ഇവര്‍ നമുക്ക്‌ വിശ്വസ്തര്‍

ഇന്ദ്രൻ

പ്രതിപക്ഷത്തിന്‌ ഭരണകക്ഷിയില്‍ വിശ്വാസമില്ലാതായിരിക്കുന്നു. പെട്ടെന്നാണ്‌ അങ്ങനെയൊരു വെളിപാട്‌ ഉണ്ടായത്‌. ഉടനെ നിയമസഭയില്‍ നോട്ടീസ്‌ കൊടുത്തു. അതാണ്‌ രീതി. ഇതിന്റെ അര്‍ഥം കഴിഞ്ഞ നാലുവര്‍ഷമായി പ്രതിപക്ഷത്തിനു ഭരണത്തില്‍ വിശ്വാസമുണ്ടായിരുന്നു എന്നാണോ? എന്നര്‍ഥമില്ല. പ്രതിപക്ഷത്തിന്‌ ഒരു സംസ്ഥാനത്തും ഒരു നിയമനിര്‍മാണ സഭയിലും ഒരു കാലത്തും ഭരണപക്ഷത്തില്‍ വിശ്വാസമുണ്ടായിട്ടില്ല. വിശ്വാസമുണ്ടാകാന്‍ പാടില്ല താനും. സഭയിലെ ഭൂരിപക്ഷത്തിനു ഭരണത്തില്‍ വിശ്വാസമുണ്ടോ എന്നുമാത്രമേ ഭരണഘടന പ്രകാരം നോക്കേണ്ടതുള്ളൂ. അതുണ്ടെങ്കില്‍ തുടര്‍ന്നു ഭരിക്കാം. കേരള നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസ്സായേക്കുമെന്നൊരു നേരിയ പ്രതീക്ഷ, അതവതരിപ്പിച്ച കോടിയേരി ബാലകൃഷ്ണനോ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ തകര്‍ന്നുവീഴുന്ന ശബ്ദം കേട്ട്‌ ഇടക്കിടെ സ്വപ്നത്തില്‍ നിന്ന്‌ ഉണരാറുള്ള കെ. കരുണാകരനുപോലുമോ ഇല്ല. എങ്കിലും വോട്ടെടുപ്പ്‌ നടത്തിയേ പറ്റൂ. ഭരണ കക്ഷിക്കാര്‍ പ്രമേയത്തെ എതിര്‍ക്കും. മറുപക്ഷം അനുകൂലിക്കും. അങ്ങനെ ചെയ്തില്ലെങ്കില്‍ ഇരു കൂട്ടരുടെയും എം.എല്‍.എ.സ്ഥാനം നഷ്ടമാകും. പത്തുദിവസം അങ്ങോട്ടും ഇങ്ങോട്ടും തലതല്ലിക്കീറുമ്പോള്‍ തന്നെ അറിയാം പ്രമേയത്തിന്‌ എതിരായി എത്രവോട്ടുവീഴും, അനുകൂലമായി എത്രവോട്ടുവീഴും എന്നെല്ലാം. എന്നാലും, തലതല്ലിക്കീറാതെ പറ്റില്ല. അതാണ്‌ അതിന്റെ രീതി. അങ്ങനെ ആദിമദ്ധ്യാന്തങ്ങള്‍ കൃത്യമായി അറിഞ്ഞ്‌ അരങ്ങേറുന്ന ഈ ഹാസ്യനാടകത്തിനാണ്‌ അവിശ്വാസപ്രമേയം എന്നു പേരിട്ടിട്ടുള്ളത്‌. തീര്‍ത്തും ഭരണഘടനാനുസൃതമാണത്‌.

