ഒരു ‘വടക്കന്‍ പാര’ഗാഥ

ഇന്ദ്രൻ

കരുണാകര്‍ജിയെപ്പോലെ രാജ്യസ്നേഹിയും ദേശീയോദ്ഗ്രഥന വിശ്വാസിയും ദേശീയവാദിയുമായ നേതാവിനെ ഈ കാലത്ത്‌ മരുന്നിനുപോലും വേറെ കിട്ടാനിടയില്ല. കോണ്‍ഗ്രസ്സില്‍ ഈ ജാനസ്സില്‍പ്പെട്ട ഒരാളുമില്ലെന്ന്‌ ഉറപ്പിച്ചുപറയാം. ഗാന്ധിത്തൊപ്പിവെക്കുന്ന അവസാനത്തെ കോണ്‍ഗ്രസ്സുകാരനാണ്‌ സീതാറാം കേസരിയെന്ന്‌ പറഞ്ഞതുപോലെ ദേശീയവാദിയായ ‘ലാസ്റ്റ്‌കോണ്‍ഗ്രസ്‌മേന്‍’ കരുണാകര്‍ജി തന്നെ.

കോണ്‍ഗ്രസ്‌ അധ്യക്ഷസ്ഥാനം ഒഴിവുവന്നപ്പോള്‍ നേതാക്കളായ നേതാക്കളെല്ലാം ഒറ്റ ചിന്തയിലായിരുന്നു. എങ്ങനെ ആ കസേരയില്‍ കയറിപ്പറ്റാം എന്ന ഒറ്റ ചിന്തമാത്രം. എങ്ങനെയെങ്കിലും നാല്‌ പിന്തുണക്കാരെ സംഘടിപ്പിച്ച്‌ പ്രസിഡണ്ട്‌ കസേരയില്‍ വലിഞ്ഞുകയറാന്‍ വേണ്ടി സര്‍വരും നെട്ടോട്ടമോടുമ്പോള്‍ കരുണാകര്‍ജി മാത്രം മാറിനിന്നു. ഒരു എളിയ അഭിപ്രായം അദ്ദേഹം പറഞ്ഞു-പ്രസിഡണ്ട്‌ വടക്കനാകണം. ഫാദര്‍ വടക്കനല്ല, ഉത്തരേന്ത്യക്കാരന്‍.

110 കൊല്ലത്തെ ചരിത്രത്തിനിടയില്‍ ഈ മാതിരിയൊരു ത്യാഗം മഹാത്മാഗാന്ധിപോലും അനുഷ്ഠിച്ചിട്ടില്ല. തരവും തഞ്ചവും കിട്ടിയാല്‍ ആ കസേരയില്‍ കയറിപ്പറ്റാനെ ആരും ശ്രമിച്ചിട്ടുള്ളൂ. തനിക്ക്‌ പറ്റിയില്ലെങ്കില്‍ തന്റെ സ്വന്തക്കാരന്‍ എന്നതാണ്‌ നയം. ജവാഹര്‍ലാലിനെ പ്രസിഡണ്ടാക്കാമെന്ന്‌ ഗാന്ധിജിയെക്കൊണ്ട്‌ സമ്മതിപ്പിച്ചിട്ടേ അച്ഛന്‍ മോത്തിലാല്‍ പ്രസിഡണ്ട്‌ സ്ഥാനം ഒഴിഞ്ഞിട്ടുള്ളൂ. ജവഹര്‍ലാലും തന്റെ കാലത്തുതന്നെ ഇന്ദിരാഗാന്ധിയെ കസേരയില്‍ പിടിച്ചിരുത്തി. ഇന്ദിരാജിക്കുമാത്രം അതിന്‌ സമയം കിട്ടിയിരുന്നില്ല. എങ്കിലും ജനറല്‍ സെക്രട്ടറിയാക്കി. ഒരു സ്റ്റെപ്പ്‌ മാത്രം താഴെ. പ്രസിഡണ്ട്‌ സ്ഥാനം വേണ്ടെന്നുപറഞ്ഞ ഒരാള്‍ ഗാന്ധിജി മാത്രം. അല്ലല്ല, ഗാന്ധിജിയും കരുണാകര്‍ജിയും മാത്രം. ഗാന്ധിജിപോലും തനിക്ക്‌ വേണ്ടപ്പെട്ട ആളെ ആ കസേരയിലിരുത്താന്‍ ചില്ലറ തന്ത്രമൊക്കെ പയറ്റിയിട്ടുണ്ട്‌. രണ്ടാംവട്ടം പ്രസിഡണ്ടായ സുഭാഷ്ബോസിനെ താഴെയിറക്കിയത്‌ ഗാന്ധിജിതന്നെയായിരുന്നു. ഗാന്ധിജിയുടെ സ്ഥാനാര്‍ഥിയെയാണ്‌ ബോസ്‌ തോല്‍പിച്ചത്‌. ഗാന്ധിജിയായാല്‍പോലും അത്‌ സഹിക്കാന്‍ പറ്റില്ലല്ലോ. അങ്ങനെയാണ്‌ ചില നമ്പരുകള്‍ ഇറക്കി ബോസിനെ രാജിവെയ്പിച്ചത്‌. പഴയ കേസാണ്‌ പോകട്ടെ.

