ഡി.ജി.പി. പഴയ നഗരത്തിലെ ആള്‍ദൈവത്തെ സന്ദര്‍ശിച്ചത് അമ്പരപ്പുളവാക്കി
പ്രത്യേക ലേഖകന്‍
ഹൈദരബാദ്: വ്യക്തിപരമായ പ്രശ്‌നങ്ങളുമായി വരുന്ന ആളുകളെ ബാബ കാണുന്നത് വ്യാഴാഴ്ച മാത്രം ഡയറക്റ്റര്‍ ജനറല്‍ ഓഫ് പോലീസ് വി.ദിനേശ് റെഡ്ഡി വ്യാഴാഴ്ച പഴയ നഗരത്തിലെ ആള്‍ദൈവം ഹബീബ് മുസ്തഫ ഇദ്രുസ് ബാബയെ ഫാത്തെ ദര്‍വാസയില്‍ സന്ദര്‍ശിച്ചത് വിവാദമുണ്ടാക്കി.
രാവിലെ പതിനൊന്നരയ്ക്ക് മി.റെഡ്ഡി ഔദ്യോഗികവാഹനത്തില്‍ പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാമ് ചാര്‍മിനാര്‍ വരെ വന്നത്. അവിടെ വെച്ച് അഡീഷനല്‍ ഡി.സി.പി. (ടാസ്‌ക് ഫോഴ്‌സ് ) ബി.ലിംബ റെഡ്ഡി അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. തുടര്‍ന്ന് രണ്ടുപേരും കനത്ത കാവലോടെ ബാബയുടെ വീട്ടിലേക്ക് പോയി. ഡി.ജി.പി. ബാബയുടെ വീട്ടില്‍ ചെലവഴിച്ച 40 മിനിട്ടുനേരവും ഹത്തേ ദര്‍വാസ വഴിക്കുള്ള ഗതാഗതം നിയന്ത്രിക്കപ്പെട്ടു. മാധ്യമങ്ങള്‍ക്ക് ഈ പ്രദേശത്ത് പ്രവേശനം നിഷേധിക്കുകയും ചെയ്തു.
മറ്റൊരു ഐ.പി.എസ് ഉദ്യോഗസ്ഥനായ ഉമേഷ് കുമാര്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് ഡി.ജി.പി.യുടെ സ്വത്തുകളെ കുറിച്ച് അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ഡി.ജി.പി.യുടെ സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യം കല്പിക്കപ്പെടുന്നു.
മിസ്റ്റര്‍ റെഡ്ഡി ഔദ്യോഗിക പദവിയില്‍നിന്ന് ഈ മാസാവസാനം വിരമിക്കേണ്ടതുണ്ട്. ഡി.ജി.പി.ക്ക് രണ്ടുവര്‍ഷം സ്ഥാനത്ത് തുടരാന്‍ അവസരം കൊടുക്കണമെന്ന് ഈയിടെ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത് ചൂണ്ടിക്കാട്ടി തന്റെ സര്‍വീസ് നീട്ടണമെന്ന ആവശ്യവുമായി റെഡ്ഡി സെന്‍ട്രല്‍ അഡ്. ട്രിബ്യൂണലിന് ഹരജി നല്‍കിയിരുന്നു. രണ്ടാഴ്ചക്കകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും തീരുമാനമുണ്ടായിട്ടില്ല.
വ്യക്തിപരമായ പ്രശ്‌നങ്ങളുമായി വരുന്ന ആളുകളെ ബാബ കാണുന്നത് വ്യാഴാഴ്ച മാത്രമാണെന്ന് അറിയുന്നു. റെഡ്ഡി ചില ഫയലുകളുമായാണ് ബാബയെ കണ്ടത്. മുന്‍ ഗവര്‍ണര്‍ എന്‍.ഡി.തിവാരി, മുന്‍ റെയില്‍വെ മന്ത്രി ജാഫര്‍ ഷെറീഫ് തുടങ്ങിയവര്‍ നേരത്തെ ഇതേ ബാവയെ സന്ദര്‍ശിച്ചിട്ടുണ്ട്. സന്ദര്‍ശനത്തെ കുറിച്ച് ബാബയുടെ പ്രതികരണം തേടിയുരുന്നുവെങ്കിലും ലഭിച്ചിട്ടില്ല.
ഹൈദരബാദില്‍ നിന്ന് പ്രസിദ്ധപ്പെടുത്തുന്ന ദ ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ചതാണ് വാര്‍ത്ത. വാര്‍ത്തയോടൊപ്പം, മുകളില്‍ കൊടുത്ത ഫോട്ടോയുമുണ്ട്. വാര്‍ത്ത പ്രദിദ്ധീകരിച്ചതിന് ദ ഹിന്ദു ഹൈദരാബാദ് റസിഡന്റ് എഡിറ്റര്‍ എസ്.നാഗേഷ് കുമാറിന്റെ പേരില്‍ പേലീസ് കേസ് എടുത്തിരിക്കുകയാണ്. വസ്തുതകള്‍ പരിശോധിക്കാതെ വാര്‍ത്ത പ്രസിദ്ധപ്പെടുത്തി എന്നതാണ് കുറ്റം.
