ലോകത്തില്‍ ഏറ്റവും കൂടുതല്‍ പത്രം വില്‍ക്കുന്ന രാജ്യം എന്ന ബഹുമതി ജപ്പാന് നിലനിര്‍ത്തുന്നുണ്ട്. പക്ഷേ, ജപ്പാനില്‍ പത്രവില്പനയിലുണ്ടാകുന്ന തകര്‍ച്ച അവിടത്തെ പത്രങ്ങളെ ആകെ ആശങ്കയിലാഴ്ത്തുന്നു. രണ്ടായിരാം ആണ്ടിനു ശേഷം 2018 വരെ ഒരു കോടി കോപ്പികളാണ് രാജ്യത്ത് കുറഞ്ഞത്. 2018-ല്‍ മാത്രം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരുപത് ലക്ഷം കോപ്പികളുടെ കുറവാണ് ഇവിടെ പത്രപ്രചാരത്തില്‍ ഉണ്ടായത്. അഞ്ചു ശതമാനം എ്ന്നത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കുറവാണ്. കേരളത്തില്‍ പോലും പത്തു ശതമാനമാണ് പത്രം ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ വര്‍ഷംതോറും കുറയുന്നത്. 3,68 കോടി പത്രങ്ങള്‍ വില്‍ക്കുന്ന ജപ്പാന് ഇരുപതു ലക്ഷം കോപ്പിയുടെ കുറവ് വലുതല്ല. എന്നാല്‍, ഭാവിയെക്കുറിച്ചുള്ള ആശങ്കയെ ഇതൊട്ടും നിസ്സാരമാക്കുന്നില്ല.85ലക്ഷം കോപ്പിവില്ക്കുന്ന പത്രമാണ് യോമ്യുരി ഷിംബുന്. ഇതാണ് ഏറ്റവും സര്‍ക്കുലേഷനുള്ള പത്രം. ആ പത്രത്തിന്റെ പ്രചാരത്തേക്കാള്‍ പതിനഞ്ചു ലക്ഷം കൂടൂതലാണ് ഓരോ വര്‍ഷം രാജ്യത്തുണ്ടാകുന്ന പ്രചാരക്കുറവ്. വര്‍ഷം തോറും ഓരോ യോമ്യുരി ഷിംബുന് പത്രം അടച്ചുപൂട്ടുന്നതിനു തുല്യം എന്നു പറയാം.
ലോകത്തിലേറ്റവും പ്രചാരമുള്ള പത്രങ്ങള്‍ ജപ്പാനിലാണ്. യോമ്യുരി ഷിംബുന്, അസാഹി ഷിംബുന് എന്നീ ജപ്പാന് പത്രങ്ങള്‍ക്കാണ് എത്രയോ വര്‍ഷങ്ങളായി ആഗോളതലത്തില്‍ത്തന്നെ ഒന്നും രണ്ടും സ്ഥാനം. ഒരു കോടി കോപ്പികള്‍ വരെ ദിവസവും വിറ്റിരുന്ന പത്രങ്ങളാണ് ഇവ.2018-ല്‍ ജപ്പാന് ന്യൂസ്പേപ്പര്‍ പബ്ലിഷേഴ്സ്&എഡിറ്റേഴ്സ് അസോസിയേഷന് നടത്തിയ സര്‍വെയുടെ റിപ്പോര്‍ട് കണ്ടെത്തിയത് 53.6 ശതമാനം ജനങ്ങള്‍ ഇപ്പോഴും ദിവസവും ഒരു അച്ചടിപ്പത്രം വായിക്കുന്നുണ്ട് എന്നാണ്. പതിനാറു ശതമാനം പേര് ആഴ്ചയിലൊരു ദിവസമേ പത്രം വായിക്കുന്നുള്ളൂ.ദിവസവും പത്രം വായിക്കുന്നവരില്‍ 20ശതമാനം അമ്പതിലേറെ പ്രായം ഉള്ളവരാണ്. 28 ശതമാനം പേര് അറുപതിലേറെ പ്രായമുള്ളവരും 22 ശതമാനം പേര് എഴുപതിലേറെ പ്രായമുള്ളവരുമാണ്. പത്രം വായിക്കാറില്ല എന്നു പറഞ്ഞവരില്‍ 80 ശതമാനം പേരും
നാല്പതിനു താഴെ പ്രായമുള്ളവരാണ്.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ചൈനയുടെ സ്ഥിതിയും മോശമാണ്. ജപ്പാനെക്കാള്‍ മോശമാണ് എന്നുതന്നെ പറയാം. നിരവധി ഇടത്തരം, ചെറുകിട പത്രങ്ങള്‍ അടച്ചുപൂട്ടപ്പെടുകയാണ്. 2017-ന്റെ അവസാന പ്രവര്‍ത്തിദിവസം മാത്രംഅവിടത്തെ 14 പത്രങ്ങള്‍ പ്രസിദ്ധീകരണം നിര്‍ത്തി. ചിലത് ആഴ്ചപ്പത്രമാക്കി മാറ്റി.
