എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

എൻ.പി.രാജേന്ദ്രൻ

ചിന്തകനും പണ്ഡിതനും എഴുത്തുകാരനുമായ എം.പി വീരേന്ദ്രകുമാര്‍ നാലു പതിറ്റാണ്ടോളം മാതൃഭൂമിയില്‍ ഉണ്ടായിട്ടും എന്തുകൊണ്ട് പത്രത്തിന്റെ ചീഫ് എഡിറ്റര്‍ ആയില്ല? പത്രവായനക്കാര്‍ ആരെങ്കിലും ഈ ചോദ്യം ചോദിച്ചതായി അറിയില്ല. ചീഫ് എഡിറ്ററും മാനേജിങ്ങ് ഡയറക്റ്ററും തമ്മില്‍ ചുമതലാപരമായ വ്യത്യാസം എന്ത് എന്ന് അറിയാത്തവരോ അറിയാന്‍ താല്പര്യമില്ലാത്തവരോ ആവും മിക്ക വായനക്കാരും. മാതൃഭൂമി പത്രത്തില്‍ മലയാള മനോരമ എഡിറ്റോറില്‍ ഡയറക്റ്ററും പ്രമുഖ പത്രാധിപരുമായ തോമസ് ജേക്കബ് എഴുതിയ അനുസ്മരണ ലേഖനത്തിന്റെ തലക്കെട്ട് ഇതായിരുന്നു-വീരേന്ദ്രകുമാര്‍ മാതൃഭൂമിക്കു കിട്ടാതെ പോയ ചീഫ് എഡിറ്റര്‍. ദീര്‍ഘമായ ലേഖനത്തിന്റെ അവസാന ഖണ്ഡികയില്‍ ആ പരാമര്‍ശം ആവര്‍ത്തിക്കപ്പെടുക മാത്രം ചെയ്തു.

പിന്നീട്, അനുശോചനയോഗങ്ങളില്‍ പല പത്രപ്രവര്‍ത്തകരും ഈ ചോദ്യം ആവര്‍ത്തിക്കുന്നതും കേട്ടു. എം.പി വീരേന്ദ്രകുമാര്‍ മാതൃഭൂമി മാനേജിങ്ങ് ഡയറക്റ്ററായി ചുമതലയേറ്റ് രണ്ട് വര്‍ഷത്തിനിടയില്‍ ആ സ്ഥാപനത്തില്‍ എഡിറ്റോറില്‍ ജോലിക്കു ചേര്‍ന്ന ഞാനോ മാതൃഭൂമിയിലെ മറ്റേതെങ്കിലും പത്രപ്രവര്‍ത്തകനോ ഇങ്ങനെയൊരു വിഷയം ചര്‍ച്ച ചെയ്യുന്നതേ  കേട്ടിട്ടില്ല. മാതൃഭൂമിയുടെ ഉടമസ്ഥനിരയിലെ ഏറ്റവും ശക്തനായി ഉയര്‍ന്നുകഴിഞ്ഞപ്പോള്‍പോലും എന്തു കൊണ്ട് എം.പി വീരേന്ദ്രകുമാറിന് താനിരിക്കേണ്ട കസേരയാണത് എന്നു തോന്നിയില്ല?  ആഗ്രഹിച്ചാല്‍ അദ്ദേഹത്തിനു നിഷ്പ്രയാസം കിട്ടുമായിരുന്നില്ലേ ആ പദവി?

