സ്ഥാനാര്‍ഥിയാകാന്‍ വേണ്ടിയുള്ള നെട്ടോട്ടവും അതു കിട്ടാത്തവരുടെ നെഞ്ചത്തടിച്ചുള്ള (സ്വന്തം നെഞ്ചിലോ എതിരാളിയുടെ നെഞ്ചിലോ ആവാം) നിലവിളിയും കേട്ട് ചില മാന്യവോട്ടര്മാര്ക്ക് തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്. സ്ഥാനത്തോടുള്ള ആര്ത്തിയാണിതിന്റെ പിന്നിലെന്നതാണ് ഈ ധാരണ. സ്ഥാനത്തിരുന്ന് സുഖിക്കലോ സമ്പാദിക്കലോ ഒന്നുമല്ല ഉദ്ദേശ്യം. ജനസേവനത്വര മാത്രമാണിത്. ഈ കൊടുംവേനലില്‍ രാവും പകലും പ്രസംഗിച്ചും വോട്ടുപിടിച്ചും നടക്കുന്നത് അതുകൊണ്ടു മാത്രമാണ്. തെയ്യം കെട്ടുന്നവര്‍ക്ക് തിറ അടുത്താല്‍ കൈകാലുകള്‍ വിറച്ചുതുടങ്ങും എന്ന് വടക്കുള്ളവര്‍ പറയാറുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകനു തിരഞ്ഞെടുപ്പായാല്‍ ശരീരമാകെ വിറച്ചുതുടങ്ങും. ഇനി മത്സരിക്കുകയേയില്ല എന്നു പറഞ്ഞവരും ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്നവരെപ്പോലെ മെല്ലെ പോയി നോമിനേഷന് കൊടുത്തെന്നിരിക്കും. “ദൈനംദിന രാഷ്ട്രീയത്തില്‍നിന്നു വിരമിക്കുകയാണെന്നും ശിഷ്ടകാലം നാമം ജപിച്ചുകഴിയുമെന്നും” പറഞ്ഞവരും ഇത്തവണ സ്ഥാനാര്ഥിയായിട്ടുണ്ടെന്നോര്ക്കണം.
ബൂര്ഷ്വാപാര്ട്ടികളിലാണ് സേവന വ്യഗ്രത കൂടുതല്‍. കമ്യൂണിസ്റ്റുകാരോട് നില്ക്കാന് പാര്‍ട്ടി പറയണം. എന്നാലേ നില്പുറയ്ക്കൂ. നില്ക്കാന് പറഞ്ഞാല്‍ നില്ക്കും ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കും. ബൂര്ഷ്വാകള് അങ്ങനെയല്ല. പറയും മുന്‍പ് ഇരിക്കും. ഇരിക്കുന്നതിനു മുന്‍പ് കാല് നീട്ടും. പാര്‍ട്ടിയില്‍ ചേരുന്നതു തന്നെ ‘സ്ഥാനാര്‍ത്തി’യോടെയാണ്. വാര്‍ഡ് കമ്മിറ്റി സ്ഥാനാര്‍ഥിത്വത്തില്‍ തുടങ്ങും ആര്‍ത്തി. അതു ക്രമേണ വികസിച്ചങ്ങ് മുന്നേറും. റിട്ടയര്‍മെന്റില്ല. തൊണ്ണൂറാം വയസ്സില്‍ ലോക്സഭയിലേക്ക് മത്സരിച്ചവരുണ്ട്. മത്സരിക്കാവുന്ന കുറഞ്ഞ പ്രായത്തെ ക്കുറിച്ചേ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളൂ, കൂടിയതിനെക്കുറിച്ച് പറഞ്ഞിട്ടില്ല.
