പഞ്ചായത്ത് പുരാണം

ഇന്ദ്രൻ

സ്റ്റേറ്റ് ഇലക്ഷന്‍ കമ്മിഷന്‍ പഞ്ചായത്ത് സെക്രട്ടറിയല്ല. സ്റ്റേറ്റ് ഇലക്ഷന്‍ കമ്മിഷന് ഹൈക്കോടതി ജഡ്ജിയുടെ ശമ്പളവും ബത്തയും മാത്രമല്ല പദവിയുമുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റ് 1993 ല്‍ അംഗീകരിച്ച വകുപ്പുകള്‍ അനുസരിച്ച്, ജഡ്ജിയെ മാറ്റുംപോലെ മാത്രമേ കമ്മിഷനെയും മാറ്റാനാവൂ. ശ്ശി പ്രയാസമാണ് എന്ന് മനസ്സിലായി.

എന്തൊരു പൊല്ലാപ്പ് പിടിച്ച ജനാധിപത്യമാണ് ഇത് ! ഒരു സംസ്ഥാന ഭരണകക്ഷിക്ക് സൗകര്യംപോലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് തിയ്യതി നിശ്ചയിക്കാന്‍ അധികാരമില്ലത്രെ. ഇപ്പോഴാണ് ജയിക്കാന്‍ നല്ല തഞ്ചം എന്ന് തോന്നിയാല്‍ അപ്പോള്‍ നിയമസഭാതിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാറിന് അധികാരമുണ്ട്. പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്ന് മുഖ്യമന്ത്രി ഗവര്‍ണറോട് പറഞ്ഞാല്‍മതി, അപ്പംതന്നെ പിരിച്ചുവിടും. അതാണ് വകുപ്പ്. കേന്ദ്രനും വേണ്ടപ്പോള്‍ അങ്ങനെ ചെയ്യാം, രാഷ്ട്രപതിയോട് പറഞ്ഞാല്‍ മതി. പക്ഷേ, പഞ്ചായത്ത് തിരഞ്ഞെടുപ്പ് നമ്മുടെ സൗകര്യംനോക്കി ആറുമാസം മാറ്റാന്‍ പാടില്ലത്രെ. ക്രൂരംതന്നെ.

നാലാള്‍ കേള്‍ക്കെ പറയാന്‍ ചമ്മലുണ്ടെങ്കിലും പറയാതിരിക്കുന്നതെങ്ങനെ? ഇതെല്ലാം നമ്മുടെ നേതാവ് രാജീവ്ഗാന്ധി ഉണ്ടാക്കിവെച്ച ഒരു പൊല്ലാപ്പാണ്. അദ്ദേഹം പ്രധാനമന്ത്രിയായ ശേഷമാണ് ഈ പഞ്ചായത്ത് എന്നാല്‍, എന്തോ ഭയങ്കര സംഗതിയാണെന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ പരത്തിയത്. അദ്ദേഹവും മണി ശങ്കര്‍ അയ്യര്‍ എന്ന മന്ത്രിയും കൂടിയുണ്ടാക്കിയ റിപ്പോര്‍ട്ടിന്റെ പുറത്താണ് പിന്നെയും വര്‍ഷംകുറേ കഴിഞ്ഞ് 1993ല്‍ ഭരണഘടനാ ഭേദഗതിയും കേന്ദ്ര ആക്റ്റും സംസ്ഥാന ആക്റ്റും ഒക്കെ ഉണ്ടായത്. ഇനി തിരഞ്ഞെടുപ്പ് നീട്ടിവെക്കുന്നത് ഭരണഘടനാവിരുദ്ധമാണത്രെ. നിയമസഭയ്ക്ക് പ്രമേയം പാസാക്കിപ്പോലും പഞ്ചായത്ത് തിരഞ്ഞെടുപ്പ് നീട്ടാന്‍ പറ്റില്ലാാാ.

