വി.എസ്. പറയാഞ്ഞത്

ഇന്ദ്രൻ

ഇന്നുതൊട്ട് ഇരുപതാം ദിവസം ലോകം അവസാനിക്കുമെന്ന് വിവരം കിട്ടിയതായി മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞാല്‍ നമ്മള്‍ അതപ്പടി വിശ്വസിച്ചുപോകും. അതാണ് നാട്ടുനടപ്പ്. മുഖ്യമന്ത്രി ചുമ്മാ വല്ലതും വിളിച്ചുപറയുന്ന ആളല്ല. പക്ഷേ, ലോകം അവസാനിക്കുമെന്ന് എങ്ങനെ മുഖ്യമന്ത്രി അറിഞ്ഞു എന്നാരെങ്കിലും ചോദിച്ചാല്‍, രഹസ്യപ്പോലീസിന്റെ റിപ്പോര്‍ട്ട് കിട്ടിക്കാണും എന്ന് ഉത്തരം പറഞ്ഞാല്‍ പോരാ. രഹസ്യപ്പോലീസിന്റെ പരിധിയില്‍ വരുന്ന വിവരമല്ല ലോകാവസാനം. ജനത്തിനെ സസ്‌പെന്‍സില്‍ നിര്‍ത്തിപ്പൊരിക്കാന്‍ മുഖ്യമന്ത്രിക്കുമില്ല ഭരണഘടനാപരമായ അധികാരം. ജനം ബോധംകെട്ടുവീഴും. വിവരം കിട്ടിയതെവിടെനിന്ന്, അതിനെത്ര ശാസ്ത്രീയപിന്‍ബലമുണ്ട്, പ്രവചനം വിശ്വസിക്കാമോ അതില്‍നിന്ന് രക്ഷപ്പെടാന്‍ വല്ല മാര്‍ഗവുമുണ്ടോ, ഉടനെ പരിഭ്രാന്തരാകണോ അതല്ല പിന്നീട് മതിയോ തുടങ്ങിയ പല വിവരങ്ങളും ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. ആ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ, ഡല്‍ഹി ഫ്‌ളൈറ്റിന്റെ സമയമായി, പിന്നെക്കാണാം എന്നു പറഞ്ഞ് ഇറങ്ങിപ്പോകാന്‍ പറ്റില്ല. ജനം പിറകെ ഓടി ജുബ്ബയില്‍ പിടിക്കും.

ലോകാവസാനത്തോളമൊന്നും വരില്ലെങ്കിലും ഇരുപതു വര്‍ഷം കൊണ്ട് കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ ഒരു കൂട്ടര്‍ പ്ലാനിടുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ സംഗതി സീരിയസ്സാകും. സീരിയസ്സല്ലെങ്കില്‍ മുഖ്യമന്ത്രി അതു പറയുകയേ ഇല്ലല്ലോ. എവിടെ നിന്നുകിട്ടി വിവരം? രഹസ്യപ്പോലീസാകും വിവരം കൊടുത്തത്. എങ്ങനെയാണ് സംഗതി നടത്തുക? ചെറുപ്പക്കാരെ സ്വാധീനിച്ചിട്ട്, പണം കൊടുത്തിട്ട്, മുസ്‌ലിം യുവതികളെ കല്യാണം കഴിച്ചിട്ട്, അവര്‍ പെറ്റിട്ട്… അങ്ങനെ പോകുന്നു മോഡസ് ഓപറാന്‍ഡി. തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തിട്ട് ഭൂരിപക്ഷം പിടിക്കുന്നതു പോലുള്ള എളുപ്പപ്പണിയാണിതെന്ന് രഹസ്യപ്പോലീസുകാരോ മുഖ്യമന്ത്രിയോ ധരിച്ച ലക്ഷണമുണ്ട്. എന്തായാലും കാശ് മുടക്കി യുവാക്കളെ സ്വാധീനിക്കാനും കല്യാണം കഴിപ്പിക്കാനും പ്ലാനിടുന്നവര്‍ അങ്ങനെ ധരിക്കാനിടയില്ല. ലോകത്തെങ്ങും അങ്ങനെ നടന്നിട്ടുമില്ല. ദാരിദ്ര്യം കൊടികുത്തിവാഴുന്ന സൊമാലിയയിലോ ബുര്‍ക്കിനോ ഫാസയിലോപോലും ഇക്കാലത്ത് അതു നടക്കില്ല, പിന്നെയല്ലേ കേരളത്തില്‍. എന്തായാലും കഴിഞ്ഞ ഞായറാഴ്ച മുഖ്യമന്ത്രിയില്‍നിന്ന് കേട്ടത് വാര്‍ത്തയുടെ കിടിലന്‍ തലക്കെട്ടായിരുന്നു. ബാക്കികൂടി കേട്ടിട്ടു വേണം വാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ കൊള്ളുമോ എന്ന് തീരുമാനിക്കാന്‍. ആഴ്ചയൊന്ന് കഴിഞ്ഞിട്ടും തലവാചകത്തിനു ചുവട്ടിലെഴുതാന്‍ ഒരു വരി വാര്‍ത്ത കിട്ടിയിട്ടില്ല, കിട്ടുന്ന ലക്ഷണവുമില്ല. സോറി സാര്‍, തലവാചകം മാത്രമായി ഒരു വാര്‍ത്ത ജനിക്കുകയില്ല, അതൊരു ചാപിള്ളയാണ്.

