അഭിപ്രായ സര്‍വെ അഭിപ്രായം സൃഷ്ടിക്കാനോ?

എൻ.പി.രാജേന്ദ്രൻ

ജനാഭിപ്രായം അറിയുകയാണോ, അതല്ല ജനാഭിപ്രായം സൃഷ്ടിക്കുകയാണോ അഭിപ്രായസർവെകളുടെ ഉദ്ദേശ്യം അല്ലെങ്കിൽ ഫലം എന്ന ചോദ്യം മിക്കപ്പോഴും ഉയർന്നുവരാറുണ്ട്.

2019 സെപ്റ്റംബറിൽ ദ് ഗാർഡിയൻ പത്രത്തിലെഴുതിയ ലേഖനത്തിൽ ആക്റ്റിവിസ്റ്റും ഗ്രന്ഥകാരനുമായ റിച്ചാർഡ് സെയ്‌മോർ ഇങ്ങനെയൊരു ചോദ്യം ചോദിക്കുക മാത്രമല്ല ചെയ്തത്. പൊതുജനാഭിപ്രായം സൃഷ്ടിക്കുക തന്നെയാണ് ഒപ്പീനിയൻ പോളുകളുടെയെല്ലാം ലക്ഷ്യമെന്നു സ്ഥാപിക്കുകയും ചെയ്തു. ഇതിനോട് എല്ലാവരും പൂർണതോതിൽ യോജിക്കണമെന്നില്ല.

ഉൽപ്പന്ന വിപണന മേഖലയ്ക്കു ഈ നിഗമനം ബാധകമല്ല. കാരണം, വിപണനം തന്നെയാണ് ഈ മേഖലയിലെ അഭിപ്രായ സർവെകളുടെ ഉദ്ദേശ്യമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, ഉൽപ്പന്ന വിപണനത്തിൽ മാത്രമല്ല, രാഷ്ട്രീയാഭിപ്രായ സർവെകളിലും വിപണനം ലക്ഷ്യമാണ്.

രണ്ടുതരം സർവെകൾക്കും പുത്തൻ ആഗോള വിപണന തന്ത്രവുമായുള്ള ബന്ധം അടുത്ത കാലത്തു കാര്യമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഗ്ലോബൽ ഡാറ്റ ബാങ്ക് അല്ലെങ്കിൽ ഡാറ്റ ഇൻഡസ്ട്രിയുമായി ബന്ധപ്പെടുത്തിയാണ് ഇത് ചർച്ചയാകാറുള്ളത്.

അഭിപ്രായ സർവെ, മറ്റൊരു മുതലാളിത്ത പദ്ധതിയാണ് എന്ന വാദമാണ് ഉയരുന്നത്. ഇത് തിരഞ്ഞെടുപ്പ് സർവെകളെക്കുറിച്ചു മാത്രമുള്ള നിഗമനമല്ല. ലോകമാസകലം എന്തിനും ഏതിനും അഭിപ്രായ സർവെകൾ നടക്കുന്നു. പലതും അഭിപ്രായം ഉണ്ടാക്കുന്നതിനു വേണ്ടിയുള്ളതാണ്. ഭൂരിപക്ഷം ജനങ്ങളുടെ അഭിപ്രായം ഇതാണ് എന്നു തെറ്റിദ്ധരിപ്പിച്ച് എന്തെങ്കിലും ഉൽപ്പന്നം വിറ്റഴിക്കുകതന്നെ ഉദ്ദേശ്യം.

കമ്പനികൾ വൻതോതിൽ ഡാറ്റ ശേഖരിക്കുണ്ടെങ്കിലും രാഷ്ട്രീയ വ്യതിയാനങ്ങൾ മുൻകൂട്ടി അറിയാൻ വാണിജ്യ സർവെകളൊന്നും പ്രയോജനപ്പെടുന്നില്ല എന്നതും അഭിപ്രായ സർവെ ഭ്രമത്തിനു കാരണമായി കരുതപ്പെടുന്നു. നമ്മുടെ നാട്ടിൽ മാധ്യമങ്ങൾ നടത്തുന്നതാണ് മിക്കവാറും എല്ലാ തിരഞ്ഞെടുപ്പ് ഫലപ്രവചന സർവെകളും. തീർച്ചയായും നാട്ടിലെ നൂറുനൂറു പ്രശ്‌നങ്ങളെക്കുറിച്ചുള്ള ബഹുജനാഭിപ്രായം മനസ്സിലാക്കുക എന്നത് രാഷ്ട്രീയപ്രവർത്തനത്തിന്റെ അനിവാര്യ അറിവാണ്.

