ചരിത്രസംഭവങ്ങളായ അഭിമുഖങ്ങള്‍

എൻ.പി.രാജേന്ദ്രൻ

ഒരഭിമുഖമെങ്കിലും കാണുകയോ വായിക്കുകയോ ചെയ്‌തിട്ടില്ലാത്തവരില്ല. ദൃശ്യമാധ്യമങ്ങളില്‍ അഭിമുഖങ്ങള്‍ ജനപ്രിയ പരിപാടികളായി വളര്‍ന്നിട്ടുണ്ട്‌. പ്രത്യേകവൈദഗ്‌ദ്ധ്യം ആവശ്യമുള്ള മാധ്യമപ്രവര്‍ത്തനശാഖയായി ഇന്ന്‌ ലോകമെങ്ങും അഭിമുഖസംഭാഷണം മാറിയിരിക്കുന്നു.
എങ്ങിനെയാണ്‌ ഈ മാധ്യമശൈലി രൂപം കൊണ്ടതും വികസിച്ചതുമെന്ന്‌ അറിയുക കൗതുകകരമായ സംഗതിയാണ്‌. മാധ്യമപ്രവര്‍ത്തനം പഠിക്കുന്നവര്‍ക്ക്‌ അത്‌ ഒഴിവാക്കാനാകാത്ത വിജ്ഞാനശാഖയുമാണ്‌. രണ്ടുവിഭാഗത്തില്‍ പെട്ടവര്‍ക്കും ഏറെ പ്രയോജനപ്രദമായ കൃതിയാണ്‌ ജമാല്‍ കൊച്ചങ്ങാടിയുടെ ‘ക്‌ളാസിക്‌ അഭിമുഖങ്ങള്‍ ‘.

അറിവുള്ളവരോട്‌ കാര്യമറിയാന്‍ എല്ലാകാലത്തും ചോദ്യങ്ങള്‍ ചോദിച്ചുപോന്നിട്ടുണ്ട്‌. വായനക്കാരന്‌ വേണ്ടി അവന്റെ ചോദ്യങ്ങള്‍ ചോദിക്കുകയാണ്‌ മാധ്യമപ്രവര്‍ത്തകന്‍ ചെയ്യുന്നത്‌. ഇതൊരു കലയാണ്‌, അതേ സമയം അതൊരു ബൗദ്ധികപ്രവര്‍ത്തനവുമാണ്‌. ഏതെങ്കിലും മേഖലയില്‍ വൈദഗ്‌ദ്ധ്യമോ പ്രശസ്‌തിയോ നേടിയവരെയാണ്‌ അഭിമുഖക്കാരന്‍ തേടിച്ചെല്ലുക.അഭിമുഖസംഭാഷണത്തിന്‌ അവസരം ചോദിച്ച്‌ മാധ്യമലേഖകന്മാര്‍ കാത്തുനില്‍ക്കുകയെന്നത്‌ വി.ഐ.പി.കള്‍ക്ക്‌ വിധിച്ചിട്ടുള്ള കാര്യമാണ്‌. അവര്‍ താരങ്ങളാണ്‌-രാഷ്‌ട്രീയത്തിലും സിനിമയിലും സ്‌പോര്‍ട്ടിലും സാഹിത്യത്തിലുമെല്ലാമുണ്ടല്ലോ താരങ്ങള്‍. അഭിമുഖം ചെയ്യപ്പെടുന്നവര്‍ സദ്‌ഗുണസമ്പന്നരാകണമെന്നൊന്നുമില്ല. കാട്ടുകള്ളന്‍ വീരപ്പന്‍ ഒരഭിമുഖം അനുവദിച്ചിരുന്നെങ്കില്‍ ഇന്ത്യയിലെ ഏത്‌ പ്രശസ്‌തപത്രപ്രവര്‍ത്തകനാണ്‌ ഹെലികോപ്‌റ്ററില്‍ പറന്നുചെല്ലാതിരിക്കുക. നിങ്ങള്‍ പറയുന്നത്‌ കേള്‍ക്കാന്‍,വായിക്കാന്‍ നാട്ടില്‍ ആളുണ്ടോ എങ്കില്‍ അഭിമുഖത്തിന്‌ അവസരം ചോദിച്ച്‌ ലേഖകന്മാര്‍ വരും എന്നുറപ്പ്‌.

