മാധ്യമങ്ങളുടെ പക്ഷപാതങ്ങള്‍

എൻ.പി.രാജേന്ദ്രൻ

ഇടതുപക്ഷക്കാര്‍ കേരളത്തിലെ മാധ്യമങ്ങളെ ഒറ്റ കൂട്ടമായാണ് കാണാറുള്ളത്, അങ്ങനെയേ പരാമര്‍ശിക്കാറുമുള്ളൂ. മാധ്യമവിമര്‍ശനത്തില്‍ പത്രങ്ങളെയോ ടെലിവിഷനെയോ വേര്‍തിരിച്ച് കാണാറുമില്ല. ഒരു പത്രവും വേറൊന്നും തമ്മിലും വേര്‍തിരിക്കാറില്ല. തീര്‍ച്ചയായും പാര്‍ട്ടി പ്രസിദ്ധീകരണങ്ങളെ അവര്‍ ഇക്കൂട്ടത്തില്‍ പെടുത്തുന്നുണ്ടാവില്ല.

മാധ്യമവര്‍ഗത്തിന്റെ പൊതുവായ രോഗങ്ങളൊന്നും ഇല്ലാത്തവരാണ് പാര്‍ട്ടിയുടെ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് എന്നവര്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നുണ്ടാവണം. മാധ്യമലോകത്തിന്റെ നാനാവിധ ദൗര്‍ബല്യങ്ങളെക്കുറിച്ചും പക്ഷപാതങ്ങളെക്കുറിച്ചും പഠിച്ചിട്ടുള്ളവര്‍ അത്തരം സദ്ഗുണ സമ്പന്ന മാധ്യമം ലോകത്തെവിടെയെങ്കിലും ഉള്ളതായി കരുതുന്നില്ല. മാധ്യമപ്രവര്‍ത്തകരും സാധാരണ മനുഷ്യരാണ്.

രാഷ്ട്രീയവും മതവും വ്യക്തിഗതമായ മറ്റനേകം മുന്‍ഗണനകളും അവരുടെ സമീപനങ്ങളെ സ്വാധീനിക്കും. അതുകൊണ്ടുതന്നെ സമ്പൂര്‍ണമായ നിഷ്പക്ഷതയും വസ്തുനിഷ്ഠകാര്യങ്ങളില്‍ മാത്രം ഉറച്ചുനിന്നുള്ള പക്ഷപാതരഹിതമായ സമീപനവും അവരില്‍നിന്നുണ്ടാവില്ല എന്നുറപ്പിച്ചവരുണ്ട്. അതിന്റെ ശരിതെറ്റുകള്‍ ആര്‍ക്കും പരിശോധിക്കാവുന്നതേ ഉള്ളൂ.

” മാധ്യമങ്ങള്‍ എന്നെങ്കിലും സമ്പൂര്‍ണമായി പക്ഷപാതരഹിതമാകുമെന്ന് കരുതുന്നതുതന്നെ മൗഡ്യമാകും. പക്ഷപാതം ഇല്ലാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകന്‍ എല്ലാ ശ്രമവുംനടത്തുക എന്നതാണ് പ്രധാനം…സാധാരണ മനുഷ്യര്‍ക്കെല്ലാം പക്ഷങ്ങളും മുന്‍വിധികളുമുള്ളതുപോലെ ജേണലിസ്റ്റുകള്‍ക്കും അതുണ്ട്. ആകെ ചെയ്യാനാവുക ബോധപൂര്‍വംഒരു പക്ഷത്തിനുവേണ്ട വസ്തുതകള്‍മാത്രം കാണുന്നത് ഒഴിവാക്കുകയാണ്” – ‘ ജേണലിസം എതിക്‌സ് ‘ എന്ന കൃതിയുടെ കര്‍ത്താവായ ജോണ്‍ സി. മെറില്‍ അഭിപ്രായപ്പെടുകയുണ്ടായി.

ഇടതുപക്ഷാഭിമുഖ്യം

മാധ്യമപക്ഷപാതത്തെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ നടന്നിട്ടുള്ള ഒരു രാജ്യം അമേരിക്കയാണ്. ഈ വിഷയത്തെക്കുറിച്ച് എഴുതപ്പെട്ട ഗ്രന്ഥങ്ങളും നിരവധിയാണ്. വിവിധ ജേണലിസം ഡിപ്പാര്‍ട്ടുമെന്റുകളിലെ ഗവേഷണപ്രബന്ധങ്ങളിലും മാധ്യമസംബന്ധമായ പ്രസിദ്ധീകരണങ്ങളിലും ഈ വിഷയം ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

കേരളവും അമേരിക്കയും തമ്മില്‍ ഒരു കാര്യത്തില്‍ കൗതുകകരമായ വ്യത്യാസം കാണുന്നു. കേരളമാധ്യമങ്ങള്‍ക്കെതിരെ ആവര്‍ത്തിച്ച് ഉന്നയിക്കപ്പെടുന്ന ഒരു ആരോപണം മാധ്യമങ്ങള്‍ വലതുപക്ഷ- കമ്യൂണിസ്റ്റ് വിരുദ്ധ ആശയങ്ങളെ പ്രതിനിധാനം ചെയ്യുന്നുവെന്നതാണ്. മുതലാളിത്ത പക്ഷത്തുനിന്നുകൊണ്ട് ഇടതുപക്ഷാശയങ്ങളെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്ന ആക്ഷേപം ഉന്നയിക്കാറുള്ളത് സ്വാഭാവികമായും ഇടതുപക്ഷക്കാരാണ്.

