മാധ്യമങ്ങളും കേരളസമൂഹവും

എൻ.പി.രാജേന്ദ്രൻ

കേരളത്തിലെ പത്രപ്രവര്‍ത്തനത്തിന്റെ തുടക്കം, യഥാര്‍ത്ഥത്തില്‍ കേരളത്തിലെ നവോത്ഥാനത്തിന്റെ തുടക്കം തന്നെയാണ്‌ എന്ന്‌ ചിന്തകനും ചരിത്രവ്യാഖ്യാതാവും കൂടിയായ ഇ.എം.എസ്‌ നമ്പൂതിരിപ്പാട്‌ പറഞ്ഞുവെച്ചിട്ടുണ്ട്‌. നൂറ്റമ്പത്‌ വര്‍ഷത്തിലേറെ നീണ്ട ചരിത്രം മലയാളപത്രപ്രവര്‍ത്തനത്തിനുണ്ട്‌. കേരളത്തിന്റെ സമീപകാല ചരിത്രത്തെ പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തില്‍ നിന്ന്‌ വേര്‍തിരിച്ച്‌ രേഖപ്പെടുത്തുക അസാദ്ധ്യം തന്നെയാണ്‌.കേരളത്തിലല്ലാതെ മറ്റൊരിടത്തും സാമൂഹിക-രാഷ്ട്രീയമാറ്റവും പത്രപ്രവര്‍ത്തനവും ഇത്രയേറെ ഇഴപിരിഞ്ഞ്‌ തമ്മില്‍ വേര്‍തിരിച്ച്‌ കാണുക പ്രയാസമായ നിലയില്‍ ഉണ്ടാവില്ല. സാമൂഹ്യമാറ്റങ്ങളെ പത്രപ്രവര്‍ത്തനത്തേയും പത്രപ്രവര്‍ത്തനം സാമൂഹ്യമാറ്റത്തേയും സ്വാധീനിച്ചുപോന്നു

കേരളത്തിലെ മാധ്യമവികാസത്തെ ഏറ്റവും സൂക്ഷ്മമായി നിരീക്ഷിച്ച ഗവേഷകന്‍ എന്ന്‌ നിസ്സംശയം പറയാവുന്ന റോബിന്‍ ജഫ്‌റി അഭിപ്രായപ്പെട്ടത്‌ സാക്ഷരതയും രാഷ്ടീയവല്‍ക്കരണവും ചേര്‍ന്നാണ്‌ കേരളത്തില്‍ പത്രവായനക്കും പത്രപ്രവര്‍ത്തനത്തിനുംമറ്റൊരിടത്തും കാണാത്ത നിലയുണ്ടാക്കിയതെന്നായിരുന്നു. ആയിരം പേര്‍ക്ക്‌ നാല്‍പ്പത്‌ പത്രം എന്ന നില ഇന്ത്യ നേടിയത്‌ രണ്ടായിരാമാണ്ടോടെയാണ്‌. ഈ നില അതിലും നാല്‍പ്പത്‌ വര്‍ഷം മുമ്പ്‌ നേടിയിട്ടുണ്ട്‌ കേരളം. രാഷ്ട്രീയവല്‍ക്കരണം പത്രങ്ങളുണ്ടാക്കിയതാണോ അതല്ല രാഷ്ട്രീയവല്‍ക്കരണത്തിന്റെ ഗുണഫലങ്ങള്‍ പത്രങ്ങള്‍ അനുഭവിക്കുകയായിരുന്നോ പത്രങ്ങള്‍ എന്നത്‌ വേറെ പഠിക്കേണ്ട വിഷയമാണ്‌.

1847ല്‍ തലശ്ശേരിയിലെ ഇല്ലിക്കുന്നില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട്‌ തുടങ്ങിയ രാജ്യസമാചാരം തൊട്ട്‌ മലയാളപത്രപ്രവര്‍ത്തനചരിത്രം ആരംഭിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തോടെയാണ്‌ കേരളത്തിന്റെ രാഷ്ട്രീയ -സാമൂഹിക ഗതിയില്‍ പത്രങ്ങള്‍ നിര്‍ണായകസ്വാധീനം ചെലുത്താന്‍ തുടങ്ങിയതെന്നു കാണാം. സാമാന്യജനങ്ങളിലേക്ക്‌ പത്രങ്ങള്‍ എത്തിത്തുടങ്ങിയത്‌ അപ്പോള്‍ മാത്രമായിരുന്നു . 1890 ല്‍ ആരംഭിച്ച മലയാള മനോരമ 28 വര്‍ഷത്തിന്‌ ശേഷമാണ്‌ ദിനപത്രം ആവുന്നത്‌. ആഴ്ചയില്‍ രണ്ട്‌ ദിവസം ഇറങ്ങുന്ന കാലത്തു തന്നെയും , പത്രമിറങ്ങുന്ന ദിവസം ഉച്ചവരെ കോട്ടയം പട്ടണത്തിലെ ആളുകളുടെ സംസാരവിഷയം പത്രത്തില്‍ വന്ന വാര്‍ത്തകളാണെന്ന്‌ മനോരമയുടെ ചരിത്രത്തില്‍ പറയുന്നത്‌ അടിസ്ഥാനമില്ലാത്ത അവകാശവാദമായിരിക്കാനിടയില്ല.