രഹസ്യപ്പോലീസിനെയാണോ അതല്ല മാധ്യമപ്രവര്‍ത്തകരെയാണോ കൂടുതല്‍ വിശ്വസിക്കാവുന്നത് എന്ന ചോദ്യത്തിനു ശരിയുത്തരം നല്‍കുക പ്രയാസമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലീസുകാരില്‍ ഉള്ളത്ര വിശ്വാസം അവരില്‍ത്തന്നെയില്ല. അമേരിക്കയിലെ ഇരട്ട ടവര്‍ വിമാനമിടിച്ച് വീഴ്ത്തിയതില്‍ അബ്ദുന്നാസര്‍ മഅദനിക്ക് പങ്കുള്ളതായി വിവരം കിട്ടിയെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞാല്‍ അതിന്റെ തെളിവെവിടെ എന്ന് പത്രക്കാര്‍ ചോദിക്കുകയില്ല. ചോദിക്കാന്‍ പാടില്ല. രഹസ്യപ്പോലീസാണ് പറഞ്ഞതെങ്കില്‍ പിന്നെ പറയാനുമില്ല. ബോംബുസ്‌ഫോടനം നടത്തിയത് താനാണെന്ന് മെലിയന്റവിടെ ബഷീര്‍ സമ്മതിച്ചു എന്നു പറഞ്ഞാല്‍, മൊഴി വായിച്ചുനോക്കി ബഷീറിനോട് താന്‍ ഇങ്ങനെ പറഞ്ഞതുതന്നെയാണോ എന്നു ചോദിക്കാനൊന്നും മാധ്യമപ്രവര്‍ത്തകനു കഴിയില്ല, അതിനു വകുപ്പുമില്ല. വാര്‍ത്ത വായിച്ചാല്‍ ചിലപ്പോള്‍ വായനക്കാര്‍ വഴിയില്‍ പിടിച്ചുനിര്‍ത്തി വല്ലതും ചോദിച്ചേക്കാം, പത്രാധിപന്മാര്‍ ചോദിച്ചേക്കാം തുടങ്ങിയ ആശങ്കകള്‍ പത്രക്കാര്‍ക്കേ ഉണ്ടാകൂ. രഹസ്യപ്പോലീസിനു പക്ഷേ, ഇങ്ങനെ യാതൊരു പേടിയും വേണ്ട. വിശ്വസനീയ വൃത്തങ്ങളില്‍നിന്നറിഞ്ഞെന്ന് പത്രക്കാര്‍ എഴുതുന്നതുപോലെ രഹസ്യകേന്ദ്രങ്ങളില്‍നിന്നറിഞ്ഞെന്ന് അവര്‍ക്കു പറയാം. അതു ശരിയായില്ലെങ്കിലും പിന്നീടാരും ഇന്‍ക്രിമെന്റ് തടയുകയൊന്നുമില്ല. സര്‍വീസ്‌കാലത്തിനിടയ്ക്ക് എത്ര രഹസ്യവിവരം ശരിയായി, തെറ്റായി എന്ന് നോക്കിയിട്ടല്ല പെന്‍ഷന്‍ അനുവദിക്കുന്നതും.

