ജേണലിസം വിദ്യാഭ്യാസവും മാധ്യമ വ്യവസായവും

എൻ.പി.രാജേന്ദ്രൻ

മാധ്യമവ്യവസായം അതിവേഗം വളര്‍ന്നുകൊണ്ടിരി്ക്കുകയാണ് . ഏറ്റവും കൂടുതല്‍ ആളുകള്‍ സാക്ഷരതയും സാമ്പത്തികശേഷിയും നേടാന്‍ ബാക്കിനില്‍ക്കുന്ന വന്‍ജനസംഖ്യയുള്ള ഇന്ത്യയില്‍ ഇത് സ്വാഭാവികം മാത്രം. ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ മാധ്യമവ്യവസായ വളര്‍ച്ച 12 ശതമാനമായിരുന്നു. ഇനിയങ്ങോട്ട് ഇതിനേക്കാള്‍ കൂടും വളര്‍ച്ചനിരക്ക്. സാക്ഷരതയും സാമ്പത്തികശേഷിയും നേടിയ വലിയ ജനവിഭാഗം ഉണ്ട് എന്നതുകൊണ്ട് കേരളത്തില്‍ മാധ്യമരംഗത്ത് വന്‍വിപ്ലവം നടന്നുകൊണ്ടിരിക്കുന്നു. കേരളത്തില്‍ ഇന്ന് നടക്കുന്നത് നാളെ ഇന്ത്യതയൊട്ടാകെ നടക്കുമെന്ന കാര്യത്തിലും സംശയമില്ല.

ഐ.ടി. മേഖലയെ ഇപ്പോള്‍ ഐ.സി.ടി മേഖല എന്നാണ് വിളിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയോടൊപ്പം കമ്മ്യൂണിക്കേഷന്‍ കൂടി ചേര്‍ന്നിരിക്കുന്നു. ഇനി ഇതിനൊപ്പം വിനോദവ്യവസായം കൂടി ചേരുകയായി. ഇതെല്ലാം കൂടിയുള്ള വ്യവസായത്തിന്റെ ഭാഗമായിരിക്കുന്നു മാധ്യമവും. ഐ.ടി.യും വിനോദവും കമ്യുണിക്കേഷനുമെല്ലാം അതിവേഗം സംയോജിച്ചുകൊണ്ടിരിക്കുകയാണ്.

ഐ.ടി. മേഖലയില്‍ വിദ്യാഭ്യാസവും പരിശീലനവും ഒരു പരിധി വരെ ഗവേഷണവും വ്യവസായത്തിന്റെ ആവശ്യത്തിനൊത്ത് നടക്കുന്നുണ്ട്. എന്നാല്‍ മാധ്യമ-വിനോദമേഖലകളില്‍ സ്ഥിതി വ്യത്യസ്തമാണ്. മാധ്യമ മേഖലയില്‍ സ്ഥിതി വളരെ മോശവുമാണ്. വിനോദ-മാധ്യമ മേഖലകളിലായി പത്തുലക്ഷത്തോളം പേരാണ് ഇപ്പോള്‍ തൊഴിലെടുക്കുന്നതെങ്കില്‍ പത്ത് വര്‍ഷത്തിനിടയില്‍ ഇവരുടെ എണ്ണം നാല്പത് ലക്ഷമായിത്തീരുമെന്നാണ് വിദഗ്ദ്ധര്‍ കണക്കാക്കുന്നത്. ഇവര്‍ വെറുംതൊഴിലാളികളല്ല. സാങ്കേതിക ജ്ഞാനവും പ്രൊഫഷനലിസവും ക്രിയേറ്റിവിറ്റിയും ഉള്ള ഒരു വര്‍ഗത്തെയാണ് വാര്‍ത്തെടുക്കേണ്ടത്. അതിന് നാം എത്ര സജ്ജരാണ് എന്ന ചോദ്യം ഉയര്‍ന്നുവന്നുകഴിഞ്ഞു.

