അച്ചടക്കം അക്ഷരംപ്രതി

ഇന്ദ്രൻ

ക്ലാസ്സില്‍ അച്ചടക്കം ലംഘിച്ച മുതിര്‍ന്ന വിദ്യാര്‍ത്ഥിക്ക്‌ വാദ്ധ്യാരില്‍ നിന്ന്‌്‌ പൊതിരെകിട്ടി പ്രഹരക്കഷായം. വാദ്ധ്യാരേക്കാളും പ്രായമുള്ള വിദ്യാര്‍ത്ഥി രണ്ടെണ്ണം തിരിച്ചുകൊടുത്തുവെന്നും കരുതിക്കോളൂ. അടിപിടി കണ്ട ഹേഡ്‌മാഷിന്‌്‌ അതൊട്ടും പിടിച്ചില്ല. ക്ലാസ്സില്‍ അടിപിടിയുണ്ടാക്കിയതിന്‌ വാദ്ധ്യാരേയും വിദ്യാര്‍ത്ഥിയേയും ക്ലാസ്സില്‍ നിന്ന്‌ പുറത്താക്കി.
ആ വാദ്ധ്യാരുടെ അവസ്ഥയിലാണ്‌ താനെന്ന്‌ സി.പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‌ തോന്നാനിടയുണ്ട്‌.
സി.പി.എം. സംസ്ഥാനഘടകം എന്ന ക്ലാസ്‌മുറിയിലെ വാദ്ധ്യാരായ പിണറായി വിജയന്‍ മീശയില്ലാത്ത സ്റ്റാലിനാണ്‌. അച്ചടക്കം വിട്ടൊരു കളിയില്ല. സസ്‌പെന്‍ഷന്‍, പുറത്താക്കല്‍, തരംതാഴ്‌ത്തല്‍ തുടങ്ങിയ ചൂരലുകളുമായി സദാസമയം റോന്ത്‌ ചുറ്റുകയായിരുന്നു, ഊണും ഉറക്കവുമില്ലാതെ. അവിടെയും ഇവിടെയും ഇരുന്ന്‌ ബീഡിവലിക്കുക, തോന്ന്യാസപുസ്‌തകം വായിക്കുക, സദാചാരവിരുദ്ധം ചെയ്യുക, കവിതയെഴുതുക തുടങ്ങിയ റിവിഷനിസ്റ്റ്‌ – ഇടതുസാഹസികതകളില്‍ ഏര്‍പ്പെട്ട എത്രയെത്ര പേരാണ്‌ ആ കൈയില്‍ നിന്ന്‌ പ്രഹരംവാങ്ങിയിട്ടുള്ളതെന്നതിന്‌ കൈയും കണക്കുമില്ല. ഡല്‍ഹിയിലിരിക്കുന്ന ഹേഡ്‌മാഷിന്‌ ഈ ക്ലാസ്‌ കൊണ്ടുനടക്കാനുള്ള ബുദ്ധിമുട്ടുകളെ കുറിച്ച്‌ ഒന്നും അറിയില്ല. ആകെ രണ്ട്‌ ക്ലാസ്‌ ഉള്ള പള്ളിക്കൂടമാണ്‌ ഈ പാര്‍ട്ടി-ഏതാണ്ട്‌ ഒരു അണ്‍ എക്‌ണോമിക്‌ സ്‌കൂള്‍ പോലെ. ബംഗാളിലാണ്‌ മറ്റേ ക്ലാസ്‌. കോല്‍ക്കത്ത, തിരുവനന്തപുരം, ന്യൂഡല്‍ഹി സര്‍ക്കുലര്‍ സര്‍വീസ്‌ നടത്തിയാല്‍ മതി ഹേഡ്‌മാഷിന്‌. പിണറായിയിലും പുന്നപ്രയിലും ചുവരെഴുതി, തല്ലും തടവും ഏറെ വാങ്ങിയാണ്‌ കേരളത്തില്‍ നിന്നുള്ളവര്‍ പിബി ക്ലാസ്സില്‍ എത്തുന്നത്‌. ഇപ്പോഴത്തെ ഹേഡ്‌മാഷിന്റേത്‌ നേരിട്ടുള്ള നിയമനമാണ്‌. മദ്രാസ്‌ ക്രിസ്‌ത്യന്‍, ജെ.എന്‍.യു വഴിയുള്ള കാമ്പസ്‌ റിക്രൂട്ട്‌മെന്റ്‌. നാട്ടിലെ കുണ്ടാമണ്ടികളെ കുറിച്ചൊന്നും നിശ്ചയം പോര.
അടിപിടിയുണ്ടാക്കിയതിന്‌ പുറത്താക്കപ്പെട്ടുവെങ്കിലും പിണറായിവാദ്ധ്യാരെ പിണറായിയില്‍ പോയിരിക്കാനൊന്നും പാര്‍ട്ടി അനുവദിക്കുന്നതല്ല. ശമ്പളം കിട്ടില്ലെങ്കിലും ക്ലാസിലെ അച്ചടക്കം തുടര്‍ന്നും പരിപാലിക്കാന്‍ വാദ്ധ്യാരെത്തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. സ്‌കൂളിന്റെ മാനേജിങ്ങ്‌ കമ്മിറ്റി അടുത്തമാസമേ യോഗം ചേരൂ. അതുവരെ അച്ചടക്കം പാലിക്കണം. ഇനി ക്ലാസ്‌ മുറിയിലേക്ക്‌ ചെന്നാല്‍ പിള്ളേര്‌ കൂവുകയാണോ ചെയ്യുക, ഷര്‍ട്ടില്‍ മഷികുടയുകയാണോ ചെയ്യുക, കോക്രികാണിക്കുകയാണോ ചെയ്യുക എന്നറിയില്ല. പക്ഷെ പോകാതെ എന്തു ചെയ്യും ? ക്ലാസ്സില്‍ അച്ചടക്കവും ഇല്ലാതായാല്‍ പിന്നെ എന്താവും സ്ഥിതി, അയല്‍വാസികള്‍ക്ക്‌ ജീവിക്കാന്‍ കൂടി പറ്റാതാവില്ലേ ?

