേഖര്‍ വിലയ്ക്കു വാങ്ങിയ 4.715 ഹെക്റ്റര്‍ സ്ഥലത്താണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനു ശേഷം പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി 1984 ഒടുവില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെയാണ് അധികാരത്തില്‍ തിരിച്ചെത്തിയത്. രാജീവ് ഗാന്ധിക്കെതിരെ ആ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പ്രചാരണം നയിച്ച ചന്ദ്രശേഖറിന് വോട്ടിങ്ങ് ഫലം വന്‍തിരിച്ചടിയായിരുന്നു. ജനത പാര്‍ട്ടിക്കു കിട്ടിയത് പത്തു സീറ്റ് മാത്രം! ചന്ദ്രശേഖര്‍ തന്നെയും തോറ്റു. ബി.ജെ.പി ക്കു രണ്ടു സീറ്റേ കിട്ടിയുള്ളൂ എന്നതു മാത്രമായിരുന്നു ജനത പാര്‍ട്ടിക്കാരുടെ ആശ്വാസം! മുറിവുകള്‍ ഉണങ്ങാനും രണ്ടു നാള് വിശ്രമിക്കാനും അഗളിയില്‍ നദിയോരത്ത് എത്തുമ്പോഴേക്ക്് ഭാരതയാത്ര കേന്ദ്രം ഭാഗികമായി സജ്ജമായിരുന്നു.ചന്ദ്രശേഖര്‍ വരുന്ന കാര്യം എന്നെ അറിയിച്ചത് ആ കേന്ദ്രത്തിന്റെ ചുമതല വഹിച്ചിരുന്ന അഡ്വ. എന്‍.ജെ ആന്റണി ആയിരുന്നു. ഞങ്ങള്‍ പഴയ പരിചയക്കാരും എം.എ ജോണ്‍ നയിച്ച പരിവര്‍ത്തനവാദി കോണ്‍ഗ്രസ്സില്‍ സഹപ്രവര്‍ത്തകരുമായിരുന്നു. അഗളിയില്‍ ചന്ദ്രശേഖറെ കാണാന്‍ വേറെ പത്രപ്രവര്‍ത്തകരെയൊന്നും ആന്റണി വിളിച്ചിരുന്നില്ല.രാവിലെ എത്തിയ ചന്ദ്രശേഖര്‍ ഉച്ചതിരിഞ്ഞ് കാണാം എന്നു മാത്രം പറഞ്ഞു. ഉച്ചഭക്ഷണ ശേഷം ‘ഓല മേഞ്ഞ കുടിലിലെ ചാണകം മെഴുകിയ നിലത്ത് പായ വിരിച്ചൊന്നു മയങ്ങി’ എഴുന്നേറ്റ ശേഷമാണ് സന്ദര്‍ശകരെ കാണാന്‍ ഇരുന്നത്. കാണാനെത്തിയ പ്രമുഖരും പ്രവര്‍ത്തകരും, അവിടത്തെ കെട്ടിടം പണിയുടെയും മറ്റും കാര്യങ്ങള്‍ സംസാരിക്കാന്‍ വിളിച്ചു വരുത്തിയ ആര്‍ക്കിടെക്റ്റ് ആര്.കെ രമേഷിനെപ്പോലുള്ളവരും ഉള്‍പ്പെടുന്ന സദസ്സിലായിരുന്നു ഞാനും ഉണ്ടായിരുന്നത്. സംഭാഷണങ്ങള്‍ക്കിടയില്‍ ചോദിച്ച കുറെ നിരുപദ്രവ ചോദ്യങ്ങളും മറുപടികളുമായിരുന്നു അഭിമുഖം. ആളുകള്‍ പിരിഞ്ഞപ്പോള്‍ അദ്ദേഹം കുറെ നേരം പുഴക്കരയിലിരുന്നു. അപ്പോള്‍ കുറച്ച് ചിത്രങ്ങളെടുക്കാന്‍ കഴിഞ്ഞു. പുഴയോരത്ത് ചന്ദ്രശേഖര്‍ തലകുനിച്ചിരിക്കുന്ന ചിത്രംസഹിതം മാതൃഭൂമി, അഭിമുഖം ഒന്നാം പേജില്‍ നന്നായി പ്രസിദ്ധപ്പെടുത്തി.