ഇതെല്ലാം നന്നായറിയുന്ന ആളാണ് മുഖ്യമന്ത്രി. പക്ഷേ, ചെറിയൊരു പ്രശ്‌നമുണ്ട്. രഹസ്യവിവരം കിട്ടിയാല്‍ ഉടനെ എക്‌സ്‌ക്ലൂസീവ് വാര്‍ത്തയാണെന്ന് ധരിച്ച് മുഖ്യമന്ത്രിയതങ്ങ് പ്രസിദ്ധപ്പെടുത്തിക്കളയും. കേട്ട സംഗതി ശരിയാണോ എന്നന്വേഷിക്കാനൊന്നും മിനക്കെടില്ല. അതിനൊന്നുമുള്ള ക്ഷമയില്ല. അല്ലാതെ പേര് കിട്ടാനുള്ള ഭ്രമമൊന്നുമല്ല കേട്ടോ. കേട്ട വിവരം വിളിച്ചുപറഞ്ഞ് നാട്ടില്‍ പാട്ടാക്കിയാല്‍ നാട്ടാര്‍ക്ക് ദോഷം വരുമോ എന്നൊന്നും വെപ്രാളത്തിനിടയില്‍ ഓര്‍ത്തെന്നുവരില്ല. പ്രതിപക്ഷനേതാവായി നാടിളക്കി മറിച്ചുനടന്ന കാലത്ത് കിട്ടിയ സ്വഭാവമാകണം. ജയിലില്‍ ഭര്‍ത്താവിനെ കാണാന്‍ ചെന്ന യുവതിയെ ഉദ്യോഗസ്ഥന്മാര്‍ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നൊരു വിവരം ‘വിശ്വസ്ത’കേന്ദ്രത്തില്‍നിന്ന് കേട്ടതും പത്രസമ്മേളനം വിളിച്ചതും ഒപ്പമായിരുന്നു. പിന്നീട് കേട്ടത് അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണ്. മലപ്പുറത്തെ കുട്ടികള്‍ പരീക്ഷയില്‍ മുന്നില്‍ വരുന്നത് വേറെയെന്തോ എക്‌സ്ട്രാ കരിക്കുലര്‍ ഏര്‍പ്പാട് കൊണ്ടാണെന്ന് പറഞ്ഞത് വേറൊരു കേസ്. ലീഗ് മാറി സി.പി.എം. വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്തപ്പോഴും മലപ്പുറത്തെ കുട്ടികള്‍ തന്നെ മുന്നിലെത്തിയെന്നതാണ് കാര്യം. പത്രക്കാര്‍ ചിലപ്പോഴൊരു തിരുത്തെങ്കിലും കൊടുക്കും. നേതാക്കള്‍ക്ക് അതും ആവശ്യമില്ല.

