ടി.വേണുഗോപാലന്‍- കാലത്തിന്മുമ്പെ നടന്നയാള്‍

എൻ.പി.രാജേന്ദ്രൻ

ടി.വേണുഗോപാലന്‍ പത്രപ്രവര്‍ത്തനത്തില്‍ എന്തായിരുന്നു എന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍  പറയാവുന്നത് ഇതാണ്- ഒന്നാം കിട ഓള്‍റൗണ്ടര്‍. അതാവാന്‍ വേണ്ടി പഠിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ആളാണ് വേണുഗോപാലന്‍ എന്ന് ആ ജീവിതരേഖയിലൂടെ കണ്ണോടിച്ചാല്‍ ആര്‍ക്കും മനസ്സിലാകും.

അമ്പതുകളുടെ തുടക്കത്തിലാണ് അദ്ദേഹം ബിരുദം നേടി മാതൃഭൂമിയില്‍ എത്തിച്ചേര്‍ന്നത്. മറ്റേതെങ്കിലും നല്ല ജോലിയില്‍ കയറിപ്പറ്റാനുള്ള ചവിട്ടുപടി ആയിരുന്നില്ല അദ്ദേഹത്തിന് മാതൃഭൂമിയിലെ ജോലി. ജോലിയില്‍ തുടരാന്‍ അക്കാലത്ത് എന്നല്ല ഇക്കാലത്തും ജേണലിസത്തില്‍ ബിരുദമോ ഡിപ്ലോമയോ അത്യാവശ്യമല്ല. എന്നിട്ടും അദ്ദേഹം അതുപഠിക്കാന്‍ മദ്രാസിലേക്ക് പോയി. പത്രപ്രവര്‍ത്തനം പഠിക്കാനേ സമയം  ചെലവഴിച്ചുള്ളൂ- ഒപ്പം അക്കാലത്ത് ഷോര്‍ട്ഹാന്‍ഡ് പഠനം നിര്‍ബന്ധമായിരുന്നു. അതിന്റെ ആവശ്യം എനിക്കില്ല എന്ന് പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്-ആവശ്യത്തിന് വേഗതയില്‍ എഴുതിയെടുക്കാന്‍ തനിക്കാവും എന്ന ധൈര്യത്തോടെ.