പ്രചാരത്തിലുള്ള കുറവിനേക്കാള്‍ അലട്ടുന്നത് പരസ്യവരുമാനത്തിലുള്ള കുറവാണ്. അനേകമനേകം പുതിയ സാധ്യതകളാണ് പരസ്യമേഖലയില്‍ ഉയര്‍ന്നുവരുന്നത്. അതാവട്ടെ, പത്രങ്ങളുടെ വരുമാനമാണ് നഷ്ടപ്പെടുത്തുന്നത്. പത്രങ്ങള്‍ക്കു കിട്ടിപ്പോന്ന അത്ര പരസ്യം പത്രത്തിന്റെ ഓണ്‍ലൈനിനു കിട്ടും എന്നും പ്രതീക്ഷിക്കാന്‍ പറ്റാതായിട്ടുണ്ട്. പരസ്യംകുറയുമ്പോള് സ്ഥാപനങ്ങള്‍ ആഗ്രഹിക്കുന്നത് കോപ്പി കൂട്ടാനല്ല കുറക്കാനാണ്. പരസ്യവരുമാനം കുറവാണെങ്കില്‍ കൂടുതല്‍ കോപ്പി അടിക്കുന്നത് ലാഭമല്ല, നഷ്ടമാണ് ഉണ്ടാക്കുക. ഇതും വലിയ ധര്‍മസങ്കടം തന്നെ.
(ആധാരം: nippon.com Aug 6, 2019)
ഇനി വാര്‍ത്ത സര്‍ക്കാര്‍ തിരുത്തും, സിംഗപ്പൂരില്‍
വ്യാജവാര്‍ത്തകള്‍ക്കെതിരെയുള്ള നടപടി എന്നതാണ് ന്യായീകരണം. ഏതു വാര്‍ത്തയിലും തെെറ്റന്നു സര്‍ക്കാറിനു തോന്നുന്ന ഭാഗം സര്‍ക്കാര്‍ നേരിട്ടങ്ങ് തിരുത്തും. പാര്‍ലമെന്റ് പാസ്സാക്കിയ ഈ നിയമം നടപ്പാക്കിത്തുടങ്ങിയാല്‍ ഒരു പക്ഷേ ജനങ്ങള്‍ക്ക്, ഇതിലും ഭേദം വ്യാജവാര്‍ത്ത ഉണ്ടാകുകയാണ് എന്നുപോലും തോന്നിയേക്കാം. വാര്‍ത്ത തിരുത്തലില്‍ ഒതുങ്ങുന്നില്ല സര്‍ക്കാറിന്റെ അധികാരം. ദുരുദ്ദേശപൂര്‍വം തെറ്റായ വാര്‍ത്ത കൊടുത്തെന്നു വന്നാല്‍ പിഴ മാത്രമല്ല, ജയില്‍ ശിക്ഷയും ലഭിക്കാം.