ഇതൊരു മാധ്യമരൂപമായി രൂപാന്തരപ്പെട്ടിട്ട്‌ അധികകാലമായിട്ടില്ല. നൂറ്റി എഴുപത്‌ വര്‍ഷമായിക്കാണുമെന്ന്‌ ജമാല്‍ കൊച്ചങ്ങാടിയുടെ ‘അഭിമുഖങ്ങള്‍ ആഭിചാരമാകുമ്പോള്‍’ എന്ന ആമുഖലേഖനത്തില്‍ പറയുന്നു. 1836 ല്‍ ന്യൂയോര്‍ക്ക്‌ ഹെറാള്‍ഡിന്റെ ഉടമസ്ഥന്‍ ജയിംസ്‌ ഗോര്‍ഡന്‍ ബെന്നറ്റ്‌ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ മാര്‍ട്ടിന്‍ വാന്‍ ബ്യൂറ്റുമായി നടത്തിയ അഭിമുഖമാണ്‌ ആദ്യത്തെ അഭിമുഖമായി മാധ്യമചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഇത്‌ ലോകമെങ്ങും തുല്യനിലയിലല്ല വളര്‍ന്നുവന്നത്‌ എന്നും കാണേണ്ടതുണ്ട്‌. അമേരിക്കന്‍ പ്രസിദ്ധീകരണങ്ങളില്‍ അഭിമുഖങ്ങള്‍ നിറഞ്ഞുകവിഞ്ഞെങ്കിലും ഇംഗ്‌ളണ്ടുകാര്‍ ഇതിനെ അകറ്റിനിര്‍ത്തുകയാണ്‌ ചെയ്‌തത്‌. അഭിമുഖങ്ങള്‍ക്ക്‌ നിന്ന്‌ കൊടുക്കുന്നത്‌ തരംതാണ ഏര്‍പ്പാടാണ്‌ എന്ന്‌ ഇംഗ്‌ളീഷ്‌ വി.ഐ.പി.കള്‍ കരുതിപ്പോന്നു.ജേണലിസത്തിന്റെ ഏറ്റവും വൃത്തികെട്ട മുഖമായി ഇന്റര്‍വ്യുവിനെ കണ്ടവരുണ്ട്‌. ആലിസ്‌ ഇന്‍ വണ്ടര്‍ലാന്‍ഡിന്റെ കര്‍ത്താവായ ലിവിസ്‌ കരോള്‍ അത്തരമൊരാളായിരുന്നു. അഭിമുഖത്തിന്‌ വരുന്നവരെ തള്ളിപ്പുറത്താക്കി വാതിലടക്കുകയായിരുന്നത്രെ അദ്ദേഹത്തിന്റെ പതിവ്‌. ` അഭിമുഖം അധാര്‍മികമാണ്‌, ശിക്ഷ അര്‍ഹിക്കുന്ന കൈയ്യേറ്റമാണ്‌. അത്‌ ഭീരുത്വമാണ്‌.നീചമാണ്‌. മാന്യതയുള്ള ഒരാളും അഭിമുഖം ചോദിക്കില്ല, കൊടുക്കില്ല ` എന്ന്‌ ഇംഗ്‌ളീഷ്‌ എഴുത്തുകാരനായ റുഡ്‌യാര്‍ഡ്‌ കിപ്‌ളിങ്‌ പറഞ്ഞതായി ക്രിസ്റ്റര്‍ സില്‍വസ്റ്റര്‍ എഡിറ്റ്‌ ചെയ്‌ത അഭിമുഖഗ്രന്ഥമായ പെന്‍ഗ്വിന്‍ ബുക്‌ ഓഫ്‌ ഇന്റര്‍വ്യുസില്‍ ഉദ്ധരിച്ചിട്ടുണ്ട്‌. ആദ്യകാലത്ത്‌ ഈ അഭിപ്രായക്കാരനായിരുന്ന കിപ്‌ളിങ്‌ പില്‍ക്കാലത്ത്‌ മാര്‍ക്‌ ടൈ്വനിനെ ഇന്റര്‍വ്യൂ ചെയ്‌തതായി ഇതേ പുസ്‌തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.

