ചില പ്രദേശങ്ങളില്‍ ‘പഞ്ചായത്താക്കുക’ എന്നതൊരു ശൈലീപ്രയോഗമാണ്. “പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് പ്രശ്നം പഞ്ചായത്താക്കി” എന്നു വാക്യത്തില്‍ പ്രയോഗിക്കാം. പ്രശ്നം ഒത്തുതീര്‍പ്പാക്കി എന്നാണ് അതിന്റെ അര്‍ത്ഥം. അതാണ് പഞ്ചായത്ത്. എല്ലാറ്റിനും രമ്യമായ പരിഹാരം. സംസ്ഥാനത്തെ പഞ്ചായത്ത്‌രാജ് രാഷ്ട്രീയം ഇന്നത്തെ നിലയില്‍ പോയാല്‍ ഒരു കാര്യം ഉറപ്പ്. ശൈലി ഒരു വഴിക്കും അതിന്റെ അര്‍ത്ഥം വേറൊരു വഴിക്കും പോകും. ചങ്കുവെട്ടി വില്ലേജിലെ റോഡ് പ്രശ്നം ‘പഞ്ചായത്ത് രാജാക്കി’ എന്നു കേട്ടാല്‍ മനസ്സിലാക്കുക-വില്ലേജില്‍ പകുതിപേര്‍ ചങ്കിന് വെട്ടേറ്റ് ആസ്പത്രിയിലും ബാക്കിപകുതിപേര്‍ പോലീസ് ലോക്കപ്പിലും ആണ് എന്ന്.
പഞ്ചായത്ത് എന്നു പറയുന്നത് പത്തുപതിനഞ്ചുകൊല്ലം വരെ അന്നത്തെ നാട്ടിന്‍പുറത്തെ വീടുകളിലെ വൈദ്യുതി വിളക്കുപോലെ ലോവോള്‍ട്ടേജ് ഏര്‍പ്പാട് ആയിരുന്നു. വെളിച്ചമുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട്. ഉണ്ടോ എന്നുറപ്പിച്ചുചോദിച്ചാല്‍ ഇല്ലെന്നും മറുപടികിട്ടും. പരോപകാരാര്‍ത്ഥം ശരീരം കൊണ്ടു നടക്കുന്ന കുറെ ശുദ്ധാത്മാക്കളുടെ പരക്കം പാച്ചില്‍ ആയിരുന്നു പഞ്ചായത്ത് ഭരണം. പെറ്റാലും മരിച്ചാലും വീടുകളില്‍ ചെല്ലുക, എല്ലാവോട്ടര്‍മാരുടെയും വീട്ടിലെ വിളിപ്പേര്‍ അറിയുക, അവരുടെ രണ്ടു മുന്‍തലമുറക്കാരെയും നേരിട്ട് അറിയുക തുടങ്ങിയവയായിരുന്നു പഞ്ചായത്തിലേക്ക് ജയിക്കാനുള്ള മുഖ്യയോഗ്യതകള്‍. രാഷ്ട്രീയം സൈഡായി കുറച്ച് വേണമെന്നേ ഉള്ളൂ. ഒരു തവണ ജയിച്ചാല്‍ പത്തോ പതിനഞ്ചോ കൊല്ലം കഴിഞ്ഞേ അടുത്ത തിരഞ്ഞെടുപ്പ് ഉണ്ടാകൂ എന്ന സൗകര്യവും ഉണ്ടായിരുന്നു. നാട്ടില്‍ വികസനം കാര്യമായി ഒന്നും ഉണ്ടായില്ലെങ്കിലും സുഭിക്ഷം മനസ്സമാധാനമുണ്ടായിരുന്നു.
ഈയിടെയാണ് വോട്ടേജ് കൂടിയത്. ഗാന്ധിജിയുടെ പഞ്ചായത്ത് രാജ് ഒടുവില്‍ രാജീവ് ഗാന്ധിയാണ് നടപ്പാക്കിയതെന്ന് കോണ്‍ഗ്രസ്സുകാരും, അതല്ല തങ്ങളാണെന്ന് ഇടതുകാരും അവകാശപ്പെടുന്നുണ്ട്. എന്തായാലും മഹാത്മാഗാന്ധി മുതല്‍ ഇ.എം.ശങ്കരന്‍നമ്പൂതിരിപ്പാട് വരെയുള്ളവരുടെ സ്വപ്‌നമാണ് പഞ്ചായത്തിന്റെ ശക്തിപ്പെടുത്തല്‍ എന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്നില്ല.
