വെട്ടിനിരത്തല്‍ മുതല്‍ തട്ടിനിരത്തല്‍ വരെ

ഇന്ദ്രൻ

വി.എസ്‌. കുറച്ചുകാലം മുമ്പുവരെ വെട്ടിനിരത്തല്‍ ഫെയിം ആയാണ്‌ അറിയപ്പെട്ടിരുന്നത്‌. ആലപ്പുഴയില്‍ അദ്ദേഹം വെട്ടിനിരത്താന്‍ പുറപ്പെട്ടതും അനധികൃതനിര്‍മാണങ്ങളെയായിരുന്നു. കെട്ടിടങ്ങളല്ല എന്നുമാത്രം. നെല്ല്‌ വിളയേണ്ട ഭൂമിയില്‍ വാഴയും തെങ്ങും അനധികൃതമായി പൊങ്ങിവന്നപ്പോഴായിരുന്നു ആ ദൗത്യം. പ്രതിപക്ഷത്തായിരുന്നതുകൊണ്ട്‌ ‘ മീശ ഉള്ള ആളുടെയും മീശ ഇല്ലാത്ത ആളുടെയും ‘ ദൗത്യസംഘത്തെ നിയോഗിക്കാനായില്ല എന്നുമാത്രം. പക്ഷേ, ആ വെട്ടിനിരത്തല്‍ നാട്ടുകാര്‍ക്കൊട്ടും ഇഷ്ടപ്പെടുകയുണ്ടായില്ല. ആലപ്പുഴയിലെ കര്‍ഷകത്തൊഴിലാളികള്‍ മാത്രം കയ്യടിച്ച പ്രോത്സാഹിപ്പിച്ചതുകൊണ്ടു എന്തുകാര്യം ?

ഇപ്പോഴത്തെ ഇടിച്ചുനിരത്തല്‍ അത്തരത്തില്‍ പെട്ടതല്ല. വെട്ടിനിരത്തലിനേക്കാള്‍ ഗുണപരമായി ഏറെ മുന്നിലാണ്‌ ഈ തട്ടിനിരത്തല്‍. ജനത്തിന്റെ സന്തോഷത്തിന്‌ അതിരില്ല. ഒരു കെട്ടിടം പണിതുയര്‍ത്തുന്നത്‌ കാണാന്‍ ഒരു രസവുമില്ല. ദിവസേന കാണുന്ന കാഴ്‌ചയാണ്‌. നോക്കിനില്‍ക്കാന്‍ ഒരാളെപ്പോലും കിട്ടില്ല, നോക്കുകൂലി കൊടുത്താലും കിട്ടില്ല. അതുപോലെയല്ല ഇടിച്ചുനിരത്തല്‍. ബഹുനിലക്കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തുന്നതുകാണാന്‍ എന്തു രസം. കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല. ആരാന്റെ അമ്മയ്‌ക്ക്‌ പ്രാന്ത്‌ പിടിച്ചാല്‍ കാണാന്‍ നല്ല ചേല്‌ എന്നു പറഞ്ഞതുപോലെ ആരാന്റെ കെട്ടിടം ബൂള്‍ഡോസര്‍ വെച്ച്‌ നിരപ്പാക്കുന്നത്‌ കാണാന്‍ നല്ല രസമാണ്‌. കെട്ടിടം പണിതുയര്‍ത്താന്‍ എത്രദിവസത്തെ എത്രയാളുടെ അധ്വാനം വേണം? വര്‍ഷങ്ങള്‍ നീളുന്ന പണിയാണത്‌. പൊളിക്കാനോ ? ആ മാന്തിയന്ത്രം മാത്രം മതി. പൊളിപ്പിക്കാന്‍ പക്ഷേ നെട്ടല്ലിന്‌ ബലം കുറച്ചുവേണമെന്ന്‌ മാത്രം.