മനോരമയുടെ വരവ്‌ കേരളത്തില്‍ മുതലാളിത്തത്തിന്റേയും വരവായിരുന്നുവെന്ന്‌ പറയുന്നത്‌ മോശം അര്‍ത്ഥത്തിലല്ല. കേരളത്തില്‍ കേരളീയര്‍ രജിസ്റ്റര്‍ചെയ്ത്‌ പ്രവര്‍ത്തനമാരംഭിക്കുന്ന ആദ്യകമ്പനി മനോരമ ആയിരുന്നു എന്നത്‌ യാദൃശ്ചികമാവില്ല. കണ്ടത്തില്‍ വറുഗീസ്‌ മാപ്പിളയുടെ കുടുംബം ആ അര്‍ത്ഥത്തില്‍ കേരളവ്യവസായവല്‍ക്കരണത്തിന്റെ തുടക്കക്കാര്‍ തന്നെയായിരുന്നു. കോട്ടയത്ത്‌ റബ്ബര്‍ കൃഷിയാരംഭിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും മനോരമ വഹിച്ച പങ്ക്‌ കേരളസമ്പദ്‌ വ്യവസ്ഥയില്‍ ചെലുത്തിയ സ്വാധീനത്തെ ആര്‍ക്കും വില കുറച്ചുകാണാനാവില്ല. ദീര്‍ഘദര്‍ശികളായിരുന്നു അവര്‍. ട്രാവന്‍കൂര്‍ നാഷനല്‍ ബാങ്കും ഗാര്‍ഡിയന്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയും മദ്രാസ്‌ റബ്ബര്‍ ഫാക്റ്ററിയും സ്ഥാപിച്ചത്‌ ഇതേ കുടുംബം തന്നെയായിരുന്നു. വ്യാവസായവല്‍ക്കരണത്തിന്റെ ആദ്യവിത്തുകള്‍ പാകിയത്‌ മാത്രമല്ല മനോരമയുടെ തുടക്കക്കാര്‍ മലയാളത്തിന്‌ ചെയ്ത സേവനം. വര്‍ഗീസ്‌ മാപ്പിള കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഉയര്‍ച്ചയും വളര്‍ച്ചയും ലക്ഷ്യം വെച്ചിരുന്നു.മനോരമയുടെ ആദ്യലക്കത്തിലെ മുഖപ്രസംഗം പുലയരുടെ വിദ്യാഭ്യാസത്തെ കുറിച്ചായിരുന്നു. വ്യവസായം നടത്തലും ലാഭമുണ്ടാക്കലും മാത്രമായിരുന്നില്ല ഉദ്ദേശ്യം എന്നര്‍ത്ഥം. രാഷ്ട്രീയവും സാമൂഹ്യവുമായ പുരോഗമനപ്രസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ പത്രമുണ്ടായിരുന്നു.

1891 ലെ മലയാളി മെമ്മോറിയല്‍ പരദേശിബ്രാഹ്മണര്‍ക്ക്‌ മാത്രം സര്‍ക്കാര്‍ ജോലി നല്‍കുന്നതിന്‌ എതിരെയുള്ള നിവേദനസമര്‍പ്പണമായിരുന്നു. തൊട്ട്‌ പിറകെ , 1896ലെ ഈഴവ മെമ്മോറിയല്‍ ഈഴവര്‍ക്കും വിദ്യാഭ്യാസ -തൊഴില്‍അവസരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ളതായിരുന്നു.രണ്ടിന്റേയും പ്രേരകരും പ്രചാരകരുമായി പത്രങ്ങളുണ്ടായിരുന്നു. 1924ല്‍ ക്ഷേത്രപ്രവേശത്തിന്‌ വേണ്ടി നടന്ന വൈക്കം സത്യാഗ്രഹത്തിലും പത്രങ്ങള്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്‌. അവര്‍ണജാതിക്കാര്‍ക്കും ക്ഷേത്രപ്രവേശനം നല്‍കണമെന്നാവശ്യപ്പെടുന്ന പ്രമേയം ശ്രീമൂലം അസംബ്ലിയില്‍ അവതരിപ്പിച്ചത്‌ മാമ്മന്‍ മാപ്പിളയായിരുന്നു. 1933 ലെ നിവര്‍ത്തനപ്രക്ഷോഭം വരെയുള്ള ദേശീയ -സാമൂഹിക പ്രസ്്ഥാനങ്ങളില്‍ മനോരമനിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നത്‌ തര്‍ക്കമറ്റസംഗതിയാണ്‌.

മദ്ധ്യകേരളത്തില്‍ മനോരമ വഹിച്ചതു പോലെ നിര്‍ണായകമായ പങ്ക്‌ തിരുവിതാംകൂര്‍ തലസ്ഥാനമായ തിരുവനന്തപുരത്ത്‌ കേരളകൗമുദിയുടെ സ്ഥാപകകുടുംബം വഹിച്ചിട്ടുണ്ട്‌. സ്ഥാപകനായ സി.വി.കുഞ്ഞുരാമനും കെ.സുകുമാരനും അവശജനവിഭാഗക്കാരുടെ അവകാശസംരക്ഷണത്തിന്‌ വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ കേരളചരിത്രത്തില്‍ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തിയവയാണ്‌.

