കൈനീട്ടം ടെലിവിഷന്‍

ഇന്ദ്രൻ

 

വരള്‍ച്ചയും സൂര്യതാപവും ഉള്ളപ്പോഴാണോ ടെലിവിഷന്‍ കൈനീട്ടം കൊടുക്കുന്നത് എന്ന് ചിലരെല്ലാം വലിയ വായില്‍ വിമര്‍ശിക്കുന്നത് കേട്ടു. കേരളത്തില്‍ കൃഷി ഇല്ലാതായിട്ട് കാലം കുറച്ചായതുകൊണ്ട് വരള്‍ച്ചയൊന്നും കൃഷിവകുപ്പിനെ കാര്യമായി ബാധിക്കുകയില്ല. എങ്കിലും നാട്ടുകാരെ ബോധിപ്പിക്കാനെങ്കിലും അല്പം വകതിരിവ് സര്‍ക്കാര്‍ കാട്ടണമല്ലോ. അതുകൊണ്ടാണ് നിസ്സാരവിലയുള്ള ടെലിവിഷനിലൊതുക്കിയത്

വിഷുവിന് എം.എല്‍.എ.മാര്‍ക്കെല്ലാം ഓരോ ടെലിവിഷന്‍ സെറ്റ് കൈനീട്ടമായി കൊടുത്തത് ഇത്ര വലിയ പൊല്ലാപ്പായി മാറുമെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍ ഓര്‍ത്തതല്ല. പാരമ്പര്യമായിത്തന്നെ വിലയേറിയ വിഷുക്കൈനീട്ടവും ഓണക്കോടിയുമെല്ലാം കൊടുത്തുപോന്ന ആഢ്യകുടുംബത്തിലെ അംഗമാണ് മോഹനന്‍. സോഷ്യലിസ്റ്റാണ് എന്നൊരു ദോഷം പണ്ടുണ്ടായിരുന്നു. ശത്രുക്കള്‍പോലും ഇന്ന് അങ്ങനെയൊരു കുറ്റം പറയില്ല. പണ്ടായിരുന്നെങ്കില്‍ എട്ടണയോ മറ്റോ കൊടുത്താല്‍ മതിയായിരുന്നു കൈനീട്ടമായി. ഇന്നത്തെ കാലത്ത് കൈനീട്ടം കേഷായി കൊടുക്കുന്നത് രണ്ടാംതരമാണ്. അതുകൊണ്ടാണ് മന്ത്രി ടെലിവിഷനാക്കിയത്.

വരള്‍ച്ചയും സൂര്യതാപവും ഉള്ളപ്പോഴാണോ ടെലിവിഷന്‍ കൈനീട്ടം കൊടുക്കുന്നത് എന്ന് ചിലരെല്ലാം വലിയ വായില്‍ വിമര്‍ശിക്കുന്നത് കേട്ടു. കേരളത്തില്‍ കൃഷി ഇല്ലാതായിട്ട് കാലം കുറച്ചായതുകൊണ്ട് വരള്‍ച്ചയൊന്നും കൃഷിവകുപ്പിനെ കാര്യമായി ബാധിക്കുകയില്ല. എങ്കിലും നാട്ടുകാരെ ബോധിപ്പിക്കാനെങ്കിലും അല്പം വകതിരിവ് സര്‍ക്കാര്‍ കാട്ടണമല്ലോ. അതുകൊണ്ടാണ് നിസ്സാരവിലയുള്ള ടെലിവിഷനിലൊതുക്കിയത്. കൃഷി നല്ല നിലയിലായിരുന്നെങ്കില്‍ ഓരോ മുന്തിയ കാറുതന്നെ പൊതിഞ്ഞുകെട്ടി എം.എല്‍.എ. ഹോസ്റ്റലില്‍ എത്തിച്ചുകൊടുത്തേനെ. കൊടുംവേനലില്‍ കാറിനേക്കാള്‍ ഭേദം ടെലിവിഷന്‍തന്നെ. വെയിലില്‍ ഇറങ്ങാതെ ആളുകള്‍ വീട്ടില്‍ ചാനല്‍ കണ്ടിരുന്നുകൊള്ളുമല്ലോ പകല്‍ മുഴുവന്‍.