ഇരുപതു കൊല്ലം മിനക്കെട്ടാല്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ പോപ്പുലര്‍ ആകാന്‍പോലും കഴിയില്ല ഈ അണ്‍പോപ്പുലര്‍ ഫ്രണ്ടിന്. അവരാണ് ഇരുപതു കൊല്ലംകൊണ്ട് കേരളത്തില്‍ മതഭൂരിപക്ഷമുണ്ടാക്കാന്‍ നോക്കുന്നത്. ഹിന്ദുജനസംഖ്യയുടെ പാതിയില്‍ താഴെയുള്ള മതത്തെ ഭൂരിപക്ഷമതമാക്കാന്‍ ഈ പറഞ്ഞുകേട്ടതുപോലുള്ള ചെറിയ ചെപ്പടി വിദ്യയൊന്നും പോരെന്ന് ആര്‍ക്കാണറിയാത്തത്. തീര്‍ച്ചയായും മുഖ്യമന്ത്രി പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചേ ആരോപണം ഉന്നയിച്ചിട്ടുള്ളൂ. മുസ്‌ലിങ്ങളില്‍ ഒരു ചെറുന്യൂനപക്ഷമാണ് ഈ സാധനം. കൈവെട്ട്‌കേസ് കാരണം കുറച്ചേറെ ശ്രദ്ധ നേടിയെന്നുമാത്രം. ഇത്തരമൊരു കൂട്ടര്‍ക്ക് എന്തിനാണ് അര്‍ഹിക്കുന്നതിലേറെ പ്രാധാന്യവും ഗൗരവവും മുഖ്യമന്ത്രി നല്‍കിയത്? പോപ്പുലര്‍ ഫ്രണ്ടിനോടുള്ള അന്യമതക്കാരുടെ അമര്‍ഷം മുസ്‌ലിങ്ങളോടുള്ള അമര്‍ഷമായി രൂപാന്തരപ്പെട്ടേക്കുമെന്ന് ഓര്‍ക്കാതെയാണോ ഇങ്ങനെ ചെയ്തത്? കുത്തനെ താഴോട്ടുപോകുന്ന സ്വന്തം പോപ്പുലാരിറ്റി ഗ്രാഫ് ഭൂരിപക്ഷമതക്കാര്‍ക്കിടയിലെങ്കിലും പിടിച്ചുയര്‍ത്താനാണോ മുഖ്യമന്ത്രി ശ്രമിക്കുന്നത്? ഹിന്ദുവികാരമിളക്കി വോട്ട് ഉറപ്പിച്ച് 1987 ആവര്‍ത്തിക്കലാണോ ലക്ഷ്യം. ഒന്നും ഉറപ്പിക്കാനാവില്ല. നാലാംവര്‍ഷത്തിലേക്ക് കടക്കുന്ന ഒരു സര്‍ക്കാര്‍ തലവന്റെ ‘….മനമോടാത്തൊരു കുമാര്‍ഗമില്ലെടോ’ എന്ന് ജനം ധരിച്ചാല്‍ കുറ്റംപറയാനാവില്ല.

***

വമ്പിച്ച ജനപിന്തുണയുള്ള ഒരു ഇടതുപക്ഷപാര്‍ട്ടിയെ എത്ര കാലമെന്നുവെച്ചാണ് മന്ത്രിസഭയുടെ കോലായയില്‍ നിര്‍ത്തുക ? കേരള കോണ്‍ഗ്രസ് തോമ വിഭാഗത്തെയും കയറ്റിയിരുത്തുക തന്നെ.