കേരളത്തിലെ മാധ്യമങ്ങളുടെ ഉടമസ്ഥവിഭാഗത്തെ അമേരിക്കന്‍ മാധ്യമഉടമസ്ഥരുമായി താരതമ്യപ്പെടുത്താന്‍ പോലും ആവില്ല. അവിടെയുള്ളത് ആനകളും ഇവിടത്തേത് അമ്പഴങ്ങകളുമാണ്. എന്നാലും മുതലാളിത്തവര്‍ഗമായും ഇടതുപക്ഷത്തെ തകര്‍ക്കുന്ന പിന്തിരിപ്പന്‍ബൂര്‍ഷ്വകളായും ഇവിടത്തെ മാധ്യമങ്ങള്‍ മുദ്രകുത്തപ്പെടുന്നു. നേരെ മറിച്ച് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ഒരു ആക്ഷേപം അവരില്‍ ഏറെപ്പേര്‍ക്കും ഇടതുസ്വാധീനമുണ്ടെന്നതാണ്. എല്ലാവരും ഈ അഭിപ്രായക്കാരാണെന്നല്ല, നല്ലൊരു പങ്ക് മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നുവെന്നും അവരുടെ വാര്‍ത്താരചനയെ അതുസ്വാധീനിക്കുന്നുവെന്നുമുള്ള ആക്ഷേപം പല വേദികളില്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ്.

ലിബറല്‍-കണ്‍സര്‍വേറ്റീവ് പക്ഷങ്ങളെന്ന നിലയിലാണല്ലോ അമേരിക്കന്‍ രാഷ്ട്രീയം വിഭജിക്കപ്പെട്ടിട്ടുള്ളത്. പുരോഗമനേച്ഛുക്കളെന്നും ഉല്‍പ്പതിഷ്ണുക്കളെന്നും അറിയപ്പെടുന്നവരാണ് ലിബറലുകള്‍. (ലിബറലുകള്‍ ആര്‍ എന്നതിന്റെ നിര്‍വചനം മാറിക്കൊണ്ടിരിക്കുകയാണ്. സ്വതന്ത്രവ്യാപാര പക്ഷത്ത് നില്‍ക്കുന്നവരെയാണ് അങ്ങനെ വിശേഷിപ്പിച്ചിരുന്നത്. അമേരിക്കയില്‍ പക്ഷേ ഇടക്കാലത്ത് അത് പുരോഗമന- ഇടതുപക്ഷക്കാര്‍ക്കുള്ള വിശേഷണമായി). കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കാര്യമായ സ്വാധീനം ഇല്ലാത്തതുകൊണ്ടാകാം പുരോഗമനവാദികള്‍ എന്നുവിളിക്കപ്പെടുന്നത് വലിയ അപമാനമായി അമേരിക്കക്കാര്‍ കരുതാറില്ല. വന്‍ ബഹുരാഷ്ട്രക്കമ്പനികളുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളിലെ പ്രവര്‍ത്തകര്‍ക്കെതിരെപോലും ലിബറല്‍ മുദ്ര കുത്തപ്പെടാറുണ്ട്. കൃത്യമായ പക്ഷമുള്ളവര്‍ തന്നെയാണ് എവിടെയും മാധ്യമങ്ങളില്‍ പക്ഷപാതിത്വം ആരോപിക്കാന്‍ മുന്നില്‍ നില്‍ക്കാറുള്ളതെന്ന സത്യം വളരെക്കാലം മുമ്പുതന്നെ വെളിപ്പെട്ടിട്ടുള്ളതാണ്. ഒരു പക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് വാര്‍ത്തകളെ കാണുന്നവര്‍ക്കാണ് എല്ലായ്‌പ്പോഴും വാര്‍ത്തയില്‍ പക്ഷപാതമുണ്ടെന്ന തോന്നലുണ്ടാകാറുള്ളത്. താന്‍ ഒരു പക്ഷത്ത് നില്‍ക്കുന്നതുകൊണ്ടല്ലേ തനിക്ക് അങ്ങനെ തോന്നുന്നത് എന്ന ചോദ്യം ആരും സ്വയം ചോദിക്കാറില്ല.