പക്ഷേ, അത്തരം സർവെകൾ നടത്താൻ മാധ്യമങ്ങൾക്കോ പാർട്ടികൾക്കോ താല്പര്യമില്ല. മാധ്യമങ്ങൾ താല്പര്യമെടുക്കുന്നത് വോട്ടെടുപ്പ് സർവെയിലാണ്. അതു പ്രേക്ഷകർക്ക് താല്പര്യമുള്ള വിഷയമാണ് എന്നതു തന്നെയാണ് ഇതിന്റെയും കാരണം. കൂടുതൽ പ്രേക്ഷകർ എന്നതിന്റെ അർത്ഥം കൂടുതൽ പരസ്യം, കൂടുതൽ വരുമാനം എന്നതാണ്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ തീരുന്നു ഇതിന്റെ പ്രയോജനം. അക്കാദമിക് പഠനങ്ങൾക്കുപോലും പ്രി പോൾ/ എക്‌സിറ്റ് പോൾ ഫലങ്ങൾ പരിഗണിക്കപ്പെടാറില്ല.

നാട്ടിലെ ഗൗരവമേറിയ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പൊതുജനാഭിപ്രായം സർക്കാറുകളുടെ ശ്രദ്ധയിൽ പെടുത്താൻ മാധ്യമങ്ങൾക്ക് ഇതേ മാർഗം സ്വീകരിക്കാമെങ്കിലും അക്കാര്യത്തിൽ താല്പര്യമില്ലാതെ പോകുന്നത്, ജനങ്ങൾക്കും ഇക്കാര്യത്തിൽ താല്പര്യമില്ല എന്നതുകൊണ്ടു തന്നെയാണ്. ദൃശ്യമാധ്യമം വരുംമുമ്പ് അപൂർവമായി അച്ചടി മാധ്യമങ്ങൾ ഇങ്ങനെ ചെയ്തിട്ടുണ്ട്. പക്ഷേ, ഇതൊരു നഷ്ടക്കച്ചവടമാണ് എന്ന ബോധ്യപ്പെട്ടതുകൊണ്ടാവാം ഉപേക്ഷിക്കപ്പെട്ടു.

തിരഞ്ഞെടുപ്പു ഫലപ്രവചനം കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും പ്രയോജനമുണ്ടാകാറുണ്ടോ? ചാനലുകൾക്കും പാർട്ടിക്കാർക്കും, താല്പര്യമുള്ള വോട്ടർമാർക്കും ചർച്ച ചെയ്യാനൊരു വിഷയം എന്നതിന് അപ്പുറം ഇതിനു പ്രാധാന്യമില്ല, പ്രയോജനവുമില്ല. സർവെ ഫലങ്ങൾ യഥാർത്ഥഫലങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്നുണ്ടോ എന്നാരെങ്കിലും പഠിക്കാറുണ്ടോ?

പല മാധ്യമങ്ങൾ, പല സർവെകൾ, പല ഫലങ്ങൾ…

യഥാർത്ഥ വോട്ടെടുപ്പു ഫലം വരുന്നതോടെ ഇതെല്ലാവരും മറക്കുകയും ചെയ്യും. എൻ.എസ് മാധവൻ മനോരമ പത്രത്തിൽ എഴുതിയ പംക്തി ലേഖനത്തിൽ (26.03.2021) സർവെകളെക്കുറിച്ചു നടന്ന ഒരു സർവെ പരാമർശിക്കുന്നുണ്ട്. ഒരു പക്ഷേ, ഈ വിഷയത്തിൽ രാജ്യത്തു നടന്ന ഏക സർവെ ഇതായിരിക്കാം.

പ്രണോയ് റോയും ദോരബ് ആർ സൊപാരിവാലയും ചേർന്നു നടത്തിയ പഠനത്തിൽ 1980-നും 2019-നും ഇടയിൽ നടന്ന 833 പോൾ സർവെകളിൽ 75 ശതമാനം ശരിയായിരുന്നു എന്നു കണ്ടെത്തി. എക്‌സിറ്റ് പോൾ സർവെകളിൽ 84 ശതമാനം ശരിയായിരുന്നുവത്രെ. തെറ്റാകാനും ശരിയാകാനും ഉള്ള ഫിഫ്റ്റി–ഫിഫ്റ്റി സാധ്യത അല്ലല്ലോ ഇതിൽ എന്നതിൽ എൻ.എസ് മാധവൻ ആശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. നാണയം ഇട്ട് ഹെഡ് ഓർ ടെയ്ൽ നോക്കുന്നതു പോലെ ആയില്ലല്ലോ ശാസ്ത്രീയ സർവെ… ആശ്വാസകരംതന്നെ.