എം.പി വീരേന്ദ്രകുമാര്‍ ഒരിക്കലും അതാഗ്രഹിച്ചിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ട് അതിനു ശ്രമിച്ചുമില്ല. അദ്ദേഹത്തെയും മാതൃഭൂമിയെയും അറിയുന്നവര്‍ക്ക് അതിലൊട്ടും അത്ഭുതവും തോന്നുകയില്ല. അദ്ദേഹം ചീഫ് എഡിറ്ററാകാതിരുന്നതിനു ഒരു കാരണമേ ഉളളൂ- ചീഫ് എഡിറ്ററാകാന്‍ അദ്ദേഹം സജീവ രാഷ്ട്രീയപ്രവര്‍ത്തനം ഉപേക്ഷിക്കേണ്ടിവരും. അദ്ദേഹത്തിന് അതു കഴിയില്ല. ഓരോ അണുവിലും അദ്ദേഹമൊരു പൊതുപ്രവര്‍ത്തകനാണ്. അന്ത്യശ്വാസംവരെ അങ്ങനെ തുടര്‍ന്നു. മാതൃഭൂമി മുഖ്യപത്രാധിപത്യവും സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയവും ഒപ്പം കൊണ്ടുനടക്കാനാവില്ല. ഒരേ സമയം രണ്ടിനോടും നീതിപുലര്‍ത്താനാവില്ല. വഹിച്ച പദവികളോടെല്ലാം നീതിപുലര്‍ത്തി എന്ന സംതൃപ്തിയോടെയാവണം അദ്ദേഹം കണ്ണടച്ചിട്ടുണ്ടാവുക.

പാര്‍ട്ടി നേതാവെന്ന് സ്ഥിരം അവസ്ഥ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനു പൊലിമ കൂട്ടിയോ എന്ന കാര്യത്തില്‍ സംശയമുണ്ട്്. അദ്ദേഹം അതിവേഗം കേരളത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ബുദ്ധിജീവികളില്‍ ഒരാളായെങ്കിലും പൊതുസമൂഹം അദ്ദേഹത്തെ ഒരു കൊച്ചുപാര്‍ട്ടിയുടെ നേതാവായാണു പലപ്പോഴും കണ്ടത്. അദ്ദേഹത്തേക്കാള്‍ ചെറുതായിരുന്നു ആ പാര്‍ട്ടി. ഇടക്കിടെ മാറിക്കൊണ്ടിരുന്നതുകൊണ്ട് അതിന്റെ പേരു ഓര്‍ത്തു പറയുകതന്നെ പ്രയാസമായിരുന്നു. വലിയ ന്യായീകരണമൊന്നുമില്ലാതെ ആ പാര്‍ട്ടി ഒന്നിലേറെത്തവണ മുന്നണി മാറിയിട്ടുണ്ട്. എണ്ണമറ്റ തവണ പിളരുകയും ലയിക്കുകയും ചെയ്തിട്ടുണ്ട്. വീരേന്ദ്രകുമാര്‍തന്നെ പലപ്പോഴും സ്വയം പരിഹസിച്ച് പൊട്ടിച്ചിരിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷേ, അവസാനം വരെ അദ്ദേഹം പാര്‍ട്ടി നേതാവായി തുടര്‍ന്നു. അതുവഴിയുള്ള സ്ഥാനമാനങ്ങള്‍ നേടി. അവസാനനാളുകളില്‍ അദ്ദേഹം രാജ്യസഭയില്‍ ഒരു കക്ഷിരഹിതനായിരുന്നു എന്നതാണ് അതിന്റെ സങ്കടകരമായ പര്യവസാനം. ഇടുങ്ങിയ കക്ഷിരാഷ്ട്രീയത്തിന്റെ കൈവിലങ്ങുകള്‍ വലിച്ചെറിഞ്ഞ് നീതിയുടെയും സമത്വത്തിന്റെയും പരിസ്ഥിതിയുടെയും മനുഷ്യാവകാശത്തിന്റെയും പോരാളിയായിരുന്നെങ്കില്‍ ആ ജീവിതം ഇതിലേറെ മഹത്വമേറിയതാവുമായിരുന്നില്ലേ?