അടുത്ത കാലം വരെ ആന്റണി ആ കേന്ദ്രത്തിന്റെ ചുമതല വഹിച്ചിരുന്നു. ആരോഗ്യ കാരണങ്ങളാല്‍ അദ്ദേഹം കുറച്ചായി മാറിനില്‍ക്കുകയാണ്. 2007-ല്‍ ചന്ദ്രശേഖര്‍ അന്തരിച്ചു. ഇപ്പോഴത് അടച്ചിട്ട നിലയിലാണ്. മറ്റ് നാലോ അഞ്ചോ ഭാരതയാത്ര കേന്ദ്രങ്ങളുടെയും സ്ഥിതി ഇതുതന്നെ. ഇതിന്റെ ഉടമസ്ഥത വഹിക്കുന്ന ട്രസ്റ്റ് ഭരണസമിതിയില്‍ ഒരാളേ ജീവിച്ചിരിപ്പുള്ളൂ. അതുകൊണ്ട് യോഗം ചേരാനോ തീരുമാനമെടുക്കാനോ കഴിയുന്നില്ല. ട്രസ്റ്റ് ഏറ്റെടുത്ത് ആദിവാസിക്ഷേമത്തിനു പ്രയോജനപ്പെടുംവിധം എന്തെങ്കിലും സ്ഥാപനമായി രൂപാന്തരപ്പെടുത്തണമെന്ന് അഭിപ്രായക്കാരനാണ് അഡ്വ. ആന്റണി.
കെ.ആര് നാരായണന്പാലക്കാട്ട് ബ്യൂറോവിലെ സേവനത്തിനിടയില്‍ ഒരു സുപ്രധാനഘട്ടത്തിനു കൂടി സാക്ഷിയാകാന്‍ എനിക്ക് അവസരം ലഭിച്ചു. അതിനു അട്ടപ്പാടിയുമായി ബന്ധമില്ല. 1984-ലെ ലോക്സഭ തിരഞ്ഞെടുപ്പാണത്. ഒറ്റപ്പാലം പാര്‍ലമെന്റ്് മണ്ഡലത്തില്‍ കോണ്‍ഗ്രസ് മുന്നണിയുടെ സ്ഥാനാര്‍ത്ഥി അക്കാലത്തുതന്നെ പ്രശസ്തനായിരുന്ന കെ.ആര് നാരായണന് ആയിരുന്നു. പ്രശസ്തി നേടിയ അക്കാദമിക് കാലത്തിനു ശേഷം അതിലേറെ പ്രശസ്തിയുണ്ടാക്കിയ രാഷ്ട്രീയ കാലത്തിലേക്ക് അദ്ദേഹം പ്രവേശിച്ചത് ഈ പൊതുതിരഞ്ഞെടുപ്പിലൂടെ ആയിരുന്നു. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം ആദ്യമായി പാലക്കാട് എത്തിയ ദിവസംതന്നെ അദ്ദേഹത്തെ കാണാനും സംസാരിക്കാനും അവസരം ലഭിച്ചിരുന്നു. അദ്ദേഹം സന്ധ്യക്ക് എത്തുമെന്നും കെ.ശങ്കരനാരായണന്റെ വീട്ടിലുണ്ടാകുമെന്നും എന്നെ അറിയിച്ചത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൂടിയായിരുന്ന മാതൃഭൂമി ഒറ്റപ്പാലം ലേഖകന്‍ പി.ആര് ഉണ്ണി ആയിരുന്നു. അന്നത്തെ കൂടിക്കാഴ്ച്ചയില്‍ വേറെ പത്രലേഖകര്‍ ആരുമുണ്ടായിരുന്നില്ല.തിരഞ്ഞെടുപ്പ് പ്രചാരണത്തിനിയില്‍ ഒന്നിലേറെത്തവണ ഒറ്റപ്പാലം ഗസ്റ്റ് ഹൗസില്‍ ചെന്ന് അദ്ദേഹവുമായി സംസാരിക്കാനും അവസരം കിട്ടി. ഒരു തവണ ചെല്ലുമ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥി എ.