പാശ്ചാത്യ പത്രപ്രവര്‍ത്തനാചാര്യന്‍ ജോസഫ്‌ പുലിറ്റ്‌സര്‍ അഭിമുഖത്തിന്‌ പോകുന്നവര്‍ക്ക്‌ വേണ്ടി ഏറെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളതായി ജമാല്‍ കൊച്ചങ്ങാടി ആമുഖലേഖനത്തില്‍ പറയുന്നുണ്ട്‌. അഭിമുഖമെന്നത്‌ ഒരു തരം സെയ്‌ല്‍സ്‌മാന്‍ഷിപ്പ്‌ തന്നെയാണെന്ന്‌ ദ്‌ ആര്‍ട്‌ ഓഫ്‌ ഇന്റര്‍വ്യൂവിങ്‌ എന്ന കൃതിയില്‍ ഫ്രാങ്ക്‌ എ ബര്‍ എടുത്തുപറയുന്നുണ്ട്‌. പ്രസിദ്ധീകരണത്തിനാണ്‌ എന്നറിഞ്ഞുകൊണ്ടുനടത്തുന്നത്‌ കൊണ്ട്‌ നുണനിര്‍മാണവും ഹിപ്പോക്രസിയുമാണ്‌ എല്ലാ ഇന്റര്‍വ്യുകളുമെന്ന്‌ മറ്റൊരു പ്രശസ്‌ത പത്രപ്രവര്‍ത്തകനായ ഡബ്‌ള്യൂ.എല്‍. ആള്‍ഡന്‍ പറഞ്ഞിട്ടുണ്ട്‌.

കുറിപ്പുകളെടുക്കാനോ റെക്കോഡ്‌ ചെയ്യാനോ കഴിയാതിരുന്ന ആദ്യകാല അഭിമുഖക്കാരന്റെ കഷ്ടപ്പാട്‌ നമുക്കിന്ന്‌ സങ്കല്‍പ്പിക്കാനേ കഴിയൂ. ഓര്‍മശക്തിയായിരുന്നു അന്നത്തെ അഭിമുഖക്കാരന്റെ മുഖ്യായുധം. അഭിമുഖം കഴിഞ്ഞയുടനെ മുഴുവന്‍ എഴുതിയ ശേഷം അഭിമുഖം നല്‍കിയ ആളെക്കാണിച്ച്‌ അംഗീകാരം വാങ്ങേണ്ടതുമുണ്ടായിരുന്നു. ലേഖനം പ്രസിദ്ധീകരിച്ചാല്‍ പ്രതിഫലം നല്‍കേണ്ടി വരും, അതൊഴിവാക്കാനാണ്‌ പത്രക്കാര്‍ ഇന്റര്‍വ്യൂവിന്‌ സമീപിക്കുന്നതെന്ന്‌ കരുതിയ മാര്‍ക്‌ ടൈ്വന്‍ അഭിമുഖം നല്‍കാന്‍ വലിയ വിമുഖതയാണ്‌കാട്ടിയിരുന്നത്‌.

