മദ്രാസ് മെയിലില്‍ വാര്‍ത്ത വന്ന കാലം….!

എൻ.പി.രാജേന്ദ്രൻ

പി.ചന്ദ്രശേഖരന്റെ പത്രപ്രവര്‍ത്തന പാരമ്പര്യം അദ്ദേഹത്തിന്റെ നാട്ടുകാരില്‍ അധികം പേര്‍ക്കൊന്നും അറിയില്ല. അതൊന്നും വിസ്തരിക്കാന്‍ അദ്ദേഹം ഒട്ടും മെനക്കെടാറുമില്ല. പക്ഷേ, അറിയുന്നവര്‍ക്കറിയാം- കേരളത്തിലെ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ അദ്ദേഹത്തിനൊരു സ്ഥാനമുണ്ടെന്ന്. ആറു പതിറ്റാണ്ടു മുമ്പ് ബിരുദാനന്തര ബിരുദം കൈയിലിരിക്കെ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കൊന്നും ശ്രമിക്കാതെ  പത്രപ്രവര്‍ത്തനകാന്‍ മനക്കരുത്തു കാട്ടിയവര്‍ വേറെ എത്ര പേരുണ്ട്?എന്തുകൊണ്ട് പത്രപ്രവര്‍ത്തകനാകാന്‍ പുറപ്പെട്ടു എന്നു ചോദിച്ചപ്പോള്‍ കോഴിക്കോട് കല്ലായിയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന ഈ എണ്‍പത്തെട്ടുകാരന്‍ യുവാവിന്റെ ചുറുചുറുക്കോടെ, നിറഞ്ഞ ചിരിയോടെ ചരിത്രം വിവരിച്ചുതുടങ്ങി.
ചന്ദ്രശേഖരന്‍ പറയുന്നത് ശ്രദ്ധിക്കുക-

മഹാരാജാസ് കോളേജിലാണ് ആദ്യം പഠിച്ചത്. പൊതുകാര്യങ്ങളില്‍ ഇടപെട്ട് പഠനം കുറെ അവതാളത്തിലായിരുന്നു. ഒരു വര്‍ഷം നഷ്ടപ്പെട്ടെങ്കിലും 1950-ല്‍ ബി.എ. പൂര്‍ത്തിയാക്കി തിരിച്ചുവന്നു. വൈകാതെ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സില്‍ ജോലി കിട്ടിയെങ്കിലും പൊതുകാര്യതാല്പര്യം മനസ്സില്‍നിന്ന് ഒഴിയാത്തതുകൊണ്ട് നാട്ടിലേക്കുതന്നെ മടങ്ങി വേറെ ജോലി നോക്കി. അതിനിടെ പ്രൈവറ്റായി എം.എ. പാസ്സായിരുന്നു.  ശാസ്ത്രവും ടെക്‌നോളജിയുമൊന്നും തനിക്കു പറ്റുന്ന പണിയല്ല എന്നറിയാമായിരുന്നു. പത്രപ്രവര്‍ത്തനമോ അധ്യാപനമോ മതി എന്നു തീരുമാനിച്ചു. കോളേജില്‍ അദ്ധ്യാപകനായി ചേരാന്‍ ശ്രമിക്കായ്കയല്ല. കിട്ടിയില്ല.

പഠനകാലത്തുതന്നെ പൊതുപ്രവര്‍ത്തന ബോധം കൊണ്ടു നടന്നതുകൊണ്ട് പത്രപ്രവര്‍ത്തനത്തിലേക്കായി നോട്ടം. കോഴിക്കോട്ട് അക്കാലത്ത് മാതൃഭൂമിയില്‍ ജോലി ചെയ്യുക ആകര്‍ഷകമായ സാധ്യത തന്നെയായിരുന്നു. വേദപണ്ഡിതനും ഗ്രന്ഥകാരനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന വി.കെ.നാരായണ ഭട്ടതിരിയുടെ മകന്‍ ചന്ദ്രശേഖരന്‍ മാതൃഭൂമിയിലാര്‍ക്കും അപരിചിതനായിരുന്നില്ല.  അച്ഛനു മാതൃഭൂമിയുമായി വലിയ അടുപ്പമായിരുന്നു. ഒട്ടനവധി ലേഖനങ്ങള്‍ അദ്ദേഹം മാതൃഭൂമിയില്‍ എഴുതിയിട്ടുണ്ട്   ബിരുദാനന്തര ബിരുദം ഉള്ള ഒരു പത്രപ്രവര്‍ത്തകന്‍ വേണം എന്ന പരിഗണന കൂടിയുണ്ടായിരുന്നതുകൊണ്ടാണ് നിയമനം എളുപ്പമായത്. അങ്ങനെ മാതൃഭൂമിയിലെ ആദ്യത്തെ എമ്മെക്കാരനായി ചന്ദ്രശേഖരന്‍.

