‘വര്‍ണശബളമായ ഒരു ഘോഷയാത്ര’

എൻ.പി.രാജേന്ദ്രൻ
tjs-george

ലൈവ്‌ റിപ്പോര്‍ട്ടിങ്ങിന്റെ ഈ കാലത്ത്‌ വാര്‍ത്തകള്‍ക്ക്‌ നിമിഷങ്ങളുടെ ആയുസ്സേ ഉള്ളൂ എന്ന്‌ പറയാം. പത്രങ്ങള്‍ അരങ്ങ്‌ വാണ കാലത്തുപോലും ഇരുപത്തിനാല്‌ മണിക്കൂര്‍ ആയുസ്സേ വാര്‍ത്തകളും ഫീച്ചറുകളും അവകാശപ്പെടാറുള്ളൂ. പക്ഷേ, വാര്‍ത്തകള്‍ ഏറെയും ചരിത്രസംഭവങ്ങളാണ്‌. ചരിത്രമെന്നത്‌ രാജ്യത്തിന്റെയോ ലോകത്തിന്റെയോ മഹാന്മാരുടെയോ ചരിത്രങ്ങളായിരുന്ന കാലം മാറിയിരിക്കുന്നു. ചെറിയവരെന്ന്‌ മുമ്പ്‌ കരുതപ്പെട്ടവരുടെ ജീവചരിത്രങ്ങള്‍ക്ക്‌ മഹാത്മാഗാന്ധിയുടെ ജീവചരിത്രത്തേക്കാള്‍ വില്‌പനയുള്ള ഇക്കാലത്ത്‌ ചരിത്രത്തിന്റെയും അര്‍ഥം മാറുന്നു. ചെറിയ സംഭവങ്ങളും ചരിത്രസംഭവങ്ങളാകുന്നു. വാര്‍ത്തകള്‍ നിമിഷംകൊണ്ട്‌ ശ്രദ്ധയില്‍നിന്ന്‌ മറയുന്നുണ്ടാവാം. അവ പലതും ചരിത്രസംഭവങ്ങളായി തിരിച്ചുവരികതന്നെ ചെയ്യുന്നു.

വാര്‍ത്തകള്‍ക്കും ചരിത്രത്തിനും സാക്ഷികളാണ്‌ പത്രപ്രവര്‍ത്തകര്‍. എല്ലാം കണ്‍മുമ്പിലൂടെ കടന്നുപോകുന്നു. കണ്ടുമറന്ന കാര്യങ്ങള്‍ക്ക്‌ വിലപ്പെട്ട ചരിത്രസംഭവങ്ങളായി, ജീവിതാനുഭവങ്ങളായി, വായിച്ചുകൊതിക്കാവുന്ന ഉപന്യാസങ്ങളായി പുനര്‍ജന്മം നല്‌കാനാകും. പത്രപ്രവര്‍ത്തകരെപ്പോലെ അതിനുള്ള പ്രചോദനങ്ങളെയും പ്രകോപനങ്ങളെയും നേരിടേണ്ടിവരുന്നവര്‍ വേറെയില്ല. അതിന്‌ ഇന്ദ്രപ്രസ്ഥത്തിലെ അധികാരകേന്ദ്രങ്ങളില്‍ ബീറ്റ്‌ റിപ്പോര്‍ട്ടര്‍മാര്‍ ആകണമെന്നില്ല. ജില്ലാകേന്ദ്രത്തിലോ പ്രാദേശികതലത്തിലോ ലേഖകനായാലും മതി. പത്രപ്രവര്‍ത്തനചരിത്രത്തില്‍ ഓര്‍മക്കുറിപ്പുകള്‍ മലയാളത്തിലുമുണ്ട്‌ ധാരാളം.

പത്രപ്രവര്‍ത്തകരായിരുന്ന ചിലരോട്‌ തോന്നിയ ആദരവെല്ലാം അവരുടെ ഓര്‍മക്കുറിപ്പ്‌ വായിക്കുന്നതോടെ ആവിയായിപ്പോകും. താനാണ്‌ എല്ലാം ചെയ്‌തത്‌, താനേ ചെയ്‌തുള്ളൂ എന്ന ഭാവം നിറഞ്ഞുനില്‍ക്കുന്ന ഓര്‍മക്കുറിപ്പുകള്‍. വല്ലപ്പോഴും വീണുകിട്ടുന്ന നിസ്സാരപ്രശംസകള്‍ക്ക്‌ നോബല്‍സമ്മാനത്തിന്റെ വലുപ്പം ഭാവിക്കും. ആത്മകഥകള്‍ക്കാരും പൊതുവെ മറുപടിയോ ഖണ്ഡനവിമര്‍ശനമോ എഴുതാറില്ല. ഭാഗ്യം.

ടി.ജെ.എസ്‌ ജോര്‍ജിന്റേത്‌ ആത്മകഥയല്ല, ഓര്‍മക്കുറിപ്പുകളാണ്‌. അമ്പത്തെട്ട്‌ വര്‍ഷം മുമ്പ്‌ ബോംബെയില്‍ പത്രപ്രവര്‍ത്തനമാരംഭിച്ച ഈ കുട്ടനാടുകാരനെക്കുറിച്ച്‌ കാര്യമായൊന്നും നമുക്ക്‌ ഈ കൃതി വായിച്ചാലും അറിയുകയില്ല. അദ്ദേഹം എവിടെയെല്ലാം പ്രവര്‍ത്തിച്ച്‌ എന്തെല്ലാം എഴുതി എന്നറിയുവാന്‍ വേറെ വല്ലവരോടും ചോദിക്കേണ്ടിവരും. ഓര്‍മക്കുറിപ്പുകളില്‍ നമുക്ക്‌ കാണാന്‍ കിട്ടാത്തത്‌ ടി.ജെ.എസ്‌ എന്ന പത്രപ്രവര്‍ത്തകനെയും വ്യക്തിയെയും ആണ്‌. ടി.ജെ.എസ്സിന്റെ ഓര്‍മകളുടെ ധാരാളിത്തവും വര്‍ണപ്പകിട്ടും തെരുവോരത്ത്‌ നിന്ന്‌ ഘോഷയാത്ര കാണുന്ന നമ്മുടെ കണ്ണഞ്ചിപ്പിക്കും. പത്രപ്രവര്‍ത്തകന്മാര്‍ എഴുതിയ ഓര്‍മകൃതികള്‍ മുഴുവന്‍ വായിച്ചുവെന്ന്‌ ഞാന്‍ അവകാശപ്പെടുന്നില്ല. എന്നാല്‍ ഇത്രയും വര്‍ണശബളമായ ഓര്‍മകളുടെ മറ്റൊരു ഘോഷയാത്രയും കണ്ടിട്ടില്ല.

