ഗുണ്ടര്‍ട്ടിനെ ഓര്‍ക്കുമ്പോള്‍

എൻ.പി.രാജേന്ദ്രൻ

ഇല്ലിക്കുന്നിലെ ഒരു എല്‍.പി.സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. തലശ്ശേരി മമ്പറം റോഡിലെ കൊടുവള്ളിപ്പാലത്തിനടുത്താണ് ഇല്ലിക്കുന്ന്. ഇല്ലിക്കുന്നിനെ പ്രസിദ്ധമാക്കിയത് ഹെര്‍മന്‍ ഗുണ്ടര്‍ട് ആണ്. ഇന്നും ഇല്ലിക്കുന്ന് എന്ന് പറഞ്ഞാല്‍ ആളുകള്‍ ഗുണ്ടര്‍ട്ടിനെ ഓര്‍ക്കും. ഞങ്ങള്‍ പഠിക്കുന്ന കാലത്ത് വല്ലപ്പോഴും ഗുണ്ടര്‍ട്ടിനെ കുറിച്ച് ആരെങ്കിലും പറയുന്നത് കേള്‍ക്കാറുണ്ട്. ഗുണ്ടര്‍ട്ടിന്റെ ബംഗ്ലാവ് കാണാറുണ്ട്. സായ്പ്പുമാരും മദാമ്മമാരും ഇടക്കെല്ലാം വരുന്നത് കാണാറുമുണ്ട്. നാലാം ക്ലാസ് കഴിഞ്ഞ് ഇല്ലിക്കുന്നിനോട് വിട പറഞ്ഞശേഷം ഗുണ്ടര്‍ട്ടിനെ ഓര്‍ത്തതേ ഇല്ല.

അക്കാലത്ത് ഗുണ്ടര്‍ട്ടിനെ കുറിച്ച് ഓര്‍മിപ്പിക്കുന്ന പത്രറിപ്പോര്‍ട്ടുകളോ ലേഖനങ്ങളോ  വല്ലപ്പോഴുമേ കാണാറുള്ളൂ. സംഘടനാചടങ്ങുകളോ അനുസ്മരണ പരിപാടികളോ അപൂര്‍വമായിരുന്നു. 1990ല്‍ ഈ ലേഖകന്‍ ജര്‍മനിയില്‍ പോയിരുന്നു. ഒന്നര മാസക്കാലം പലേടത്തും ചുറ്റിക്കറങ്ങി. പെട്ടന്നൊരു ദിവസം ഗുണ്ടര്‍ട്ടിനെ ഓര്‍മ വന്നു.

ഗുണ്ടര്‍ട്ട് ജര്‍മന്‍കാരനായിരുന്നല്ലോ എന്നും ഓര്‍ത്തു. അദ്ദേഹത്തിന്റെ ജന്മദേശത്ത് പോയി നോക്കാന്‍ മനസ്സ് തുടിച്ചു. എങ്ങനെ കണ്ടുപിടിക്കാനാണ് ! ബര്‍ലിന്‍ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഫോര്‍ ജേണലിസം കോഴ്‌സ് ഡയറക്റ്റര്‍ പീറ്റര്‍ പ്രൂഫര്‍ട് ആണ് ചോദിക്കാവുന്ന ഏക ജര്‍മന്‍കാരന്‍. ചോദിച്ചു. അദ്ദേഹം ഗുണ്ടര്‍ട്ടിനെ കുറിച്ച് കേട്ടിട്ടില്ല എന്നതില്‍ അത്ഭുതം തോന്നിയില്ല. നിങ്ങളുടെ നാട്ടിലെ പ്രശസ്ത ജര്‍മന്‍കാരനായ മാക്‌സ് മ്യൂല്ലറെ പോലും ഇവിടെ ആര്‍ക്കും അറിയില്ല എന്ന് പ്രുഫര്‍ട് എന്ന കളിയാക്കുകയും ചെയ്തു. ഇന്റര്‍നെറ്റൊന്നും വന്നിട്ടില്ലാത്ത കാലം. ഞാന്‍ അന്വേഷണം അവിടെ മതിയാക്കി. ഇന്നും അത് വലിയ സങ്കടമായി മനസ്സില്‍ നില്‍ക്കുന്നു.