സത്യത്തിൽ, ഇത്തരമൊരു സർവെ നൂറു ശതമാനം ഇല്ലെങ്കിൽ 95 ശതമാനമെങ്കിലും ശരിയായിരിക്കേണ്ടേ ? എക്‌സിറ്റ് പോൾ നൂറു ശതമാനം ശരിയായിരിക്കേണ്ടേ? മാധ്യമങ്ങൾ നടത്തുന്ന ഇത്തരം സർവെകളിൽ മാധ്യമ സ്ഥാപനത്തിന്റെ ഉത്തരവാദിത്തം എത്രത്തോളമുണ്ട് എന്ന് അറിയേണ്ടതുണ്ട്.

ജനങ്ങളോട് ഒരു ബാധ്യതയുമില്ലാത്ത ഏതോ ഒരു കമ്പനി നടത്തുന്ന സർവെയുടെ ഫലം തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടുന്നതിനു തുല്യമാവുമ്പോൾ അതിന്റെ ഉത്തരവാദിത്തം അജ്ഞാത സർവെ കമ്പനിക്കോ അതല്ല മാധ്യമസ്ഥാപനത്തിനോ എന്നു ചോദിക്കേണ്ടതല്ലേ?

ഇന്ത്യ പോലൊരു രാജ്യത്ത്, ജയിക്കുന്നവരുടെ പക്ഷം ചേരുക എന്ന ദൗർബല്യം സാമാന്യജനത്തിൽ കാണുക അസാധാരണമോ അപൂർവമോ അല്ല. ആ പ്രവണത നില നിൽക്കുന്നുണ്ട്. അത്തരമൊരു ജനതയുടെ വോട്ടിങ്ങിനെ സ്വാധീനിക്കുന്നതാണ് സർവെ എന്ന ബോധ്യവും കരുതലും സ്ഥാപനങ്ങൾക്ക് വേണ്ട?

മാതൃഭൂമി, മലയാള മനോരമ, മീഡിയ വൺ, ട്വന്റി ഫോർ തുടങ്ങിയ ചാനലുകൾ ഇത്തവണ നടത്തിയ സർവെകളിൽ പലതിലും പൊതുവായ ജയപരാജയം മാത്രമല്ല ഓരോ മണ്ഡലത്തിലെയും ജയപരാജയങ്ങളും പ്രവചിക്കുകയുണ്ടായി. രണ്ടോ നാലോ ദിവസം നീളുന്ന ‘സസ്‌പെൻസ് ത്രില്ലർ‘ തീർച്ചയായും വൻതോതിൽ പ്രേക്ഷകരെ ആകർഷിക്കും.

അതേ സമയം, പല മണ്ഡലങ്ങളിലെയും തങ്ങളുടെ തന്നെ ഫലപ്രവചനം അവിശ്വാസവും അത്ഭുതവുമാണ് ഉണ്ടാക്കിയതെന്ന് ആങ്കർമാർ തന്നെ പരസ്യമായി പറയുന്നതും കേട്ടു ! പ്രേക്ഷകർ ആരെയാണ് വിശ്വസിക്കേണ്ടത്? മണ്ഡലത്തിൽ നിന്ന് ശരാശരി ഇരുനൂറു പേരിൽനിന്നാണ് അഭിപ്രായം സ്വീകരിച്ചത്. പലരും ഇത് വളരെ കുറഞ്ഞ സംഖ്യയല്ലേ എന്ന അവിശ്വാസമാണ് ഉയർത്തിയത്.

ആ സംഖ്യ സർവെകളുടെ ശാസ്ത്രീയതയ്ക്ക് നിരക്കുന്നതു തന്നെ. എണ്ണമല്ല, ആ മണ്ഡലത്തിന്റെ സ്വഭാവം പൂർണ്ണമായി പ്രതിഫലിക്കുന്ന എണ്ണം അഭിപ്രായവോട്ട് ചെയ്യുന്നവരിൽ ഉണ്ടോ എന്നതാണല്ലോ പ്രധാനം. വോട്ടുപട്ടികയിൽ ഉള്ള വനിതകളുടെ, തൊഴിലാളികളുടെ, മതവിഭാഗങ്ങളുടെ, തൊഴിൽരഹിതരുടെ, ജാതി വിഭാഗങ്ങളുടെ എല്ലാം അനുപാതം അഭിപ്രായം പ്രകടിപ്പിക്കുന്ന മണ്ഡലത്തിലും ഉണ്ടാവണം. ഇതെല്ലാം പാലിക്കുന്നുണ്ടോ എന്നു ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം സർവെ നടത്തുന്ന പ്രൊഫഷനൽ സ്ഥാപനത്തിന്റേതാണ്.