ദേശീയസ്വാതന്ത്ര്യസമരത്തില്‍ മാതൃഭുമി വഹിച്ച പങ്കു ഏറെ പ്രകീര്‍ത്തിക്കപ്പെട്ടതാണ്‌. എന്നാല്‍ ഏറെയൊന്നും ശ്രദ്ധിക്കപ്പെട്ടിട്ടില്ല ഐക്യകേരളം എന്ന ആശയത്തിന്‌ മാതൃഭൂമിയും സ്ഥാപകപത്രാധിപര്‍ കെ.പി.കേശവമേനോനും വഹിച്ച പങ്ക്‌. ഇന്ന്‌ ഏകീകൃതകേരളം ഒരു വലിയസംഭവമായി ആര്‍ക്കും തോന്നുകയല്ല. കെ.പി.കേശവമേനോന്‍ 1919ല്‍ മദിരാശി മലയാളി ക്ലബ്ബിന്റെ ഒരു ചര്‍ച്ചായോഗത്തില്‍ ഐക്യകേരളത്തിന്‌ വേണ്ടിയുള്ള പ്രവര്‍ത്തനം മലയാളി സംഘടനകള്‍ ആരംഭിക്കണമെന്ന്‌ നിര്‍ദ്ദേശിച്ചപ്പോള്‍ യോഗാദ്ധ്യക്ഷനുള്‍പ്പെടെ സകലരും അനാവശ്യവും അസാദ്ധ്യവുമായ കാര്യങ്ങള്‍ക്ക്‌ വേണ്ടി കേശവമേനോനെ പോലുള്ള യുവാക്കള്‍ സമയം കളയുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയാണുണ്ടായത്‌. എന്നാല്‍ വെറും രണ്ടു കൊല്ലത്തിനകം പ്രവര്‍ത്തനസൗകര്യത്തിന്‌ വേണ്ടിയാണെങ്കില്‍ പോലും കേരളത്തിനാകെ ഒരു കമ്മിറ്റി എന്ന ആശയം കോണ്‍ഗ്രസ്സ്‌ സ്വീകരിക്കുകയുണ്ടായി. സംസ്ഥാനരുപീകരണത്തിന്റെ ആദ്യവിത്താണിതെന്ന്‌ പിന്നീട്‌ വാഴ്ത്തപ്പെട്ടു. 1923 ല്‍ സ്ഥാപിതമായ മാതൃഭുമിയുടെ ആദ്യമുഖപ്രസംഗത്തില്‍തന്നെ മലയാളികള്‍ക്ക്‌ ഒരൊറ്റ സംസ്ഥാനമെന്ന സ്വപ്നത്തിന്‌ വേണ്ടി മാതൃഭൂമി പ്രവര്‍ത്തിക്കുമെന്ന്‌ പ്രതിജ്ഞയെടുക്കുന്നുണ്ട്‌. ആദ്യാവസാനം കേരളമെന്ന ആശയത്തില്‍ മുറുകെ പിടിച്ചിട്ടുണ്ട്‌ കേശവമേനോന്‍. മാതൃഭുമി സ്ഥാപിച്ച ശേഷം മലയയിലേക്ക്‌ പോയ അദ്ദേഹം അവിടെയിരുന്നു എഴുതിയയച്ചിരുന്നലേഖനങ്ങളിലും ഈ കാര്യത്തിന്‌ വേണ്ടി നിരന്തരം വാദിച്ചുപോന്നു. കേരളമുണ്ടായി അമ്പതുകൊല്ലം കഴിഞ്ഞ്‌ ജീവിക്കുന്ന നമുക്ക്‌ ഇതിന്റെ പ്രധാന്യം പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല.

കേന്ദ്രസര്‍ക്കാറിന്റെ ഒരു ഉത്തരവിലൂടെ ഉണ്ടായതല്ല ഐക്യകേരളം. അതിന്‌ എതിരായ ശക്തമായ നീക്കങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്‌. തിരുവിതാംകൂര്‍ സ്വതന്ത്രമാകണമെന്ന്‌ വാദിക്കുകയും അതിന്‌ വേണ്ടി പ്രവര്‍ത്തനം തുടുങ്ങുകയും ചെയ്തത്‌ ഏതെങ്കിലും തീവ്രവാദിസംഘടനയൊന്നുമായിരുന്നില്ല. തിരുവിതാംകൂര്‍ ഭരിച്ച ദൈവതുല്യനായ രാജാവിന്റെ വലതുകൈയായ സര്‍ സി.പി. രാമസ്വാമിതന്നെയായിരുന്നു. പത്രങ്ങളാരും ഈ ആശയത്തെ ഏറ്റുപിടിച്ചില്ലെന്നത്‌ കേരളത്തോട്‌ പത്രങ്ങള്‍ ചെയ്ത ഏറ്റവും വലിയ സേവനമായി കാണേണ്ടതുണ്ട്‌.ജയില്‍മോചിതനായ മനോരമ പത്രാധിപര്‍ മാമ്മന്‍ മാപ്പിളയോട്‌ ലൈസന്‍സ്‌ തിരിച്ചുനല്‍കാന്‍ പറഞ്ഞ ഉപാധി സ്വതന്ത്രതിരുവിതാംകൂറിനെ അനുകൂലിക്കണമെന്നതായിരുന്നു. മാമ്മന്‍ മാപ്പിള അതിന്‌ വഴങ്ങുകയുണ്ടായില്ല.