കെ. ബാലനും ഉണ്ടായിരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളേജ് പഠനകാലത്തെ സൗഹൃദം പുതുക്കാനും, നാരായണനും ബാലനും തമ്മില്‍ ഗസ്റ്റ്ഹൗസ് മുറ്റത്തു നടന്ന സൗഹൃദ സംഭാഷണത്തിലെ കുത്തുവാക്കുകളും കൗതുകവും മാതൃഭൂമിയിയില് ഒന്നാം പേജ് വാര്‍ത്തയാക്കാനും അവസരമുണ്ടായി….അട്ടപ്പാടിയുമായി ബന്ധമില്ലാത്തതാണെങ്കിലും പാലക്കാട് കാലത്ത് ഞാനെഴുതിയ രണ്ട് വാര്‍ത്തകളെക്കുറിച്ച് പിന്നീട് കേട്ട വിവരങ്ങള്‍ ഏറെ സന്തോഷമുളവാക്കി. ആറേഴു വര്‍ഷം മുമ്പ് മണ്ണാര്‍ക്കാട് നിന്നു എനിക്കൊരു കത്തു കിട്ടി. മണ്ണാര്‍ക്കാട് മലയോര ഭാഗത്തുള്ള ഒരു കൂട്ടം ആദിവാസികളുടെ ദയനീയവസ്ഥയെക്കുറിച്ച് ഞാന്‍ പണ്ട് എഴുതിയ റിപ്പോര്‍ട്ടിനെക്കുറിച്ചായിരുന്നു ആ കത്ത്. ആദിവാസികള്‍ക്കു ലഭിക്കേണ്ട് ഒരു ആനുകൂല്യവും ലഭിക്കാത്തവരായിരുന്നു അവര്‍. അവരെ അധികൃതര്‍ ആദിവാസികളായി അംഗീകരിക്കുന്നില്ല എന്നതായിരുന്നു പ്രശ്നം. എന്റെ വാര്‍ത്ത ആദിവാസി ക്ഷേമ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുകയും അവര്‍ പ്രശ്നപരിഹാരത്തിനു ശ്രമിക്കുകയും ചെയ്തു. കുറെ വര്‍ഷമെടുത്തെങ്കിലും എല്ലാ ആനുകൂല്യങ്ങളും ഇപ്പോള്‍ ലഭിക്കുന്നു. അതില്‍ നന്ദി അറിയിക്കുന്നതായിരുന്നു ആ കത്ത്. ഗസറ്റിലുള്ള ജാതിപ്പേരിലൊന്നും പെടാത്ത വിഭാഗമായതുകൊണ്ട് അവരുടെ ജാതി എന്ത് എന്നു കണ്ടെത്താനും ആചാരങ്ങളും ചരിത്രവുമെല്ലാം ശാസ്ത്രീയമായി വിലയിരുത്താനും സമയമെടുത്തു. എന്തായാലും, അവരെക്കുറിച്ച് ആദ്യമെഴുതിയ ആളെ കണ്ടെത്തി ആ പ്രദേശത്തുകാര്‍ക്കു വേണ്ടി നന്ദിപ്രകടനമായി അയച്ചതാണ് കത്ത്. നിര്‍ഭാഗ്യവശാല്‍, എന്റെ അലംഭാവം കാരണം ആ കത്ത് എങ്ങോ പോയ് മറഞ്ഞു!ചൂലന്നൂര്‍ മയില്‍ സങ്കേതംമറ്റൊരു വാര്‍ത്ത ചൂലന്നൂര്‍ മയില്‍ സങ്കേതത്തെക്കുറിച്ചായിരുന്നു. അത് ഇന്നു സുപരിചിതമാണ്. ഇവിടെ ഒരു മയില്‍ സങ്കേതമുണ്ട് എന്ന് അയല്‍വാസികള്‍ മാത്രം അറിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. കേരളത്തില്‍ മയില്‍ സങ്കേതമില്ല എന്നായിരുന്ന അന്നത്തെ ഔദ്യോഗിക നിലപാട്. വെസ്റ്റഡ് ഫോറസ്റ്റ് ആണ് പ്രദേശം. സുബ്രഹ്മണ്യന്റെ വാഹനമായതുകൊണ്ട് മയിലുകളെ ആളുകള്‍ കൊല്ലുന്നില്ല എന്നേ ഉണ്ടായിരുന്നുള്ളൂ. ഈ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് ഒരു കേസ് നടക്കുന്നുണ്ടായിരുന്നു. ഇതു