കരുണാകര്‍ജിയുടെ ത്യാഗത്തിന്റെ വലിപ്പം ബോധ്യപ്പെട്ടിരിക്കുമല്ലോ. റാവു രാജിവെച്ചപ്പോള്‍ രാഷ്ട്രം മുഴുവന്‍ ഉറ്റുനോക്കിയത്‌ കരുണാകര്‍ജിയെയാണ്‌. അദ്ദേഹം തന്നെ അത്‌ പ്രസ്താവിച്ചിട്ടുണ്ട്‌-‘ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന്‌ എന്നോട്‌ പലരും ആവശ്യപ്പെട്ടു’ എന്ന്‌ കരുണാകര്‍ജി വെറുതെയങ്ങ്‌ പ്രസ്താവിക്കില്ല. സംഭവം സത്യമായിരിക്കണം. മുമ്പും ഇങ്ങനെ സംഭവിച്ചതാണല്ലോ. പ്രധാനമന്ത്രിയാകണം എന്നുപോലും കുറച്ചുമുമ്പ്‌ കോണ്‍ഗ്രസ്സുകാര്‍ അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ്സകാര്‍ മാത്രമോ? അന്നത്തെ പ്രതിപക്ഷനേതാക്കള്‍ പറഞ്ഞതെന്താണ്‌-യു ആര്‍ ദ ഓണ്‍ലി ഹോപ്‌. (അങ്ങേക്ക്‌ മാത്രമേ കോണ്‍ഗ്രസ്സിന്റെ കഥകഴിക്കാന്‍ കഴിയൂ). നിര്‍ഭാഗ്യവശാല്‍ അതിനുള്ള ചാന്‍സ്‌ കിട്ടിയില്ല. തൃശ്ശൂരുകാര്‍ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തിയില്ലേ? ഇനി പറഞ്ഞിട്ട്‌ എന്തൂട്ട്‌ കാര്യം.