മാതൃഭൂമിയില്‍ നിലകൊണ്ട മൂന്നര പതിറ്റാണ്ടും കാലഘട്ടത്തിന് ഒരടി മുന്നേ സഞ്ചരിച്ച ആളായിരുന്നു വേണുഗോപാലന്‍. 1981 ല്‍ മാതൃഭൂമിയില്‍ ജേണലിസം ട്രെയ്‌നി ആയി വന്നപ്പോള്‍ അദ്ദേഹമായിരുന്നു ഞങ്ങളുടെ തലമുറയുടെ പ്രധാന ട്രെയ്‌നിങ് ഗുരു. ക്ലാസ് മുറിയിലിരുത്തിയും അല്ലാതെയും അദ്ദേഹം പാഠങ്ങള്‍ പറഞ്ഞുതന്നിട്ടുണ്ട്. ഞങ്ങളൊക്കെ ജനിക്കുന്നതിന് മുമ്പ് പത്രപ്രവര്‍ത്തനം തുടങ്ങിയ ആളെന്ന നിലയില്‍ ഒരുപാട് അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെക്കാറുണ്ട്. പത്രത്തില്‍ വരുന്നവരെല്ലാം റിപ്പോര്‍ട്ടര്‍ ആകാന്‍ ആഗ്രഹിക്കുന്ന കാലത്ത് എഡിറ്റിങ്ങില്‍ താല്പര്യം  കണ്ടെത്തിയ ആളായിരുന്നു വേണുഗോപാലന്‍. എന്തേ അന്ന് റിപ്പോര്‍ട്ടര്‍ ആയില്ല എന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി ഇപ്പോഴും ഓര്‍ക്കുന്നു. ‘പ്രസംഗറിപ്പോര്‍ട്ടിങ് ആയിരുന്നല്ലോ, അന്നത്തെ പ്രധാന പണി. എനിക്ക് അതത്ര പറ്റിയ പണിയായിരുന്നില്ല’ . അമ്പതുകളിലും അറുപതുകളുടെ തുടക്കത്തിലും മാധ്യമപ്രവര്‍ത്തകന്റെ പ്രധാന ചുമതല നേതാക്കളുടെ പ്രസംഗം എഴുതിയെടുക്കലായിരുന്നുു. പ്രധാനമന്ത്രി നെഹ്‌റു ആകട്ടെ മറ്റേതെങ്കിലും നേതാവ് ആകട്ടെ, കേരള പര്യടനം നടത്താന്‍ വന്നാല്‍ ഓരോ പ്രദേശത്ത് ചെയ്യുന്ന പ്രസംഗവും പൂര്‍ണരൂപത്തില്‍ പത്രത്തില്‍ കോളം കോളമായി പേജ് പേജായി പ്രസിദ്ധപ്പെടുത്തുകയായിരുന്നു അന്നത്തെ രീതി. ചിലപ്പോള്‍ നേതാവ് തിരിച്ച് ഡല്‍ഹിയിലെത്തി ദിവസങ്ങള്‍ കഴിഞ്ഞാലും നെയ്യാറ്റിന്‍കരയിലോ വര്‍ക്കലയിലോ ചെയ്ത പ്രസംഗം കോളം  കോളമായി പത്രത്തില്‍ വരുന്നുണ്ടാവുമായിരുന്നു.  വേണുഗോപാലനെ ഒരിക്കല്‍ പ്രസംഗം റിപ്പോര്‍ട്ട്  ചെയ്യാന്‍ ഏല്‍പ്പിച്ചപ്പോള്‍ അദ്ദേഹം ഒരുദിവസത്തെ അസംഖ്യം പ്രസംഗങ്ങള്‍ കേട്ടു. ഓഫീസിലെത്തി അദ്ദേഹം എല്ലാറ്റിലും പറഞ്ഞ പ്രധാനകാര്യങ്ങള്‍ മാത്രം ചേര്‍ത്ത് ഒരു റിപ്പാര്‍ട്ട് ആക്കി. എവിടെയെല്ലാമാണ് പ്രസംഗിച്ചത് എന്നും അതില്‍ ചേര്‍ത്തു. അന്നത്തെ  എഡിറ്റര്‍മാര്‍ക്ക് അതൊട്ടും രസിച്ചില്ല. നീയിനി പ്രസംഗം റിപ്പോര്‍ട്ട് ചെയ്യേണ്ട എന്ന് വിലക്കി. വാസ്തവത്തില്‍ വേണുഗോപാലന്‍ എഴുതിയ  രീതിയിലേക്ക് പ്രസംഗറിപ്പോര്‍ട്ടിങ്ങ് മാറാന്‍ പിന്നെ കാലം അധികമൊന്നും വൈകിയില്ല. ഇന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം ആയാലും അങ്ങനെയേ ആരും ചെയ്യുന്നുള്ളൂ. റിപ്പോര്‍ട്ടിങ്ങിലാകട്ടെ എഡിറ്റിങ്ങിലാകട്ടെ, പേജ് ഡിസൈനിലാകട്ടെ അദ്ദേഹം കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ പലതും കാലത്തിന് വളരെ മുമ്പെ ആയിരുന്നു. അന്ന് പലരും ചിരിച്ചുതള്ളിയ സംഗതികള്‍ മിക്കതും പിന്നീട് പൊതുരീതിയായി സകല പത്രങ്ങളും സ്വീകരിച്ചിട്ടുണ്ട്.