അതിനുമുമ്പ്, പഞ്ചായത്തിന് ഒരു സുവര്‍ണകാലം ഉണ്ടായിരുന്നത് ഇപ്പോഴത്തെ ന്യൂ ജെന്‍ രാഷ്ട്രീയക്കാര്‍ക്കൊന്നും ഓര്‍മ കാണില്ലായിരിക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പ് എത്ര തവണ വേണമെങ്കിലും നീട്ടാമായിരുന്നു, ആ നല്ല കാലത്ത്. പതിനഞ്ച് കൊല്ലത്തോളമായിട്ടും തിരഞ്ഞെടുപ്പ് നടത്താതിരുന്നിട്ടുണ്ട്. അല്ലല്ല, ബ്രിട്ടീഷ് ഭരണകാലത്തൊന്നുമല്ല, നമ്മുടെ യു.ഡി.എഫ്. എല്‍.ഡി.എഫ്. ഭരണ സുവര്‍ണകാലത്തുതന്നെ. രണ്ടുകൂട്ടരും മത്സരിച്ച് നീട്ടുകയായിരുന്നു പഞ്ചായത്ത് തിരഞ്ഞെടുപ്പ്. കേന്ദ്രനിയമം വരുന്നതിന് മുമ്പാണ് സംഭവം. പ്രസിഡന്റുമാരും അംഗങ്ങളുമെല്ലാം ആദ്യം സന്തോഷിച്ചെങ്കിലും പിന്നെ എങ്ങനെയെങ്കിലും തടിയൂരിയാല്‍ മതിയെന്ന അവസ്ഥയിലെത്തിയിരുന്നു. ഇന്നത്തെ പഞ്ചായത്തുകാരെപ്പോലെ കാറും സ്‌കൂട്ടറുമൊന്നുമില്ലായിരുന്നു. സൈക്കിള്‍ ചവിട്ടിയും നടന്നും കാലുമുട്ട് തേഞ്ഞുതേഞ്ഞ് അവര്‍ നിലവിളി തുടങ്ങിയപ്പോഴാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ഇപ്പോഴിത് മറ്റേ തലയ്ക്കല്‍ എത്തിയിരിക്കുന്നു, രണ്ടാഴ്ചപോലും തിരഞ്ഞെടുപ്പ് നീട്ടാന്‍ പാടില്ല. രണ്ടുമാസം നീട്ടി ചില പഞ്ചായത്തും മുനിസിപ്പാലിറ്റിയുമെല്ലാം ഒന്ന് ലെവലാക്കി എടുക്കാനുള്ള സാവകാശം സര്‍ക്കാറിന് തരില്ലെന്ന് പറയുന്നത് മഹാകഷ്ടമാണ്.

വോട്ടര്‍മാരെ ജാതിയും മതവും രാഷ്ട്രീയവും നോക്കി അങ്ങോട്ടും ഇങ്ങോട്ടും തട്ടുന്നത് എന്തോ വലിയ പാതകമാണ് എന്നൊരു കുപ്രചാരണവും ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. ഒരു വാര്‍ഡിലെ ചില പ്രദേശങ്ങള്‍ അടുത്ത വാര്‍ഡിലേക്കും അവിടത്തെ കുറേ പ്രദേശങ്ങള്‍ ഈ വാര്‍ഡിലേക്കും മുറിച്ച് ചേര്‍ത്താല്‍, രണ്ട് വാര്‍ഡിലും നമ്മുടെ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനാകും. ഒരുദോഷവും വരാത്ത ഇത്തരമൊരു സല്‍പ്രവര്‍ത്തിയെ എന്തിനാണ് കോടതിയും കമ്മീഷനുമൊക്കെ എതിര്‍ക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. ജനത്തിന് അത് പിടികിട്ടില്ല. ഒരു പഞ്ചായത്ത് എടുത്ത് അടുത്ത കോര്‍പ്പറേഷനില്‍ ചേര്‍ത്താല്‍ കോര്‍പ്പറേഷന്റെ ഭരണം നമ്മുടെ കൈയിലാക്കാമെന്ന് ഒരു മുന്നണി കരുതും. അതേ പ്രദേശം, അടുത്ത തിരഞ്ഞെടുപ്പില്‍ എടുത്ത് പുതിയ ഒരു മുനിസിപ്പാലിറ്റിയാക്കിയാല്‍ കോര്‍പ്പറേഷനും മുനിസിപ്പാലിറ്റിയും കൈയിലാക്കാമെന്ന് മറ്റേ മുന്നണിയും കരുതും. ജനങ്ങള്‍ക്ക് ഇത് ബഹുരസകരമായ ഏര്‍പ്പാടാണ്. 2005ല്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മുണ്ടും ഷര്‍ട്ടുമായി നടന്ന പാവം പഞ്ചായത്ത് പൗരന്‍ 2010ലെ തിരഞ്ഞെടുപ്പായപ്പോഴേക്ക് ഒറ്റയടിക്ക് പാന്റും ഷര്‍ട്ടും ഇടുന്ന കോര്‍പ്പറേഷന്‍ സാറായി മാറി. അധികകാലം നെഗളിച്ച് നടക്കാന്‍ പറ്റിയില്ല. 2015 ആവുമ്പോഴേക്ക് ആളെ ഡൗണ്‍ഗ്രേഡ് ചെയ്ത് മുനിസിപ്പാലിറ്റിക്കാരനാക്കി. ഈ തലതിരിഞ്ഞ ഏര്‍പ്പാടിനാണ് ഡിലിമിറ്റേഷന്‍ എന്ന് ഇംഗ്ലീഷില്‍ പറയുന്നത്.

