കലാപകാലത്തെ മാധ്യമപ്രവര്‍ത്തനം

എൻ.പി.രാജേന്ദ്രൻ

സമൂഹത്തിന്റെ പ്രതിസന്ധികളോട്‌ മാധ്യമങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന്‌ ആവര്‍ത്തിച്ച്‌ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്‌. മതത്തിന്റെ പേരില്‍ കലാപങ്ങള്‍ നടന്നപ്പോഴെല്ലാം ഇത്‌ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്‌. കലാപങ്ങള്‍ക്ക്‌ ഇരയായവര്‍ അസംതൃപ്‌തിയും രോഷവും നിറഞ്ഞ വാക്കുകളില്‍ മാധ്യമങ്ങളോട്‌ പ്രതികരിക്കുന്നത്‌ കണ്ടിട്ടുണ്ട്‌. അത്‌ അറുപതുകളിലും എഴുപതുകളിലും. തങ്ങളുടെ യാതനയും നഷ്ടങ്ങളും കലാപകാരികളുടെ ക്രൂരതയും മാധ്യമങ്ങള്‍ വേണ്ടത്ര വിശദമായി ചിത്രീകരിച്ചില്ല എന്നായിരുന്നു അന്നൊക്ക അവര്‍ പരാതിപ്പെടാറുള്ളത്‌.കലാപത്തിന്‌ ചൂട്ടുപിടിക്കുന്ന വിധത്തില്‍ ചില പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തുവെന്ന ആക്ഷേപവും ഉയര്‍ന്നുവന്നിട്ടുണ്ട്‌. അതെല്ലാം സാധാരണയില്‍നിന്നുള്ള അപൂര്‍വമായ വ്യതിയാനങ്ങള്‍ മാത്രം. പ്രസ്‌ കൗണ്‍സിലിന്റെയും എഡിറ്റേഴ്‌സ്‌ ഗില്‍ഡിന്റെയും പ്രതിനിധി സംഘങ്ങള്‍ കലാപം നടന്ന മൊറാദാബാദുകളിലും ഭീവണ്ടികളിലും തെളിവെടുപ്പുകള്‍ നടത്തിയിട്ടുണ്ട്‌. റിപ്പോര്‍ട്ടിങ്ങില്‍ ദുരുദ്ദേശത്തോടെയല്ലാതെ കടന്നു വരുന്ന അബദ്ധങ്ങളും കയറിക്കൂടുന്ന ചില വാക്കുകളും എങ്ങനെ കലാപത്തിന്‌ എണ്ണ പകരുന്നു എന്നവര്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്‌. വര്‍ഗീയകക്ഷികള്‍ നടത്തുന്ന പ്രസിദ്ധീകരണങ്ങള്‍, കലാപത്തിന്‌ ഉത്തരവാദികള്‍ എതിര്‍മതക്കാരും അവരുടെ സംഘടനകളുമാണെന്ന്‌ സ്ഥാപിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും എരിതീയില്‍ ദിവസവും എണ്ണയൊഴിക്കാനൊന്നും അക്കാലത്ത്‌ ആരുമൊരുമ്പെടാറില്ല.ഇപ്പോള്‍ അതെല്ലാം മാറിയിരിക്കുന്നു. ഗുജറാത്ത്‌ കലാപമാണ്‌ ഈ മാറ്റത്തിന്റെ ആരേയും ഞെട്ടിക്കുന്ന പുതിയ രൗദ്രമുഖം പ്രദര്‍ശിപ്പിച്ചത്‌. ഗുജറാത്ത്‌ പോലീസിനെ ഒഴിച്ചുനിര്‍ത്തിയാല്‍ ആരാണ്‌ ഏറ്റവും കുറ്റകരമായ പങ്ക്‌ കലാപത്തില്‍ വഹിച്ചത്‌ എന്ന്‌ ചോദിച്ചാല്‍ ഗുജറാത്ത്‌ സമാചാറും സന്ദേശും എന്ന്‌ ഗുജറാത്തിലെ മുസ്ലിം ജനത വിളിച്ചുപറയുമായിരുന്നു. മെയിന്‍സ്‌ട്രീം വാരികയില്‍ ബതുക്‌ വോറ അന്നെഴുതിയ ലേഖനത്തില്‍ ഈ ഭീകരചിത്രം കൃത്യമായി വരച്ചുവെക്കുകയുണ്ടായി. രണ്ടുപത്രങ്ങള്‍ ഏത്‌ ക്രിമിനല്‍സംഘത്തിനും കഴിയാത്ത തരത്തില്‍ ഹിന്ദുമനസ്സുകളില്‍ പകയും വൈരാഗ്യവും പ്രതികാരബൂദ്ധിയും മൃഗീയമായി ഹിംസയുടെ അഗ്നിയും കോരിയൊഴിച്ചു.

