ലോകബാങ്കിന്റെ കുഞ്ഞനുജനായി എ.ഡി.ബി ജനിച്ചപ്പോള്‍ തന്നെ ചിലരെല്ലാം പറഞ്ഞിരുന്നു. ഏഷ്യയില്‍ കമ്യുണിസത്തിന്റെ കഥ കഴിക്കാനാണ് മോണ്‍സ്റ്ററിന്റെ വരവെന്ന്. ദാരിദ്ര്യമില്ലാതാക്കിയാല് തന്നെ കമ്യൂണിസമില്ലാതാവും എന്നായിരുന്നു പഴയ വിശ്വാസം. അതു കൊണ്ട് ഏഷ്യയില്‍ ദാരിദ്ര്യം ഇല്ലാതാക്കാനാണ് എ.ഡി.ബി ലക്ഷ്യം വെച്ചത്. ദാരിദ്ര്യം ഇല്ലാതാക്കുന്നതില്‍ ഒട്ടും വിജയിച്ചില്ല. കമ്യൂണിസ്റ്റുകാര്‍ കഷ്ടപ്പെട്ട് ദാരിദ്യം ഇല്ലാതാക്കി റഷ്യയിലും കി.യൂറോപ്പിലും മറ്റും . അവിടത്തെ ആളുകള്‍ കമ്യുണിസവും ഇല്ലാതാക്കി -അതിനവര്‍ക്ക് എ.ഡി.ബി യുടെ സഹായമൊന്നും വേണ്ടിവന്നില്ല.
അവശേഷിക്കുന്ന കുറച്ചു സ്ഥലങ്ങളിലേ സംഗതി ബാക്കിയുള്ളൂ, ദാരിദ്യമല്ല കമ്യൂണിസം. ചൈനയിലും വിയറ്റ്നാമിലും ലേബ്്ല് അതേ പടി നിലനിര്‍ത്തിയിട്ടുണ്ട്്. പക്ഷെ കുപ്പിയില്‍ മരുന്നു വേറെയാണ്. ക്യൂബക്കാര്‍ പുറത്തുള്ള കമ്യുണിസ്റ്റുകാരെയൊന്നും കാര്യമായി അടുപ്പിക്കാറില്ല, എ.ഡി.ബി.ക്കാരേയും അടുപ്പിക്കാറില്ല. അതുകൊണ്ടു അവിടെ കമ്യൂണിസത്തിന് വലിയ കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല. ഉത്തരകൊറിയയില്‍ തിന്നാനൊന്നുമില്ലെങ്കിലും ആണവപരീക്ഷണം കൊണ്ട് വയറുനിറയും. അപ്പോള്‍ പിന്നെ എ.ഡി.ബി.ക്ക് ശ്രദ്ധിക്കാന്‍ രണ്ട് ഇടങ്ങളേ ബാക്കിയുള്ളൂ-കേരളവും പ.ബംഗാളും.