ഒരു സാഹിത്യശാഖയെന്ന നിലയില്‍ ഓര്‍മക്കുറിപ്പുകള്‍ക്ക്‌, ആത്മകഥയില്‍ നിന്ന്‌ മാറിയുള്ള നിലനില്‌പ്പും പ്രസക്തിയും ഉറപ്പിക്കുകയാണ്‌ അദ്ദേഹം ചെയ്‌തിരിക്കുന്നത്‌. ആത്മകഥയുടെ ഒരു ഉപശാഖ മാത്രമല്ല ഓര്‍മകൃതി. പാശ്ചാത്യസാഹിത്യചരിത്രത്തില്‍ അവ സ്വതന്ത്രമായ സ്ഥാനം നേടിയിട്ടുണ്ട്‌. രാഷ്‌ട്രീയനേതാക്കള്‍, പട്ടാളത്തലവന്മാര്‍ തുടങ്ങി അടിമകളും വേശ്യകളും സാധാരണക്കാരും വരെ അത്തരം കൃതികള്‍ രചിച്ച്‌ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ആത്മകഥയുടെ ഔപചാരികതയില്ലാതെ, അടുക്കും ചിട്ടയുമില്ലാതെ ഒഴുകുന്ന ഓര്‍മകള്‍. ജീവിതാനുഭവങ്ങള്‍, ഗുണപാഠങ്ങള്‍, വിലയിരുത്തലുകള്‍, നിരീക്ഷണങ്ങള്‍…

ഘോഷയാത്ര വായിക്കുന്ന ആര്‍ക്കും – പ്രത്യേകിച്ച്‌ പത്രപ്രവര്‍ത്തകര്‍ക്ക്‌- ടി.ജെ.എസ്സിനോട്‌ അസൂയ തോന്നും. ജീവിതത്തിലുടനീളം ഇത്രയേറെ കഥാപാത്രങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചല്ലോ എന്നോര്‍ത്ത്‌. കഥാപാത്രങ്ങള്‍ എന്നുതന്നെ വിശേഷിപ്പിക്കണം ചോരയും നീരുമായി ജീവിക്കുകയും ചരിത്രത്തില്‍ സ്വന്തം മുദ്ര പതിക്കുകയും ചെയ്‌തവരാണ്‌ ഏറെ. ജീവിച്ചിരിപ്പുള്ളവരുമുണ്ട്‌്‌ അപൂര്‍വമായി. ഭാവനാശാലിയായ ഒരു നോവലിസ്‌റ്റിന്റെ പേനത്തുമ്പിലാണ്‌ ഇത്രയേറെ കഥാപാത്രങ്ങളും നാടകീയതകളും പ്രത്യക്ഷപ്പെടുന്നതെങ്കില്‍ അത്‌്‌ അസ്വാഭാവികവും കൃത്രിമവും ആണെന്ന്‌ ആരോപിക്കപ്പെടുമായിരുന്നു. യാഥാര്‍ഥ്യങ്ങള്‍ പലപ്പോഴും കല്‌പിതകഥകളേക്കാള്‍ നാടകീയമാകൂം. നാടകീയതകള്‍ നിറഞ്ഞ ജീവിതാനുഭവങ്ങളുടെയും വിചിത്രവ്യക്തിത്വങ്ങളുടെയും മഹദ്‌ജീവിതങ്ങളുടെയും അമ്പരപ്പിക്കുന്ന എക്‌സെന്‍ട്രിസിറ്റികളുടെയും ഞെട്ടിക്കുന്ന കൂരതകളുടെയും മുമ്പാരും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ലാത്ത സ്‌കൂപ്പുകളുടെയും അവസാനിക്കാത്ത ഘോഷയാത്രയാണ്‌ ഈ കൃതി.

ആലപ്പുഴ കായലോരത്ത്‌ നിന്ന്‌ തുടങ്ങുന്നു ഓര്‍മകള്‍. കായല്‍രാജാവ്‌ ജോസഫ്‌ മുരിക്കന്‍ എന്ന ‘ വര്‍ഗശത്രു’ വക ബോട്ടില്‍ കായല്‍യാത്ര നടത്തിയതിന്റെ നനുത്ത ഓര്‍മ . എങ്ങും വിളഞ്ഞ പൊന്നിന്റെ ഭംഗി, ഇളകുന്ന കായല്‍പരപ്പിന്റെ ത്രില്‍. കഥകളും അവിടെ തുടങ്ങുകയായി. ആരാണ്‌ ഈ മുരിക്കന്‍ ? പരന്നുപരന്ന്‌ കടല്‍പോലെ ചക്രവാളം തൊട്ടുകിടന്ന വേമ്പനാട്ട്‌ കായലിന്റെ ഓളങ്ങളില്‍ മുങ്ങിയും പൊങ്ങിയും വളര്‍ന്ന മുരിക്കന്‍ ഔത എന്ന ജോസഫ്‌ മുരിക്കന്‍ കര്‍ഷകചരിത്രത്തില്‍ ഒരത്ഭുതംതന്നെയായിരുന്നു. വെളിപാട്‌ പോലെയാണ്‌ മുരിക്കന്‌ ഓരോ ആശയങ്ങള്‍ തലയിലുദിക്കുക. എന്നും വെള്ളംകെട്ടിക്കിടക്കുന്ന കായലിനടിയിലുള്ളത്‌ നല്ല മണ്ണാണ്‌. എന്തുകൊണ്ട്‌ അവിടെ കൃഷി ചെയ്‌തുകൂടാ ! അതിന്‌ ഇറങ്ങിപ്പുറപ്പെട്ട മുരിക്കനെ നാട്ടുകാര്‍ ഭ്രാന്തനെന്ന്‌ വിളിച്ചു. പക്ഷേ , ഭ്രാന്തന്‍ കുലുങ്ങിയില്ല. ആയിരക്കണക്കിന്‌ തൊഴിലാളികളെ വിളിച്ചുകൂട്ടി മൂന്നുകായലുകള്‍ നികത്തിയെടുത്തു. മൊത്തം 2152 ഏക്കര്‍. നൂറുമേനി വിളവ്‌. വെള്ളത്തില്‍ കിടന്നിരുന്ന നിലങ്ങള്‍ സ്വര്‍ണഖനികളായി. മുരിക്കന്‌ അതിന്റെ ‘ശിക്ഷ ‘ വൈകാതെ കിട്ടി. കേരളത്തിലെ ഏറ്റവും വലിയ ജന്മി ഏറ്റവും വലിയ വര്‍ഗശത്രുതന്നെ. കായല്‍ മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. കൃഷി സര്‍ക്കാര്‍ചുമതലയായി. അതോടെ കൃഷിയില്ലാതായി. ഭൂപരിഷ്‌കരണം നിലവില്‍വന്ന 1972 ല്‍ മുരിക്കന്‍ മരിച്ചു.ഹൃദയം പൊട്ടിയായിരിക്കണം എന്ന്‌ ടി.ജെ.എസ്‌ കരുതുന്നു.