പ്രസിഡണ്ടാകാന്‍ നിഷ്പ്രയാസം സാധിക്കുമായിരുന്നു. പക്ഷേ, കരുണാകര്‍ജി പറഞ്ഞത്‌ വടക്ക്‌ നക്ഷത്രം ഉദിക്കട്ടെ എന്നാണ്‌. കോണ്‍ഗ്രസ്സിനെ രക്ഷിക്കുക എന്ന ഉദ്ദേശം മാത്രമല്ല, രാഷ്ട്രത്തിന്റെ അഖണ്ഡതയും ഓര്‍ത്താണ്‌ അദ്ദേഹമങ്ങനെ പറഞ്ഞത്‌. കോണ്‍ഗ്രസ്‌ പ്രസിഡണ്ടും പാര്‍ലമെന്ററി പാര്‍ട്ടി നേതാവും തെക്കന്മാരായാല്‍ കോണ്‍ഗ്രസ്സിന്റെ വടക്കുള്ള ആപ്പീസെല്ലാം പൂട്ടും. ഇപ്പോള്‍ത്തന്നെ അധികം ആപ്പീസണ്‍നും പൂട്ടാന്‍ ബാക്കിയില്ല. ഇത്രയും കാലം രണ്ട്‌ സ്ഥാനവും ഒരു തെക്കന്റെ കയ്യിലായിരുന്നു. അതിന്റെ ഫലം കണ്ടില്ലേ? ഇനി രണ്ട്‌ സ്ഥാനം രണ്ട്‌ തെക്കന്റെ കൈയിലായാല്‍ കഥകഴിയില്ലേ? രണ്ട്‌ സ്ഥാനവും പതിറ്റാണ്ടുകളായി വടക്കന്റെ കൈയിലായിരുന്നു. അതിലാര്‍ക്കും ഒട്ടും അപ്രിയമില്ല. വടക്കന്മാര്‍ എല്ലാ സ്ഥാനവും വഹിച്ചാലും അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. തെക്കന്മാര്‍ രണ്ടുസ്ഥാനം വഹിക്കാന്‍ ഇടവരരുതെന്നുമാത്രം.

ഇനിയൊരു പുതിയ പ്രശ്നം വരുന്നുണ്ട്‌. ഇന്നോ നാളെയോ എന്നുപറഞ്ഞിരിപ്പാണ്‌ റാവുജി. ജയിലിലേയ്ക്ക്‌ കാലും നീട്ടി. പിടിക്കേണ്ട താമസം, റാവുജി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍സ്ഥാനം ഒഴിയണമെന്ന്‌ ദുഷ്ടന്മാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. പ്രസിഡണ്ട്‌ വടക്കനായതുകൊണ്ട്‌ മറ്റേത്‌ തെക്കനാവണമെന്നൊന്നും ആരും ആവശ്യപ്പെടരുത്‌. ദയവായി ആരും കരുണാകര്‍ജിയെ ലീഡറാക്കാന്‍ നിര്‍ബന്ധിക്കയുമരുത്‌. രാജ്യസഭാംഗത്തിന്‌ പാര്‍ല. പാര്‍ട്ടി നേതാവാകാന്‍ പറ്റുമോ എന്നുള്ള പ്രശ്നമൊക്കെ വേറെ. കരുണാകര്‍ജിയെ നിര്‍ബന്ധിക്കരുത്‌ പ്ലീസ്‌.

