വെറുതേ വീണ്ടും അടവുനയചര്‍ച്ച

ഇന്ദ്രൻ

കോഴിയാണോ ആദ്യം ഉണ്ടായത് അതോ കോഴിമുട്ടയോ എന്ന ചോദ്യത്തിന് ഒരുപക്ഷേ നാളെ ഉത്തരം കണ്ടെത്തിയേക്കാം. എന്നാല്‍, മുസ്ലിംലീഗ് വര്‍ഗീയപാര്‍ട്ടിയാണോ മതേതരപാര്‍ട്ടിയാണോ എന്ന ചോദ്യത്തിന് സി.പി.എം. അടുത്തൊന്നും ഉത്തരം കണ്ടെത്താനിടയില്ല. ചില ശാസ്ത്രീയ വ്യാഖ്യാനങ്ങള്‍ കേട്ടാല്‍ തോന്നിപ്പോകും കോഴിയില്ലാതെങ്ങനെയാണ് കോഴിമുട്ട ഉണ്ടാകുക, കോഴിതന്നെയാണ് ആദ്യം ഉണ്ടായതെന്ന്. വേറെ വ്യാഖ്യാനങ്ങള്‍ കേട്ടാല്‍ തിരിച്ചും തോന്നിപ്പോകും. പാര്‍ട്ടിപ്പേരില്‍ത്തന്നെ മതമുണ്ട്. പിന്നെയെങ്ങനെ മതേതരമാകും? ഇല്ലയില്ല. പക്ഷേ, മൊരത്ത വര്‍ഗീയവാദികളെ ലീഗ് എതിര്‍ക്കുന്നുണ്ടല്ലോ. സംഘികളെ മാത്രമല്ല കൈവെട്ട്, കാല്‍വെട്ട് സംഘങ്ങളെയും എതിര്‍ക്കുന്നുണ്ടല്ലോ. അപ്പോള്‍ വര്‍ഗീയവിരുദ്ധരല്ലേ ലീഗുകാര്‍? നാശം, ആകപ്പാടെ ഒന്നും വ്യക്തമാകുന്നില്ല.

തൊഴിലാളിവര്‍ഗപാര്‍ട്ടി നിര്‍ണായക പ്രതിസന്ധികളില്‍ എത്തുമ്പോള്‍ സൈദ്ധാന്തികചര്‍ച്ചകള്‍ ആവശ്യമായിവരും. വര്‍ഗശത്രുവിനെ മലര്‍ത്തിയടിക്കാന്‍ ഏത് നയം, തന്ത്രം, അടവ് പ്രയോഗിക്കണം എന്ന പ്രശ്‌നം ഉറക്കംകെടുത്തും. അപ്പോള്‍ പണ്ട് പലവട്ടം ഉത്തരംപറഞ്ഞ ചോദ്യങ്ങള്‍തന്നെ പിന്നെയും ഉയരും. പത്തുമുപ്പത്തഞ്ച് വര്‍ഷമെങ്കിലുമായി ഈ തൊന്തരവ് ഉറക്കംകെടുത്തുന്നുണ്ട്. തൊഴിലാളിവര്‍ഗത്തിന്റെ നിര്‍ണായക പ്രതിസന്ധി എന്നുകേട്ട് വേവലാതിയൊന്നും വേണ്ട. തൊഴിലാളിവര്‍ഗപാര്‍ട്ടി എന്നുപറഞ്ഞാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ്. നിര്‍ണായക പ്രതിസന്ധി എന്നുപറഞ്ഞാല്‍ തിരഞ്ഞെടുപ്പ്. വര്‍ഗശത്രുവിനെ അടിച്ചുമലര്‍ത്തുക എന്നുപറഞ്ഞാല്‍ പരമാവധി സീറ്റും തദ്വാരാ അധികാരവും നേടുക.