പക്ഷത്ത് നില്‍ക്കുന്നവര്‍ക്ക് സത്യം അറിയുകയല്ല പ്രധാനം. തന്റെ നില്‍പ്പിനെ ന്യായീകരിക്കുന്ന വസ്തുതകളും സത്യങ്ങളും മാത്രം മാധ്യമം നല്‍കണമെന്നാണ് അത്തരക്കാര്‍ ആഗ്രഹിക്കുന്നത്. വാള്‍ട്ടര്‍ ലിപ്മാന്‍ 1922 ല്‍തന്നെ പറഞ്ഞിട്ടുണ്ട്- ” വസ്തുതകള്‍ അറിഞ്ഞ ശേഷം നിര്‍വചിക്കുകയല്ല, നിര്‍വചിച്ച ശേഷം അതിനെ ശരിവെക്കുന്ന വസ്തുതകള്‍ തേടുകയാണ് നമ്മള്‍ എപ്പോഴും ചെയ്യാറുള്ളത് ” എന്ന്. അതെത്ര ശരി. ഇടതുപക്ഷാഭിമുഖ്യം എന്ന ആക്ഷേപം എഴുപതുകളിലാണ് ഏറെ ഉച്ചത്തില്‍ ഉയര്‍ന്നുവന്നത്. വിയറ്റ്‌നാം യുദ്ധവും തുടര്‍സംഭവങ്ങളും അതിന് ഏറെ പ്രകടമായ ഉദാഹരണങ്ങളായി. സോഷ്യലിസവും ക്ഷേമരാഷ്ട്രസങ്കല്‍പ്പങ്ങളും അന്ന് അശ്ലീലവാക്കുകളായിരുന്നില്ല. തന്റെ മുതലാളിത്തപക്ഷപാതം മറച്ചുവെക്കാത്ത സാമ്പത്തിക ശാസ്ത്രജ്ഞനായ മില്‍ട്ടന്‍ ഫ്രീഡ്മാന്‍ ഒരു അനുഭവം കാപ്പിറ്റലിസം ആന്റ് ഫ്രീഡം എന്ന കൃതിയുടെ പില്‍ക്കാല എഡിഷനുകളുടെ ആമുഖത്തില്‍ വിവരിക്കുന്നുണ്ട്.

സോഷ്യലിസവും മുതലാളിത്തവും തമ്മിലുള്ള ആശയസമരത്തില്‍ താന്‍ ഉറപ്പായും മുതലാളിത്തപക്ഷത്താണെന്നും മുതലാളിത്തം മാത്രമേ മനുഷ്യന് സ്വാതന്ത്ര്യവും സമൃദ്ധിയും നല്‍കൂ എന്നും തുറന്നുപറയുന്ന രണ്ട് പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചപ്പോള്‍ അവയെക്കുറിച്ചുളള നിരൂപണങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളിലൊന്നും പ്രസിദ്ധീകരിക്കപ്പെട്ടില്ല എന്നാണദ്ദേഹം വിവരിക്കുന്നത്. മാധ്യമങ്ങളുടെ ഇടതുപക്ഷാഭിമുഖ്യമാണ് അതിന് കാരണമായതെന്ന് അദ്ദേഹം കരുതുന്നു. തുടര്‍ന്ന് 18 വര്‍ഷത്തിനിടയില്‍ കാപ്പിറ്റലിസം ആന്റ് ഫ്രീഡത്തിന്റെ നാലുലക്ഷം പ്രതികള്‍ വില്‍ക്കപ്പെട്ടു. എണ്‍പതുകളില്‍ പുസ്തകത്തിന്റെ ഇരുപത്തഞ്ചാം പതിപ്പിറങ്ങിയപ്പോഴാകട്ടെ മാധ്യമങ്ങള്‍ അതിനെ കൊണ്ടാടുക തന്നെ ചെയ്തു.

മാറിയ രാഷ്ട്രീയാഭിമുഖ്യമാണിതിന് കാരണമെന്ന് മില്‍ട്ടണ്‍ ഫ്രീഡ്മാന്‍ കരുതുന്നു. (അതുമൊരു കാരണമാകാമെന്നേ ഉള്ളൂ. വിജയിക്കുന്ന എന്തിന്റെയും പക്ഷത്ത് മാധ്യമങ്ങളുണ്ടാകുമെന്നതാണ് മറ്റൊരു കാരണം) ഏതുതുറയില്‍ നിന്നുള്ളവരാണ് മാധ്യമപ്രവര്‍ത്തകരായി വരുന്നത് എന്നതും പ്രധാനമാണെന്ന് ” മീഡിയ ബയസ്, ഫൈന്‍ഡിങ് ഇറ്റ് ആന്റ് ഫിക്‌സിങ് ഇറ്റ് ” എന്ന കൃതിയിലെ പ്രബന്ധത്തില്‍ മൈക്കള്‍ റെ സ്മിത് നിരീക്ഷിക്കുന്നുണ്ട്. കഷ്ടപ്പാടും ദാരിദ്ര്യവും നിറഞ്ഞ ജീവിതാന്തരീക്ഷത്തില്‍ വളരുന്നവരും സമ്പന്നകുടുംബങ്ങളില്‍ ജനിച്ച് വന്‍കിട സ്ഥാപനങ്ങളില്‍ ജേണലിസം പഠിച്ചുവരുന്നവരും എത്രതന്നെ വസ്തുനിഷ്ഠമാധ്യമപ്രവര്‍ത്തനത്തില്‍ ഉറച്ചുനിന്നാലും വ്യത്യസ്ത ആശയലോകങ്ങളിലായിരിക്കുമെന്നതില്‍ അദ്ദേഹത്തിന് സംശയമില്ല. 1990 നടന്ന ഒരു സര്‍വെയെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്.