പ.ബംഗാളിന്റെ കാര്യത്തില്‍ യഥാര്‍ഥത്തില്‍ എ.ഡി.ബി ക്ക് വലിയ താത്പര്യമില്ല. അമ്പത്തേഴിലെ കേരളത്തിന്റെ അവസ്ഥയാണ് അവിടെ ഇപ്പോഴും. കുത്തകമുതലാളിയെ വിളിച്ചുകൊണ്ടുവന്ന് ഭൂമിയും വൈദ്യുതിയും കാല്‍കാശിന് കാട്ടിലെ മുളയും തടിയുമെല്ലാം കൊടുത്ത് തൊഴിലില്ലായ്മയും ദാരിദ്യവുമെല്ലാം തീര്‍ത്തുകളയാമെന്ന വ്യമോഹം അവിടെ അവിടെ ഇപ്പോഴും നിലനില്ക്കുന്നു.. അമ്പത്തേഴില് ബിര്‍ളയുടെ റയോണ്‍സ് കമ്പനിയെ കൊണ്ടുവന്നതിനെ ചൊല്ലി ഇവിടെ കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍ പ്രത്യയശാസ്ത്ര യുദ്ധമൊന്നും നടക്കുകയുണ്ടായില്ലല്ലോ. ബിര്‍ളയുടെയും മറ്റു കുത്തകകളുടെയും ആസ്തി എത്ര വര്‍ദ്ധിച്ചു എന്ന് എ.കെ.ജിയും ജ്യോതിര്‍മയി ബസുവും സോമനാഥ് ചാറ്റര്‍ജിയും കൃത്യമായി ആറാറുമാസം കൂടുമ്പോള്‍ ലോക്് സഭയില്‍ ചോദിക്കുകയും അതിന്റെ മറുപടി പാര്‍ട്ടിപത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തുവരാറുണ്ട്. ആ കണക്കുകളില്‍ മാവൂരിലെ ആസ്തിയുടെ കണക്കും ഉള്‍പ്പെടുത്താറുമുണ്ട്. അതിലൊന്നും കള്ളത്തരം കാണിക്കാറില്ല. നാണം കെട്ട കേന്ദ്രസര്‍ക്കാര്‍ കുത്തകകളുടെ ചെരിപ്പുനക്കുന്നത് കാരണം ധനികര്‍ കൂടൂതല്‍ ധനികരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും ആകുന്നുവെന്ന വിലാപവും ധാര്‍മികരോഷവും മുഖപ്രസംഗത്തിലാണ് പ്രകടിപ്പിക്കാറുള്ളത്. എന്തുകൊണ്ട് എന്നറിയില്ല, പത്ത് പതിനഞ്ചുവര്‍ഷമായി ഈ വക ചോദ്യമൊന്നും ആരും ലോക്സഭയില്‍ ചോദിക്കാറേയില്ല. ബംഗാളില്‍ ഇപ്പോഴും കേരളത്തിലെ പഴയ സ്ഥിതി തന്നെ. ഇന്തോനേഷ്യയില്‍ നിന്നുള്ള സലിം കമ്പനിയായാലും ശരി, നമ്മുടെ നാടന്‍ ടാറ്റയായാലും ശരി പച്ചപ്പരവതാനിയിട്ട് സ്വീകരിക്കും. പാര്‍ട്ടിയില്‍ ഇതിനെ ചൊല്ലിയൊരു പ്രത്യയശാസ്ത്രസമരവുമില്ല, സംഘര്‍ഷവുമില്ല,പന്തം കൊളുത്തി പ്രകടനവുമില്ല. പിന്നെ വെറുതെ എന്തിന് എ.ഡി.ബി ലോണ്‍ കൊടുക്കണം !.
രണ്ടായിരത്തില്‍ കൊല്‍ക്കത്ത കോര്‍പ്പറേഷനില്‍ അനുവദിച്ച പദ്ധതി രണ്ടായിരം കോടി രൂപയുടേതാണ്. നാല്‍പ്പത് കോടി ഡോളര്‍ എന്ന്് എ.ഡി.ബി കണക്കുകളില്‍ കാണും. ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കും നടപ്പാക്കില്ല എന്ന അവസ്ഥയില്‍ നില്ക്കുന്ന അതേ പദ്ധതി തന്നെ. കേരളത്തില്‍ അഞ്ചു കോര്‍പ്പറേഷനുകള്‍ക്ക് അനുവദിച്ച പദ്ധതി ആകെ ആയിരത്തമ്പത് കോടിയുടേത് മാത്രമാണ്. രണ്ടായിരത്തിലെ രണ്ടായിരം കോടി പോരാഞ്ഞിട്ട് വീണ്ടു ഇതാ നാനൂറു കോടി വേറെയും പ.ബംഗാളിന് അനുവദിച്ചിട്ടുണ്ട്. ആകപ്പാടെ ബഹുസുഖം. യൂസര്ചാര്ജുകള് വര്‍ദ്ധിപ്പിക്കുക, സേവനനികുതികള്‍ ഏര്‍പ്പെടുത്തുക, പതിനായിരം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുക, തെരുവോര കച്ചവടക്കാരെ ഓടിക്കുക തുടങ്ങിയ ഒട്ടേറെ ജനോപകാരപ്രദമായ ഉപാധികള്‍ സ്വീകരിച്ചാണ് പ.ബംഗാള്‍ സര്‍ക്കാര്‍ കരാറില്‍ ഒപ്പ് വെച്ചതെന്ന് ശത്രുക്കള്‍ പറഞ്ഞു പരത്തുന്നുണ്ട് . സത്യം അറിയാന്‍ ഒരു വഴിയുമില്ല. ഒരു സത്യം മാത്രം അറിയാം. ഈ കരാറിനെ ചൊല്ലി ഒരു വിവാദവും പ.ബംഗാളിലെ സി.പി. എമ്മിലുണ്ടായിട്ടില്ല. കേന്ദ്രക്കമ്മിറ്റിയോ പോളിറ്റ് ബ്യൂറോയോ ഇക്കാര്യമൊന്നും ചര്‍ച്ച ചെയ്യുന്നുമില്ല.
