ശനിയാഴ്ച പുലര്‍ച്ചെ വിംസി എന്ന സ്പോര്‍ട്സ് എഴുത്തുകാരന്റെ ജീവിതത്തിന് ഫൈനല്‍ വിസില്‍ മുഴങ്ങി. ആറുപതിറ്റാണ്ടുകാലം കളികളെ കാര്യമായെടുക്കുകയും അതിനെക്കുറിച്ച് സദാ ചിന്തിക്കുകയും എഴുതുകയും കലഹിക്കുകയും കലാപമുണ്ടാക്കുകയും ചെയ്ത മറ്റൊരാള്‍ മലയാളത്തിലില്ല. മറ്റ് ഭാഷകളിലുണ്ടോ എന്നറിയുകയുമില്ല. കളിയെയും കളി കാണലിനെയും കളിയെഴുത്തിനെയും കളിനടത്തിപ്പിനെയും വിംസി എന്ന വി.എം.ബാലചന്ദ്രന് ഈ കാലയളവിനുള്ളില്‍ വിപഌവകരമായി രൂപാന്തരപ്പെടുത്തിക്കഴിഞ്ഞിരുന്നു. കേരളത്തിന്റെ കായികവിനോദരംഗം ഇന്ന് ആ മാറ്റത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നുണ്ട്.
രണ്ടുവര്‍ഷം മുമ്പ് അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ ആത്മകഥയുടെ പേര് “വാല്‍ക്കഷ്ണം” എന്നായിരുന്നു. വിംസിയുടെ പഴയകാല സ്പോര്‍ട്സ് കോളങ്ങള്‍ വായിച്ചവര്‍ക്കറിയാം അത് അദ്ദേഹത്തിന്റെ കോളങ്ങളുടെ അവസാന ഖണ്ഡിക യുടെ പ്രത്യേക പേരായിരുന്നു എന്ന്. പുതിയ ഭാഷയും പുതിയ ശൈലിയും പുതിയ സമീപനവും മുറ്റിനിന്ന ആ സ്പോര്‍ട്സ് ലേഖനങ്ങള്‍ സവിശേഷമായ രീതിയിലാണ് അവസാനിപ്പിച്ചിരുന്നത്. അതുപോലും മലയാള കളിയെഴുത്തിലെ അപൂര്‍വതയായിരുന്നു. ഒരു ജീവിതത്തിന്റെ വാല്‍ക്കഷ്ണമാണ് ആത്മകഥ. ആ ആത്മകഥയുടെ തുടക്കത്തില്‍, ഒരു സുഹൃത്തിന്റെ അസാധാരണമായ ചോദ്യത്തിന് നല്കിയ മറുപടി അദ്ദേഹം എടുത്തുപറയുന്നുണ്ട്. ഒരു പുനര്ജന്മമുണ്ടെങ്കില് ആരാകണമെന്നാണ് ആഗ്രഹിക്കുന്നത് ? ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ അദ്ദേഹം മറുപടി നല്കി – പത്രപ്രവര്‍ത്തകനാകാന്‍ തന്നെ. സംശയം വേണ്ട. കാരണവും അദ്ദേഹം വിശദീകരിച്ചു. ഇത്രയേറെ ത്രില്‍ ഉള്ള മറ്റൊരു തൊഴില്‍ ഇല്ല.