എന്തായാലും ടെലിവിഷന്‍ദാനത്തോടുള്ള മാധ്യമ-ബുദ്ധിജീവി വിമര്‍ശനത്തില്‍ മന്ത്രി മോഹനന് പരിഭവമുണ്ട്. ഇത്രയും കാലത്തിനിടയില്‍ ഏതെല്ലാം സര്‍ക്കാറുകള്‍ എന്തെല്ലാം ദാനമായും ഉപഹാരമായും എം.എല്‍.എ.മാര്‍ക്കും പത്രക്കാര്‍ക്കുമെല്ലാം കൊടുത്തിരിക്കുന്നു. ഇത് പുതിയ സംഭവമൊന്നുമല്ല എന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍തന്നെ പറഞ്ഞില്ലേ. നാല്പതിനായിരം രൂപ വിലയുള്ള ഐപാഡ് എം.എല്‍.എ.മാര്‍ക്ക് വെറുതെ കൊടുത്തപ്പോഴുണ്ടാകാഞ്ഞ വിമര്‍ശനം താന്‍ നിസ്സാര ടെലിവിഷന്‍ കൊടുത്തപ്പോഴുണ്ടാകാന്‍ കാരണമെന്തെന്ന് മോഹനന്‍ അത്ഭുതപ്പെടുകയുണ്ടായി. വിലയാണ് കൃഷിമന്ത്രി കാര്യമായി എടുത്തത്. ജനം അതല്ല കണ്ടത്. ഐപാഡ് പോലുള്ള സാധനങ്ങള്‍ കൈയില്‍ കിട്ടിയാല്‍ ജനപ്രതിനിധികളുടെ കാര്യക്ഷമത ഉയരുമെന്ന മോഹമോ (തെറ്റു)ധാരണയോ ജനത്തിനുള്ളതുകൊണ്ടാവണം അന്നൊന്നും പറയാതിരുന്നത്.

മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്തത് എളിമയുടെയും ആദര്‍ശത്തിന്റെയും ലക്ഷണമായി കരുതുന്നവര്‍ ഇന്നും കാണും. പക്ഷേ, മൊബൈലും ഇ-മെയിലും ഫെയ്‌സ് ബുക്കുമൊന്നും ഇല്ലാത്ത ആളെ ജനപ്രതിനിധിയാക്കാന്‍ ഇനി ജനത്തെ കിട്ടില്ല എന്ന അവസ്ഥ വന്നുകഴിഞ്ഞു. നിയമസഭയിലിപ്പോള്‍ ചെറുപ്പക്കാരായ പല എം.എല്‍.എ.മാരും സഭയ്ക്കകത്തുതന്നെ ഐപാഡും ലാപ്‌ടോപ്പുമെല്ലാം ഉപയോഗിക്കുന്നുണ്ട്. ആറ്‌വര്‍ഷം മുമ്പ് ഒരുയുവ കോണ്‍ഗ്രസ് എം.എല്‍.എ. ലാപ്‌ടോപ്പിലെ പ്രസംഗം വായിച്ചപ്പോള്‍ ഇടതുപക്ഷം ഒബ്ജക്ഷന്‍ ഉന്നയിച്ചെന്ന് പലരും ഓര്‍ക്കുന്നുണ്ട്. ഇനി ഇതൊന്നും ഇല്ലാത്തവരെ നിയമസഭയില്‍ കയറ്റില്ലെന്ന് ചട്ടം വന്നേക്കും. ടെലിവിഷന്‍ അതുപോലെയല്ല. തമിഴ്‌നാട്ടില്‍ വോട്ടര്‍മാരെ പറ്റിക്കാന്‍ കരുണാനിധി, ജയലളിതമാര്‍ ഉപയോഗിക്കുന്ന സാധനമാണ് അത്. വൈദ്യുതിയില്ലാത്ത വീടിനും കൊടുത്തു സൗജന്യടെലിവിഷന്‍. ചാനല്‍ കമ്പനി പോഷിപ്പിക്കാന്‍ കൂടിയാണത് ചെയ്തത്. മന്ത്രി കെ.പി. മോഹനന് ചാനല്‍ കമ്പനിയൊന്നുമില്ലതാനും. ടെലിവിഷന്‍ ഇല്ലാത്ത എം.എല്‍.എ. അല്ല പഞ്ചായത്തുമെമ്പര്‍ പോലും കേരളത്തില്‍ കാണില്ല.

പതിവുപോലെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ കിട്ടിയ ടെലിവിഷന്‍ ചുമട്ടുകൂലിയും വണ്ടിക്കൂലിയും ചെലവിട്ട് സര്‍ക്കാറിന് തിരിച്ചുകൊടുത്തതായി വാര്‍ത്തയുണ്ട്. വിഡ്ഡിപ്പെട്ടി വാങ്ങിയ മറ്റ് സി.പി.എം. സാമാജികര്‍ ആദര്‍ശശൂന്യരും വി.എസ്. ആദര്‍ശവാനും എന്ന് തെളിയിക്കാന്‍ അതാവശ്യമായിരുന്നു. ടെലിവിഷന്‍ പ്രശ്‌നത്തിലും സി.പി.എമ്മില്‍ ഭിന്നത എന്നൊരു തലവാചകം പത്രത്തില്‍ വരുത്താനും അത് പ്രയോജനപ്പട്ടു. സാധനം വി.എസ്. ഏതെങ്കിലും അനാഥ മന്ദിരത്തിനാണ് കൊടുത്തതെങ്കില്‍ കുട്ടികള്‍ക്ക് പ്രയോജനപ്പെട്ടേനേ. സംഭാവന വാര്‍ത്തയായി വരികയും ചെയ്യും, വി.എസ്സിന്റെ ആദര്‍ശം ഒന്നുകൂടി തെളിയുകയും ചെയ്യും എന്ന പ്രയോജനവും ഉണ്ടായിരുന്നു. നേരത്തേ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കൊടുത്തയച്ച ഐപാഡും സഖാവ് വി.എസ്. തിരസ്‌കരിക്കുകയുണ്ടായി. കുഞ്ഞാലിക്കുട്ടി ആള് ശരിയല്ല എന്ന അഭിപ്രായം ഉള്ളതുകൊണ്ട് ഐപാഡ് തിരസ്‌കരിക്കാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടിവന്നില്ല.