സ്ഥാനാര്‍ഥിയാകാന്‍ യോഗ്യനാണെന്നു സ്വയം തോന്നുക തന്നെയാണു സ്ഥാനാര്‍ഥിയാകാനുള്ള യോഗ്യത. പഞ്ചായത്തായാലും പാര്‍ലമെന്റായാലും ഇക്കാര്യത്തില്‍ വ്യത്യാസമില്ല. ഒരുപാടാളുകള്‍ക്ക് ഇതേ തോന്നലുണ്ടാവുകയും ഓരോരുത്തരും സ്ഥാനാര്ഥിത്വത്തിനു വേണ്ടി ഗ്രൂപ്പ് തിരിഞ്ഞുപൊരുതുകയും ചെയ്യുന്നതിനാണ് സ്ഥാനാര്‍ഥിനിര്‍ണയം എന്നു കോണ്‍ഗ്രസ്സിലും മറ്റും വിളിക്കുന്നത്. നിയമസഭാസീറ്റില്‍ മത്സരിക്കാന്‍ അനുമതി കിട്ടുന്നതിനു ടിക്കറ്റ് കിട്ടുക എന്നാണ് കോണ്‍ഗ്രസ്സില്‍ പറയുക. വേറെ പാര്‍ട്ടികളിലൊന്നും ‘ടിക്കറ്റ്’ കൊടുക്കുന്ന സമ്പ്രദായമില്ല. തിരുവനന്തപുരത്തേക്കോ ഡല്‍ഹിക്കോ ഉള്ള ടിക്കറ്റ് ആണിത്.
ടിക്കറ്റ് തേടി എത്ര പേര് ഇത്തവണ വന്നുവെന്ന് രമേശ് ചെന്നിത്തലയ്ക്കേ അറിയൂ. 70 ടിക്കറ്റിന് എഴുനൂറോ ഏഴായിരമോ പേര് വന്നിരിക്കാം. ഇതില്‍നിന്ന് ഒരാളെ തിരഞ്ഞെടുക്കുന്നത് എന്തുതരം രാസപ്രക്രിയയിലൂടെയാണെന്ന് വ്യക്തമല്ല. തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നതല്ല വിഷമമേറിയ കാര്യം. കാറ്റ് നമ്മുടെ ദിശയിലെങ്കില്‍ വെറുതെ നിന്നുകൊടുത്താല്‍ മതി. കുറ്റിച്ചൂലുപോലും ജയിക്കും. കോണ്ഗ്രസ്സിലെങ്കില്ടിക്കറ്റ് കിട്ടലാണ് ബ്രഹ്മവിദ്യ. ആരാണ് ആ പാര്‍ട്ടിയില്‍ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നത്? ജില്ലയിലോ സംസ്ഥാനത്തോ കേട്ടിട്ടുപോലുമില്ലാത്തവര്‍ എങ്ങനെ സ്ഥാനാര്‍ഥികളാവുന്നു? ദൈവത്തിന്റെ ഓരോരോ കളികള്എന്നല്ലാതെന്തുപറയാന്.
ട്രെയിനില്‍ ടിക്കറ്റെടുക്കാത്തവര്‍ കള്ളവണ്ടി കേറുന്നതുപോലെയുള്ള പരിപാടിയാണ് പാര്‍ട്ടി ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ വിമതനാവുക എന്നത്. കൂടെ പത്തുപേരുണ്ടെങ്കില്‍ ആര്‍ക്കും വിമതനാവാം. കള്ളവണ്ടികേറിയവരെ പിടിച്ചാല്‍ പിഴയുണ്ടെന്നതുപോലെ വിമതനായി മത്സരിച്ചാല്‍ ശിക്ഷയുണ്ട്. തൂക്കിക്കൊല്ലുകയൊന്നുമില്ല. വിമതന്മാരെ പാര്‍ട്ടിയില്‍ നിന്നുപുറത്താക്കാം. കൂടിയാല്‍ ആറുകൊല്ലത്തേക്കാണ് പുറത്താക്കുക. ആറിന്റെ പ്രത്യേകത എന്തെന്നു വ്യക്തമല്ല. അഞ്ചുകൊല്ലം കഴിഞ്ഞുനടക്കുന്ന അടുത്ത തിരഞ്ഞെടുപ്പിലും ടിക്കറ്റ് ചോദിച്ചുവരരുത് എന്നതാവണം ഉദ്ദേശ്യം. നടപ്പുള്ള കാര്യമല്ല. വിമതനായി മത്സരിച്ച് ജയിക്കുകയാണെങ്കില്‍ ഒരുമാസം കൊണ്ട് പാര്‍ട്ടിയില്‍ തിരിച്ചെടുക്കും. അഥവാ ഭൂരിപക്ഷം കിട്ടാന്‍ ഒരാള്കൂടിവേണം എന്നതാണ് അവസ്ഥയെങ്കില്‍ വിമതനെ തിരിച്ചെടുക്കുകമാത്രമല്ല മന്ത്രിയാക്കുകയും ചെയ്യും. മത്സരിച്ചുതോറ്റ വിമതനെ തിരിച്ചെടുക്കാന്‍ രണ്ടുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ കാലതാമസമുണ്ടാകും. ആള്‍ബലമാണ് പ്രശ്നം. ഒട്ടും ബലമില്ലാത്തവനെ ഒരിക്കലും തിരിച്ചെടുത്തില്ലെന്നുംവരാം.