ഇത് പഞ്ചായത്ത്മുനിസിപ്പല്‍ തിരഞ്ഞെടുപ്പല്ലേ, ഇതില്‍ എന്തോന്ന് താത്ത്വികപ്രശ്‌നം, അടവുനയം തന്ത്രം എന്നൊക്കെ ചില അരസിക അലസന്മാര്‍ക്ക് തോന്നാനിടയുണ്ട്. എല്ലാം മാറ്റങ്ങളുടെ തുടര്‍ച്ചയിലെ ഓരോ കണ്ണികളാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ്, ആറുമാസത്തിനകം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്. ഇവിടെ പണിപാളിയാല്‍ അവിടെയും പാളും. മാത്രവുമല്ല, താഴേത്തട്ടിലെ കളിയില്‍ പൊതുവേ ആര് ജയിച്ചാലും വമ്പിച്ച നേട്ടം നമുക്കുതന്നെ എന്ന് വ്യാഖ്യാനിച്ചെടുക്കുക പണ്ട് എളുപ്പമായിരുന്നു. ഇപ്പോള്‍ അത്ര എളുപ്പമല്ല. നിയമസഭയില്‍ സീറ്റ് നിങ്ങള്‍ക്കാണ് അധികമെങ്കിലും വോട്ട് ഞങ്ങള്‍ക്കാണ്, വോട്ടിന്റെ ശതമാനത്തിലെ വര്‍ധനയുടെ തോതിന്റെ ശതമാനം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍നിന്ന് ഈ തിരഞ്ഞെടുപ്പിലേക്കുള്ള വര്‍ധനയില്‍ മുന്നില്‍ നില്‍ക്കുന്നത് നമ്മുടെ മുന്നണിയാണെന്നും മറ്റും പാര്‍ട്ടിപ്പത്രംമാത്രം വായിക്കുന്നവരുടെ മുന്നില്‍ നിരത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാറുണ്ട് . ഇപ്പോള്‍ മുതലാളിത്തവ്യവസ്ഥിതിയുടെ ജീര്‍ണത കാരണം പാര്‍ട്ടിപ്രവര്‍ത്തകര്‍പോലും സകല ചാനലും കാണുന്നു. അവര്‍ നേതാക്കളെ ഇങ്ങോട്ട് പഠിപ്പിക്കാന്‍ വരും. ഇതൊക്കെ പരിഹരിക്കാന്‍ ഒരു വഴിയേ ഉള്ളൂ. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജയിക്കണം. ജീവന്മരണ പ്രശ്‌നമാണ്. മുങ്ങിപ്പോകാതിരിക്കാന്‍ എന്തിലും പിടിക്കാം. നല്ല തേക്കിന്‍ തടി ഒഴുകിവന്നാലേ പിടിക്കൂ എന്ന് കടുംപിടിത്തം പിടിക്കുന്നവന്റെ കാര്യം പോക്കാണ്.

താത്ത്വികാചാര്യന്‍ സഖാവ് ഇ.എം. വിടവാങ്ങിയതില്‍ പിന്നീട് വിശ്വസിക്കാന്‍ കൊള്ളാവുന്ന സൈദ്ധാന്തിക ന്യായീകരണങ്ങള്‍ക്ക് ക്ഷാമമുണ്ട്. ഇപ്പോള്‍ മുന്നില്‍ ഇരുട്ടൊന്നുമില്ല. നല്ല വെളിച്ചമാണ്. റാന്തലൊന്നുമല്ല, മുന്തിയ എല്‍.ഇ.ഡി. വിളക്കുകളുമായി പലരും നില്‍പ്പുണ്ട്. ബേബിയല്ലാത്ത എം.എ. ബേബി, ഡോക്ടറല്ലാത്ത ഡോ. തോമസ് ഐസക്ക്, കോടിയേരി, പിണറായി, എസ്.ആര്‍.പി. തുടങ്ങിയ പലരുമുണ്ട്. വെളിച്ചം കണ്ണിലടിച്ചിട്ട് ഒന്നും കാണാന്‍ വയ്യെന്നുമാത്രം. നാലാള്‍ നാല് വഴിയാണ് കാട്ടുന്നത് എന്നുപോലും മനസ്സിലാവുന്നില്ല.
ലീഗ് മതേതരപാര്‍ട്ടിയാണെന്ന് പറയാനാവില്ല എന്ന ബേബി ഡയലോഗിന് ഇ.എം.എസ്. ഡയലോഗിന്റെ ചുവയെങ്കിലുമുണ്ട്. ലീഗ് മതേതരപാര്‍ട്ടിയാണെന്ന് ലീഗുപോലും അവകാശപ്പെടാത്തതുകൊണ്ട് അതൊരു പ്രശ്‌നമല്ല. ലീഗ് മതപാര്‍ട്ടിതന്നെ. പക്ഷേ, ലീഗ് വര്‍ഗീയപാര്‍ട്ടിയാണോ എന്നതാണ് ചോദ്യം. മനുഷ്യരെ തമ്മിലടിപ്പിക്കുന്ന, നാട് കുട്ടിച്ചോറാക്കുന്ന വര്‍ഗീയഭൂതമാണോ എന്നതാണ് ചോദ്യം. ഉത്തരം പറയാന്‍ പ്രയാസമുണ്ട്. ആലോചിക്കാതെ അതുമിതും പറഞ്ഞാല്‍ ചിലപ്പോള്‍ യു.ഡി.എഫുമായി പിണങ്ങിനില്‍ക്കുന്ന ലീഗുകാരുടെ വോട്ട് കിട്ടാതെപോകും. വല്ലാതെ അവരെ സുഖിപ്പിക്കാന്‍ നോക്കിയാല്‍ ഹിന്ദുവോട്ടുകള്‍ കിട്ടാതെപോവും. ധര്‍മസങ്കടമാണ്.