വനഭൂമിയല്ല, തങ്ങളുടെ കൃഷിഭൂമിയാണ് എന്ന സ്വകാര്യവ്യക്തികളുടെ അവകാശവാദം കോടതി അംഗീകരിച്ച ഘട്ടത്തില്‍ ചില ഫോറസ്റ്റ് സ്റ്റാഫ് അംഗങ്ങളാണ് വിഷയം എന്റെ ശ്രദ്ധയില്‍ പെടുത്തിയത്. അതൊരു മയില്‍ സങ്കേതമാണെന്ന കാര്യം ആരും കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയില്ല എന്നും അവര്‍ പറഞ്ഞു. എന്തായാലും, ഞാന്‍ അവിടെ പോയി. മയിലുകള്‍ ധാരാളം ഓടുന്നും പറക്കുന്നുമെല്ലാം കണ്ടെങ്കിലും ഒരു ഫൊട്ടോ പകര്‍ത്താന്‍ എനിക്ക് വൈകീട്ടു വരെ അതിനകത്ത്് ഓടേണ്ടി വന്നു. എന്തായാലും, 1985 ജുലായി 13 ന് മയില്‍ കൂട്ടങ്ങള്‍ ഇനി എങ്ങുപോകും എന്ന തലക്കെട്ടില്‍ ഒരു ബോക്സ് വാര്‍ത്ത, കാട്ടില്‍ പറക്കുന്ന മയിലിന്റെ ചിത്രം ഉള്‍പ്പെടെ മാതൃഭൂമിയുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ക്രമേണ വിഷയം ചൂടുപിടിച്ചു. കേസ്സില്‍ സര്‍ക്കാര്‍ താല്പര്യമെടുത്തു. ഒടുവില്‍, വനംവകുപ്പിന് അനുകൂലമായി വിധിയും വന്നു. ശരിക്കുമൊരു മയില്‍ സങ്കേതമായി ഇതു മാറി. 1997-ല്‍ ബിനോയ് വിശ്വം വനംവകുപ്പുമന്ത്രിയായിരുന്ന കാലത്താണ് സങ്കേതം രൂപീകരിച്ചത്. പീച്ചി വന്യജീവി സംരക്ഷണ കേന്ദ്രത്തിന് കീഴിലാണ് ഇത്. ഇരുന്നൂറോളം മയിലുകള്‍ ഇവിടെയുണ്ടെന്നാണ് കരുതുന്നത്. ‘കേരളത്തിലെ പക്ഷികള്‍’ എഴുതിയ പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന് കെ.കെ നീലകണ്ഠന്റെ(ഇന്ദുചൂഡന്) സ്മാരകമാണ് ഈ സങ്കേതം. പത്തു വര്‍ഷം മുമ്പാണ് എന്നോര്‍ക്കുന്നു, മറ്റെന്തോ ആവശ്യത്തിന് ആ വഴിക്കു പോയപ്പോള്‍, കേന്ദ്രത്തിന്റെ വര്ണബോര്ഡുകളും മറ്റും കണ്ടപ്പോള്‍ വലിയ ചാരിതാര്‍ത്ഥ്യം തോന്നി.എന്റെ 33 വര്‍ഷത്തെ മാതൃഭൂമി ജീവിതത്തില്‍ ഒന്നേ കാല് വര്‍ഷം മാത്രമാണ് പാലക്കാട്ട് ചെലവഴിച്ചത്. ഇതിലും കൂടുതല്‍കാലം കോഴിക്കോട്ടും തൃശ്ശൂരും കണ്ണൂരും റിപ്പോര്ട്ടറായിരുന്നിട്ടുണ്ട്. പക്ഷേ, പാലക്കാട്ടാണ് ഏറെ അറിവുകളും നല്ല അനുഭവങ്ങളും എനിക്കു തന്നത്. അതില്‍ അട്ടപ്പാടിയും പ്രധാനമാണ്. തുടക്കത്തില്‍ പറഞ്ഞ പാലക്കാടന്‍ വൈവിദ്ധ്യവും പ്രത്യേകതകളും ആവാം ഇതിന് കാരണം. ഇനിയും പലതും എഴുതാനുണ്ട് എന്ന് ഇതെന്നെ ഓര്‍മിപ്പിക്കുന്നു.