പാര്‍ട്ടി പത്രമല്ലാതായ മാതൃഭൂമി
1977-ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ് വീരേന്ദ്രകുമാര്‍ മാതൃഭൂമിയില്‍ എത്തുന്നതും മാതുഭൂമി കക്ഷിരഹിത പ്രൊഫഷനല്‍ പത്രത്തിന്റെ വഴിയിലേക്കു മാറുന്നതും. അതുവരെ ഒരു കോണ്‍ഗ്രസ് അനുകൂല പത്രമായിരുന്ന മാതൃഭൂമിയെ ഒരു സോഷ്യലിസ്റ്റ് പാര്‍ട്ടി അനുകൂല പത്രമാക്കി മാറ്റാന്‍ പറ്റുകയില്ല. അതിന് അദ്ദേഹം ശ്രമിച്ചുമില്ല. വീരേന്ദ്രകുമാര്‍ മാതൃഭൂമിയുടെ കോണി കയറിവന്ന ഓരോ തവണയും ഞാനിതാ എന്റെ രാഷ്ട്രീയക്കുപ്പായം പുറത്ത്്്് അഴിച്ചവെച്ചിരിക്കുന്നു എന്നു പറയാതെ പറഞ്ഞിരിക്കാം. സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുകയോ പാര്‍ട്ടി ഭാരവാഹിത്വം വഹിക്കുകയോ ചെയ്യുകയില്ല എന്ന സമ്മതിപത്രത്തില്‍ ഒപ്പിട്ടുകൊടുത്താണ് ഞങ്ങളുടെ തലമുറയില്‍ പെട്ടവര്‍ മാതൃഭൂമിയില്‍ ജോലിക്കു ചേര്‍ന്നിരുന്നത്. അങ്ങനെയൊരു പത്രത്തില്‍ എങ്ങനെയാണ് രാഷ്ട്രീയനേതാവായ ഒരു മുഖ്യപത്രാധിപര്‍ ഉണ്ടാവുക!

തന്റെ വഴിയിലാണ് മാതൃഭൂമി എന്ന മാധ്യമസ്ഥാപനം പോകുക. പക്ഷേ, പത്രത്തിന്റെ ഉള്ളടക്കം തന്റെ രാഷ്ട്രീയവഴിയിലല്ല പോകേണ്ടത് എന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. മറ്റു പത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ക്കെങ്കിലും ഇതിന്റെ യുക്തി മനസ്സിലായെന്നു വരില്ല. മാതൃഭൂമിയുടെ മുഖപ്രസംഗങ്ങളോ ലേഖനങ്ങളോ ഒന്നും അദ്ദേഹം വായിച്ചുനോക്കിയിട്ടല്ല പ്രസ്സിലേക്ക് അയച്ചിരുന്നത്. അപൂര്‍വമായ അപവാദങ്ങളുണ്ടാകാം. അദ്ദേഹം സ്വീകരിക്കുന്ന രാഷ്ട്രീയനയങ്ങളുമായി അതു മിക്കപ്പോഴും പൊരുത്തപ്പെടാറുമില്ല. എഡിറ്റോറിയല്‍ യോഗങ്ങളില്‍ അദ്ദേഹം ഒരു ക്ഷണിതാവ് ആകാറേയില്ല. അപൂര്‍വമായി അദ്ദേഹം ക്ഷണിക്കപ്പെടാതെ ആ യോഗങ്ങളില്‍ കടന്നുവരാറുമുണ്ട്. പത്രത്തെക്കുറിച്ചോ വാര്‍ത്തയെക്കുറിച്ചോ യാതൊന്നും പറയാതെ, ഒരു സുഹൃദ് സംഗമത്തിലെന്ന പോലെ രാഷ്ട്രീയവും തമാശയും തത്ത്വചിന്തയും അനുഭവങ്ങളും പറഞ്ഞ് യാത്രപറയുകയാണ് മിക്കപ്പോഴും പതിവ്. പത്രത്തിന്റെ പ്രവര്‍ത്തനവും അതിന്റെ വിശ്വാസ്യതയും സാമ്പത്തികനിലയും മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കാറില്ല എന്നല്ല. ജീവനക്കാരെ വിരട്ടുന്ന ഒരു ബോസ് ആയി അദ്ദേഹത്തെ കണ്ടിട്ടില്ല. നിങ്ങള്‍ ആലോചിച്ചാല്‍ തരക്കേടില്ല എന്ന മുന്‍കരുതലോടെയേ അദ്ദേഹം പത്രത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഉന്നയിക്കാറുള്ളൂ.