മനോരമയിലോ മാതൃഭൂമിയിലോ കേരളകൗമുദിയിലോ ദതുങ്ങുന്നതല്ല സാമൂഹ്യ-രാഷ്ട്രീയ മേഖലകളില്‍ മാധ്യമങ്ങള്‍ ചെയ്ത സേവനം. ഇന്ന്‌ പ്രസ്‌ അക്കാദമി സൂക്ഷിപ്പുകളില്‍ പോലും ഉണ്ടാകാനിടയില്ലാത്ത എണ്ണമറ്റ പ്രസിദ്ധീകരണങ്ങള്‍ കേരളത്തിന്റെ ഭാഷയും ചരിത്രവും രാഷ്ട്രീയവും വിദ്യാഭ്യാസവുമെല്ലാം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിച്ചുട്ടുണ്ട്‌. പത്രപ്രവര്‍ത്തനവും പത്രസ്വാതന്ത്ര്യവും എന്ത്‌ എന്നതിന്‌ ദരിക്കലും ആര്‍ക്കും തിരുത്തലുകള്‍ വരുത്താന്‍ കഴിയാത്ത പാഠങ്ങള്‍ എഴുതിവെച്ച സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെയും കേസരി ബാലകൃഷ്ണപ്പിള്ളയുടേയും പേരുകള്‍ കേള്‍ക്കാത്തവരില്ല. എന്നാല്‍ അനേകം പ്രതിഭാശാലികള്‍കേരളത്തിലെ കൊച്ചുകൊച്ചുപട്ടണങ്ങളിലിരുന്ന്‌ തങ്ങളുടെ സ്വത്ത്‌ വിറ്റും കുടുംബത്തെവഴിയാധാരമാക്കിയുമൊക്കെ ഈ രംഗത്ത്‌ അമൂല്യമായ സംഭാവനകള്‍ ചെയ്തിട്ടുണ്ട്‌.അവരെ പഴയ തലമുറ പോലും ശരിയാംവിധം മനസ്സിലാക്കിയിട്ടില്ല.പരസ്യവും വാര്‍ത്തയും മുഖപ്രസംഗവും എല്ലാം പദ്യത്തില്‍ അവതരിപ്പിച്ച പത്രം 1905ല്‍ തിരുവനന്തപുരത്തുണ്ടായിരുന്നു-കവനകൗമുദി . കുമാരനാശാന്റെ വീണപൂവ്‌ 1907 ല്‍ പ്രസിദ്ധപ്പെടുത്തിയ തലശ്ശേരിയിലെ മിതവാദി യുടെ ഉടമ സാധാരണകച്ചവടക്കാരനായ ശങ്കരനായിരുന്നു. സ്വദേശാഭിമാനി എന്ന്‌ പറഞ്ഞാല്‍ അടുത്ത ശ്വാസത്തില്‍ രാമകൃഷ്ണപ്പിള്ള എന്ന്‌ നാം പറയും. പക്ഷെ ആ പേരിന്റെ ഉടമ വക്കം മൗലവി എന്നൊരു മഹാനായിരുന്നു. സ്വന്തം പത്രത്തിന്റെ പേരും പോലും ചരിത്രം തന്നില്‍ നിന്നെടുത്തുമാറ്റും എന്നദ്ദേഹത്തിന്‌ അന്ന്‌ അറിയുമായിരിക്കില്ല. എന്നാല്‍ പത്രാധിപര്‍ക്ക്‌ ശരിയെന്ന്‌ ഉത്തമബോധ്യമുള്ള കാര്യങ്ങള്‍ എഴുതാന്‍ അനുവദിക്കുന്നത്‌ തന്നെ തകര്‍ക്കും എന്നറിഞ്ഞിട്ടും പത്രാധിപര്‍ക്കൊപ്പം ഉറച്ചുനിന്ന പത്രഉടമയായിരുന്നു അദ്ദേഹം.അങ്ങനെ എണ്ണിയാല്‍തീരാത്ത പേരുകാര്‍ ഈ മേഖലയില്‍ രിക്കലും മറക്കാന്‍ പാടില്ലാത്ത സേവനം നല്‍കി വിസ്മൃതിയിലേക്ക്‌ മറഞ്ഞുപോയിട്ടുണ്ട്‌.

മലയാളത്തെ സ്വതന്ത്രഭാഷയായി വളര്‍ത്തിയെടുത്തത്‌ പത്രങ്ങളാണെന്ന്‌ അംഗീകരിക്കപ്പെട്ട സംഗതിയാണ്‌.മലയാളഗദ്യം പത്രങ്ങളിലൂടെയാണ്‌ വികസിച്ചുവന്നത്‌. നമ്മുടെ ഭാഷ നൂറു വര്‍ഷം മുമ്പ്‌ എങ്ങനെ ഉണ്ടായിരുന്നു എന്നറിയണമെങ്കില്‍ വീട്ടിലെ പഴയ ഏതെങ്കിലും ഭുമിരജിസ്റ്റര്‍ ആധാരങ്ങള്‍ വായിച്ചു നോക്കിയാല്‍ മതി. ആ ഭാഷയെ കേരളത്തിലൂടനീളമുള്ളവര്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്ന ഭാഷയാക്കിയത്‌ പത്രങ്ങള്‍ തന്നെയാണ്‌. പുതുതായി ദരുപാട്‌ വാക്കുകളും പ്രയോഗങ്ങളും ശൈലികളും മാത്രമല്ല കൂട്ടിച്ചേര്‍ത്തത്‌. വ്യാകരണനിയമങ്ങള്‍ തന്നെ മാറ്റിയെഴുതിയിട്ടുണ്ട. മലയാളത്തില്‍ സംവൃതോകാരമില്ലെന്ന്‌ പഴയ ആധാരം നോക്കിയാല്‍ മനസ്സിലാകും. എന്നാല്‍ ഇതെപ്പോള്‍ എവിടെ വെച്ചാണ്‌ ചേര്‍ക്കപ്പെട്ടത്‌ എന്ന്‌ ഭാഷാവിദ്യാര്‍ത്ഥികള്‍ തന്നെ ശ്രദ്ധിച്ചിരിക്കുമോ എന്നറിയില്ല. മനോരമ സ്ഥാപകനായ കണ്ടത്തില്‍ വറുഗീസ്‌ മാപ്പിളയാണ്‌ സംവൃതോകാരം സംഭാവനചെയ്തത്‌. ഒരു പത്രാധിപര്‍ സരസമായി ചൂണ്ടക്കാട്ടിയതു പോലെ അക്കാലത്ത്‌ ബിഷപ്പ്‌ തിരുമേനി മെത്രാന്‌ പട്ട്‌ നല്‍കിയാല്‍ അച്ചടിച്ചു വെക്കുക പട്ട നല്‍കി എന്നായിരുന്നു. ഇന്നു പോലും ഭാഷാപ്രയോഗത്തെ നിര്‍ണായകമായി സ്വാധീനിക്കുന്ന ഇത്തരം മാറ്റങ്ങള്‍ വരുത്താന്‍ ഏതെങ്കിലും പത്രത്തിന്‌ കഴിയുമെന്ന്‌ തോന്നുന്നില്ല.

