ഗ്രൂപ്പ് രഹിത ഇടവേള

ഇന്ദ്രൻ

സോണിയാമാഡം കഴിഞ്ഞാഴ്ച കൊച്ചിയില് വന്ന് പ്രഖ്യാപിച്ചത് ‘ഇനിമുതല് കേരളത്തിലെ കോണ്ഗ്രസ്സില് ആ ഗ്രൂപ്പ്, ഈ ഗ്രൂപ്പ്, മറ്റേ ഗ്രൂപ്പ് എന്നിങ്ങനെയുള്ള തമ്മിലടികള് ഉണ്ടാവുകയേ ഇല്ല’ എന്നാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഉദ്ഘാടനം ചെയ്യാനാണല്ലോ മാഡം വന്നത്. അപ്പോള് ഇതാണ് പറയേണ്ടതെന്ന കാര്യത്തില് മാഡത്തിന് സംശയം തോന്നിക്കാണില്ല. തിരഞ്ഞെടുപ്പില് വോട്ട് പെട്ടിയില് വീഴുന്നതുവരെയെങ്കിലും തമ്മിലടി നിര്ത്തിവെക്കൂ. കോണ്ഗ്രസ്സില് ഗ്രൂപ്പിസമില്ലെന്ന് മണ്ടന്മാരായ വോട്ടര്മാര് ധരിക്കട്ടെ. തോളോടുതോള് ചേര്ന്ന് വോട്ട് പിടിക്കൂ. പിന്നീടാവാം തമ്മിലടി. എന്നാണ് പ്രസിഡന്റ് പറഞ്ഞത്.

ഇതുകേട്ട് നമ്മുടെ കണ്ണൂര് ഗാന്ധിയന് നേതാവ് കെ.സുധാകരന് തെറ്റിദ്ധരിച്ചു. ഗ്രൂപ്പിസമേ വേണ്ട എന്നോ മറ്റോ മാഡം കല്പിച്ചോ എന്ന് പേടിച്ചുപോയി അദ്ദേഹം. തിരുവായ്ക്ക് എതിര്വാ പാടില്ല എന്ന കോണ്ഗ്രസ്സില് അവശേഷിക്കുന്ന ഏക അച്ചടക്കതത്ത്വവും മറന്നാണ് കണ്ണൂര്‌നേതാവ് ഗ്രൂപ്പിസത്തിന്റെ മെച്ചങ്ങളെക്കുറിച്ച് പ്രഭാഷണത്തിന് ഒരുമ്പെട്ടത്. ഹൈക്കമാന്ഡ് ഓഫീസിലെ സെക്ഷന് ക്ലര്ക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് തോന്നുന്നത്. സിംഹം ക്ഷണനേരംകൊണ്ടൊരു പൂച്ചക്കുട്ടിയായി രൂപാന്തരപ്പെടുന്നത് കണ്ടൂ ജനം.

നിവൃത്തികേടുകൊണ്ട് തിരുത്തിപ്പോയതാണ് സുധാകരന്. സോണിയാമാഡത്തേക്കാള് ഗ്രൂപ്പ് വിഷയത്തില് അറിവും അനുഭവവുമുള്ള ആളാണ് അദ്ദേഹം എന്നോര്ക്കണം. സുധാകരന് ഗ്രൂപ്പ് കളിച്ചുതുടങ്ങുന്ന കാലത്ത് മാഡത്തിന് ഗ്രൂപ്പ് എന്നുകേട്ടാല് അത് കോണ്ഗ്രസ്സുകാര് കഴിക്കുന്ന എന്തോ ഉത്തേജകമരുന്നാണ് എന്ന അറിവേ ഉണ്ടായിരിക്കാന് ഇടയുള്ളൂ. അയ്യോ കഷ്ടം, ചില അടിസ്ഥാന തിരിച്ചറിവുകള് ഇത്രയും കാലം പിന്നിട്ടിട്ടും ഇല്ലാതെപോയതില് സങ്കടമുണ്ട്. ഗ്രൂപ്പില്ലാതെ കോണ്ഗ്രസ്സില്ല എന്നതാണ് മനസ്സിലാക്കേണ്ടിയിരുന്ന ആദ്യതത്ത്വം. ഗ്രൂപ്പ് ജനത്തിന് ഇഷ്ടമല്ല എന്നതാണ് തിരുത്തേണ്ടുന്ന രണ്ടാമത്തെ തെറ്റിദ്ധാരണ.