1997 ലാണ് ഗുണ്ടര്‍ട്ടിന് പിന്നെയൊരു പുനര്‍ജന്മം ഉണ്ടായത്. മലയാളത്തിലെ ആദ്യ പത്രപ്രസിദ്ധീകരണമായ രാജ്യസമാചാരത്തിന്റെ 150 ാം വാര്‍ഷികം കാര്യമായി  ആഘോഷിക്കുമ്പോള്‍ അതിന്റെ നടത്തിപ്പുകാരനായ ഗുണ്ടര്‍ട്ടിനെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ ?  അപ്പോഴേക്കും ചങ്ങനാശ്ശേരിക്കാരനായ ഗവേഷകന്‍ ഡോ.സ്‌കറിയ സക്കറിയ ഗുണ്ടര്‍ട്ടിന്റെ ജീവിതവും അദ്ദേഹം മലയാളത്തിന് ചെയ്ത സംഭാവനകളും ഇനിയാരും മറക്കാത്ത വിധത്തില്‍ പൊതുദൃഷ്ടിയില്‍ എത്തിച്ചുകഴിഞ്ഞിരുന്നു. പല ആഘോഷങ്ങള്‍ കേരളത്തില്‍ പലേടത്തും നടന്നു. തലശ്ശേരിയില്‍ ഗുണ്ടര്‍ട് അനുസ്മരണ സംഘടനയുണ്ടായതും അക്കാലത്താണെന്ന് തോന്നുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന  സമ്മേളനം  ഇതേ കാലത്ത് കണ്ണൂരില്‍ നടന്നപ്പോള്‍ സംസ്ഥാന  പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന എന്റെ നേതൃത്വത്തില്‍ കുറെ പ്രവര്‍ത്തകര്‍ ഇല്ലിക്കുന്നില്‍ ഗുണ്ടര്‍ട് സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ വന്നതും ഓര്‍മവരുന്നു.

കൃസ്തുമത  പ്രചാരണത്തിന് വന്ന ഗുണ്ടര്‍ട്ട് 1847 ലാണ് രാജ്യസമാചാരം തുടങ്ങുന്നത്. 42 ലക്കങ്ങള്‍ ഇറക്കി. പുതിയ അര്‍ത്ഥത്തിലുള്ള ഒരു മാസികയായോ മാധ്യമമായോ അതിനെ കാണാന്‍ കഴിയുകയില്ല എന്ന സത്യം അവശേഷിക്കുന്നു. ഗുണ്ടര്‍ട്ടിന് അതുമായ എന്തെങ്കിലും ബന്ധം ഉണ്ടോ എന്നതിന് രേഖാപരമായ തെളിവുമില്ല. രാജ്യസമാചാരത്തില്‍ എവിടെയും ഗുണ്ടര്‍ട്ടിന്റെ പേരില്ലത്രേ. അതൊരു ക്രിസ്തുമത പ്രചാരണ ഗ്രന്ഥം മാത്രമായിരുന്നു. 1847 ല്‍ തന്നെ ഇല്ലിക്കുന്നില്‍ നിന്നുതന്നെ പശ്ചിമോദയം എന്നൊരു പ്രസിദ്ധീകരണവും ഗുണ്ടര്‍ട്ട് തുടങ്ങി. രാജ്യസമാചാരത്തെ അപേക്ഷിച്ച് ആധുനിക മാധ്യമപ്രവര്‍ത്തനത്തിന്റെ സ്വഭാവം ഈ പ്രസിദ്ധീകരണത്തിനാണ് ഉണ്ടായിരുന്നത് എന്ന് രണ്ടും വായിച്ചിട്ടുള്ളവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതെല്ലാം ഇപ്പോള്‍ എഴുതാനും ഓര്‍ക്കാനും മതിയായ കാരണമുണ്ട്. തലശ്ശേരിയില്‍ നിന്ന എം.പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ വിളിച്ച് ഗുണ്ടര്‍ട് മെമ്മോറിയല്‍ സ്‌കൂളില്‍ നടക്കാന്‍ പോകുന്ന ഒരു ചടങ്ങിന്  ക്ഷണിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ വരാം എന്ന് സമ്മതിച്ചു. എന്താണ് ചടങ്ങെന്ന് കാര്യമായി ചോദിച്ചുമില്ല. പരിപാടിയുടെ നോട്ടീസ് കണ്ടപ്പോള്‍ മനസ്സിലായി. 2014 ല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ 200 ാം ജന്മവാര്‍ഷികം ആഘോഷിക്കാന്‍ പോകുന്നു. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചടങ്ങാണ് നടക്കുന്നത്. ഉദ്ഘാടകന്‍ ഡോ. എം.ജി.എസ് നാരായണന്‍. മെയ് 28 ന് ഉച്ചയോടെ എം.ജി.എസ്സിനൊപ്പമാണ് തലശ്ശേരിക്കുപോയത്.