കോണ്‍ഗ്രസ്സില്‍ ടിക്കറ്റ് കൊടുക്കുന്നതിനുള്ള യോഗ്യതയും അയോഗ്യതയുമൊന്നും
മാലോകര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകില്ല. അതു മഹത്തായ ചില ഗാന്ധിയന്‍ മൂല്യങ്ങളുടെ ഫലമായുണ്ടായതാണ്. എന്തുകൊണ്ടാണ് വി.എം.സുധീരനും മുല്ലപ്പള്ളിക്കും ഒന്നും നിയമസഭയിലേക്ക് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കാഞ്ഞത്? അവര്‍ വേണ്ടെന്ന് പറഞ്ഞതാണോ? ആവണമെന്നില്ല. ഒന്നാന്തരം പാര്ലമെന്റേറിയന്മാരായ ഇവരെ ലോക്സഭയിലേക്ക് ജയിപ്പിക്കാന്‍ കഴിഞ്ഞില്ല, പോട്ടെ, നിയമസഭയിലേക്ക് ജയിപ്പിക്കാന്‍ നോക്കാം എന്നേ മറ്റേതെങ്കിലും പാര്‍ട്ടിയാണെങ്കില്‍ ചിന്തിക്കൂ. ജയിക്കുന്നതും തോല്ക്കുന്നതും പാര്‍ട്ടിയാണ്, സ്ഥാനാര്‍ഥിയല്ല എന്നസത്യം കോണ്‍ഗ്രസ്സിന് ബാധകമല്ല. ജയിച്ചാല്‍ പാര്‍ട്ടിയാണ് ജയിച്ചത്. തോറ്റാല്‍ സ്ഥാനാര്‍ഥിയാണ് തോറ്റത്. സുധീരന് തോറ്റെങ്കില്‍ അത് അദ്ദേഹത്തിന്റെ കുറ്റം . കൊടുക്കരുത് നിയമസഭയിലേക്ക് ടിക്കറ്റ്.
പാര്‍ട്ടിക്ക് വേണ്ടിമത്സരിച്ച് പരാജയം ഏറ്റുവാങ്ങിയവരെ മാറ്റിനിര്‍ത്തും. പക്ഷേ, അഴിമതിയോ ക്രമക്കേടോ കാട്ടിയെന്ന പേരില്‍ മന്ത്രിസ്ഥാനം കളയേണ്ടിവന്നവരെ അങ്ങനെ മാറ്റിനിര്‍ത്തിക്കൂടാ. അവര്‍ക്ക് ടിക്കറ്റ് റെഡി. ലോകായുക്തയ്ക്ക് മുന്നില്‍ നാണംകെട്ട കെ.കെൃാമചന്ദ്രനും കോടതിയില്‍ പേര് ചീത്തയായ കെ.പി.വിശ്വനാഥനും യോഗ്യരാണ്. ബഹുയോഗ്യര്. യു.ഡി.എഫ് സ്ഥാനാര്‍ഥി ലിസ്റ്റില്‍ ക്രിമിനലുകളാണ് ഏറെയെന്ന് സി.പി.എം. മുഖപത്രം കണ്ടെത്തിയിട്ടുണ്ട്. വധശ്രമക്കേസ്, നിയമനത്തട്ടിപ്പുകേസ്, വ്യാജരേഖക്കേസ്, ലോകായുക്തയിലെ അഴിമതിക്കേസ്, പെണ്‍വാണിഭക്കേസ് തുടങ്ങിയ നാണംകെട്ട കേസുകളില്‍പ്പെട്ടവരെ യു.ഡി.എഫ്. ഒരുപാട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളാക്കിയിട്ടുണ്ട്. സി.പി.എം. പാര്‍ട്ടി വേറെയാണ്. പോലീസ് ജീപ്പ് കത്തിക്കുക, പോലീസുകാരെ കല്ലെറിയുക, ബസ് തകര്‍ക്കുക, എതിരാളിയുടെ കൈയും കാലും വെട്ടുക, വഴിപോക്കനെ കല്ലെറിഞ്ഞ് കണ്ണുപൊട്ടിക്കുക, പാര്‍ട്ടി വിട്ടവരുടെ ദേഹത്ത് ആസിഡ് ഒഴിക്കുക തുടങ്ങിയ ഡീസന്റ് കേസുകളില്‍പ്പെട്ടവര്‍ക്ക് സ്ഥാനാര്‍ഥിത്വത്തില്‍ മുന്‍ഗണന നല്കുന്ന പാര്‍ട്ടിയാണത്. കേസുകളുടെ എണ്ണം കൂടുന്നതിന്റെ അനുപാതത്തില്‍ കിട്ടുന്ന വോട്ടിന്റെ എണ്ണവും കൂടും.