അതവിടെ നില്ക്കട്ടെ. ഇനി ഇത്രയൊക്കെ പരസ്യമായി വിമര്ശിക്കാനും ചര്ച്ചചെയ്യാനുംമാത്രം വലിയ ഗ്രൂപ്പിസം കോണ്ഗ്രസ്സിലുണ്ടെന്ന് ആരാണാവോ ഹൈക്കമാന്ഡിനെ തെറ്റിദ്ധരിപ്പിച്ചത്. പത്തുകൊല്ലം മുമ്പത്തെ ഗ്രൂപ്പിസത്തിന്റെ നാലയലത്തുവരുമോ ഇന്നത്തെ ഗ്രൂപ്പിസം? എറണാകുളം ഉപതിരഞ്ഞെടുപ്പില് പാര്ട്ടിസ്ഥാനാര്ഥി തോറ്റപ്പോള് നേതാവ് ലഡുവിതരണംചെയ്ത പാര്ട്ടിയാണ് കോണ്ഗ്രസ്. അന്നത്തെ പി.സി.സി. പ്രസിഡന്റും തിന്നു ഒരു ലഡു. ഗ്രൂപ്പിന്റെ പേരില്മാത്രം ആയതാണ് അന്നത്തെ പ്രസിഡന്റ്. ഇപ്പോഴത്തെ പി.സി.സി. പ്രസിഡന്റോ? ഗ്രൂപ്പേയില്ല പ്രസിഡന്റിന്. മുക്കിന് മുക്കിന് ഗ്രൂപ്പ് യോഗവും പത്രത്തില് പാതി ഗ്രൂപ്പ് വാര്ത്തയുമായിരുന്നു അന്ന്.

2004ല് തിരഞ്ഞെടുപ്പ് അടുത്തപ്പോള് പെട്ടന്നൊരു ബോധോദയമുണ്ടായിഗ്രൂപ്പിസം നിര്ത്തണം. തലേന്നുവരെ കണ്ടാല് തല്ലിയിരുന്നവര് ഉടനെ എതിര്ഗ്രൂപ്പുകാരന്റെ ചുമലില് കൈയിട്ട് നൂറുവാട്ട് ചിരിയുമായി വരികയായി. വോട്ടര്മാര് നല്ല സ്വീകരണമാണ് നല്കിയത്. 20 ലോക്‌സഭാസീറ്റില് യു.ഡി.എഫ്. ജയിച്ചത് ഒരേയൊരു സീറ്റില്. ഇത് ഇത്തവണ ആവര്ത്തിക്കാതിരിക്കാന് വലിയ ഐക്യപ്രകടനം ഒഴിവാക്കുകയാണ് നല്ലത്. തമ്മിലടി കുറച്ചൊക്കെ ജനം സഹിക്കും. എത്ര കാലമായി കാണുന്നു. വ്യാജ സ്‌നേഹപ്രകടനം സഹിക്കില്ല.

നിയമസഭയില് ഒമ്പത് സീറ്റില്മാത്രം ജയിച്ച കാലത്തും കോണ്ഗ്രസ്സില് ഗ്രൂപ്പുണ്ടായിരുന്നു. യു.ഡി.എഫിന് നൂറുസീറ്റ് കിട്ടുമ്പോഴും ഉണ്ടായിരുന്നു ആ സംഗതി. സി.പി.എമ്മിലെ ഗ്രൂപ്പുകാര്ക്ക് പ്രോത്സാഹനവും പഠനസഹായിയും ആയിട്ടെങ്കിലും കോണ്ഗ്രസ്സുകാര് ഗ്രൂപ്പിസം നിലനിര്‍ത്തേണ്ടതുണ്ട്. സീറ്റ് ഓഹരിവെപ്പ് മുറപോലെ നടക്കട്ടെ. തര്ക്കം, പ്രസ്താവന,
ഇറങ്ങിപ്പോക്ക്, എതിര്പ്രകടനം, വിമതസ്ഥാനാര്ഥി തുടങ്ങിയതൊക്കെ ആവാം.