ഏകകണ്ഠമായിരുന്നു സംഭവം. ഭാഗ്യവശാല്‍ പാര്‍ട്ടി നിയമസഭാകക്ഷിയില്‍ വേറെ ആരും ഇല്ലാതിരുന്നതുകൊണ്ട് നറുക്കെടുപ്പൊന്നും വേണ്ടി വന്നില്ല. സുരേന്ദ്രന്‍പിള്ള ഉദാരമനസ്‌കനാണ്. വകുപ്പ് ഏതു വേണമെന്നൊരു വാശിയില്ല. വകുപ്പിനു വലിയ ക്ഷാമമാണെങ്കില്‍ വകുപ്പില്ലാമന്ത്രിയാകാനും വിരോധമില്ല. ഭാഗ്യത്തിന്റെ സൂപ്പര്‍ലോട്ടറിയടിച്ചു നില്‍ക്കുന്ന ഒരാള്‍ക്ക് വകുപ്പുപോലുള്ള നിസ്സാരകാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല. എം.എല്‍.എ. ആകാന്‍ കഴിയുമെന്നുപോലും കരുതാതിരുന്ന സമയത്ത് അതാവുക, നാല് എം.എല്‍.എ. മാരുള്ള കക്ഷിയിലെ മൂന്നുപേരും മറുകണ്ടം ചാടുമെന്ന് വന്നപ്പോള്‍ ബുദ്ധിപൂര്‍വം പാര്‍ട്ടിയില്‍ നില്‍ക്കുക, ഒടുവില്‍ മന്ത്രിയാവുക… ഇതിലപ്പുറമൊന്നും ഇനി സംഭവിക്കാനില്ല.
സി.പി.എമ്മിനെക്കുറിച്ച് എന്തെല്ലാം അപവാദങ്ങളാണ് ദുഷ്ട ബൂര്‍ഷ്വകള്‍ പറഞ്ഞുപരത്താറുള്ളത് ? കൊച്ചുസഖ്യകക്ഷികളെ ചവിട്ടിയരയ്ക്കുന്ന വല്യേട്ടന്‍പാര്‍ട്ടിയാണത്രെ. ഇത്രയും ഉദാരതയുള്ള വേറെ പാര്‍ട്ടി ലോകത്തെങ്ങുമില്ല. 1967-ല്‍ കെ.ടി.പി., കെ.എസ്.പി. എന്നിങ്ങനെയുള്ള രണ്ട് ഒറ്റയാന്‍ പാര്‍ട്ടികളെ ഇ.എം.എസ്. മന്ത്രിസഭയിലെടുത്തപ്പോള്‍ പലരും നെറ്റിചുളിച്ചിരുന്നു. ഒരംഗമുള്ള കക്ഷിക്ക് ലോകചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് മന്ത്രിസ്ഥാനം കിട്ടുന്നത് എന്നുവരെ എഴുതിക്കളഞ്ഞുചിലര്‍. പത്ത് എം.എല്‍.എ.മാരുടെ ബലമുള്ള മത്തായി മാഞ്ഞൂരാന്‍, ബി. വെല്ലിങ്ടണ്‍ എന്നിങ്ങനെ രണ്ട് അതികായന്മാരാണ് മന്ത്രിമാരായത്. അതുകൊണ്ട് മന്ത്രിസഭയുടെ ആനച്ചന്തം കൂടി. ഇപ്പോള്‍ അതൊന്നുമൊരു പ്രശ്‌നമല്ല. മന്ത്രിസ്ഥാനമെന്നല്ല, എം.എല്‍.എ.സ്ഥാനംപോലും കൊടുത്തില്ലെങ്കിലും ഒരു ദ്രോഹവും ചെയ്യില്ലെന്നുറപ്പുള്ള രാമചന്ദ്രന്‍ കടന്നപ്പള്ളിയെയും നാലംഗപാര്‍ട്ടിയിലെ നാലാം റാങ്കുകാരന്‍ മാത്രമായ സുരേന്ദ്രന്‍പിള്ളയെയും മന്ത്രിമാരാക്കിയ മുന്നണിനേതാക്കളുടെ ഹൃദയത്തിന്റെ വിശാലത ചെറിയ കോലുകൊണ്ടൊന്നും അളക്കാനാവില്ല.
ഇനിയൊരു എന്‍.സി.പി.യെ മാത്രമെന്തിന് പുറത്ത് നിര്‍ത്തണം? മുന്നണിയില്‍ കയറ്റണമോ എന്ന് രണ്ടുവട്ടം ആലോചിക്കുന്നത് മനസ്സിലാക്കാം. മുന്നണിയില്‍ കയറിക്കഴിഞ്ഞ സ്ഥിതിക്ക് മന്ത്രിസ്ഥാനം നല്‍കാം. ഇരുപത്തൊന്നാകും മന്ത്രിമാരുടെ എണ്ണം. എന്നാലും സംസ്ഥാനം കണ്ട ഏറ്റവും വലിയ മന്ത്രിസഭ എന്ന പദവി എ.കെ. ആന്റണിയുടെ മന്ത്രിസഭയ്ക്കുതന്നെയാകും. ഒട്ടും ആശങ്ക വേണ്ട.

Leave a Reply

Your email address will not be published. Required fields are marked *

Go Top