മതേതരവും ജനകീയവുമായ മലയാളത്തിന്റെ സൃഷ്ടി എന്ന സുപ്രാധാനമായ ധര്‍മമാണ്‌ പത്രങ്ങള്‍ അറിഞ്ഞോ അറിയാതെയോ നിര്‍വഹിച്ചത്‌. പ്രാദേശികശൈലികളുടെ ഏകീകരണം ഇക്കാലത്തുണ്ടായി. സാങ്കേതിക പദനിര്‍മിതി എന്ന ദൗത്യം ഇന്നും തുടരുന്നു. ഇന്നത്തെ സംസാരഭാഷയില്‍ സര്‍വജനവിഭാഗങ്ങളും സാര്‍വത്രികമായി ഉപയോഗിക്കുന്ന ട്ടനവധി വാക്കുകളും ശൈലികളും പത്രപ്രവര്‍ത്തകരോ രാഷ്ട്രീയപ്രവര്‍ത്തകരോ സൃഷ്ടിച്ചതാണെന്ന സത്യം രിടത്തും രേഖപ്പെടുത്താതെ പോവുകയാണ്‌.

കേരളം മാധ്യമങ്ങളാല്‍ ഭരിക്കപ്പെടുകയാണെന്ന്‌ ആക്ഷേപമായി ഉന്നയിക്കപ്പെടുന്ന നില ഇന്ന്‌ ഉണ്ടായിട്ടുണ്ട്‌. അരനൂറ്റാണ്ടുമുമ്പ്‌ അമ്പതോളം പത്രങ്ങളുണ്ടായിരുന്ന സ്ഥാനത്ത്‌ ഇന്ന്‌ നൂറിലേറെയാണ്‌ ദിനപത്രങ്ങള്‍ തന്നെ. അന്ന്‌ വലിയ പത്രം എന്നു പറഞ്ഞാല്‍ അര്‍ത്ഥം ;രു ലക്ഷമെങ്കിലും കോപ്പി അച്ചടിക്കുന്നു എന്നായിരുന്നു. ഇന്ന്‌ രണ്ടു പത്രങ്ങള്‍ പത്തുലക്ഷത്തിലധികം കോപ്പി അച്ചടിക്കുന്നു. ദിനപത്രമെന്ന്‌ വിളിക്കപ്പെടണമെങ്കില്‍ തന്നെ രു ലക്ഷം കോപ്പി വില്‍ക്കണം എന്ന നിലയായിട്ടുണ്ട്‌. 1962ല്‍ കൊച്ചിയില്‍ മാതൃഭൂമി രണ്ടാമത്തെ യൂണിറ്റ്‌ സ്ഥാപിക്കുമ്പോള്‍ രണ്ട്‌ എഡിഷനുള്ള ദക്ഷിണേന്ത്യയിലെ തന്നെ ഏകപത്രം മാതൃഭൂമിയായിരുന്നു. ഇന്ന്‌ രണ്ടു ജില്ലകള്‍ക്ക്‌ രു എഡിഷന്‍എന്ന നിലയിലായിട്ടുണ്ട്‌ മിക്ക പത്രങ്ങളും. ദല്‍ഹിയിലും മുംബൈയിലും ചെന്നൈയിലും രാജ്യത്തിനും വെളിയില്‍തന്നെയും അച്ചടി യൂണിറ്റുകളുള്ളത്‌ വന്‍കിടപത്രങ്ങള്‍ക്ക്‌ മാത്രമല്ല. മലയാളത്തിലല്ലാതെ മറ്റേതെങ്കിലും രു ഭാഷാപത്രത്തിന്‌ ഈ തോതിലുള്ള വികാസം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. റോബിന്‍ ജെഫ്‌റി കേരളത്തിലെ പത്രങ്ങളെ മുഖ്യപഠനവിഷയമാക്കി എഴുതിയ ഗ്രന്ഥത്തിന്‌ ഇട്ട പേര്‌ ദ ന്യൂസ്‌ പേപ്പര്‍ റവല്യൂഷന്‍ എന്നാണ്‌. ആ വിപ്ലവം ഇന്നും അവസാനിച്ചിട്ടില്ല. സാങ്കേതികമായി തുല്യഗുണമുള്ള മുക്കാല്‍ ഡസന്‍ പത്രങ്ങളെങ്കിലും കേരളത്തിലിന്നുണ്ട്‌. വാര്‍ത്തകളുടെ കവറേജ്‌ , ചിത്രങ്ങള്‍ ,ലേഖനങ്ങള്‍, ലേഔട്ട്‌ തുടങ്ങിയ കാര്യങ്ങളിലെല്ലാം ന്നിനൊന്നു മെച്ചമാണ്‌ പത്രങ്ങള്‍ . തൊണ്ണൂറു ശതമാനം മലയാളികളും പത്രം വായിക്കുന്ന അവസ്ഥയില്‍ ഈ മാറ്റത്തില്‍ അത്ഭുതമൊന്നുമില്ല.