ഭരിക്കുന്നവരില്‍ വിശ്വാസമുണ്ടോ എന്നു നോക്കാനേ ഭരണ ഘടനയില്‍ വകുപ്പുള്ളൂ. പ്രതിപക്ഷത്തിനെ വിശ്വാസമുണ്ടോ എന്ന പ്രശ്നം ഉദിക്കുന്നില്ല; അവര്‍ വിശ്വസിക്കാന്‍ കൊള്ളുന്നവരാകണമെന്നില്ല എന്നര്‍ഥം. പ്രതിപക്ഷത്തുള്ളവര്‍ക്ക്‌ ഭരണപക്ഷത്തിലോ ഭരണത്തിലുള്ളവര്‍ക്ക്‌ പ്രതിപക്ഷത്തിലോ ഒരിക്കലും വിശ്വാസമുണ്ടാകില്ല എന്നതാണ്‌ ജനാധിപത്യത്തിലെ ശാശ്വതമായ സത്യം. പ്രതിപക്ഷവും ഭരണ പക്ഷവും ഇടക്കിടെ അങ്ങോട്ടും ഇങ്ങോട്ടും മാറി ഇരിക്കും. അതുകൊണ്ട്‌ ഇരുപക്ഷത്തിനും പരാതിയില്ല. ഇതൊക്കെയാണെങ്കിലും വളരെ നിര്‍ണായകമായ ചില സംഗതികളില്‍ ഭരണ പ്രതിപക്ഷങ്ങള്‍ക്ക്‌ പരസ്പരംബഹുവിശ്വാസമാണ്‌. യഥാര്‍ഥ ‘വികസന’ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അവര്‍ യോജിച്ചു നില്‍ക്കും. ഇല്ലെങ്കില്‍ രാജ്യം അധോഗതിയിലായിപ്പോകുമല്ലോ. സമീപകാലത്തെ വലിയ ഉദാഹരണമാണ്‌ മൂന്നു വൈദ്യുതി പദ്ധതികള്‍ നന്നാക്കാന്‍ വേണ്ടി കനഡയിലെ ലാവ്‌ലിന്‍ കമ്പനിക്ക്‌ കരാര്‍ കൊടുത്ത സംഭവം. എ.കെ. ആന്റണി മന്ത്രിസഭയിലെ ജി.കാര്‍ത്തികേയന്‍ തുടങ്ങിവെച്ചത്‌ ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ പിണറായി വിജയന്‍ പൂര്‍ത്തിയാക്കുകയാണത്രെ ഉണ്ടായത്‌. മേല്‍പ്പറഞ്ഞ നാലു മാന്യമഹാദേഹങ്ങളെക്കുറിച്ച്‌ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. അത്ര വിശ്വസ്തര്‍. രണ്ടു ഗാന്ധിയന്‍ വിശുദ്ധാത്മാക്കള്‍, രണ്ടു തൊഴിലാളിവര്‍ഗ -മാര്‍ക്സിയന്‍ വിശുദ്ധാത്മാക്കള്‍ – അത്രയേ വ്യത്യാസമുള്ളൂ. രസീതു ബുക്കില്‍ വരവു കാണിച്ചേ അന്യന്റെ വക കാലിച്ചായപോലും ഇവര്‍ കുടിക്കൂ. അങ്ങനെയുള്ള ഇവര്‍ 374 കോടി രൂപ കേരളത്തിന്റെ ഖജനാവിന്‌ നഷ്ടമാക്കി എന്നാണ്‌ സി.എ.ജി.ക്കാര്‍ എഴുതിവെച്ചത്‌. ആരെങ്കിലും ഇതു വിശ്വസിക്കുമോ? കാര്‍ത്തികേയന്‍ തുടങ്ങിവെച്ചത്‌ മഹാ തട്ടിപ്പാണെന്നു പിണറായി വിജയന്‌ തോന്നിയോ? ഇല്ല. പിണറായി പോയി കരാര്‍ കടലാസിലാക്കി അടിയൊപ്പു വെച്ചു. പിണറായി പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ മന്ത്രിയായി വന്നത്‌ എസ്‌. ശര്‍മ. ശര്‍മയ്ക്ക്‌ സംശയമൊന്നും തോന്നാന്‍ ന്യായമില്ല. അതുപോകട്ടെ. പിന്നാലെ വന്ന കടവൂര്‍ ശിവദാസന്‌ ഫൗള്‍ എവിടെയോ ഉണ്ടെന്ന തോന്നലുണ്ടായോ? ഇല്ല. കടവൂരിനു പിറകെ വന്ന ആര്യാടന്‌ വല്ലതും തോന്നിയോ? ഇല്ല, അവിശ്വാസത്തിന്റെ തരിമ്പെങ്കിലും ഉണ്ടെന്ന്‌ ഇവരാരും അന്നു പറഞ്ഞിട്ടില്ല. എന്തൊരു പരസ്പര വിശ്വാസം. ഇങ്ങനെയെല്ലാമുള്ള ഒരു സാത്വിക ഇടപാടിനെ കുറിച്ചാണ്‌ സി.എ.ജി.ക്കാര്‍ ഈ വിധമെല്ലാം എഴുതിവെച്ചത്‌. സത്യമായും അതെഴുതിയ ആളുടെ തലയ്ക്കെന്തോ അസുഖം ഉണ്ടെന്നു സംശയിക്കണം.