മഴപെയ്യുമ്പോള്‍ കുട ചൂടണം എന്നാരെങ്കിലും അഭിപ്രായം പറയുന്നതുകേട്ടാല്‍ രണ്ടുപേരെങ്കിലും ചാടിയെഴുന്നേറ്റ് എതിരു പറയുന്ന നാടാണിത്. അര്‍ദ്ധരാത്രി മഴപെയ്താല്‍ കുടപിടിക്കുന്നവന്‍ അല്‍പനാണ് എന്ന അഭിപ്രായം പണ്ടേ ഉണ്ട് താനും. പഞ്ചായത്ത് രാജിന്റെ കാര്യത്തില്‍ എതിരു ഉണ്ടാവില്ലെന്നായിരുന്നു ധരിച്ചിരുന്നത്. പഞ്ചായത്ത് രാജൊക്കെ ശരി. പക്ഷേ, അതിനകത്തുള്ള ജനങ്ങള്‍ ആസൂത്രണം ചെയ്യുന്നത് സി.ഐ.എ. പരിപാടിയാണ് എന്നൊരഭിപ്രായം ഈയിടെ കേള്‍ക്കുകയുണ്ടായി. ഇനി പഞ്ചായത്ത് രാജ് തന്നെ സി.ഐ.എ. ബുദ്ധി ആയിരുന്നെന്ന് നാളെ കേട്ടുകൂടായ്‌കയില്ല. എന്തായാലും ഇപ്പോഴത്തേതിനെക്കുറിച്ച് വേവലാതിപ്പെടാനില്ല. ചില കാര്യങ്ങളില്‍ പഞ്ചായത്തിപ്പോള്‍ സമ്പൂര്‍ണ സമവായമാണ്. ഒരു ധ്രുവത്തില്‍ നില്‍ക്കുന്ന ഇടതുമതേതര ജനാധിപത്യ വികേന്ദ്രീകരണ വാദി മുതല്‍ മറ്റേ ധ്രുവത്തില്‍ നില്‍ക്കുന്ന ഫാസിസ്റ്റ് വര്‍ഗീയ മൂരാച്ചിവരെ ഒറ്റക്കെട്ടായി നില്‍ക്കുന്നത് പഞ്ചായത്ത് ഭരണത്തില്‍ ഒട്ടും സമവായം പാടില്ല എന്ന കാര്യത്തിലാണ്.
പഞ്ചായത്ത് കാര്യത്തില്‍ കക്ഷിരാഷ്ട്രീയം തീരെ വേണ്ട എന്ന് ഗാന്ധിജിയും വലിയ തോതിലത് വേണ്ട എന്നു ഇ.എം.എസ്സും പറഞ്ഞിട്ടുണ്ട്. രണ്ടു പേരെയും പഞ്ചായത്ത് അതിര്‍ത്തിയില്‍ കയറ്റാന്‍ കൊള്ളില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുമ്പോള്‍ ആരുടെയും സേവനവും സത്യസന്ധതയും ഒന്നും നോക്കേണ്ട. പിടിക്കുന്ന കൊടി മാത്രം നോക്കിയാല്‍ മതി. ഏത് കഴുതക്കാല്‍ പിടിച്ചാലും ജയിക്കണം. നാട്ടിലെ വികസന കാര്യമൊന്നും മിണ്ടണ്ട, രാഷ്ട്രീയം പറഞ്ഞാല്‍ മതി. നാട്ടിലെ ഏറ്റവും ചെറിയ രാഷ്ട്രീയ-മത-ജാതി വിഭാഗത്തെ കൂടി പഞ്ചായത്ത് ഭരണത്തില്‍ പങ്കാളിയാക്കാന്‍ ആനുപാതിക പ്രാതിനിധ്യ തിരഞ്ഞെടുപ്പ് സമ്പ്രദായം വേണം എന്നു ഇ.എം.എസ്. നിര്‍ദേശിച്ചിട്ടുണ്ട്. ആകാശം ഇടിഞ്ഞാലും ഇ.എം.എസ്സിന്റെ ഈ നിര്‍ദേശം നടപ്പാക്കരുതെന്ന കാര്യത്തില്‍ സമ്പൂര്‍ണ യോജിപ്പാണ് എല്ലാ കക്ഷികള്‍ക്കുമുള്ളത്. എങ്ങനെ എല്ലാവര്‍ക്കും പ്രാതിനിധ്യം നല്‍കാം എന്നല്ല, പഞ്ചായത്തില്‍ എങ്ങനെ പ്രതിപക്ഷമേ ഇല്ലാതാക്കാം എന്നാണ് നോക്കേണ്ടത്. അവനവനു ബലമുള്ളയിടത്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കാന്‍ എല്ലാവരും ശ്രമിക്കുന്നുണ്ട്.