വിദ്യാഭ്യാസ യോഗ്യതയ്ക്കു അന്നു പത്രപ്രവര്‍ത്തക നിയമനത്തില്‍ വലിയ പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ല. വാര്‍ത്ത കണ്ടെത്താനും എഴുതാനും ഉള്ള കഴിവേ പരിഗണിച്ചിരുന്നുള്ളു. എന്നാല്‍ ബിരുദാനന്തര ബിരുദം ഉള്ള ഒരാള്‍ വേണമെന്ന പരിഗണനയിലാണ് ചന്ദ്രശേഖരനെ നിയമിച്ചത്. ജേണലിസം പഠിച്ച ഒരാളെങ്കിലും വേണം എന്ന പരിഗണനയിലാണ് കെ.കെ.ശ്രീധരന്‍ നായരെ നിയമിച്ചത്. ശ്രീധരന്‍ നായര്‍ നാഗ്പൂരില്‍ പോയാണ് പത്രപ്രവര്‍ത്തനം പഠിച്ചത്. മാതൃഭൂമിയില്‍ ഈ യോഗ്യതകളുള്ള ആദ്യത്തെ പത്രപ്രവര്‍ത്തകര്‍ ചന്ദ്രശേഖരനും കെ.കെ.ശ്രീധരന്‍ നായരുമായിരുന്നു. ശ്രീധരന്‍നായര്‍ മാതൃഭൂമിയുടെ എഡിറ്ററായി ഒരു ദശകത്തിലേറെ സേവനമനുഷ്ഠിച്ചു.

പില്‍ക്കാലത്ത് അറിയപ്പെടുന്ന പത്രപ്രവര്‍ത്തകരായി വളര്‍ന്ന വേറെയും നിരവധി പേര്‍ അന്നു ചന്ദ്രശേഖരന്റെ സഹപ്രവര്‍ത്തകരായിരുന്നു. ടി.വേണുഗോപാലന്‍, വി.എം.കോറാത്ത്്, വി.എം.ബാലചന്ദ്രന്‍ (വിംസി), തങ്കം മേനോന്‍, സുകുമാരന്‍ പൊറ്റക്കാട്, ടി.പി.സി. കിടാവ്, മാധവനാര്‍, സി.എച്ച്്. കുഞ്ഞപ്പ, പി.കെ.രാമന്‍ തുടങ്ങിയ പ്രഗത്ഭര്‍. കെ.പി.കേശവമേനോനായിരുന്നു പത്രാധിപര്‍. മാതൃഭുമി, ചന്ദ്രിക, ദേശാഭിമാനി, പൗരശക്തി തുടങ്ങിയവയായിരുന്നു അന്നു കോഴിക്കോട്ടുണ്ടായിരുന്ന മലയാള പത്രങ്ങള്‍. ദ് ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ്, മെയില്‍ എന്നീ ഇംഗ്ലീഷ് പത്രങ്ങള്‍ മദിരാശിയില്‍നിന്നു വന്നുകൊണ്ടിരുന്നു.

അക്കാലത്ത് പത്രങ്ങളെല്ലാം സായാഹ്നപത്രങ്ങളായിരുന്നു. സായാഹ്നപത്രം എന്നാരും വിളിക്കാറില്ലെന്നു മാത്രം. എല്ലാ പത്രങ്ങളും ഉച്ചയ്ക്കുശേഷമാണ് അച്ചടിച്ചിരുന്നത്. സിറ്റിയില്‍ വൈകീട്ടും ഗ്രാമങ്ങളില്‍ പിറ്റേന്നു രാവിലെയുമായിരുന്നു വിതരണം. അമ്പതുകളുടെ അവസാനമാണ് പത്രങ്ങള്‍ ഒന്നൊന്നായി പ്രഭാതപത്രങ്ങളായി മാറിയത്. ദ് ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ്, മെയില്‍ എന്നിവയാണ് ഇവിടെ വിറ്റിരുന്ന ഇംഗ്ലീഷ് പത്രങ്ങള്‍. അവ മദ്രാസില്‍നിന്നാണ് എത്തിയിരുന്നത്.

