കേരളം ഉണ്ടാകുന്നതിന് എത്രയോ കാലം മുമ്പുതന്നെ കേരളം ഉണ്ടായിരുന്നുവെന്നു വേണം കരുതാന്‍. അല്ലെങ്കിലെങ്ങനെയാണ് എത്രയോ പ്രസിദ്ധീകരണങ്ങളുടെ പേരകളില്‍ കേരളമുണ്ടായത്? ഐക്യകേരളം വരുന്നതിനും എട്ടുപതിറ്റാണ്ട് മുമ്പ് 1874 പുറത്തിറങ്ങിയ പ്രസിദ്ധീകരണത്തില്‍തന്നെ-കേരളോപകാരി- കേരളമുണ്ടായിരുന്നു. പിന്നെ എത്രയെത്ര കേരളപത്രങ്ങള്‍ …
ആദ്യമലയാള വാര്‍ത്താപ്രസിദ്ധീകരണമായി കരുതുന്ന രാജ്യസമാചാരവും പശ്ചിമോദയവും (1847) പിറ്റേവര്‍ഷം ജ്ഞാനനിക്ഷേപവും ഇറക്കിയ ബാസല്‍മിഷന്‍കാര്‍ തന്നെയാണ് കേരളം എന്നു പേരിലുള്ള ആദ്യത്തെ പ്രസിദ്ധീകരണവും ഇറക്കിയത്. അതാണ് കേരളോപകാരി(1)
പത്തൊമ്പതാം നൂറ്റാണ്ടില്‍തന്നെയാണ് കേരളദര്‍പ്പണം(1899)എന്ന പേരില്‍ ഇറങ്ങുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞു പുറത്തിറങ്ങിയതാണ് കേരളപഞ്ചിക. പിന്നെയും രണ്ടുവര്‍ഷംകഴിഞ്ഞിറങ്ങിയ മലയാളിയില്‍ കേരളന്‍ എന്ന പേരില്‍ ലേഖനങ്ങളെഴുതിയ ഒരാള്‍ പിന്നെ ആ പേരില്‍തന്നെയുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായി. പില്‍ക്കാലത്ത് കേരളം മാത്രമല്ല ലോകവും അറിഞ്ഞ ഒരു മഹാനായിരുന്നു ഇവയുടെ പിന്നില്‍. അത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ്. കേരളദര്‍പ്പണവും കേരളപഞ്ചികയും മലയാളിയും കേരളനുമെല്ലാം മലയാളിയുടെ നാട് കേരളമാണ് എന്ന ആ ദീര്‍ഘദൃഷ്ടിയില്‍ നിന്നുണ്ടായതാവുമെന്ന കാര്യത്തില്‍ സംശയമാര്‍ക്കും കാണില്ല.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്തും കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലും കേരളം എന്ന പേരില്‍ത്തന്നെ പല പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിരുന്നതായി മാധ്യമചരിത്രഗവേഷകനായ ജി.പ്രിയദര്‍ശന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1866-ല്‍ കൊച്ചിയില്‍നിന്ന് മട്ടാഞ്ചേരി സ്വദേശി അന്തോണി അണ്ണാവിയാണ് ആദ്യത്തെ കേരളം പ്രസിദ്ധീകരണം തുടങ്ങിയതെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു.(2) 1912-ലും 1930-ലും ഇറങ്ങിയ കേരളം മാസികകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുഞ്ചന്‍നമ്പ്യാരുടെ സ്മാരകമായി കോട്ടയത്താണ് ആദ്യത്തെ കേരളം പ്രസിദ്ധീകരണം ജനിച്ചത്. സാഹിത്യപഞ്ചാനനന്‍ പി.കെ.നാരായണപിള്ളയായിരുന്നു പത്രാധിപര്‍. 1930-ല്‍ തൃശ്ശൂരില്‍ തുടങ്ങി നാലര വര്‍ഷത്തിലേറെ പ്രസിദ്ധീകരണം നടത്തിയിരുന്നു ഈ കേരളം. തൃശ്ശൂര്‍ സെയിന്റ് തോമസ് കോളേജ് പ്രിന്‍സിപ്പാള്‍ ആയിരുന്ന ഫാദര്‍ പാലോക്കാരന്‍ ആണ് ഇതിന്റെ സ്ഥാപകന്‍.
കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ പത്രാധിപരായിരുന്ന കേരളസഞ്ചാരിയും ചെങ്കളത്ത് കുഞ്ഞിരാമന്‍നായരുടെ കേരളപത്രികയും കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള പത്രാധിപരായിരുന്ന, ഗുജറാത്തുകാരനായ ദേവ്ജി ഭീംജി തുടങ്ങിയ കേരളമിത്രവുമെല്ലാം കേരളം എന്ന സ്വപ്‌നം തന്നെയാണ് പ്രകടമാക്കിയത്.
ഇതിനെല്ലാം ശേഷമാണ് 1928 ല്‍ എറണാകുളത്തു കൂടിയ നാട്ടുരാജ്യപ്രജാസമ്മേളനവും തുടര്‍ന്ന് പയ്യന്നൂരില്‍ കോണ്‍ഗ്രസ് രാഷ്ട്രീയസമ്മേളനവും ഐക്യകേരളപ്രമേയം അംഗീകരിക്കുന്നത് എന്നോര്‍ക്കണം. പക്ഷേ, ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു എന്നു മലയാളികള്‍ ആമോദിച്ചുതുടങ്ങിയ ഘട്ടത്തില്‍തന്നെ അതില്ലാതാക്കാനുള്ള ശ്രമവും നടന്നു. ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ തിരുവിതാംകൂറും സ്വതന്ത്രമാകും എന്ന പ്രഖ്യാപനം ദിവാന്‍ നടത്തിയപ്പോഴായിരുന്നു അത്. തിരുവിതാംകൂറിലെ ദേശീയപ്രസ്ഥാനത്തിന്റെയൊപ്പം നിലയുറപ്പിച്ചിരുന്ന തിരുവിതാംകൂര്‍ ജനതയെ വഴിതെറ്റിക്കാന്‍ ദിവാന്‍ സര്‍ സി.പി.രാമസ്വാമി അയ്യര്‍ക്കോ രാജഭരണത്തിനോ കഴിഞ്ഞില്ല. തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം പിന്‍വലിക്കപ്പെടുന്നത് കെ.സി.എസ്. മണി ദിവാനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം മാത്രമാണ്. സര്‍ സി.പി.യുടെ ജന്മനാടായ തമിഴ്‌നാട്ടില്‍നിന്നു വന്ന് കേരളം വരിച്ച ഒരു കുടുംബത്തിലംഗമായിരുന്നു കെ.സി.എസ്. മണി.
സ്വതന്ത്രതിരുവിതാംകൂറിനെ പിന്താങ്ങാന്‍ കൂട്ടാക്കിയില്ല എന്നതാണ് മലയാളപത്രങ്ങള്‍ കേരളത്തോടു ചെയ്ത ഏറ്റവും വലിയ സേവനമെന്നുപോലും കരുതാം. ശക്തമായിരുന്നു അന്നത്തെ പത്രാധിപന്മാരുടെ നിലപാട്. സര്‍ സി.പി.ജയിലടച്ച പത്രാധിപന്മാരില്‍ ഒരാളായിരുന്നു മലയാള മനോരമ പത്രാധിപര്‍ മാമ്മന്‍ മാപ്പിള. സ്വതന്ത്രതിരുവിതാംകൂര്‍ പക്ഷത്തു നില്‍ക്കാമെങ്കില്‍ മോചിപ്പിക്കാമെന്നും പത്രത്തിന്റെ ലൈസന്‍സ് തിരിച്ചുതരാമെന്നും ഉള്ള വാഗ്ദാനം അവര്‍ സ്വീകരിച്ചില്ലെന്നതും എക്കാലവും ഓര്‍ക്കേണ്ട കാര്യമാണ്.