ഓണ്‍ലൈന്‍/ സാമൂഹ്യമാധ്യമങ്ങളില്‍ മാത്രമല്ല പരമ്പരാഗത മാധ്യമങ്ങളിലും കൈകടത്താന്‍ പുതിയ നിയമം സര്‍ക്കാറിന് അധികാരം നല്കുന്നു.
ഇത് അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള മറ്റൊരു വലിയ ആഘാതമാണ്.
എന്നാല്‍, പൊതുവെ അത്ര വലിയ ആശങ്കയൊന്നും ജനങ്ങളിലില്ല. അതിനൊരുകാരണം, രാജ്യത്ത് ഇപ്പോള്‍തന്നെ വലിയ പത്രസ്വാതന്ത്ര്യമൊന്നുമില്ല എന്നതു തന്നെ. പത്രസ്വാതന്ത്ര്യ ആഗോള സൂചികയില്‍ 183 രാജ്യങ്ങളില്‍ 151 ാം സ്ഥാനമാണ് സിംഗപ്പുരിനിപ്പോള് ഉള്ളത്. പരമ്പരാഗത മാധ്യമങ്ങള്‍ ഇപ്പോള്‍തന്നെ സര്‍ക്കാറിന്റെ നിയന്ത്രണത്തിലാണ്. ആഗോള സാമൂഹ്യമാധ്യമങ്ങള്‍ക്കാണ് ആശങ്ക കൂടുതലുള്ളത്. നിയമം വരുന്നതിനു മുമ്പ് ചില സംഗതികള്‍ പ്രസിദ്ധീകരണത്തില്‍നിന്നു മാറ്റാന്‍ ആവശ്യപ്പെട്ടിട്ട് ഫെയ്സ്ബുക്ക് വഴങ്ങുകയുണ്ടായില്ല. ഇതാണ് ഈ നിയമം വരാന്‍തന്നെ കാരണം എന്നു പലരും കരുതുന്നു. പുതിയ നിയമം വിദേശ മാധ്യമങ്ങള്‍ക്കും ബാധകമാണ്.
സിംഗപ്പുരിന്റെ മാതൃക മറ്റു മധ്യ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ അനുകരിച്ചേക്കുമോ എന്ന ഭയം സാമൂഹ്യമാധ്യമരംഗത്തുള്ളവര്ക്കുണ്ട്. നേരത്തെ, തായ്ലന്റ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും വിവാദമുയര്‍ത്തുകയുണ്ടായി.
യങ്ടൗണ്‍-യു.എസ്സിലെ ആദ്യ പത്രരഹിത പട്ടണം
നോര്‍ത്ത് ഈസ്റ്റ് ഓഹിയയോവിലെ എക്കാലത്തെയും വലിയ ദിനപത്രം വിന്‍ഡിക്കേറ്റര്‍ ഈയിടെയാണ് പ്രദേശവാസികളെ ആ പ്രഖ്യാപനത്തിലൂടെ ഞെട്ടിച്ചത്. ആഗസ്റ്റ് അവസാനിക്കുംമുമ്പ് പത്രം അടച്ചുപൂട്ടും.
മുന്പാണെങ്കില് ഇതു 144 മുഴുവന്‍ സമയ ജീവനക്കാര്‍ക്കും ഇരുനൂറ്റന്പതോളം താല്കാലിക ജീവനക്കാര്‍ക്കും ജോലി നഷ്ടപ്പെടുന്ന പ്രശ്നം മാത്രമാകുമായിരുന്നു. ഇപ്പോള്‍ അതല്ല പ്രശ്നം. മുന്‍പ് പലരും വാങ്ങാന്‍ ശ്രമിച്ചിട്ടുള്ള ആ പ്രഗത്ഭ ദിനപത്രത്തിന്റെ തിരോധാനത്തോടെ യങ്ടൗണ്‍ പട്ടണത്തില്‍ വേറെ പത്രം ഉണ്ടാകില്ല. പല പട്ടണങ്ങള്‍ക്കും ഈ അവസ്ഥ ഉണ്ടാകും എന്നു പലരും പ്രവചിച്ചിരുന്നുവെങ്കിലും യങ്ടൗണ്‍ ആയിരിക്കുന്നു ആദ്യമായി ഈ ദുരന്തത്തിലേക്ക് പ്രവേശിക്കുന്ന പട്ടണം.
