കേരളം എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ അഭിമാനപുളകിതരാകുന്നുണ്ട് ജനമിപ്പോള്‍. അവിശ്വാസപ്രമേയ ചര്‍ച്ച ആദ്യവസാനം സ്പീക്കറുടെ സെന്‍സറിങ് ഇല്ലാതെ ലൈവ് ആയി സംപ്രേഷണം ചെയ്യാന്‍ നിര്‍ദേശിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ദീര്‍ഘവീക്ഷണം അഭിനന്ദനാര്‍ഹമാണ്. സുതാര്യതയാണ് അദ്ദേഹത്തിന്റെ സ്ഥായിഭാവം. അഴിമതിയും സുതാര്യമായിരിക്കണം. അയ്യേ… നാലു പേരറിഞ്ഞാല്‍ കുറച്ചിലല്ലേ എന്ന് പറഞ്ഞ് ആരും ഒന്നും പറയാതിരിക്കരുത്. എല്ലാം ഉച്ചത്തിലായിക്കൊള്ളട്ടെ. ലൈവും ആയിക്കൊള്ളട്ടെ.
ആകെ എത്ര കോടിയുടെ അഴിമതി ആരോപണമാണ് ഉന്നയിക്കപ്പെട്ടത് എന്ന് കൃത്യമായി കണക്കുകൂട്ടുക പ്രയാസമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ത്തന്നെ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളാണുള്ളത്. ‘മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് 900 കോടി തട്ടി’ എന്നാണു പാര്‍ട്ടിപ്പത്രം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ‘കമ്യൂണിസ്റ്റ് വിരുദ്ധതയെന്ന ചരക്കുവില്‍ക്കുന്ന’ ബൂര്‍ഷ്വാപത്രം അന്നു കൊടുത്തത്, ‘മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ 1150 കോടിയുടെ അഴിമതി ആരോപണം’ എന്നാണ്. 900 കോടി തട്ടി എന്നെഴുതിയ പാര്‍ട്ടിപ്പത്രം തന്നെ പിറ്റേന്ന് കൊടുത്ത തലവാചകം ‘ഉമ്മന്‍ചാണ്ടി 800 കോടിയുടെ അഴിമതി നടത്തി’ എന്നാണ്. കണക്കുകളൊന്നും ‘ടാലി’ ആകുന്നില്ല. മതി എന്നു പറയിക്കുംവിധം അഴിമതി കോടികളില്‍ കിടന്നു പുളയുന്നുവെന്നുമാത്രം.
മൊത്തം കണക്കുകളിലേ സംശയമുള്ളൂ. ഓരോരുത്തര്‍ വാങ്ങിയ തുക എത്ര എന്ന് എം.വി. ജയരാജനോടോ കോടിയേരിയോടോ ചോദിച്ചാല്‍ അണപൈ തെറ്റാതെ പറഞ്ഞുതരും. ഡിവൈ.എസ്.പി.മാര്‍ സ്ഥലം മാറ്റത്തിനു കൊടുത്ത തുകയെത്ര? കൃത്യം 6.35 കോടി രൂപ. വെറുതെ ഊഹിച്ചൊരു തുക പറഞ്ഞതാണെന്നു തോന്നേണ്ട. മൂന്നാറിലേക്ക് മാറാന്‍ ഒരു ഡിവൈ.എസ്.പി. കൊടുത്തത് 25 ലക്ഷം. വക്കം പുരുഷോത്തമന്‍ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചത് 3,57,420 രൂപ. വസ്തു വിറ്റ വില ചേര്‍ത്തതു പോലെ ആധാരത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചത്‌എത്ര എന്നും ചേര്‍ത്തിരുന്നുവെന്ന് തോന്നിപ്പോകുന്നു കണക്കിലെ കൃത്യത കാണുമ്പോള്‍. അവിശ്വാസ ചര്‍ച്ചയില്‍ വിശ്വാസ്യമായി തോന്നിയത് ഈ അഴിമതിക്കണക്കുകള്‍ മാത്രമാണ്.