എഡിറ്റോറിയല്‍ ഉള്ളടക്കത്തില്‍ കുറച്ചുമാത്രം ഇടപെടുന്ന എം.ഡി എന്നുള്ളതാവും അദ്ദേഹത്തെക്കുറിച്ച് മാതൃഭൂമിയില്‍ അദ്ദേഹം നിയോഗിച്ച പത്രാധിപന്മാരെല്ലാം പറയുക. പത്രാധിപരുടെ രീതികള്‍ക്കനുസരിച്ച് ഈ സ്വാതന്ത്ര്യം കൂടുകയും കുറയുകയും ചെയ്യുമല്ലോ. വഴങ്ങാന്‍ അവസരം കാത്തുനിന്നവര്‍ എളുപ്പം വഴങ്ങിക്കാണും. ഞാന്‍ മാതൃഭൂമിയില്‍ 22 വര്‍ഷം ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യപംക്തി എഴുതിയിട്ടുണ്ട്. ആ പംക്തി 1995 മാര്‍ച്ചില്‍ തുടങ്ങിയപ്പോള്‍ എന്റെ സീറ്റിനടുത്ത് വന്ന് ‘ ധൈര്യമായി എഴുതിക്കോ…ഒന്നിലും ഞാന്‍ ഇടപെടില്ല’ എന്ന് ഉറപ്പു നല്‍കുകയും അതു പാലിക്കുകയും ചെയ്ത പത്രംഉടമയാണ് അദ്ദേഹം. അദ്ദേഹത്തിനു വളരെ വേണ്ടപ്പെട്ട പലരെയും ഞാന്‍ നോവിച്ചിട്ടുണ്ട്. സുകുമാര്‍ അഴീക്കോട് അദ്ദേഹത്തെക്കുറിച്ച് പംക്തിയില്‍വന്ന പരാമര്‍ശങ്ങളെക്കുറിച്ച് വീരേന്ദ്രകുമാറിനെ വിളിച്ച് ദീര്‍ഘനേരം ആക്ഷേപം ചൊരിഞ്ഞ കാര്യം ആ സമയത്ത് അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന പത്രപ്രവര്‍ത്തകന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ചില സാമുദായിക സംഘടനാ നേതാക്കളും അത് ആവര്‍ത്തിച്ച് ചെയ്തിട്ടുണ്ട്. പക്ഷേ, അദ്ദേഹം അതിനെക്കുറിച്ചൊന്നും ഒരിക്കല്‍പ്പോലും എന്നോടൊന്നു സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല. ഒരുതവണ അദ്ദേഹത്തെ പരിഹസിച്ച് എഴുതിയപ്പോഴും അദ്ദേഹം അങ്ങനെയൊന്നു കണ്ടതേ ഇല്ല എന്നു നടിച്ച് മൗനം ദീക്ഷിച്ചു. അതെല്ലാം എഡിറ്റോറിയല്‍ സ്വാതന്ത്ര്യമാണ്, എം.