അഭിമുഖം ചെയ്യുന്ന ആളും ചെയ്യപ്പെടുന്ന ആളും തമ്മിലുള്ള മാനസിക ബന്ധം പലര്‍ പല രീതിയില്‍ വിലയിരുത്തിയിട്ടുണ്ട്‌. രണ്ടുപേര്‍ തമ്മിലുള്ള ഏറ്റുമുട്ടലാണോ ഇത്‌, സ്‌നേഹസംഭാഷണമാണോ അതുമല്ല ബൗദ്ധികചര്‍ച്ചയോ ? ഓരോ അഭിമുഖവും ഓരോന്നാണ്‌ , ചിലപ്പോള്‍ എല്ലാമാണ്‌. ഒരാള്‍ മറ്റെ ആളെ ചിലപ്പോള്‍ കീഴ്‌പ്പെടുത്തും. അയാളെ വീഴ്‌ത്തി രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കും. പറയാനേ ആഗ്രഹിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ പറയിപ്പിച്ചെന്നുമിരിക്കും. മറിച്ചും സംഭവിക്കാം. രണ്ടുവ്യക്തിത്വങ്ങളുടെ മാറ്റുരക്കലാകുമിത്‌. ചൈനീസ്‌ നേതാവ്‌ ഡെങ്‌ സിയാവോ പിങ്ങുമായുള്ള അഭിമുഖത്തെക്കുറിച്ച്‌ പ്രശസ്‌ത പത്രപ്രവര്‍ത്തക ഓറിയാന ഫാലസി പറഞ്ഞത്‌, എന്റെ മനസ്സ്‌ നഷ്ടപ്പെട്ടുപോയി, ഞാനദ്ദേഹത്തില്‍ വീണുപോയി, അദ്ദേഹത്തെ പാഞ്ഞുചെന്ന്‌ ചുംബിച്ചുപോയി എന്നാണ്‌ ! ` എന്റെ മുന്നിലിരിക്കുന്ന ആളെ വെറുക്കുകയാണെങ്കില്‍പ്പോലും ഞാന്‍ പ്രണയം നടിക്കുന്നു. തുറന്ന പെരുമാറ്റത്തിലൂടെ എല്ലാം തുറന്നുപറയാന്‍ പ്രേരിപ്പിക്കുന്നു. ഇന്റര്‍വ്യു എനിക്ക്‌ പ്രണയമാണ്‌, പോരാട്ടമാണ്‌, സംഭോഗവുമാണ്‌ `- 1960 മുതല്‍ എണ്‍പതുകള്‍ വരെ മാധ്യമരംഗത്ത്‌ നിറഞ്ഞുനിന്ന ഓറിയാന ഫാലസി തന്റെ ട്രേഡ്‌ സീക്രട്ട്‌ ഇങ്ങനെ വെളിപ്പെടുത്തിയിട്ടുണ്ട്‌.

അഭിമുഖങ്ങളുടെ സമാഹാരമാണ്‌ ജമാല്‍ കൊച്ചങ്ങാടിയുടെ ഈ ഗ്രന്ഥം. ഇത്തരമൊരു സമാഹാരം വെറുമൊരു മാധ്യമപഠനകൃതിയല്ല. അത്‌ ലോകചരിത്രത്തിന്റെ വികാസത്തിലേക്കുള്ള എത്തിനോക്കലാണ്‌. രാഷ്‌ട്രീയ ചരിത്രം മാത്രമല്ല, തത്ത്വചിന്ത, കല, ശാസ്‌ത്രം, സാഹിത്യം തുടങ്ങിയ പല മേഖലകളിലെയും ചരിത്രനായകര്‍ ഈ സമാഹാരത്തില്‍ ‘നിങ്ങളുടെ സ്വന്തം ലേഖകരോട്‌ ‘ സംസാരിക്കുന്നുണ്ട്‌. പ്രതിഭാശാലികളാണവര്‍. ചിലരെല്ലാം നായകരും മറ്റുചിലര്‍ പതിനായകരുമാണ്‌. മഹാത്മാഗാന്ധിയില്‍ തുടങ്ങി കാറല്‍ മാര്‍ക്‌സും ലെനിനും സ്റ്റാലിനും ഹിറ്റ്‌ലറും മുസ്സോളിനിയും മാവോയും പിക്കാസോയും ടോള്‍സ്റ്റോയിയും മാര്‍ക്വേസും ജിദ്ദു കൃഷ്‌ണമൂര്‍ത്തിയും മിലാന്‍ കുന്ദേരയും ഫ്രോയ്‌ഡും സാര്‍ത്രും ചാര്‍ളിചാപ്‌ളിനും അരുന്ധതി റോയിയും അടക്കം ഇരുപത്തഞ്ചു ചരിത്രനായകര്‍.

