ലോകത്തിന്റെ നാനാഭാഗങ്ങളില്‍ വലിയ കാര്യങ്ങള്‍ക്ക് വേണ്ടിയും ഒകാര്യവുമില്ലാതേയും നടന്നു കൊണ്ടിരിക്കുന്ന യുദ്ധങ്ങളില്‍ എത്രപേര്‍ മരിച്ചുവീഴുന്നു എന്നത് ആരേയും അലട്ടുന്നില്ല. കുറെ മക്കളെ അമ്മമാര്‍ ജനിപ്പിക്കുന്നതുതന്നെ ആര്‍ക്കോ കൊല്ലാന്‍ വേണ്ടിയാണെന്ന് തോന്നിപ്പോകുന്നു. അകാലത്ത് അവസാനിക്കുന്ന ഈ ജീവിതങ്ങളെ കുറിച്ച് അവശേഷിക്കുന്നവര്‍ക്ക് എപ്പോഴും അഭിമാനിക്കാന്‍ വകയുണ്ടാകാറുണ്ട്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരന്മാരായി അവര്‍ എക്കാലവും വാഴ്‌ത്തപ്പെടും.
യുദ്ധഭൂമിയില്‍ മരിച്ചുവീഴുന്നത് സൈനികര്‍ മാത്രമല്ല. വര്‍ഷം തോറും അനേകം മാധ്യമപ്രവര്‍ത്തകരും യുദ്ധഭുമിയില്‍ മരിച്ചുവീഴുന്നു. അവര്‍ പൊരൂതിമരിക്കുന്ന ധീരദേശാഭിമാനികളോ രക്തസാക്ഷികളോ അല്ല. അവര്‍ക്കു വേണ്ടി അവരുടെ നാട്ടുകാര്‍ വികാരഭരിതരായി മൂദ്രാവാക്യങ്ങളുയര്‍ത്തുകയോ അവരെ അനശ്വരരക്തസാക്ഷികളായി വാഴ്‌ത്തുകയോ ചെയ്യുന്നില്ല. പ്രഭാതഭക്ഷണത്തോടൊപ്പം പത്രങ്ങളില്‍ നമുക്ക് നിസ്സാരതയോടെ വായിച്ചുവിട്ടുകളയാനുള്ള വാര്‍ത്തകള്‍ ചമയ്‌ക്കാനും കുറെ മനുഷ്യര്‍ ജീവന്‍ വെടിയുന്നുണ്ട് എന്ന് ആരെങ്കിലുമോര്‍ക്കാറുണ്ടോ ?
യൂറോപ്യന്‍ നാടുകളിലെ ഭേദപ്പെട്ട കുടുംബങ്ങളിലെ വിദ്യാഭ്യാസവും പ്രതിഭയും ഉള്ള ചെറുപ്പക്കാര്‍ അപകടസാദ്ധ്യത നിറഞ്ഞ യുദ്ധറിപ്പോര്‍ട്ടിങ്ങിന് ഇറങ്ങുന്നത് എന്ത് നേടാനാണെന്നത് മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യമാണ്. വന്‍നഗരങ്ങളില്‍ രാഷ്ട്രനേതാക്കള്‍ക്കും വ്യവസായപ്രമുഖര്‍ക്കും സാംസ്‌കാരികനായകര്‍ക്കുമൊപ്പം സൗഹൃദം പങ്കിട്ടും പ്രസ് ക്‌ളബ്ബുകളിലെ സായാഹ്നങ്ങളില്‍ സല്ലപിച്ചും പേരും പ്രശസ്‌തിയും നേടിയെടുക്കാവുന്നേതേയുള്ളൂ ഏത് രാജ്യത്തിലും മാധ്യമപ്രവര്‍ത്തകന്. അതുപേക്ഷിച്ച് ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലേയും കൊലപ്പാടങ്ങളില്‍, സദാ പതുങ്ങിനില്‍ക്കുന്ന മരണത്തെ വെല്ലുവിളിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നതെന്താണ് ? ഏതാനും നാള്‍ മാത്രം നീണ്ടുനില്‍ക്കുന്ന യുദ്ധം റിപ്പോര്‍ട്ട് ചെയ്‌തശേഷം നഗരങ്ങളുടെ സുഖസൗകര്യങ്ങളിലേക്ക് മടങ്ങുകയല്ല ഈ പത്രപ്രവര്‍ത്തകര്‍ ചെയ്യുന്നത്. ആദ്യത്തെ യുദ്ധത്തെ അതിജീവിക്കുന്നതോടെ യുദ്ധറിപ്പോര്‍ട്ടിങ്ങ് ഇവര്‍ക്ക് ലഹരിയാകുന്നു. യുദ്ധമൂഖത്ത് നിന്ന് മറ്റൊരു യുദ്ധമുഖത്തേക്കാണവര്‍ നീങ്ങുന്നത്. യുദ്ധറിപ്പോര്‍ട്ടിങ്ങിന് നിയോഗിക്കപ്പെടാനായി പത്രാധിപരുടെ പിറകെ നടന്ന് കേഴുന്ന ലേഖകന്മാരെ കുറിച്ചും ചിലരെഴുതിയിട്ടുണ്ട്. റിട്ടയര്‍മെന്റിന് ശേഷം പോലും വീട്ടില്‍ ചെന്ന് അടങ്ങിയൊതുങ്ങിക്കഴിയാതെ യുദ്ധഭൂമിയിലലയുന്ന ലേഖകന്മാരെ കുറിച്ചും എഴുതപ്പെട്ടിട്ടുണ്ട്. 84ാം വയസ്സില്‍ ടെലഗ്രാഫ് പത്രത്തിന് വേണ്ടി യുദ്ധം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മുന്‍ എഡിറ്റര്‍ ബില്‍ ഡീഡ്‌സ് ആ കൂട്ടത്തിലെ ഏറ്റവും കടുത്ത ഉദാഹരണമാണെന്നേ ഉള്ളൂ.