വലിയ തലക്കെട്ടുകളും ചിത്രങ്ങളും ടെലിവിഷന്‍ കാലഘട്ടത്തിന്റെ സൃഷ്ടിയാണ് എന്ന് ഇന്ന് മാധ്യമപണ്ഡിതന്മാര്‍ വിലയിരുത്തുന്നു. വേണുഗോപാലന്‍ ഡിസൈന്‍ ചെയ്ത പേജുകള്‍ കണ്ടാല്‍ നമുക്ക് ആ വിലയിരുത്തല്‍ തെറ്റാണെന്ന് ബോധ്യമാകും. ടെലിവിഷന്‍ വരുന്നതിന് മുമ്പാണ് തിരുവനന്തപുരം മാതൃഭൂമി എഡിഷനില്‍ ഇന്ദിരാഗാന്ധിയുടെ വധം ഇന്നുപോലും അസാധാരണം എന്നുവിശേഷിപ്പിക്കുന്ന രീതിയില്‍ കറുപ്പില്‍ വെളുത്ത അക്ഷരങ്ങളായി ഒരു പേജ് മുഴുവനായി  അദ്ദേഹം തയ്യാറാക്കിയത്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള രാജ്യത്തെമ്പാടുമുള്ള പത്രങ്ങളുടെ ആ ദിവസത്തെ ഒന്നാം പേജുകളില്‍ ഏക മലയാളം പത്രം മാതൃഭൂമിയുടെതായത് വെറുതെയല്ല. ആ പത്രം തിരുവനന്തപുരത്തേ ഇറങ്ങിയുള്ളൂ, കോഴിക്കോട്ടുള്ള ഞങ്ങളൊക്കെ ദിവസങ്ങള്‍ കഴിഞ്ഞ് തപ്പാലില്‍ വന്നപ്പോള്‍ മാത്രമാണ് തിരുവനന്തപുരം പത്രം കണ്ട് ഇങ്ങനെയും പത്രമോ എന്ന് അത്ഭുതപ്പെട്ടത്. ഓരോ യൂണിറ്റിലെയും പത്രം അതതിടത്ത് ഉണ്ടാക്കുന്ന രീതി മാറി എല്ലായിടത്തും ഒരേ പേജും ഒരേ ഹെഡ്ഡിങ്ങും വന്നത് പിന്നെയും കുറെ വര്‍ഷം കഴിഞ്ഞായിരുന്നുല്ലോ. വേണുഗോപാലന്‍ തിരുവനന്തപുരത്ത് ന്യൂസ് എഡിറ്ററായിരുന്ന കാലം ഫോട്ടോ ജേണലിസത്തിന്റെയും സുവര്‍ണകാലമായിരുന്നു. മനോഹരമായി അച്ചടിക്കാന്‍ കഴിയുന്ന പുത്തന്‍ പ്രസ്സിന്റെ മുഴുവന്‍ സാധ്യതകളും രാജന്‍ പൊതുവാളിന്റ ഫോട്ടോഗ്രാഫക് പ്രതിഭയും ഉപയോഗപ്പെടുത്തി ഓരോ ദിവസവും ഇറങ്ങിയ അസാധാരണ പേജുകള്‍ മലയാള മാധ്യമചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട സംഗതി തന്നെയാണ്. ആരോ എഴുതിയതുപോലെ, വാര്‍ത്തകളിലേ ബൈലൈന്‍ കൊടുക്കുന്നുള്ളൂ. പേജ് ഡിസൈന്‍ ചെയ്ത ആളുടെ പേരും പ്രസിദ്ധപ്പെടുത്തുന്ന സമ്പ്രദായം ഉണ്ടായിരുന്നെങ്കില്‍ വേണുഗോപാലന്‍ ഇന്റര്‍നാഷനല്‍ പത്രപ്രവര്‍ത്തകനായി പ്രസിദ്ധനാവുമായിരുന്നു.