അതിനിടെ, ആരാണ്‌ കരുണാകര്‍ജി ആന്റണിയുടെ വഴിതടഞ്ഞു എന്നൊരു നട്ടാല്‍ പൊടിക്കാത്ത പച്ചക്കള്ളം പറഞ്ഞുപരത്തിയത്‌? ഇത്രയും വലിയ കൊടുംക്രൂരത ആരും ചെയ്യരുതു കേട്ടോ? ആന്റണി ചിത്രത്തിലേ ഉണ്ടായിരുന്നില്ല. ചിത്രത്തില്‍ രണ്ടേ രണ്ട്‌ പേരെ ഉണ്ടായിരുന്നുള്ളൂ. ഒന്ന്‌ റാവുജി, രണ്ട്‌ കരുണാകര്‍ജി. കരുണാകര്‍ജി സ്വന്തം ചിത്രം മായ്ച്ചുകളഞ്ഞിട്ടാണ്‌ കേസരിയുടെ ചിത്രം വരച്ചുചേര്‍ത്തത്‌. കണ്ണട വെച്ച്‌ സൂക്ഷിച്ചുനോക്കിയിട്ടും പരിസരത്തൊന്നും ആന്റണിയുടെ ചിത്രത്തിന്റെ ഒരു പൊടിപോലും കണ്ടില്ല. ഇനി ആന്റണിക്ക്‌ അങ്ങനെ വല്ല ആഗ്രഹവുമുണ്ടായിരുന്നുവെങ്കില്‍ ഒരു വാക്ക്‌ കരുണാകര്‍ജിയോട്‌ പറഞ്ഞാല്‍ മതിയായിരുന്നു. എങ്ങോ കിടന്ന ഒരു റാവുവിനെ പ്രധാനമന്ത്രിയുടെ കസേരയിലിരുത്താന്‍ കരുണാകര്‍ജിക്ക്‌ കഴിയുമെങ്കില്‍ ആന്റണിയെ പ്രസിഡണ്ട്‌ കസേരയിലിരുത്താനാണോ പ്രയാസം! ആരും കരുണാകര്‍ജിയോട്‌ പറഞ്ഞില്ല. നോക്കിയപ്പോള്‍ പാകത്തിന്‌ കണ്ടത്‌ കേസരിയെ മാത്രമാണ്‌. ജയിലില്‍ പോകാന്‍ സാധ്യതയില്ലാത്ത ഒന്നു രണ്ട്‌ പ്രവര്‍ത്തകസമിതി അംഗങ്ങളില്‍ ഒരാളാണല്ലോ അദ്ദേഹം. ഇരുപതുകൊല്ലം പാര്‍ട്ടിയുടെ പണപ്പെട്ടി സൂക്ഷിച്ച ആള്‍ ചില്ലറക്കാരനൊന്നുമാകാന്‍ ഇടയില്ല. ഇന്നിപ്പോള്‍ പണം മാത്രമാണല്ലോ ബാക്കിയുള്ളത്‌. പ്രസിഡണ്ടാകേണ്ടത്‌ ഖജാന്‍ജി തന്നെ.

സത്യത്തില്‍ ആന്റണി കരുണാകര്‍ജിയോട്‌ നന്ദി പറയുകയാണ്‌ വേണ്ടത്‌. കാലക്കേടിന്റെ ഊക്കില്‍ വല്ലവരും ആന്റണിയുടെ പേര്‌ പറഞ്ഞിരുന്നുവെങ്കിലുള്ള അവസ്ഥയൊന്ന്‌ ആലോചിച്ചുനോക്കിന്‍. മുങ്ങുന്ന കപ്പലിന്റെ കപ്പിത്താനാവുന്നത്‌ വലിയ യോഗ്യതയാണോ? ദില്ലിയിലെ കാട്ടുകള്ളന്മാര്‍ക്കിടയില്‍ പത്തുദിവസം പിടിച്ചുനില്‍ക്കാന്‍ ആന്റണിക്ക്‌ കഴിയുമോ? വീട്ടിന്‌ തീപിടിക്കുമ്പോള്‍ ബീഡിക്ക്‌ തീ കൊളുത്താനാവും അവിടുത്തെ വിദ്വാന്മാരുടെ നോട്ടം. പൊല്ലാപ്പ്‌ എങ്ങനെയെങ്കിലും വേറെ ആരുടെയെങ്കിലും തലയിലായിക്കോട്ടെ എന്ന്‌ പ്രാര്‍ഥിക്കുകയായിരുന്നു എലിസബത്തും മക്കളും. അതിനിടയില്‍ ‘വടക്കന്‍പാര’ വന്നത്‌ നന്നായി. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്നത്‌ മാത്രമല്ല, മറിച്ചും സത്യം തന്നെ ചിലപ്പോള്‍.