ഇല്ല, ഇത് നമ്മുടെ നാട്ടില്‍ മാത്രമുള്ള ഏര്‍പ്പാടാണ് എന്നൊന്നും തെറ്റിദ്ധരിക്കേണ്ട. ഇതിന്റെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ് അമേരിക്കയില്‍ ആണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലേശം കാലപ്പഴക്കമുണ്ട്. 1812ല്‍ അമേരിക്കയിലെ മസ്സാച്ചുസെറ്റ്‌സ് സ്റ്റേറ്റ് സെനറ്റ് തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിക്ക് ജയിക്കാന്‍ വേണ്ടി എല്‍ബ്രിഡ്ജ് ജെറി എന്നൊരു ഗവര്‍ണര്‍ സ്റ്റേറ്റിലെ മണ്ഡലങ്ങളെല്ലാം തോന്നിയപോലെ അറുത്തുമുറിച്ച് വിചിത്രമായ രൂപവും കോലവും ഉണ്ടാക്കിയതാണ് ചരിത്രത്തിലെ വലിയ സംഭവമായി രേഖപ്പെടുത്തിയത്. മണ്ഡലങ്ങളുടെ ഭൂപടം ഉണ്ടാക്കിയപ്പോള്‍ ഒരു മണ്ഡലം കണ്ട മണ്ടന്മാര്‍ അതിന് ‘സലമാണ്ടര്‍’ എന്ന മത്സ്യത്തിന്റെ തല വളഞ്ഞ ആകൃതിയാണെന്ന് കണ്ടുപിടിച്ചത്രെ. അങ്ങനെ ഗവര്‍ണര്‍ ജെറിയും സലമാണ്ടര്‍ മത്സ്യവം ചേര്‍ന്നുള്ള ഈ ഏര്‍പ്പാടിന് രാഷ്ട്രീയ ചരിത്രത്തില്‍ ‘ജെറിമാന്‍ഡറിങ്’ എന്ന പേരുണ്ടായി എന്ന് ചരിത്രം. നമുക്ക് വേണമെങ്കില്‍ ഇത് മാറ്റാം. അത് ഇപ്പോഴത്തെ മന്ത്രി അലിയുടെ പേരില്‍ ‘അലിമാന്തല്‍’ എന്നൊന്നും ആക്കരുത്. കാരണം ഈ ഏര്‍പ്പാട് ഇവിടെ ആദ്യം തുടങ്ങിയത് എന്നാണ്, ആരാണ് എന്ന് കണ്ടുപിടിച്ചേ നമ്മള്‍ അങ്ങനെ ചെയ്യാവൂ. ഗവേഷകന്മാരെ ആ പണി ഏല്‍പ്പിക്കാം. നമുക്ക് വേറെ പണിയുണ്ട്.