ദ മീഡിയ എലൈറ്റ്-അമേരിക്കന്‍ പവര്‍ബ്രോക്കേഴ്‌സ് എന്ന കൃതിയില്‍ നിന്ന് ഉദ്ധരിച്ച കണക്കുകളനുസരിച്ച് ഒരു ശരാശരി മാധ്യമപ്രവര്‍ത്തകന്‍ അപ്പര്‍ മിഡില്‍ ക്ലാസ്സില്‍ പെടുന്ന പ്രൊഫഷനുകളായ മാതാപിതാക്കളുള്ള വെള്ളക്കാരന്‍ യുവാവാണ്. അവരില്‍ 68 ശതമാനം നഗരങ്ങളില്‍ നിന്നുവന്നവരുമാണ്. ഇരുപതുവര്‍ഷത്തിനിടയില്‍ സ്ഥിതി ഒന്നുകൂടി സമ്പന്നവര്‍ഗാനുകൂലമായിട്ടുണ്ടാകാനേ സാധ്യതയുള്ളൂ. എന്താണ് നമ്മുടെ നാട്ടിലെ സ്ഥിതി എന്ന് പഠിക്കാനിരിക്കുന്നതേ ഉള്ളൂ. പത്രങ്ങള്‍ പുരോഗമനസ്വഭാവം പ്രകടിപ്പിക്കുന്നു എന്ന് കരുതപ്പെട്ടിരുന്ന എഴുപതുകളില്‍തന്നെ മറിച്ചുള്ള നിരീക്ഷണങ്ങള്‍ നിരീക്ഷകരില്‍നിന്നുണ്ടായിട്ടുണ്ട്.

ലാഭേച്ഛയുള്ള മറ്റൊരു വാണിജ്യം മാത്രമാണ് മാധ്യമങ്ങളെന്നും വിദ്യാഭ്യാസ-ധനകാര്യ- രാഷ്ട്രീയമേഖലകളില്‍ വ്യവസ്ഥയുടെ തുടര്‍ച്ചയ്ക്ക് വേണ്ടിയാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും നിരീക്ഷിച്ചത് നോം ചോംസ്കിയും എഡ്വേഡ് ഹെര്‍മനുമാണ്. ‘ പ്രസ് ഈസ് ലിബറല്‍’ എന്ന ആശയത്തെതന്നെ അവര്‍ ചോദ്യംചെയ്തു.

1979 ലാണ് സാമൂഹ്യശാസ്ത്രജ്ഞനായ ഹെര്‍ബര്‍ട് ഗാന്‍സ് “ഡിസൈഡിങ് വാട് ഈസ് ന്യൂസ് ” എന്ന ഗ്രന്ഥം രചിച്ചത്. അമേരിക്കന്‍ ജീവിതരീതിയുടെയും അധീശത്വമുള്ള വ്യവസ്ഥയുടെയും നിലനില്‍പ്പിനെ സഹായിക്കുന്ന മൂല്യങ്ങളാണ് ന്യൂസ് വീക്കിന്റെയും സി.ബി.എസ്സിന്റെയും ഉള്ളടക്കത്തെ നിര്‍ണയിക്കുന്നതെന്ന് അദ്ദേഹം ഉദാഹരണസഹിതം വിശദമാക്കി. വാര്‍ത്താപ്രവര്‍ത്തകര്‍ ലിബറല്‍/യാഥാസ്ഥിതിക വിഭാഗത്തിലെന്നതിനേക്കാള്‍ പരിഷ്കരണവാദികളെന്ന വിശേഷണത്തിനാണ് കൂടുതല്‍ അര്‍ഹരാകുന്നത്. അവര്‍ മാറ്റങ്ങളുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ്.

ഒരു പക്ഷേ അതായിരിക്കാം അവരെല്ലാം ഇടതുപക്ഷക്കാരാണെന്ന് തെറ്റിദ്ധരിക്കപ്പെടാന്‍ കാരണമെന്നും അദ്ദേഹം പറയുന്നു. മാധ്യമത്തിന് രാഷ്ട്രീയ പക്ഷപാതമുണ്ടെന്ന്് ആരോപിക്കുന്ന വായനക്കാരേറെയും രാഷ്ട്രീയ പക്ഷമുള്ളവരാണെന്ന് ‘ മീഡിയ ബയസ്- ഫൈന്‍ഡിങ് ഇറ്റ് ആന്‍ഡ് ആന്റ് ഫിക്‌സിങ് ഇറ്റ് എന്ന പുസ്തകത്തിലെ പൊളിറ്റിക്കല്‍ പാര്‍ട്ടിസാന്‍ഷിപ്പ് എന്ന പ്രബന്ധത്തില്‍ ഡെബ്‌റ റെഡ്ഡിന്‍ വാന്‍ട്യുല്‍ വിലയിരുത്തുന്നു. വിമര്‍ശകര്‍ നോക്കുന്നത് അവരുടെ രാഷ്ട്രീയവിശ്വാസത്തിന് അനുസൃതമാണോ മാധ്യമം പറയുന്നത് എന്നാണ്. അനുസൃതമാണെങ്കില്‍ അത് നിഷ്പക്ഷം, അല്ലെങ്കില്‍ പക്ഷപാതപരം. കേരളത്തിലെ മാധ്യമവിമര്‍ശനത്തിനും ബാധകമാണ് ഈ നിരീക്ഷണം. താന്‍ നിലകൊള്ളുന്ന പക്ഷത്തിന്റെ തെറ്റ് ചൂണ്ടിക്കാട്ടുന്ന മാധ്യമനിരീക്ഷണം ന്യായമായതാണെന്ന് ആ പക്ഷക്കാരായ എത്രപേര്‍ സമ്മതിച്ചുതരും ?