ഇറാഖ് യുദ്ധകാലത്ത് കൈയില്‍ മൈക്കുമായി ഉച്ചത്തില്‍ വാര്‍ത്ത വിളിച്ചുപറഞ്ഞുപാഞ്ഞുനടന്നിരൂന്ന ചെറുപ്പക്കാരിയായ ലേഖികയെ ടെലിവിഷനില്‍ എല്ലാവരും ശ്രദ്ധിച്ചിരിക്കും. വെടിയുണ്ട മതി എന്നന്നേക്കും അവര്‍ നിശ്ശബ്ദയാകാന്‍. ലാന്‍ഡ് മൈനുകള്‍ ഒളിഞ്ഞുകിടക്കുന്ന ഇരുണ്ട പാതകളിലൂടെയാണവരുടെ വാഹനം കുതിച്ചുപായുന്നത്. എന്തിന് വേണ്ടി ? യുദ്ധം ജയിക്കാനൊന്നുമല്ല അവര്‍ ഈ പെടാപ്പാട് പെടുന്നത്. ആര്‍ക്കോ വേണ്ടി ആരോ നടത്തുന്ന യുദ്ധം. സ്വീകരണമുറികളില്‍ അലസരായിരുന്ന് അല്‌പം മാത്രം തുറന്ന നമ്മുടെ കണ്ണുകളിലേക്ക് യുദ്ധവാര്‍ത്തകളും ചിത്രങ്ങളുമെത്തിച്ചുതന്ന് നമ്മെ ആനന്ദിപ്പിക്കാനാണ് അവര്‍ ഈ പെടാപ്പാട് പെടുന്നത്. ഒഴിവുനേരത്തെ നേരമ്പോക്കിനുള്ള വിഭവങ്ങള്‍ നമൂക്കെത്തിച്ചുതരാന്‍.
യുദ്ധഭൂമിയില്‍ മരിച്ചുവീണ ലേഖകര്‍ അനേകമുണ്ട്. ഉള്ളിയും റൊട്ടിയും കൂപ്പിവെള്ളവും മാത്രം കഴിച്ച് അനേകനാള്‍ കഷ്ടിച്ച് ജീവന്‍നിലനിറുത്തിയ ലേഖകന്മാരുമുണ്ട്. താലിബാന്റെ പിടിയില്‍ പെട്ടിട്ടും ജീവനോടെ മടങ്ങാന്‍ ഭാഗ്യമുണ്ടായ യുവോണ്‍ റിഡ്‌ലിയുടേത് ഇക്കൂട്ടത്തില്‍ ശ്രദ്ധ നേടിയ അനുഭവമാണ്. അമേരിക്കന്‍ പ്രസിദ്ധീകരണമായ ‘ നൈറ്റ്‌റീഡര്‍’മാഗസീനെ പ്രതിനിധീകരിച്ച് ബാഗ്‌ദാദ് യുദ്ധം റിപ്പോര്‍ട് ചെയ്‌ത ഹന്ന അല്ലാം മാധ്യമധീരതയുടെ തിളങ്ങുന്ന ഉദാഹരണമാണ്. ദിവസവും കാര്‍ബോംബുകള്‍ പൊട്ടുന്ന ഇറാഖ് തലസ്ഥാനത്ത് അവരെത്തിയത് 27ാം വയസ്സിലാണ്. യുദ്ധറിപ്പോര്‍ട്ടര്‍മാര്‍ക്കിടയിലെ ബേബി. 16 അംഗബ്യൂറോവിന്റെ ചുമതല വഹിച്ചിരുന്ന ഹന്ന കടന്നുപോകാത്ത അപകടങ്ങളില്ല. മൂന്ന് സഹപ്രവര്‍ത്തകര്‍ ഒരു വര്‍ഷത്തിനകം വെടിയേറ്റുമരിച്ചു. ഭര്‍ത്താവിനേയും അച്ഛനമ്മമാരേയും തീവ്രവാദികള്‍ വെടിവെച്ചുകൊന്നപ്പോള്‍ ഹന്നയുടെ തര്‍ജ്ജമക്കാരി അമേരിക്കയിലേക്ക് രക്ഷപ്പെടുകയായിരുന്നു. എന്നിട്ടും ഹന്ന ബാഗ്‌ദാദില്‍ പിടിച്ചുനിന്നു. യുദ്ധകാലത്ത് മൂന്നുമാസം മാത്രം ഇറാഖില്‍ നില്‍ക്കാന്‍ അവസരം ലഭിച്ച അവര്‍ അപേക്ഷ നല്‍കിയും സമ്മര്‍ദ്ദം ചെലുത്തിയുമാണ്‌് തുടര്‍ന്നവിടെ നില്‍ക്കാന്‍ അനുമതി നേടിയത്.