ഇതില്‍ പതിനൊന്ന്‌ അഭിമുഖങ്ങള്‍ ക്രിസ്റ്റഫര്‍ സില്‍വെസ്റ്റര്‍ എഡിറ്റ്‌ ചെയ്‌ത്‌ പ്രസിദ്ധപ്പെടുത്തിയ പെന്‍ഗ്വിന്‍ ബുക്‌ ഓഫ്‌ ഇന്റര്‍വ്യൂസില്‍ ഉള്ളതാണ്‌. എന്നാല്‍, ജമാല്‍ കൊച്ചങ്ങാടിയുടെ കൃതിയില്‍ പല അഭിമുഖങ്ങളുടെയും അസ്സല്‍ ഏത്‌ പ്രസിദ്ധീകരണത്തില്‍ വന്നതാണ്‌ എന്ന്‌ എടുത്തുപറയുന്നില്ല. അതത്ര പ്രധാനമല്ല. എങ്കിലും ഇംഗ്‌ളീഷിലുള്ള മൂലഅഭിമുഖം വായിക്കാന്‍ താല്‌പര്യമുള്ളവര്‍ക്ക്‌ അത്‌ സഹായകമാകുമായിരുന്നു. ദര്‍ശനം കൊണ്ടോ പ്രവര്‍ത്തനം കൊണ്ടോ ലോകത്തെ മാറ്റിമറിച്ചവരാണ്‌ ഇതിലേറെപ്പേരും. വിവിധ ചിന്താധാരകളെക്കുറിച്ചുള്ള ഗാഢമായ വിചാരങ്ങള്‍ ഇതിലുണ്ട്‌.

എണ്‍പത്തേഴ്‌ അഭിമുഖങ്ങളുള്ളതാണ്‌ ക്രിസ്റ്റഫര്‍ സില്‍വെസ്റ്ററുടെ കൃതി. അഭിമുഖങ്ങള്‍ എണ്ണത്തില്‍ കുറവാണെങ്കിലും അവ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കൂടുതല്‍ വിവേചനബുദ്ധി കാട്ടിയത്‌ ജമാല്‍ കൊച്ചങ്ങാടിയാണെന്ന്‌ പറഞ്ഞാല്‍ അത്‌ അതിശയോക്തിയാവില്ല. പെന്‍ഗ്വിന്റെ സമാഹാരത്തില്‍ ലെനിനില്ല, സ്റ്റീഫന്‍ ഹോക്കിങ്ങില്ല, എഡ്വേഡ്‌ സെയ്‌ദില്ല, മാര്‍ക്വേസില്ല, നെരൂദയില്ല, മിലന്‍ കുന്ദേരയില്ല, എന്തിനേറെ ചാര്‍ലി ചാപ്‌ളിനില്ല. ജമാല്‍ കൊച്ചങ്ങാടിയുടെ സമാഹാരത്തില്‍ ഇവരെല്ലാമുണ്ട്‌- പോരാത്തതിന്‌ സിമോന്‍ ഡി ബുവായും തര്‍ക്കോസ്‌കിയും ലതാമങ്കേഷ്‌കറുമുണ്ട്‌.

(Published in GRANDHALOKAM Magazine)

ക്‌ളാസിക്‌ അഭിമുഖങ്ങള്‍
സമാഹരണവും പരിഭാഷയും
ജമാല്‍ കൊച്ചങ്ങാടി
ഒലീവ്‌ കോഴിക്കോട്‌
വില 200 രൂപ

Leave a Reply

Your email address will not be published. Required fields are marked *

Go Top