മാധ്യമറിപ്പോര്‍ട്ടിങ് ന്യായവും പക്ഷപാതരഹിതവും ആകണമെന്ന്് നിരന്തരം ആവശ്യപ്പെടുമ്പോഴും അവരാഗ്രഹിക്കുന്നത് അതല്ല. റിപ്പോര്‍ട്ടിങ് തങ്ങളുടെ പക്ഷത്തിന് ഗുണകരമാകണമെന്നാണ് അവര്‍ വ്യക്തമായും ആഗ്രഹിക്കുന്നത്. തങ്ങളുടെ പക്ഷത്ത് നില്‍ക്കുമ്പോഴാണ് മാധ്യമപ്രവര്‍ത്തകന്‍ നിഷ്പക്ഷനാകുന്നതെന്ന് പോലും കരുതുന്നവരുണ്ട്. കാരണം ശരി എപ്പോഴും തങ്ങളുടെ പക്ഷത്താണെന്ന് ഉറച്ചുവിശ്വസിക്കുന്നവരാണ് മിക്കവാറുമെല്ലാ പക്ഷത്തുനില്‍ക്കുന്നവരും. ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തിനും രാഷ്ട്രീയനിലപാടുള്ള സമൂഹങ്ങളിലാണ് മാധ്യമപക്ഷപാതം കൂടുതല്‍ ആരോപിക്കപ്പെടുന്നതെന്നും ഈ പ്രബന്ധത്തില്‍ നിരീക്ഷിക്കുന്നുണ്ട്.

വാര്‍ത്താമൂല്യം

രാഷ്ട്രീയം റിപ്പോര്‍ട് ചെയ്യുന്നതില്‍ എത്രത്തോളും പക്ഷപാതം ഉണ്ട് അല്ലെങ്കില്‍ പക്ഷപാതം ഉണ്ടോ എന്ന് കൃത്യമായി കണ്ടെത്തുക പ്രയാസമാണ്്. ഓരോ പാര്‍ട്ടിക്കും വ്യക്തിക്കും നല്‍കുന്ന കവറേജിന്റെ തോതും സ്വഭാവവും നിര്‍ണയിക്കുന്നത് അനേകമനേകം ഘടകങ്ങള്‍ ചേര്‍ത്തുവെച്ചാണ്. അവയിലെ വ്യത്യാസങ്ങള്‍ പക്ഷപാതമായും മാധ്യമങ്ങളുടെ അന്യായമായ ( അണ്‍ഫെയര്‍) റിപ്പോര്‍ട്ടിങ് രീതിയാണെന്നും ആക്ഷേപിക്കപ്പെടാം. എല്ലാ പാര്‍ട്ടികള്‍ക്കും തുല്യമായ സ്ഥലവും തലവാചക വലുപ്പവും നല്‍കാന്‍ ഒരു മാധ്യമത്തിനും കഴിയില്ല.

സന്ദര്‍ഭത്തിനനുസരിച്ച് ഇതിന്റെ ശരിതെറ്റുകള്‍ മാറിക്കൊണ്ടിരിക്കാം. വാര്‍ത്താമൂല്യം സംബന്ധിച്ച പത്രപ്രവര്‍ത്തകന്റെ നിഗമനം ചിലപ്പോള്‍ വലിയ നേതാവിന് ചെറിയ തലവാചകവും ചെറിയ നേതാവിന് വലിയ തലവാചകവും നല്‍കാന്‍ കാരണമായേക്കും. ഇതിനെ പക്ഷപാതമെന്ന് കുറ്റപ്പെടുത്താനാവുമോ ? വ്യക്തിനിഷ്ഠമായ അനേകം ഘടകങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഇവിടെ വാര്‍ത്താമൂല്യം നിര്‍ണയിക്കപ്പെടുന്നത്. പത്രപ്രവര്‍ത്തനത്തിലെ പുതിയ രൂപങ്ങളിലൊന്നായ വ്യാഖ്യാനാത്മക റിപ്പോര്‍ട്ടിങ് പക്ഷപാത റിപ്പോര്‍ട്ടിങ്ങിനുള്ള ഉദാഹരണമായി ഉദ്ധരിക്കപ്പെടാറുണ്ട്. നടന്ന സംഭവങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനം തീര്‍ച്ചയായും വ്യാഖ്യാതാവിന്റെ രാഷ്ട്രീയനിലപാടും വിശ്വാസപ്രമാണങ്ങളും വ്യക്തിഗത ഇഷ്ടാനുഷ്ടങ്ങളുമെല്ലാം കൂടിച്ചേര്‍ന്നുള്ളതാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതെങ്ങനെയാണ് നിഷ്പക്ഷമാവുക ?