ഡി ഇതിലൊന്നും ഇടപെടില്ല എന്നാണ് അദ്ദേഹം എല്ലാവരോടും പറയാറുള്ളത്. ചീഫ് എഡിറ്റര്‍ ആയിരുന്നെങ്കില്‍ അങ്ങനെ ഒഴിഞ്ഞുമാറാന്‍ പറ്റുമായിരുന്നില്ലല്ലോ. ഉള്ളടക്കത്തെക്കുറിച്ച് പൊതുവായും ചിലപ്പോഴെങ്കിലും പ്രത്യേകമായും എഡിറ്ററുമായി ആശയവിനിമയം നടത്താത്ത ഒരു പത്രഉടമയും ഉണ്ടാവില്ല. അതിനെച്ചൊല്ലി ഭിന്നതകളും സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകള്‍ തന്നെയും ഉണ്ടാവാറുമുണ്ട്്. എഡിറ്റര്‍ രാജിവെച്ചിറങ്ങിപ്പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഉറച്ച മതനിരപേക്ഷത
എം.പി വീരേന്ദ്രകുമാറില്‍ കാണുന്ന ഏറ്റവും വിലയേറിയ നന്മ എന്ത് എന്നു ചോദിച്ചാല്‍ മതനിരപേക്ഷതയിലുള്ള ഉറച്ച വിശ്വാസം എന്നാവും ആരും മടിക്കാതെ പറയുക. ഇന്ത്യയിലെ ഏറ്റവും ചെറിയ ന്യൂനപക്ഷമതമായ ജൈനമതത്തില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം സദാ വ്യാപരിച്ചിരുന്നത് ഹിന്ദുമതത്തില്‍ മഹാഗ്രന്ഥങ്ങളിലും തത്ത്വങ്ങളിലുമായിരുന്നു. ഏതൊരു സമുന്നത ഹിന്ദുത്വ തത്ത്വശാസ്ത്രക്കാരനെയും ഹിന്ദുമതം എന്ത് എന്നു പഠിപ്പിക്കാനുള്ള അറിവ് അദ്ദേഹത്തിന് ഹിന്ദുദര്‍ശനങ്ങളിലുണ്ടായിരുന്നു. ഇന്ത്യയുടെ കരുത്ത് മതനിരപേക്ഷതയാണ് എന്ന ഉറച്ച ബോധമാണ് അദ്ദേഹത്തെ നയിച്ചിരുന്നത്. വിഭജനത്തിന്റെ പ്രത്യാഘാതമായി, മുഖ്യധാരയില്‍നിന്നു പുറന്തള്ളപ്പെട്ട മുസ്ലിം ജനസാമാന്യത്തെ തിരികെ പൊതുധാരയില്‍ എത്തിക്കുന്നതിനെക്കുറിച്ച് അദ്ദേഹം പറയാറുണ്ട്. ശരിയേതു എന്നതിനെക്കുറിച്ച് ഉറച്ച ബോധ്യമാണ് അദ്ദേഹത്തെ നയിച്ചിരുന്നത്. വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്ന യാതൊന്നും പ്രസിദ്ധീകരിക്കരുത് എന്ന് അദ്ദേഹം പത്രത്തിന്റെ എഡിറ്റോറിയല്‍ പേജിന്റെ ചുമതല വഹിച്ചിരുന്ന അസി.എഡിറ്റര്‍മാരോട് പറയാറുണ്ട്. സ്ഥാപനത്തിന്റെ പ്രഖ്യാപിത നയമാണ് അത്. ബാബ്‌റി മസ്ജിദ് പ്രശ്‌നത്തില്‍ സ്വീകരിച്ച നിലപാടിന്റെ പേരില്‍ അദ്ദേഹം തുടര്‍ച്ചയായി അധിക്ഷേപിക്കപ്പെട്ടിരുന്നു. അത് അദ്ദേഹം ഒട്ടും വകവെച്ചിരുന്നില്ല.