നിയമത്തിന്റെയും മാധ്യമമര്യാദയുടെയും പ്രാഥമികതത്ത്വങ്ങള്‍പ്പോലും പാലിക്കാതെയുള്ള ഈ മാധ്യമപ്രവര്‍ത്തനം എന്തിന്‌ വേണ്ടിയായിരുന്നു എന്ന്‌ എഡിറ്റേഴ്‌സ്‌ ഗില്‍ഡ്‌ പ്രതിനിധികള്‍ ഗുജറാത്ത്‌ സമാചാര്‍, സന്ദേശ്‌ പത്രാധിപന്മാരോട്‌ ചോദിക്കുകയുണ്ടായി. ` ഞങ്ങള്‍ക്ക്‌ പത്രം വില്‍ക്കേണ്ടേ സാര്‍ ? എതിര്‍പത്രം എന്താണ്‌ എഴുതുകയെന്ന്‌ ഞങ്ങള്‍ എങ്ങനെയറിയും ` എന്നാണ്‌ പത്രാധിപന്മാര്‍ തിരിച്ചുചോദിച്ചത്‌. രണ്ടുപത്രങ്ങളുടെയും സര്‍ക്കുലേഷന്‍ കുതിച്ചുകയറി. രണ്ടുകൂട്ടരുമൊരേ രീതിയിലൊരേ കള്ളങ്ങളായിരുന്നു എഴുതിപ്പരത്തിയിരുന്നത്‌ എന്ന്‌ ധരിക്കേണ്ട. സന്ദേശിന്റെ കള്ളങ്ങള്‍ സമാചാര്‍ പിറ്റേന്നുതന്നെ നിഷേധിക്കും, സമാചാറിന്റേത്‌ സന്ദേശും. എന്നിട്ട്‌ സ്വന്തം കള്ളങ്ങള്‍ എഴുതിവിടും. അഹ്‌മദാബാദും രാജ്‌കോട്ടും വഡോദരയും സൂറത്തും കത്തിയപ്പോള്‍ ഭവ്‌നഗര്‍ കത്താനല്‌പ്പം വൈകി.സന്ദേശ്‌ പത്രത്തിന്റെ കൂറ്റന്‍ തലവാചകം ഇതായിരുന്നു -` ഭവ്‌നഗറുകാര്‍ കൈയില്‍ വളയിടുകയാണ്‌ വേണ്ടത്‌ ` – ആണത്തം ചോദ്യം ചെയ്യപ്പെട്ടതുകൊണ്ടാകാം, പിറ്റേന്ന്‌ അവരും കൊലക്കത്തികളുമായി ഇറങ്ങി. കലാപംകഴിഞ്ഞപ്പോള്‍, കലാപം നന്നായി റിപ്പോര്‍ട്ട്‌ ചെയ്‌തതിനുള്ള അഭിനന്ദനക്കത്തുകള്‍ രണ്ടുപത്രങ്ങള്‍ക്കും ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി അയച്ചുകൊടുത്തുവെന്ന കാര്യം പറയാന്‍ വിട്ടുകൂടാ.

എല്ലാം കഴിഞ്ഞ്‌ അനേകവര്‍ഷങ്ങള്‍ക്ക്‌ ശേഷം, കലാപകാലത്തെ രണ്ടുപത്രങ്ങളുടെയും നടപടികള്‍ അങ്ങേയറ്റത്തെ പത്രധര്‍മലംഘനവും മര്യാദകേടമൊക്കയാണെന്ന്‌ പ്രസ്‌ കൗണ്‍സില്‍ വിധി പറഞ്ഞിട്ടുണ്ടാകാം. എന്തോ ഈ ലേഖകന്‍ അതൊന്നും നോക്കിയില്ല. ആ വിധി പ്രസിദ്ധപ്പെടുത്താന്‍ സന്ദേശിനും സമാചാറിനും മനസ്സ്‌ വന്നിട്ടുമുണ്ടാകില്ല. അതുകൊണ്ടൊന്നുമൊരു ദോഷവും അവര്‍ക്ക്‌ സംഭവിച്ചിട്ടില്ല. പ്രസ്‌ കൗണ്‍സിലിന്‌ അത്രയൊക്കെ ചെയ്യാനേ അധികാരമുള്ളൂ.

എല്ലാ പത്രങ്ങളും ഇങ്ങനെയായിരുന്നില്ല. ഇംഗ്‌ളീഷ്‌ പത്രങ്ങളും ദേശീയ ദൃശ്യമാധ്യമങ്ങളും കലാപം കെടുത്താനാണ്‌ ശ്രമിച്ചത്‌. പ്രാദേശികടെലിവിഷന്‍ ചാനലുകള്‍ സന്ദേശ്‌-സമാചാര്‍ പാത പിന്തുടര്‍ന്നു. ഗുജറാത്ത്‌ ടുഡെ പോലുള്ള പത്രങ്ങള്‍ സാമാന്യം നിഷ്‌പക്ഷതയോടെ റിപ്പോര്‍ട്ടിങ്‌ നിര്‍വഹിച്ചു. മാധ്യമങ്ങള്‍ എന്ന്‌ വിമര്‍ശകര്‍ അടക്കിപ്പറയുമ്പോഴും വ്യക്തികളും സംഘടനകളും എങ്ങനെ വ്യത്യസ്‌തമായിരിക്കുന്നുവോ അതുപോലെ മാധ്യമങ്ങളും വ്യത്യസ്‌തങ്ങളായിരുന്നു എന്ന്‌ പറയാതെവയ്യ. അവരൊന്നുമൊറ്റവഴിക്കല്ല നീങ്ങിയത്‌. പക്ഷേ, തെറ്റായ വഴിക്ക്‌ പോകുന്നവരുടെ എണ്ണം വല്ലാതെകൂടിയിരിക്കുന്നു. വെറുമാവേശം കൊണ്ടോ അറിവില്ലായ്‌മ കൊണ്ടോ വരുത്തുന്ന ചെറിയ തെറ്റുകളായിരുന്നില്ല അവരുടേത്‌. ചിന്തിച്ചുറപ്പിച്ച, കൃത്യമായ ഉദ്ദേശ്യങ്ങളുള്ളതായിരുന്നു അവയുടെ അതിക്രമങ്ങള്‍. കുടുതല്‍ മാധ്യമങ്ങള്‍ ആ വഴിയിലേക്ക്‌ നീങ്ങുന്നു, അങ്ങേയറ്റം ആശങ്കാകുലമാണ്‌ സ്ഥിതി.