വികസന കാര്യത്തില്‍ രാഷ്ട്രീയം വേണ്ട എന്ന് ആചാര്യന്മാരെല്ലാം പറഞ്ഞിട്ടുണ്ട്. ഗ്രാമ-പ്രാദേശിക വികസന കാര്യത്തില്‍ ഒട്ടും വേണ്ട എന്ന് ഉറച്ചുപറഞ്ഞിട്ടുണ്ട്. അതിലൊന്നും കാര്യമില്ലെന്നും രാഷ്ട്രീയത്തിന്റെ വികസനമാണ് എല്ലാറ്റിനേക്കാള്‍ പ്രധാനമെന്നും ഇന്ന് അഭിപ്രായസമന്വയമുണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി പച്ചയായ കക്ഷിരാഷ്ട്രീയവും അതിന്റെ ഭാഗമായ അയിത്തവ്യവസ്ഥകളും പഞ്ചായത്ത്-മുനിസിപ്പല്‍ ഭരണത്തിലും പ്രാവര്‍ത്തികമാക്കുന്നതാണ്. പഞ്ചായത്തിലേക്ക് ജയിക്കാന്‍ കൂട്ടുകൂടിയവരും ജയിച്ചശേഷം പരസ്പരം അയിത്തം പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായാണ്. രാഷ്ട്രീയവൈരം പരമാവധി മൂര്‍ച്ഛിക്കുന്നുണ്ട്. കൊലയും നടത്തുന്നുണ്ട്.
ഗ്രാമസഭകള്‍, ക്ഷേമപദ്ധതികള്‍ക്കുള്ള കമ്മിറ്റികള്‍, റോഡ് ശ്രമദാന കമ്മിറ്റികള്‍, സ്കൂള്‍ രക്ഷാകര്‍തൃ സമിതികള്‍ തുടങ്ങിയ ചില രംഗങ്ങളില്‍ വേണ്ടത്ര കക്ഷിരാഷ്ട്രീയമില്ലാതെ ഇപ്പോഴും ദുര്‍ബലമായി കിടക്കുന്നുണ്ട്. അടുത്ത ഘട്ടമായി അതിലേക്ക് കൂടി സംഘടിതമായി നീങ്ങുന്നതാണ്. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തെ വിജയകരമായി ‘പഞ്ചായത്ത് രാജാ’ക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. എല്ലാവരും സഹകരിക്കുക.