പറഞ്ഞുവരുമ്പോള്‍ ബോദ്ധ്യപ്പെടുന്ന കാര്യം ഇതാണ ്- കൊച്ചുകേരളത്തിന്റെ കാര്യത്തിലാണ് എ.ഡി. ബിക്ക് താത്പര്യമുള്ളത് . നിലനില്‍ക്കുന്ന നഗരവികസനവും ഖരമാലിന്യസംസ്കരണവും ഒന്നും നടന്നില്ലെങ്കിലും സാരമില്ല സിപിഎമ്മില്‍ വേണ്ടത്ര ഉള്‍പ്പോര് വികസിപ്പിച്ചെടുക്കാന്‍ കഴിയുന്നുണ്ടല്ലോ. അതുതന്നെ ധാരാളം. കരാര്‍ ഒപ്പിടും വരെയാണ് സാധാരണ തര്‍ക്കവും പ്രത്യയശാസ്ത്രയുദ്ധവുമൊക്കെ നടക്കാറുള്ളത്. തര്‍ക്കങ്ങളെല്ലാം തീര്‍ത്ത് കരാര്‍ ഒപ്പുവെച്ചാല്‍ സംഗതി ബുദ്ധിമുട്ടാവും എന്ന് തോന്നിയതിനാലാവും മന്ത്രിസഭയില്‍ പോലും ചര്‍ച്ച ചെയ്യാതെ കരാര്‍ രഹസ്യമായി ഒപ്പുവെച്ചത്. തത്ഭലമായി കരാര്‍ ആരംഗീകരിച്ചു, എവിടെ ചര്‍ച്ച ചെയ്തു, ആര് ഒപ്പ് വെച്ചു , ആര് പറഞ്ഞിട്ട് ഒപ്പ് വെച്ചു എന്നുതുടങ്ങിയ പ്രശ്നങ്ങളുന്നയിച്ചാണ് കടിപിടി. ഇനി ഈ മന്ത്രിസഭയുടെ ആയുസ് തീരും വരെ തര്‍ക്കമല്ലാതെ വേറൊന്നും നടക്കില്ലെന്ന് ഉറപ്പുവരുത്തിക്കഴിഞ്ഞു. ദാരിദ്ര്യം തീര്‍ന്നില്ലെങ്കിലും സി.പി.എമ്മിന്റെ കഥ തീര്‍ക്കുകയെന്ന അജന്‍ഡ നടപ്പാകാന്‍ സാദ്ധ്യതയുണ്ട്..