ഗുജറാത്തില്‍ നിന്ന്‌ വളരെയൊന്നും അകലെയല്ല കര്‍ണാടകം എന്ന്‌ അവിടെനിന്നുള്ള വാര്‍ത്തകള്‍ വെളിവാക്കുന്നു. മതേതരവും മൂല്യവത്തുമായ പത്രപ്രവര്‍ത്തനത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും നീണ്ട ചരിത്രം ഈ പ്രദേശത്തിനുണ്ട്‌. വാളേന്തി വന്നവരല്ല കാനറയിലെ ആദ്യകാല മുസ്ലിങ്ങള്‍. ദേശീയപ്രസ്ഥാനത്തിലും പ്രാദേശിക സംസ്‌കാരത്തിന്റെ പരിപോഷണത്തിലും മതവ്യത്യാസമുണ്ടായിട്ടില്ല. പക്ഷേ, ദക്ഷിണ കാനറയിലും ഹിന്ദുത്വവാദികള്‍ പ്രകോപനമില്ലാതെ വിദ്വേഷത്തിന്റെ വിത്തുവിതച്ചു. അവിടെയും ഇവിടെയും ചെറുതുംവലുതുമായ ഏറ്റുമുട്ടലുകളുണ്ടായി മംഗലാപുരം കടുത്ത വര്‍ഗീയാക്രമണത്തിന്റെ വേദിയായി. അപ്പോള്‍ മാധ്യമങ്ങളും ഗുജറാത്ത്‌ വഴിയിലേക്ക്‌ പോകാന്‍ ഒരുമ്പെടുകയാണുണ്ടായത്‌. മതേതരവും യുക്തിപൂര്‍ണവുമായി പ്രശ്‌നങ്ങളെ വിലയിരുത്തി സമൂഹത്തിന്‌ വെളിച്ചമാകാനോ വസ്‌തുനിഷ്‌ഠമായ റിപ്പോര്‍ട്ടിങ്ങിലൂടെ നാട്ടിലെ സൗഹാര്‍ദ്ദാന്തരീക്ഷം വളര്‍ത്താനോ അല്ല അവ ശ്രമിച്ചത്‌.
ഗുജറാത്തിലായാലും കര്‍ണാടകയിലായാലും കേരളത്തിലായാലും പൊതുവായി കാണുന്ന പ്രവണതകള്‍ അവഗണിക്കാന്‍ മാധ്യമനിരീക്ഷകന്‌ കഴിയില്ല. സമീപകാലത്ത്‌ ഇതിനെക്കുറിച്ചുള്ള ആശങ്കകളും ചര്‍ച്ചകളും ഏറിവരുന്നുമുണ്ട്‌. അവിടെയും ഇവിടെയും ഉണ്ടായ ബോംബ്‌ സ്‌ഫോടനങ്ങളെത്തുടര്‍ന്ന്‌ നാട്ടിലെങ്ങും പ്രത്യേകമൊരു മതവിഭാഗക്കാരോടുള്ള സമീപനം സംശയാസ്‌പദമാകുന്നു. യഥാര്‍ഥത്തില്‍ നടന്ന സംഭവങ്ങളേക്കാള്‍ പലമടങ്ങ്‌ പോലീസ്‌ ഉണ്ടാക്കിയെടുത്ത കഥകളും സംശയങ്ങളും ആണ്‌ മുസ്ലിങ്ങളെ മുഴുവന്‍ അക്രമകാരികളും ഭീകരവാദികളുമായി കാണാന്‍ ഭൂരിപക്ഷസമുദായത്തിന്‌ പ്രേരണയായത്‌. താടിയും തൊപ്പിയുമുള്ളവരെല്ലാം ഭീകരവാദികളോ അവരുടെ പിന്തുണക്കാരെങ്കിലുമോ ആണെന്ന ധാരണ ഭൂരിപക്ഷസമുദായത്തിലെ കൊച്ചുകുട്ടികള്‍ക്ക്‌ പോലും ഉണ്ടാക്കുന്നതിലൂടെ ഒരു രാഷ്‌ട്രീയലക്ഷ്യമാണ്‌ വിഭാഗീയതയുടെയും വര്‍ഗീയതയുടെയും ശക്തികള്‍ നേടിയെടുക്കുന്നത്‌. കുറെ അറിഞ്ഞും കുറെ അറിയാതെയും മാധ്യമപ്രവര്‍ത്തകനും ആ രാഷ്‌ട്രീയ ഗൂഡാലോചനയില്‍ പങ്കാളിയാകുന്നു.

മാധ്യമശൈലിയും സ്ഥാപനങ്ങളുടെ നിലപാടും വ്യക്തികളുടെ സമീപനവുവെല്ലാം വ്യത്യസ്‌തങ്ങളായിരിക്കുമ്പോള്‍തന്നെ തൊഴില്‍പരമായി കുറെയേറെ സമാനതകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലുണ്ട്‌. വാര്‍ത്താശേഖരണവും അതിന്റെ വിതരണവും ഏതാണ്ടൊരേ രീതിയിലാണ്‌ എല്ലാ മാധ്യമസ്ഥാപനങ്ങളും നിര്‍വഹിക്കുന്നത്‌. സമീപകാലത്ത്‌ മാധ്യമവിശ്വാസ്യതയ്‌ക്ക്‌ നേരെ ഉയര്‍ന്നിട്ടുള്ള ചോദ്യങ്ങളേറെയും ഈ പരിസരത്ത്‌ നിന്നാണ്‌ രൂപപ്പെട്ടതെന്ന്‌ കാണാന്‍ കഴിയും.