വേമ്പനാട്ട്‌ കായലോരത്ത്‌ നിന്ന്‌ വിവരണം കോട്ടയത്തേക്ക്‌ മാറുമ്പോള്‍ വായനക്കാര്‍ ഊഹിക്കണം ടി.ജെ.എസ്സിന്റെ ജീവിതം വിദ്യാഭ്യാസത്തിനായി അങ്ങോട്ട്‌ പറിച്ചുനടപ്പെട്ടു എന്ന്‌. വിവരണങ്ങളില്‍ ആദ്യകാലത്തുപോലും ‘ ഞാന്‍ ‘ കടന്നുവരുന്നില്ല. എവിടെയാണ്‌ ജനിച്ചതെന്നുകണ്ടെത്തുക പോലും പ്രയാസം. അയല്‍വാസികളെയും സഹപാഠികളെയും സുഹൃത്തുക്കളെയും കുറിച്ചുള്ള വിവരണങ്ങളിലൂടെ ചില അവ്യക്തചിത്രങ്ങള്‍ മാത്രം ലഭിക്കുന്നുണ്ട്‌. കഥാപാത്രങ്ങളുമായുള്ള യാദൃച്ഛികബന്ധങ്ങളുടെ അതിഭാഗ്യങ്ങള്‍ ആദ്യനാളുകളില്‍ തന്നെയുണ്ടാകുന്നു. അമ്പലപ്പുഴയിലെ താമസകാലത്തെ അയല്‍പക്കത്ത്‌ സ്വതന്ത്രസമരസേനാനി കെ.കെ.കുഞ്ചുപിള്ളയുടെ കുടുംബമാണ്‌. കുഞ്ചുപിള്ളയുടെ മകന്‍ കുമാരപിള്ള ക്ലാസ്‌മെയ്‌റ്റ്‌. കുഞ്ചുപിള്ളയുടെ മകള്‍ മഹേശ്വരിയമ്മ എന്‍.ശ്രീകണ്‌ഠന്‍നായരുടെ ഭാര്യ. ആ ദമ്പതിമാരുടെ കഥകള്‍ മാത്രം മതി ഒരു പുസ്‌തകം നിറയ്‌ക്കാന്‍. അമ്പലപ്പുഴയില്‍നിന്ന്‌ കോട്ടയം സി.എം.എസ്സിലേക്ക്‌്‌. ആലപ്പുഴ-കോട്ടയം-ആലപ്പുഴ ബോട്ട്‌ യാത്രയുടെ ഭയം നിറഞ്ഞ സുഖം! കോട്ടയത്ത്‌ നിന്ന്‌ കോളേജ്‌ വിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തേക്ക്‌.

അന്നദാതാവായ പൊന്നുതമ്പുരാന്റെ നഗരം വേറെയൊരു ലോകമായിരുന്നു. പ്രപഞ്ചത്തിന്റെ തന്നെ തലസ്ഥാനം തിരുവനന്തപുരമാണെന്ന്‌ ധരിച്ചിരുന്നു അന്നത്തെ ജനങ്ങള്‍. യൂണിവേഴ്‌സിറ്റി കോളേജ്‌ പ്രഗത്ഭന്മാരുടെ കേന്ദ്രമായിരുന്നു. അധ്യാപകര്‍ ഏറെയും പ്രശസ്‌തര്‍. വിദ്യാര്‍ഥികളില്‍ പലരും അധ്യാപകരേക്കാള്‍ പ്രശസ്‌തര്‍. എസ്‌.ഗുപ്‌തന്‍ നായരും മലയാറ്റൂര്‍ രാമകൃഷ്‌ണനും കാര്‍ട്ടൂണിസ്റ്റ്‌ അബുവും സി.എന്‍.ശ്രീകണ്‌ഠന്‍നായരും സോഷ്യലിസ്റ്റ്‌ നേതാവ്‌ പി.വിശ്വംഭരനും ആര്‍.എസ്‌.പി നേതാവ്‌ കെ.പങ്കജാക്ഷനുമെല്ലാം ക്ലാസ്‌ മുറികളില്‍ ഡസ്‌കിന്റെ അപ്പുറത്തും ഇപ്പുറത്തുമെല്ലാം കാണപ്പെട്ട യുവാക്കളില്‍ ചിലര്‍ മാത്രം. പലരും നിസ്വാര്‍ഥസേവനത്തിന്റെ പ്രതീകങ്ങളായി വളര്‍ന്നു. മാന്യന്മാരായിരുന്നു അവരെല്ലാം. പലരും മാന്യരായതുകൊണ്ടുമാത്രം പിറകിലോട്ട്‌ തള്ളിമാറ്റപ്പെട്ടു.

ടി.ജെ.എസ്സിന്റെ ഗുണപാഠമിതാ – മാന്യത അധികാരത്തിലേക്കുള്ള വഴിയല്ല, അധികാരം മാന്യതയുമല്ല.

കോളേജ്‌ പ്രതിഭാസമ്പന്നമെങ്കില്‍ തിരുവനന്തപുരം അതിന്റെ പതിന്മടങ്ങ്‌ സമ്പന്നമായിരിക്കുമല്ലോ. പട്ടം താണുപ്പിള്ളയുടെ പ്രൗഡി പ്രസരിച്ചിരുന്ന മകന്‍ കേശവന്‍ നായര്‍, സി.കേശവനേക്കാള്‍ പിന്നീട്‌ പ്രശസ്‌തമായ മകന്‍ കെ.ബാലകൃഷ്‌ണന്‍, കുമാരനാശാന്റെ മകന്‍ പ്രഭാകരന്‍, ഉള്ളൂര്‍ എസ്‌ പരമേശ്വരയ്യരുടെ മകന്‍ വൈദ്യനാഥന്‍, ഇ.വി.കൃഷ്‌ണപിള്ളയുടെ മകന്‍ അടൂര്‍ഭാസി….ഓരോരുത്തരും കടന്നുപോയത്‌ പറഞ്ഞാല്‍ തീരാത്തത്ര കഥകള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു.

ധാരണകളെ തിരുത്തുന്ന സത്യകഥകള്‍. ഹാസ്യസാഹിത്യകാരനായ ഇ.വി.കൃഷ്‌ണപിള്ളയുടെ കാര്യം തന്നെയെടുക്കാം. ഹാസ്യമെഴുതുന്ന ആളുടെ ജീവിതവും പെരുമാറ്റവും സ്വഭാവവുമെല്ലാം നന്മയും ചിരിയും നിറഞ്ഞതാവുമെന്നത്‌ വെറും തെറ്റിദ്ധാരണയാണ്‌. ഇ.വി. കൊടുംക്രൂരതകളാണ്‌ സ്വന്തം മക്കളോട്‌ കാട്ടിയിരുന്നത്‌. വെറും തമാശക്കാരനായ മകന്‍ അടൂര്‍ഭാസിയെ ഗൗരവമുള്ള ഒന്നിനോടും ബന്ധപ്പെടുത്തി സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞെന്നുവരില്ല. സത്യമോ ? അതിവിപ്‌ളവപാര്‍ട്ടിയായിരുന്ന ആര്‍.എസ്‌.പി.യുടെ പ്രവര്‍ത്തകനായിരുന്നു ഭാസി. ശ്രീകണ്‌ഠന്‍നായരുടെയും കെ.ബാലകൃഷ്‌ണന്റെയുമെല്ലാം സഹപ്രവര്‍ത്തകന്‍. തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പൊരുതി മുപ്പതുവോട്ടിന്‌ തോറ്റ പാരമ്പര്യവുമുണ്ട്‌ ഭാസിക്ക്‌. നിയമസഭാംഗമായിരുന്നു അച്ഛന്‍ ഇ.വി., മകന്‌ നഗരസഭ കാണാനൊത്തില്ല. ആ കാലത്ത്‌ ടെക്‌സ്റ്റൈല്‍ടെക്‌നോളജി പഠിച്ച ആളാണ്‌ ഭാസി. പിന്നെ അതും രാഷ്‌ട്രീയവും ഉപേക്ഷിച്ച്‌ നാടകവുമായി. നടന്നു. ആദ്യമായി സിനിമയില്‍ തലകാണിച്ചപ്പോള്‍ കിട്ടിയത്‌ ഒരു പശുവിനെ അഴിച്ചുകെട്ടുന്ന റോളായിരുന്നു. മലയാളികളെ അനേകകാലം ചിരിപ്പിച്ചുകൊണ്ടേയിരുന്ന നടന്‍ അറുപിശുക്കനായി ജീവിച്ച്‌ ഒടുവില്‍ സൗഭാഗ്യങ്ങളൊന്നും അനുഭവിക്കാന്‍ കഴിയാതെയാണ്‌ മരിച്ചത്‌.