ഭരണഘടനയോടും പാര്‍ലമെന്റ് ഉണ്ടാക്കിയ നിയമത്തോടും വലിയ ബഹുമാനമായതുകൊണ്ട് നമ്മുടെ നേതാക്കള്‍ അതിന്റെ അക്ഷരവും അര്‍ഥവും വള്ളിപുള്ളി തെറ്റിക്കാതെ പരിപാലിച്ചുകളയും എന്നൊരു വിഷമമുണ്ട്. ഈ കേരളത്തിലൊരു ഇലക്ഷന്‍ കമ്മിഷനുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തലാണ് കമ്മിഷന്റെ പണി എന്നതുകൊണ്ട് മുസ്‌ലിം ലീഗ് നേതാക്കളുടെ വിചാരം പുള്ളിക്കാരന്‍ പഞ്ചായത്ത് സെക്രട്ടറിയുടെ ലവലില്‍ ഉള്ള ആരോ ആണ് എന്നാണ്. കമ്മിഷനും അങ്ങനെ വിശ്വസിച്ചുതുടങ്ങിയിട്ടുണ്ടോ എന്നും സംശയിച്ചുപോകും കമ്മിഷന്റെ ദയനീയാവസ്ഥ കണ്ടാല്‍. അയ്യോ പാവം.

സ്റ്റേറ്റ് ഇലക്ഷന്‍ കമ്മിഷന്‍ പഞ്ചായത്ത് സെക്രട്ടറിയല്ല. സ്റ്റേറ്റ് ഇലക്ഷന്‍ കമ്മിഷന് ഹൈക്കോടതി ജഡ്ജിയുടെ ശമ്പളവും ബത്തയും മാത്രമല്ല പദവിയുമുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റ് 1993 ല്‍ അംഗീകരിച്ച വകുപ്പുകള്‍ അനുസരിച്ച്, ജഡ്ജിയെ മാറ്റുംപോലെ മാത്രമേ കമ്മിഷനെയും മാറ്റാനാവൂ. ശ്ശി പ്രയാസമാണ് എന്ന് മനസ്സിലായി. ഇല്ലെങ്കില്‍ ഇതിനകം മാറ്റുമായിരുന്നല്ലോ. നിയമത്തില്‍ വേറൊന്നു കൂടി പറയുന്നുണ്ട്. ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ അധികാരങ്ങളും ചുമതലകളും തന്നെയാണ് സ്റ്റേറ്റ് ഇലക്ഷന്‍ കമ്മിഷണര്‍ക്കും ഉള്ളതെന്ന് ! ഏത് ? സ്റ്റേറ്റ് ഇലക്ഷന്‍ കമ്മിഷന് വേണമെങ്കില്‍ ഒരു ടി.എന്‍. ശേഷന്‍ ആകാനും പറ്റുമെന്ന് ! ചുരുക്കിപ്പറഞ്ഞാല്‍ ആനയെപ്പോലെയാണ് നമ്മുടെ ഇലക്ഷന്‍ കമ്മീഷനും. കുനിയാന്‍ പറഞ്ഞാല്‍ കുനിയും… നടക്കാന്‍ പറഞ്ഞാല്‍ നടക്കും. അതെയയതെ, ആനയ്ക്കും അറിയില്ല ആനയുടെ ബലം.

***

പണ്ടൊരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച ആളാണ് ഇപ്പോള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പി നിയന്ത്രിക്കുന്ന ഇലക്ഷന്‍ കമ്മിഷണര്‍ എന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ ആശങ്കയോടെ ചൂണ്ടിക്കാട്ടുന്നു. ആശങ്കയില്‍ അടിസ്ഥാനമുണ്ട്. രണ്ടുവട്ടം സി.പി.എം. പിന്‍ബലത്തില്‍ എം.എല്‍.എ. ആയ ആള്‍ വകുപ്പ് മന്ത്രിയായിരിക്കുമ്പോള്‍ ഒരു കാരണവശാലും മറ്റൊരു മുന്‍ സി.പി.എമ്മുകാരന്‍ ഇലക്ഷന്‍ കമ്മീഷണറാവാന്‍ പാടില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Go Top