അതെങ്ങനെ സംഭവിക്കുന്നു ? രണ്ട്‌ രീതിയില്‍ ഇതിന്റെ രൂപവല്‍ക്കരണം നടക്കുന്നുണ്ട്‌. പത്രപ്രവര്‍ത്തകന്റെ തൊഴില്‍പരമായ പരിമിതിയും സമീപനപരമായ ദൗര്‍ബല്യവുമാണൊരുവഴി.. ഇതിന്റെ ഉത്ഭവം വാര്‍ത്താസ്രോതസ്സില്‍ നിന്നാണ്‌. രണ്ടാമത്തെ പ്രശ്‌നം വിപണിക്കൊത്ത്‌ വാര്‍ത്തകള്‍ നല്‍കുന്ന പുതിയ കാല സമീപനമാണ്‌.

മാധ്യമപ്രവര്‍ത്തകന്റെ മുഖ്യസോഴ്‌സ്‌ -വാര്‍ത്താ സ്രോതസ്‌- ഏത്‌ വ്യവസ്ഥയിലും ഔദ്യോഗികകേന്ദ്രങ്ങളാണ്‌. മോഷണമാകട്ടെ കൊലപാതകമാകട്ടെ ഭീകരാക്രമണമാകട്ടെ പോലീസില്‍ നിന്നുള്ള വിവരങ്ങള്‍ ആണ്‌ മാധ്യമപ്രവര്‍ത്തകന്റെ അസംസ്‌കൃതപദാര്‍ഥം. ഡെഡ്‌ ലൈന്‍ അവന്റെ തലയ്‌ക്ക്‌ മുകളില്‍ തൂങ്ങിനില്‍ക്കുന്നു. പോലീസിന്‌ കേസ്സന്വേഷിക്കാനും കുറ്റപത്രമുണ്ടാക്കാനും മാസങ്ങളെടുക്കാം. പത്രങ്ങളിലെ റിപ്പോര്‍ട്ടര്‍ക്ക്‌ സന്ധ്യവരെയോ രാത്രിവരെയോ വിവരങ്ങള്‍ ക്രോസ്‌ ചെക്ക്‌ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും ചെലവഴിക്കാം. ടെലിവിഷന്‍ പത്രപ്രവര്‍ത്തകന്‌ ഈ ആഡംബരവുമില്ല. ഓരോ മിനിട്ടും അവന്റെ ഡെഡ്‌ലൈന്‍ ആണ്‌. എതിര്‍ചാനല്‍ ഫ്‌ളാഷ്‌ അടിക്കുംമുമ്പ്‌ ഇവന്‍ അടിച്ചിരിക്കണം. ആഴത്തിലുള്ള അന്വേഷണമൊന്നും സാധ്യമല്ല. വിവരങ്ങളുടെ സത്യാവസ്ഥ തിരക്കാന്‍ സമയമെടുക്കുന്ന ലേഖകനെ പ്രേക്ഷകനും വേണ്ട മാധ്യമസ്ഥാപനത്തിനും വേണ്ട, എല്ലാചാനലും കൊടുത്ത വിവരം ശരിയായാലും അല്ലെങ്കിലും ഒരു ചാനലില്‍ വന്നില്ലെങ്കില്‍ നാട്ടുകാര്‍ക്കും പുച്ഛമാണ്‌. അത്തരം ചാനലിനെ നാട്ടുകാര്‍ക്കും വേണ്ട. വസ്‌തുനിഷ്‌ഠമാധ്യമപ്രവര്‍ത്തനത്തിന്‌ നേരെ ഉയര്‍ന്ന ആദ്യത്തെ കത്തിയാണിത്‌. രണ്ടോ മൂന്നോ പത്രങ്ങള്‍ മാത്രം ഉണ്ടായിരുന്ന കാലത്ത്‌ സംശയകരമായ വാര്‍ത്തകള്‍ തള്ളിക്കളയാന്‍ ലേഖകന്‌ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇന്ന്‌ ലേഖകര്‍ക്കൊന്നും ആ സ്വാതന്ത്ര്യമില്ല. നിങ്ങള്‍ കൊടുക്കുന്നുണ്ടോ, ഇല്ലെങ്കില്‍ ഞാന്‍ ഈ വാര്‍ത്ത മറ്റേ പത്രത്തിന്‌ കൊടുക്കും എന്ന്‌ വാര്‍ത്ത കൊണ്ടുവരുന്ന ആള്‍ പറയേണ്ട താമസമേ ഉള്ളൂ ലേഖകന്‍ പേനയെടുത്ത്‌ എഴുതിത്തുടങ്ങും.