കുറച്ചു പത്രങ്ങളും കുറച്ച് റിപ്പോര്‍ട്ടര്‍മാരും മാത്രമല്ലേ അമ്പതുകളില്‍ ഇവിടെ ഉണ്ടായിരുന്നുള്ളൂ. പ്രസ് ക്ലബ്ബോ അത്തരം സംവിധാനങ്ങളോ ഇല്ലെന്നിരിക്കേ എവിടെയാണ് പത്രപ്രവര്‍ത്തകര്‍ കൂടിയിരുന്നത്? അങ്ങനെ കൂട്ടുകൂടാനൊന്നും പ്രത്യേക സ്ഥലമുണ്ടായിരുന്നില്ല. ഇന്നു കേള്‍ക്കുമ്പോള്‍ തമാശ തോന്നും. റിപ്പോര്‍ട്ടര്‍മാര്‍ എല്ലാവരും എല്ലാ ദിവസവും റെയില്‍വെ സ്റ്റേഷനിലാണ് കണ്ടുമുട്ടിയിരുന്നത്. റെയില്‍വെ സ്റ്റേഷന്‍ ഒരു പ്രധാന വാര്‍ത്താകേന്ദ്രമായിരുന്നു. ഐക്യകേരളം ഉണ്ടായ 1956 വരെ കോഴിക്കോട് മദ്രാസ് സ്റ്റേറ്റിലായിരുന്നല്ലോ. മദിരാശി എന്ന ഇന്നത്തെ ചെന്നൈ ആയിരുന്നു മദ്രാസ് പ്രവിശ്യയുടെ തലസ്ഥാനം. അതുകൊണ്ട്, മദ്രാസ് മെയിലായിരുന്നു തലസ്ഥാനവുമായുള്ള പ്രധാന ബന്ധം. എല്ലാ ദിവസവുമുള്ള അതിന്റെ വരവും പോക്കും വലിയ വാര്‍ത്തകള്‍ക്ക് സാധ്യതയുള്ള സംഭവങ്ങളായിരുന്നു. പ്രമുഖന്മാരെല്ലാം വരികയും പോവുകയും ചെയ്തിരുന്നത് മെയിലിലാണ്. മെയിലില്‍ വന്നിറങ്ങുന്ന ഉദ്യോഗസ്ഥന്മാരില്‍നിന്നും മറ്റും ധാരാളം വിവരങ്ങള്‍ ലഭിക്കുമായിരുന്നു. അതു കൊണ്ട് എല്ലാ റിപ്പോര്‍ട്ടര്‍മാരും മെയില്‍ വരുന്ന സമയത്ത് സ്റ്റേഷനിലെത്തും.