കേരളത്തിലെ മാധ്യമമേഖലയുടെ മനുഷ്യശേഷി ആസൂത്രണത്തിന്റെ സ്ഥിതി എന്താണ് ? അനുദിനം പൊട്ടിവളര്‍ന്നുകൊണ്ടിരിക്കുന്ന അച്ചടി- ദൃശ്യ മാധ്യമങ്ങളെ വ്യാപാരപരമായി വിജയിപ്പിക്കുക മാത്രമല്ല ഈ മേഖലയിലെ പ്രൊഫഷനുകളുടെ ലക്ഷ്യവും ചുമതലയും. സാങ്കേതികവും ഭരണപരവും ക്രിയാത്മകവും ആയ രംഗങ്ങളില്‍ പുത്തന്‍ ആശയങ്ങള്‍ പരീക്ഷിക്കേണ്ടിയിരിക്കുന്നു. മാധ്യമവ്യവസായത്തിനാവശ്യമായ തരം പ്രൊഫഷനുകളെ, ആവശ്യമായ തോതില്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്വമേധയാ ഉല്‍പാദിപ്പിച്ച് സംഭാവന ചെയ്തുകൊള്ളും എന്ന് പ്രതീക്ഷിച്ചുകൂടാ. ദീര്‍ഘവീക്ഷണത്തോടെയൂള്ള ആസൂത്രണം വ്യവസായികളും പ്രൊഫഷണല്‍ സംഘടനകളും വിദ്യാഭ്യാസ ആസൂത്രകരും ചേര്‍ന്ന് നടത്തേണ്ടതുണ്ട്.

കേരളത്തിന്റെ വിദ്യാഭ്യാസ വിപണി മാധ്യമവ്യവസായത്തിനാവശ്യമായ എണ്ണം പ്രൊഫഷനുകളെ നല്‍കുന്നുണ്ടാവാം.  അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ രൂക്ഷമായ സംസ്ഥാനത്ത് പണിക്ക് ആളെ കിട്ടില്ല എന്ന് ധരിക്കാന്‍ പറ്റില്ല. ആവശ്യത്തിന് ഹോട്ടല്‍ തൊഴിലാളികളെ കിട്ടുന്നില്ല, റോഡുപണിക്കാരെ കിട്ടുന്നില്ല, ബാര്‍ബര്‍മാരെ കിട്ടുന്നില്ല, തെങ്ങുകയറ്റക്കാരുടെയും മറ്റും കാര്യം പറയാനുമില്ല. മാധ്യമരംഗത്ത് പക്ഷേ ആള്‍ക്ഷാമമുള്ളതായി ആരും പരാതിപ്പെട്ടിട്ടില്ല.  എന്നാല്‍ വ്യവസായത്തിന് പറ്റിയ ഗുണനിലവാരമുള്ള ആളുകെ വേണ്ടത്ര കിട്ടുന്നില്ല എന്ന പരാതി മാധ്യമനടത്തിപ്പുകാരില്‍ നിന്ന് ഉയര്‍ന്നുവരുന്നുണ്ട്. ഇതൊരു ഗൗരവമുള്ള പ്രശ്‌നമാണ്.