ഈ വാര്‍ത്ത കേട്ട് പലരും ദുഃഖിച്ചിരിക്കാം. പക്ഷേ, സന്തോഷിച്ച ഒരാള്‍ ഉണ്ടെന്ന് ആ പത്രം വായിക്കുന്ന എല്ലാവര്ക്കും അറിയാം. അതു യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ്. ട്രംപിന്റെ ജനവിരുദ്ധനടപടികള്‍ക്കും വംശവിദ്വേഷ രാഷ്ട്രീയത്തിനും എതിരെ നിരന്തരം പോരാടുന്ന ഒരു പത്രമായിരുന്നു അത്. ഈ പോരാട്ടം സ്ഥാപനത്തിനു നിരവധി ദേശീയ ബഹുമതികള്‍ നേടിക്കൊടുത്തിട്ടണ്ട്.
2020-ല്‍ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വിന്ഡിക്കേറ്ററിന്റെ അഭാവം ട്രംപ് അനുകൂലികള്‍ക്ക് സഹായമാകും. ട്രംപിന് അനുകൂലമായി വോട്ട് ചെയ്യുന്ന ഒരു പട്ടണമാകും യങ്ടൗണ്‍. യങ്ടൗണിന് ചരിത്രപരമായി ഒരു പ്രത്യേകതയുണ്ട്. ഒന്നാം ലോകയുദ്ധത്തിനു ശേഷമുള്ള കാലത്ത് വെള്ളക്കാരുടെ വര്‍ഗീയപ്രസ്ഥാനമായ ക്ലുക്ലസ്ക്ലാനിന് വലിയ പിന്തുണ ലഭിച്ച പട്ടണമായിരുന്നു അത്. ഇത്തവണ ട്രംപ് ഏറ്റെടുക്കുന്നത് ഏതാണ്ട് ഒരു ക്ലുക്ലസ്ക്ലാന് അജന്‍ഡയാണ്. കറുത്ത വര്‍ഗക്കാര്‍ക്കും വിദേശത്തു നിന്നെത്തുന്ന അഭയാര്‍ത്ഥികള്‍ക്കും മറ്റു മതക്കാര്‍ക്കും എതിരായ വെള്ളക്കാരുടെ വര്‍ഗീയവിദ്വേഷം കത്തിജ്വലിപ്പിച്ച് വോട്ടാക്കി മാറ്റുന്നത് യങ്ടൗണ്‍ കാണേണ്ടി വന്നേക്കും.
യങ്ടൗണിലെ വിന്‍ഡിക്കേറ്റര്‍ ആസ്ഥാനം
വ്യാജവാര്‍ത്ത കണ്ടെത്താനുള്ള പെടാപ്പാടുകള്‍
2020 അമേരിക്കയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വര്‍ഷമാണ്. ഇതു വ്യാജവാര്‍ത്തകളുടെയും സുവര്ണകാലമായിരിക്കുമെന്ന്് എല്ലാവരും പ്രതീക്ഷിക്കുന്നു. 2016-ല്‍ ട്രംപിനെ തിരഞ്ഞെടുത്തത് വന്‍തോതിലുള്ള വ്യാജവാര്‍ത്താ പ്രചാരണത്തിലോടു കൂടിയായിരുന്നു എന്ന ലോകം തിരിച്ചറിഞ്ഞത് തിരഞ്ഞെടുപ്പിനു ശേഷമായിരുന്നു. ഇത്തവണ മുന്‍പേ അതു നേരിടാനുള്ള ശ്രമത്തിലാണ് യു.എസ് പത്രങ്ങള്‍.