*******************************

പാര്‍ട്ടി എപ്പോഴും ശരിയാണ്‌. വ്യക്തി ശരിയും പാര്‍ട്ടി തെറ്റുമെന്ന അവസ്ഥ സൂര്യന്‍ കിഴക്കുദിച്ച്‌്‌ പടിഞ്ഞാറ്‌ അസ്‌തമിക്കുന്ന കാലത്തോളം ഒരു കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയിലും ഉണ്ടാവുകയില്ല. പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കപ്പെടുമ്പോഴും പാര്‍ട്ടിയാണ്‌ ശരി, തനിക്കാണ്‌്‌ തെറ്റുപറ്റിയത്‌ എന്ന്‌ പറയുന്ന കാഡര്‍ ആണ്‌ ശരിയായ പാര്‍ട്ടി കാഡര്‍. ഫയറിങ്ങ്‌ സ്‌ക്വാഡ്‌ വാതിലിന്‌ മുന്നില്‍ വന്നു നില്‍ക്കുമ്പോഴും പാര്‍ട്ടിയാണ്‌ ശരി, എന്നെ വെടിവെച്ചുകൊല്ലുകതന്നെ വേണം എന്ന്‌ എഴുതി ഒപ്പിട്ടുകൊടുത്ത സഖാക്കള്‍ സ്റ്റാലിന്‍ കാലത്തുണ്ടായിരുന്നുവത്രെ. പാര്‍ട്ടി തങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടി തെറ്റും പാര്‍ട്ടി ഭരണഘടനയ്‌ക്ക്‌ വിരുദ്ധവും സ്വാഭാവികനീതി നിഷേധിക്കുന്നതുമെല്ലാമാണെന്നു പറയാന്‍ വി.എസ്സിനും പിണറായിക്കും കഴിയുകയില്ല. അതാണ്‌്‌ തല്ലുകിട്ടിയ കുഞ്ഞുകുട്ടിയെപ്പോലെ വി.എസ്സിപ്പോള്‍ കണ്ണീരൊഴുക്കുന്നത്‌.