ടി.ജെ.എസ്‌ ഗുണപാഠം- കൊടുക്കുന്നതിനനുസരിച്ച്‌ ആര്‍ക്കും കിട്ടുന്നില്ല, കിട്ടുന്നതനുസരിച്ച്‌ ആരും തൃപ്‌തിപ്പെടുന്നില്ല.

ടി.ജെ.എസ്‌ പിന്നെ വിവരിക്കുന്നത്‌ ബോംബെ സിനിമാലോകത്തിന്റെ കഥകളാണ്‌. 1950 ല്‍ ഫ്രീ പ്രസ്‌ ജേണലില്‍ റിപ്പോര്‍ട്ടറായി തൊഴില്‍ജീവിതം മുംബൈയില്‍ ആരംഭിച്ചുവെന്ന്‌ ഇതില്‍നിന്ന്‌ വായനക്കാര്‍ മനസ്സിലാക്കണം. പുതിയ കൂട്ടുകെട്ട്‌ എന്നതിനര്‍ഥം പുതിയ കഥാപാത്രങ്ങള്‍ എന്നുതന്നെ.സംഗീത സാമ്രാട്ട്‌ അനില്‍ ബിശ്വാസ്‌, സിത്താര്‍ ചക്രവര്‍ത്തി വിലായത്‌ ഖാന്‍, സംഗീത സംവിധായകന്‍ മുഹമ്മദ്‌ ഷഫി, ബിമല്‍റോയ്‌, രാജ്‌ ഭന്‍സ്‌ ഖന്ന, കെ.എ.അബ്ബാസ്‌. സെറ്റുകളില്‍നിന്ന്‌ സെറ്റുകളിലേക്ക്‌ നടന്‍മാരോടും നടിമാരോടും സല്ലപിച്ച്‌ വലിയ ആളായി പാഞ്ഞുനടക്കുമ്പോള്‍ കാണാറുള്ള ഒരാളുടെ കഥ രസകരം. നടന്മാര്‍ക്ക്‌ ചായ കൊടുക്കാനും കസേരയിടാനും കുട പിടിക്കാനുമൊക്കെയായി നടക്കുന്ന അനേകം ശിങ്കിടികളില്‍ ഒരാള്‍. ടി.ജെ.എസ്സിനെ കാണുമ്പോള്‍ ചെറുതായൊന്നു ചിരിച്ചെന്ന്‌ വരുത്തുന്ന ആള്‍. കുറെക്കാലം ആ ചിരി കണ്ടപ്പോളാണ്‌ ‘ ആള്‍ ചിരിക്കുന്നത്‌ മലയാളത്തിലാണെന്ന്‌ ‘ മനസ്സിലായത്‌. പിന്നെയും കുറെക്കഴിഞ്ഞ്‌ ആള്‍ മലയാളിയാണെന്ന്‌ സ്വയം വെളിപ്പെടുത്തി പേരും പറഞ്ഞു, കൂടുതലൊന്നുമില്ല.. അതും കഴിഞ്ഞ്‌ ഏറെക്കഴിഞ്ഞ്‌ അടൂര്‍ ഭാസി ബോംബെയില്‍ വന്നപ്പോള്‍ ആ മലയാളിയെ ഭാസിക്ക്‌ പരിചയപ്പെടുത്താന്‍ ടി.ജെ.എസ്‌ മുതിര്‍ന്നു. ഭാസിയുടെ സിനിമാമട്ടിലുള്ള അട്ടഹാസച്ചിരി. ` ഇതെന്റെ ചേട്ടനാ ചന്ദ്രന്‍.അറിഞ്ഞില്ല അല്ലേ ?`

ആ മകനാണ്‌ ഇ.വി.യുടെ ക്രൂരതകളേറെയും അനുഭവിച്ചത്‌. ചിരിച്ചുകൊണ്ടാണത്രെ ആ ക്രൂരതകള്‍ ചന്ദ്രന്‍ പില്‍ക്കാലത്ത്‌ വിവരിക്കാറുള്ളത്‌. ജീവിതത്തില്‍ ചന്ദ്രന്‍ ഒന്നുമായില്ല. കുടുംബജീവിതത്തിന്റെയും അപ്രശസ്‌തിയുടെയും സൗഭാഗ്യങ്ങള്‍ ആസ്വദിച്ച്‌ സന്തുഷ്ടജീവിതം നയിച്ചു ഒരവകാശവാദവും ഉന്നയിക്കാതെ ആരോടും പരാതിപ്പെടാതെ കടന്നുപോയി.

ടി.ജെ.എസ്‌ ഗുണപാഠം- എത്രയോ ചെറിയവര്‍ വലിയവരാണ്‌, എത്രയോ വലിയവര്‍ ചെറിയവരാണ്‌.

സ്വന്തം ജീവിതത്തെ വിവരിക്കുമ്പോള്‍ ഉടനീളം മറ്റുജീവിതങ്ങളാണ്‌ ടി.ജെ.എസ്‌ ഓര്‍ക്കുന്നത്‌. ചെറിയ സംഭവങ്ങളാവാം. എന്നാല്‍ അവ ഓരോന്നും ജീവിതത്തിന്റെ എഴുതിയാല്‍തീരാത്ത വൈജാത്യങ്ങളിലേക്കുള്ള ചികയലുകളാകുന്നു. നുറുങ്ങുകളായി വരുന്ന കഥകള്‍ വലിയ വാര്‍ത്താറിപ്പോര്‍ട്ടുകള്‍ തന്നെയാകുന്നു. പത്രപ്രവര്‍ത്തനം കലാപ്രവര്‍ത്തനം തന്നെയാണെന്ന്‌ ചിലര്‍ പറഞ്ഞുവെച്ചത്‌ ഈ അര്‍ഥത്തില്‍ കൂടിയാവാം. കാലത്തിന്റെയും സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും റിപ്പോര്‍ട്ടിങ്ങാണിത്‌. ഇതിന്റെ അസംസ്‌കൃതവസ്‌തുക്കള്‍ കുറെ മനുഷ്യരും അവരുടെ ജീവിതവുമാണ്‌. പത്രപ്രവര്‍ത്തകന്റെ ഏറ്റവും കരുത്തുള്ള ഉപകരണം അവന്റെ നിരീക്ഷണവും നിരീക്ഷിച്ചതിന്റെ പുനരവതരണവുംതന്നെയെന്ന്‌ ടി.ജെ.എസ്‌ പറയാതെ പറയുന്നു.