എന്നാണ് യുദ്ധം റിപ്പോര്‍ട് ചെയ്‌തുതുടങ്ങിയത് ? യുദ്ധചരിത്രത്തിലൊന്നും മഹാഭാരതയുദ്ധം കാണില്ല, മാധ്യമചരിത്രത്തിലൊന്നും സഞ്‌്‌ജയനെയും കാണില്ല. മഹാഭാരതയുദ്ധത്തിലെ സംഭവമോരോന്നും വിശദാംശമൊട്ടും വിട്ടുപോകാതെ അന്ധനായ ധൃതരാഷ്‌ട്രരെ അനുദിനം ധരിപ്പിച്ചുപോന്ന സഞ്‌ജയനാണ് ആദ്യത്തെ യുദ്ധകാര്യലേഖകന്‍ എന്ന് പറയുന്നവര്‍ കാണും. അതുപോകട്ടെ, ആധുനികലോകത്ത് ഈ രീതി തുടങ്ങിയതെപ്പോഴാവും ? പലര്‍ക്കും പല അഭിപ്രായമാണുള്ളത്. 1845 ല്‍ തടങ്ങിയതാണ് ഇന്നത്തെ പോലുള്ള യുദ്ധറിപ്പോര്‍ട്ടിങ്ങ് എന്ന് ഗ്രെഗ് മക്‌ഗൗഗ്ലിന്റെ ‘ ദ വാര്‍ കറസ്‌പോണ്ടന്റ് ‘ എന്ന കൃതിയില്‍ പറയുന്നുണ്ട്. എന്നാല്‍ 1653 ല്‍ ഡച്ചുകാരും ഇംഗ്‌ളീഷുകാരും തമ്മിലുള്ള യുദ്ധം കാണാന്‍ പോയി അതിനെക്കുറിച്ചെഴുതിയ ഡച്ച് ചിത്രകാരന്‍ വില്ലെം വാന്‍ ഡി വെല്‍ഡിനെ ആ സ്ഥാനത്ത് നിറുത്തുന്ന പല ചരിത്രകാരന്മാരുമുണ്ട്. യുദ്ധവിവരണം എഴുതുകയും കണ്ടത് വരച്ചുവെക്കുകയും ചെയ്‌തിരുന്നു അദ്ദേഹം. അന്നു ടെലഗ്രാഫ്‌് ഇല്ല, പത്രങ്ങളുമില്ല. തീര്‍ച്ചയായും വാര്‍ത്താവിനിമയ വിദ്യയും വാര്‍ത്താമാധ്യമവും ഇല്ലാത്ത കാലത്തെ റിപ്പോര്‍ട്ടിങ്ങിനെ നാം പരിഗണിക്കേണ്ടതില്ല. 1843 ല്‍ ടെലഗ്രാഫ് കണ്ടുപിടിച്ചതാണ് യുദ്ധറിപ്പോര്‍ട്ടിങ്ങിന് വലിയ പ്രോത്സാഹനമായത്. ദ ടൈംസ് ഓഫ് ലണ്ടനു വേണ്ടി നെപ്പോളിയന്റെ സ്‌പെയിന്‍, ജര്‍മനി ആക്രമണങ്ങള്‍ റിപ്പോര്‍ട് ചെയ്‌ത ഹെന്‍റി ക്രാബ് റോബിന്‍സണ്‍ ആണ് ആ അര്‍ഥത്തില്‍ആദ്യത്തെ യുദ്ധകാര്യ മാധ്യമ ലേഖകന്‍ എന്നുകണക്കാക്കപ്പെടുന്നു. 1954-55 കാലത്തെ ക്രിമിയന്‍ .യുദ്ധമാണ് കുറെയേറെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടര്‍മാരെ അയച്ച ആദ്യയുദ്ധമെന്ന് കണക്കാക്കപ്പെടുന്നു. ആ യുദ്ധം റിപ്പോര്‍ട് ചെയ്‌ത പ്രമുഖന്‍വില്യം ഹോവാര്‍ഡ് റസ്സല്‍ ആയിരുന്നു. ആദ്യ ആധുനിക യുദ്ധ ലേഖകന്‍ എന്ന സ്ഥാനവും അദ്ദേഹത്തിനുള്ളതാണ്.
ഇരുപതാം നൂറ്റാണ്ട് ആയപ്പോഴേക്ക് യുദ്ധത്തില്‍ തോക്കിനോളം വലിയ പങ്ക് പേനയ്‌ക്കുമുണ്ടെന്ന് പട്ടാളവും ഭരണാധികാരികളും തിരിച്ചറിഞ്ഞു. യുദ്ധലേഖകരെ നിയന്ത്രിക്കേണ്ടതും ആവശ്യമുള്ള വിവരങ്ങള്‍ മാത്രം നല്‍കേണ്ടതും യുദ്ധവിജയത്തിന് കൂടി ആവശ്യമാണെന്ന ബോധ്യം അന്നേ ഉണ്ടായി. ആദ്യ ലോകയുദ്ധകാലത്താണ് ഇത് ശരിക്കും ഉപയോഗപ്പെടുത്തിയത്. രാജ്യത്തിനകത്തും ലോകത്താകെയും തങ്ങളുടെ നിലപാടുകള്‍ക്ക് തെളിവും പിന്തുണയും ഉണ്ടാക്കാന്‍ യുദ്ധലേഖകരെ ഉപയോഗപ്പെടുത്താമെന്ന അപ്പോഴാണ് സാമ്രാജ്യത്വരാജ്യങ്ങള്‍ മനസ്സിലാക്കിയത്.