രണ്ട് നിലയില്‍ ഈ പ്രശ്‌നത്തെ കൈകാര്യം ചെയ്യണം. മികച്ച നിലവാരമുള്ള മാധ്യമവിദ്യാഭ്യാസവും പരിശീലനവും ലഭ്യമാക്കുക എന്നതാണ് ആദ്യത്തെ കാര്യം. കേരളത്തില്‍ അതിന്റെ കുറവുണ്ടോ എന്ന് സംശയിക്കേണ്ട. കുറവില്ല. കൃത്യമായ കണക്കുകള്‍ സര്‍ക്കാറിന്റെ കൈവശം പോലും ഇല്ലെങ്കിലും നാല്പത്തഞ്ചോളം സ്ഥാപനങ്ങള്‍ ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയോ ഡിഗ്രിയോ നല്‍കുന്നുണ്ട് എന്നാണ് അനൗദ്യോഗികമായി അറിയാന്‍ കഴിഞ്ഞത്. എണ്ണത്തിലല്ല പ്രശ്‌നം ഗുണത്തിലാണ് എന്നര്‍ത്ഥം. ഈ സ്ഥാപനങ്ങളില്‍ ആരാണ് ജേണലിസം പഠിപ്പിക്കുന്നത് ?  എന്താണ് ഇവിടെ പഠിപ്പിക്കുന്നത് ? ആരാണ് ഇവിടത്തെ സിലബസ്, കരിക്കുലം. എന്തുതരം പരീക്ഷയാണ് നടത്തുന്നത് ?  ഏത് തലത്തിലാണ് ജേണലിസം പഠിപ്പിച്ചുതുടങ്ങേണ്ടത് ? ഉത്തരം കിട്ടാന്‍ പ്രയാസമുള്ള ഒരു പാട് ചോദ്യങ്ങളുണ്ട്. സാമാന്യവിദ്യാഭ്യാസം കിട്ടിത്തീരുന്നതിന് മുമ്പേ, പ്ലസ് ടു തലത്തിലും ഡിഗ്രി തലത്തിലും ജേണലിസം പഠിപ്പിക്കുന്ന പ്രവണത കേരളത്തില്‍ കാണുന്നുണ്ട്. ഇക്കാര്യത്തിലൊന്നും ഒരു നയം സര്‍ക്കാര്‍ രൂപപ്പെടുത്തിയിട്ടില്ല.

സര്‍ക്കാറിന്റെയും മാധ്യമവ്യവസായികളുടെയും ഇടപെടല്‍ ഇക്കാര്യത്തില്‍ ആവശ്യമുണ്ട്. ആവശ്യമായ ഗുണനിലവാരമുള്ള മാധ്യമപ്രവര്‍ത്തകരെ സംഭാവന ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ മാധ്യമപ്രവര്‍ത്തന പഠനവും പരിശീലനവും ആസൂത്രണം ചെയ്യേണ്ടതുണ്ട്. സിലബസ് ഏകീകരിക്കുകയും ആവശ്യത്തിന് ജേണലിസം പഠന പുസ്തകങ്ങള്‍ പുറത്തിറക്കുകയും വേണം. ദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ച് വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ സമാഹരിച്ച് മാധ്യമ പഠന നയത്തിന് രൂപം നല്‍കേണ്ടതായിട്ടുണ്ട്. നിയമപഠനമുള്‍പ്പെടെയുള്ള രംഗങ്ങളില്‍ ദേശീയതലത്തില്‍ യൂണിവേഴ്‌സിറ്റികള്‍ രൂപം കൊണ്ടുകഴിഞ്ഞു. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന, വിദഗ്ദ്ധപഠനം ആവശ്യമുള്ള, വലിയ സാമൂഹ്യബാധ്യതകളുള്ള ഒരു രംഗമെന്ന നിലയില്‍ എന്തുകൊണ്ട് മാധ്യമപഠന – ഗവേഷണ -പരിശീലന പ്രവര്‍ത്തനങ്ങള്‍ ആധുനീകരിക്കുന്നതിനും ഫലപ്രദമാക്കുന്നതിനുമായി ഒരു യൂണിവേഴ്‌സിറ്റി തുടങ്ങിക്കൂടാ എന്ന് മാധ്യമ രംഗത്ത് ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളം ചിന്തിക്കേണ്ട സമയമായിരിക്കുന്നു.