ഇതുപോലെ തീര്‍ത്തും സാധാരണമായ ഒരു വാര്‍ത്തയുടെ പേരില്‍ പത്രാധിപര്‍ക്കെതിരെ അറസ്റ്റ് വാറണ്ടുണ്ടായ സംഭവം ഇന്ത്യയില്‍ അടിയന്തരാവസ്ഥയിലെങ്കിലും ഉണ്ടായതായി ചൂണ്ടിക്കാട്ടാനാവുമോ ? പറ്റുമെന്ന് തോന്നുന്നില്ല.
ആന്ധ്ര പ്രദേശ് പോലീസ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ അസി.പോലീസ് കമ്മീഷണര്‍ റാം നരസിംഹ റെഡ്ഡി നല്‍കിയ പരാതി പ്രകാരം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 469, 505 (1) മ, യ എന്നിവയും പോലീസ് ഇന്‍സൈറ്റ്‌മെന്റ് ടു ഡിസെഫെക്ഷന്‍ ആക്റ്റും (1992) പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഡി.ജി.പി.യുടെ സന്ദര്‍ശനം സംബന്ധിച്ച വാര്‍ത്ത ഡി.ജി.പി.യുടെ സല്‍ക്കീര്‍ത്തി തകര്‍ക്കുന്നതി ഇ ും പോലീസ് സേനയുടെ ആത്മവീര്യം ഇല്ലാതാക്കുന്നതിനും ജനങ്ങളില്‍ ഭീതി വളര്‍ത്തുന്നതിനും വേണ്ടി ദുരുദ്ദേശപൂര്‍വം പ്രസിദ്ധപ്പെടുത്തിയതാണ് എന്ന് എ.സി.പി പറയുന്നു. ഇതേ വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയതിന് സീ 24 ചാനലിലെ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭൂമി തട്ടിപ്പുകാരന്‍ എന്ന് ആള്‍ദൈവത്തെ ആക്ഷേപിച്ചു എന്ന പരാതി കൂടിയുണ്ട് ചാനല്‍ ജീവനക്കാരുടെ പേരില്‍. അവരെ ജയിലിലടച്ചിരിക്കുകയാണ്.
വ്യക്തിയെ ദ്രോഹിക്കുന്നതിന് രേഖകള്‍ വ്യാജമായി ഉണ്ടാക്കുക, പോലീസ്, സൈന്യം, നാവികസേനാവിഭാഗം തുടങ്ങിയവരെ കൃത്യനിര്‍വഹണത്തില്‍ തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് പത്രാധിപരുടെ പേരില്‍ ആരോപിച്ചിരിക്കുന്നത്. മൂന്നുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന താണ് ഈ കുറ്റങ്ങള്‍.
ആന്ധ്ര പോലീസ് തലവന്റെ മനുഷ്യദൈവ സന്ദര്‍ശനവും അത് സംബന്ധിച്ച് പ്രസിദ്ധപ്പെടുത്തിയ വാര്‍ത്തയുടെ പേരിലെടുത്ത നടപടിയും പല നിലയിലും അസാധാരണമാണ്, അങ്ങേയറ്റത്തെ അധികാരദുര്‍വിനിയോഗമാണ്, അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണ്, പത്രസ്വാതന്ത്ര്യം തകര്‍ക്കാനുള്ള നീക്കമാണ്. നിര്‍ഭാഗ്യമെന്ന് പറയട്ടെ, സര്‍ക്കാറുകളുടെയോ പൊതുസമൂഹത്തിന്റെയോ മാധ്യമലോകത്തിന്റെ തന്നെയോ ഭാഗത്ത് നിന്ന് ശക്തമായ പ്രതികരണം ഇക്കാര്യത്തിലുണ്ടായില്ല. ആന്ധ്രസര്‍ക്കാര്‍ പോലീസ് മേധാവിയുടെ പ്രത്യക്ഷത്തില്‍തന്നെ അസംബന്ധം നിറഞ്ഞ നടപടി ഇതെഴുതുന്നത് വരെ ഗവണ്മെന്‍്‌റ് തടഞ്ഞിട്ടില്ല. മുന്‍കൂര്‍ ജാമ്യമെടുത്തെങ്കിലും റസിഡന്റ് എഡിറ്ററുടെ വീട്ടില്‍ രണ്ടുവട്ടം പോലീസ് സംഘങ്ങള്‍ കയറിച്ചെന്നത് ഭീതി സൃഷ്ടിക്കുന്നതിനാണ് എന്നാരോപിക്കപ്പെട്ടിട്ടുണ്ട്. ഇതിനെതിരെയൊന്നും നടപടികള്‍ ഉണ്ടായില്ല. ആന്ധ്രക്ക് പുറത്ത് ദ ഹിന്ദു പത്രത്തിലൊഴികെ കാര്യമായി വാര്‍ത്തകളോ ചര്‍ച്ചകളോ ഉണ്ടായിട്ടില്ല. കേസ് എടുത്തതിനെയും തുടര്‍ന്ന് നടന്ന സംഭവങ്ങളെയും ആന്ധ്ര പ്രദേശിലെ പത്രപ്രവര്‍ത്തക-പത്രാധിപ സംഘടനകള്‍ അപലപിച്ചിട്ടുണ്ടെന്നുമാത്രം ആശ്വസിക്കാം.