എംബഡഡ് ജേണലിസ്റ്റുകള്‍ എന്നൊരു ശകാരപദം ഉണ്ടായത് ഇറാഖ് യുദ്ധകാലത്തായിരുന്നുവെങ്കിലും പട്ടാളം തന്നെയാണ് മിക്ക യുദ്ധങ്ങളിലും ലേഖകരെ കൊണ്ടുപോയിരുന്നതെന്ന സത്യം മുമ്പേ അറിയുന്നതാണ്. പട്ടാളം ഇഷ്ടപ്പെടാത്ത ഒരു വാര്‍ത്തയും യുദ്ധകാര്യലേഖകന്മാരില്‍ നിന്ന് ലോകത്തിന് കിട്ടാറില്ല. യുദ്ധരംഗത്ത് ഏതെങ്കിലും ഒരു പക്ഷത്തിന്റെ ഭാഗമായിത്തന്നെയാണ് ലേഖകര്‍ നീങ്ങിയിരുന്നത്. പട്ടാളമല്ലാത്ത വാര്‍ത്താസ്രോതസ്സുകള്‍ കണ്ടെത്തുക പ്രയാസമാണ്. യുദ്ധത്തിനിടയില്‍ ജനങ്ങളെ കണ്ടും അവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കിയുമുള്ള റിപ്പോര്‍ട്ടിങ് രീതി അടുത്ത കാലത്തായി റോബര്‍ട് ഫിസ്‌ക്, ജോണ്‍ പില്‍ജര്‍ തുടങ്ങിയ ലേഖകര്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്. യുദ്ധറിപ്പോര്‍ടിങ്ങ് എന്നല്ല. യുദ്ധവിരുദ്ധ റിപ്പോര്‍ട്ടിങ് എന്നാണ് ഇതിനെ വിളിക്കാവുന്നത്. വെറും ലേഖകരല്ല ഇവര്‍. രാഷ്‌ട്രീയമായ ഉള്‍ക്കാഴ്‌ചയുള്ള ചിന്തകര്‍ കൂടിയാണ് ഫിസ്‌കും പില്‍ജറും. പാശ്ചാത്യ ഭരണകൂടങ്ങള്‍ക്ക് എല്ലാ യുദ്ധങ്ങളിലും അവരുടേതായ തികച്ചും സ്വാര്‍ഥലാഭാധിഷ്ടിതമായ രഹസ്യ അജന്‍ഡയാണ് ഉളളതെന്ന് ഇവരുടെ പഠനങ്ങള്‍ വെളിവാക്കിയിട്ടുണ്ട്.
റിപ്പോര്‍ട്ടര്‍മാരെ യുദ്ധവിജയത്തിന് ഉപയോഗപ്പെടുത്തുകയാണ് ഭരണകൂടങ്ങളുടെ എപ്പോഴുമുള്ള തന്ത്രമെങ്കിലും ചിലപ്പോഴെങ്കിലും അവരുടെ പിടി അയഞ്ഞുപോകാറുണ്ട്. യുദ്ധഭൂമിയില്‍ മാത്രമാണ് ലേഖകരെ നിയന്ത്രിക്കാനും അവരുടെ റിപ്പോര്‍ട്ടുകളെ സ്വാധീനിക്കാനും കഴിയുക. രാജ്യം മുഴുവന്‍ യുദ്ധക്കളമാകുമ്പോള്‍ ലേഖകന്മാര്‍ക്കാണ് മുന്‍കൈ ലഭിക്കുക. വിയറ്റ്‌നാം യുദ്ധമാണ് ഇത്തരം റിപ്പോര്‍ട്ടിങ്ങിന്റെ ആദ്യാനുഭവം. യുദ്ധത്തിന്റെ മറുപക്ഷത്ത് നിന്ന് റിപ്പോര്‍ട് ചെയ്‌ത വില്‍ഫ്രെഡ് ബുര്‍ക്കെറ്റിനെ പോലുള്ള ലേഖകരെ കമ്യുണിസ്റ്റ് അനുഭാവികള്‍ എന്ന് മുദ്രകുത്തിയിരുന്നെങ്കിലും അവരാണ് യഥാര്‍ഥത്തില്‍ വിയറ്റ്‌നാം ജനതയുടെ കഷ്ടപ്പാട് ലോകത്തിന്റെ മനസ്സില്‍തറക്കും വിധം റിപ്പോര്‍ട് ചെയ്‌തത്. ഇത് യുദ്ധത്തിന്റെ ഗതിതന്നെ തിരിച്ചുവിടുകയുണ്ടായി. ടെലിവിഷനും ഇതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
കനഡക്കാരി കിറ്റ് കോള്‍മാന്‍ ആണ് അറിയപ്പെടുന്ന ആദ്യത്തെ വനിതാ യുദ്ധറിപ്പോര്‍ട്ടര്‍. അവരുടെ യഥാര്‍ഥ പേര് കാതറിന്‍ ഫെര്‍ഗുസണ്‍. ടെറന്റോ മെയിലില്‍ കോളമിസ്റ്റായിരുന്നു. 1898 ല്‍ സ്‌പാനിഷ് അമേരിക്കന്‍ യുദ്ധം ആണ് അവര്‍ റിപ്പോര്‍ട് ചെയ്‌തത്. 1956 ലെ ഹംഗേറിയന്‍ വിപ്‌ളവും പിന്നീട് വിയറ്റ്‌നാം യുദ്ധവും കൊറിയന്‍ യുദ്ധവും റിപ്പോര്‍ട് ചെയ്‌ത ഡിക്കി ചാപെല്ലെ വിയറ്റ്‌നാമില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. റിപ്പോര്‍ട്ടിങ്ങിനിടയില്‍ മരിക്കുന്ന ആദ്യവനിതയാണ് ഈ അമേരിക്കക്കാരി. കിറ്റ് കോള്‍മാന്റെയും ചാപെല്ലെയുടെയും പിന്‍മുറക്കാരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു. പട്ടാളക്കാര്‍ പോലും പോകാന്‍ ഭയക്കുന്ന ആഫ്രിക്കയിലേയും ഇറാഖിലെയും അഫ്‌ഗാനിസ്ഥാനിലെയുമെല്ലാം കൊലപ്പാടങ്ങളില്‍ ക്യാമറയുമായി നീങ്ങുന്ന കൊച്ചുപെണ്‍കുട്ടികള്‍ പ്രേക്ഷകരുടെ നെഞ്ചിടിപ്പാണ് ഉയര്‍ത്തുന്നത്; അവര്‍ക്ക് കൂസലില്ല.