(Venugopal’s page)

സ്‌പോര്‍ട്‌സ് വാര്‍ത്തകള്‍ ഒന്നാം പേജില്‍ കൊടുക്കണമെന്ന് വാദിച്ച് പലപ്പോഴും പരാജയം ഏറ്റുവാങ്ങിപ്പോന്നിട്ടുള്ള വി.എം.ബാലചന്ദ്രന്‍ എന്ന വിംസിയും വേണുഗോപാലനും ഒരേ കാലത്ത് പ്രവര്‍ത്തിച്ചുപോന്നവരാണ്. അമിതം എന്ന് ഇന്നുപോലും തോന്നാവുന്ന പ്രാധാന്യം സ്‌പോര്‍ട്‌സിന് നല്‍കി വിംസിയെപ്പോലും ഞെട്ടിച്ചിട്ടുണ്ട് വേണുഗോപാലന്‍. മാതൃഭൂമിയില്‍ എഴുതിയ അനുസ്മരണക്കുറിപ്പില്‍ പ്രശസ്ത സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് വി.രാജഗോപാല്‍ അക്കാര്യം പറഞ്ഞിട്ടുണ്ട്. 1971 ല്‍ കോഴിക്കോട്ട് നാഷനല്‍ ഇന്റര്‍യൂണിവേഴ്‌സിറ്റി ഫുട്‌ബോളില്‍ കലിക്കറ്റ്  യൂണിവേഴ്‌സിറ്റി  ചാമ്പ്യന്മാരായപ്പോള്‍, ചാമ്പ്യന്‍ഷിപ്പ് കലിക്കറ്റിന്ന് എന്ന് മെയിന്‍ വാര്‍ത്തയാക്കി. എന്നുമാത്രമല്ല ആ വാര്‍ത്തയേ ഒന്നാം പേജില്‍ ഉള്ളൂ എന്ന ‘ കടുംകൈ ‘ യും വേണുഗോപാലന്‍ ചെയ്തു. കോഴിക്കോടിന്റെ ആവേശം വേണുഗോപാലന്റെ തലയില്‍ കേറിയതാണ് എന്ന് കുറ്റപ്പെടുത്തിയവരോട് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. കോഴിക്കോട്ട് ഇറങ്ങുന്ന പത്രത്തില്‍ ഒന്നാം പേജില്‍ കൊടുക്കാന്‍മാത്രം പ്രാധാന്യമുള്ള മറ്റൊരു സംഭവവും അന്ന് ലോകത്തൊരിടത്തും ഉണ്ടായിട്ടില്ല എന്ന്. ചെയ്യുന്നത് ഉത്തമബോധ്യത്തോടെ ചെയ്യുകയും അത് ആരെയും ബോധ്യപ്പെടുത്താവുന്ന വിധം ന്യായീകരിക്കുയും ചെയ്യുക എന്നതാണ് വേണുഗോപാലന്റെ രീതി. അക്കാര്യത്തില്‍ അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല.

പല തൊഴില്‍ മേഖലകളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവും തൊഴില്‍മികവും വിരുദ്ധസംഗതികളാണ്. നല്ല ജോലിക്കാരന്‍ നല്ല യൂണിയന്‍ പ്രവര്‍ത്തകന്‍ ആവുക പ്രയാസം തന്നെ, മറിച്ചും. വേണുഗോപാലന്‍ രണ്ടും ആയിരുന്നു ഒരേ കരുത്തോടെ. അദ്ദേഹം ജീവിതംകൊണ്ട് കാട്ടിക്കൊടുത്ത ഏറ്റവും പ്രധാനകാര്യം തന്നെ അതാണ് എന്ന് ദീര്‍ഘകാലം മാതൃഭൂമിയില്‍ വേണുഗോപലന്റെ സഹപ്രവര്‍ത്തകന്‍ ആയിരുന്ന ഭാഷാപോഷിണി എഡിറ്റര്‍ കെ.സി.നാരായണന്‍ കോഴിക്കോട്ടെ അനുശോചന യോഗത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. മെനക്കിട്ടിരുന്ന് ജോലി ചെയ്യുക എന്നതുതന്നെ യൂണിയന്‍വിരുദ്ധപ്രവര്‍ത്തനമാണ് എന്ന് വാദിക്കുന്ന സംസ്‌കാരം നിലനില്‍ക്കുന്ന കേരളത്തിലാണ് ഇത്. ജോലി ചെയ്യുമ്പോള്‍ കര്‍ക്കശനായ മേല്‍നോട്ടക്കാരന്‍ ആവുന്ന വേണുഗോപാലന്‍ ജോലി  തീര്‍ന്നാല്‍ ജോളിക്കാരനായി മാറുമായിരുന്നു. പാട്ടും കളിയും തമാശകളും പൊട്ടിച്ചിരികളുമായുള്ള കൂട്ടായ്മകളില്‍ പ്രായവും ഉദ്യോഗതസ്തികകളുമൊന്നും അദ്ദേഹം വക വെക്കാറില്ല. എല്ലാം മറന്ന് ജോലിയില്‍ മുഴുകക, അവകാശം ചോദിക്കേണ്ട ഘട്ടത്തില്‍ നെട്ടെല്ല് വളയാതെ അത് ചോദിക്കുക – ഈ വിലയേറിയ സന്ദേശമാണ് അദ്ദേഹം തലമുറകള്‍ക്ക് നല്‍കിയത്.