ലേഖകന്മാര്‍ക്ക്‌ ബഹുഭൂരിപക്ഷം വാര്‍ത്തകളും നല്‌കുന്നത്‌ ഔദ്യോഗിക വക്താക്കള്‍ ആണെന്നുപറഞ്ഞല്ലോ. പത്രസമ്മേളനങ്ങള്‍ നടത്തി എല്ലാവര്‍ക്കുമായി നല്‍കുന്ന വാര്‍ത്തയായാലും ചിലര്‍ക്കുമാത്രമായി ചോര്‍ത്തി നല്‌കുന്ന വാര്‍ത്തയായാലും വാര്‍ത്ത നല്‍കുന്ന ആള്‍ക്ക്‌ മാധ്യമങ്ങളുടെ മേല്‍ പ്രകടമായ ആധിപത്യം ഉണ്ടാകുന്നു എന്ന വസ്‌തുത മാധ്യമരംഗത്തുള്ള ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. വാര്‍ത്ത ലേഖകന്റെ അന്നമാണ്‌. അത്‌ നല്‌കുന്നവനോട്‌ അന്നം നല്‌കുന്നവനോട്‌ ഉള്ളതുപോലുള്ള ആശ്രിതത്വംതന്നെ ഉണ്ടാകുന്നുണ്ട്‌. മാധ്യമപ്രവര്‍ത്തകനും മാധ്യമസ്ഥാപനത്തിനും കടുത്ത ഇച്ഛാശക്തിയുണ്ടെങ്കിലേ പല സോഴ്‌സുകളെയും അവഗണിക്കാന്‍ കഴിയൂ. ബൈലൈന്‍ എക്‌സ്‌ക്ലൂസിവുകളോട്‌ പല ലേഖകര്‍ക്കും മദ്യപാനികള്‍ക്ക്‌ മദ്യത്തോടുള്ളത്‌ പോലുള്ള ആകര്‍ഷണമാണുള്ളത്‌. ഒരു വിധപ്പെട്ട തത്ത്വം പറച്ചിലുകളൊന്നും അവരെ പിന്തിരിപ്പിക്കില്ല. ന്യൂനപക്ഷവര്‍ഗീയത, ഭീകരപ്രവര്‍ത്തനം, രാജ്യസ്‌നേഹം പോലുള്ളതാണ്‌ വിഷയങ്ങളെങ്കില്‍ കൃത്യമായ നിലപാടുകളില്ലാത്തവര്‍ (കൃത്യമായ വര്‍ഗീയ നിലപാടുകളുള്ളവരുടെ കാര്യം പറയാനുമില്ല) വാര്‍ത്തയുടെ ആകര്‍ഷണത്തില്‍ വീഴുകതന്നെ ചെയ്യും. മിക്കപ്പോഴും ദിവസത്തെ വാര്‍ത്തയുടെ അജന്‍ഡ വാര്‍ത്താചാനലുകള്‍തന്നെ നിശ്ചയിച്ചുകഴിഞ്ഞിരിക്കും. രാവിലെതൊട്ടേ ചാനലുകള്‍ വിളിച്ചുപറഞ്ഞതിന്‌ വിരുദ്ധമായ വാര്‍ത്ത നല്‍കാനുള്ള പ്രിന്റ്‌ മീഡിയയുടെ കഴിവ്‌ അനുദിനം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്‌.

കുറ്റാന്വേഷണം സംബന്ധിച്ച്‌ പോലീസ്‌ നല്‍കുന്നതാണ്‌ വാര്‍ത്തയെങ്കില്‍ വാര്‍ത്താലേഖകന്‌ എത്രത്തോളം അതിനെ അവിശ്വസിക്കാന്‍ കഴിയുമെന്ന ചോദ്യവുമുണ്ട്‌. പോലീസ്‌ എന്നത്‌ ഔദ്യോഗിക അന്വേഷണ ഏജന്‍സിയാണ്‌. സമൂഹം അവര്‍ക്ക്‌ ഏല്‍പ്പിച്ചുകൊടുത്ത ചുമതലയാണ്‌ കുറ്റാന്വേഷണം. അതവര്‍ സത്യസന്ധമായി നിര്‍വഹിക്കുന്നുണ്ടോ എന്ന നോക്കാന്‍ സംവിധാനമുണ്ട്‌ എന്നാണ്‌ സങ്കല്‍പ്പം. കുറ്റാന്വേഷകര്‍ എല്ലാ ദിവസവും പോലീസ്‌ സ്റ്റേഷനില്‍നിന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ വാര്‍ത്ത നല്‍കുന്നുണ്ട്‌. മോഷണശ്രമത്തിന്‌ അറസ്റ്റ്‌ ചെയ്‌തു എന്നുപറയുന്നയാളെ ലേഖകന്‍ നേരിട്ട്‌ ചെന്നുകണ്ട്‌ തന്നെ മോഷണശ്രമത്തിനിടയില്‍തന്നെയാണോ അറസ്റ്റ്‌ ചെയ്‌തത്‌ എന്നുചോദിക്കാറില്ല. സോഴ്‌സുകളെപ്പോലും ചിലപ്പോള്‍ കാര്യമായ ചോദ്യം ചെയ്യാതെയാണ്‌ വാര്‍ത്ത എഴുതുന്നത്‌. വിശ്വാസ്യമായ വൃത്തങ്ങള്‍ എന്ന വിശേഷണത്തില്‍ എല്ലാ സര്‍ക്കാര്‍ അധികാരികളും പെടും. അവര്‍ വിശ്വസ്ഥരാണ്‌ എന്നാണ്‌ വിശ്വാസം. ദിവസവും വന്നുവീഴുന്ന വാര്‍ത്തകളെക്കുറച്ചെല്ലാം അവിശ്വാസം തോന്നാനും അന്വേഷിച്ച്‌ സത്യം കണ്ടെത്താനും മാധ്യമപ്രവര്‍ത്തകന്‌ കഴിയുമോ?