ആധുനികസാങ്കേതികവിദ്യ യുദ്ധറിപ്പോര്‍ട്ടിങ്ങില്‍ സാധാരണമനുഷ്യര്‍ക്കും പങ്കാളികളാകാം എന്ന നിലയുണ്ടാക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റിനും ബ്‌ളോഗര്‍മാര്‍്‌ക്കും ചിലപ്പോള്‍, പത്രലേഖകര്‍ക്കും ചാനല്‍ ലേഖകര്‍ക്കും കടന്നു ചെല്ലാന്‍ കഴിയാത്ത മേഖലകളിലേക്കും കടന്നുചെല്ലാന്‍ കഴിയാറുണ്ട്. 1999 ലെ കസോവ യുദ്ധകാലത്ത് ഇന്‍സ്റ്റിറ്റിയുട് ഓഫ് വാര്‍ ആന്റ് പീസ് റിപ്പോര്‍ട്ടിങ് വക ഒരു വെബ്‌സൈറ്റില്‍ സാധാരണക്കാര്‍ക്ക് അവരുടെ യുദ്ധാനുഭവങ്ങള്‍ എഴുതാന്‍ അവസരം ലഭിക്കുകയുണ്ടായി. വംശക്കുരുതിക്കിടയില്‍ നിന്ന്‌് രക്ഷപ്പെട്ട നിരവധിയാളുകള്‍ അവരുടെ കരളലിയിക്കുന്ന അനുഭവങ്ങള്‍ എഴുതുകയുണ്ടായി.
ഈ പതിറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്കന്‍ പട്ടാളം ഇറാഖില്‍ നായാട്ട് നടത്തുമ്പോള്‍ ബാഗ്‌ദാദിലെ അജ്ഞാതകേന്ദ്രത്തിലിരുന്ന് ദിവസേന ഞെട്ടിക്കുന്ന സംഭവങ്ങള്‍ ലോകത്തെ അറിയിച്ചുകൊണ്ടിരുന്നത് സലാം പാക്‌സ എന്ന ബ്‌ളോഗറാണ്. എന്റെ പേര് സലാം പാക്‌സ് , എനിക്ക് ബ്‌ളോഗിങ്ങില്‍ കമ്പമാണ് എന്ന് പറഞ്ഞ് ഇന്റര്‍നെറ്റില്‍ സാന്നിദ്ധ്യമറിയിച്ച ആര്‍ക്കിടെക്‌ചര്‍ വിദ്യാര്‍ഥിയായിരുന്ന സലാം പാക്‌സ്. പോലീസിനും പട്ടാളത്തിനുമൊപ്പം നടന്ന് ജനങ്ങളെക്കാണാതെ മാധ്യമലേഖകര്‍ എഴുതിക്കൂട്ടിയ കള്ളങ്ങളെ പാക്‌സ് പൊളിച്ചടുക്കി. സലാമിന്റെ റിപ്പോര്‍ട്ടുകള്‍ ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയന്‍ പിന്നീടൊരു പുസ്‌തകമായി ഇറക്കി. ഇത്രയും വലിയ ഒരംഗീകാരം ഒരു ബ്‌ളോഗര്‍ക്ക് പിന്നീടും ലഭിച്ചിട്ടില്ല.
മുറിഞ്ഞും തറഞ്ഞും ലക്ഷ്യസ്ഥാനത്തെത്തിയിരുന്ന, വായിച്ചുമനസ്സിലാക്കാന്‍ ഡസ്‌കിലിരിക്കുന്നവര്‍ക്ക് ഗവേഷണമാവശ്യമായിരുന്ന തരം ആദ്യകാലത്തെ ടെലഗ്രാഫ് റിപ്പോര്‍്‌ട്ടിങ്ങില്‍ നിന്ന് ഇന്നത്തെ കമ്പ്യൂട്ടറൈസ്‌ഡ് റിപ്പോര്‍ട്ടിങ് ആയിരം കാതം അകലെയാണ്. സാങ്കേതികവിദ്യയുടെ ഒരു കുതിച്ചുചാട്ടമായിരുന്നു ടെലഗ്രാഫ് പോലും. ആദ്യകാലത്ത് അപൂര്‍ണവും അവ്യക്തവുമായ കമ്പിവാചകങ്ങളിലാണ് റിപ്പോര്‍ട്ടുകള്‍ അയച്ചിരുന്നത്. ടെലഫോണ്‍ എഴുതിയെടുക്കലായിരുന്നു ഇതിന്റെ രണ്ടാം ഘട്ടം. ഫോട്ടോ എടുത്ത് ഡവലപ്പ് ചെയ്‌ത് അടുത്ത വിമാനത്താവളത്തില്‍ ചെന്ന് പറ്റിയ ഒരു ദൂതനെ കണ്ടെത്തി തന്റെ ഓഫീസിലെത്തിക്കുകയെന്നത് സാഹസം നിറഞ്ഞ നെട്ടോട്ടമായിരുന്നു. ആഴ്‌ചകള്‍ കഴിഞ്ഞാണ് ഫോട്ടോ വായനക്കാരിലെത്തുക. ലേഖകന്റെ സമയത്തില്‍ ഏറിയ പങ്കും ചെലവഴിച്ചിരുന്നത് വിവരങ്ങള്‍ ശേഖരിക്കാനോ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനോ ആയിരുന്നില്ല, തയ്യാറാക്കിയ റിപ്പോര്‍ട്ട് ഓഫീസില്‍ എത്തിക്കുകയായിരുന്നു സാഹസമേറിയത്. ഇറാഖ് യുദ്ധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മൂവായിരത്തിലേറെ ലേഖകന്മാരുടെ കൈവശം പല ലക്ഷം ഡോളര്‍ വിലയുള്ള സാങ്കേതികോപകരണങ്ങളാണുണ്ടായിരുന്നത്. ബാഗ്‌ദാദില്‍ ക്യാമറയില്‍ ക്ലിക്ക് ചെയ്യുമ്പോഴേക്ക് വാഷിങ്‌ടണ്‍ ഓഫീസിലെ കമ്പ്യട്ടറില്‍ ചിത്രം തെളിയുകയായി.