ബി.ജെ.പി. അധികാരത്തില് വരുന്നത് ഒഴിവാക്കാന് കോണ്ഗ്രസ്സിനെ പിന്താങ്ങാനും സി.പി.ഐ. മടിക്കില്ലെന്നാണ് സി.ദിവാകരന് സഖാവ് പറഞ്ഞത്. പക്ഷേ, സി.പി.ഐ. അങ്ങനെ തീരുമാനിച്ചിട്ടില്ലെന്നും ഇനി തീരുമാനിക്കുന്ന പ്രശ്‌നമില്ലെന്നും പാര്ട്ടി സംസ്ഥാന സെക്രട്ടറി പന്ന്യന് രവീന്ദ്രന് വ്യക്തമാക്കിക്കഴിഞ്ഞു.

കോണ്ഗ്രസ്സിനെ സി.പി.ഐ. പിന്താങ്ങിയാലേ ബി.ജെ.പി.യെ ഒഴിവാക്കാന് കഴിയൂ എന്നൊരു അവസ്ഥ ദൈവം സഹായിച്ച് എന്തായാലും ഉണ്ടാകില്ല. കാരണം, അതിനുമാത്രം സി.പി.ഐ.ക്കാര് ലോക്‌സഭയില് എത്തിപ്പെടില്ല. പിന്നെയെന്തിന് പന്ന്യന് ബേജാറാകണം. അപ്പോള് ധൈര്യമായി പറയാം, ഇടതുപക്ഷം ബി.ജെ.പി.ക്കും എതിരാണ്, കോണ്ഗ്രസ്സിനും എതിരാണ്.

ദിവാകരന് പറയുന്നതിന്റെ അബദ്ധം ദിവാകരന് മനസ്സിലാവാഞ്ഞിട്ടാണ്. ബി.ജെ.പി.യെ ഒഴിവാക്കലാണ് വലിയ ലക്ഷ്യമെന്ന് പറയാന് തുടങ്ങിയാല് അതോടെ തീര്ന്നില്ലേ ഇടതുപക്ഷത്തിന്റെ കാര്യം. പിന്നെ എന്തിന് ഇടതുപക്ഷ സ്ഥാനാര്ഥികളെ ജയിപ്പിക്കണം? ഇടതുപക്ഷം അവിടെച്ചെന്ന് കോണ്ഗ്രസ്സിനെ പിന്താങ്ങുന്നതിലും എളുപ്പമല്ലേ യു.ഡി.എഫു കാര്തന്നെ പോയിതാങ്ങുന്നത്? അതുകൊണ്ട് അബദ്ധവശാല്‌പോലും, തിരഞ്ഞെടുപ്പിനുശേഷം കോണ്ഗ്രസ്സിനെ പിന്താങ്ങും എന്ന് പറയാനേ പാടില്ല.