ക്രമസമാധാനഏജന്‍സികളുടെ അവകാശവാദമാകട്ടെ , പിടിയിലായ പൗരന്റെ നിരപരാധിത്വ അവകാശവാദമാകട്ടെ സത്യമേത്‌ എന്ന്‌ കണ്ടെത്താന്‍ മാധ്യമപ്രവര്‍ത്തകന്‌ സംവിധാനമില്ല. പ്രത്യക്ഷത്തില്‍ അവിശ്വസനീയമായ കാര്യം പോലും കോടതിയുടെ വിധിക്ക്‌ വിട്ടുകൊടുത്ത്‌ കൈയുംകെട്ടിയിരിക്കാനേ കഴിയാറുള്ളൂ. ലേഖകന്റെ മുന്‍വിധികള്‍ക്കും നിലപാടുകള്‍ക്കുമൊപ്പം നില്‍ക്കുന്നതാണ്‌ വാര്‍ത്തയെങ്കില്‍ അവിശ്വാസത്തിന്റെ പ്രശ്‌നമേ ഉദിക്കുന്നില്ല. പ്രതിസ്ഥാനത്ത്‌ മുസ്ലിങ്ങള്‍ വരുമ്പോള്‍ മാത്രമാണ്‌ മാധ്യമപ്രവര്‍ത്തകന്‍ പോലീസിനെ അപ്പടി വിശ്വസിക്കുന്നത്‌ എന്ന ധാരണ ശരിയല്ല. സ്വാതന്ത്ര്യം കിട്ടിയിട്ട്‌ അറുപതിലേറെ വര്‍ഷങ്ങളായി. ഇപ്പോള്‍ മാത്രമാണ്‌ മുസ്ലിം ഭീകരതയും മുസ്ലിം ഭീകരരുമായുള്ള ഏറ്റുമുട്ടലുകളും ഉണ്ടാകുന്നത്‌. ഇതിനുമുമ്പും മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ഇങ്ങനെത്തന്നെയാണ്‌ പെരുമാറിപ്പോന്നിട്ടുള്ളത്‌. ആന്ധ്രപ്രദേശിലെ വ്യാജഏറ്റുമുട്ടലുകളും കാശ്‌മീരിലെ വ്യാജഏറ്റുമുട്ടലുകളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റുമുട്ടലുകളും പൗരാവകാശ സംഘടനകള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട്‌ എത്ര പതിറ്റാണ്ടുകളായി ! മുംബൈയില്‍ അധോലോകസംഘാംഗങ്ങള്‍ എന്ന്‌ പറയപ്പെടുന്നവരെ പൊതുജനമധ്യത്തിലിറക്കിി നിര്‍ത്തിയാണ്‌ പലപ്പോഴും വെടിവെച്ചുകൊല്ലാറുള്ളത്‌. പൊതുജനത്തിന്‌ അതിലൊട്ടും വിരോധമുണ്ടാകാറില്ല. അങ്ങനെ കൊല്ലുന്ന പോലീസ്‌ ഉദ്യോഗസ്ഥന്മാര്‍ ജനമധ്യത്തില്‍ വീരനായകന്മാരാണ്‌. സിഖ്‌ തീവ്രവാദത്തിന്റെ കാലത്ത്‌ എത്രയോ കുടുംബങ്ങളെ ഒന്നടങ്കം വെടിവെച്ചുകൊന്നിട്ടുണ്ട്‌ . ആരെങ്കിലും അതുന്നയിച്ചിട്ടുണ്ടോ എന്നറിയില്ല.ബട്‌ലാ ഹൗസ്‌ സംഭവം ഉണ്ടാക്കിയ ഒച്ചപ്പാട്‌ പോലും പഞ്ചാബ്‌ ഗ്രാമത്തില്‍ ഒരു വിവാഹപ്പാര്‍ട്ടിയെ തടഞ്ഞുനിര്‍ത്തി കുഞ്ഞുങ്ങളെവരെ വെടിവെച്ചുകൊന്നപ്പോള്‍ ഉണ്ടായിട്ടില്ല എന്നോര്‍ക്കണം.

കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ പ്രാഥമികമായ മാധ്യമമര്യാദ പാലിക്കപ്പെടുന്നില്ല എന്നതാണ്‌ വലിയ പ്രശ്‌നം. പോലീസ്‌ പ്രതിയാകുന്നയാള്‍ കുറ്റവാളിയാകാനും ആകാതിരിക്കാനും സാധ്യതയുണ്ടെന്നത്‌ പ്രാഥമിക ജുഡീഷ്യല്‍ തത്ത്വമാണ്‌. സ്‌ത്രീപീഡനമായാലും മോഷണമായാലും ഭീകരപ്രവര്‍ത്തനമായാലും കുറ്റവാളിയായി കോടതി കണ്ടെത്തുന്നതുവരെ പ്രതി എന്നല്ലാതെ കുറ്റവാളി എന്ന്‌ വിശേഷിപ്പിച്ചുകൂടാ എന്ന തത്ത്വം ഇതുവരെ മാധ്യമങ്ങള്‍ സ്വീകരിച്ചിട്ടില്ല. ചോദ്യംചെയ്യാന്‍ കസ്റ്റഡിയെലുക്കപ്പെടുന്നവനെപ്പോലും വധശിക്ഷക്ക്‌ വിധിക്കപ്പെട്ടവനെയെന്ന പോലെ കൈകാര്യംചെയ്യുന്നത്‌ എന്തുനിയമപ്രകാരമാണ്‌, ഏത്‌ ധര്‍മപ്രകാരമാണ്‌ ?