സ്വാതന്ത്ര്യം കിട്ടി പിന്നെയും ഒമ്പതുവര്‍ഷം കഴിഞ്ഞാണല്ലോ കേരളമുണ്ടാകുന്നത്. പക്ഷേ, ഐക്യകേരളം എന്ന ആശയം ഉദയംകൊണ്ടതോ അതിനായുള്ള പ്രചാരണം തുടങ്ങിയതോ ഈ കാലത്തായിരുന്നില്ല. സ്വാതന്ത്ര്യലബ്ധിക്കും ഏതാണ്ട് കാല്‍നൂറ്റാണ്ടു മുമ്പുതന്നെ ഇതാരംഭിച്ചിരുന്നു. മാതൃഭൂമി പത്രം ആരംഭിക്കുന്നത് 1923ലാണ്.
പത്രം തുടങ്ങുമ്പോള്‍ നടത്തിയ ലക്ഷ്യപ്രഖ്യാപനത്തില്‍ ഇക്കാര്യത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരുന്നു-
‘ ഒരേ ഭാഷ സംസാരിച്ച് ഒരേ ചരിത്രത്താലും ഐതിഹ്യത്താലും ബന്ധിക്കപ്പെട്ട് ഒരേ ആചാരസമ്പ്രദായങ്ങള്‍ അനുഷ്ഠിച്ചുവരുന്നവരായ കേരളീയര്‍ ഇപ്പോള്‍ ചിന്നിച്ചിതറി മൂന്നുനാലു ഭരണത്തിന്നു കീഴില്‍ ആയിത്തീര്‍ന്നിട്ടുണ്ടെങ്കിലും കേരളീയരുടെ പൊതുഗുണത്തിന്നും വളര്‍ച്ചയ്ക്കും ശ്രേയസ്സിന്നും കേരളത്തിന്റെ നാനാഭാഗങ്ങളിലും നിവസിക്കുന്ന ജനങ്ങള്‍തമ്മില്‍ ഇപ്പോള്‍ ഉള്ളില്‍ അധികം ചേര്‍ച്ചയും ഐക്യതയും ഉണ്ടായിത്തീരേണ്ടത് എത്രയും ആവശ്യമാക കൊണ്ടു ഈ കാര്യനിവൃത്തിക്കും മാതൃഭൂമി വിടാതെ ഉത്സാഹിക്കുന്നതാണ്.'(3)
ഐക്യകേരളത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ അതിനും രണ്ടുവര്‍ഷംമുമ്പ് 1921ല്‍, കോണ്‍ഗ്രസ്സിനു കേരളഘടകം ഉണ്ടായപ്പോള്‍ത്തന്നെ ഉദ്ഘാടനം ചെയ്യപ്പെട്ടിരുന്നു എന്നു പറയാം. കെ.പി.കേശവമേനോന്‍ ആണ് മലബാര്‍ ഭാഗത്ത് ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രചാരണ-പ്രക്ഷോഭപ്രവര്‍ത്തനങ്ങളില്‍പങ്കു വഹിച്ച ഒരു പത്രാധിപര്‍. പിന്നീട് എന്‍.വി.കൃഷ്ണവാരിയരും ഇദ്ദേഹത്തോടൊപ്പം ചേര്‍ന്നു. 1951 മുതല്‍ മാതൃഭൂമി പത്രാാധിപരായിരുന്ന ഘട്ടം എന്‍.വി. ഇക്കാര്യത്തിനായി ഉപയോഗപ്പെടുത്തി. മാതൃഭൂമി പത്രത്തില്‍ ഐക്യകേരളത്തിന്റെ ആവശ്യകതയെക്കുറിച്ച് എണ്ണമറ്റ മുഖപ്രസംഗങ്ങള്‍ എഴുതിയത് എന്‍.വി.ആയിരുന്നു. ഐക്യകേരളപ്രസ്ഥാനത്തിന്റെ ചരിത്രം എഴുതിയ കെ.എ.ദാമോദരമേനോനും ഒരു പത്രാധിപരായിരുന്നു.