മാര്‍ക്സിന്റെയും ഗാന്ധിയുടെയും വഴിയല്ല, ലോഹ്യയുടെയും ജെ.പി.യുടെയും വഴി. തത്ത്വാധിഷ്ഠിത പാര്‍ട്ടിയാണ് ജനതാദള്‍. കേസിലെ പ്രതികളെയൊന്നും ഈ പാര്‍ട്ടി സ്ഥാനാര്‍ഥികളാക്കില്ല. ശിക്ഷിക്കപ്പെടണം. കേസ് സ്ത്രീപീഡനമാണെങ്കില് കേമമായി. കോടതി ശിക്ഷിക്കും വരെ എല്ലാപ്രതികളും നിരപരാധികളാണ് എന്ന തത്ത്വത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പാര്‍ട്ടി. ചെറിയ ഭേദഗതിയുണ്ട് എന്നുമാത്രം. സുപ്രീംകോടതി ശിക്ഷിക്കും വരെ…..എന്ന് തത്ത്വം മാറ്റിയിട്ടുണ്ട്. ഇങ്ങനെയാണെങ്കിലും ശിക്ഷിക്കപ്പെട്ട കുറ്റവാളിക്ക് താന്‍ മത്സരിക്കുന്നതു ശരിയല്ലെന്ന് തോന്നുകയാണെങ്കില്‍ വേറെ സ്ഥാനാര്‍ഥിയെ കൊടുക്കാന്‍ പാര്‍ട്ടി തയ്യാറാണ്. ശിക്ഷിക്കപ്പെട്ട സ്ഥാനാര്‍ഥിക്കു വേണമെങ്കില്‍ സദ്ബുദ്ധിതോന്നി മത്സരിക്കാതിരിക്കട്ടെ. പാര്‍ട്ടിക്ക് അങ്ങനെ തോന്നുന്ന പ്രശ്നമേയില്ല എന്നുസാരം.
** ** **
ഇടതുമുന്നണി ശക്തിപ്പെട്ടുവരികയാണ്. സംശയമില്ല. എന്നാല്‍ മുന്നണി ഒന്നടങ്കമല്ല ശക്തിപ്പെടുന്നത്. മുന്നണിക്കകത്ത് ശക്തിപ്രാപിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാത്രം. കൃത്യമായി പറഞ്ഞാല്‍ സി.പി.എം. മാത്രം. പാര്‍ട്ടിയുടെ ശക്തിക്കനുസരിച്ചാണല്ലോ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം നിശ്ചയിക്കുക. സീറ്റ് കൂടിയത് സി.പി.എമ്മിനു മാത്രം. സി.പി.ഐ. ശക്തി നിലനിര്‍ത്തിയെന്ന് കഷ്ടിച്ചുപറയാം. മറ്റു ബൂര്ഷ്വാപാര്ട്ടികളെല്ലാം ദുര്‍ബലമായി. എന്‍.സി.പി-കോണ്‍ഗ്രസ് എസ്. പാര്‍ട്ടികള്‍ക്ക് ഏഴും ജനതാദളിനും ജോസഫ് കേ.കോവിനും നാലുവീതവും ആര്.എസ്.പി.ക്ക് രണ്ടുമാണ് പോയത്. പോയത് എന്നുപറഞ്ഞാല്‍ വലിയേട്ടന് പിടിച്ചുവാങ്ങിയത് എന്നര്‍ഥം. കാലത്തിന്റെ ചുമരെഴുത്തു വായിക്കാന്‍ ഈ ബൂര്‍ഷ്വാകള്‍ക്ക് കഴിയുമോ എന്തോ. മാര്‍ക്സിസം മാത്രമാണ് അഞ്ചുവര്‍ഷത്തിനിടയില്‍ ബലപ്പെട്ട ഏക പ്രത്യയശാസ്ത്രം. അതില്‍ അണിചേരുകയാണ്ബുദ്ധി.