പത്രമാധ്യമങ്ങളുടെ പ്രചാരണം വിലയിരുത്തുന്നവര്‍ കുറെക്കാലമായി പറയാറുള്ള ഒരു ആശ്വാസവചനമുണ്ട്. അച്ചടിമാധ്യമം പടിഞ്ഞാറന്‍ നാടുകളില്‍ അസ്തമിക്കുകയാണെങ്കിലും കിഴക്കന്‍ -ഏഷ്യന്‍ രാജ്യങ്ങളില്‍ അത് ഉദിച്ചുയരുകയാണ്. നമ്മുടെ ദേശീയ മാധ്യമങ്ങളും മാധ്യമ ഉടമസ്ഥരുടെ സംഘടനകളും ഈ ആശ്വാസവാക്കുകള്‍ ആവര്‍ത്തിക്കാറുമുണ്ട്. മറിച്ചൊരു കണക്കും നമ്മുടെ മുന്നില്‍ ഇതുവരെ അവതരിപ്പിക്കപ്പെട്ടിട്ടില്ല.
പാശ്ചാത്യനാടുകളില്‍ പ്രശസ്തങ്ങളായ പല പ്രസിദ്ധീകരണങ്ങളും അടച്ച് ഓണ്‍ലൈന്‍ മാത്രമാവുകയാണ്. അമേരിക്കയില്‍ ഒരു പത്രം പോലും ഇല്ലാത്ത വിശാലമായ പ്രവിശ്യകള്‍ തന്നെ ഉള്ളതായി ചൂണ്ടിക്കാട്ടപ്പെടുന്നു. അവിടെ അച്ചടിമാധ്യമം സമ്പൂര്‍ണമായ തകര്‍ച്ചയിലേക്കാണ് എന്നു വ്യക്തം. എന്തായാലും ഏഷ്യയില്‍ ആ സ്ഥിതി എത്തിയിട്ടില്ലെന്നാണ് ധാരണ.
പത്രപ്രചാരവുമായി ബന്ധപ്പെട്ട, വര്‍ഷം തോറുമുള്ള സ്ഥിതിവിവരക്കണക്കുകള്‍ ഓരോ മാധ്യമസ്ഥാപനത്തില്‍നിന്നും നേരിട്ടു ശേഖരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അധികാരിയാണ് റജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പേഴ്സ് ഫോര്‍ ഇന്ത്യ. ഏറ്റവും ഒടുവില്‍ അവര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത് 2017-18-ലെ കണക്കുകളാണ്. 43 കോടിയാണ് ആ വര്‍ഷത്തെ ഇന്ത്യയിലെ മാധ്യമങ്ങളുടെ ആകെ പ്രചാരം. ഇതോടൊപ്പം മുന്‍വര്‍ഷത്തെ കണക്കും കൊടുക്കും. മുന്‍ വര്‍ഷം 48.8 കോടി ആയിരുന്നു അത്. ഒറ്റ വര്‍ഷം കൊണ്ട് 11.88 ശതമാനമാണു പ്രചാരത്തില്‍ കുറഞ്ഞത്. 2015-16 മായി തട്ടിച്ചുനോക്കുമ്പോള്‍ 29.52 ശതമാനം പ്രചാരം കുറഞ്ഞു. മുകളില്‍ നല്കിയ പ്രചാരക്കണക്കുകള് മൊത്തം പ്രസിദ്ധീകരണങ്ങളുടേതാണ്. അവയില്‍ ദിനപത്രവും ആനുകാലികങ്ങളും പെടും.
വന്‍തോതില്‍ അടച്ചുപൂട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും പ്രചാരം റിപ്പോര്‍ട്ട് ചെയ്ത ദിനപത്ര സ്ഥാപനങ്ങളുടെ എണ്ണം കുറയുന്നു. നിയമപരമായി കൊടുക്കാന്‍ ബാധ്യസ്ഥരായതുകൊണ്ട് സാധാരണ കണക്കുകള്‍ നല്കി വരുന്ന സ്ഥാപനങ്ങളാണ് ഇപ്പോള്‍ കണക്കു നല്‍കാതിരിക്കുന്നത്. 2016-17-ല്‍ 9061 പത്രങ്ങളാണ് കണക്കു നല്‍കിയത്. അടുത്തവര്‍ഷം അത് 8930 ആയി-131 സ്ഥാപനങ്ങള്‍ കുറവ്. ദിനപത്രങ്ങളുടെ മാത്രം പ്രചാരം, ഇവര്‍ നല്കിയ കണക്കനുസരിച്ച് ഒരു വര്‍ഷം കൊണ്ട് കുറഞ്ഞത് 3.27 കോടിയാണ്. 11.86 ശതമാനം.