താടിയുള്ള ഒരപ്പന്‍ നേരത്തെ ഹേഡ്‌മാഷായി ഉണ്ടായിരുന്നു. ആ അപ്പനെ പാര്‍ട്ടിയിലാരും പേടിച്ചിരുന്നില്ല. ജ്യോതിബസുവിനെപോലെയുള്ള റിട്ടയേഡ്‌ മാഷന്മാര്‍ ഒട്ടും വിലവെച്ചില്ല. ജ്യോതിബസുവിന്‌ ഒരുവട്ടം പ്രധാനമന്ത്രിപ്പണി കൊടുക്കാമെന്ന്‌്‌ നല്ല കുറെ ബൂര്‍ഷ്വാപിന്തിരിപ്പന്‍മാര്‍ ഓഫര്‍ നല്‍കിയതായിരുന്നു. അത്‌ വേണ്ട എന്ന്‌ പാര്‍ട്ടി തീരുമാനിച്ചുകളഞ്ഞു. തലയ്‌ക്ക്‌ അടികിട്ടിയത്‌ പോലെയായി ജ്യോതിബസുവിന്‌. പ്രധാനമന്ത്രിപ്പണി വേണ്ട എന്നുവെച്ചത്‌ പാര്‍ട്ടിനേതൃത്വത്തിന്റെ ‘ഹിമാലയന്‍ ബ്ലണ്‍ഡര്‍ ‘ ആണെന്ന്‌ അദ്ദേഹം ആയിരം വട്ടം പറഞ്ഞുനടന്നു, ഇപ്പോഴും പറഞ്ഞുനടക്കുന്നു. കോണ്‍ഗ്രസ്സിലെ അച്ചടക്കനിയമമൊന്നും കെ.കരുണാകരന്‌ ബാധകമല്ലാതിരുന്നതുപോലെ സി.പി.എമ്മിലേത്‌ ജ്യോതിബസുവിനും ബാധകമല്ല. എണ്‍പത്തഞ്ചുകഴിഞ്ഞാലോ മറ്റോ ആണ്‌ നിയമങ്ങളും ചട്ടങ്ങളും ബാധകമല്ലാതാവുക. പാര്‍ട്ടി ഭരണഘടനയില്‍ അതിനെ കുറിച്ചൊന്നും പറയുന്നില്ല. ഒരു ഘട്ടം കഴിഞ്ഞാല്‍, പാര്‍ട്ടിപിരിച്ചുവിട്ട്‌ എല്ലാവരും കാശിക്ക്‌ പോകണമെന്ന്‌ പ്രസ്‌താവനയിറക്കിയാല്‍പോലും അച്ചടക്കനടപടിയുണ്ടാവില്ല. വി.എസ്‌. അച്യുതാനന്ദന്‌ ആ ഘട്ടം എത്താന്‍ കുറച്ചുകൂടെ കഴിയണം. ഇപ്പോള്‍ കിഴിവൊന്നും തരാന്‍ നിവൃത്തിയില്ല.

അച്ചടക്കലംഘനത്തിനും വേണം ചില മര്യാദകള്‍. കുത്തകകള്‍ക്ക്‌ വേണ്ടി പാവപ്പെട്ടവനെ വെടിവെച്ചുകൊല്ലുക, അവന്റെ ഭൂമി തട്ടിയെടുക്കുക, എ.ഡി.ബി പോലുള്ള ശക്തികള്‍ക്ക്‌ വഴങ്ങുക, കൊക്കക്കോളയേയും മറ്റും ആനയിച്ചുകൊണ്ടുവരിക, രാഷ്ട്രീയപ്രവര്‍ത്തനം നടത്തികോടികള്‍ സമ്പാദിക്കുക….തുടങ്ങി എന്ത്‌ തത്ത്വവിരുദ്ധം ചെയ്‌താലും നടപടിയൊന്നും ഉണ്ടാവില്ല. സംഘടനാച്ചട്ടം പാലിച്ചുകൊണ്ട്‌ എന്തും ചെയ്യാം. നാട്ടുകാര്‍ കേള്‍ക്കേ ഒന്നും മിണ്ടരുതെന്ന്‌ മാത്രം.