വ്യാഖ്യാനങ്ങള്‍ നിഷ്പക്ഷമാവുകയല്ല, തികച്ചും ന്യായമാവുകയാണ് വേണ്ടത്. എല്ലാ പക്ഷക്കാരും ഒരു മാധ്യമത്തിനെതിരെ പക്ഷപാതറിപ്പോര്‍ട്ടിങ് ആരോപിക്കുന്നു എന്നത് ആ മാധ്യമത്തിന്റെ നിഷ്പക്ഷതയുടെ തെളിവാണെന്ന വാദം ഉന്നയിക്കുപ്പെടാറുണ്ട്. എല്ലാവരു വിമര്‍ശിക്കുന്നുവെന്നത് ഒരു യോഗ്യതയോ നിഷ്പക്ഷതയുടെ ലക്ഷണമോ അല്ലതന്നെ. ശരിയുടെ പക്ഷം ശരിയുടെ പക്ഷത്ത് നില്‍ക്കുക മാധ്യമധര്‍മമാണെന്ന് പറയാറുണ്ട്. എന്നാല്‍ അങ്ങനെ ശരിയുടെ പക്ഷത്ത് മാധ്യമപ്രവര്‍ത്തകന്‍ നില്‍ക്കുമ്പോള്‍ അത് ആശാസ്യമല്ലാത്ത പക്ഷപാതമാണെന്ന്് ആക്ഷേപിക്കപ്പെടാറുമുണ്ട്. അതുന്യായമാണോ ? ശരിയെയും തെറ്റിനെയും ബാലന്‍സ് ചെയ്യലാണോ നിഷ്പക്ഷത ? രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്‌നങ്ങളുടെ റിപ്പോര്‍ട്ടിങ്ങില്‍ ശരിതെറ്റുകള്‍ തമ്മിലുള്ള സംഘര്‍ഷം അനിവാര്യമാണ്. ശരിയുടെ പക്ഷത്ത് നില്‍ക്കുമ്പോള്‍പോലും നീതിപൂര്‍വകമായ റിപ്പോര്‍ട്ടിങ്ങ് കൈവെടിയാവുന്നതല്ല. ഒരു കോടതി എങ്ങനെയാണോ കുറ്റാരോപിതന്് നീതി നല്‍കുന്നത് അതേ പോലെ മാധ്യമപ്രവര്‍ത്തകര്‍ തെറ്റിന്റെ പക്ഷമെന്ന് അയാള്‍/ അവള്‍ കരുതുന്ന പക്ഷത്തിന് നീതി നല്‍കേണ്ടതുണ്ട്്.

ഭീകരപ്രവര്‍ത്തനത്തിനെതിരെ ജനപക്ഷത്തുനില്‍ക്കുമ്പോഴും പൗരാവകാശത്തെ തള്ളിപ്പറഞ്ഞുകൂടെന്നതും ഭീകരപ്രവര്‍ത്തനത്തെ തകര്‍ക്കുന്നതിന്റെ മറവില്‍ ഭരണകൂടം നടത്തുന്ന നിയമലംഘനങ്ങളെയും അതിക്രമങ്ങളെയും തുറന്നുകാട്ടണമെന്നതും മാധ്യമധര്‍മമായി വരുന്നത് ഈ പശ്ചാത്തലത്തിലാണ്. സ്്ത്രീവിരുദ്ധവും ന്യൂനപക്ഷവിരുദ്ധവുമായ മാധ്യമപക്ഷപാതങ്ങള്‍ ഇന്ത്യയിലെന്ന പോലെ വികസിത സമൂഹങ്ങളിലും ചര്‍ച്ചചെയ്യപ്പെടാറുണ്ട്്. സ്ത്രീകളും ന്യൂനപക്ഷജാതി/മതക്കാരും മാധ്യമങ്ങളുടെ നയരൂപവല്‍ക്കരണവേദികളില്‍ എത്രയുണ്ട് എന്ന ചോദ്യവും ഇതോട് ചേര്‍ന്ന് ഉന്നയിക്കപ്പെടാറുണ്ട്.

പുരുഷ – ഭൂരിപക്ഷ മത- സവര്‍ണ ആശയങ്ങള്‍ക്കാണ് മാധ്യമങ്ങളില്‍ മുന്‍ഗണന ലഭിക്കാറുള്ളത്. പാശ്ചാത്യമാധ്യമങ്ങള്‍ ഒരു നയമെന്ന നിലയില്‍തന്നെ ന്യൂസ് റൂമുകളുടെ ഘടനയില്‍ മാറ്റംവരുത്താന്‍ ശ്രമംനടത്താറുണ്ട്. ഒരു കാര്യത്തില്‍ വിമര്‍ശകരും യോജിക്കും. കറുത്ത വര്‍ഗക്കാരില്ലാത്ത ന്യൂസ്‌റൂമുകള്‍ അമേരിക്കയില്‍ കാണുക പ്രയാസമാണ്. ദലിതുകളോ മുസ്ലിങ്ങളോ ഇല്ലാത്ത ന്യൂസ് റൂമുകള്‍ ഈ കേരളത്തില്‍പോലും അപൂര്‍വമല്ല. വികസിത നാടുകളിലായാലും ഇന്ത്യയിലായാലും മത വര്‍ഗ ലിംഗ പക്ഷപാതങ്ങള്‍ പഴയ കാലത്തെ അപേക്ഷിച്ച് മാധ്യമങ്ങളില്‍ കുറവാണെന്നത് മാത്രമാണ് ആശ്വാസകരമായ വസ്തുത.