ദേശീയതലത്തില്‍ വന്‍കിട പ്രസിദ്ധീകരണങ്ങള്‍ നല്കിയ പ്രചാരണക്കണക്കില് കുറവില്ല. വലിയ പത്രങ്ങളുടെ ദിവസത്തെ ശരാശരി പ്രചാരം മുന്‍വര്‍ഷത്തേക്കാള്‍ 2017-18-ല്‍ 1116 കോപ്പി അധികമായി. ചെറുകിട പത്രങ്ങളേതും മീഡിയം പ്രസിദ്ധീകരങ്ങളുടേതുമാണ് കുറഞ്ഞത്. ചെറുകിട പത്രങ്ങളുടേത് ശരാശരി 1248 കോപ്പിയും മധ്യനിര പത്രങ്ങളുടേത് 1953 കോപ്പിയുമാണ് കുറഞ്ഞത്.
വികസിത രാജ്യത്ത് 2010 മുതല്‍ തന്നെ പത്രപ്രചാരം കുറഞ്ഞു വന്നിരുന്നുവെങ്കിലും നമ്മുടെ രാജ്യത്ത് 2015-16 വരെ പത്രങ്ങളുടെ സുവര്‍ണകാലമായിരുന്നു എന്നു ചുവടെ ചേര്‍ത്ത പട്ടിക വ്യക്തമാക്കുന്നു. 2007-08 കാലത്ത്് 10.57 കോടി ആയിരുന്ന പ്രചാരം 2015-16-ല്‍ 37.14 കോടിയായി. തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളിലാണ് പത്തും ഇരുപതും ശതമാനത്തോളം കുറവുണ്ടായത്. ഇത് താല്ക്കാലികമായ ഒരു കുറവാണ് എന്നു ധരിക്കാന്‍ സാധ്യമല്ല. കാരണം, ഇത് വളരെ പ്രകടമായ ഒരു ആഗോളപ്രതിഭാസത്തിന്റെ തുടര്‍ച്ചയാണ്. എത്താന്‍ അല്പം വൈകിയെന്നു മാത്രം. പുതിയ തലമുറ പുതിയ സാങ്കേതിക സംവിധാനങ്ങളിലേക്കു നീങ്ങുന്നു. വാര്‍ത്തകള്‍ അപ്പോഴപ്പോള്‍ അറിയാന്‍ ഇപ്പോള്‍ നൂറു വഴികളുണ്ട്്. പോക്കറ്റിലൊതുങ്ങുന്നതാണ് ആ സംവിധാനം.
ഇന്ത്യ-വില്പന
2007-08 10.57 കോടി
2008-09 13.58
2009-10 16.23
2010-11 17.56
2011-12 19.69
2012-13 22.43
2013-14 26.42
2014-15 29.63
2015-16 37.14
2016-17 27.53
2017-18 24.26
ഇതു ഉത്തരേന്ത്യന്‍ പത്രങ്ങളുടെ മാത്രം തകര്‍ച്ചയാണെന്നും പറയാനാവില്ല. കേരളത്തിലെ പ്രസിദ്ധീകരണങ്ങളുടെ പ്രചാരം 2016-17ല്‍ നിന്നു അടുത്ത വര്‍ഷത്തേക്കു കുറഞ്ഞത് 10.16 ലക്ഷമാണ്. 1.60 കോടിയില്‍നിന്ന് 1.01 കോടിയായി.