വായന, അറിവ്
വിജ്ഞാനത്തിന്റെ ആകാശത്ത് ഉയരങ്ങള്‍ തേടിയിരുന്നു അദ്ദേഹം. തത്ത്വശാസ്ത്രവും രാഷ്ട്രമീമാംസയും ആണ് മുഖ്യവിഷയങ്ങളെങ്കിലും എന്തും അതിവേഗം വായിക്കാനും ഗ്രഹിക്കാനും വായിച്ചതെല്ലാം ഓര്‍ക്കാനുമുള്ള സവിശേഷമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. കട്ടിയുള്ള തത്ത്വശാസ്ത്ര കൃതികളില്‍നിന്നുള്ള ഭാഗങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം, അബദ്ധം പറഞ്ഞ പല പണ്ഡിതന്മാരെയും ഞെട്ടിച്ചതിന്റെ അനുഭവങ്ങള്‍ പലരും എഴുതിയിട്ടുണ്ട്.

വീരേന്ദ്രകുമാര്‍ അമ്പത്തഞ്ചാം വയസ്സിലാണ് ആദ്യത്തെ കൃതി-പുസ്തകം- പ്രസിദ്ധീകരിക്കുന്നത്. ഗ്രന്ഥകാരനായത് അല്പം വൈകിയാണ് എന്നു പറയാം. ‘സമന്യയത്തിന്റെ വസന്തം’ ഒരു ലേഖനസമാഹാരമായിരുന്നു. മാതൃഭൂമിയല്ല, സാഹിത്യപ്രവര്‍ത്തകസംഘമാണ് അതു പ്രസിദ്ധീകരിച്ചത്. പിന്നീട് മാതൃഭൂമിയും അത് പ്രസിദ്ധപ്പെടുത്തി. 1992-ല്‍ത്തന്നെ ‘ബുദ്ധന്റെ ചിരി’ മാതൃഭൂമി പ്രസിദ്ധപ്പെടുത്തി. അദ്ദേഹത്തിന്റെ രാഷ്ട്രീയ ദര്‍ശനങ്ങളുടെ പ്രഖ്യാപനം കൂടിയായിരുന്നു അത്. പിന്നീട് ഇങ്ങോട്ട് ഇരുപതിലേറെ പുസ്തകങ്ങള്‍ ഇറങ്ങി. പലതും ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. .

1977-ല്‍ രണ്ട് യൂണിറ്റുകള്‍ മാത്രമുള്ള ഒരു ചെറിയ പത്രം മാത്രമായിരുന്ന മാതൃഭൂമിയെ വന്‍കിട പത്രമാക്കി വളര്‍ത്തുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിച്ച വീരേന്ദ്രകുമാറിനെ ഒരു വലിയ എഴുത്തുകാരനാക്കുന്നതില്‍ മാതൃഭൂമിയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മിക്കവാറും  ഗ്രന്ഥങ്ങളും മാതൃഭൂമിയാണ് പ്രസിദ്ധപ്പെടുത്തിയത്. മാതൃഭൂമി പത്രവും ആഴ്ചപ്പതിപ്പും നല്‍കിയ പ്രസിദ്ധീകരണം ആ ഗ്രന്ഥങ്ങളുടെ വിജയത്തിന് ഏറെ സഹായകമായി. അതു ചോദിച്ചുവാങ്ങാന്‍ അദ്ദേഹം മടിക്കാറുമില്ല.

പുസ്തകമെഴുത്തിന്റെ രഹസ്യം
വീരേന്ദ്രകുമാറിനെക്കുറിച്ച് ചിലര്‍ പ്രചരിപ്പിക്കുന്ന ഒരു അപവാദമുണ്ട്: അദ്ദേഹമല്ല, മാതൃഭൂമിയിലാരോ ആണ് അദ്ദേഹത്തിനു വേണ്ടി പുസ്തകങ്ങളെല്ലാം എഴുതുന്നത്. ഒരു സത്യം അതിലുണ്ട് എന്നു സമ്മതിക്കാം. അദ്ദേഹം ഒന്നും സ്വന്തം കൈകൊണ്ട് എഴുതാറില്ല. പക്ഷേ, തന്റെ പേരില്‍ ഇറങ്ങുന്ന ഓരോ പുസ്തകവും ഓരോ ലേഖനവും ഓരോ വാചകവും അദ്ദേഹം സ്വയം രൂപപ്പെടുത്തുന്നതാണ്, ചിന്തിച്ചുറപ്പിക്കുന്നതാണ്. ഓരോന്നും വായിച്ച് പലവട്ടം മാറ്റിയും തിരുത്തിയും മൂര്‍ച്ച കൂട്ടുന്നതും വ്യക്തത വരുത്തുന്നതും അദ്ദേഹം തന്നെയായിരുന്നു. വിവരശേഖരണത്തിനും ഗവേഷണത്തിനും അദ്ദേഹം മാതൃഭൂമി പ്രവര്‍ത്തകരുടെ സേവനം തേടാറുണ്ട്. ഒരുപാട് ചുമതലകള്‍ക്കിടയില്‍ ഇത്രയും കനപ്പെട്ട പുസ്തകങ്ങള്‍ എഴുതാന്‍ കഴിഞ്ഞത് ഒരു പക്ഷേ ഇതുകൊണ്ടാവാം.