എന്തായാലും തീരുമാനമൊന്നും ഉടനെ ഉണ്ടാവില്ല. പാര്‍ട്ടി എന്തുപറയുന്നു എന്നറിയാന്‍ നോക്കിയിരിപ്പാണ് വി.എസ്. അച്യുതാനന്ദന്‍. അതറിഞ്ഞശേഷമല്ലേ അതിനെ എതിര്‍ക്കാന്‍ പറ്റൂ.  സി.പി.എം. എന്തുപറഞ്ഞാലും സി.പി.ഐ. അതിനെതിരാണ്. അക്കാര്യത്തില്‍ ആശയക്കുഴപ്പമൊന്നുമില്ല. അതുകൊണ്ട് തീരുമാനം ഉണ്ടാവില്ല. മാത്രവുമല്ല, കാല്‍നൂറ്റാണ്ടോളം മുമ്പ് ഹര്‍ക്കിഷന്‍സിങ് സുര്‍ജിത്തിന്റെകൂടി ഉപദേശത്തോടെ മുസ്ലിംലീഗ് വിട്ട് നല്ല ഒന്നാന്തരം സെക്യുലര്‍ പേരുമിട്ട് കാത്തുനില്‍ക്കുന്ന ഐ.എന്‍.എല്ലിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതാണ് സഖാവ് പിണറായി പറഞ്ഞത്, സിദ്ധാന്തം തര്‍ക്കിക്കാനുള്ള സമയമല്ല ഇതെന്ന്. വോട്ടുചെയ്യുന്ന കാര്യത്തില്‍മാത്രം ആര്‍ക്കും ആശയക്കുഴപ്പം വേണ്ട. എല്ലാവരും എല്ലാം മറന്ന് ഇടതുമുന്നണിക്ക് വോട്ടുചെയ്യുക. ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മാത്രമല്ല, ഇനി നടക്കുന്ന എല്ലാ തിരഞ്ഞെടുപ്പിലും.