സി.ഐ.എ.പണം കൊടുത്തു, അതു കൊടുത്തു, ഇതു കൊടുത്തു എന്നെല്ലാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. സത്യമായും ഇതില്‍ നാണക്കേട് തോന്നുന്ന ഒരു കാര്യമുണ്ട്. നമ്മുടെ സോവിയറ്റ് സ്വര്‍ഗത്തിലും ഉണ്ടായിരുന്നു സമാനസ്വഭാവമുള്ള ഒരു ഉശിരന്‍ സംഘടന- അതെ കെ.ജി.ബി. തന്നെ. ചിലരതിനെയും ചാരസംഘടന എന്നുവിളിച്ചു പോന്നിട്ടുണ്ട്. അറിവോ ശരിയായ കാഴ്ചപ്പാടോ ഇല്ലാഞ്ഞിട്ടാണ്, സി.ഐ.എ. ആണ് ചാരസംഘടന, അവറ്റകള്‍ ഡോളര്‍ പെറുക്കിയെറിഞ്ഞിരുന്നത് മുതലാളിത്തവും മുതലാളിത്ത ജനാധിപത്യവും ഉണ്ടാക്കാനാണ്. കെ.ജി.ബി. അത്തരം ഒരു സംഘടനയല്ല. ലോകത്തെങ്ങും സോഷ്യലിസം ഉണ്ടാക്കാനാണ് കെ.ജി.ബി. പ്രവര്‍ത്തിച്ചു പോന്നത്. ആദ്യത്തേതാണ് വൃത്തികെട്ട ചാരവൃത്തി, രണ്ടാമത്തേത് നല്ല വൃത്തിയുള്ള സോഷ്യലിസ്റ്റ് രാഷ്ട്രനിര്‍മാണവും വിപ്ലവപ്രവര്‍ത്തനവുമായിരുന്നു.
നാണക്കേട് തോന്നിയെന്ന് പറഞ്ഞുവല്ലോ. റൂബിള്‍ കെ.ജി.ബി.യും പരക്കെ വിതറിയിട്ടുണ്ട്. എന്നാല്‍ ഒരുത്തനെങ്കിലും ഇതിനെ കുറിച്ച് ഒരു പുസ്തകം പോലും നേരാംവണ്ണം എഴുതിയിരുന്നില്ല. സി.ഐ.എ.അങ്ങനെ ചെയ്തു. ഇങ്ങനെ ചെയ്തു എന്നും മറ്റും വിവരിക്കുന്ന പുസ്തകമെഴുതി വില്‍ക്കലാണ് സി.ഐ.എ.യില്‍ നിന്നു വിരമിക്കുന്നവരുടെയെല്ലാം വാര്‍ധക്യത്തിലെ ഹോബി. നല്ലവരവുമാണ്. ഒരു കെ.ജി.ബി. റിട്ട.ഹെഡ്‌കോണ്‍സ്റ്റബിളിന്റെയെങ്കിലും നല്ല ഒരു ചാരപ്പുസ്തകം കണ്ടിട്ട് മരിച്ചാല്‍മതിന്നെ ആഗ്രഹവുമായി ജീവിക്കുന്ന മുന്‍ സോവിയറ്റ് ആരാധകര്‍ നിരവധിയാണ്. അവര്‍ക്ക് ഇപ്പോഴാണ് സമാധാനമായത്.
ഇന്ത്യയില്‍ സോഷ്യലിസം ഉണ്ടാക്കുന്നതിന്റെ ഭാഗമായി, ഉറച്ച കമ്യൂണിസ്റ്റുകാരെ സോവിയറ്റ് സഹായത്തോടെ കോണ്‍ഗ്രസ്സിലേക്ക് കടത്തിവിട്ട കാര്യം അക്കാലത്തേക്ക് തന്നെ ചര്‍ച്ചാവിഷയമായിരുന്നു. അതിന്റെ ഫലമായാണ് രാജ്യം സോഷ്യലിസത്തിന്റെ വക്കത്തു വരെ എത്തിയത്. ഒരു ചെറിയ ഉന്തുകൂടി കൊടുത്തിരുന്നുവെങ്കില്‍ അങ്ങോട്ട് ഉരുണ്ടു വീണേനെ. പുരോഗമന സോഷ്യലിസ്റ്റുകള്‍ കോണ്‍ഗ്രസ്സില്‍ അകത്തുനിന്നും സി.പി.ഐ.ക്കാര്‍ പുറത്തുനിന്നും ആണ് സോഷ്യലിസ്റ്റ് നിര്‍മാണം നടത്തിയിരുന്നത്. ക്ഷീണം തോന്നുമ്പോള്‍ ഉടനെ സോവിയറ്റ് യൂനിയനില്‍ പറന്നുചെന്ന് സുഖവാസ കേന്ദ്രത്തില്‍ താമസിച്ച് ആരോഗ്യം വീണ്ടെടുക്കാനുള്ള സംവിധാനമുണ്ടായിരുന്നു. തിരിച്ചുവന്ന് സോവിയറ്റ് സ്തുതി എഴുതുന്നതിനും സോവിയറ്റ് സാഹിത്യം വില്‍ക്കുന്നതിനുമൊക്കെ പ്രത്യേക സഹായം ഉറുപ്പികയായി നല്‍കാനും ഏര്‍പ്പാടുണ്ടായിരുന്നു. അവാര്‍ഡുകള്‍, പഠന സ്കോളര്‍ഷിപ്പുകള്‍, സോവിയറ്റ് പര്യടനങ്ങള്‍ തുടങ്ങി പലവഹയിലായിരുന്നു സബ്‌സിഡി.