*** *** ***

പ്രധാനമന്ത്രി ദേവഗൗഡ ചെയ്ത ഏറ്റവും നല്ല കാര്യമെന്ത്‌ എന്ന്‌ ചോദിച്ചാല്‍, രാജ്യസഭാംഗമായതുതന്നെ എന്ന്‌ ഇതെഴുതുന്നയാള്‍ ഉത്തരം നല്‍കും. അതിത്ര വലിയ ആനക്കാര്യമാണോ എന്ന്‌ ചോദിച്ചേക്കാം. ചില്ലറ ആനക്കാര്യം തന്നെ. ഗൗഡര്‍ക്ക്‌ മത്സരിക്കാനും ജയിക്കാനും കര്‍ണാടകത്തിലൊരു ലോക്‌സഭാ സീറ്റ്‌ കിട്ടാഞ്ഞിട്ടാണ്‌ അദ്ദേഹം പിന്‍വാതിലിലൂടെ പാര്‍ലമെന്റിലെത്തിയതെന്ന്‌ മുഴുത്ത അസൂയക്കാരനായ ഹെഗ്ഡെപോലും പറയില്ല. ഗൗഡാജിക്ക്‌ വേണ്ടി സ്ഥാനം രാജിവെച്ചുകൊടുക്കാന്‍ പുത്രന്‍ തന്നെ ഉണ്ടായിരുന്നു. പകരം പുത്രന്‌ ഒരു അമ്പാസഡര്‍ സ്ഥാനമോ മറ്റോ കൊടുത്താല്‍ മതിയായിരുന്നു. അതല്ലെങ്കില്‍ കേരളത്തില്‍ ഗവര്‍ണറാക്കാമായിരുന്നു. ഗൗഡാജി അതൊന്നും ചെയ്തില്ല. കട്ടക്കില്‍ മത്സരിക്കാന്‍ ബിജുപടനായകന്‍ ഗൗഡാജിക്ക്‌ ഓഫര്‍ കൊടുത്തതാണ്‌. പടനായകരെ ഗൗഡാജിക്ക്‌ അത്ര വിശ്വാസം പോരെന്നുതോന്നുന്നു.

ലോക്‌സഭയിലേക്കുതന്നെ മത്സരിക്കും എന്ന്‌ ഗൗഡാജി വാശിപിടിക്കാഞ്ഞതുകൊണ്ട്‌, രാഷ്ട്രത്തിന്‌ കോടികള്‍ ലാഭം കിട്ടിയിട്ടുണ്ട്‌. അതുതന്നെയാണ്‌ ആനക്കാര്യം. ലോക്‌സഭയിലേക്ക്‌ മത്സരിച്ച്‌ ജയിക്കാന്‍ ഗൗഡാജി കൈയില്‍ നിന്ന്‌ കാശൊന്നും മുടക്കേണ്ട. കാശ്‌ മുടക്കേണ്ടത്‌ കാല്‍കാശിന്‌ വകയില്ലാത്ത നികുതിദായകനാണ്‌. യഥാര്‍ഥ ജനപ്രതിനിധിയല്ല പ്രധാനമന്ത്രിയെന്ന്‌ ആരെങ്കിലും പറയുമെന്ന്‌ ഭയന്ന്‌ ലോക്‌സഭയിലേയ്ക്ക്‌ മത്സരിക്കേണ്ട കാര്യമൊന്നുമില്ല. ഈ തരം പൊങ്ങച്ചങ്ങളിലൊന്നും ഗൗഡാജിക്ക്‌ വിശ്വാസമില്ല. അങ്ങനെ നോക്കിയാല്‍ 42 ലോക്‌സഭാംഗങ്ങള്‍ മാത്രമുള്ള കക്ഷിക്ക്‌ പ്രധാനമന്ത്രിസ്ഥാനം വഹിക്കാന്‍ പറ്റുമോ?