മാഷന്മാര്‍ നിന്നുചെയ്യുന്നത്‌ കുട്ടികള്‍ നടന്നുചെയ്യുമെന്ന്‌ സിദ്ധാന്തമുണ്ട്‌. അതുകൊണ്ടാവണം ഇനിയധികം ക്ഷമിക്കേണ്ട എന്ന്‌ പ്രകാശ്‌ കാരാട്ട്‌ തീരുമാനിച്ചത്‌. പിണറായിയും വി.എസ്സും ചെയ്‌്‌തത്‌ അണികള്‍ ചെയ്‌താല്‍ പ്രകാശ്‌ കാരാട്ടിന്‌ ഭരിക്കാന്‍ പിന്നെ പാര്‍ട്ടി ബാക്കിയുണ്ടാകില്ല എന്ന്‌ തോന്നിയിരിക്കാം. സാരമില്ല, അത്ര പേടിക്കാനൊന്നും ഇല്ല. ഒരു കാര്യത്തില്‍ ആശ്വാസവുമുണ്ട്‌്‌. ഇനി പൊളിറ്റ്‌ ബ്യൂറോവില്‍ പോയിരുന്ന്‌ മറ്റുള്ളവരുടെ കണ്ണും മുഖവും കാണേണ്ട. മാത്രവുമല്ല, പൊളിറ്റ്‌ ബ്യൂറോ അംഗങ്ങള്‍ തമ്മില്‍ പാലിക്കേണ്ടത്‌ എന്ന്‌ സിക്രട്ടറി പിണറായി വിജയന്‍ പറഞ്ഞ സാമാന്യമര്യാദയെ കുറിച്ച്‌ ഇനി വേവലാതിപ്പെടുകയും വേണ്ട. കൈവിട്ടു കളിക്കാം രണ്ടുപേര്‍ക്കും.
**********************************
എന്തുകൊണ്ടാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കാര്‍ കോണ്‍ഗ്രസ്സുകാരെപ്പോലെയാകുന്നത്‌ ? വര്‍ഷങ്ങള്‍ക്കു മുമ്പ്‌ സഖാവ്‌ ഇ.എം. എസ്‌ ഈ ചോദ്യത്തിന്‌ മറുപടി കാണാന്‍ ശ്രമിച്ചിട്ടുണ്ട്‌. 1995 ലെ ചണ്ഡീഗഢ്‌ പാര്‍ട്ടികോണ്‍ഗ്രസ്സിനെ കുറിച്ച്‌ പാര്‍ട്ടി മുഖപത്രത്തില്‍ തുടര്‍ച്ചയായി എഴുതിക്കൊണ്ടിരുന്ന ഡയറിയില്‍ അവസാനദിവസമായപ്പോള്‍ എഴുതിയത്‌ കേരളത്തിലെ പാര്‍ട്ടിയെ ബാധിച്ച വിഭാഗീയതയെ കുറിച്ചായിരുന്നു. അക്കാലത്ത്‌ മാധ്യമസിണ്ടിക്കേറ്റ്‌ ഇല്ല. അതുകൊണ്ട്‌ പാര്‍ട്ടി വിഭാഗീയതയെക്കുറിച്ചറിയാന്‍ ജനങ്ങള്‍ ഇ.എം.എസ്സിനെത്തന്നെ ആശ്രയിക്കേണ്ടി വന്നിരുന്നു.