അന്ന് ഇതിലൊന്നും ലവലേശം രഹസ്യമുണ്ടായിരുന്നില്ല കേട്ടോ. എല്ലാ പാര്‍ട്ടികളിലും പെട്ട സോവിയറ്റ് അനുചരന്മാര്‍ക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ സംഘടനകളുമുണ്ടായിരുന്നു. അവര്‍ പരസ്യമായി തന്നെ പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ആകപ്പാടെ വിശ്വസിക്കാന്‍ പ്രയാസം തോന്നിയ ഒരു കാര്യം ഒടുവില്‍ കേട്ട വാജ്‌പേയികഥ മാത്രമാണ്. ഒരിന്ത്യന്‍ രഹസ്യാന്വേഷണക്കാരന്‍ എഴുതിയത് സംഘപരിവാറിലെ ചില രഹസ്യാന്വേഷണക്കാര്‍ ശരിവെച്ചിട്ടുണ്ട്. വാജ്‌പേയിക്കു പല നല്ല സ്വഭാവങ്ങളും ഉള്ളതായി നമുക്ക് നേരത്തെ അറിയുമായിരുന്നു .ഇത്രയും കരുതിയതല്ല. ഈ കാലമെല്ലാം സഖാവ് വാജ്‌പേയിയെ വര്‍ഗീയവാദി എന്നും മറ്റും മുദ്രകുത്തിയതില്‍ കുറ്റബോധം തോന്നുന്നു. ഒരു സോവിയറ്റ് സാമാധാന അവാര്‍ഡെങ്കിലും കൊടുക്കേണ്ടതായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുക വഴി തിരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും കണ്ണൂര്‍ ജില്ലയിലെ ജനങ്ങളെ കുറച്ചൊന്നുമല്ല അപമാനിച്ചത്. ജനങ്ങള്‍ എന്നു പറയുന്നത് സി.പി.എം. അണികള്‍ തന്നെ ആണല്ലോ. തികഞ്ഞ അഹിംസാ വാദികളായ സി.പി.എമ്മുകാര്‍ സര്‍ക്കാരിന്റെ ഈ നീക്കത്തില്‍ ശക്തമായി പ്രതിഷേധിക്കുകയുണ്ടായി.
അഹിംസയില്‍ ഒട്ടും പിറകിലല്ലാത്ത ആര്‍.എസ്.എസ്സിനും സംഘടിപ്പിക്കാവുന്നതായിരുന്നു ഒരു പ്രതിഷേധം. ഗണവേഷത്തില്‍ ആവാം, അഹിംസയുടെ പ്രതീകമായ ദണ്ഡും വേണം. പഴയ വീര്യമൊന്നുമില്ലെങ്കിലും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍, ഇവര്‍ക്ക് ധാര്‍മിക പിന്തുണയുമായി രംഗത്തുവന്നാല്‍ ആകപ്പാടെ കേമമാകുമായിരുന്നു. മൂന്നു ദശകത്തിനിടയില്‍ ഇവര്‍ വെട്ടിക്കൊന്നവരുടെ ആത്മാക്കള്‍ക്ക് സ്വര്‍ഗത്തിലിരുന്ന് ബോധം കെടുവോളം പൊട്ടിച്ചിരിക്കാന്‍ അവസരം കിട്ടുമായിരുന്നു. പഴശ്ശിനിക്കടവിലെ ഒരു വിഷപ്പാമ്പിനെപ്പോലും നോവിക്കാത്ത രാഷ്ട്രീയ പ്രവര്‍ത്തകരെ സര്‍ക്കാര്‍ ഈ വിധം അപമാനിക്കരുതായിരുന്നു.