പൊതു തിരഞ്ഞെടുപ്പ്‌ നേരാംവണ്ണം നടന്നിട്ടുണ്ട്‌. ലോക്‌സഭയിലും നിയമസഭയിലും മുഴുവന്‍ സീറ്റിലും ജനം പ്രതിനിധികളെ തിരഞ്ഞെടുത്തിട്ടുമുണ്ട്‌. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയേയും മന്ത്രിമാരെയുമൊക്കെ ആ കൂട്ടത്തില്‍ നിന്ന്‌ കണ്ടെത്തേണ്ടത്‌ പാര്‍ട്ടിക്കാരുടെ ബാധ്യതയാണ്‌. ഈ ജയിപ്പിച്ച ആളുകളൊന്നും പോര, ഞങ്ങള്‍ക്ക്‌ മുഖ്യമന്ത്രിയാക്കാന്‍ വേറെയൊരു പത്തരമാറ്റിനെ അഡീഷണലായി ജയിപ്പിച്ചുതരണമെന്ന്‌ പറഞ്ഞ്‌ ജനത്തിന്റെ അടുത്തേക്ക്‌ വരരുത്‌. വല്ലയിടത്തും ഒഴിവ്‌ വരുകയാണെങ്കില്‍ പത്തരമാറ്റിനെ നിര്‍ത്തി ജയിപ്പിക്കുന്നതില്‍ വിരോധമില്ല. ജനം വോട്ട്‌ ചെയ്ത്‌ ജയിപ്പിച്ച്‌ തിരുവനന്തപുരത്തേക്ക്‌ പറഞ്ഞുവിട്ട ജനപ്രതിനിധി ഒരു കാരണവും പറയാതെ നാലാംനാള്‍ രാജിക്കത്ത്‌ കൊടുത്ത്‌ മടങ്ങിവന്ന്‌ വീട്ടില്‍ കുത്തിയിരിക്കുന്നത്‌ ജനത്തെ കൊഞ്ഞനംകുത്തലാണ്‌. അങ്ങനെ രാജികൊടുക്കുന്ന ആളില്‍ നിന്ന്‌ ഉപതിരഞ്ഞെടുപ്പ്‌ നടത്താനുള്ള മുഴുവന്‍ ചെലവും ഈടാക്കണം. തന്നില്ലെങ്കില്‍ ജപ്തിചെയ്യണം. ഇതിന്‌ വല്ല വകുപ്പും നിയമത്തിലുണ്ടോ ശേഷന്‍മാഷേ? പാര്‍ട്ടി നേതാക്കള്‍ അവരുടെ താല്‍പര്യത്തിനുവേണ്ടി മാത്രം അടിച്ചേല്‍പിക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാരമൊന്നും ജനം പേറേണ്ട കാര്യമില്ല. ഇന്നയിന്ന ആളേ മുഖ്യമന്ത്രിയാകാന്‍ പാടുള്ളൂ എന്നുണ്ടോ? ഇല്ലെങ്കില്‍ കേരളം അറബിക്കടലില്‍ താഴുമോ? അതുകൊണ്ടാണ്‌, ദേവഗൗഡ ചെയ്തത്‌ ശരി എന്നു പറയുന്നത്‌.