യഥാര്‍ത്ഥത്തില്‍ വിപ്ലവത്തിന്റെ ഈ ഘട്ടത്തില്‍ പത്രങ്ങള്‍ പിറകോട്ട്‌ പോവുകയും ദൃശ്യമാധ്യമങ്ങള്‍ മുന്നോട്ട്‌ നീങ്ങി മുഖ്യസ്ഥാനം കയ്യടക്കുകയും ചെയ്‌തിരിക്കയാണ്‌. വികസിതരാജ്യങ്ങളില്‍ ഉണ്ടാകുന്ന രീതിയിലല്ല ഈ മാറ്റം സംഭവിക്കുന്നത്‌ എന്ന്‌ പ്രത്യേകം പറയേണ്ടിയിരിക്കുന്നു. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും പത്രവായനക്കാരുടെ എണ്ണവും പ്രചാരവും കുറയുകയാണ്‌. പത്രങ്ങള്‍ പിറകോട്ട്‌ പോവുകയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആ സ്ഥാനം കയ്യടക്കുകയുമാണ്‌. കേരളത്തിലും ദൃശ്യമാധ്യമങ്ങള്‍ക്ക്‌ പത്രങ്ങളുടെ സര്‍ക്കുലേഷന്‍ കുറയ്‌ക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ പത്രങ്ങളേക്കാള്‍ ജനങ്ങള്‍ക്കിടയിലേക്ക്‌ ഇറങ്ങിച്ചെല്ലുന്ന മാധ്യമം ടെലിവിഷനാണെന്ന്‌ പറയാതെ നിവൃത്തിയില്ല. ഒടുവിലത്തെ നാഷനല്‍ റീഡര്‍ഷിപ്പ്‌ സര്‍വെ അനുസരിച്ച്‌ കേരളത്തിലെ 67.1 ശതമാനം ആളുകളിലാണ്‌ പത്രം എത്തുന്നതെങ്കില്‍ 71.8 ശതമാനം ആളുകളില്‍ ടെലിവിഷന്‍ എത്തുന്നു.തൊണ്ണൂറു ശതമാനം മലയാളികള്‍ പത്രം വായിക്കുന്ന എന്നതൊക്കെ കടന്ന അവകാശവാദമാണെന്ന്‌ ഇതു വ്യക്തമാക്കുന്നു. എങ്കില്‍ പോലും ദേശീയ നിലവാരത്തേക്കാള്‍ കൂടുതലാണിത്‌. ദേശീയതലത്തില്‍ പത്രങ്ങളുടെ റീച്ച്‌ 27.2 ശതമാനമാണ്‌, ടെലിവിഷന്റേത്‌ 53.3 ശതമാനവും.

ബഹുഭൂരിപക്ഷവും വിനോദത്തിന്‌ വേണ്ടിയാണ്‌ ടെലിവിഷന്‍ കാണുന്നത്‌ എന്നിരിക്കേ പത്രങ്ങളുടെ പ്രചാരത്തെ ഇത്‌ ബാധിച്ചിട്ടില്ല. അതേ സമയം സമൂഹത്തിലും ഭരണരംഗത്തുമെല്ലാം ചലനമുണ്ടാക്കുന്ന മാധ്യമം പത്രമല്ല, ചാനലുകള്‍ ആണെന്ന നിലയെത്തിയിട്ടുണ്ട്‌. എട്ട്‌ ചാനലുകള്‍ ഉണ്ടായത്‌ കുറച്ചുകാലത്തിനിടയിലാണ്‌. അപ്പപ്പോള്‍ വാര്‍ത്ത കിട്ടുന്ന മാധ്യമം ടി. വി. ആണ്‌. രാത്രി പതിനൊന്നു മണിക്കോ പന്ത്രണ്ട്‌ മണിക്കോ വാര്‍ത്ത കേട്ട്‌ ഉറങ്ങുന്ന രാള്‍ക്ക്‌ രാവിലെ എന്താണ്‌ പത്രത്തിന്‌ നല്‍കാനാവുക എന്ന ചോദ്യത്തിന്‌ തൃപ്‌തികരമായ ഉത്തരം നല്‍കാന്‍ പത്രങ്ങള്‍ക്കായിട്ടില്ല. കൂറ്റന്‍ കളര്‍ചിത്രങ്ങളും അലറുന്ന തലക്കെട്ടുകളും നല്‍കി ടെലിവിഷന്റെ സ്വാധീനത്തെ നേരിടാമെന്ന ധാരണ മാറിയിട്ടില്ല. ടെലിവിഷനില്‍ കണ്ടതും പത്രത്തില്‍ വായിച്ചാലേ തൃപ്‌തിയാകൂ എന്ന നില ഇപ്പോഴുമുണ്ട്‌. ഇത്‌ പഴയ തലമുറയുടെശീലത്തിന്റെ മാത്രം പ്രശ്‌നമാണെന്നും പുതിയ തലമുറ പത്രവായന നിര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നും നിരീക്ഷിക്കുന്നവരുണ്ട്‌. മധ്യവര്‍ഗത്തിന്റെ വികാസം ഉണ്ടായിട്ടും സാക്ഷരത ഉയര്‍ന്നിട്ടും കേരളത്തില്‍ അറുപത്തിയാറു ലക്ഷം വീടുകളുള്ളതില്‍ മുപ്പതു ലക്ഷം വീടുകളിലേ പത്രമെത്തുന്നുള്ളൂ എന്ന കണക്കും നമ്മുടെ മുന്നിലുണ്ട്‌. വളരെയൊന്നും പ്രതീക്ഷക്കാവുന്നതല്ല പത്രങ്ങളുടെ ഭാവി എന്നും പറഞ്ഞുകൊള്ളട്ടെ.