.1861ലെ അമേരിക്കന്‍ ആഭ്യന്തരയുദ്ധം റിപ്പോര്ട്ട് ചെയ്യാന്‍ 500 ലേഖകരെത്തിയിരുന്നു എന്നറിയുമ്പോള്‍, ടെലഗ്രാഫ് കണ്ടുപിടിച്ച് വെറും ഇരുപത് വര്‍ഷം കൊണ്ടുണ്ടായ മാറ്റം മനസ്സിലാക്കാനാവും. ഇറാഖ് യുദ്ധമായപ്പോഴേക്ക് ലേഖകരുടെ എണ്ണം മൂവായിരമായാണ് ഉയര്‍ന്നത്. ബി.ബി.സിയും സി.എന്‍.എന്നും 200 പേരെ വീതമാണയച്ചത്. 1854 ലെ ക്രിമിയന്‍ യുദ്ധം മുതല്‍ 2001ലെ അഫ്‌ഘാന്‍ യുദ്ധം വരെയുള്ള ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നവരുമായി സംസാരിച്ചും അവരുടെ അനുഭവവിവരണങ്ങള്‍ വായിച്ചും തയ്യാറാക്കിയതാണ് ഗ്രെഗ് മക്ലൈഗലിന്റെ ‘ വാര്‍ കറസ്‌പോണ്ടന്റ് ‘ എന്ന കൃതി. യുദ്ധലേഖകരുടെ എണ്ണമറ്റ പുസ്‌തകങ്ങള്‍ ഇന്ന് ലഭ്യമാണ്.
നടക്കുന്ന സംഭവങ്ങള്‍ മാറിനിന്ന് ചിത്രീകരിക്കുകയും റിപ്പോര്‍ട്ട് എഴുതുകയുമാണ് മാധ്യമപ്രവര്‍ത്തകന്റെ ചുമതലയെങ്കിലും ചിലപ്പോഴൊക്കെ സംഭവങ്ങള്‍ മാധ്യമപ്രവര്‍ത്തകന് വേണ്ടി രൂപപ്പെടുത്തുന്നതിനും പങ്കാളികളാകേണ്ടിവരാറുണ്ട്. കാല്‍നൂറ്റാണ്ടുകാലം ആഫ്രിക്കയില്‍ ലേഖകനായിരുന്ന ക്രിസ്റ്റഫര്‍ മൂന്നിയൊന്‍ തന്റെ ചില വിചിത്രാനുഭവങ്ങള്‍ ‘ സീക്രട്ട്‌സ് ഓഫ് ദ പ്രസ് ‘ എന്ന കൃതിയില്‍ വിവരിക്കുന്നുണ്ട്. നൈജീരിയന്‍ ആഭ്യന്തരയുദ്ധം റിപ്പോര്ട്ട് ചെയ്യാന്‍ ചെന്ന ഇംഗ്‌ളീഷ് ടെലിവിഷന്‍ ട്രൂപ്പിന് നല്ലൊരു ആക്ഷന്‍ ചിത്രമെടുക്കാന്‍ സൗകര്യം ചെയ്യുന്നതിന് വേണ്ടി `ഉദാരമനസ്‌കനായ` പട്ടാള ഓഫീസര്‍ തടവിലുണ്ടായിരുന്നൊരു യുവാവിനെ വെടിവെച്ചുകൊന്നുകൊടുത്തു. തങ്ങള്‍ കാരണമൊരു മനുഷ്യന്‍ മരിക്കുകയാണെന്നറിഞ്ഞുവെങ്കിലും അവര്‍ക്കത് തടയാന്‍ കഴിയുമായിരുന്നില്ല. ഞെട്ടലോടെയാണ് അവര്‍ ആ സ്‌കൂപ്പ് ചിത്രീകരിച്ചത്. ഇത് ഇവിടെ അവസാനിച്ചില്ല. നിരപരാധിയെ ക്യാമറയ്‌ക്ക് മുന്നില്‍ വെടിവെച്ചുകൊന്ന കാര്യം എങ്ങനെയോ നൈജീരിയന്‍ ഗവണ്മെന്റ് അറിഞ്ഞു. അന്വേഷണമായി ,വിചാരണയായി. പട്ടാളഓഫീസറെ വധശിക്ഷയ്‌ക്ക് വിധേയനാക്കാനാണ് കോടതി വിധിച്ചത്. ഈ വധശിക്ഷ ചിത്രീകരിക്കാനുള്ള നിയോഗവും ഇതേ ടെലിവിഷന്‍ പ്രവര്‍ത്തകര്‍ക്കുണ്ടായി. ഈ രംഗം ചിത്രീകരിക്കാനുള്ള മനക്കരുത്ത് ബി.ബി.സി ക്യാമറാമാനുണ്ടായില്ല. ഫയറിങ്ങ് സ്‌ക്വാഡിന് റെഡി എയിം എന്ന ആജ്ഞ കൊടുക്കുന്നതുകേട്ടപ്പോള്‍ മാത്രമാണ് പരിഭ്രമിച്ച ക്യാമറാമാന് തന്റെ ക്യാമറ ശരിയായിട്ടില്ലെന്ന് മനസ്സിലായത്. നിര്‍ത്തൂ ഒരു നിമിഷം ‘….എന്നയാള്‍ ഉറക്കെ വിളിച്ചുപറഞ്ഞുപോയി. ഫയറിങ്ങ് സ്‌ക്വാഡ് പിന്നെ വെടിവെച്ചത് ക്യാമറാമാനില്‍ നിന്ന് ‘ ശരി ഇനി വെടിവെച്ചോളൂ ‘ എന്ന സിഗ്നല്‍ കിട്ടിയപ്പോള്‍ മാത്രമാണ് !