തച്ചുതകര്‍ക്കുക എന്നത്‌ നൈസര്‍ഗികമായ ഒരു അടിസ്ഥാനവാസനയാണ.്‌ വിപ്ലവകാരികളില്‍ ഇതിന്റെ വീര്യം കുറച്ചേറെയുണ്ടാകും. തച്ചുതകര്‍ക്കും തച്ചുതകര്‍ക്കും എന്ന്‌ മുഷ്ടിചുരുട്ടിയിടിച്ചിട്ടാണ്‌ അവര്‍ അക്ഷരമാല പഠിക്കുന്നതുതന്നെ. വ്യവസ്ഥിതി തച്ചുതകര്‍ക്കണം, ഭരണകൂടത്തെ തച്ചുതകര്‍ക്കണം, ശത്രുവര്‍ഗത്തെ തച്ചുതകര്‍ക്കണം…പണി കുറച്ചേറെയുണ്ട്‌്‌. പക്ഷേ, ഇതിനൊന്നും ജെ.സി.ബി. പോര താനും. വേറെ പണിയായുധമൊന്നും കൈയിലില്ലാത്തതുകൊണ്ടു , പോലീസ്‌ ജീപ്പിന്റെ ചില്ലോ സര്‍ക്കാര്‍ ഓഫീസിന്റെ ചില്ലോ തകര്‍ത്ത്‌ കൈയുടെ തരിപ്പ്‌ തീര്‍ക്കേണ്ടതായി വരുമെന്നേ ഉള്ളൂ. ഒരു പഞ്ചായത്ത്‌ മെമ്പറോ എം. എല്‍.എ യോ ഒക്കെ ആകുന്നതുവരെയേ നശീകരണപ്രവണത മുന്നില്‍ നില്‍ക്കൂ. പിന്നെ നിര്‍മാണാത്മകത മുന്നോട്ട്‌ വരും. എന്തെല്ലാം കെട്ടിപ്പടുക്കാനുണ്ട്‌…പാര്‍ട്ടി കെട്ടിപ്പടുക്കണം. സ്‌മാരകമന്ദിരങ്ങള്‍ എത്രയെത്ര കെട്ടിപ്പടുക്കാനുണ്ട്‌. ഇതുരണ്ടും എല്ലാകാലത്തും ഉണ്ടല്ലോ, അവിടെ നില്‍ക്കട്ടെ. ജീവിതം കെട്ടിപ്പടുക്കണം, കുടുംബം കെട്ടിപ്പടുക്കണം, നല്ലൊരു വീട്‌ കെട്ടിപ്പടുക്കണം…അങ്ങനെയങ്ങനെ പോകും നിര്‍മാണത്ത്വര. പലരും പാര്‍ട്ടി കെട്ടിപ്പടുക്കുന്നത്‌്‌ തന്നെ ഇതെല്ലാം കെട്ടിപ്പടുക്കാനാണ്‌. അച്യുതാനന്ദന്‌ ഈ മാതിരി നിര്‍മാണത്ത്വര ഒട്ടുമില്ല.. മറ്റേത്‌ നല്ലവണ്ണമുണ്ടുതാനും.