ഭാഷാപത്രങ്ങള്‍ മറ്റൊരു ഭീഷണിയും നേരിടുന്നുണ്ട്‌. മലയാളത്തിന്റെ ഉപയോഗം പുതിയ തലമുറയില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌. വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ ഇംഗ്ലീഷിനാണ്‌ പ്രാമുഖ്യം. മലയാളം മീഡിയത്തില്‍ പഠിച്ച കുട്ടികള്‍ ഉള്ള വീടുകളില്‍ പോലും ഇംഗ്ലീഷ്‌ പത്രത്തോടാണ്‌ ആഭിമുഖ്യം. സാമ്പത്തിക ശേഷിയുള്ള മദ്ധ്യവര്‍ഗ ഉപരിവര്‍ഗവീടുകളില്‍ ഇംഗ്ലീഷ്‌ പത്രം ഴിവാക്കാന്‍ കഴിയാത്ത ന്നായി മാറിക്കൊണ്ടിരിക്കുന്നു. പത്തോ ഇരുപതോ കൊല്ലത്തിനപ്പുറം എത്രവീടുകളില്‍മലയാളപത്രം കാണാനുണ്ടാവും എന്നറിയില്ല.

ഈ മട്ടിലുള്ള മാധ്യമവളര്‍ച്ച കേരളത്തില്‍ മാത്രമുള്ള ഒരു പ്രതിഭാസമാണ്‌. ഇതിനാധാരമായ സാമ്പത്തിക പശ്ചാത്തലം എന്ത്‌ എന്നത്‌ പഠനം അര്‍ഹിക്കുന്ന വിഷയമാണ്‌. സാക്ഷരതയിലുണ്ടായ വര്‍ദ്ധന, മധ്യവര്‍ഗത്തിന്റെ ഉയര്‍ച്ച, വിദേശമലയാളികളില്‍ നിന്നുള്ള വലിയ വരുമാനം എന്നിവയെല്ലാം ചേര്‍ന്നുള്ള വലിയ സാമ്പത്തികവളര്‍ച്ചയാണിതിന്‌ കാരണമെന്ന്‌ ചില നിരീക്ഷകന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. കേരളത്തിന്റെ ഉപഭോഗത്തിലുണ്ടായ വളര്‍ച്ച കേരളത്തെ വലിയ ഒരു വിപണിയാക്കിയിട്ടുണ്ട്‌. ജനസംഖ്യയുടെ മൂന്നരശതമാനം വരുന്ന കേരളീയര്‍ രാജ്യത്ത്‌ വിറ്റഴിക്കപ്പെടുന്ന സാധനങ്ങളില്‍ പതിനഞ്ചു ശതമാനം വാങ്ങിക്കൂട്ടുന്നു. പത്രങ്ങള്‍ക്കും ടെലിവിഷനും കിട്ടുന്ന പരസ്യവരുമാനമാണ്‌ മാധ്യമവളര്‍ച്ചയുടെ പ്രധാനകാരണം എന്നു പറയാം.

ഉപഭോഗാസക്തി പരമാവധി വര്‍ദ്ധിപ്പിക്കുകയാണ്‌ ആഗോളവല്‍കൃതമുതലാളിത്തത്തിന്റെ പ്രവര്‍ത്തനരീതിയും തന്ത്രവും . അതു കൊണ്ടുതന്നെ ആഗോളവല്‍ക്കരണത്തിന്റെ ഏറ്റവും വലിയ ആയുധം പരസ്യമാണ്‌ എന്ന്‌ പറയാറുണ്ട്‌. മാധ്യമം പ്രതിനിധാനം ചെയ്യുകയും പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന രാഷ്ട്രീയം എന്തു തന്നെയായാലും ഇന്നത്തെ കഴുത്തറപ്പന്‍ മത്സരം നടക്കുന്നതിനിടയില്‍ പരസ്യങ്ങള്‍ക്ക്‌ വഴങ്ങിക്കൊണ്ടുള്ള നയസമീപനങ്ങള്‍ തന്നെയാണ്‌ എല്ലാ പത്രങ്ങളും ഏറിയും കുറഞ്ഞും ചെയ്‌തുവരുന്നത്‌ . ഇടതുപക്ഷമാധ്യമങ്ങള്‍ പോലും കോര്‍പ്പറേറ്റ്‌ ഘടനയിലേക്കു മാറിക്കഴിഞ്ഞിരിക്കുന്നു. ദൃശ്യമാധ്യമങ്ങളുടെ വരവാണ്‌ സോവിയറ്റ്‌ യൂണിയനിലേയും കിഴക്കന്‍ യൂറോപ്പിലേയും കമ്യൂണിസ്റ്റ്‌ ഭരണകൂടങ്ങളുടെ തകര്‍ച്ചക്ക്‌ കാരണമായത്‌ എന്നൊരു നിരീക്ഷണം പ്രബലമായുണ്ട്‌. എന്നാല്‍ കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി തന്നെ ദൃശ്യമാധ്യമത്തിന്‌ തുടക്കമിട്ടതു നാം കണ്ടു. വ്യത്യസ്‌തമായ ഒരു സംസ്‌കാരവും രാഷ്ട്രീയവും ഈ വഴിയിലൂടെ ജനങ്ങളില്‍ എത്തിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു എന്നവകാശപ്പെടാനാവില്ല.