പത്രപ്രവര്‍ത്തനസംഘടന

മലബാറില്‍ പത്രപ്രവര്‍ത്തകര്‍ക്ക് സംഘടന ഉണ്ടായിരുന്നില്ല. ട്രെയ്ഡ് യൂണിയന്‍ സ്വഭാവമുള്ള സംഘടന പത്രപ്രവര്‍ത്തകര്‍ക്ക് പറ്റിയതല്ല എന്ന മനോഭാവമാണ് പത്രനടത്തിപ്പുകാര്‍ക്കു മാത്രമല്ല പത്രപ്രവര്‍ത്തകര്‍ക്കും അന്നുണ്ടായിരുന്നത്. എന്നിട്ടും 1955-ല്‍ കോഴിക്കോട്്് മലബാര്‍ വര്‍ക്കിങ്ങ് ജേണലിസ്റ്റ് അസോസിയേഷന്‍ എന്ന സംഘടന ജന്മമെടുത്തു. ചന്ദ്രശേഖരനായിരുന്നു സംഘടനയുടെ മുഖ്യസ്ഥാപകന്‍. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന എന്‍.വി.കൃഷ്്ണവാരിയരുടെ വീട്ടില്‍ നടന്ന യോഗത്തിലാണ് സംഘടന ജനിക്കുന്നത്. അദ്ദേഹം കുടുംബസമേതം താമസിച്ചിരുന്നത് ക്രിസ്ത്യന്‍ കോളേജിന്റെ ഭാഗത്തുള്ള ഒരു വീട്ടിലായിരുന്നു. വീട് എന്നൊന്നും വിളിച്ചുകൂടാ. ഒരു ഷെഡ്ഡ്. മാതൃഭൂമി പത്രക്കെട്ടുകളും മറ്റും സൂക്ഷിച്ചിരുന്ന സ്ഥലം. ദേശാഭിമാനിയിലെ കുറെ പത്രപ്രവര്‍ത്തകരും മലയാള മനോരമയുടെ മലബാര്‍ ലേഖകന്‍, പില്‍ക്കാലത്ത് സാഹിത്യ-പത്രപ്രവര്‍ത്തന രംഗങ്ങളില്‍ ഏറെ പ്രശസ്തനായ സി.പി.ശ്രീധരനും ആണ് പങ്കെടുത്തിരുന്നത്. ശുഷ്‌കമായ സദസ്സായിരുന്നു. എന്‍.വി.യെ പ്രസിഡന്റായും ചന്ദ്രശേഖരനെ സിക്രട്ടറിയായും തിരഞ്ഞെടുത്തു. സി.എച്ച് മുഹമ്മദ് കോയ അന്നു ചന്ദ്രിക പത്രാധിപരായിരുന്നു. അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനത്തിനാണ് കൂടുതല്‍ സമയം ചെലവഴിച്ചിരുന്നത്. ഏറെ ശ്രമിച്ചിട്ടും മാതൃഭൂമിക്കാര്‍ ആരും സഹകരിച്ചില്ല. ഇംഗ്ലീഷ് പത്രലേഖകരും വിട്ടുനിന്നു. പൊതുവെ ഉണ്ടായിരുന്ന ഒരു തോന്നല്‍ ഇത് ഇടതുപക്ഷക്കാരുടെ ഒരു സംഘടനയാണ് എന്നതായിരുന്നു. മിക്കവരും വിട്ടുനിന്നത് ആ കാരണത്താലാണ്. അതില്‍ കുറച്ചെല്ലാം ശരി ഇല്ലാതില്ല. ആശയങ്ങള്‍ക്കു വേണ്ടി പോരടിക്കുമായിരുന്നുവെങ്കിലും പത്രപ്രവര്‍ത്തകര്‍ തമ്മില്‍ ഒരു സാഹോദര്യം ഉണ്ടാക്കാം നിലനിര്‍ത്താം എന്ന ബോധമുണ്ടാക്കാന്‍ കഴിഞ്ഞതാണ് സംഘടനയുടെ പ്രധാന മെച്ചം. പില്‍ക്കാലത്ത് ശക്തമായ ഒരു പത്രപ്രവര്‍ത്തനപ്രസ്ഥാനം കേരളത്തില്‍ രൂപം കൊണ്ടതിന്റെ ആണിക്കല്ലുകളില്‍ ഒന്നാണു അന്നേ ഉറപ്പിച്ചതെന്നു പറയാം. കേരളത്തിലെ ആദ്യ പത്രപ്രവര്‍ത്തക യൂണിയന്‍ സംഘാടകരില്‍ ഇന്നു അവശേഷിക്കുന്നത് ചന്ദ്രശേഖരന്‍ മാത്രമാണെന്ന് അധികം പേര്‍ക്കറിയില്ല.

ഫോട്ടോ ക്യാപ്ഷന്‍….1954 ല്‍
മുന്നില്‍-വി.എം.കൊറാത്ത്, പി.ചന്ദ്രശേഖരന്‍
പിറകില്‍-ടി.വേണുഗോപാല്‍, കെ.കെ.ശ്രീധരന്‍ നായര്‍