ഫ്രീ പ്രസ്‌ ജേണലിലെ പഴകിയ മരക്കസേരകളില്‍ എത്രയെത്ര വിചിത്ര കഥാപാത്രങ്ങളും ചരിത്രപുരുഷന്മാരുമാണ്‌ അക്കാലത്ത്‌ സ്ഥാനം പിടിച്ചിരുന്നത്‌. എഡിറ്റര്‍ സദാനന്ദ്‌ തന്നെ ആയിരം ജീവിതനാടകങ്ങളിലെ മുഖ്യകഥാപാത്രമാണ്‌. വാര്‍ത്താ ഏജന്‍സി നടത്തി പരാജയപ്പെട്ടപ്പോഴാണ്‌ ആ പേരില്‍തന്നെ 1930ല്‍ പത്രം തുടങ്ങുന്നത്‌. പത്രം കണ്ടുകെട്ടുമെന്നുവന്നാല്‍പ്പോലും ലേഖകന്റെ പക്ഷം നില്‍ക്കുന്ന പത്രാധിപരും ഉടമയുമായിരുന്നു സദാനന്ദ്‌. സഹപത്രപ്രവര്‍ത്തകരോടുള്ള സ്‌നേഹം കൂടുന്നതിനനുസരിച്ച്‌ അവരോടുള്ള വഴക്കും കൂടിവരും. ഇടയ്‌ക്കിടെ പിരിച്ചുവിടും, രണ്ടുദിവസം കഴിഞ്ഞാല്‍ തിരിച്ചുകൊണ്ടുവരും. സത്യമെന്ന്‌ ബോധ്യമുള്ളത്‌ എഴുതിയതിന്‌ അദ്ദേഹം അറസ്റ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌, പിന്നെ ഭാര്യയെ പത്രാധിപരാക്കിയപ്പോള്‍ അവരെയും ജയിലിലടച്ചിട്ടുണ്ട്‌. പത്രത്തിന്റെ പരസ്യവിഭാഗത്തിന്റെ തലവന്‍ തന്റെ ആവശ്യപ്രകാരം നടത്തിയ ഒരു യാത്രക്കിടയില്‍ വിമാനാപകടത്തില്‍ മരിച്ച വാര്‍ത്തയറിഞ്ഞപ്പോള്‍ മുറിയില്‍ അലമുറയിട്ട്‌ കരഞ്ഞു പത്രാധിപര്‍.` സ്‌നേഹിച്ചും കരഞ്ഞും ശകാരിച്ചും ആഹ്‌ളാദിച്ചും ആരുടെ മുമ്പിലും മുട്ടുമടക്കാതെയും എല്ലാവരുമായും ആശയപരമായി ഇടപെട്ടും സദാനന്ദ്‌ ഒരു കാലഘട്ടത്തിന്റെ മനസ്സാക്ഷിയായി` എന്നോര്‍ക്കുന്നു ടി.ജെ.എസ്‌.

ചില പേരുകള്‍ കേട്ടാലറിയാം എത്ര സമ്പന്നമായിരുന്നു ആ ന്യൂസ്‌ റൂം എന്ന്‌. എം.വി.കാമത്ത്‌, എം.ശിവറാം, കെ.ശിവറാം, പി.കെ.രവീന്ദ്രനാഥ്‌, കെ.വിശ്വം, കെ.എ.അബ്ബാസ്‌, കാര്‍ട്ടൂണിസ്‌റ്റായിരുന്ന ബാല്‍താക്കറെ, എം.എസ്‌.താലയാര്‍ഖാന്‍, അശോക്‌ മേത്ത, രാജാ ഹാത്തീസിങ്‌, കെ.സി.ജോണ്‍….പ്രതിഭാാലികളില്‍ ചിലരേ പ്രശസ്‌തരാകുന്നുള്ളു എന്ന്‌ ടി.ജെ.എസ്‌ ഓര്‍ക്കുന്നു. പതിനൊന്നുവയസ്സുള്ള ഒരു പയ്യന്‍ ഓഫീസില്‍ വന്നിരുന്ന്‌ ടൈപ്പ്‌റൈറ്ററില്‍ അരമണിക്കൂര്‍ പട പട അടിച്ച്‌ ക്രിക്കറ്റ്‌ അവലോകന റിപ്പോര്‍ട്ട്‌ എഴുതിയേല്‍പ്പിച്ച്‌ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോകുമായിരുന്നു. ഫ്രാങ്ക്‌ മൊറെയ്‌സിന്റെ മകന്‍ ഡോം മൊറെയ്‌സ്‌ എന്ന പ്രതിഭയുടെ ഉദയമായിരുന്നു അത്‌. പതിമൂന്നാംവയസ്സില്‍ ആദ്യപുസ്‌തകം പ്രസിദ്ധപ്പെടുത്തിയ കവി. ‘ ഘോഷയാത്ര ‘ യിലുടനീളം ഡോം പ്രത്യക്ഷപ്പെടുന്നുണ്ട്‌. പ്രശസ്‌തിയുടെ ഉയരങ്ങളില്‍ എത്തിയ ശേഷം ദുരന്തമായി അവസാനിച്ച ജീവിതം.

സദാനന്ദിന്റെ മരണശേഷം സ്ഥാനമേറ്റ പത്രാധിപര്‍ ഒരു മലയാളിയായിരുന്നു. സര്‍ഫ്‌ സോപ്പുപൊടിയുടെ പരസ്യം വാര്‍ത്തയുടെ മട്ടില്‍ ` അത്ഭുതസോപ്പുപൊടി നഗരത്തില്‍ വന്നിരിക്കുന്നു ` എന്ന ഹെഡ്ഡിങ്ങോടെ സപ്‌ളിമെന്റ്‌ പ്രസിദ്ധീകരിച്ചത്‌ വായനക്കാരെയും പത്രപ്രവര്‍ത്തകരെയും മാത്രമല്ല പരസ്യക്കാരെപ്പോലും ഞെട്ടിച്ചു. നല്ല തുക കിട്ടിയപ്പോള്‍ പരസ്യത്തെ വാര്‍ത്തയുടെ വേഷം കെട്ടി അവതരിപ്പിച്ചതാണ്‌. സദാനന്ദ്‌ ആയിരുന്നു പത്രാധിപരെങ്കില്‍ കോടി രൂപകൊടുത്താലും ചെയ്യാത്ത അധര്‍മം. ` ഫ്രീ പ്രസ്‌ വ്യഭിചരിക്കാന്‍ തീരുമാനിച്ചെങ്കില്‍ ഇന്ത്യന്‍ പറ്റുകാരെ സ്വീകരിച്ചുകൂടായിരുന്നോ ` എന്നാണ്‌ വ്യവസായപ്രമുഖന്‍ എസ്‌.പി.ഗോദ്‌റജ്‌ വിളിച്ചുചോദിച്ചതെന്ന്‌ ടി.ജെ.എസ്‌ ഓര്‍ക്കുന്നു. അത്തരമൊരു സപ്‌ളിമെന്റ്‌ പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ചാണ്‌ ടി.ജെ.എസ്സും ബാല്‍താക്കറെയുമടക്കം ആറുപേര്‍ രാജിവെച്ച്‌ പുറത്തിറങ്ങിയത്‌. വ്യഭിചാരം മാന്യഉപജീവനമാര്‍ഗമായിക്കഴിഞ്ഞ ഇക്കാലത്ത്‌ ആ സംഭവം കൗതുകമാണ്‌ ഉണ്ടാക്കുക. പുതിയ പത്രം തുടങ്ങാനായിരുന്നു തീരുമാനം. ഇന്നത്തെ മുംബൈയുടെ കിരീടം വെക്കാത്ത ബാല്‍താക്കറെയും അന്ന്‌ പുതിയ പത്രത്തിന്‌ ഷെയര്‍ പിരിക്കാന്‍ ഓടിനടന്നിരുന്നു. ജോര്‍ജ്‌ ഫര്‍ണാണ്ടസ്സിനെപ്പോലെ പലരും സഹായിക്കാമെന്നേറ്റു. ഒന്നും നടന്നില്ല. പിന്നെ ഓരോരുത്തര്‍ അവനവന്റെ വഴി തേടിപ്പോയി.

ടി.ജെ.എസ്സിന്റെ ഗുണപാഠം -ആത്മാര്‍ഥത കൊണ്ടുമാത്രം ആദര്‍ശം വിജയിക്കില്ല.