തകര്‍ക്കാനുള്ള ത്വര ചിലപ്പോള്‍ നിര്‍മാണാത്മകമായ ത്വരയാണ്‌ എന്ന്‌ പറഞ്ഞത്‌ റഷ്യന്‍ വിപ്ലവകാരി മിഖായേല്‍ ബകുനിന്‍ ആണ്‌. നിയമത്തെയും മര്യാദയെയും എല്ലാം പുല്ലാക്കി, കള്ളപ്പണമെറിഞ്ഞ്‌ നാടിന്റെ സര്‍വസ്വവും കൈപ്പിടിയിലൊതുക്കുന്ന മാഫിയകളെ തകര്‍ക്കുന്നതിനേക്കാള്‍ നിര്‍മാണാത്മകമായി മറ്റൊന്നില്ല. തീര്‍ച്ചയായും മൂന്നാറിലെ തകര്‍ക്കല്‍ നിര്‍മാണാത്മകമാണ്‌. ഇനിയവിടെ യാതൊന്നും നിര്‍മിച്ചില്ലെങ്കിലും വിരോധമില്ല. മൂന്നാറില്‍ തുടങ്ങി മൂന്നാഴ്‌ച കൊണ്ട്‌ അവസാനിപ്പിക്കാവുന്നതല്ല കയ്യേറ്റമാഫിയക്കെതിരായ തട്ടിനിരത്തല്‍ യജ്ഞം എന്നര്‍ത്ഥം.
*******************
കാര്യമെന്തായാലും ഉമ്മന്‍ ചാണ്ടിയോട്‌ അച്യുതാനന്ദന്‌ , പ്രസംഗത്തില്‍ പറയാറുള്ളത്‌ പോലെ, അകൈതവമായ നന്ദിയാണ്‌ ഉള്ളത്‌. പക്ഷേ അത്‌ പരസ്യമായി പകടിപ്പിക്കാനൊന്നും പറ്റില്ലല്ലോ. മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ജനത്തിന്‌ ഭരണനേട്ടങ്ങള്‍ കൊണ്ട്‌ കഷ്ടിച്ച്‌ ഒരു പട്ടിണിക്കഞ്ഞി കൊടുക്കാന്‍ പോലും പറ്റുമായിരുന്നില്ല, സമാര്‍ട്ട്‌ സിറ്റിയും മൂന്നാറും വീണുകിട്ടിയില്ലായിരുന്നെങ്കില്‍. ടീക്കോമുമായി ഉണ്ടാക്കിയ കരാറില്‍ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ ഉമ്മന്‍ചാണ്ടി ഒപ്പിട്ടിരുന്നുവെങ്കില്‍ വി.എസ്‌. മന്ത്രിസഭയുടെ ഒരു നേട്ടം ഗോപിയാകുമായിരുന്നു. ഉമ്മന്‍ചാണ്ടി മൂന്നാറില്‍ പോയി വെറുതെ ബഹളം വെച്ചില്ലായിരുന്നുവെങ്കില്‍ രണ്ടാമത്തേതും ഗഗ്ഗോപി. ഇതുരണ്ടും ഇല്ലായിരുന്നെങ്കില്‍ വി.എസ്സിന്റെ ഒരുവര്‍ഷത്തെ ബാലന്‍സ്‌ഷീറ്റില്‍ തിളങ്ങിനില്‍ക്കുക സാശ്രയക്കേസ്സിലെ പൊളിവും എഡിബി കരാറും പിജെ ജോസഫിന്റെ വിക്രിയയും എ.കെ.ബാലന്‍ -പാലോളിക്കേസ്സുകളും ചിക്കുന്‍ഗുനിയും എസ്‌.എ.ടി കുഞ്ഞുങ്ങളുടെ കൂട്ടമരണവും മറ്റും മറ്റുമാകുമായിരുന്നു. ഇപ്പോളതല്ല സ്ഥിതി. സ്‌മാര്‍ട്ടും മൂന്നാറും കൊണ്ട്‌ വി.എസ്‌ ഇപ്പോള്‍ ഹിമാലയത്തോളം ഉയരത്തിലാണ്‌. വാര്‍ഷികത്തിന്റെ സദ്യക്ക്‌ പത്തുകൂട്ടം കറിയും അരഡസന്‍തരം പായസവുമാണ്‌്‌. ഈ തിമര്‍പ്പ്‌. പിണറായിക്ക്‌ തന്നെ പിടിക്കുന്നില്ല.