യൂണിയന്‍ പ്രവര്‍ത്തനം അവകാശങ്ങള്‍ക്കുവേണ്ടിയുള്ള മുദ്രാവാക്യംവിളി മാത്രമല്ല എന്ന ബോധ്യത്തില്‍ നിന്നാണ് കേരള പത്രപ്രവര്‍ത്തകയൂണിയന്‍ ആസൂത്രണം ചെയ്ത പത്രപ്രവര്‍ത്തക പരിശീലന പരിപാടികളുടെ തുടക്കം. പത്രപ്രവര്‍ത്തനത്തെ ഒരു പ്രൊഫഷന്‍ ആക്കി മാറ്റാനുള്ള ശ്രമമായിരുന്നു അത്. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ മുതല്‍ നാട്ടിന്‍പുറത്തെ ലേഖകര്‍ വരെയുള്ളവരെ പരിശീലിപ്പിക്കാനുള്ള ബാധ്യത ഏറ്റെടുത്തത് മാധ്യമസ്ഥാപനങ്ങളല്ല, മാധ്യമപ്രവര്‍ത്തകരുടെ സംഘടന ആയിരുന്നു. വേറെ ഏതെങ്കിലും തൊഴില്‍മേഖലയില്‍ ഇങ്ങനെ നടന്നിട്ടുണ്ടോ എന്ന് സംശയമാണ്. ‘ന്യൂസ് ക്രാഫ്റ്റ്’ എന്ന തൊഴില്‍ പരിശീലന വിഭാഗംതന്നെ യൂണിയന്‍ ഉണ്ടാക്കി. അതാണ് പിന്നീട് കേരള പ്രസ് അക്കാദമിയുടെ രൂപവല്‍ക്കരണത്തിലേക്ക് നയിച്ചത്. പ്രാദേശികലേഖകര്‍ക്ക് തൊഴില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ മലയാള മനോരമയുടെ അന്നത്തെ ന്യൂസ് എഡിറ്റര്‍ തോമസ് ജേക്കമ്പും  വേണുഗോപാലും ചേര്‍ന്നു രചിച്ച നാട്ടുവിശേഷം എന്ന പുസ്തകം കേരള പ്രസ് അക്കാദമി പ്രസിദ്ധപ്പെടുത്തിയത് 1989 ല്‍ ആയിരുന്നു. ( വെറും ഏഴര രൂപ വിലയ്ക്ക് ആ പുസ്തകം ഇന്നും പ്രസ് അക്കാദമിയില്‍ ലഭ്യമാണ് !)