****

യു.ഡി.എഫുകാരെ കണ്ടുപഠിക്കണം. ഇങ്ങനത്തെ യാതൊരു പ്രശ്‌നവും അവര്‍ക്കില്ല. വളരെ ക്ലിയറായ താത്ത്വിക ലൈനാണ്. പരമാവധി സ്ഥലത്ത് തമ്മില്‍ത്തല്ലുണ്ട്. സ്ഥാന ആര്‍ത്തി എന്ന ലഘുവായ രോഗംമാത്രം. ഇത്രയും പേര്‍, ഇത്രയും കക്ഷികള്‍ ഓരോ സീറ്റിനുംവേണ്ടി കടിപിടി കൂടുന്നതുതന്നെ നല്ല ലക്ഷണമായാണ് അവര്‍ കാണുന്നത്. നല്ല ജയസാധ്യതയുള്ളതുകൊണ്ടാണ് ആളുകളിങ്ങനെ ആര്‍ത്തിപിടിച്ചുവരുന്നത് എന്ന് തോന്നിപ്പോകും. ആവണമെന്നില്ല. വോട്ടെടുപ്പില്‍  തോല്‍ക്കുന്ന സ്ഥാനാര്‍ഥിയും ജയിക്കുന്നുണ്ട് പല കാര്യങ്ങളില്‍. സ്വാശ്രയ സ്ഥാനാര്‍ഥിയായി പണം പിരിച്ചുകൂടേ?  നല്ല ഫ്‌ളക്‌സ് ബോര്‍ഡില്‍ കളര്‍ ഫോട്ടോ ആയി തൂങ്ങിക്കിടന്നുകൂടേ? ഒരിക്കലെങ്കിലും ഇങ്ങനെ തൂങ്ങിക്കിടന്നിട്ട് മരിച്ചാല്‍മതി എന്ന് മോഹിക്കുന്നവര്‍തന്നെ ഇപ്പോള്‍ ധാരാളമുണ്ട്.
യു.ഡി.എഫ്. വര്‍ഗീയതയ്ക്ക് എതിരാണ്. പക്ഷേ, അത് പറഞ്ഞുകൊണ്ടേയിരിക്കില്ല. വെറുതേ പറഞ്ഞുപറഞ്ഞ് എന്തിന് വോട്ട് കളയണം ? മോദിയെയും ഹിന്ദുത്വലൈന്‍കാരെയും മനസ്സുകൊണ്ട് സ്തുതിക്കുന്നവര്‍ ബി.ജെ.പി.ക്ക് പുറത്തും ധാരാളമുണ്ട്. എന്തിന് വെറുതേ പ്രകോപിപ്പിക്കണം? വെള്ളാപ്പള്ളി നടേശനെപ്പോലും വെറുതേ പ്രകോപിപ്പിക്കേണ്ട.
കഴിഞ്ഞ നാലരവര്‍ഷമായി പരസ്യമായി വിമര്‍ശിക്കുകയും വേണ്ടപ്പോഴെല്ലാം സഹായിക്കുകയുംചെയ്ത ആളല്ലേ. ഇത്തവണ അദ്ദേഹം മനസ്സുവെച്ചാല്‍ കുറച്ചെങ്കിലും കമ്യൂണിസ്റ്റ് ഈഴവ വോട്ട് തിരിച്ചുവിടാം, അത്രയും ജയസാധ്യത യു.ഡി.എഫിന് കൂടും. അതുകൊണ്ട് അവര്‍ വികസനം, പേപ്പട്ടിശല്യം, വെയിലിന്റെ ചൂട് തുടങ്ങിയ ശാശ്വതമൂല്യങ്ങളുള്ള വിഷയങ്ങളെക്കുറിച്ചേ സംസാരിക്കൂ. വര്‍ഗീയതയും ഫാസിസവുമൊക്കെ അവിടെ നില്‍ക്കട്ടെ.
****
കേരളംപോലുള്ള ഒരു കൊച്ചുസംസ്ഥാനത്തിലെ പാര്‍ട്ടിഘടകത്തിന് പാര്‍ട്ടികളുടെ ദേശീയ നേതൃത്വങ്ങളൊന്നും വലിയ വിലകല്പിക്കാറില്ല. പലപ്പോഴും കേന്ദ്രമന്ത്രിസ്ഥാനംപോലും കിട്ടില്ല. ഇപ്പോഴിതൊന്നുമല്ല അവസ്ഥ. കേരളത്തിലെ ബി.ജെ.പി.ക്ക് മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ച്ചിട്ട് ഇറക്കാനും വയ്യ.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതുമുതല്‍ കേരളഘടകത്തെ പിടിച്ചുകെട്ടി ബലമായി പോഷകങ്ങള്‍ തീറ്റിക്കുകയാണ് അമിത് ഷായും മോദിജിയും. നിരാഹാരസമരം കിടന്ന് ചാവാന്‍ ശ്രമിക്കുന്നവനെ തീറ്റിക്കുന്നതുപോലെയുള്ള കേന്ദ്രന്റെ ബലാത്കാരപീഡനം. വെള്ളാപ്പള്ളി നടേശനെ രംഗത്തിറക്കിയതോടെ, നടേശനോട് ചോദിച്ചുവേണം പാര്‍ട്ടി ഇവിടെ എന്തെങ്കിലും ചെയ്യാനെന്ന നിലയുണ്ടായി. പോകട്ടെ, അത് കുറച്ച് സഹിക്കാം, വോട്ട് കിട്ടുമെങ്കില്‍. നടേശന്‍ മിസ് കോളടിച്ച് മെമ്പര്‍ഷിപ്പെടുത്ത് സംസ്ഥാന പ്രസിഡന്റാവുകയില്ല എന്നെങ്കിലും സമാധാനിക്കാമായിരുന്നു. ഇപ്പോള്‍ അതല്ല സ്ഥിതി. പുറത്തുനിന്ന് ആരാണ് കേറിവരിക, ആരാണ് നാളെ പ്രസിഡന്റാവുക, ആരെയൊക്കെയാണ് പുറത്താക്കുക എന്നൊന്നും പറയാനാവില്ല. ആരും വരാം. മിസ്‌കോള്‍ അടിച്ചാല്‍ മതി. സീറ്റും വേണ്ട, അക്കൗണ്ടും തുറക്കേണ്ട, കുറച്ചുവോട്ട് വാങ്ങിയും കുറച്ചുവോട്ട് വിറ്റും സമാധാനപൂര്‍വം ജീവിച്ചുപോരുകയായിരുന്നു പത്തുമുപ്പത്തഞ്ച് കൊല്ലം. ഇനിയെന്താവുമോ എന്തോ…

Leave a Reply

Your email address will not be published. Required fields are marked *

Go Top