പഴയ കാര്‍ട്ടൂണിസ്റ്റ്‌ ബാല്‍താക്കറെ പില്‍ക്കാലത്തെ ബാല്‍താക്കറെ ആയത്‌ അന്നത്തെ സഹപ്രവര്‍ത്തകരെയെല്ലാം വിസ്‌മയിപ്പിച്ചിട്ടുണ്ട്‌. അധികമാരോടും സംസാരിക്കാതെ പതുങ്ങിക്കഴിഞ്ഞിരുന്ന ആള്‍. വല്ലപ്പോഴും സമയം കിട്ടുമ്പോള്‍ അശ്ലീലചിത്രം വരച്ച്‌ ടി.ജെ.എസ്സിനെയും അടുത്തിരിക്കുന്ന ആളെയും കാണിച്ച്‌ ചിരിച്ചിരുന്ന സാധാരണമനുഷ്യന്‍. അന്നന്നത്തെ കാര്‍ട്ടൂണ്‍ വരച്ചേല്‍പ്പിച്ച്‌ മിണ്ടാതെ പോവുകയും ചെയ്‌തിരുന്ന ആ താക്കറെതന്നെയാണോ പിന്നീട്‌ തീയും വിഷവും തുപ്പുന്ന വിനാശകാരിയായ നേതാവായി മാറിയത്‌? എന്തുപറ്റി താക്കറെയ്‌ക്ക്‌ എന്ന്‌ ഉത്തരം കിട്ടാത്ത ചോദ്യം സ്വയം ചോദിക്കുകയേ ടി.ജെ.എസ്‌.ചെയ്യുന്നുള്ളൂ. താക്കറെ വംശപരമ്പരയുടെ നീണ്ടകഥ വിവരിക്കുന്നുണ്ട്‌ ടി.ജെ.എസ്‌. പക്ഷേ നമുക്കും ആ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താന്‍ കഴിയില്ല.

എം.ടി.യുടെ കൂട്ടുകാരനും നിര്‍മാല്യം സിനിമാനിര്‍മാണത്തില്‍ പങ്കാളിയും ചില എം.ടി.കൃതികളുടെ വിവര്‍ത്തകനും പത്രപ്രവര്‍ത്തകനും പില്‍ക്കാലത്ത്‌ ശരദ്‌ പവാറിന്റെ പ്രസ്‌ സെക്രട്ടറിയുമായ കോഴിക്കോട്ടുകാരന്‍ പി.കെ.രവീന്ദ്രനാഥ്‌, തലശ്ശേരിക്കാരനായ മാര്‍ക്‌സിസ്റ്റ്‌ ബുദ്ധിജീവി പത്രാധിപര്‍ ഇടത്തട്ട നാരായണന്‍, രണ്ടാം ലോകയുദ്ധാനന്തരം പത്രപ്രവര്‍ത്തനത്തില്‍ ഇതിഹാസങ്ങള്‍ രചിച്ച, സുഭാഷ്‌ ചന്ദ്ര ബോസിന്റെ സഹപ്രവര്‍ത്തകന്‍ കൂടിയായിരുന്ന എം.ശിവറാം, ദിവസം മുഴുവന്‍ നഗരത്തില്‍ കറങ്ങി വൈകീട്ട്‌ ` ഹേ ബലാല്‍സംഗം വേണോ കൊലപാതകം വേണോ ?` എന്ന്‌ വിളിച്ചുചോദിച്ച്‌ കയറിവന്നിരുന്ന, ദീര്‍ഘകാല ക്രൈംറിപ്പോര്‍ട്ടിങ്ങിനുള്ള പ്രതിഫലമായി അധോലോകസംഘം വധശിക്ഷ നല്‍കിയ എം.പി.അയ്യര്‍, ലോകപത്രപ്രവര്‍ത്തനചരിത്രത്തില്‍തന്നെ അപൂര്‍വതേജസ്സായി നിലകൊള്ളുന്ന പോത്തന്‍ ജോസഫ്‌….ഘോഷയാത്രയില്‍ അണിനിരക്കുന്ന മലയാളി പ്രതിഭകളെത്തന്നെ എണ്ണിയാല്‍ തീരില്ല.

മുതലാളിയുടെ കല്‌പനകളെ പുല്ലുപോലെ തള്ളി മുപ്പതിലേറെ പത്രങ്ങളില്‍നിന്ന്‌ ഇറങ്ങിപ്പോയ പത്രാധിപന്മാരുടെ കഥ തൊട്ട്‌ മുതലാളി കോളിങ്‌ ബെല്‍ അടിക്കുമ്പോള്‍ കടയില്‍പ്പോയി സിഗരറ്റ്‌ വാങ്ങിക്കൊടുത്തിരുന്ന പത്രാധിപന്മാരുടെ കഥകള്‍ വരെ ഈ ഗ്രന്ഥത്തിലുണ്ട്‌. എണ്ണത്തിലും അടുപ്പത്തിലും പത്രപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്നുണ്ട്‌ രാഷ്‌ട്രീയപ്രവര്‍ത്തകരും. മൊറാര്‍ജി ദേശായി, വി.കെ.കൃഷ്‌ണമേനോന്‍, എം.ഒ.മത്തായി, ഖുഷവന്ത്‌ സിങ്ങ്‌, ലോകപ്രശസ്‌ത പത്രാധിപര്‍ ഹരള്‍ഡ്‌ എവന്‍സ്‌, ഒരു കേന്ദ്രബജറ്റ്‌ മുഴുവന്‍ ഒരക്കം തെറ്റാതെ പാര്‍ലമെന്റില്‍ മനപാഠം അവതരിപ്പിച്ച കോഴിക്കോട്ടുകാരന്‍ കേന്ദ്രധനമന്ത്രി ജോണ്‍മത്തായി, എകസ്‌പ്രസ്‌ ഉടമ ഗോയങ്ക, പത്രാധിപര്‍ വി.കെ.നരസിംഹന്‍, എച്ച്‌.കെ.ദുവ, കാര്‍ട്ടൂണിസ്റ്റ്‌ ആചാര്യന്‍ ശങ്കര്‍, പത്രപ്രവര്‍ത്തക ജീനിയസ്‌ പാലക്കാട്‌ പറളിക്കാരന്‍ സി.പി.രാമചന്ദ്രന്‍, തോമസ്‌ റോഡ്രിക്‌സ്‌ ഇഗ്നേഷ്യസ്‌ എന്ന പോര്‍ത്തുഗീസ്‌ പേരില്‍ തുടങ്ങി ആര്‍.വി.പണ്ഡിറ്റായി ജീവിച്ച ഗോവക്കാരന്‍ പത്രപ്രവര്‍ത്തകന്‍, നിഖില്‍ ചക്രവര്‍ത്തി, നാലപ്പാട്‌ കമലയായിരുന്ന സുരയ്യ, സ്ഥിരത കഴുതയുടെ ഗുണമാണ്‌ എന്ന്‌ പ്രഖ്യാപിച്ച, എങ്ങോട്ടുചാടാനും മടിയില്ലാതിരുന്ന ആര്‍.കെ.കരഞ്ചിയ, വിധ്വംസക മൗലികത കൊണ്ട്‌ കഥകള്‍ സൃഷ്ടിച്ചുകൊണ്ടേ ഇരുന്ന എം.പി.നാരായണപിള്ള, ഡല്‍ഹിയില്‍ മാതൃഭൂമിയുടെ പര്യായമായിരുന്ന വി.കെ.മാധവന്‍കുട്ടി….’ ഘോഷയാത്ര’ ഒരു പോയന്റ്‌ കടക്കാന്‍തന്നെ മണിക്കൂറുകളെടുക്കും !