********************************
ലാവലില് കേസ്സ് വിചാരണ ചെയ്ത കോടതി കാര്യമായൊരു ചോദ്യം ചോദിക്കുകയുണ്ടായി. ഒരോ മന്ത്രിസഭ മാറിവരുമ്പോഴും നയങ്ങളും തീരുമാനങ്ങളും മാറിമറിഞ്ഞാല്‍ ജനാധിപത്യം തകിടം മറിയുകയില്ലേ എന്ന്. മന്തിസഭകളേ മാറുന്നുള്ളൂ, സര്‍ക്കാര്‍ അനന്തമായി തുടരും. ലാവലില് കേസ് സി.ബി. ഐ ക്ക് വിടാന്‍ ഉമ്മന്‍ചാണ്ടി മന്തിസഭ തീരുമാനിച്ചു, വിടേണ്ട എന്ന് വി. എസ്. മന്ത്രിസഭ തീരുമാനിച്ചു. ഇങ്ങനെ പോയാല്‍ എങ്ങനെ ജനാധിപത്യം മുന്നോട്ട് പോകും എന്നാണ് കോടതി ചോദിച്ചത്.
ബഹു.കോടതിക്ക് നിശ്ചയമില്ലാഞ്ഞിട്ടാണ്. ഇങ്ങനെയാണ് ജനാധിപത്യം മുന്നോട്ട് പോവുക. നിയമനങ്ങള്‍, സ്ഥലംമാറ്റങ്ങള്‍ , അഴിമതി അന്വേഷണങ്ങള്‍, ചില്ലറ സഹായവിതരണങ്ങള്‍ തുടങ്ങിയ സുപ്രധാനകാര്യങ്ങള്‍ തീരുമാനിക്കാനാണ ് മന്ത്രിസഭ യോഗം ചേരുന്നത ്. എ.ഡി.ബി. വായ്പ പോലുള്ള നയപരമായ നിസ്സാരസംഗതികള്‍ മുന്‍മന്ത്രിസഭ ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കില്‍ പിന്നെ ഈ മന്ത്രിസഭയും ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഉദ്യോഗസ്ഥര്‍ ചെന്ന് ഒപ്പു വെച്ചാല്‍ മതി.
അച്യുതാനന്ദന് ഓര്‍മപ്പിശക് പറ്റിയതാണ്. പാര്‍ട്ടി സംഗതി മുഴുവന്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചിട്ടുണ്ട്. നിയമസഭാതിരഞ്ഞെടുപ്പിന് മുമ്പ് തന്നെ. പിണറായി വിജയന് കേരളയാത്രയുമായി തിരിക്കുമ്പോള്‍ തന്നെ പറഞ്ഞിട്ടുള്ളതുമാണിത്. ‘എല്ലാ ആശങ്കകളും വ്യവസ്ഥയെ കുറിച്ചുള്ള സംശയങ്ങളും ദുരീകരിച്ചുകഴിഞ്ഞു. വായ്പയുമായി മുന്നോട്ട് പോകും.’ ക്യത്യം ഒരു വര്‍ഷം മുമ്പ് ജനവരി ഏഴിന് കോഴിക്കോട്ട് പിണറായി ഇങ്ങനെ പറഞ്ഞത് പഴയ പത്രങ്ങളെടുത്തുനോക്കിയാല് കാണാം. അല്ലാതെ ഡിവൈഎഫഐ യുവാക്കള്‍ പറയുന്നതു പോലെ അച്യുതാനന്ദന് സര്‍ക്കാര്‍ വന്ന് ആറുമാസത്തിനകം ചര്‍ച്ച ചെയതല്ല വ്യവസ്ഥകളും കണ്ടീഷനാലിറ്റികളും മാറ്റിയത്.
സര്‍ക്കാരും എ.ഡി.ബി.യും ബുദ്ധിപുര്‍വം ഒരു കാര്യം ചെയ്തിട്ടുണ്ട്്. വിവരാവകാശനിയമമൊക്കെ അവിടെ നില്ക്കട്ടെ.കരാറും വ്യവസ്ഥകളുമെല്ലാം വെബ്സൈറ്റിലും മറ്റും പ്രസിദ്ധപ്പെടുത്തി നാട്ടുകാര്‍ക്ക് ശല്യമുണ്ടാക്കേണ്ട എന്ന് തീരുമാനിച്ചിട്ടുണ്ട്. സംഗതി സുതാര്യമല്ല എന്നാരും പറയരുത് ..പാര്‍ട്ടിപത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് എല്ലാ സംഗതികളും. വായിച്ചു പഠിക്കിന്‍.