കേരളീയര്‍ മുഴുവന്‍ ഏകകണ്ഠമായി ആവശ്യപ്പെട്ടതാണ് ഐക്യകേരളം എന്നാവുംപില്‍ക്കാല തലമുറകള്‍ ധരിക്കുന്നത്. സത്യമതല്ല. ബ്രിട്ടീഷ് ഭരണത്തിന്‍കീഴിലായിരുന്ന, പിന്നോക്കംനില്‍ക്കുന്ന മലബാറിനൊപ്പം ചേരുന്നത് രാജഭരണത്തിന്‍കീഴില്‍ വളരെ മുന്നോട്ടുപോയ തിരുവിതാംകൂറിന് ദോഷകരമാവും എന്നു കരുതിയ രാജഭക്തന്മാര്‍ ധാരാളമുണ്ടായിരുന്നു. കേരള സംസ്ഥാനത്തില്‍ കൊച്ചിയും തിരുവിതാംകൂറും വേണ്ട എന്നു വാദിച്ചവരുടെ കൂട്ടത്തില്‍ കെ.മാധവമേനോനെപ്പോലുള്ള സമുന്നത നേതാക്കളും ഉണ്ടായിരുന്നു.(4) മാതൃഭൂമി പത്രാധിപസമിതിയില്‍ ഭൂരിഭാഗം അംഗങ്ങളും ഐക്യകേരളത്തിന് എതിരായിരുന്നു എന്ന് എന്‍.വി.കൃഷ്ണവാരിയര്‍തന്നെ എഴുതിയിട്ടുണ്ട്. മലബാര്‍ കൂടിയുള്ള ഒരു സംസ്ഥാനം ഉണ്ടാകുന്നത് കമ്യൂണിസ്റ്റുകാര്‍ക്ക് അധികാരത്തിലേറാന്‍ സഹായകമായേക്കും എന്ന ഭീതി അന്നത്തെ ഭരണനേതൃത്വത്തെ പിറകോട്ടു വലിക്കുന്നുണ്ടായിരുന്നു. പക്ഷേ, അതൊന്നും തടസ്സമായില്ല.
ദക്ഷിണഭാരതസംസ്ഥാനമാണു വേണ്ടതെന്നു കോണ്‍ഗ്രസ് നേതാവ് സി.കെ.ഗോവിന്ദന്‍നായരും മലബാര്‍ മാത്രമായി സംസ്ഥാനം വേണമെന്ന് സോഷ്യലിസ്റ്റ് നേതാവ് എം.നാരായണക്കുറുപ്പും തെക്കന്‍ തിരുവിതാംകൂര്‍ തമിഴ്‌നാട്ടില്‍ ചേര്‍ക്കണമെന്നു തിരുവിതാംകൂര്‍ തമിഴ്‌നാട് കോണ്‍ഗ്രസ്സും ് പശ്ചിമതീരകേരളം വേണമെന്നു കെ.കേളപ്പനുമൊക്കെ ആവശ്യപ്പെട്ടുകൊണ്ടിരിക്കെ ആണ് തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെയും ദീര്‍ഘവീക്ഷണത്തോടെയും, മലബാറും കൊച്ചിയും തിരുവിതാംകൂറും ചേര്‍ന്നുള്ള കേരളം എന്ന നിലപാട് കേശവമേനോനും എന്‍.വി.യും മറ്റും സ്വീകരിച്ചത്.