ന്യൂസ് പേപ്പേഴ്സ് റജിസ്ട്രാര്‍ ഓരോ പത്രങ്ങളുടെ കണക്കുകള്‍ പ്രത്യേകം പ്രസിദ്ധപ്പെടുത്തുന്നില്ല. അതുകൊണ്ടുതന്നെ നമുക്കു സുപരിചിതമായ പത്രങ്ങളുടെ നില വേറിട്ടു മനസ്സിലാക്കുക പ്രയാസമാണ്. എന്നാല്‍, മലയാളത്തിലും പ്രമുഖ പത്രങ്ങളെല്ലാം പിറകോട്ട് പോവുകയാണ് എന്നു വ്യക്തമാണ്. മാതൃഭൂമി പത്രത്തില്‍ സര്‍ക്കുലേഷന്‍ ഇതല്ലാതെ മറ്റു കാരണങ്ങളാലും നന്നെ പിറകോട്ടുപോയിട്ടുണ്ട്. രണ്ടു വര്‍ഷത്തിനകം മൂന്നു ലക്ഷത്തോളം കോപ്പി കുറഞ്ഞതായാണ് അറിയാന്‍ കഴിഞ്ഞത്. ചില വര്‍ഗീയ ഗ്രൂപ്പുകള്‍ നടത്തിയ പ്രചാരണത്തിന്റെ ഫലമായാണ്് ഇതിലേറെയും കുറഞ്ഞത്. എന്നാല്‍, ഈ തകര്‍ച്ചയുടെ ഗുണമേറെ കിട്ടിയിട്ടും മലയാള മനോരമ പത്രത്തിന് അവര്‍ ലക്ഷ്യം വച്ച 25 ലക്ഷം കോപ്പി എന്ന ലക്ഷ്യം നേടാന്‍ കഴിഞ്ഞിട്ടില്ല. ദിനപത്രങ്ങളേക്കാള്‍ ശോചനീയമാണ് ആനുകാലികപ്രസിദ്ധീകരണങ്ങളുടെ അവസ്ഥ. അഞ്ചു വര്‍ഷം മുന്നെയുള്ള പ്രചാരത്തിന്റെ പാതി പോലും വരുന്നില്ല ഏറ്റവും പ്രമുഖ പ്രസിദ്ധീകരണങ്ങളുടെ പോലും ഇപ്പോഴത്തെ പ്രചാരം. പതിനഞ്ചു ലക്ഷം കോപ്പി വിറ്റ ചില ‘മ’ പ്രസിദ്ധീകരണങ്ങളുടെ പ്രചാരം രണ്ടു മൂന്നും ലക്ഷമായി ചുരുങ്ങിക്കഴിഞ്ഞു.
ഇന്ത്യയെ മാത്രമല്ല, പല ഏഷ്യന്‍ രാജ്യങ്ങളെയും ഈ പ്രതിഭാസം അടുത്ത കാലം വരെ ബാധിച്ചിരുന്നില്ല എന്നത് സത്യമാണ്. ഇന്നു മറ്റു രാജ്യങ്ങളിലേക്കും ഇതു പടരുകയാണ്. ഇതില്‍ ജപ്പാനാകട്ടെ, യൂറോപ്യന്‍ രാജ്യങ്ങള്ക്കൊപ്പമെന്നോണം തകര്‍ച്ചയുടെ കടലിലേക്ക് അന്നേ പതിച്ചുകഴിഞ്ഞിരുന്നു. ജപ്പാനു ചില പ്രത്യേകതകളുണ്ട്. ലോകത്തിലേറ്റവും പ്രചാരമുള്ള പത്രങ്ങള്‍ ജപ്പാനിലാണ്. യോമ്യുരി ഷിംബുന്, അസാഹി ഷിംബുന് എന്നീ ജപ്പാന് പത്രങ്ങള്‍ക്കാണ് എത്രയോ വര്‍ഷങ്ങളായി ആഗോളതലത്തില്‍ത്തന്നെ ഒന്നും രണ്ടും സ്ഥാനം. ഒരു കോടി കോപ്പികള്‍ ദിവസവും വിറ്റുവരുന്ന പത്രങ്ങളാണ് ഇവ.
ജപ്പാനില്‍ പത്രവായനക്കാരുടെ എണ്ണം 2008 നു ശേഷം പത്തു വര്‍ഷത്തിനിടയില്‍ ഇരുപതു ശതമാനം കുറഞ്ഞുവെന്നു ദ് ജപ്പാന് ടൈംസ് 2018-ല്‍ പ്രസിദ്ധപ്പെടുത്തിയ സര്‍വെ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. പാശ്ചാത്യനാടുകളിലെന്ന പോലെ, ജപ്പാനിലും പത്തു വര്‍ഷം മുന്‍പുതന്നെ പ്രശ്നം തുടങ്ങിയിരുന്നു എന്നര്‍ത്ഥം. എന്നിട്ടും 2017-ലും ജപ്പാനില്‍ ദിനംപ്രതി നാലുകോടി പത്രം വിറ്റിരുന്നു എന്നു റോയ്റ്റേഴ്സ് ആഗോള സര്‍വെ വ്യക്തമാക്കുന്നു.