തിരുവനനന്തപുരത്തും എറണാകുളത്തും രൂപവല്‍ക്കരിച്ച വര്‍ക്കിങ്ങ് ജേണലിസ്റ്റ്‌സ് യൂണിയനുകളുമായ മലബാര്‍ യൂണിയന്‍ സഹകരിച്ചിരുന്നു. അവയുടെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോയതും ഓര്‍ക്കുന്നു. അക്കാലത്താണ് ആദ്യത്തെ പത്രപ്രവര്‍ത്തക വേജ് ബോര്‍ഡ് രൂപവല്‍ക്കരിക്കുന്നത്. 1956 ല്‍ മദ്രാസില്‍ ഇതിന്റെ ഹിയറിങ്ങ് നടന്നപ്പോള്‍ മലബാര്‍ യൂണിയന്റെ പ്രതിനിധികള്‍ പങ്കെടുത്തു. മദ്രാസിലേക്കു നിവേദനവുമായി പോയത് ചന്ദ്രശേഖരനും രാമനുണ്ണി മേനോനും സി.എച്ച്. മുഹമ്മദ് കോയയുമായിരുന്നു. നന്നായി കേസ് പ്രസന്റ് ചെയ്തു. ഇതു സംഘടനയ്ക്ക് വലിയ അംഗീകാരമായി മാറി . അസോസിയേഷനു മാന്യത കൈവരിക്കാന്‍ കഴിഞ്ഞു. ചൊവ്വര പരമേശ്വരന്‍, പി.വിശ്വംഭരന്‍, പെരുന്ന കെ.എന്‍.നായര്‍, സി.പി.മമ്മു തുടങ്ങിയവര്‍ കൊച്ചിയിലും തിരുവനന്തപുരത്തും വര്‍ക്കിങ്ങ് ജേണലിസ്റ്റ് യൂണിയന്‍ സ്ഥാപിക്കുന്നതില്‍ മുന്‍കൈ എടുത്തവരില്‍ ചിലരാണ്.

എന്‍.വി.യുടെ വീടും ദേശാഭിമാനി ഓഫീസുമായിരുന്നു കോഴിക്കോട്ടെ സംഘടനയുടെ പ്രധാനസങ്കേതങ്ങള്‍. ദേശാഭിമാനി ഓഫീസ് കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം മാതൃഭൂമിക്കാര്‍ക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല എന്നതു സത്യമാണ്. എങ്കിലും സംഘടന കുറച്ചുകാലം മുന്നോട്ടുപോയി. കെ.യു.ഡബ്‌ള്യൂ.ജെ. യുടെ വരവിന് അരങ്ങൊരുക്കുക എന്നതാണ് ഈ യൂണിയന്‍ നിര്‍വഹിച്ച പ്രധാന കര്‍ത്തവ്യമെന്നു ചന്ദ്രശേഖരന്‍ കരുതുന്നു. ചന്ദ്രശേഖരന്‍ 1957 -ല്‍ മാതൃഭൂമി വിട്ടു. കൂടുതല്‍ ശമ്പളം എന്നതായിരുന്നു ആകാശവാണിയില്‍ റിപ്പോര്‍ട്ടറായി ചേരാനുള്ള പ്രധാന പ്രേരണ. അന്നു ചന്ദ്രശേഖരന് മാതൃഭൂമിയില്‍  മുന്നൂറു രൂപ മാസശമ്പളം ലഭിച്ചിരുന്നു. നൈറ്റ് ഡ്യൂട്ടി അലവന്‍സ് വേറെ കിട്ടി. അതു നല്ല ശമ്പളമായിരുന്നു. കോളേജ് അധ്യാപകര്‍ക്കുപോലും ഇതിനടുത്ത് ശമ്പളം ലഭിച്ചിരുന്നില്ല. സി.പി.ശ്രീധരനാണ് പിന്നെ സംഘടനയുടെ ചുമതല വഹിച്ചത്. സംഘടന ക്രമേണ നിഷ്‌ക്രിയമായി.

ആകാശവാണിയുടെ കേരളത്തിലെ ആദ്യത്തെ റിപ്പോര്‍ട്ടര്‍ ആയിരുന്നു ചന്ദ്രശേഖരന്‍. തിരുവനന്തപുരത്താണ് ലേഖകനായി പ്രവര്‍ത്തിച്ചത്. 1957-ലാണ് ആകാശവാണിക്ക് മലയാള വാര്‍ത്ത ഉണ്ടാകുന്നത്. പത്രങ്ങളുടെ ലേഖകര്‍ക്കൊപ്പമായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെങ്കിലും അവര്‍ക്ക് ആകാശവാണി ലേഖകന്റെ സാന്നിദ്ധ്യം അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. പത്രത്തില്‍ വാര്‍ത്ത പിറ്റേന്നേ പ്രസിദ്ധീകരിക്കാനാവൂ. റേഡിയോ അത് അന്നു തന്നെ നാട്ടില്‍ പാട്ടാക്കും. ഇതുതന്നെ അപ്രിയത്തിനു കാരണം. ഈ വിരോധം അധികകാലം തുടര്‍ന്നില്ല. ദേശാഭിമാനി ലേഖകനായിരുന്ന പവനനും മാതൃഭൂമിയുടെ പി.ആര്‍.വാരിയര്‍, ചൊവ്വര പരമേശ്വരന്‍ തുടങ്ങിയവരും നല്ല സഹായം ചെയ്തു എന്നു ചന്ദ്രശേഖരന്‍ ഓര്‍ക്കുന്നു.