ഒരു കാര്യത്തില്‍ തനിക്കുള്ള റെക്കോര്‍ഡ്‌ അദ്ദേഹത്തിന്‌ വിവരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പട്‌നയില്‍ സര്‍ച്ച്‌ ലൈറ്റ്‌ പത്രാധിപരായിരുന്ന കാലത്ത്‌ ടി.ജെ.എസ്‌.ജയിലിലടക്കപ്പെട്ടു. സ്വതന്ത്ര ഇന്ത്യയില്‍ ജയിലിലടക്കപ്പെട്ട ആദ്യത്തെ പത്രാധിപര്‍. എന്തെല്ലാം വൈതരണികള്‍ പിന്നിട്ടാണ്‌ സ്വതന്ത്രപത്രപ്രവര്‍ത്തനം ഇന്നത്തെ ഘട്ടത്തില്‍ എത്തിയതെന്ന്‌ ഓര്‍ക്കാന്‍ ഈ അനുഭവവിവരണം സഹായിക്കുന്നു. പത്രങ്ങള്‍ ക്രമസമാധാനസംഭവങ്ങളില്‍ മജിസ്‌്‌ട്രേട്ട്‌ നല്‍കുന്ന പത്രക്കുറിപ്പ്‌ മാത്രമേ പ്രസിദ്ധീകരിക്കാന്‍ പാടുള്ളൂ എന്നത്‌ പട്‌നയിലെ അലിഖിതനിയമമായിരുന്ന കാലത്ത്‌ പത്രാധിപസ്ഥാനം ഏറ്റെടുത്ത ടി.ജെ.എസ്‌. പട്‌ന ബന്ദിനിടയില്‍ വെടിവെപ്പുണ്ടായപ്പോള്‍ ലേഖകന്‍മാരുടെ സ്വതന്ത്ര റിപ്പോര്‍ട്ടുകളും നിരീക്ഷണങ്ങളും പ്രസിദ്ധപ്പെടുത്തിയതാണ്‌ മുഖ്യമന്ത്രി ബി.കെ.സഹായിയെ ചൊടിപ്പിച്ചത്‌. പത്രാധിപരെ പിടിച്ച്‌ ജയിലിലടച്ചു. അതുവലിയ കോലാഹലങ്ങള്‍ക്ക്‌്‌ വഴിവെച്ചു. പത്രാധിപരെ അഭിവാദ്യം ചെയ്യാന്‍ ആയിരങ്ങള്‍ കോടതിയിലേക്ക്‌ ജാഥ നയിച്ചു. സോഷ്യലിസ്റ്റ്‌ ആചാര്യനായിരുന്ന റാംമനോഹര്‍ ലോഹ്യയുമുണ്ടായിരുന്ന അന്ന്‌ ആ ജയിലില്‍. ലോഹ്യയുടെ ജീവിതം ഏറെയും ചെലവിട്ടത്‌ ജയിലായിരുന്നല്ലോ. മൂന്നാഴ്‌ചത്തെ ജയില്‍വാസം വലിയ അനുഭവമായിരുന്നു. തനിക്ക്‌ പ്രായപൂര്‍ത്തിയായത്‌ ആ ജയില്‍ജീവിതത്തോടെയാണെന്ന്‌ അദ്ദേഹം പറയുന്നുണ്ട്‌.

ടി.ജെ.എസ്‌ പഠിച്ച പാഠം – ജയിലില്‍പോകാതെ പത്രപ്രവര്‍ത്തകന്‌ പ്രായപൂര്‍ത്തിയാകില്ല..

ഹോങ്കോങില്‍ ജോലി ചെയ്‌ത കാലത്ത്‌്‌ ടി.ജെ.എസ്‌. വിയറ്റ്‌നാം, കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിരന്തരം സന്ദര്‍ശിച്ചിട്ടുണ്ട്‌. ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക്‌ റവ്യുവില്‍ തുടക്കം. പിന്നെ ഏഷ്യാവീക്കിന്റെ സ്ഥാപനം. മലേഷ്യ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്‌, ഫിലിപ്പീന്‍സിലെ മാര്‍ക്കോസ്‌, ഇമല്‍ഡ മാര്‍ക്കോസ്‌ തുടങ്ങിയവരുടെ കാലത്തെ സേവനം സ്വാഭാവികമായും അനുഭവസമ്പന്നമായിരുന്നു. രാഷ്‌ട്രത്തലൈവിമാരായിരുന്ന ഇമല്‍ഡയും ലേഡി അക്വിനോയുമൊക്കെ നമ്മുടെ നാട്ടിലെ കൊച്ചുനേതാക്കളെപ്പോലെ വിവരണങ്ങളിലും സംഭാഷണങ്ങളിലും പലവട്ടം പ്രത്യക്ഷപ്പെടുന്നുണ്ട്‌. പിന്നീട്‌ ഐക്യരാഷ്‌ട്രസഭയില്‍, ആ സേവനത്തിന്റെ ഭാഗമായി മൂന്നുവട്ടം ആഗോളപര്യടനം. പല ലോകനേതാക്കളെയും അടുത്തറിഞ്ഞു. ചരിത്രത്തിന്റെ ഭാഗമായി മാറിയ പല സംഭവങ്ങളുടെയും ഉള്ളറകളിലൂടെ ടി.ജെ.എസ്‌ കടന്നുപോകുമ്പോള്‍ ഒരു പാട്‌ പുത്തന്‍ അറിവുകളും ഉള്‍ക്കാഴ്‌ചകളും നമുക്ക്‌ ലഭിക്കുന്നു.