മാധ്യമപ്രവര്‍ത്തനരംഗം പഴയതുപോലെ പ്രതിഭകളെ ആകര്‍ഷിക്കുന്നുണ്ടോ എന്നതാണ് അടുത്ത ചോദ്യം. ഇല്ല എന്നുതന്നെയാണ് ഉത്തരം. ജേണലിസത്തോടുള്ള കമ്പം കൊണ്ട് മാത്രം വരുന്നവരെ മാറ്റിനിര്‍ത്തിയാല്‍ വിദ്യാഭ്യാസപരമായി മോശം നിലവാരം പുലര്‍ത്തുന്നവരാണ് ഇവിടെ എത്തുന്നത്്. ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ യോഗ്യരായ പത്രപ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ള മത്സരം വന്‍പത്രങ്ങള്‍ തമ്മില്‍ നടക്കുന്നുണ്ട്. തൊഴില്‍വിപണിയിലെ ഈ മത്സരം ശമ്പളത്തിലും സേവനനിലവാരത്തിലും വര്‍ദ്ധന ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തില്‍ സ്ഥിതി മറിച്ചാണ്. വേജ് ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന ശമ്പളസ്‌കെയിലുകള്‍ നല്‍കുന്ന  പത്രസ്ഥാപനങ്ങളുള്ള ഒരു സംസ്ഥാനം എന്ന സല്‍പ്പേര് കേരളത്തിനുണ്ടായിരുന്നു. വേജ് ബോര്‍ഡ് ശമ്പളം കിട്ടുമ്പോള്‍പോലും തുല്യ നിലയിലുള്ള മറ്റ് തൊഴിലുകളുമായി താരതമ്യപ്പെടുത്തമ്പോള്‍ മാധ്യമപ്രവര്‍ത്തനരംഗം അനാകര്‍ഷകമായ ഒരു മേഖലയായി മാറിയിരുന്നു. അന്നും ഭൂരിപക്ഷത്തിന് വേജ് ബോര്‍ഡ് വേതനം പോലും ലഭിച്ചിരുന്നില്ല. ഇന്നാകട്ടെ, മുമ്പ് വേജ്‌ബോര്‍ഡ് വേതനം കിട്ടിയവര്‍ക്കും അത് കിട്ടാതായിരിക്കുന്നു. ദൃശ്യമാധ്യമങ്ങളിലെ കാര്യം പറയാനുമില്ല. കോളേജ് അധ്യാപകന്‍ ആകണമോ മാധ്യമപ്രവര്‍ത്തകന്‍ ആകണമോ എന്ന് ചോദിച്ചാല്‍ തീരുമാനമെടുക്കാന്‍ സംശയിച്ച ഒരുകാലം വളരെ വിദൂരത്തിലൊന്നുമായിരുന്നില്ല. ഇന്ന് അങ്ങനെ ഒരു വിഡ്ഡിച്ചോദ്യം ആരും ചോദിക്കുകയേ ഇല്ല. മുന്തിയ ശമ്പളം കിട്ടുന്നു എന്നുകരുതുന്ന സ്ഥാപനങ്ങളില്‍ നിന്നുപോലും മാധ്യമപ്രവര്‍ത്തകവേഷം വലിച്ചെറിഞ്ഞ് യുവാക്കള്‍ സര്‍ക്കാര്‍ സര്‍വീസിലെ എല്‍.ഡി.ക്ലര്‍ക്ക് ജോലിക്കുപോകുന്നു. മാധ്യമരംഗം തൊഴില്‍ പരമായി അനാകര്‍ഷകമാകുന്നത് നമ്മുടെ ജനാധിപത്യസംസ്‌കാരത്തെ്ത്തന്നെ നശിപ്പിക്കും.

മാധ്യമസ്ഥാപനങ്ങളില്‍ പണിയെടുക്കുന്നവരെ മാത്രം ബാധിക്കുന്ന ഒരു തൊഴില്‍ പ്രശ്‌നമായി ഇതിനെ കണ്ടുകൂടാ. മാധ്യമങ്ങളുടെ ഗുണനിലവാരത്തകര്‍ച്ച  മാധ്യമത്തൊഴിലിനെയോ മാധ്യമവ്യവസായത്തെയോ മാത്രം ബാധിക്കുന്ന ഒരു കാര്യമല്ല. അത് മുഴുവന്‍ സമൂഹത്തെയും ബാധിക്കും. ഇപ്പോള്‍തന്നെ അത് ബാധിച്ചുതുടങ്ങിയിരിക്കുന്നു. മാധ്യമങ്ങളുമായി ബന്ധപ്പെട്ടവര്‍ മാത്രമല്ല, പൊതുസമൂഹവും ഇക്കാര്യത്തെ കുറിച്ച് ചിന്തിക്കാന്‍ ഇനി വൈകിക്കൂടാ.

Leave a Reply

Your email address will not be published. Required fields are marked *

Go Top