അന്വേഷണ ഏജന്‍സികളുടെ പക്ഷം സത്യത്തിന്റെ പക്ഷമാണ്‌ എന്ന അന്ധമായ വിശ്വാസം മാധ്യമങ്ങള്‍ വെടിയേണ്ട കാലമായിട്ടുണ്ട്‌. കോടതിവിധികള്‍ പോലും നൂറുശതമാനം ശരിയല്ലെന്നല്ലേ വ്യത്യസ്‌തകോടതികളില്‍ നിന്നുണ്ടാകുന്ന പരസ്‌പരവിരുദ്ധങ്ങളായ വിധികള്‍ വ്യക്തമാക്കുന്നത്‌. ആ നിലയ്‌ക്ക്‌ കേസ്സിന്റെ വിധിവരുംവരെ പ്രതിഭാഗത്തെയും പ്രോസിക്യൂഷനെയും തുല്യനിലയില്‍ കാണാന്‍ മാധ്യമങ്ങള്‍ തയ്യാറാകേണ്ടതുണ്ട്‌ എന്നാണ്‌ തോന്നുന്നത്‌. ഇപ്പോള്‍ പ്രോസിക്യൂഷന്‍പക്ഷവും കുറ്റാന്വേഷകരും നല്‍കുന്ന വിവരങ്ങള്‍ ചോദ്യങ്ങളൊന്നും ചോദിക്കാതെ വിഴുങ്ങാന്‍ നിര്‍ബന്ധിതമാകുകയാണ്‌ മാധ്യമങ്ങളും ജനങ്ങളും. കൊലക്കേസ്‌പ്രതി ചോദ്യംചെയ്‌തപ്പോള്‍ കുറ്റം സമ്മതിച്ചു എന്ന്‌ പോലീസ്‌ വിവരം നല്‍കാറുണ്ട്‌. സംഭവം ശരിയോ എന്ന്‌ പ്രതിയോട്‌ ചോദിക്കാന്‍ ഇക്കാലം വരെ മാധ്യമപ്രവര്‍ത്തകന്‌ അവസരം പോലീസ്‌ നല്‍കിയിട്ടില്ല. കണ്ണടച്ചുവിശ്വസിക്കുകയേ നിവൃത്തിയുള്ളൂ. പോലീസ്‌ സ്റ്റേഷനില്‍ കിടക്കുന്ന പ്രതിയെക്കൊണ്ട്‌ എന്തുകുറ്റമാണ്‌ സമ്മതിപ്പിക്കാന്‍ കഴിയാത്തത്‌ ? ഗാന്ധിജിയെ കൊന്നകുറ്റംപോലും ആരെക്കൊണ്ടും സമ്മതിപ്പിക്കാനാകും !

കുറ്റകൃത്യറിപ്പോര്‍ട്ടിങ്ങിലെ ഈ അനീതിയെക്കുറിച്ച്‌ സമീപകാലത്ത്‌ ചര്‍ച്ചയുയര്‍ന്നത്‌ തീവ്രവാദി സംഭവങ്ങളുമായി ബന്ധപ്പെട്ട്‌ പ്രത്യേകമൊരു സമുദായത്തില്‍ പെട്ടവര്‍ മാത്രം അറസറ്റ്‌ ചെയ്യപ്പെട്ടപ്പോഴാണ്‌. ഇക്കാര്യത്തില്‍ പൊതുജനസംഘടകളുടെ സമീപനവും പക്ഷപാതപരമായിരുന്നു. മാധ്യമങ്ങളാണ്‌ കുറെക്കൂടി സത്യസന്ധമായ നിലപാട്‌ സ്വീകരിക്കാറുള്ളത്‌. മുസ്ലിങ്ങളെ ഭീകരരായി മുദ്രകുത്തി അറസ്റ്റ്‌ ചെയ്യുകയോ വെടിവെച്ചുകൊല്ലുകയോ ചെയ്‌താല്‍ അതില്‍ ആയിരം സംശയങ്ങളുമായി മുസ്ലിംസംഘടനകള്‍ രംഗത്തുവരും. ഹിന്ദുവര്‍ഗീയസംഘടനകള്‍ക്കാവട്ടെ യാതൊരു സംശയവും ഈ അറസ്‌റ്റിനെയും പോലീസ്‌ നിലപാടിനെയും കുറിച്ചുണ്ടാവുകയില്ല. ബട്‌ല സംഭവത്തെകുറിച്ച്‌ മുസ്ലിംസംഘടനകള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക്‌ രണ്ടു പടി മുകളിലായിരുന്ന മാലെഗാവ്‌ സ്‌ഫോടനങ്ങള്‍ക്ക്‌ ഹിന്ദുസന്യാസിനിയും മറ്റുംഅറസ്റ്റ്‌ ചെയ്യപ്പെട്ടപ്പോള്‍ ഹിന്ദുത്വസംഘടനകള്‍ ഉന്നയിച്ച സംശയങ്ങള്‍. സിസ്റ്റര്‍ അഭയ കേസ്സില്‍ ക്രിസ്‌ത്യന്‍ പുരോഹിതരെപിടികൂടിയപ്പോള്‍ ക്രിസ്‌ത്യന്‍ സംഘടനകള്‍ക്ക്‌ പ്രതികളുടെ സത്യസന്ധതയിലും സദാചാരനിഷ്‌ഠയിലും ഒട്ടുമുണ്ടായിരുന്നില്ല സംശയം. എല്ലാറ്റിലും മാധ്യമങ്ങള്‍ ഏതാണ്ടൊരേ നിലപാടായിരുന്നു എന്നുപൊതുവായി പറയാം. പോലീസ്‌ കൊലയാളിയെന്ന്‌ പറയുന്നവരെ മാധ്യമങ്ങള്‍ വാക്കുകള്‍കൊണ്ടു തൂക്കിക്കൊല്ലുകതന്നെ ചെയ്യും. വിധിവരാനൊന്നും അവര്‍ കാത്തുനില്‍ക്കാറില്ല.