പോലീസ് മേധാവി ആള്‍ദൈവത്തെ സന്ദര്‍ശിച്ചിട്ടില്ലെന്ന് ആരും പറയുന്നില്ല. ഡി.ജി.പി.പത്രങ്ങള്‍ക്കയച്ച കത്തില്‍ വാര്‍ത്ത നിഷേധിച്ചിട്ടില്ല. സന്ദര്‍ശിച്ചത് ക്രമസമാധാനപാലനം സംബന്ധിച്ചാണെന്ന് വിശദീകരിക്കുന്നുണ്ടെന്ന് മാത്രം. വാര്‍ത്തയില്‍ നിരവധി അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ഉണ്ട്, ഡി.ജി.പി.യുടെ സ്ഥിരീകരണം ആരാഞ്ഞില്ല, അപ്രധാന കാര്യമായിട്ടും പത്രത്തിന്റെ ഒന്നാം പേജില്‍ ആറുകോളം തലക്കെട്ടില്‍ പ്രസിദ്ധപ്പെടുത്തി, വാര്‍ത്തയുടെ ഫലമായി പോലീസിന്റെ ആത്മവീര്യവും യശസ്സും തകര്‍ന്നു, വര്‍ഗീയസംഘര്‍ഷത്തിന് കാരണമായി…..തുടങ്ങിയ പരിഹാസ്യങ്ങളായ ആക്ഷേപങ്ങളാണ് ഡി.ജി.പി.യുടെ കത്തില്‍ ഉള്‍ക്കൊള്ളുന്നത്.
ആക്ഷേപങ്ങള്‍ ഓരോന്നും ദ ഹിന്ദു പത്രാധിപര്‍ സിദ്ധാര്‍ഥ് വരദരാജന്‍ അക്കമിട്ട് നിഷേധിച്ചിട്ടുണ്ട്. വാര്‍ത്ത അസത്യമാണെന്നല്ല ആക്ഷേപം, വാര്‍ത്തയ്ക്ക് അമിത പ്രാധാന്യം നല്‍കി എന്നതാണ്. മറ്റെല്ലാവരും ഉള്‍പ്പേജില്‍ അപ്രധാനമായി നല്‍കിയ വാര്‍ത്തയ്ക്ക് എന്തിന് ഒന്നാം പേജില്‍ ഇത്രയും പ്രധാന്യം നല്‍കി എന്നുതുടങ്ങിയ ചോദ്യങ്ങളാണ് പോലീസ് മേധാവിയുടേത്.
ആശങ്കാജനകമാണിത്. ഏത് വാര്‍ത്ത ഏത് പേജില്‍ പ്രസിദ്ധപ്പെടുത്തണം, എന്തെല്ലാം വസ്തുതകള്‍ വാര്‍ത്തയില്‍ ഉള്‍ക്കൊള്ളിക്കണം, വാര്‍ത്തയ്ക്ക് എത്ര വലുപ്പം വേണം, എത്ര പ്രാധാന്യം നല്‍കണം തുടങ്ങിയ കാര്യങ്ങള്‍ പത്രാധിപരല്ല, പോലീസ് മേധാവിയാണ് തീരുമാനിക്കേണ്ടത് എന്ന് നിലയിലേക്ക് അധ:പതിക്കുകയാേണാ ജനാധിപത്യം ?
ഇതൊരു ഒറ്റപ്പെട്ട സംഭവമായിരിക്കാം. ഒരു ഉദ്യോഗസ്ഥന്റെ അതിരുകടന്ന അധികാരപ്രയോഗമായിരിക്കാം. അതല്ല ആശങ്ക ഉയര്‍ത്തുന്നത്. ഇത്തരം പ്രവണതകള്‍ക്കെതിരെയുള്ള പ്രതികരണങ്ങള്‍ എന്തുമാത്രം ദുര്‍ബലവും വിരളവും അസംഘടിതവും വഴിപാട് സ്വഭാവമുള്ളതുമാണ് എന്നതാണ് കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നത്. പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ് മാധ്യമസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം എന്ന തത്ത്വംപോലും വിസ്മൃതമാവുകയാണോ എന്ന് സംശയിക്കാവുന്ന വിധത്തിലുള്ള പ്രതികരണങ്ങള്‍ ജനാധിപത്യവിശ്വാസികകളെ ഭയപ്പെടുത്തുന്നു.