വാര്‍ത്തയിലെ വിവരണത്തില്‍ ലേഖകന്‍ കയറിനില്‍ക്കാന്‍ പാടില്ലെന്നത്‌ ഒരു പത്രപ്രവര്‍ത്തനതത്ത്വമാണ്‌്‌. അതുകൊണ്ടാവുമോ ടി.ജെ.എസ്‌ അനുഭവ ഘോഷയാത്ര നയിക്കാന്‍ മുന്നില്‍ നില്‍ക്കേണ്ട എന്ന്‌ തീരുമാനിച്ചത്‌ ? അതല്ല വിനയം കൊണ്ടാവുമോ ? ടി.ജെ.എസ്സിന്റെ വിവരണങ്ങളില്‍ ടി.ജെ.എസ്‌ ഇല്ലെന്നത്‌ ഒരു പ്രശംസയായി പറയുമ്പോഴും ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്‌. ഓര്‍മക്കുറിപ്പുകളില്‍ ‘ഞാന്‍’ ആവശ്യത്തിനെങ്കിലും വേണം. ഇല്ലെങ്കിലതില്‍ കല്ലുകടിക്കും. ഞാന്‍ ഇല്ലാഞ്ഞിട്ടും ഈ വിവരണങ്ങളില്‍ കല്ലുകടി അനുഭവപ്പെടുന്നില്ലെന്നത്‌ ശരി. അത്‌ അനുഭവങ്ങളുടെ അപാരമായ പരപ്പും ആഴവും കൊണ്ടാണ്‌. പക്ഷേ, അവനവനെ അവഗണിക്കുമ്പോള്‍ റിപ്പോര്‍ട്ടിങ്ങില്‍ വസ്‌തുനിഷ്‌ഠത കുറയും. ഓര്‍മക്കുറിപ്പുകള്‍ ചരിത്രത്തിന്റെ റിപ്പോര്‍ട്ടിങ്‌ ആണ്‌. പല നിര്‍ണായക സന്ധികളിലും ടി.ജെ.എസ്‌ വഹിച്ച പങ്ക്‌ എന്തായിരുന്നു ? അത്‌ വിവരിക്കാന്‍ ഇനി വേറെ ആരെങ്കിലും ഓര്‍മക്കുറിപ്പുകള്‍ എഴുതിക്കൊള്ളട്ടെ എന്നെങ്ങനെ പറയാനാവും. പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളേ ഈ ഓര്‍മക്കുറിപ്പുകളിലുള്ളൂ എന്നതും ഇതോട്‌ ചേര്‍ത്ത്‌ പറയേണ്ടതുണ്ട്‌. ടി.ജെ.എസ്സിനെ നമ്മള്‍ അറിയുന്നത്‌ പത്രപ്രവര്‍ത്തകന്‍ എന്നതിലേറെ ജീവചരിത്രകാരന്‍ എന്ന നിലയിലാണ്‌. ഹൈസ്‌കൂള്‍ പഠനകാലത്താണ്‌ ഈ ലേഖകന്‍ ടി.ജെ.എസ്‌ വി.കെ.കൃഷ്‌ണമേനോനെക്കുറിച്ചെഴുതിയ പുസ്‌തകം വായിച്ചത്‌. വ്യത്യസ്‌തമേഖലകളില്‍ പ്രവര്‍ത്തിച്ച പ്രതിഭാശാലികളായ നര്‍ഗീസിന്റെയും എം.എസ്‌.സുബ്ബലക്ഷ്‌മിയുടെയും പോത്തന്‍ജോസഫിന്റെയും ജീവചരിത്രങ്ങള്‍ അദ്ദേഹം പിന്നീട്‌ എഴുതിയിട്ടുണ്ട്‌. ടി.ജെ.എസ്സിലെ ജീവചരിത്രകാരന്‍ ഘോഷയാത്രയിലുടനീളം ഉണര്‍ന്നുനില്‌ക്കുന്നുണ്ട്‌. ഇവയുടെയും മറ്റുള്ള കൃതികളുടെയും രചനയുമായി ബന്ധപ്പെട്ട ഓര്‍മകള്‍ തീര്‍ച്ചയായും ടി.ജെ.എസ്സിനെ അറിയുന്ന വായനക്കാര്‍ക്ക്‌ താല്‌പര്യമുള്ളതുതന്നെയാണ്‌. അതാണ്‌ ഘോഷയാത്രയില്‍ തീരെ ഇല്ലാത്തതും.

പത്രപ്രവര്‍ത്തകരുടെ അനുഭവകൃതികള്‍ വേറെയും ധാരാളമുണ്ട്‌. ടി.ജെ.എസ്സിന്റെ വിവരങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന നിരവധി പ്രമുഖന്മാരുടെതന്നെ ആത്മകഥകളും ഓര്‍മക്കുറിപ്പുകളും മലയാളത്തിലും ഇംഗ്‌ളീഷിലുമുണ്ട്‌. നിരീക്ഷണപാടവം കൊണ്ടും അനുഭവസമ്പത്തുകൊണ്ടും ഭാഷയുടെ ലാളിത്യം കൊണ്ടും ഇവയെയെല്ലാം പിന്നിലാക്കുന്നുണ്ട്‌ ഘോഷയാത്ര. നാനൂറിലേറെ വ്യക്തികളെക്കുറിച്ചുള്ള വിവരണമുണ്ട്‌ ഈ കൃതിയില്‍. ഒരു നോവലിന്ന പോലെ അടുക്കിവെച്ചതുകൊണ്ട്‌ ഇതിന്‌ അപാരമായ വായനാസുഖം കൈവന്നു. ഓര്‍മശക്തിയാണോ ഗവേഷണമാണോ ജീവിതകാലം മുഴുവന്‍ എഴുതിസൂക്ഷിച്ച കുറിപ്പുകളാണോ സഹായിച്ചത്‌ എന്നറിയില്ല, വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ പിശകോ പിശുക്കോ ഇല്ലാതെ നിരത്തിയിട്ടുണ്ട്‌. ചെറുപ്പത്തിലേ കേരളം വിട്ട ശേഷം മലയാള പ്രസിദ്ധീകരണത്തില്‍ ജോലി ചെയ്‌തിട്ടില്ല ടി.ജെ.എസ്‌. അത്തരക്കാര്‍ പൊതുവെ മലയാളത്തില്‍ സംസാരിക്കുന്നത്‌ പോലും പ്രയാസപ്പെട്ടാണ്‌. ടി.ജെ.എസ്സിന്‌ ആ പ്രശ്‌നവുമില്ല.` മലയാളത്തിലെ…… ഞാനൊഴിച്ചുള്ള ഏത്‌ വായിനോക്കിയേക്കാളും നന്നായി നിങ്ങള്‍ക്കെഴുതാന്‍ പറ്റു`മെന്ന എം.പി.നാരായണപ്പിള്ളയുടെ ‘അവതാരിക’ക്കത്തിലെ സര്‍ട്ടിഫിക്കറ്റിനെ ശരിവെക്കുന്നതാണ്‌ ഇതിലെ ഭാഷ. ചിലേടത്തെങ്കിലും നാണപ്പന്‍ചേട്ടനെയും പിന്നിലാക്കുന്നുണ്ട്‌.

ഇരുവര്‍ക്കുമുള്ള ഒരുപ്രത്യേകത പരദൂഷണം ഇവരുടെ വിഷയമാകുന്നില്ല എന്നതാണ്‌. അവിടെയും ഇവിടെയും കാണുന്ന ചില അഭിപ്രായപ്രകടനങ്ങള്‍ അത്ര നിര്‍ദ്ദോഷമല്ലെന്ന വിമര്‍ശനം ഉണ്ടാകുമായിരിക്കാം. നൂറുകണക്കിന്‌ വ്യക്തികളെക്കുറിച്ചെഴുതിയപ്പോള്‍ മൂന്നോ നാലോ ഇടത്താവും അത്‌ കാണപ്പെടുക. വ്യക്തികളുടെ തിന്മയുടെ അനുപാതം ഇതിനേക്കാള്‍ പലമടങ്ങ്‌ കൂടുതലാവുമെന്ന്‌ നിസ്സംശയം പറയാം. നെഹ്‌റുവിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന നമ്മുടെ നാട്ടുകാരന്‍ എം.ഒ.മത്തായിയാണ്‌ ഇത്തരത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു വ്യക്തി. മത്തായിയുടെ വികൃതികള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞതുകൊണ്ട്‌ അതില്‍ വാര്‍ത്തയോ പുതുമയോ ഇല്ലാതായിരുന്നു. ഖുഷ്‌വന്ത്‌ സിങ്ങാണ്‌ മറ്റൊരാള്‍. അദ്ദേഹത്തെക്കുറിച്ചുള്ള കഥകളൊന്നും അദ്ദേഹം പോലും നിഷേധിക്കാറില്ലെന്നതുകൊണ്ട്‌ ഇതിലും പരദൂഷണത്തിന്റെ അംശം കുറവാണ്‌.

(Published in Samakalika Malayalam on 12.12.2008)

ഘോഷയാത്ര- ടി.ജെ.എസ്‌.ജോര്‍ജ്‌
ഡി.സി.ബുക്‌സ്‌ പേജ്‌ 350
വില 160 രൂപ

One thought on “‘വര്‍ണശബളമായ ഒരു ഘോഷയാത്ര’

Leave a Reply

Your email address will not be published. Required fields are marked *

Go Top