വിപണിക്കൊത്ത്‌ വാര്‍ത്തകള്‍ നല്‍കുക എന്നത്‌ പുതിയ സമീപനമാണ്‌. ഏതെങ്കിലും ശക്തികള്‍ നിരന്തരമായ പ്രചാരണത്തിലൂടെ സമ്പൂര്‍ണമായി മസ്‌തിഷ്‌കപ്രക്ഷാളനം ചെയ്‌തുകഴിഞ്ഞ സമൂഹത്തില്‍ ആ ശക്തികള്‍ക്കൊപ്പം നില്‍ക്കുകയേ വിപണിവിജയത്തിനപ്പുറമൊരു ലക്ഷ്യവുമില്ലാത്ത മാധ്യമം ചെയ്യുകയുള്ളൂ. ജാതിയായാലും മതമായാലും അധീശത്വമുള്ള പക്ഷത്താണ്‌ മാധ്യമങ്ങള്‍ നില്‍ക്കുക. ഇതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തിട്ട്‌ കാര്യമില്ലാതായിട്ടുണ്ട്‌. ചര്‍ച്ച ചെയ്യാവുന്ന കാര്യം, വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുംവിധം എസ്‌.എം.എസ്‌ സന്ദേശമയച്ചാല്‍പ്പോലും കേസ്സെടുത്ത്‌ ജയിലിലടക്കാന്‍ നാട്ടില്‍ നിയമമുണ്ടെന്നിരിക്കേ എന്ത്‌ കൊണ്ട്‌ ഒരുസംസ്ഥാനത്തെ മുഴുവന്‍ അഗ്നിക്കിരയാക്കാന്‍ കാരണക്കാരാകുന്ന പത്രസ്ഥാപനങ്ങള്‍ക്കെതിരെ പെറ്റിക്കേസ്‌ പോലും ഉണ്ടാകുന്നില്ല എന്നതാണ്‌. തങ്ങള്‍ക്ക്‌ മാധ്യമസ്ഥാപനത്തെ ശിക്ഷിക്കാന്‍ അധികാരമില്ല എന്ന്‌ പറഞ്ഞ്‌ മാറിനില്‍ക്കുകയേ ഉള്ളൂ പ്രസ്‌ കൗണ്‍സില്‍. കള്ളക്കഥകള്‍ എഴുതി ജനങ്ങളെ കൊല്ലിച്ച പത്രങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ക്രമസമാധാനഏജന്‍സികളോട്‌ ആവശ്യപ്പെടാന്‍പോലും അവര്‍ തുനിയാറില്ല.

പ്രസ്‌ കൗണ്‍സിലിന്‌ ശിക്ഷാധികാരം നല്‍കണമോ എന്നത്‌ മറ്റൊരു വിഷയമാണ്‌. സാധാരണസംഗതികളില്‍ അത്തരമൊരു അധികാരം നല്‍കുന്നത്‌ സ്വതന്ത്രപത്രപ്രവര്‍ത്തനത്തിന്‌ ഹാനികരമാണ്‌ എന്ന കാര്യത്തിലും സംശയമില്ല. എന്നാല്‍ സംസ്ഥാനത്തെയോ രാജ്യത്തെത്തന്നെയോ ആഭ്യന്തരകലാപത്തിലേക്ക്‌ തള്ളിവിടുന്നത്‌ മാധ്യമസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യമേ അല്ല. അത്‌ രാജ്യദ്രോഹത്തിന്‌ തുല്യമായ കുറ്റകൃത്യമാണ്‌. അത്തരം സന്ദര്‍ഭത്തിലെങ്കിലും എന്തുകൊണ്ട്‌ പ്രസ്‌ കൗണ്‍സിലിന്‌ ശിക്ഷാധികാരം നല്‍കിക്കൂടാ എന്ന ചോദ്യം ഇനിയെങ്കിലും ഗൗരവമായി ഉയര്‍ത്തപ്പെടേണ്ടതുണ്ട്‌.

ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഭീകരതയും അതിനെ കൈകാര്യം ചെയ്യുന്ന രീതിയും രണ്ടുമൊരു പോലെ മുസ്ലിം സമൂഹത്തിന്റെ ഗുരുതരമായ അന്യവല്‍ക്കരണത്തിലേക്കാണ്‌ നയിക്കുന്നത്‌. കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളില്‍ മുസ്ലിങ്ങള്‍ മുഖ്യധാരയിലേക്ക്‌ മെല്ലെകടന്നുവരുന്ന ഈ ഘട്ടത്തിലാണ്‌ പ്രകോപനരഹിതമായ ഭീകരാക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്‌. ഇതിന്റെ ലക്ഷ്യത്തെക്കുറിച്ച്‌ നമുക്ക്‌ ഊഹിക്കാനേ കഴിയൂ, അല്ലെങ്കില്‍ ഊഹിക്കാന്‍പോലും കഴിയുന്നില്ല എന്നും പറയാം. കേരളം കര്‍ണാടകത്തില്‍നിന്നോ ഗുജറാത്തില്‍നിന്നുപോലുമോ വളരെയൊന്നും അകലെയല്ല എന്ന വസ്‌തുത നമ്മെ ഭയപ്പെടുത്തുന്നുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

Go Top