*********************************
ആശയവിനിമയത്തിന്റെ ഓരോരോ സാഹസങ്ങളേയ്…ബേബിസഖാവ് നിലമ്പൂര്‍ സഖാക്കളുമായി ഒന്നൊന്നര മണിക്കൂര്‍ സമയം പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍ പാര്‍ട്ടി വരാന്തയില്‍ , വന്ന കാലില്‍ നിന്നുകൊണ്ടു ചര്‍ച്ച ചെയ്തതിനെ തടഞ്ഞുവെക്കലായും മറ്റും മാധ്യമസിണ്ടിക്കേറ്റുകാര്‍ ചിത്രീകരിച്ചത് ശ്രദ്ധിച്ചിരിക്കുമല്ലോ. കമ്യൂണിസ്റ്റുകാര്‍ നേതാക്കളെ തടഞ്ഞുവെച്ചൊന്നും പാര്‍ട്ടിതീരുമാനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നവരല്ല. ജാഥ നടത്തി പാര്‍ട്ടി തീരുമാനങ്ങള്‍ മാറ്റാന്‍ നോക്കേണ്ട എന്ന് പിണറായി മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. പിന്നെയാണോ നേതാക്കളെ തടഞ്ഞുവെച്ച് പാര്‍ട്ടി തീരൂമാനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നത് ?
ആശയവിനിമയത്തിനുപയോഗിച്ച മാധ്യമം പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായിപ്പോയെന്ന ഒറ്റക്കുഴപ്പമേയുള്ളൂ. മുദ്രാവാക്യം വിളിയൊക്കെ നാട്ടുകാരുമായി ആശയവിനിമയത്തിന് ഉപയോഗിക്കേണ്ട മാധ്യമമാണ്, നേതാക്കളോട് ആശയവിനിമയം നടത്തേണ്ടത് നേതാക്കള്‍ കസേരയിലിരുന്നും അനുയായികള്‍ സമീപത്ത് മുണ്ട് മടക്കിക്കെട്ടാതെയും സ്വല്പ്പം നെഞ്ചുകുനിച്ചും നിന്നു കൊണ്ട് വേണം. സാരമില്ല, പറയാന്‍ ബാക്കിയുള്ളത് സസ്പെന്ഷന് കാലത്തിന് ശേഷം അങ്ങിനെ നിന്നു പറഞ്ഞാല്‍ മതിയാകും. വേറൊരു സഖാവ് ബൂര്ഷ്വാകള് ചെയ്യും പോലെ പാര്‍ട്ടിക്കാര്യങ്ങള്‍ നേതൃത്വത്തിലേക്ക് ഫാക്സ് ചെയ്തുകളഞ്ഞു. പാര്ട്ടിഭരണഘടനയിലെവിടെയാണ് ഫാക്സിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളത് ? വരയിട്ട കടലാസ്സില്‍ പെന്‍സില്‍ കൊണ്ടെഴുതി വേണമായിരുന്നു അയക്കാന്‍. അതും കീഴ്ഘടകം നേരെ മേല്ഘടകത്തിനാണ് അയക്കേണ്ടത്. ബ്രാഞ്ചുകള്‍ തൊട്ടുമേലെ ലോക്കല്‍ കമ്മിറ്റിക്കും ലോക്കല്‍ കമ്മിറ്റി ഏരിയ കമ്മിറ്റിക്കും ഏരിയ കമ്മിറ്റി ജില്ലാ കമ്മിറ്റിക്കും ജില്ലാക്കമ്മിറ്റിക്കും വേണം ആശയവിനിമയത്തിനുള്ള കടലാസ് അയക്കാന്‍. എല്ലാറ്റിനും വേണമല്ലോ അതിന്റേതായ പ്രോപ്പര്‍ ചാനല്‍. വില്ലേജ് ഓഫീസര്‍ ചീഫ് സെക്രട്ടറിക്ക് കടലാസയച്ചാല്‍ പണി പോയതുതന്നെ. അതുപോലെ.