ഇതെല്ലാമാണെങ്കിലും. സംസ്ഥാനത്തിന്റെ രാഷ്ട്രീയ അജന്‍ഡ നിര്‍ണയിക്കുന്നതില്‍ മുഖ്യപങ്ക്‌ ഇപ്പോള്‍ മാധ്യമങ്ങള്‍ വഹിക്കുന്നുണ്ടന്ന്‌ കാണാതിരുന്നു കൂടാ. രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പിന്തള്ളി മിക്ക പ്രശ്‌നങ്ങളിലും മാധ്യമങ്ങള്‍ ഗതി നിര്‍ണയിക്കുന്നത്‌ നാം കണ്ടു കഴിഞ്ഞു. രാഷ്ട്രീയപ്രതിപക്ഷത്തിന്റെ മരണം കേരളത്തില്‍ സംഭവിച്ചുകഴിഞ്ഞതായുള്ള നിരീക്ഷണത്തില്‍ കാര്യമുണ്ട്‌. മുന്നണികളെ മാറമാറി ഭരണത്തിലേറ്റുമ്പോള്‍ തന്നെ ഇവ തമ്മില്‍ മൗലികമായ വ്യത്യാസങ്ങളൊന്നും ഏറെയില്ലെന്ന ചിന്താഗതി പരക്കുന്നുമുണ്ട്‌. മാധ്യമങ്ങള്‍ പ്രതിപക്ഷധര്‍മം ഏറ്റെടുക്കേണ്ടി വരുന്നത്‌ ഈ സാഹചര്യത്തിലാവാം.

സമീപകാലത്തെ ഒട്ടനവധി രാഷ്ട്രീയപ്രശ്‌നങ്ങളില്‍ ഗുണപരമായ ഇടപെടലുകള്‍ മാധ്യമങ്ങള്‍ നടത്തുകയുണ്ടായി. ആദിവാസിസമരം, കോഴിക്കോട്ടെ ലൈംഗികാപവാദം, എന്‍ഡോസള്‍ഫാന്‍ ദുരന്തം, പെരിയാര്‍ ജലവില്‍പന, കരിമണല്‍ ഖനനം, പ്ലാച്ചിമട ജലദുര്‍വിനിയോഗം തുടങ്ങിയവ ഏതാനും പ്രശനങ്ങള്‍ മാത്രമാണ്‌. ബോധപൂര്‍വമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല ഇത്‌ എന്നുറപ്പായും പറയാനാവും. ദൃശ്യമാധ്യമപ്രവര്‍ത്തനത്തിന്റെ ഗുണവും ദോഷവും അതിന്റെ ദൈനംദിന വാര്‍ത്തകളുടെ തിരഞ്ഞെടുപ്പിലും അവതരണത്തിലും മേല്‍നോട്ടവും നിയന്ത്രണവും നന്നേ കുറവാണ്‌ എന്നതാണ്‌. ലൈവ്‌ സംപ്രേഷണത്തിന്റെ കാലവുമാണിത്‌. മാധ്യമത്തിന്റെ ഉടമസ്ഥര്‍ക്കോ എഡിറ്റര്‍ക്ക്‌ തന്നെയോ ചിലപ്പോള്‍ പ്രേക്ഷകര്‍ക്കൊപ്പമേ ലേഖകന്‍ എന്താണ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ എന്ന്‌ കേള്‍ക്കാനും അറിയാനും കഴിയൂ.ഇതിന്‌ രുപാട്‌ ദോഷങ്ങളുണ്ട്‌ എന്നു പറയുമ്പോള്‍ തന്നെ മാധ്യമസ്വാതന്ത്ര്യത്തിന്റെ പരമാവധി ആണിത്‌ എന്നും നാമറിയേണ്ടതായിട്ടുണ്ട്‌. എറ്റവും താഴെക്കിടയിലുള്ള ലേഖകന്മാര്‍ തന്നെ രാഷ്ടീയത്തിന്റേയും നയസമീപനങ്ങളുടെയും ഭരണത്തിന്റെയുമൊക്കെ ശരി തെറ്റുകള്‍ നിര്‍ണയിക്കുന്ന ദരവസ്ഥ കൂടിയാണിത്‌.

സര്‍ക്കുലേഷന്‍ വര്‍ദ്ധനക്കു വേണ്ടിയുള്ള തന്ത്രങ്ങള്‍ മാധ്യമങ്ങളുടെ സ്വഭാവം തന്നെ ലോകത്താകെ മാറ്റിമറിക്കുകയാണ്‌. എല്ലാറ്റിനേയും വിനോദവല്‍ക്കരിക്കുക, മതരാഷ്ട്രീയഗ്രൂപ്പുകളെ പ്രീണിപ്പിക്കുക, മതാത്മകതക്ക്‌ അമിതപ്രാധാന്യം നല്‍കുക,മുദുവര്‍ഗീയത ഉണ്ടാക്കിയെടുക്കുക,വ്യക്തിയുടെ സ്വകാര്യതയിലേക്ക്‌ കടന്നുകയറുക, പത്രപ്രവര്‍ത്തനത്തിലെ ധാര്‍മികതയെ പിറകോട്ട്‌ തള്ളിമാറ്റുക തുടങ്ങിയ ഹാനികരമായ കുറെയേറെ പുതിയ പ്രവണതകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്‌. രു കാലത്ത്‌ നവോത്ഥാനത്തിന്‌ കളമൊരുക്കിയിരുന്നത്‌ മാധ്യമങ്ങളാണെങ്കില്‍ ഇന്ന്‌ പിറകോട്ടേക്കാണ്‌ മാധ്യമങ്ങള്‍ ജനങ്ങളെ നയിക്കുന്നതെന്ന ആക്ഷേപത്തില്‍ കഴമ്പുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

Go Top