ജപ്പാനേക്കാള്‍ മോശമാണ് ചൈനയുടെ സ്ഥിതി. 2017-ന്റെ അവസാന പ്രവര്‍ത്തിദിവസം അവിടത്തെ 14 പത്രങ്ങള്‍ അടുത്ത ദിവസം മുതല്‍ പത്രം ഉണ്ടാവില്ല എന്നു പ്രഖ്യാപിച്ചു. വേറെ നാലണ്ണം ദിനപത്രമെന്നത് ആഴ്ചപ്പത്രം ആക്കി മാറ്റി. മരണത്തില്‍നിന്നു എങ്ങനെ രക്ഷപ്പെടാം എന്നല്ല, എങ്ങനെ അന്തസ്സോടെ മരിക്കാം എന്നാണ് പത്രവ്യവസായം ആലോചിക്കേണ്ടത് എന്ന ഞെട്ടിക്കുന്ന മുന്നറിയിപ്പാണ് ഒരു മാധ്യമസ്ഥാപന തലവന്‍ 2015-ല്‍ തന്നെ നല്‍കിയത്്. രണ്ടര ലക്ഷം പത്രപ്രവര്‍ത്തകരുണ്ട് ചൈനയില്‍. ഇതില്‍ 90 ശതമാനത്തിന്റെയും ജോലി ഭാവിയില്‍ റോബോട്ടുകളും നിര്‍മിതബുദ്ധി കേന്ദ്രങ്ങളും നിര്‍വഹിക്കുമെന്നും അന്നു പ്രവചിച്ചത് വലിയ വിവാദമായിരുന്നു. പക്ഷേ, ഇന്ന് ആരും അതു തെറ്റായിരുന്നു എന്നു കരുതുന്നില്ല. ചൈന ഗവണ്മെന്റ് തന്നെ ഈ മട്ടിലുള്ള മുന്നറിയിപ്പ് നല്‍കിത്തുടങ്ങിയിട്ടുണ്ട്.
പ്രചാരത്തിലുള്ള കുറവിനേക്കാള്‍ അലട്ടുന്നത് പരസ്യവരുമാനത്തിലുള്ള കുറവാണ്. അനേകമനേകം പുതിയ സാധ്യതകളാണ് പരസ്യമേഖലയില്‍ ഉയര്‍ന്നുവരുന്നത്. പത്രങ്ങള്‍ക്കു കിട്ടിപ്പോന്ന അത്രതന്നെ പരസ്യം പത്രത്തിന്റെ ഓണ്‍ലൈനിനു കിട്ടും എന്നും പ്രതീക്ഷിക്കാന്‍ പറ്റാതായിട്ടുണ്ട്.
പതിനഞ്ചു വര്‍ഷം മുന്‍പ്, പ്രമുഖ മാധ്യമകാര്യവിദഗ്ദ്ധനായ ഫിലിപ് മെയെര്‍ എഴുതിയ ദ് വാനിഷിങ് ന്യൂസ്പേപ്പേഴ്സ് എന്ന കൃതിയില്‍ പ്രവചിച്ചിരുന്നത് 2043-ല്‍ ലോകത്തിലെ അവസാനത്തെ പത്രം അടച്ചുപൂട്ടുമെന്നാണ്. അതിനു ഇനിയും കാല്നൂറ്റാണ്ടുണ്ട്. പത്രങ്ങളുടെ അന്ത്യനാള്‍ അത്രയൊന്നും അകലെ അല്ല എന്നാണ് ഇപ്പോള്‍ തോന്നുന്നത്. ഇന്ത്യക്കാരനായ മാധ്യമവിദഗ്ദ്ധന്‍ ആകര് പട്ടേല്‍ നാലു വര്‍ഷം മുന്‍പ് എഴുതിയത് 2020 ഇന്ത്യയില്‍ പത്രങ്ങള്‍ ഇല്ലാതാവും എന്നാണ്. അന്ത്യം കാണാന്‍ അത്രയൊന്നും തിടുക്കം കാട്ടേണ്ടതില്ല എന്നു തോന്നുന്നു. ഇനിയും ഒരു ദശകമെങ്കിലും അതിന് സമയമുണ്ടാകാം.
പത്രങ്ങളെക്കുറിച്ച് ഇത്രയുമെല്ലാം എഴുതേണ്ടി വന്നതിനു ഒരു കാരണമുണ്ട്്. പത്രങ്ങളെ ബാധിക്കുന്ന ഈ ജീവന്മരണപ്രശ്നത്തെക്കുറിച്ച്് ഇന്ത്യയിലെ ഒരു പത്രത്തിലും ഒരു ചെറുലേഖനം പോലും കണ്ടില്ല എന്നതാണ് ആ കാരണം. മാധ്യമലോകത്തെ ബാധിച്ച ഈ വലിയ പ്രശ്നത്തെക്കുറിച്ച് പത്രവായനക്കാരന് ഒന്നും അറിയേണ്ടതില്ലേ?