പത്രറിപ്പോര്‍ട്ടറുടെ ജോലിയും ആകാശവാണി റിപ്പോര്‍ട്ടറുടെ ജോലിയും തമ്മില്‍ വലിയ അന്തരം ഉണ്ടെന്നു ചന്ദ്രശേഖരന്‍ വിശദീകരിച്ചു. സര്‍ക്കാറിന് പ്രിയങ്കരമായതു മാത്രമേ അതില്‍ പ്രസിദ്ധീകരിക്കൂ. വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആയിരുന്ന താന്‍ പിന്നെ ‘ലര്‍ക്കിങ്ങ്’ (പതുങ്ങിനില്‍ക്കുന്ന) ലേഖകന്‍ ആയി എന്നു പലരും പരിഹസിക്കാറുണ്ടായിരുന്നു എന്നു ചന്ദ്രശേഖരന്‍ ഓര്‍ക്കുന്നു. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ലേഖകന്‍ എന്ന നിലയില്‍ ഒരുപാട് പരിമിതികള്‍ ഉണ്ടല്ലോ. എക്‌സ്‌ക്ലൂസീവുകളും സ്‌ക്കൂപ്പുകളും വേണ്ട. സര്‍ക്കാറിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുകയായിരുന്നു പ്രധാന ദൗത്യം. അടിയന്തരാവസ്ഥക്കാലത്ത് കോഴിക്കോട്ട് ഔദ്യോഗിക സെന്‍സര്‍ ആകാശവാണിയിലായിരുന്നാണ് പ്രവര്‍ത്തിച്ചിരുന്നത്. ആകാശവാണി ലേഖകര്‍ക്ക അതുകൊണ്ടു പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ലെങ്കിലും പത്രങ്ങളുടെ ലേഖകര്‍ക്ക് ഏറെ കഷ്ടപ്പാടുണ്ടായതും ഓര്‍ക്കുന്നു. സര്‍ക്കാറിന്റെ നയങ്ങളെ പുകഴ്ത്തിയാല്‍ മതി ആകാശവാണിക്ക്, കള്ളം കെട്ടിച്ചമക്കാനൊന്നും ആരും നിര്‍ബന്ധിച്ചിരുന്നില്ല.

അടിയന്തരാവസ്ഥയുടെ അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പരാജയപ്പെട്ട വാര്‍ത്ത വെളിപ്പെടുത്താന്‍ ഫലപ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കു ശേഷവും ആകാശവാണി കൂട്ടാക്കാതിരുന്നതിന്റെ പിന്നിലെ കഥകളൊന്നും ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക് അറിയില്ല. അതു യഥാര്‍ത്ഥത്തില്‍ ആകാശവാണിയുടെ പ്രഖ്യാപിതനിയങ്ങള്‍ക്കുതന്നെ എതിരായിരുന്നു; ഫലം പ്രഖ്യാപിക്കുമ്പോഴും അടിയന്തരാവസ്ഥ നിലവിലുണ്ടായിരുന്നു എന്നതാണ് സ്ത്യം.