അവസാനിക്കാത്ത ആ ത്രില്‍ ജീവിതാവസാനം വരെ ആസ്വദിച്ച പത്രപ്രവര്‍ത്തകനായിരുന്നു വി.എം.ബാലചന്ദ്രന്. രാവെന്നോ പകലെന്നോ അതില്‍ വ്യത്യാസമുണ്ടായിരുന്നില്ല. ചാനലുകളില്‍ ലൈവ് ടെലികാസ്റ്റുകളില്ലാത്ത, ടെലിവിഷന്തന്നെ കടന്നുവന്നിട്ടില്ലാത്ത കാലത്ത് റേഡിയോവില്‍ നിന്ന് ബി.ബി.സി വാര്‍ത്തകള്‍ കേട്ട് ലോകത്തിന്റെ മറ്റേതോ മൂലയില്‍ നടന്ന പട്ടാളവിപ്ലവവും വിമാനാപകടവും അര്‍ദ്ധരാത്രി ന്യൂസ് ഡെസ്കിലേക്ക് വിളിച്ചറിയിക്കുകയെന്നത് അദ്ദേഹത്തിന്റെ വലിയ ത്രില്ലുകളില്‍ ഒന്നായിരുന്നു. അക്ഷരാര്‍ഥത്തില്‍തന്നെ മുഴുവന്‍ സമയ പത്രപ്രവര്ത്തകന്. രാവിലെ പത്രവായനക്കാരന് എന്ത് അധികം നല്‍കാനാവും എന്ന ചിന്തയാണ് ഊണും ഉറക്കവും മുടക്കുന്ന ഒരു നിതാന്ത തപസ്സാക്കി പത്രപ്രവര്‍ത്തനത്തെ മാറ്റാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എതിര്‍ടീമിനെ തോല്‍പ്പിക്കുന്ന അതേ ആവേശത്തോടെയും സ്പരിട്ടോടെയും അദ്ദേഹം തൊഴില്‍രംഗത്തെ എതിരാളികളെ തോല്‍പ്പിക്കാനും ശ്രമിച്ചുപോന്നിട്ടുണ്ട്.
മലയാളത്തിലെ സ്പോര്‍ട്സ് റിപ്പോര്‍ട്ടിങ്ങില്‍ ഇന്ന് കാണുന്ന ഭാഷയും ശൈലിയും രൂപപ്പെടുത്തുന്നതില്‍ വിംസി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഏത് സാധാരണക്കാരനും വായിച്ചാസ്വദിക്കാവുന്നതായിരുന്നു ആ ശൈലി. കളി കാണുമ്പോഴത്തെ ആവേശം കളിയെക്കുറിച്ച് അദ്ദേഹമെഴുതിയത് വായിക്കുമ്പോഴും ‘കളിപ്രാന്ത’ ന്മാരുടെ മനസ്സില്‍ നുരച്ചുപൊന്തുമായിരുന്നു. സരളവും എന്നാല്‍ തീക്ഷ്ണവുമായുന്നു ആ ശൈലി. സ്പോര്‍ട്ട്സിന്റെയും മാധ്യമപ്രവര്‍ത്തനത്തിന്റെയും മൂല്യങ്ങളില്‍ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറായിട്ടില്ല. ജീവിതാന്ത്യം വരെ ആര്‍ക്കുമുന്നിലും നട്ടെല്ല് വളക്കാതെ അദ്ദേഹം പോരാടി.
ലേഖകന്മാര്ക്കുള്ള പ്രത്യേക സീറ്റുകളില്‍ ഇരിക്കുമ്പോഴും വിംസിയുടെ ഹൃദയം ഗാലറിയില്‍ കളികാണുന്ന സാധാരണക്കാര്‍ക്കൊപ്പമായിരുന്നു. അവരുടെ ആവേശത്തിനും വികാരത്തിനുമൊപ്പം അദ്ദേഹവും ആകാശത്തോളമുയരുമായിരുന്നു. നിസ്സംഗതയോ നിര്‍വികാരതയോ നിഴലിക്കുന്ന ഒരു വാചകം പോലും അദ്ദഹത്തിന് എഴുതാന്‍ കഴിയുമായിരുന്നില്ല. കളിക്കളത്തില്‍ കണ്ടത് ആവേശം മുറ്റിയ വാചകങ്ങളില്‍ വായനക്കാര്ക്കെത്തിക്കുന്നതിനൊപ്പം കളിക്കളത്തിന് പുറത്ത് ആരും കാണാതെ നടക്കുന്ന രാഷ്ട്രീയക്കളികളിലും അദ്ദേഹത്തിന്റെ കണ്ണെത്തിയിരുന്നു. സ്പോര്‍ട്സ് സംഘാടകരംഗത്തെ അഴിമതികള്‍ അദ്ദേഹം വലിച്ചുപുറത്തിട്ടു. അവ പലതും വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു. ചിലതെല്ലാം പോലീസ് അന്വേഷണങ്ങളില്വരെ ചെന്നെത്തി. വിംസിയെന്ന പേരുതന്നെ സ്പോര്‍ട്സ് സംഘാടനരംഗത്തെ താപ്പാനകളെ വിറപ്പിക്കാന്‍ പോന്നതായിരുന്നു. വലിയ തലക്കെട്ടുകള്ക്കുവേണ്ടിയുള്ള പത്രക്കാരന്റെ ഭ്രമമായിരുന്നില്ല അവയുടെയൊന്നും പ്രചോദനം. കളിയുടെ മേഖലയും പൊതുജീവിതം തന്നെയും സംശുദ്ധമാകണമെന്നദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു.