തൊഴിലാളിദ്രോഹിയോ?
അദ്ദേഹം തൊഴിലാളിദ്രോഹിയായ മുതലാളിയാണോ? 1979-ല്‍ അദ്ദേഹം മാനേജിങ്ങ് ഡയറക്റ്റര്‍ ആകുന്നത് സമരംമൂലം പൂട്ടിക്കിടന്ന സ്ഥാപനത്തിലാണ്. മാതൃഭൂമിയ്ക്കു പിന്നെ ജീവന്‍ വെക്കുന്നത് ഒത്തുതീര്‍പ്പിലൂടെയും തുടര്‍ന്നുള്ള  പുനരുജ്ജീവന പ്രവര്‍ത്തനങ്ങളിലൂടെയുമാണ്. തൊഴിലാളിസംഘടനകളെ അദ്ദേഹം വരച്ച വരയില്‍ നിര്‍ത്തിച്ചിട്ടുണ്ട്. പ്രീണനം വേണ്ടിടത്ത് പ്രീണനം, ഭീഷണി വേണ്ടിടത്ത് അത്…. -എല്ലാം മാറിമാറി പ്രയോഗിച്ച്  ജീവനക്കാരെ തന്റെ പക്ഷത്ത് അണി നിരത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ജേണലിസ്റ്റ് യൂണിയന്‍ സിക്രട്ടറി ആയിരുന്ന പത്രപ്രവര്‍ത്തകനെ പിരിച്ചുവിട്ടതിനെതിരെ പത്തുദിവസം നീണ്ട സത്യാഗ്രഹസമരം പ്രസ് ക്ലബ്ബിനു മുന്നില്‍ നടന്നപ്പോള്‍ ഒരു മാതൃഭൂമി പത്രപ്രവര്‍ത്തകന്‍ പോലും അതില്‍ പങ്കെടുത്തില്ല. സ്ഥാപനത്തിന്റെ നിലനില്‍പ്പിനു വേണ്ടിയാണ് താനിതല്ലൊം ചെയ്യുന്നതെന്ന് അദ്ദേഹം സ്വന്തം മനഃസാക്ഷിയെ ബോധ്യപ്പെടുത്തിയിരിക്കാം. എന്തായാലും, 1978-നു ശേഷം മാതൃഭൂമി സ്ഥാപനത്തില്‍ ഒരു ദിവസംപോലും പണിമുടക്കം ഉണ്ടായിട്ടില്ല.

ആനുകൂല്യങ്ങളെല്ലാം നിഷേധിക്കുന്ന ഒരു ഏകാധിപതിയായിരുന്നില്ല അദ്ദേഹം. മിക്ക ആവശ്യങ്ങളും വലിയ പരിധിയോളം അംഗീകരിക്കാറുണ്ട്. വേജ്‌ബോര്‍ഡ് ശുപാര്‍ശ നടപ്പാക്കുന്ന അവസാനത്തെ ഒരു ഘട്ടത്തിലൊഴികെ, ശമ്പളവര്‍ദ്ധന നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യസ്ഥാപനം മാതൃഭൂമിയാണ് എന്നു അഭിമാനപൂര്‍വം പറയാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഒരു വട്ടം വേജ്‌ബോര്‍ഡ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിലേറെ ശമ്പളം നല്‍കി അദ്ദേഹം ജീവനക്കാരെ അല്‍ഭുതപ്പെടുത്തിയിട്ടുമുണ്ട്. കാന്റീന്‍ ഭക്ഷണം പൂര്‍ണമായി സൗജന്യമാക്കിയിട്ടുണ്ട്.  വിരമിച്ച മിക്കവരുടെയും മക്കള്‍ക്ക് ജോലി കൊടുത്തിട്ടുണ്ട്. ആനുകൂല്യങ്ങളുടെ പട്ടിക നീണ്ടുപോകും. പക്ഷേ, ഒടുവിലത്തെ ശമ്പളപരിഷ്‌കരണമായപ്പോള്‍ എല്ലാം മാറിമറിഞ്ഞു. പാര്‍ലമെന്റ് പാസ്സാക്കിയ നിയമമനസരിച്ച് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വേജ്‌ബോര്‍ഡിന്റെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന അതിസാധാരണമായ ആവശ്യമുന്നയിച്ച് മാതൃഭൂമി ഓഫീസിന്റെ ഒരു സൈഡില്‍ സത്യാഗ്രഹം നടത്തി എന്ന കുറ്റത്തിന് ഒരു ഡസനിലേറെ പത്രപ്രവര്‍ത്തകരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും മറ്റും സ്ഥലംമാറ്റിയത് മാതൃഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതികാര നടപടിയായിരുന്നു. അവരില്‍ പലരും ഇപ്പോഴും മടങ്ങിവന്നിട്ടില്ല, പലര്‍ക്കും ജോലി ഉപേക്ഷിക്കേണ്ടി വന്നു.