കോഴിക്കോട് ലേഖകനായും ചന്ദ്രശേഖരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോടിന്റെ ഭാഗമായി കണക്കാക്കിയിരുന്നതുകൊണ്ട് ലക്ഷദ്വീപില്‍ വല്ലപ്പോഴും റിപ്പോര്‍ട്ടിങ്ങിന് പേകേണ്ടി വരാറുണ്ട്. പ്രധാനമന്ത്രിയും മറ്റും വന്നപ്പോഴുണ്ടായ അനുഭവങ്ങളും ചന്ദ്രശേഖരന്‍ ഓര്‍ക്കുന്നു. ലക്ഷദ്വീപില്‍നിന്നു ടേപ്പ് കൊണ്ടു വന്നാലേ വി.വി.ഐ.പി.യുടെ പ്രസംഗവും മറ്റും റേഡിയോവില്‍ പ്രക്ഷേപണം നടത്താന്‍ പറ്റൂ. വി.ഐ.പി.ക്കു ആവശ്യമുള്ള സാധനങ്ങളും മറ്റും കൊണ്ടുവന്നിരുന്ന ഹെലിക്കോപറ്ററില്‍ വേണം ടേപ്പുകളുമായി കോഴിക്കോട്ടെത്താന്‍. ആകാശവാണിയുടെ ലേഖകനായതുകൊണ്ട് കേന്ദ്രസര്‍ക്കാറിന്റെ ഈ ഹെലികോപ്റ്ററില്‍ യാത്ര നിഷ്പ്രയാസം അനുവദിക്കപ്പെട്ടു. പക്ഷേ, യാത്ര സ്വന്തം റിസ്‌കിലാണ് നടത്തേണ്ടതെന്നു അധികൃതര്‍ ഓര്‍മിപ്പിക്കാറുണ്ട്- ചന്ദ്രശേഖരന്‍ ഓര്‍ത്തു. നാലുവട്ടം ഇങ്ങനെ ആകാശയാത്ര വേണ്ടിവന്നിരുന്നു.

മുപ്പത്തിമൂന്നു വര്‍ഷം വാര്‍ത്തകളുടെ ലോകത്ത് ജീവിച്ച ചന്ദ്രശേഖരന്‍ പിന്നെ ഇപ്പോള്‍ മുപ്പത്തിമൂന്നു വര്‍ഷമായി കുടുംബകാര്യവും നാട്ടുകാര്യവുമായി കോഴിക്കോട്ട് സജീവസാന്നിദ്ധ്യമാണ്. ഭാരതീയ വിദ്യാഭവന്‍ കോഴിക്കോട് കമ്മിറ്റി മെമ്പറാണ് അദ്ദേഹം. മുമ്പ് വൈസ്  പ്രസിഡന്റായിരുന്നു. ആത്മീയ കാര്യങ്ങളിലാണ് ഏറെ ശ്രദ്ധിക്കുന്നത്. മൂന്നു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.മൂന്നും ആധ്യാത്മിക വിഷയത്തില്‍.

-എന്‍.പി.രാജേന്ദ്രന്‍   www.thalsamayam.in
പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തിയത്



പി.ചന്ദ്രശേഖരന്‍ 

1930 മെയ് 21 ന് ജനനം. തൃശ്ശൂര്‍ ദേശമംഗലം വരവൂര്‍ കപ്ലിങ്ങാട് സ്വദേശി
വേദപണ്ഡിതനും ഗ്രന്ഥകാരനും സാമൂഹ്യ പ്രവര്‍ത്തകനും ആയിരു വി.കെ. നാരായണ ഭട്ടതിരിയുടെ മകന്‍.
ഇക്കണോമിക്‌സില്‍ എം.എ. ബിരുദം നേടി 1953-ല്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായി ചേര്‍ന്നുു.
1955-ല്‍ മലബാര്‍ വര്‍ക്കിങ്ങ് ജേണലിസ്റ്റ് അസോസിയേഷന്‍ സ്ഥാപിച്ചു. മലബാറിലെ ആദ്യത്തെ പത്രപ്രവര്‍ത്തക സംഘടന-
1957 മുതല്‍ 1985 വരെ ആകാശവാണിയില്‍ പത്രപ്രവര്‍ത്തകന്‍-
ഭാര്യ  രാമനാട്ടുകര പിലാത്തറ തറവാട്ടിലെ  കല്യാണിക്കുട്ടി.
രണ്ട് മക്കള്‍-റിട്ട. കമോഡര്‍ (നേവി) ജയരാജ്, പ്രൊഫ. ഡോ.കേശവദാസ്. (ശ്രീ ചിത്ര മെഡിക്കല്‍ ട്രസ്റ്റ്)

പി.ചന്ദ്രശേഖരൻ 2024 ജൂ​ലൈ 25ന്‌ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Go Top