പലരുടെയും തല പരിശോധിക്കേണ്ടതുണ്ടെന്ന്‌ അഭിപ്രായം അന്നേ പിണറായി വിജയന്‌ ഉണ്ടായിരുന്നു. പത്രാധിപന്മാരുടെ തലയുടെ കാര്യമല്ല പറഞ്ഞത്‌. അതു പരിശോധിച്ചിട്ട്‌ പ്രയോജനമൊന്നുമില്ല, വെട്ടി മാറ്റുകയാണു നല്ലത്‌. ഉദ്യോഗസ്ഥരുടേത്‌ അങ്ങനെയല്ല. വൈദ്യുതി കരാറിന്റെ ഭാഗമായി കാന്‍സര്‍ ആസ്പത്രിയെന്തിനു സ്ഥാപിക്കണം എന്നൊരു ഉദ്യോഗസ്ഥന്‍ ഫയലില്‍ എഴുതിവെച്ചത്രെ. ഈ ഉദ്യോഗസ്ഥന്റെ തല പരിശോധിപ്പിക്കണം എന്നു മന്ത്രി പിണറായി മറു കുറിപ്പ്‌ എഴുതിയത്രെ, ത്രെ എന്നേ എഴുതാന്‍ പറ്റൂ. നമ്മളീ ഫയലൊന്നും കണ്ടിട്ടില്ല. നമുക്കും അറിയില്ല വൈദ്യുതിയിലൂടെ എങ്ങനെ കാന്‍സര്‍ ആസ്പത്രി വരുന്നു എന്ന്‌. നമ്മുടെ തലയുടെ അവസ്ഥയും മോശമാണ്‌. വൈദ്യുതി ഉല്‍പാദനം കൂട്ടാന്‍ വേണ്ടി 374 കോടിയുടെ പദ്ധതി നടപ്പാക്കിയപ്പോള്‍ വൈദ്യുതി ഉല്‍പാദനം കുറഞ്ഞത്രെ. ഇടതും വലതും പക്ഷത്ത്‌ സദാ അവിശ്വാസത്തോടെ നില്‍ക്കുന്ന പാര്‍ട്ടിക്കാരൊന്നും അത്‌ അറിഞ്ഞിരുന്നില്ല. പൊതുതാല്‍പര്യ വ്യവഹാരക്കാരറിഞ്ഞില്ല. കൗണ്‍സിലിങ്‌ വിരുദ്ധ സമരക്കാരെ കര്‍ശനമായി നേരിടണം എന്ന്‌ വിധിയിറക്കുന്ന ‘അജ്ഞാത’ ജഡ്ജിമാരറിഞ്ഞില്ല. പത്രക്കാരൊന്നും ശെങ്കുളം, പള്ളിവാസല്‍ വഴിക്കുപോകാറേ ഇല്ലല്ലോ. മൂന്നു കോടി ജനം പിന്നെ എന്തറിയുന്നൂ വിഭോ. കേരളത്തില്‍ കാന്‍സര്‍ ആസ്പത്രിയല്ല, അത്യാവശ്യം വേണ്ടത്‌ ബുദ്ധിമാന്ദ്യം ചികിത്സിക്കാനുള്ള ആസ്പത്രികളാണെന്ന്‌ കാനഡക്കാര്‍ക്ക്‌ തന്നെ തോന്നിയിട്ടുണ്ടാകണം.

വകതിരിവില്ലാത്ത കൂട്ടരാണ്‌ ഈ സി.എ.ജി. കണക്കപ്പിള്ളമാര്‍. രാജീവ്‌ ഗാന്ധിയുടെ ബോഫോഴ്‌സ്‌ ഇടപാടും കരുണാകരന്റെ പാമോലിന്‍ ഇടപാടുമെല്ലാം പരിശോധിക്കുന്ന ലാഘവത്തോടെയാണ്‌ ജനോപകാരപ്രദമായ വകുപ്പുകളും ഉപവകുപ്പുകളുമുള്ള വൈദ്യുതി കരാര്‍ അവര്‍ കുത്തിച്ചികഞ്ഞുനോക്കിയത്‌. വെറും 56 കോടിയുടേതാണെങ്കിലും ബോഫോഴ്‌സ്‌ റിപ്പോര്‍ട്ട്‌ ഉപയോഗിച്ച്‌ രാജീവ്‌ ഗാന്ധിയുടെ സര്‍ക്കാറിനെ തകിടം മറിക്കാന്‍ കഴിഞ്ഞിരുന്നു. ലാവ്‌ലിനിന്റെ തുക നോക്കിയാല്‍ ആറിരട്ടി വെടിമരുന്നുണ്ട്‌. അതുവെച്ച്‌ അടുത്ത തിരഞ്ഞെടുപ്പുവരെ വെടിപൊട്ടിക്കാമെന്നും ഇടതുമുന്നണിയെ ഇടിച്ചുപൊളിക്കാമെന്നുമാണ്‌ രമേശ്‌ ചെന്നിത്തല-ഉമ്മന്‍ചാണ്ടിമാരുടെ വിചാരം. സി.പി.എമ്മിനകത്തുള്ള ശത്രുക്കളെ വെട്ടിനിരത്തി വിജയശ്രീലാളിതനായി നില്‍ക്കുകയാണ്‌ പിണറായി.അദ്ദേഹത്തെ ഒരു ലാവ്‌ലിന്‍കൊണ്ട്‌ കുത്തിവീഴ്ത്താനാവുകയില്ലെന്നവര്‍ അറിയുന്നില്ല.