ഇതെല്ലാം സാഹിത്യത്തില്‍ പറയുന്നതുപോലെ ‘ഐസ്‌പാറയുടെ മുകളറ്റം’ മാത്രമാണെന്നു വേണം കരുതാന്‍. ഇതിന്റെ പല മടങ്ങ് സി.പി.എമ്മുകാരുടെ കണ്ണില്‍പെടാതെ മുഖ്യമന്ത്രിയും കൂട്ടാളികളും ചേര്‍ന്ന് വെട്ടിച്ചിട്ടുണ്ടാകണമല്ലോ. തല പെരുത്തുപോകും കണക്കു കേട്ടാല്‍. ഒന്നു കേള്‍ക്കണേ… ലോട്ടറി മാഫിയകള്‍ക്ക് ഇളവു ചെയ്തുകൊടുത്ത നികുതി കുടിശ്ശിക യെത്രയെന്നോ… 6000 കോടി രൂപ. നിയമസഭയില്‍ പറഞ്ഞ കണക്കാണ് കേട്ടോ. 6000 കോടി രൂപ! കേരളത്തിന്റെ ഒരു വര്‍ഷത്തെ റവന്യൂ കമ്മി അയ്യായിരം ചില്ലാനം കോടിയേവരൂ. ഇതിന്റെയര്‍ഥം ലോട്ടറി നികുതി കുടിശ്ശിക പിരിച്ചാല്‍ മാത്രം സംസ്ഥാനം കമ്മിയില്‍നിന്നു മിച്ചത്തിലേക്ക് കടക്കും എന്നാണ്. ഭയങ്കരന്മാര്‍ തന്നെ. എന്നാലും പ്രതീക്ഷയ്ക്കു വകയുണ്ട്. ഇടതുമുന്നണി അധികാരത്തില്‍ വരുന്നതോടെ കമ്മിയുടെ പ്രശ്നം തീരുമല്ലോ.
അഴിമതിയുടെ പെരുമഴയാണിത് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാലവര്‍ഷത്തിലെ പെരുമഴയ്ക്കു മുന്‍പ് കാറ്റോ കോളോ ഉണ്ടാകണമെന്നില്ല. രണ്ടുദിവസം മുന്‍പു വരെ നല്ല വെയിലായിരിക്കും. അഴിമതിയുടെ പെരുമഴക്കാലത്തിനു മുന്‍പും ഇതാണു സ്ഥിതി. കാര്യമായൊരു അഴിമതിയാരോപണവും പാര്‍ട്ടി ഉന്നയിച്ചിരുന്നില്ല. ദിവസവും മന്ത്രിസഭയ്ക്കെതിരെ ആഞ്ഞടിച്ചുകൊണ്ട്, വെളിച്ചപ്പാടായി പാഞ്ഞുനടന്നിരുന്ന അച്യുതാനന്ദന്റെ വരവുബുക്കില്‍ പോലും ജയരാജനും കോടിയേരിയും പറഞ്ഞ കണക്കൊന്നുമുണ്ടായിരുന്നില്ല. അറബിക്കടലില്‍ ലാവ്‌ലിന്‍ ന്യൂനമര്‍ദം രൂപപ്പെട്ടപ്പോഴാണു നിയമസഭയില്‍ അഴിമതിയുടെ പെരുമഴ തുടങ്ങിയത്. നീ എന്നെപ്പറ്റി ഒരക്ഷരം മിണ്ടിയാല്‍ നിന്റെ രഹസ്യമൊക്കെ ഞാന്‍ നാട്ടില്‍ പാട്ടാക്കും… നാട്ടിന്‍പുറത്തും കിണറ്റിന്‍കരയിലും കേള്‍ക്കുന്നതു തന്നെയിത്.
കു റച്ചു നാള്‍ മുന്‍പ് വായിച്ച ഒരു വാര്‍ത്ത കേരളീയരില്‍ ഒരു പ്രത്യേകതരം ഇന്‍ഫീരിയോറിറ്റി കോംപ്ലക്സ് സൃഷ്ടിച്ചിരുന്നു. ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് ഒരു സര്‍വേയില്‍ കണ്ടത്രെ. ലജ്ജിച്ചു തലതാഴ്ത്തിപ്പോയി. സാക്ഷരതയിലും രാഷ്ട്രീയ പ്രബുദ്ധതയിലും ആത്മഹത്യയിലും മദ്യപാനത്തിലും റോഡപകടത്തിലും ക്രിമിനല്‍ കുറ്റങ്ങളിലും എല്ലാം മുന്നില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനത്തിന് അഴിമതിയില്‍ മാത്രമെങ്ങനെ പിന്നില്‍ നില്‍ക്കാനാവും. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലുകാര്‍ ഏതോ ഇലക്ഷന്‍ പ്രവചനക്കമ്പനിയെക്കൊണ്ടാണ് സര്‍വേ നടത്തിച്ചതെന്നു തോന്നുന്നു. അപ്പടി അബദ്ധമായിരിക്കുന്നു.