ഏതാണ്ട് ഭൂരിപക്ഷം മലയാളികള്‍ ആഗ്രഹിച്ച രൂപത്തിലുള്ള ഒരു കേരളസംസ്ഥാനം ഉണ്ടായ ശേഷം കേരളത്തിന്റെ ഭാവി സംബന്ധമായ ഒട്ടേറെ കാര്യങ്ങളില്‍ വ്യക്തത കൈവരുത്താനുള്ള ചര്‍ച്ചകള്‍ക്കും ആശയരൂപവല്‍ക്കരണത്തിനും പത്രങ്ങളാണു വേദിയൊരുക്കിയത്. കേരളത്തിന്റെ തലസ്ഥാനം എവിടെ വേണം എന്നതും വലിയ ചര്‍ച്ചാവിഷയമായിരുന്നു. മാതൃഭൂമി പത്രത്തിന്റെ ഒരു പ്രത്യേകപതിപ്പില്‍ ഇതുസംബന്ധിച്ചുവന്ന ഒരു ഫീച്ചര്‍ പില്‍ക്കാലത്തു വായിച്ചതോര്‍ക്കുന്നു. കേരളത്തിന്റെ തലസ്ഥാനം തെക്കെ അറ്റത്തുള്ള തിരുവനന്തപുരം ആകരുതെന്നും ഭാവിയിലെ വികസനസാധ്യതകള്‍ കണക്കിലെടുത്ത് അത് ഒറ്റപ്പാലത്താവണം എന്നും നിര്‍ദ്ദേശിക്കുന്നതായിരുന്നു ലേഖനം. തൃശ്ശൂരും പാലക്കാടുമൊക്കെ ഇങ്ങനെ ഗൗരവപൂര്‍വം നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. ഇന്നു നമുക്കു പരിഹാസ്യമെന്നു തോന്നാവുന്ന അഭിപ്രായങ്ങളും ഭാവികേരളത്തെ സംബന്ധിച്ച് ഉയര്‍ന്നു വന്നിരുന്നു. കേരളത്തിന്റെ വിഭവങ്ങള്‍ ഉപയോഗിച്ച് ഇവിടെ പഠിച്ചുപാസ്സാകുന്ന കുട്ടികളെ കേരളത്തിനു പുറത്തു ജോലി ചെയ്യാന്‍ അനുവദിക്കുന്നത് ബ്രെയ്ന്‍ ഡ്രെയ്ന്‍ എന്നൊരു മഹാവിപത്തിനിടയാക്കുമെന്നും അതനുവദിക്കരുതെന്നുമായിരുന്നു അക്കാലത്തെ ഒരു ബുദ്ധിജീവി നിര്‍ദ്ദേശിച്ചത്്!
കേരളരൂപവല്‍ക്കരണം എന്തായാലും പത്രങ്ങള്‍ ഗംഭീരമായി ആഘോഷിക്കുകതന്നെ ചെയ്തു. സംസ്ഥാനത്തുടനീളമുള്ള ആഘോഷങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പത്രങ്ങളില്‍ നിറഞ്ഞുകവിഞ്ഞു. എങ്കിലും കേരളം മുഴുവന്‍ എത്തുന്ന ഒരു പത്രവും അക്കാലത്ത് ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. മുന്‍നിരയിലുള്ള പത്രങ്ങള്‍ക്കും ഒരോ പ്രിന്റ് എഡിഷനേ കേരളം രൂപം കൊള്ളുന്ന കാലത്തുണ്ടായിരുന്നുള്ളൂ. പിന്നെയും ആറു കൊല്ലം കഴിഞ്ഞേ ആദ്യമായി ഒരു പത്രത്തിനു രണ്ടാമതൊരു എഡിഷന്‍ ഉണ്ടാകുന്നുള്ളൂ.
കമ്യൂ. പാര്‍ട്ടി ഭരണവും പിന്നെ സി.ഐ.എ ചീത്തപ്പേരും
ഐക്യകേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പുതന്നെ മലയാളപത്രങ്ങള്‍ക്കു ഞെട്ടലാണ് ഉളവാക്കിയത്. നാലുപേര്‍ വായിക്കുന്ന ഒരു പത്രത്തിന്റെ പോലും പിന്തുണയില്ലാതെ, ഒരു കൂട്ടം ദേശീയപത്രങ്ങളുടെ അതിരൂക്ഷമായ എതിര്‍പ്പു നേരിട്ടുകൊണ്ടാണ് കമ്യൂണിസ്്റ്റ് പാര്‍ട്ടി കേരളത്തില്‍ ആദ്യമായും അവസാനമായും ഒറ്റയ്ക്ക് അധികാരത്തിലേറുന്നത്.