എത്ര കടമ്പകള്‍ കടന്നാണ്‌ കാനഡയില്‍ ലാവ്‌ലിനെ പുല്‍കാന്‍ പോയതെന്ന്‌ അറിയേണ്ടതുണ്ട്‌. കേന്ദ്രവൈദ്യുതി അതോറിറ്റി പറഞ്ഞതാണ്‌ വൈദ്യുതി പദ്ധതി റിപ്പേറിവിടെ ചെയ്താല്‍ മതിയെന്ന്‌. അത്‌ കാര്‍ത്തികേയന്‍ ചാടിക്കടന്നു അതിനേക്കാള്‍ വലിയ കടമ്പയാണ്‌ ബാലാനന്ദന്‍ ഉണ്ടാക്കിവെച്ച സി.ഐ.ടി.യു. കടമ്പ. പൊതുമേഖലയിലെ ഭാരത്‌ ഹെവി ഇലക്ട്രിക്കല്‍സ്‌ മതി ഈ പണി ചെയ്യാന്‍ എന്നായിരുന്നു വിദഗ്ദ്ധസി.ഐ.ടി.യു പാര. ഇതു മറികടക്കാന്‍ പിണറായിക്കു കുറെ വീര്യം കൂടിയ പ്രത്യയശാസ്ത്ര മറുമരുന്നുകള്‍ പ്രയോഗിക്കേണ്ടിവന്നു. ഒരു വിധം നിരപ്പാക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ, 374 കോടി രൂപ കടലില്‍ കലക്കി ഒമ്പതു കോടിയുടെ കാന്‍സര്‍ ആസ്പത്രി ഉണ്ടാക്കാന്‍ ചില്ലറ അദ്ധ്വാനമൊന്നും പോരെന്ന്‌ ഇതില്‍ നിന്ന്‌ മനസ്സിലാക്കാനാവും. ഈ ഗ്രനേഡുകളെയെല്ലാം തൃണവല്‍ഗണിച്ചവര്‍ക്ക്‌ സി.എ.ജി. റിപ്പോര്‍ട്ട്‌ വെറുമൊരു ജലപീരങ്കി മാത്രം.

വൈകിയാണെങ്കിലും ചിലരെങ്കിലും ശാശ്വത സത്യം തിരിച്ചറിഞ്ഞു തുടങ്ങിയതിന്റെ സൂചനകള്‍ കാണാനുണ്ട്‌. ബുദ്ധിയുള്ളവര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ്‌ മുസ്‌ലിംലീഗ്‌. ലാവ്‌ലിന്‍ ഏറ്‌ ഇനിയും വേണോ എന്നവര്‍ ചോദിക്കുമ്പോള്‍ അതില്‍ വലിയ അര്‍ത്ഥങ്ങള്‍ കാണണം. പിണറായിയുടെ നേരെ എറിയാന്‍ ഉപയോഗിച്ചതിന്റെ പലഇരട്ടി ‘ജാവ്‌ലിനുകള്‍’ നാളെ ഭരണം മാറിയാല്‍ പിണറായിക്ക്‌ ഇങ്ങോട്ടെറിയാനാവും. അങ്ങോട്ടും ഇങ്ങോട്ടും ജാവ്‌ലിന്‍ എറിഞ്ഞാല്‍ പോരല്ലോ, വികസനം അനുസ്യൂതം നടക്കണ്ടേ. സി.എ.ജി.കള്‍ നാളെയും കുരച്ചുകൊണ്ടിരിക്കും. എന്നാല്‍ വികസന വാഹകസംഘത്തിനു മുന്നോട്ടു കുതിക്കാതെ വയ്യല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Go Top