ഇതിനൊന്നും അച്യുതാനന്ദന്‍ നന്ദിപറയാത്തത്‌ ഉമ്മന്‍ ചാണ്ടി സഹിക്കും. പക്ഷേ മൂന്നാറില്‍ ചെയ്‌തുകൂട്ടുന്നത്‌ സഹിക്കാനാവില്ല. ചില സി.പി.ഐ ക്കാരും സി.പി.എമ്മുകാരുമൊക്കെ ഭൂമി കയ്യേറിയതായി വിവരം ലഭിച്ചപ്പോള്‍ അങ്ങോട്ടൊന്ന്‌ പാഞ്ഞ്‌ ചെന്ന്‌ ഒരു പ്രസ്‌താവന പുറപ്പെടുവിക്കുകയേ ഉമ്മന്‍ ചാണ്ടി ചെയ്‌തിട്ടുള്ളൂ. മുന്‍കാലങ്ങളിലെ പ്രതിപക്ഷനേതാക്കള്‍ ആഴ്‌ചയില്‍ ഓരോ പ്രസ്‌താവനയിറക്കുക, മുഖ്യമന്തിക്ക്‌ കത്തയക്കുക, നിയമസഭയില്ലാത്ത കാലത്ത്‌ പകലും ഉറങ്ങുക തുടങ്ങിയ കൃത്യങ്ങളാണ്‌ നിര്‍വഹിച്ചിരുന്നത്‌. അച്യുതാനന്ദനാണ്‌ അതപ്പടി മാറ്റിക്കളഞ്ഞത്‌. ആരോടോ ഉള്ള കണക്ക്‌ തീര്‍ക്കാനെന്ന മട്ടില്‍ രാവും പകലുമില്ലാതെയാണ്‌ അദ്ദേഹം മലയും കാടും കയറിയിറങ്ങിയത്‌. ഇനിയിപ്പോള്‍ ഉമ്മന്‍ചാണ്ടി അങ്ങനെ ചെയ്‌തില്ലെങ്കില്‍ കോണ്‍ഗ്രസ്സുകാര്‍ പരിഭവിക്കും. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി വി.എസ്സിനെതന്നെ പ്രതിപക്ഷനേതാവാക്കണമെന്ന്‌ ആവശ്യപ്പെടാനും അവര്‍ മടിക്കില്ല. അതു പേടിച്ചാണ്‌, യു.ഡി.എഫ്‌ -എല്‍.ഡി.എഫ്‌ സ്‌മാര്‍ട്ട്‌ സിറ്റി കരാറുകളുടെ അക്ഷരം എണ്ണി താരതമ്യം ചെയ്യുന്നതിന്‌ ഇടയിലും ഉമ്മന്‍ചാണ്ടി മൂന്നാറിലേക്ക്‌ പറക്കാന്‍ തയ്യാറായത്‌.

അങ്ങോട്ട്‌ പോയി പ്രസ്‌താവനയിറക്കിയെന്നത്‌ ശരിതന്നെ. അതിന്‌ മുഖ്യമന്ത്രി എന്താണ്‌ മറുമരുന്നു കുറിക്കേണ്ടത്‌ ? കര്‍ശനമായ നടപടികള്‍ സ്വീകരിക്കും, എന്തു വില കൊടുത്തും കയ്യേറ്റം തടയും, നിയമം നിയമത്തിന്റെ വഴിക്ക്‌ പോകും, നിയമം കുറ്റമറ്റതാക്കും, റവന്യൂ സെക്രട്ടറിയെ അന്വേഷണത്തിന്‌ നിയോഗിക്കും തുടങ്ങിയ സംഗതികള്‍ ഊന്നിപ്പറഞ്ഞ്‌ ഒരു പ്രസ്‌താവനയിറക്കിയാല്‍ പോരായിരുന്നോ മുഖ്യമന്ത്രിക്ക്‌. കുറച്ചുദിവസം കൊണ്ട്‌ പ്രതിപക്ഷനേതാവ്‌ അത്‌ മറക്കുമായിരുന്നു. വി.എസ്‌. അച്യുതാനന്ദനെ കുറിച്ച്‌ മുമ്പ്‌ പി.എസ്‌.ശ്രീധരന്‍ പിള്ള പറഞ്ഞതുപോലെ, ആട്‌ പച്ചില കടിക്കുന്നതുപോലെയാണ്‌ പ്രതിപക്ഷനേതാവിന്റെ പണി. ഒന്നും പൂര്‍ത്തിയാക്കാനാവില്ല, ഒരിടത്ത്‌ കടിക്കുമ്പോഴേക്കും വേറൊന്നുകാണും, അതുകടിക്കും.