എഡിറ്റിങ്ങിലും റിപ്പോര്‍ട്ടിങ്ങിലും സ്‌പോര്‍ട്‌സിലും കവിതാരചനയിലും സാഹിത്യനിരൂപണത്തിലും ട്രേഡ് യൂണിയനിലും തൊഴില്‍പരിശീലനത്തിലും എല്ലാറ്റിനും പുറമെ ഗവേഷണ പഠനത്തിലും ശ്രദ്ധ കാട്ടിയ മറ്റാരുടെ പേരാണ് കേരള പത്രപ്രവര്‍ത്തന ചരിത്രത്തില്‍തന്നെ ചൂണ്ടിക്കാട്ടാനാവുക ? ഇല്ല ആരുടെ പേരും കാണില്ല. നല്ല ശമ്പളം കിട്ടുന്ന ഡപ്യൂട്ടി എഡിറ്റര്‍ തസ്തിക  അവസാന ഘട്ടത്തില്‍ ഉപേക്ഷിച്ച് വേണുഗോപാലന്‍ സ്വയം വിരമിക്കാന്‍ കടലാസ് കൊടുത്തത് മാനേജ്‌മെന്റുമായി പിണങ്ങിയിട്ടാണ് എന്നാണ് പലരും ധരിച്ചിരുന്നത്. പിണക്കമുണ്ടായിരുന്നു എന്നത് സത്യമാണ്. പക്ഷേ, അതുകൊണ്ടല്ല, സ്വദേശാഭിമാനിയെ കുറിച്ചുള്ള പഠനം പൂര്‍ത്തിയാക്കി പുസ്തകരചന നടത്താനാണ് ജോലി ഉപേക്ഷിക്കുന്നത് എന്ന് എന്ന് അദ്ദേഹം ആവര്‍ത്തിച്ചുപറയാറുണ്ടായിരുന്നു. പിരിഞ്ഞുപോകരുത് എന്ന് താന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുക തന്നെ  ചെയ്തിട്ടുണ്ടെന്ന് മാനേജിങ്ങ് എഡിറ്റര്‍ പി.വി.ചന്ദ്രനും ഓര്‍ക്കുന്നു. വേണുഗോപാലന്റെ വ്യക്തിപരമായ നഷ്ടം മലയാള പത്രപ്രവര്‍ത്തനചരിത്രത്തിലെ വലിയ നേട്ടമായി പരിണമിച്ചു. സ്വദേശാഭാമാനി രാമകൃഷ്ണപ്പിള്ളയെ  കുറിച്ചുള്ള ‘സ്വദേശാഭിമാനി-രാജദ്രോഹിയായ രാജ്യസ്‌നേഹി ‘ എന്ന 854 പേജ് വരുന്ന ബൃഹദ് കൃതിയില്‍നിന്ന് വേണുഗോപാലന് ആയിരം രൂപ റോയല്‍ട്ടി പോലും ലഭിച്ചിരിക്കില്ല. പുസ്തകം സാഹിത്യ അക്കാദമി അവാര്‍ഡിന് അയച്ചുകൊടുത്തതുപോലും അദ്ദേഹം അറിഞ്ഞിരുന്നില്ല. അവാര്‍ഡ് കിട്ടിയത് അദ്ദേഹം വലിയ സംഗതിയായി കണക്കാക്കിയുമില്ല. ഒരു യൂണിവേഴ്‌സിറ്റിക്ക് വേണ്ടിയാണ് ഒന്നര ദശകം നീണ്ട ആ ഉത്തരവാദിത്ത നിര്‍വഹണം ഏറ്റെടുത്തിരുന്നത് എങ്കില്‍ അദ്ദേഹം നിസ്സംശയം ഒരു ഡോക്റ്ററേറ്റിന് ഉടമയാകുമായിരുന്നു.

പഴയ ഗാന്ധിയന്‍ പാരമ്പര്യത്തിന്റെയും പുതിയ പ്രൊഫഷനലിസത്തിന്റെയും മൂല്യങ്ങള്‍ ഒരേ സമയം  വാശിയോടെ കാത്തുസൂക്ഷിച്ചുപോന്നിട്ടുണ്ട് അദ്ദേഹം. പ്രസ് അക്കാദമിയുടെ സൃഷ്ടിയ്ക്ക് കാരണക്കാരനായിരുന്നെങ്കിലും അതില്‍ ഒരുവട്ടംപോലും ചെയര്‍മാനോ വൈസ് ചെയര്‍മാനോ ആകാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി പ്രവര്‍ത്തികമാക്കാന്‍ ചിരകാലം പ്രവര്‍ത്തിച്ചെങ്കിലും, സ്‌പെഷല്‍ ഓര്‍ഡറിലൂടെ  അദ്ദേഹത്തിന് പെന്‍ഷന്‍ അനുവദിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്റെ വ്യക്തിപരമായ ആ സന്മനസ്സിനെ വിനയപൂര്‍വം നിരസിക്കുകയാണ് വേണുഗോപാലന്‍ ചെയ്തത്. ആനുകൂല്യങ്ങള്‍ക്കും ഔദാര്യങ്ങള്‍ക്കും പാരിതോഷികങ്ങള്‍ക്കും ബഹുമതികള്‍ക്കും വേണ്ടി ആളുകള്‍ നാണംകെട്ട് പരക്കം പായുന്ന നാട്ടിലാണ് അതും സംഭവിച്ചത് എന്നോര്‍ക്കുമ്പോഴാണ് അതിന്റെ വിലയും മഹത്വവും മനസ്സിലാവുക.