യുദ്ധറിപ്പോര്‍ട്ടര്‍മാരെക്കുറിച്ച് പറയുമ്പോള്‍ യുദ്ധഫോട്ടോഗ്രാഫര്‍മാരെ വിസ്‌മരിച്ചുകൂടല്ലോ. റിപ്പോര്‍ട്ടര്‍മാരെക്കാള്‍ ഏറെ യുദ്ധത്തിന്റെ ക്രൂരമുഖം അടുത്തുനിന്നുകാണുന്നവര്‍ ഫോട്ടോഗ്രാഫര്‍മാരാണ്. അവര്‍ക്ക് ഓരോന്നും നേരില്‍കണ്ടല്ലേ പറ്റൂ, റിപ്പോര്‍ട്ടര്‍മാര്‍ക്ക് ദൃക്‌സാക്ഷികളാകണമെന്നില്ല, ദൃക്‌സാക്ഷികളെ കണ്ടെത്തിയാലും മതി. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അതുപോരല്ലോ. യുദ്ധമുഖത്ത് നിന്ന് മറ്റൊന്നിലേക്ക് ജീവിതകാലം മുഴുവന്‍ ഓടിനടക്കുകയും അനശ്വര ഫോട്ടോകള്‍ എടുത്ത് ചരിത്രത്തില്‍ സ്ഥാനം പിടിക്കുകയും ചെയ്‌ത ഫോട്ടോജേണലിസ്‌ററുകള്‍ ഏറെയുണ്ട്. ആ നിലയില്‍ അവര്‍ യുദ്ധലേഖകന്മാരേക്കാള്‍ ഭാഗ്യവാന്മാരാണ്.
വിയറ്റ്‌നാമിലെ സെയ്‌ഗോണ്‍ തെരുവില്‍ സൈനിക ഓഫീസര്‍ കൈത്തോക്ക് കൊണ്ട് സിവിലിയന്റെ തലയ്‌ക്ക് വെടിവെക്കുന്ന ഫോട്ടോ വിയറ്റ്‌നാം യുദ്ധത്തിന്റെ അനശ്വരചിത്രമാണ്. ആ ഫോട്ടോ എടുത്തത് എഡ്ഡീ ആഡംസ് എന്ന ഫോട്ടോജേണലിസ്റ്റ് ആണ്. വിയറ്റ്‌നാം യുദ്ധരംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ സഞ്ചരിക്കുമ്പോള്‍ യാദൃശ്ചികമായാണ് ഈ രംഗം ചിത്രീകരിക്കുവാനുള്ള അവസരം വീണുകിട്ടുന്നത്. സൈനികര്‍ വിലങ്ങ് വെച്ച് തടവുകാരനെ നടത്തിക്കൊണ്ടുവന്ന് ഓഫീസറെ ഏല്‌പ്പിച്ചതും ഓഫീസര്‍ കൈത്തോക്ക വലിച്ചൂരി അവനെ വെടിവെച്ചതും നിമിഷം കൊണ്ട് കഴിഞ്ഞ സംഭവമാണ്. ആഡംസിന് അത് ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞു. ഭാഗ്യം എന്നല്ലാതെന്തുപറയാന്‍. ദിവസങ്ങള്‍ക്കകം ആ ചിത്രം ലോകത്തെങ്ങുമുള്ള പത്രങ്ങളില്‍ ഒന്നാംപേജില്‍ പ്രത്യക്ഷപ്പെട്ടു. പതിമൂന്നുയുദ്ധങ്ങള്‍ കവര്‍ചെയ്‌ത, നിക്‌സണ്‍ മുതല്‍ ബുഷ് വരെയുള്ള പ്രസിഡന്റുമാരുടെ ഫോട്ടോ എടുത്ത, ഡെങ് സിയാവോ പിങ് മുതല്‍ ഗോര്‍ബച്ചേവ് വരെയുള്ള ലോകനേതാക്കളെ ചിത്രീകരിച്ച ആഡംസ് ചരിത്രത്തില്‍ സ്ഥാനംപിടിച്ചതി ആ വിയറ്റ്‌നാം ചിത്രം കൊണ്ടാണ്. പുലിറ്റ്‌സര്‍ സമ്മാനം ഉള്‍പ്പെടെ അഞ്ഞൂറോളം ബഹുമതികള്‍ ആഡംസിനെത്തേടി വരികയുണ്ടായി. ആഡംസിനെമാത്രമല്ല, ആ ചിത്രത്തിലെ വെടിവെക്കുന്ന പോലീസ് മേധാവി നഗ്യുന്‍ ഗോക് ലോനിനെയും ലോകമെങ്ങും കുപ്രശസ്‌തനാക്കി. പക്ഷേ ലോനിനോട് ആഡംസിന് പില്‍ക്കാലത്ത് വലിയ സഹതാപമായിരുന്നു. ലോനിന്റെ സഹപ്രവര്‍ത്തകന്റെ കുടുംബത്തെ കൊന്നൊടുക്കിയ കൊലയാളിയായിരുന്നു തന്റെ ആ ചിത്രത്തിലൂടെ ലോകത്തിന്റെ മുഴുവന്‍ അനുഭാവം പിടിച്ചുപറ്റിയതെന്ന് ആഡംസ് പിന്നീടറിഞ്ഞു. അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവുമുമേറെ അച്ചടിക്കപ്പെട്ട ആ ചിത്രം ആഡംസ് തന്റെ ഗാലറിയില്‍ ്‌പ്രദര്‍ശിപ്പിച്ചിരുന്നില്ല. എന്തുപ്രയോജനം. 2004 ല്‍ ആഡംസ് മരിച്ചപ്പോള്‍ ലോകമെങ്ങുമുള്ള പത്രങ്ങള്‍ ചരമവാര്‍ത്തക്കൊപ്പം ആഡംസിന്റെ ഫോട്ടോ അല്ല പ്രസിദ്ധപ്പെടുത്തിയത്, ആഡംസിന്റെ പ്രശസ്‌തമായ ചിത്രമായിരുന്നു.