**** **** ****

അടിയന്‌ കഴിഞ്ഞാഴ്ച ഒരു കൈപ്പിഴ പറ്റി, മുഖ്യമന്ത്രി നായനാരെക്കുറിച്ച്‌ ചില്ലറ അസത്യവും അപകീര്‍ത്തിയുമൊക്കെ എഴുതിപ്പിടിപ്പിച്ചു. നായനാര്‍ പത്രക്കാരോടും പാര്‍ട്ടിക്കാരോടും മറ്റും ഉപയോഗിക്കുന്ന ഭാഷ ലോക്കല്‍ സെക്രട്ടറി ഉപയോഗിച്ചാലുണ്ടാകാനിടയുള്ള അത്യാഹിതങ്ങളെക്കുറിച്ചൊരു ഭാവനയായിരുന്നു അത്‌. വെറും ഭാവന. റാവു, അദ്വാനി, വാജ്‌പേയി, കരുണാകരന്‍, ആന്റണി, ദേവഗൗഡ തുടങ്ങിയ നിസ്സാരന്മാരെക്കുറിച്ച്‌ എഴുതുന്ന അതേ ലാഘവത്തില്‍ മഹാനായ നായനാരെക്കുറിച്ച്‌ എഴുതിയത്‌ വെറും കൈപ്പിഴയൊന്നുമല്ല. ഗുരുതരമായ കുറ്റംതന്നെ. വിവരദോഷം കൊണ്ട്‌ സംഭവിച്ചതാണ്‌. എഴുതിപ്പോയി. ഇനി പറഞ്ഞിട്ട്‌ കാര്യമില്ല. പോയപുത്തി ആന വലിച്ചാല്‍ വരില്ല.

നമ്മുടെ മോഡല്‍ ജനാധിപത്യപ്രകാരം ആരെക്കുറിച്ച്‌ എന്തും എവിടെവെച്ചും പറയാനുള്ള ലൈസന്‍സ്‌ മുഖ്യമന്ത്രി നായനാര്‍ക്കുമാത്രമുള്ളതാണ്‌. നായനാരെക്കുറിച്ച്‌ ആരും ഒന്നും പറഞ്ഞുകൂടാ. എഴുതിക്കൂടാ. എഴുതിയാല്‍ ഇലക്ഷന്‍ കമ്മീഷണര്‍ ശേഷയ്യന്‍ മുതല്‍ ഐക്യരാഷ്ട്ര സെക്രട്ടറി ജനറലിനുവരെ ഹര്‍ജി ഉടന്‍ ടൈപ്പ്‌ ചെയ്തുവിടും.

പത്രപംക്തിക്കെതിരെ ടി.എന്‍. ശേഷന്‌ ഹര്‍ജിവിട്ടത്‌ ശ്ശി കടന്നകയ്യായോ എന്നൊരു സംശം ഇല്ലാതില്ല. ഇക്കാലത്തിനിടയില്‍ ഇങ്ങനെയൊരു ഹര്‍ജി അങ്ങേര്‍ക്ക്‌ കിട്ടിക്കാണില്ല. മുഖ്യമന്ത്രിമാരെ വിമര്‍ശിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്റെ ശീട്ട്‌ വേണമെന്ന്‌ ഭരണഘടനയിലുണ്ടോ? പത്രത്തിലെ പംക്തികാരണം തലശ്ശേരി ഉപതിരഞ്ഞെടുപ്പ്‌ സ്വതന്ത്രവും നീതിപൂര്‍വകവും അല്ലാതായിപ്പോകുമെന്നാണ്‌ നായനാരുടെ ഇലക്ഷന്‍ ഏജന്റ്‌ കോടിയേരി ബാലകൃഷ്ണന്‍, ടി.എന്‍. ശേഷനോട്‌ പരാതിപ്പെട്ടിരിക്കുന്നത്‌. അത്രക്കങ്ങട്‌ കടത്തിപ്പറയണമായിരുന്നോ സഖാവേ? ഒരു ലേഖനം കൊണ്ട്‌ അടിമേല്‍ മറിയുന്നതാണോ നമ്മുടെ സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തിരഞ്ഞെടുപ്പ്‌? ലേഖനം വായിച്ച ആളുകള്‍ നായനാര്‍ക്ക്‌ വോട്ട്‌ ചെയ്യാതായിപ്പോകും എന്നൊരു ബേജാറുണ്ടോ കോടിയേരിക്ക്‌? അങ്ങനെ സംഭവിക്കില്ല. അത്രയ്ക്ക്‌ മോശക്കാരാണോ തലശ്ശേരിക്കാര്‍? ഒരിക്കലുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

Go Top