ഇങ്ങനെയാണ്‌ സഖാവ്‌ ഇ.എം. അന്നെഴുതിയത്‌. “സഖാക്കളുടെ ജീവിതശൈലിയിലും പ്രവര്‍ത്തനരീതിയിലുമെല്ലാം മാറ്റംവരാന്‍ തുടങ്ങിയിട്ടുണ്ട്‌. പാര്‍ട്ടി മെമ്പര്‍മാര്‍ നടപ്പാക്കേണ്ട ധാര്‍മികമുല്യങ്ങള്‍ പ്രവൃത്തിയില്‍ വരുത്തുന്നതില്‍ കാര്യമായ ദൗര്‍ബല്യങ്ങള്‍ വന്നിട്ടുണ്ട ” ഇതിന്‌ എന്താണ്‌ കാരണമെന്ന്‌ സഖാവ്‌ തുടര്‍ന്നുപറയുന്നു . ” പാര്‍ട്ടി ചരിത്രത്തിലെ ആദ്യഘട്ടത്തില്‍ വിപ്ലവം ആസന്നമായെന്ന വിലയിരുത്തലാണ്‌ നമുക്കുണ്ടായിരുന്നത്‌……. ത്യാഗപൂര്‍വം പ്രവര്‍ത്തിക്കാന്‍ സഖാക്കള്‍ തയ്യാറായിരുന്നു. ഇന്നത്തെ സാഹചര്യം പരിശോധിക്കുമ്പോള്‍ താരതമ്യേന സുദീര്‍ഘമായ പ്രക്രിയയാണ്‌ വിപ്ലവമെന്ന്‌ നാം കാണുന്നു. അതുകൊണ്ട്‌ അന്നത്തെപ്പോലെ ത്യാഗപൂര്‍വം പ്രവര്‍ത്തിക്കാന്‍ സഖാക്കള്‍ തയ്യാറില്ല ”

1995 ഏപ്രിലില്‍ പതിനഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ്‌ നടന്നപ്പോഴാണ്‌ സഖാവ്‌ ഇത്‌ എഴുതിയത്‌. അഞ്ചുവര്‍ഷം കഴിഞ്ഞ്‌ പാര്‍ട്ടിപരിപാടി പുതുക്കിയതോടെ വിപ്ലവം ‘താരതമ്യേന സുദീര്‍ഘമായ പ്രക്രിയ ‘ അല്ല , ഈ ജന്മത്ത്‌ നടക്കാത്ത സംഗതിയാണ്‌ എന്ന്‌ സഖാക്കള്‍ക്ക്‌ ബോധ്യമായിട്ടുണ്ട്‌. അപ്പോള്‍പിന്നെ ‘ പ്രവര്‍ത്തനശൈലിയിലെയും ജീവിതരീതിയിലെയും ‘ ദൗര്‍ബല്യങ്ങളെക്കുറിച്ചെന്തിന്‌ വേവലാതിപ്പെടണം ?

******************************

പാര്‍ട്ടിയില്‍ ഇപ്പോള്‍ പഴയതിന്റെ തുടര്‍ച്ചയെന്ന്‌ പറയാവുന്ന എന്താണ്‌ ബാക്കിയുള്ളത്‌ ? ഒന്നുമില്ല. ഓ ഒന്നുമില്ലെന്ന്‌ പറഞ്ഞുകൂടാ. അച്ചടക്കമുണ്ട്‌. വിപ്ലവം നടത്താന്‍ സജ്ജീകരിക്കുന്ന സംവിധാനങ്ങളുടെ ഭാഗമാണ്‌ കണിശമായ പാര്‍ട്ടി അച്ചടക്കം. രാജ്യവ്യാപകമായി ജനകീയജനാധിപത്യവിപ്ലവം വന്നാലേ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവൂ എന്നും പാര്‍ട്ടി രൂപംകൊണ്ട 1964 മുതല്‍ പറയുന്ന കാര്യമാണ്‌. തിരഞ്ഞെടുപ്പു ജയിക്കാനോ ജാഥ നടത്താനോ ടിവി ചാനല്‍ നടത്താനോ അല്ല പാര്‍ട്ടി, ജനകീയജനാധിപത്യവിപ്ലവം നടത്താനാണ്‌. അതിനുള്ളതാണ്‌ പാര്‍ട്ടി അച്ചടക്കവും മറ്റെല്ലാ സംവിധാനങ്ങളും.