വെളുക്കാന്‍ തേച്ചതുപാണ്ടായെന്ന്‌്‌ ഉമ്മന്‍ ചാണ്ടി കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. മൂന്നാറില്‍ കണ്ടു. കേട്ടതുപാതി കേള്‍ക്കാത്തതുപാതി പാഞ്ഞുപോയി പ്രസ്‌താവനയിറക്കുന്ന പണി വേണ്ട. പിറകെ മുഖ്യമന്ത്രി വന്ന്‌ തലയിട്ടാല്‍ കടിയും ഇടിയും മുഖ്യമന്ത്രിക്ക്‌ കിട്ടുന്ന കേസ്സാണെങ്കിലേ പ്രതിപക്ഷനേതാവ്‌ ഇനി ഇടപെടേണ്ടൂ. അല്ലെങ്കില്‍, മുഖ്യമന്ത്രിയുടെ കടിയും ഇടിയും പിണറായി ഗ്രൂപ്പുകാര്‍ക്ക്‌ കിട്ടുന്ന കേസ്സായിരിക്കണം. ഈ വക പണി ഇനിയില്ല. വേലിയില്‍ കിടന്ന പാമ്പിനെയെടുത്ത്‌ വെറുതെ…

***********************
മൂന്നാറില്‍ അടിപൊളിക്ക്‌ ചെന്ന മൂവര്‍സംഘത്തിലെ ആരെയോ മാറ്റണമെന്ന്‌ സി.പി.എം ആവശ്യപ്പെട്ടുവെന്നായിരുന്നു ഒരു ദിവസത്തെ മുഖ്യവാര്‍ത്ത. വെറും ആവശ്യപ്പെടലല്ല, അന്ത്യശാസനം തന്നെ. ‘എക്‌സ്‌്‌ക്ലൂസീവ്‌ വാര്‍ത്ത’ എല്ലാ പത്രങ്ങളിലുമുണ്ടായിരുന്നു. സംശയമില്ല, മാധ്യമസിണ്ടിക്കേറ്റിന്റെ സൃഷ്ടിതന്നെ. രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ വാര്‍ത്ത വീണ്ടും. ആരേയും മാറ്റേണ്ട എന്ന്‌ സി.പി.എം നേതൃത്വം തീരുമാനിച്ചുവെന്ന്‌. എന്താണ്‌ സംഭവിച്ചിട്ടുണ്ടാവുക ?

സംഭവം പിണറായി വിജയന്റെ വാക്കുകളില്‍ ഇങ്ങനെ. `എന്തും ചെയ്യാന്‍ മടി കാണിക്കാത്ത കുറെ മാധ്യമങ്ങള്‍ ഉണ്ടെന്നതിന്റെ തെളിവാണിത്‌….. മാധ്യമങ്ങളെ നേരത്തെ സഹായിച്ചിരുന്ന ഒരു വീരന്‍ ഇപ്പോള്‍ രംഗത്ത്‌ വന്നിട്ടുണ്ടല്ലോ. അയാളുടെ സംഭാവന എന്തെങ്കിലും ഇക്കാര്യത്തില്‍ ഉണ്ടോ എന്നറിയില്ല… ‘ അതാരാണ്‌ മാധ്യമങ്ങളെ സഹായിച്ചിരുന്ന ആ വീരന്‍ ? മാധ്യമപ്രവര്‍ത്തകനല്ല എന്ന്‌ വ്യക്തം. ആള്‍ മുഖ്യമന്ത്രിയുടെ ഒപ്പമുള്ള ആരോ ആണെന്നും സുവ്യക്തം. അപ്പോള്‍ പിണറായി പറഞ്ഞതിന്റെ അര്‍ത്ഥമാകെ മാറുന്നു. ‘ എന്തും ചെയ്യാന്‍ മടികാണിക്കാത്ത കുറെ മാധ്യമങ്ങള്‍ ഉണ്ടെന്നതിന്റെ തെളിവാണിത്‌ …’ എന്നു പിണറായി പറഞ്ഞതിന്റെ മലയാള പരിഭാഷ, ‘എന്തും ചെയ്യാന്‍ മടികാണിക്കാത്ത കുറെ ആളുകള്‍ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടെന്നതിന്റെ തെളിവാണിത്‌ ‘ എന്നാകുന്നു.