യുദ്ധരംഗത്ത് പ്രവര്‍ത്തിച്ച ഓരോ മാധ്യമപ്രവര്‍ത്തകനും നൂറുനൂറ് അനുഭവകഥകള്‍ പറയാനുണ്ടാകും. പലരും കഥകളേറെ എഴുതിയിട്ടുമുണ്ട്. കഥകളെഴുതാനൊന്നും അവസരംകിട്ടാതെ പലരും മരിച്ചുവീണു. വ്യത്യസ്‌തനായൊരു ധീരനെ മാത്രം ഓര്‍മിക്കട്ടെ.
റോയ്‌റ്റേഴ്‌സ് ക്യാമറാമേന്‍ മാസെന്‍ ഡാന യുദ്ധമുഖത്തൊന്നുമല്ല പ്രവര്‍ത്തിച്ചിരുന്നത്. ഇസ്രായേലിലെ ഹെബ്രോണില്‍ യുദ്ധമുള്ളതും ഇല്ലാത്തതും തമ്മില്‍ മാസെന് വ്യത്യാസമില്ല. ജൂത അധിനിവേശക്കാരും ഇസ്രയേല്‍ പട്ടാളവും നിരന്തരം നടത്തിക്കൊണ്ടിരുന്ന അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തുപോന്ന മാസെന്‍ പത്തുവര്‍ഷത്തിനിടയില്‍ മുപ്പതോ അതിലേറെയോ തവണ വെടിയേറ്റിട്ടുണ്ട്. തലനാരിഴയ്‌ക്കാണ് എല്ലായ്‌പ്പോഴും രക്ഷപ്പെട്ടത്. സംഭവം കഴിയുമ്പോള്‍ യാതൊന്നും സംഭവിക്കാത്ത മട്ടില്‍ അയാള്‍ ജോലിയില്‍ തിരിച്ചെത്തുമായിരുന്നു.
പലസ്‌തീന്‍കാരനാണ് എന്നതുകൊണ്ടാകാം അയാള്‍ എപ്പോഴും ആക്രമിക്കപ്പെടുന്നത്. 2002 ല്‍ കമ്മിറ്റി ടു പ്രൊടക്‌റ്റ് ജേണലിസ്റ്റ്‌സ് എന്ന സംഘടന അദ്ദേഹത്തെ ലോക മാധ്യമ പുരസ്‌കാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് ജീവന്‍ രക്ഷിക്കാന്‍ വേണ്ടി റോയ്‌റ്റേഴ്‌സ് മാസെനെ ന്യൂസ് ഡസ്‌കിലേക്ക് മാറ്റി. അവിടത്തെ സുരക്ഷിതത്വം അദ്ദേഹത്തെ തീര്‍ത്തും അസംതൃപ്‌തനാക്കി. ജയിലില്‍ കിടക്കും പോലെയാണ് അദ്ദേഹം ഡസ്‌കില്‍ കഴിഞ്ഞുകൂടിയത്. നിരന്തരസമ്മര്‍ദ്ദം സഹിക്കാതെ റോയ്‌റ്റേഴ്‌സ് അദ്ദേഹത്തെ ഹ്രസ്വകാലത്തേക്ക് ബാഗ്‌ദാദിലേക്ക് മാറ്റി. ചുമതല തീരുന്ന ദിവസം അമേരിക്കന്‍ സൈനികരില്‍ നിന്ന് അവസാനത്തെ വെടിയുണ്ട മാസെന് നേരെ പറന്നുവന്നു. മാസെന്‍ മരിച്ചുവീണു. കൊല്ലാന്‍വേണ്ടിത്തന്നെയുളളതായിരുന്നു ആ വെടിയെന്ന് സഹമാധ്യമപ്രവര്‍ത്തകര്‍ക്ക് ഉറപ്പാണ്.
ഏറ്റവും അപായകരമായ മാധ്യമപ്രവര്‍ത്തനം യുദ്ധമേഖലയിലേതാണ്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് യുദ്ധം പോലെ ആഹ്‌ളാദകരമായി മറ്റൊന്നില്ല എന്ന് പറയുന്നവരുമുണ്ട്. പത്രത്തിലുള്ള ജനങ്ങളുടെ താല്‌പര്യം ഉയരുക യുദ്ധം വരുമ്പോഴാണല്ലോ. വന്‍തോതില്‍ വില്‌പന ഉയരുന്ന സമയവുമാണത്. അതുകൊണ്ടുകൂടിയാണ് വലിയ തുക ചെലവാക്കിയായാലും യുദ്ധരംഗത്തേക്ക് ലേഖകരെയും ക്യാമറക്കാരെയും അയക്കാന്‍ വന്‍കിടപത്രങ്ങളും ചാനലുകളും തയ്യാറാകുന്നത്. പുതിയ കാലഘട്ടം ഭീകരപ്രവര്‍ത്തനത്തിന്റെയും കാലമാണ്. ആഗ്രഹിച്ചാലും ഇല്ലെങ്കിലും യുദ്ധസമാനമായ രംഗങ്ങള്‍ രാജ്യത്തിന്റെ ഏത് മൂലയിലും എപ്പോഴുമുണ്ടാകാമെന്ന് മുംബൈ ആക്രമണം തെളിയിച്ചുകഴിഞ്ഞു. ലാത്തിച്ചാര്‍ജില്‍ കൂടിയ യാതൊന്നും കണ്ടിട്ടില്ലാത്ത നമ്മളും തയ്യാറെടുത്തേ പറ്റൂ.