വാള്‍സ്ട്രീറ്റ് ജേണല്‍ അവരുടെ വ്യാജവാര്ത്തപ്രതിരോധനയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ സാധാരണ പോലത്തെ ഇലക്ഷന് ഡസ്കുകള്‍ മാത്രമല്ല ഉണ്ടായിരിക്കുക. വലിയ ഡസ്ക് വ്യാജവാര്ത്താഡസ്ക് ആണ്. വ്യാജവാര്‍ത്ത ഉണ്ടാക്കാനല്ല, അതു കണ്ടെത്തി തടയാന്‍. 21 പേരടങ്ങിയ ഈ ഡസ്കിന്റെ രൂപവല്‍ക്കരണം പത്രം പ്രഖ്യാപിച്ചു.
വ്യാജവാര്‍ത്ത എന്ന പഴയ പേരു പോലും പുതിയ ഇനം വ്യാജവാര്‍ത്തകളെ വിശേഷിപ്പിക്കാന്‍ പര്യാപ്തമല്ല എന്നതു കൊണ്ടാവണം ഇപ്പോള്‍ അവയെ വിശേഷിപ്പിക്കുന്നത് ഡീപ് ഫെയ്ക് എന്നാണ്. ആഴവും പരപ്പും ഉള്ളവ. നിര്‍മിതബുദ്ധിയും സങ്കീര്‍ണ ഡിജിറ്റല്‍ സാങ്കേതികവിദ്യയും മറ്റും ഉപയോഗിച്ചുള്ള പുത്തന്‍ സൃഷ്ടികള്‍ കണ്ടാല്‍/ വായിച്ചാല്‍ സംശയമേ തോന്നില്ലത്രെ.
പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന വീഡിയോകള്‍ വ്യാജമാണോ എന്നു കണ്ടെത്തുക പ്രയാസമേറിയതാണ്. യു.എസ് ജനപ്രതിനിധിസഭയുടെ സ്പീക്കര്‍ നാന്‍സി പെലോസിയുടെ അത്തരമൊരു വീഡിയോ വലിയ പ്രശ്നമായിത്തീര്‍ന്നു. കുടിച്ച്് അവശയായി പെരുമാറുന്ന സ്പീക്കര്‍ ആണ് വീഡിയോവില്‍ ഉണ്ടായിരുന്നത്. ഫെയ്സ്ബുക്ക് ഇതു തടയാനൊന്നും നിന്നില്ല. അതു വലിയ വിവാദമായി. അവര്‍ക്കും അതു ഫെയ്ക് ആണ് എന്നു കണ്ടെത്തുക പ്രയാസം തന്നെയായിരിക്കുമല്ലോ. 25ലക്ഷം പേര് ആ വീഡിയ ‘ആസ്വദിച്ചു’.പിന്നീട് ഫെയ്സ്ബുക്ക് കുറ്റസമ്മതത്തോടെ അതു പിന്‍വലിച്ചു. ഇതിനു പ്രതികാരമായി ഇറക്കിയ പലയിനം വ്യാജ സക്കര്‍ബര്‍ഗ് വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ കറങ്ങിനടപ്പുണ്ട്.
വലിയ ഒരു ധര്‍മസങ്കടം ഇതിലുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിവിട്ട് കുറ്റകരമായ അധിക്ഷേപത്തിന്റെയും വ്യക്തിഹത്യയുടെയും തലത്തിലെത്തുവ മാത്രമേ തടയാന്‍ പാടുള്ളൂ. ഇല്ലെങ്കില്‍ അതു മറ്റൊരു കുറ്റമായി മാറും. ഇതെങ്ങനെ സാധിക്കാം എന്നതാണ് പ്രശ്നം.