ചരിത്രം വിധിക്കട്ടെ
മാതൃഭൂമിയില്‍നിന്ന് ഒരു രൂപയും ഞങ്ങള്‍ ലാഭമായി വീട്ടിലേക്കു കൊണ്ടു പോകുന്നില്ല എന്ന് ധൈര്യമായി അദ്ദേഹത്തിനും ഓഹരിയുടമകള്‍ക്കും പറയാന്‍ കഴിഞ്ഞിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ ആ സ്ഥിതിയില്ല. ഒരു സാധാരണ ഷെയര്‍ഉടമസ്ഥ സ്ഥാപനമായി മാതൃഭൂമി ‘വളര്‍ന്നു’ കഴിഞ്ഞു. നല്ല ലാഭമുണ്ടാക്കുകയും അതില്‍ നല്ല പങ്ക് ഓഹരിയുടമകള്‍ പങ്കുവെച്ചെടുക്കുകയും ചെയ്യുന്നത് തെറ്റല്ല എന്നു തന്നെയല്ലേ രാജ്യത്തെ നിയമം പറയുന്നത്്? ആഗോളീകരണത്തിന്റെ കാലവും അതല്ലേ പറയുന്നത്!

ഏറെ കഴിവുകളും നന്മകളും വര്‍ണശബളിമയും അറിവും തത്ത്വദീക്ഷയും വൈവിദ്ധ്യങ്ങളും  ഉണ്ടായിരുന്ന അപൂര്‍വമായ ഒരു വ്യക്തിത്വമായിരുന്നു അത്. ഒപ്പം പ്രവര്‍ത്തിച്ച ചെറിയ മനുഷ്യര്‍ക്കിടയില്‍ അദ്ദേഹമൊരു മഹാപര്‍വതമായിരുന്നു. അദ്ദേഹത്തിന്റെ ശാസനയിലേറെ സ്‌നേഹവും പരിഗണനയും  അംഗീകാരവും അനുഭവിച്ചവരാണ് മാതൃഭൂമിയില്‍ ജോലി ചെയ്തിരുന്നവരില്‍ ഏതാണ്ട് എല്ലാവരും. അറിവുകൊണ്ടും വ്യക്തിത്വത്തിന്റെ തിളക്കം കൊണ്ടും മനുഷ്യസ്‌നേഹം കൊണ്ടും ആദര്‍ശധീരത കൊണ്ടും അതുല്യമായ കഴിവുകള്‍ കൊണ്ടും അത്യുന്നതിയിലാണ് അദ്ദേഹം നിന്നത്. ചരിത്രപുരുഷന്മാരെ വിലയിരുത്തുന്ന ചരിത്രംതന്നെ പറയട്ടെ അവസാനവിധി.

4 thoughts on “എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

  1. വീരേന്ദ്രകുമാറിനെക്കുറിച്ചുള്ള ഈ വിലയിരുത്തിലിൽ കൂടുതൽ യോജിപ്പുകളാണുള്ളത്, കുറച്ച് വിയോജിപ്പുകളും..നല്ല വിലയിരുത്തൽ എൻ. പി. ആർ

Leave a Reply

Your email address will not be published. Required fields are marked *

Go Top