സോഴ്‌സുകളുടെ അധീശത്വം

സമൂഹത്തിലെ കുറ്റകൃത്യനിരക്കിന് ആനുപാതികമാണോ മാധ്യമങ്ങളിലെ ക്രൈംറിപ്പോര്‍ട്ടിങ്ങിന് നല്‍കുന്ന പ്രാമുഖ്യമെന്ന ചോദ്യവും പ്രധാനമാണ്. ഇതിനുള്ള ഉത്തരം കണ്ടെത്തണമെങ്കില്‍ ഓരോ സമൂഹത്തിലും ആഴത്തിലുള്ള പഠനം നടത്തേണ്ടിവരൂം. എന്നാല്‍ എല്ലാ വ്യവസ്ഥകളിലും പൊതുവായി കാണുന്ന ഒരു പ്രവണതയെക്കുറിച്ച് മാധ്യമനിരീക്ഷകര്‍ക്കിടയില്‍ ഏകാഭിപ്രായമാണുള്ളത്. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്ന സോഴ്‌സുകളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും പക്ഷത്തേക്ക് അമിതമായ ചായ്‌വ് എല്ലാ രാഷ്ട്രീയവ്യവസ്ഥകളിലും പൊതുവായുള്ളതാണ്. കുറ്റാരോപിതനെന്ത് പറയാനുണ്ടെന്ന് തിരക്കാനുള്ള ബാധ്യത മാധ്യമപ്രവര്‍ത്തകനില്ല എന്ന നിലപാട് എങ്ങും മാധ്യമപ്രവര്‍ത്തകര്‍ സ്വീകരിച്ചതായി തോന്നുന്നു. കോടതി നല്‍കുന്ന നീതി കുറ്റവാളിക്ക് നല്‍കാന്‍ മാധ്യമങ്ങള്‍്ക്ക് ബാധ്യതയില്ലേ ?

അമേരിക്കയിലെ കണക്റ്റിക്കട്ടില്‍ 2004 ല്‍ നടത്തിയ സര്‍വെയില്‍ കണ്ടെത്തിയത് കുറ്റകൃത്യവാര്‍ത്തകളില്‍ 81 ശതമാനത്തിലും അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ അഭിപ്രായപ്രകടനം ഉള്‍ക്കൊള്ളിക്കുമ്പോള്‍ എട്ടുശതമാനത്തിലേ കുറ്റം ആരോപിക്കപ്പെട്ടവരുടെ വിശദീകരണം ഉള്‍ക്കൊള്ളുന്നുള്ളൂ എന്നാണ്. ശിക്ഷിക്കപ്പെടുന്നതുവരെ പ്രതി നിരപരാധിയാണെന്ന ലോകതത്ത്വം മിക്കപ്പോഴും മാധ്യമങ്ങള്‍ അംഗീകരിക്കാറേയില്ല. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ തന്നെ പ്രതിക്കെതിരെ അവര്‍ വിധിയെഴുതുന്നു. ഇനി ശിക്ഷമാത്രമേ വിധിക്കാന്‍ ബാക്കിയുള്ളൂ എന്ന മട്ടില്‍ പോലീസ്കഥകള്‍ ഒന്നൊന്നായി നിരത്തുകയായി.

പോലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചെന്ന് എഴുതിവിടുന്ന ലേഖകനെ കസ്റ്റഡിയില്‍ കിട്ടിയാല്‍ മഹാത്മാഗാന്ധിയെ കൊലചെയ്തതിന്റെ ഉത്തരവാദിത്തംപോലും ഏറ്റെടുപ്പിക്കാന്‍ പോലീസിന് കഴിയുമെന്ന് ഈ ലേഖകര്‍ ഓര്‍ക്കാറില്ല. പ്രതികളെ ചോദ്യം ചെയ്തതില്‍നിന്നുകിട്ടിയ വിവരങ്ങള്‍ പത്രത്തില്‍ കൊടുക്കുമ്പോള്‍ അവ ഇന്ന ഉദ്യോഗസ്ഥന്‍ നല്‍കിയതാണെന്ന് പറയാതിരിക്കാന്‍ വിദേശത്ത് സാധ്യമല്ല. നമ്മളാകട്ടെ ചോദ്യംചെയ്തത് പോലീസല്ല ലേഖകന്‍ തന്നെയാണെന്നുതോന്നിപ്പിക്കുംവിധത്തിലാണ് റിപ്പോര്‍ട്ടെഴുതുക.

കേരളത്തില്‍ പോലീസ് സോഴ്‌സുകള്‍ക്ക് അപ്രമാദിത്വമാണ് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. രു കോണ്‍സ്റ്റബ്ള്‍ വിചാരിച്ചാല്‍ ആര്‍ക്കെതിരെ എന്തുവാര്‍ത്തയും മാധ്യമങ്ങളില്‍ വരുത്താന്‍ കഴിയും. ദീര്‍ഘകാലബന്ധത്തിലൂടെ സോഴ്‌സുകളുമായി ഒരുതരം അവിഹിത ബന്ധമാണ് പല മാധ്യമപ്രവര്‍ത്തകരും വളര്‍ത്തിയെടുക്കുന്നത്. അത്തരം സോഴ്‌സുകള്‍ നല്‍കുന്ന വാര്‍ത്ത ശരിയോ എന്ന് ആലോചിക്കാന്‍പോലും മാധ്യമപ്രവര്‍ത്തകന് പ്രായോഗികമായി അവകാശമില്ല. സോഴ്‌സ് നല്‍കുന്ന ഒരു വിവരം വാര്‍ത്തയായി നല്‍കുന്നില്ലെങ്കില്‍ ആ റിപ്പോര്‍ട്ടര്‍ക്ക് പിന്നെ ആ സോഴ്‌സില്‍നിന്ന് വാര്‍ത്ത കിട്ടാതാകാന്‍ സാധ്യതയുണ്ട്.

പക്ഷപാതമാണ് ശരി !