ഇടതുപക്ഷ ലൈന് വ്യക്തമാണ്. ഇടതുപക്ഷം ഒറ്റയ്ക്ക് അധികാരത്തില് വരും എന്നൊന്നും അവകാശപ്പെടുന്നേയില്ല. നമ്മുടേത് ആംആദ്മി പോലെ ഇന്നലത്തെ മഴയ്ക്ക് മുളച്ച തകരയല്ല. ചിരപുരാതനമായ പാര്ട്ടിയാണ്. അടുത്ത വര്ഷം നവതി ആഘോഷിക്കും. പക്ഷേ, പെട്ടന്ന് അധികാരത്തിലേറുകയൊന്നുമില്ല. ലോകാവസാനംവരെ നിലനില്ക്കും. ജയലളിതയും ലാലുപ്രസാദും മായാവതിയും മുലായവും നിതീഷും ചന്ദ്രബാബു നായിഡുവും ഡസന്കണക്കിന് എം.പി.മാരുമായി വരും. കണക്കിന്റെ കളിയില് ചിലപ്പോള് ജയലളിതയുടെയോ ലാലുവിന്റെയോ മായാവതിയുടെയോ നറുക്ക് പൊങ്ങിക്കൂടെന്നില്ല. കേന്ദ്രത്തില് മന്ത്രിയാവാന് പാടില്ലെന്ന് സി.പി.എമ്മുകാരുടെ ജാതകത്തിലോ മറ്റോ ഉണ്ടത്രെ. അതുകൊണ്ട് കോണ്ഗ്രസ്സിതര ബി.ജെ.പി.യിതര കേന്ദ്രമന്ത്രിസഭകള് വന്നാല് ഇലമുറി കാര്യസ്ഥനായി നില്ക്കാനേ പ്രകാശ് കാരാട്ടിന് പറ്റൂ. സി.പി.ഐ.ക്ക് യാതൊരു അയിത്തവും ഇല്ല. ദേവഗൗഡയുടെ മന്ത്രിസഭയില് ഇരുന്നതുപോലെ ജയലളിത/മായാവതി/ ലാലു മന്ത്രിസഭയിലും ഇരിക്കാം. ദിവാകരന് സഖാവ് പ്രതീക്ഷ വെടിയേണ്ട.

****

വി.എസ്. അച്യുതാനന്ദനെ ആംആദ്മി പാര്ട്ടിയിലേക്ക് അരവിന്ദ് കെജ്രിവാള് ക്ഷണിച്ചത് സി.പി.എമ്മുകാര്ക്ക് ഒരു പക്ഷേ ഇഷ്ടപ്പെട്ടുകാണണം. ഉപദ്രവം തീരുമല്ലോ. പക്ഷേ, വി.എസ്. അച്യുതാനന്ദന് അത് തീരേ പിടിച്ചിട്ടില്ല.

കെജ്രിവാളിന് അതിനൊന്നുമുള്ള പ്രായം പോരെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന വായിച്ചാല് തോന്നുക. മുക്കാല് നൂറ്റാണ്ടിന്റെയും കാല് നൂറ്റാണ്ടിന്റെയും ഓരോ എര്ത്തമാറ്റിക്‌സ് അദ്ദേഹം പറഞ്ഞുകാണുന്നു. അതെന്തിനെന്ന് വ്യക്തമല്ല. കാല്‌നൂറ്റാണ്ടുമുമ്പ് കെജ്രിവാള് സ്‌കൂള്‍വിദ്യാര്‍ഥിയായിരുന്നുവെന്നത് സത്യംതന്നെ. പക്ഷേ, മുക്കാല്‌നൂറ്റാണ്ടുമുമ്പ് പ്രകാശ് കാരാട്ട് ജനിച്ചിട്ടുമില്ല.
കെജ്രിവാളിനോട് ക്ഷമിക്കാമായിരുന്നു. വി.എസ്. ഈയിടെയായി ഇടതുമുന്നണിയിലേക്ക് കെ.എം.മാണിയെപ്പോലുള്ള തങ്കപ്പെട്ട ഇടതുപക്ഷക്കാരെ നിരന്തരം ക്ഷണിക്കുന്നത് കണ്ടാവണം കെജ്രിവാളിനും ഈ ഐഡിയ ഉണ്ടായത്. വി.എസ്. ചെയ്യുംപോലെ ചാനല്മാര്‌ഗേന ക്ഷണമാവാം എന്നും ധരിച്ചുകാണണം. പഠിച്ചുവരുന്നല്ലേ ഉള്ളൂ സഖാവേ… ശരിയാവും. ക്ഷമിക്കിന്.

Leave a Reply

Your email address will not be published. Required fields are marked *

Go Top