അതവരുടെ നിലനിൽപ്പിന്റെ കൂടി പ്രശ്‌നമാണ്. പത്രങ്ങൾക്ക് സർക്കാർ സമൃദ്ധമായി പരസ്യം കൊടുത്തതിന്റെ നന്ദി പ്രകടിപ്പിക്കാനാണ് മാധ്യമങ്ങൾ എൽ.ഡി.എഫ് അനുകൂല സർവെ ഫലങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് എന്നു പ്രതിപക്ഷം വിമർശിക്കുന്നുണ്ട്. ഇതിനു മറുപടി പറയേണ്ടത് സർവെ നടത്തിയ പ്രൊഫഷനൽ സ്ഥാപനമാണ്. ഇവരുടെ പേരു വെളിപ്പെടുത്തേണ്ട ബാധ്യത മാധ്യമ സ്ഥാപനത്തിനുണ്ടുതാനും.

സ്ഥാനാർത്ഥിനിർണയം പോലും പൂർണമാകുന്നതിനു മുമ്പാണ് പല സർവെകളും നടന്നത്. സർവെ ഫലം കൃത്യമാകണമെന്ന നിർബന്ധമൊന്നും അവർക്കില്ല എന്നാണ് ഇതു കണ്ടപ്പോൾ തോന്നിയത്. സർവെയിൽ, ആർക്കു വോട്ടു ചെയ്യമെന്നു തീരുമാനിച്ചിട്ടില്ല എന്ന മറുപടി പറഞ്ഞവർ ധാരാളമുണ്ടാകും. അതു പ്രധാനസംഖ്യ ആണ്.

മിക്ക സർവെകളിലും ആ സംഖ്യ വെളിപ്പെടുത്തിയേ ഇല്ല. ഓരോ തിരഞ്ഞെടുപ്പിലും നാലിലൊന്നു വരെ വോട്ടർമാർ അവസാനനിമിഷമേ തങ്ങളുടെ തീരുമാനത്തിലെത്തുന്നുള്ളൂ എന്നിരിക്കേ ഇത്തരം സർവെകൾ എത്രത്തോളം സത്യത്തോട് അടുത്തു നിൽക്കും? ഇവിടെയും സത്യമറിയുക എന്നതിനല്ല, നല്ലൊരു വരുമാന അവസരം ഉപയോഗപ്പെടുത്തുക എന്നതു തന്നെയാണ് പ്രധാനം എന്നു വരുന്നു.

പോൾ സർവെകളുടെ വിജയത്തിനും പരാജയത്തിനും രണ്ടു അറ്റങ്ങൾ ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. സാങ്കേതികവിദ്യയും സംവിധാനങ്ങളുമെല്ലാം വളരെ പുരോഗമിച്ച കാലത്ത് -2016-ൽ– നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബഹുഭൂരിപക്ഷം സർവെകളും ഹിലാരി ക്ലിന്റൻ വിജയിക്കും എന്നാണത്രെ പ്രവചിച്ചത്.

ഡൊണാൾഡ് ട്രംപിന്റെ ജയം ആരും പ്രവചിച്ചില്ല എന്നല്ല, ഭൂരിപക്ഷവും ഹില്ലാരിക്ക് ഒപ്പമായിരുന്നു. ഇത് ഇപ്പോഴും സംഭവിക്കുന്നുണ്ട്, ഇനിയും സംഭവിക്കാം. ഇതിന്റെയൊരു മറ്റേയറ്റമുണ്ട്. 1945-ൽ ബ്രിട്ടനിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സർവെ സ്ഥാപനമായ ഗാലപ് നടത്തിയ വോട്ടെടുപ്പിൽ വിൻസ്റ്റൻ ചർച്ചിൽ തോൽക്കും, ലേബർ പാർട്ടി ജയിക്കും എന്നായിരുന്നു പ്രവചനം.

രണ്ടാം ലോകയുദ്ധത്തിൽ ഫാഷിസ്റ്റ് സഖ്യത്തെ തൂത്തെറിഞ്ഞ സൈനിക സഖ്യത്തിന്റെ തലവനായ ചർച്ചിലിനെ ബ്രിട്ടീഷ് ജനത കൈവിടുമെന്ന് അധികമാളുകളൊന്നും കരുതിയതേയില്ല. പക്ഷേ, അതാണ് സംഭവിച്ചത്. ജോർജ് ഗാലപ്പ് എന്ന വിദഗ്ദ്ധൻ 1935-ൽ സ്ഥാപിച്ച കമ്പനിയാണ് 1945-ലെ ഈ സർവെ നടത്തിയിരുന്നത്. അഭിപ്രായവോട്ടിങ്ങിന്റെ ഒരു അപരനാമം തന്നെയായി ഗാലപ്പ്.

(Published in www.newsboardindia.com)

Leave a Reply

Your email address will not be published. Required fields are marked *

Go Top