എന്തായാലും നിയമസഭയിലെ അവിശ്വാസപ്രമേയ ചര്‍ച്ച കേട്ടപ്പോള്‍ മാത്രമാണ് കേരളീയര്‍ക്ക് സമാധാനമായത്. പോരാത്തതിന് അഭിമാനപുളകവും പ്രത്യക്ഷപ്പെട്ടുകാണണം. കേരളം അതിസമ്പന്നം തന്നെ. റെക്കോഡ് പുസ്തകക്കാരുടെ കൈവശം കണക്കുകളുണ്ടോ ആവോ. വെറും രണ്ടു ദിവസത്തിനകം ഇത്രയും കോടിയുടെ അഴിമതി ഉന്നയിക്കപ്പെട്ട നിയമനിര്‍മാണ സഭ വറെയുണ്ടോ ഈ ഭൂഗോളത്തില്‍? വേണ്ട വേണ്ട ഇദി അമീന്റെയും ബൊകാസ്സയുടെയും കബിലയുടെയും സാനി അബാച്ചയുടെയും മാര്‍ക്കോസിന്റെയുമൊന്നും കണക്കെടുത്തു പുറത്തിടേണ്ട. അവര്‍ രാഷ്ട്രീയമായ ഉദ്ബുദ്ധതയില്ലാത്ത പ്രാകൃതര്‍ മാത്രം. ഒരു ചെറിയ മനഃപ്രയാസമേ കേരളീയര്‍ക്കു ബാക്കിയുള്ളൂ. രണ്ടു മുന്നണിയും കിണഞ്ഞു ശ്രമിച്ചിട്ടും ബിഹാറിലെ ലാലുച്ചേട്ടന്റെ കാലിത്തീറ്റയോളമെത്താനായില്ലല്ലോ. ഇനിയും സമയമുണ്ട്. ശ്രമിച്ചുനോക്കാവുന്നതേ ഉള്ളൂ.
ലാ വ്‌ലിന്‍ ഇടപാട് സി.ബി.ഐ.യെക്കൊണ്ട് അന്വേഷിപ്പിക്കണമോ എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ ഭാഗത്തേക്ക് നോക്കി ചോദിച്ചത്. സി.ബി.ഐ. തന്നെ അന്വേഷിച്ചോട്ടെ എന്നു പറയാന്‍ അച്യുതാനന്ദന്റെ നാവ് വെമ്പിയിട്ടുണ്ടാവും. പക്ഷേ, പറയാന്‍ കഴിയില്ല. മുഖ്യമന്ത്രിയുടേത് മുന്നറിയിപ്പും ഭീഷണിയുമാണ്. ഇനിയും ശല്യപ്പെടുത്തിയാല്‍ വലിയ ശല്യം അങ്ങോട്ടു ചെയ്യുമെന്ന ഭീഷണി. അവിശ്വാസ പ്രമേയം പരാജയപ്പെടുകയും ലാവ്‌ലിന്‍ പ്രതിപക്ഷത്തിനു നേരെ തിരിഞ്ഞു കുത്തുകയും ചെയ്ത നിലയ്ക്ക് ഇനിയാരും മിണ്ടാനിടയില്ല. പ്രതിപക്ഷം കൊണ്ടുവരുന്ന ഏത് അവിശ്വാസ പ്രമേയവും അതിന്റെ ചര്‍ച്ചയും ഭരണപക്ഷത്തിന്റെ തുണിയുരിഞ്ഞുകാട്ടലാവുകയാണ് പതിവ്. പ്രതിപക്ഷത്തിരിക്കുന്നവരുടെ മടിയിലൊന്നും ഉണ്ടാവാറില്ല. അതുകൊണ്ടവര്‍ക്ക് വഴിയില്‍ പേടിയും ഉണ്ടാവാറില്ല. ഇവിടെ മടിയില്‍ 374 കോടിയാണ് ഉണ്ടായിരുന്നത്. അതു വഴിയില്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തു.
ലാവ്‌ലിന്‍ കേസന്വേഷണം മൂന്നു മാസംകൊണ്ട് തീര്‍ക്കാമെന്നു മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. വാഗ്ദാനങ്ങളുടെ കാര്യത്തില്‍ പിശുക്കേണ്ടതില്ല. മൂന്നു വര്‍ഷംകൊണ്ട് കേസിന്റെ ഫയല്‍ മുഴുവന്‍ വിജിലന്‍സിനുകൊടുത്തുതീര്‍ന്നിട്ടില്ല. ഒരു ഫയല്‍ കാര്യക്ഷമതയോടെ അപ്രത്യക്ഷമാക്കുകയും ചെയ്തു. ഇനിയുള്ള മൂന്നുമാസംകൊണ്ട് ഫയലെല്ലാം നല്‍കി ഇന്ത്യയിലും കാനഡയിലുമെല്ലാം അന്വേഷണം നടത്തി തെളിവെല്ലാം ശേഖരിച്ച് അന്വേഷണം അവസാനിപ്പിക്കണം. അതിന് അതിവേഗം ബഹുദൂരമൊന്നും പോര. കേസന്വേഷണങ്ങള്‍ അങ്ങനെ അവസാനിപ്പിക്കേണ്ടവയല്ല. വടി തല്ലാനുള്ളതല്ല, ഓങ്ങാനുള്ളതാണ്. അങ്ങനെ ഓങ്ങി നില്‍ക്കട്ടെ. പിന്നെയാരുമൊന്നും മിണ്ടുകയേ ഇല്ല. തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനും അതാണ് ഉത്തമം.