അവസാനമായി പരിസ്ഥിതി റിപ്പോര്‍ട്ടിങ്ങിനെ കുറിച്ചുള്ള ചില നിരീക്ഷണങ്ങള്‍കൂടി ശ്രദ്ധയില്‍ പെടുത്തട്ടെ. ഏതെങ്കിലും ഒരു വിഭാഗം ലേഖകര്‍ക്ക് പക്ഷപാതം വേണമെന്ന് താത്ത്വികമായിത്തന്നെ നിലപാടുണ്ടെങ്കില്‍ അത് പരിസ്ഥിതിലേഖകര്‍ക്കാണ്. നിഷ്പക്ഷനായ ഒരു പരിസ്ഥിതിലേഖകന്‍ ലോകത്തെവിടെയെങ്കിലുമുണ്ടോ എന്നറിയില്ല. ഒരു പരിസ്ഥിതി റിപ്പോര്‍ട്ടര്‍ നിര്‍ബന്ധമായും പരിസ്ഥിതിസംരക്ഷണത്തിന്റെ പക്ഷത്താണ്. അവര്‍ യഥാര്‍ഥത്തില്‍ പരിസ്ഥിതി ലേഖകരല്ല പരിസ്ഥിതി പ്രവര്‍ത്തകരാണ്. പത്രപ്രവര്‍ത്തകന്റെ വേഷം ധരിച്ച പരിസ്ഥിതിപ്രവര്‍ത്തകന്‍. നമുക്ക് അവരുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യാനാവില്ല. അതുകൊണ്ടുതന്നെ പരിസ്ഥിതിപ്രശ്‌നങ്ങള്‍ റിപ്പോര്‍ട് ചെയ്യാന്‍ മിക്ക മാധ്യമങ്ങളും പരിസ്ഥിതി സ്‌പെഷലൈസ് ചെയ്യുന്ന ലേഖകരെ ചുമതലപ്പെടുത്താറില്ല. അത് മറ്റൊരു തരം പക്ഷപാത ആക്ഷേപത്തിന് വഴിയൊരുക്കാറുണ്ട്. മിക്കപ്പോഴും വ്യവസായങ്ങളുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്‌നം ഉന്നയിക്കപ്പെടാറുള്ളത്.

മാധ്യമത്തിന് സംരക്ഷിക്കാന്‍ വ്യവസായതാല്പര്യമുണ്ടെങ്കില്‍ പരിസ്ഥിതി താല്പര്യം അവഗണിക്കപ്പെടുകയേ ഉള്ളൂ. രണ്ടായാലും പക്ഷപാതാക്ഷേപം അനിവാര്യമായി ഉന്നയിക്കപ്പെടും. മറുപക്ഷത്തിന് പറയാനുള്ളതുകൂടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയും വസ്തുതകളെ അടിസ്ഥാനമാക്കി നിഗമനങ്ങളിലെത്താന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുകയുമാണ്് ഇവിടെ കരണീയമായിട്ടുള്ളത്. രാഷ്ട്രീയറിപ്പോര്‍ട്ടിങ്ങും പലപ്പോഴും ഈ തലത്തിലേക്ക് താഴ്ന്നുവരാറുണ്ട്. മിക്കപ്പോഴും പാര്‍ട്ടി മുഖപത്രങ്ങളിലെ രാഷ്ട്രീയറിപ്പോര്‍ട്ടര്‍മാര്‍ മാധ്യമപ്രവര്‍ത്തനമല്ല രാഷ്ട്രീയപ്രവര്‍ത്തനമാണ് നടത്താറുള്ളത്. മാധ്യമപ്രവര്‍ത്തനത്തിന്റെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ടുമാത്രം ഒരാള്‍ മാധ്യമപ്രവര്‍ത്തകനാകുന്നില്ല.

പാര്‍ട്ടിപത്രമായാല്‍പിന്നെ മാധ്യമപ്രവര്‍ത്തനത്തിന്റെ സാധാരണ മര്യാദകളൊന്നും പാലിക്കേണ്ട എന്ന് എല്ലാവരും അംഗീകരിച്ച മട്ടുണ്ട്. അതും നമ്മുടെ നാടിന്റെ പ്രത്യേകതയാണോ എന്നുസംശയമുണ്ട്. രാഷ് ട്രീയനിലപാട് അഭിപ്രായ- മുഖപ്രസംഗ കോളങ്ങളിലേക്ക് ഒതുക്കുകയും വാര്‍ത്തയെഴുതുമ്പോള്‍ അത് വസ്തുനിഷ്ഠവും സത്യസന്ധവും ആക്കുക എന്നതാണ് പല വികസിത രാജ്യങ്ങളിലും പാര്‍ട്ടി പത്രങ്ങള്‍ പോലും ചെയ്യാറുള്ളത്. സ്വതന്ത്രമെന്ന് അവകാശവാദമുന്നയിക്കുന്ന മാധ്യമങ്ങള്‍പ്പോലും പലപ്പോഴും അധാര്‍മികപത്രപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാറുണ്ട്്. പാര്‍ട്ടിയുടെ താല്പര്യം രക്ഷിക്കാന്‍ സദാ മാധ്യമസ്വാതന്ത്ര്യം ഉപയോഗിക്കുന്നവരാണ് മിക്കപ്പോഴും മറ്റുള്ളവരില്‍ പക്ഷപാതിത്വം ആരോപിക്കാറുള്ളത് എന്നതാണ് കൗതുകകരം.

(പത്രപ്രവര്‍ത്തകന്‍ മാസികയുടെ 2010 ജനവരിയിലെ പ്രത്യേക പതിപ്പില്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാക്കിയത്‌)

Leave a Reply

Your email address will not be published. Required fields are marked *

Go Top