ഏഴ്‌ വര്‍ഷം മുമ്പ്‌ പാര്‍ട്ടിപരിപാടി പുതുക്കിയതിന്‌ സഖാക്കള്‍ക്കറിയാം പാര്‍ട്ടിയുടെ ലോകം കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം മാറിയിരിക്കുന്നു എന്ന്‌. വര്‍ഗസമരം പാര്‍ട്ടിപത്രത്തിലും പഴയ കിത്താബുകളിലുമേ കാണാനുള്ളൂ, ജനകീയ ജനാധിപത്യവിപ്ലവം ഒരിടത്തുമില്ല, തൊഴിലാളിവര്‍ഗസര്‍വാധിപത്യം ലോകത്തെങ്ങുമില്ല, ഭരണകൂടം കൊഴിഞ്ഞുവീഴുന്നതിന്‌ പകരം എങ്ങും കമ്യൂണിസ്റ്റ്‌ ഭരണങ്ങളാണ്‌ കൊഴിഞ്ഞുവീണത്‌. മുതലാളിത്തം അതിന്റെ വൈരുദ്ധ്യങ്ങളാല്‍ അനിവാര്യമായി തകരുന്നില്ലെന്ന്‌ മാത്രമല്ല ലോകത്തെ മുഴുവന്‍ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്‌. ഇതിനിടയിലും സി.പി.എം ചെയ്യുന്നത്‌ ഒരുകാര്യം മാത്രം. വളരെ കഷ്ടപ്പെട്ട്‌ പാര്‍ട്ടിഅച്ചടക്കം നിലനിര്‍ത്തുന്നു, അതുമാത്രം നിലനിര്‍ത്തുന്നു. റിട്ടയര്‍ ചെയ്‌ത ശേഷവും പഴയ യൂണിഫോറമിട്ട്‌ സിറ്റി ബസ്സില്‍ കയറി ടിക്കറ്റ്‌ എടുക്കാതിരിക്കുന്ന കോണ്‍സ്റ്റബ്‌ളിനെപ്പോലെ, വിപ്ലവപാര്‍ട്ടിയുടെ യുണിഫോറമിട്ട്‌ പാര്‍ലമെന്റില്‍ കയറി വിപ്ലവം പറയുന്നു.

അതുകൊണ്ടാണ്‌ സി.പി.എം കേന്ദ്രനേതൃത്വത്തിന്‌ അച്യുതാനന്ദനും പിണറായിയും തമ്മില്‍ യാതൊരു വ്യത്യാസവും കാണാന്‍ കഴിയാതെ പോയത്‌. സഖാവ്‌ വി.എസ്‌. പുന്നപ്രവയലാര്‍ മട്ടില്‍ സമരം നടത്തുകയാണെന്നും റഷ്യന്‍ വിപ്ലവത്തിന്‌ മുമ്പുള്ള കാലത്തേക്ക്‌ കേരളത്തെ നയിക്കുകയാണ്‌ എന്നും ചിലര്‍ വ്യാമോഹിക്കുന്നുണ്ടാവാം. പിണറായി ഇവരെയാവണം സുന്ദരവിഡ്ഡികള്‍ എന്ന്‌ വിശേഷിപ്പിച്ചത്‌. വി.എസ്‌. അതൊന്നുമല്ല ചെയ്യുന്നത്‌ എന്ന്‌ കേരളത്തിലെ ബുദ്ധിജീവികളല്ലാത്ത സാധാരണജനത്തിനറിയാം. ഇ.എം.എസ്‌ നടേ പറഞ്ഞതാണ്‌ വി.എസ്‌. ചെയ്യുന്നത്‌. വിപ്ലവം രണ്ടുജന്മം അകലെയാണെങ്കിലും ത്യാഗമനസ്സും മൂല്യബോധവും നിലനിറുത്താന്‍ കമ്യൂണിസ്റ്റുകാരന്‌ കഴിയും, വിപ്ലവകരമായ മാറ്റങ്ങള്‍ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലൂടെയും വരുത്താം, മുതലാളിത്തമൂല്യങ്ങളേയും സാമ്രാജ്യത്വാധിപത്യത്തേയും വലിയൊരു പരിധിവരെ ചെറുക്കാം…. മൂല്യങ്ങള്‍ക്കുവേണ്ടി പാര്‍ട്ടിക്കകത്തും പോരാട്ടം നടത്താം…അതിനിടയില്‍ വി.എസ്‌ പൊളിറ്റ്‌ ബ്യൂറോവില്‍ പോയില്ലെങ്കിലും കേരളത്തിലാര്‍ക്കും ഒന്നും നഷ്ടപ്പെടാനില്ല.

Leave a Reply

Your email address will not be published. Required fields are marked *

Go Top