ഗുണ്ടര്‍ട്ടിനെ കുറിച്ചും അക്കാലത്തെ ബാസല്‍ മിഷന്‍ പ്രവര്‍ത്തനങ്ങളെ കുറിച്ചും രണ്ടുപുസ്തകങ്ങള്‍ എം.ജി.എസ് കൈയില്‍ എടുത്തിരുന്നു. കാറിലിരുന്ന് അതോടിച്ചുനോക്കുകയും ചെയ്തു.  ഗുണ്ടര്‍ട്ടിന് കുറിച്ചുള്ള വേറെയും ഗ്രന്ഥങ്ങള്‍ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.പി.വറീദ് രചിച്ച ജീവചരിത്രമാണ് അറിയപ്പെടുന്ന ഒരു കൃതി. ഗുണ്ടര്‍ട്ട് സ്മരണ കേരളത്തില്‍ ശക്തിപ്പെട്ട കാലത്ത് ഏറെ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെതും അദ്ദേഹത്തെ കുറിച്ചുള്ളതും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. തലശ്ശേരി തിരുവങ്ങാട്ടെ പുല്ലമ്പില്‍ റോഡിലാണ് ഗുണ്ടര്‍ട് ഹൈസ്‌കൂള്‍. അന്നത്തെ ചടങ്ങില്‍ ഡോ. സ്‌കറിയ സഖറിയയും  ഡോ.എ.എന്‍.പി.ഉമ്മര്‍കുട്ടിയും കെ.എം.ഗോവിയും സംസാരിച്ചു. ഏറെ പ്രഗത്ഭര്‍ സംബന്ധിച്ചു.

ഗുണ്ടര്‍ട്ടിനെ മതപ്രചാരകനായും രാജ്യസമാചാരത്തിന്റെ നടത്തിപ്പുകാരനായും മാത്രം കണ്ടാല്‍ പോര എന്ന സന്ദേശം ഒരിക്കല്‍ കൂടി നല്‍കാന്‍ കഴിയുന്നതാവും ഇനി അടുത്ത രണ്ടുവര്‍ഷക്കാലം നടക്കാന്‍ പോകുന്ന ഗുണ്ടര്‍ട്ട് അനുസ്മരണച്ചടങ്ങുകള്‍ എന്നുവേണം കരുതാന്‍. ഗുണ്ടര്‍ട് എത്ര പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട് ? ഈ ചോദ്യത്തിന് പോലും കൃത്യമായ ഉത്തരം ഇതുവരെ കണ്ടെത്തിയിട്ടില്ല. 13 എന്ന സംഖ്യയില്‍ തുടങ്ങി നാല്പതെന്നും 53 എന്നും വരെ ഒരു യോഗത്തില്‍ തന്നെ പലരും പല രേഖകള്‍ ഉദ്ദരിച്ച് പറയുന്നുണ്ടായിരുന്നു. 20 വര്‍ഷക്കാലം മാത്രമാണ് അദ്ദേഹം ഇല്ലിക്കുന്നില്‍ ജീവിച്ചത്. 18 ഭാഷകള്‍ അറിയുമായിരുന്ന ആ മനുഷ്യന്‍ മലയാളത്തെ കുറച്ചൊന്നുമല്ല സ്േനഹിച്ചത്. മലയാളം ഡിക്ഷണറിയുടെ പേരിലാണ് അദ്ദേഹം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടതെങ്കില്‍ വേറെയും നിരവധി സംഭാവനകള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഒന്നാമത്തെ മലയാള ഭൂമിശാസ്ത്രഗ്രന്ഥം, ഒന്നാമത്തെ മലയാള വ്യാകരണ ഗ്രന്ഥം, ആദ്യത്തെ പഴഞ്ചൊല്‍ശേഖരം, ആദ്യത്തെ സ്‌കൂള്‍ പാഠമാല തുടങ്ങി എന്തെല്ലാം അദ്ദേഹം സംഭാവന ചെയ്തിരിക്കുന്നു.

എങ്ങോ നിന്നുവന്ന ഒരു അന്യഭാഷക്കാരന് ഇത്രയെല്ലാം ഈ ഭാഷയ്ക്ക് വേണ്ടി ചെയ്യാന്‍ കഴിഞ്ഞല്ലോ എന്നോര്‍ക്കുമ്പോള്‍ നമുക്ക് സന്തോഷവും നന്ദിയും മാത്രമല്ല അല്പമെങ്കിലും ലജ്ജയും തോന്നിയേ തീരൂ.

Leave a Reply

Your email address will not be published. Required fields are marked *

Go Top