അമ്പതുകളിലൊന്നും കളികളുടെ വാര്‍ത്തകള്‍ക്ക് മലയാളപത്രങ്ങള്‍ പ്രാധാന്യം നല്‍കിയിരുന്നില്ല. ഒന്നോ രണ്ടോ വാര്‍ത്ത കൊടുക്കാന്‍ പോലും പത്രാധിപന്മാര് മടിച്ചിരുന്ന കാലത്താണ് അദ്ദേഹം സ്പോര്‍ട്സ് റിപ്പോര്‍ട്ടിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. മാറുന്ന ലോകത്ത് സ്പോര്‍ട്സ് വാര്‍ത്ത എത്ര പ്രധാനമാണെന്ന് ലണ്ടന്‍ ടൈംസും മാഞ്ചസ്റ്റര്‍ ഗാര്‍ഡിയനും മറ്റും വായിച്ച് തിരിച്ചറിഞ്ഞ അദ്ദേഹം മാതൃഭൂമിയിലൂടെ പുതിയ ഒരു സ്പോർട്സ് ആസ്വാദക സംസ്കാരം വളര്‍ത്തിയെടുക്കുകയായിരുന്നു. ക്രിക്കറ്റെന്നോ ഫുട്ബോളെന്നോ അത്ലറ്റിക്സ് എന്നോ ഉള്ള വിവേചനമില്ലാതെ ഒരേ താല്പര്യത്തോടെ ഒരേ ആവേശത്തോടെയാണ് എല്ലാ കളികളെയും പ്രോത്സാഹിപ്പിച്ചുപോന്നത്.
ജോലിയില്‍ നിന്ന് വിരമിച്ച നാളില്‍ സഹപ്രവര്‍ത്തകരോട് വിട പറയുമ്പോള്‍ അദ്ദേഹം ഓര്‍ത്തു – മക്കള്‍ വളരുന്നതുപോലും ശരിക്ക് കാണാതെയാണ് വാര്‍ത്തയുടെ ലോകത്ത് നീന്തിത്തുടിച്ചതെന്ന്. അതില്‍ അദ്ദേഹം ദുഖിതനായിരുന്നില്ല. പത്രപ്രവര്‍ത്തകന്റെ ജീവിതം അങ്ങനെയായിരിക്കണം എന്നദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. പത്രപ്രവര്ത്തകന് ജോലിയില്‍ നിന്ന് വിരമിക്കാന്‍ കഴിയില്ല എന്നുമദ്ദേഹം വിശ്വസിച്ചു. കാഴ്ചക്കുറവും കേള്‍വിക്കുറവും വിലക്കുന്നതുവരെ അദ്ദേഹം കളിയെഴുത്തിന്റെ ലോകത്ത് ഉറച്ചുനിന്നു. പുതിയ തലമുറയിലെ പത്രപ്രവര്‍ത്തകര്‍ക്കും മാതൃകയാക്കാവുന്ന ഒരു ജീവിതമാണത്.
മാതൃഭൂമിക്കും മലയാളിക്കും ഒരുപാട് കാലം ഓര്‍ക്കാവുന്ന സംഭാവനകള്‍ ചെയ്ത കളിയെഴുത്തിന്റെ കുലഗുരുവിന് മുന്നില്‍ ഞങ്ങള്‍ ആദരാഞ്ജലികളര്പ്പിക്കട്ടെ.
( മാതൃഭൂമി പത്രം 10.01.2010 ന് പ്രസിദ്ധീകരിച്ച ലീഡര്‍)