ആയിരം കോടിയുടെയും പതിനായിരം കോടിയുടെയുമൊക്കെ കോഴ, വെട്ടിപ്പ്, കുംഭകോണം തുടങ്ങിയവയെക്കുറിച്ച് സംസ്ഥാനം ചര്‍ച്ച നടത്തുന്നതിനിടയിലാണ് നിസ്സാരമായ സംഖ്യയുടെ കണക്ക് പരസ്യപ്പെടുത്തിയില്ലെന്നു പറഞ്ഞ് ചിലര്‍ മഹത്തായ മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെ കൊച്ചാക്കുന്നത്. അന്‍പതോ നൂറോ കോടി രൂപ സുനാമി ഫണ്ടിലേക്ക് പിരിക്കാന്‍ ശേഷിയുള്ള പ്രസ്ഥാനമാണ് ലീഗ് എന്ന് അറിയാത്തവരില്ല. സുനാമിബാധിതരെ സഹായിക്കണം എന്നൊരു ആഹ്വാനമേ ലീഗ് പ്രസിഡന്റ് പുറപ്പെടുവിച്ചുള്ളൂ. തരുന്നതെല്ലാം ശേഖരിച്ച് കണക്കു തയ്യാറാക്കി ഓഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചശേഷം സുനാമിക്കാര്‍ക്ക് എത്തിച്ചുകൊടുക്കാമെന്നൊന്നും പാണക്കാട് തങ്ങളോ കുഞ്ഞാലിക്കുട്ടിയോ പറഞ്ഞിട്ടില്ല.
മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും അത്രയേ കരുതിയിട്ടുള്ളൂ. ജമാഅത്തെ ഇസ്‌ലാമിക്കാരെപ്പോലെ കോടി രൂപയൊന്നും പിരിച്ചിട്ടില്ലല്ലോ ലീഗ്. ഇതെല്ലാം ഒരു സന്മനസ്സിന്റെ പ്രശ്നം മാത്രമാണ്. ബസ്സില്‍ യാത്രചെയ്യുന്നവര്‍ അമ്പലത്തിന്റെയും പള്ളിയുടെയും മുന്നില്‍ എത്തുമ്പോള്‍ നാണയം എറിയാറേ ഉള്ളൂ. ആരാണെന്റെ നാണയം പെറുക്കിയെടുത്തത്, അതെന്തുചെയ്തു, അതിന്റെ ഓഡിറ്റ് ചെയ്ത കണക്കെവിടെ എന്നൊന്നും അന്വേഷിക്കാറില്ല. അതിന്റെ കണക്കെല്ലാം ദൈവം ചോദിച്ചുകൊള്ളും.
സുനാമിയുടെ പതിമ്മൂന്നു ലക്ഷംകൊണ്ട് നെയ്ച്ചോറു തിന്നേണ്ട ഗതികേടൊന്നും ലീഗ് നേതൃത്വത്തിനില്ല. അതു വെറും ആനവായിലെ അമ്പഴങ്ങ. എത്ര കോടികള്‍ വരികയും പോവുകയും ചെയ്യുന്നത് കണ്ടിരിക്കുന്നു ലീഗ് മന്ത്രിമാരും മുന്‍ മന്ത്രിമാരും. മാസങ്ങള്‍ക്കു മുന്‍പ് മാത്രം മന്ത്രിസ്ഥാനം ഏറ്റെടുത്ത ലീഗ് മന്ത്രിയുടെ പേരില്‍പ്പോലും അഞ്ചുകോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിക്കാനുള്ള മാന്യത പ്രതിപക്ഷത്തിനുണ്ടായി. അതിനിടെയാണ് 13 ലക്ഷത്തിന്റെ ‘ചുനാമി’ കണക്കുമായി ഒരു ജലീല്‍ വന്നിരിക്കുന്നു. പോകാന്‍ പറ.