പത്രസ്വാതന്ത്ര്യത്തിനും പ്രൊഫഷനല്‍ മൂല്യങ്ങള്‍ക്കും അദ്ദേഹം നല്‍കിയ പ്രാധാന്യം കൂടി എടുത്തുപറയാതിരിക്കാന്‍ നിവൃത്തിയില്ല. വെളുത്ത ഖദര്‍ വേഷത്തില്‍ മാത്രം എന്നും പ്രത്യക്ഷപ്പെടാറുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയവിശ്വാസം എന്ത് എന്ന് മാത്രം എനിക്കൊരിക്കലും പിടികിട്ടിയിരുന്നില്ല. അക്കാലത്ത് മാതൃഭൂമിയില്‍ എത്തിപ്പെടുന്ന ഒരാള്‍ ഒരു കോണ്‍ഗ്രസ് അനുഭാവിയാകേനേ തരമുള്ളൂ. എങ്കിലും വേണുഗോപാലിന്റെ ഒരു വാര്‍ത്താവിന്യാസത്തിലോ വാര്‍ത്താരചനയിലോ ആ പക്ഷഭേദം പ്രകടിപ്പിക്കപ്പെട്ടിട്ടില്ല. പക്ഷേ, അടിയന്തരാവസ്ഥയില്‍ പത്രസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും അടിച്ചമര്‍ത്തപ്പെട്ടപ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ അദ്ദേഹം തയ്യാറായ സംഭവം ഉറ്റ ട്രെയ്ഡ് യൂണിയന്‍ കൂട്ടാളിയായിരുന്ന കെ.എം.റോയ് മാതൃഭൂമിയില്‍ എഴുതിയ അനുസ്മരണ ലേഖനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  ദേശീയ പത്രപ്രവര്‍ത്തക സംഘടനാ സമ്മേളനത്തില്‍ അടിയന്തരാവസ്ഥയെയും സെന്‍സറിങ്ങിനെയും ശരിവെക്കാന്‍ നടന്ന നീക്കത്തെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കാന്‍ വേണുഗോപാലന്‍ തയ്യാറായി. താന്‍ജോലി ചെയ്യുന്ന പത്രം മാത്രമല്ല അക്കാലത്തും കേരളത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരായിരുന്ന സുകുമാര്‍ അഴീക്കോടും എന്‍.വി.കൃഷ്ണവാരിയരും പോലും അടിയന്തരാവസ്ഥക്ക് സ്വാഗതമോതിയ നാളുകളിലാണ് വേണുഗോപാലന്‍ ഈ ഉറച്ച നിലപാട് സ്വീകരിച്ചത് എന്നോര്‍ക്കണം.

വേണുഗോപാലനോളം തലയെടുപ്പുള്ള, ബഹുമുഖ പ്രതിഭയായ ഒരു മാധ്യമപ്രവര്‍ത്തകന്‍ സ്വാതന്ത്ര്യാനന്തര മലയാള മാധ്യമ രംഗത്ത് വേറെ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞാല്‍ അതൊരു അതിശയോക്തിയല്ലതന്നെ.

(സമകാലിക  മലയാളം വാരിക 2012 ആഗസ്റ്റ് 17 ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിന്റെ പൂര്‍ണരൂപം)

Leave a Reply

Your email address will not be published. Required fields are marked *

Go Top