കൈനീട്ടം കൊടുക്കുന്ന കാര്യത്തില്‍ സര്‍ക്കാറിന് ഉറച്ച നയമുണ്ട്. തോന്നുമ്പോഴും തടയുമ്പോഴും കൊടുക്കുക എന്നതുതന്നെയാണ് ആ നയം. പക്ഷേ, പ്രതിപക്ഷനേതാവിന് ഇക്കാര്യത്തില്‍ നയമുണ്ടോ എന്ന് സംശയമുണ്ട്. കുഞ്ഞാലിക്കുട്ടിയുടെയും മോഹനന്റെയും സൗജന്യം തിരസ്‌കരിച്ച വി.എസ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ധനമന്ത്രി തോമസ് ഐസക് വക 20,000 രൂപ വില വരുന്ന ഓരോ മുന്തിയ ഇനം മൊബൈല്‍ ഫോണ്‍ അംഗങ്ങള്‍ക്ക് നല്‍കിയിരുന്നു. മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദന് അത് കൊടുത്തിരുന്നുവോ, അദ്ദേഹം അത് നിരസിച്ചുവോ എന്നൊന്നും മാധ്യമസിന്‍ഡിക്കേറ്റ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായില്ല. 2012-ലെ വിഷുലക്ഷണം അസ്സലായിരുന്നു. മന്ത്രി ഇബ്രാഹിംകുഞ്ഞ് 17,500 രൂപ വിലവരുന്ന യാത്രാബാഗ്, ധനമന്ത്രി കെ.എം. മാണി വക മുപ്പതിനായിരത്തിന്റെ മൊബൈല്‍ഫോണ്‍, ഷിബു ബേബി ജോണിന്റെ വക പന്തീരായിരം മതിപ്പുള്ള ഡിജിറ്റല്‍ ക്യാമറ എന്നിവ കിട്ടിയിരുന്നു ജനപ്രതിനിധികള്‍ക്ക്. ഇതൊന്നും അപ്പോള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായില്ല. ഇതെല്ലാം വി.എസ്സും വാങ്ങിയോ എന്നും മാധ്യമ സിന്‍ഡിക്കേറ്റ് അന്വേഷിച്ചില്ല. ഇനി മാധ്യമക്കാര്‍ക്കും കിട്ടിയോ ഗിഫ്റ്റ് എന്നറിയില്ല. ഈ വര്‍ഷം സംഗതി ഒട്ടും പന്തിയല്ല. മഴയും മോശം വിഷുലക്ഷണവും മോശം.

**   **
ശുദ്ധ അക്കാദമിക് പണ്ഡിതരെ വൈസ് ചാന്‍സലര്‍മാരായി നിയോഗിച്ചാലേ യൂണിവേഴ്‌സിറ്റികളുടെ നടത്തിപ്പ് കേമമാകൂ എന്നൊരു തെറ്റുധാരണയും അന്ധവിശ്വാസവും ലോകത്തിന്റെ എല്ലാഭാഗങ്ങളിലും ഉള്ളത് കേരളത്തിലും ഉണ്ടായിരുന്നു. അത് മാറ്റാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഒരു ശ്രമം നടത്തിയിരുന്നു. അത് പിന്തിരിപ്പിന്മാര്‍ തടസ്സപ്പെടുത്തി. പുതിയ വൈസ് ചാന്‍സലറായി നിര്‍ദേശിച്ചത് സ്‌കൂള്‍ അധ്യാപകനെ ആണെന്നോ മറ്റോ ആയിരുന്നു പ്രചാരണം. എന്തായാലും നടന്നില്ല.

കണ്ണൂരില്‍ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രമുഖ നേതാവിനെയാണ് വൈസ് ചാന്‍സലറാക്കുന്നത്. കോളേജ് പ്രിന്‍സിപ്പാളാണ് അദ്ദേഹം. മറ്റ് അക്കാദമിക് യോഗ്യതകള്‍ കുറവാണെങ്കിലും രാഷ്ട്രീയ യോഗ്യതകള്‍ കുറച്ചേറെയുണ്ട്. രാഷ്ട്രീയപ്രവര്‍ത്തകന്‍ വൈസ് ചാന്‍സലറായിക്കൂടാ എന്ന് നിയമത്തിലില്ല. വിദ്യാഭ്യാസയോഗ്യതതന്നെ കമ്മിയായ നേതാക്കള്‍ക്ക് വിദ്യാഭ്യാസമന്ത്രിമാരാകാമെങ്കില്‍ അത്യാവശ്യം യോഗ്യതയുള്ള നേതാക്കള്‍ക്ക് വൈസ് ചാന്‍സലര്‍മാരുമാകാം. ഐന്‍സ്റ്റൈനെ കേരള സര്‍വകാലാശാലയുടെ വൈസ് ചാന്‍സലറാകാന്‍ ക്ഷണിച്ച സര്‍ സി.പി.യില്‍ നിന്ന് നമ്മള്‍ ബഹുദൂരം അതിവേഗം മുന്നോട്ട് പോയിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Go Top