മുഖ്യമന്ത്രി ഒരു ഗൂഢസംഘത്തിന്റെ പിടിയിലാണെന്ന ആക്ഷേപം പാര്‍ട്ടിയിലുണ്ട്‌. മുന്‍കാലത്തെ ഇടതുമുന്നണി ഭരണത്തിലെല്ലാം മുഖ്യമന്തി ഏത്‌ ഗൂഢസംഘത്തിന്റെ പിടിയിലാണ്‌ നില്‍ക്കേണ്ടതെന്ന്‌ പാര്‍ട്ടിയാണ്‌ തീരുമാനിച്ചിരുന്നത്‌. പത്രക്കാരേയും ടിവിക്കാരേയും വിളിച്ച്‌ തമാശ പറയുന്ന പണിയൊഴികെ ബാക്കിയെല്ലാം ഗൂഢസംഘമാണ്‌ നിശ്ചയിച്ചിരുന്നത്‌. ഇപ്പോഴതല്ല സ്ഥിതി. മുഖ്യമന്ത്രിയെ നിയന്ത്രിക്കാനുള്ള ഗൂഢസംഘത്തെ മുഖ്യമന്ത്രിതന്നെ നിശ്ചയിക്കുന്നു! ലോകത്തെങ്ങും കേട്ടുകേള്‍വിയില്ലാത്ത സംഗതിയാണ്‌ ഇത്‌. തന്നെ പ്രതിപക്ഷനേതാവ്‌ സ്ഥാനത്ത്‌ നിന്ന്‌ മുഖ്യമന്ത്രിസ്ഥാനത്തേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ മുഖ്യപങ്ക്‌ വഹിച്ച ഗൂഢസംഘത്തിലെ അംഗങ്ങള്‍ തന്നെ ഈ ഗൂഢസംഘത്തിലും അംഗങ്ങളാകുന്നു. മൂന്നാറിലേക്ക്‌ ഏത്‌ ഗൂഢസംഘത്തെയാണ്‌ നിയോഗിക്കേണ്ടത്‌ എന്ന്‌ ഗൂഢസംഘം തന്നെ തീരുമാനിക്കുന്നു. ഒരു വീരന്‍ രണ്ട്‌ ഗൂഢസംഘത്തിലും ഒരേ സമയം അംഗമാകുന്നു…ഇങ്ങനെയാണ്‌ പോക്കെങ്കില്‍ ഒരു കാര്യം കൂടി ചെയ്യ്‌ …..എ.കെ.ജി സെന്റര്‍ കൂടിയങ്ങ്‌ ഇടിച്ച്‌ നിരത്തിക്കളയിന്‍…പാര്‍ട്ടിയും കമ്മിറ്റിയുമൊന്നും വേണ്ട…നിങ്ങള്‌ മതി എല്ലാറ്റിനും…അല്ല പിന്നെ….
(മാതൃഭൂമി വിശേഷാല്‍പ്രതി പംക്തിയില്‍ മെയ്‌ 21ന്‌ പ്രസിദ്ധപ്പെടുത്തിയത്‌)

Leave a Reply

Your email address will not be published. Required fields are marked *

Go Top