ഏതെങ്കിലും പത്രം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു പിന്നില്‍ ഉണ്ടായിരുന്നുവോ? ഒരു സ്വതന്ത്രപത്രം മാത്രം വല്ലാതെയങ്ങ് എതിര്‍ത്തില്ല എന്ന വേണമെങ്കില്‍ പറയാം. അതു കേരളകൗമുദിയാണ്. കൗമുദി കുടുംബത്തില്‍തന്നെ പെട്ടതെന്നു പറയാവുന്ന മറ്റു രണ്ടു പത്രങ്ങള്‍- കെ.ബാലകൃഷ്ണന്റെ കൗമുദിയും കെ.കാര്‍ത്തികേയന്റെ പൊതുജനം പത്രവും- കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തിയായി എതിര്‍ത്തിരുന്നു. തിരുവനന്തപുരത്തെ തലയെടുപ്പുള്ള പി.എസ്.പി.നേതാവ് പട്ടംതാണുപിള്ളയുടെ പാര്‍ട്ടി നടത്തിയ കേരള ജനതയും കമ്യൂണിസ്റ്റ് വിരുദ്ധപക്ഷത്തായിരുന്നു. മലയാള മനോരമ, അന്നു വടക്കന്‍ പത്രം മാത്രമായിരുന്ന മാതൃഭൂമി, കേരളഭൂഷണം, ഏറ്റവും പഴക്കമുള്ള ദീപിക തുടങ്ങിയവയുടെയൊന്നും കാര്യം പറയാനുമില്ല. എല്ലാവരും കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വരാതിരിക്കാന്‍ എന്തിനും തയ്യാറായവര്‍.
അമ്പത്തേഴിലെ തിരഞ്ഞെടുപ്പില്‍ ഏതെല്ലാം പത്രങ്ങള്‍ ഏതേതു പക്ഷത്തുനിന്നു എന്നു വിവരിക്കുന്നുണ്ട് മാധ്യമനിരീക്ഷകനായി എ.ജയശങ്കര്‍, വിമോചനസമരത്തെക്കുറിച്ചുള്ള തന്റെ ഗ്രന്ഥത്തില്‍. തിരഞ്ഞെടുപ്പില്‍ എതിര്‍ത്ത പല പാര്‍ട്ടികള്‍ക്കും പത്രങ്ങള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഭരണമേല്‍ക്കാന്‍പോലും അനുവദിക്കാന്‍ പാടില്ല എന്ന അഭിപ്രായം പോലും ഉണ്ടായിരുന്നു. പക്ഷേ, മാതൃഭൂമി പോലെ അപൂര്‍വം ചില പത്രങ്ങള്‍ ജനാധിപത്യപരമായ നിലപാടില്‍ ഉറച്ചുനിന്നു. മാതൃഭൂമി അന്നെഴുതിയ മുഖപ്രസംഗത്തില്‍നിന്നുള്ള പ്രസക്തഭാഗം ഇങ്ങനെ. ‘കേരളത്തിലെ തിരഞ്ഞെടുപ്പുഫലങ്ങള്‍ ഒരു പക്ഷേ, ആശിച്ചപ്രകാരം ആയില്ലെങ്കിലും അനന്തരകര്‍ത്തവ്യത്തെക്കുറിച്ച് ശങ്ക തോന്നാനിടയില്ല. തിരഞ്ഞെടുപ്പുകൊണ്ടു കമ്യൂണിസ്റ്റ്കക്ഷി കേരളഅസംബ്ലിയില്‍ ഏറ്റവും വലിയ കക്ഷിയായി വന്നിരിക്കുന്നു. ആ കക്ഷി കേരളസ്റ്റേറ്റില്‍ ഭരണം കൈയേല്‍ക്കുക എന്നത് പ്രജായത്തമര്യാദയാണ്.’ (5)
സി.പി.ഐ.യുടെ പക്ഷത്തുണ്ടായിരുന്നത് കോഴിക്കോട് നിന്നു പ്രസിദ്ധീകരിച്ചിരുന്ന ദേശാഭിമാനിയും കൊല്ലത്തുനിന്ന് ഇറങ്ങിയിരുന്ന ജനയുഗവും മാത്രമായിരുന്നു. പാര്‍ട്ടി പിന്തുണയോടെ ജയിച്ച സ്വതന്ത്രരുടെ കൂടി പിന്തുണയോടെ അധികാരമേറ്റ സി.പി.ഐ. മന്ത്രിസഭയ്‌ക്കെതിരെ പത്രങ്ങള്‍ ഏതാണ്ട് ഒന്നടങ്കം തുടക്കത്തില്‍തന്നെ ആഞ്ഞടിച്ചിരുന്നു. ഇക്കാര്യത്തിലാണ് പത്രങ്ങള്‍ തമ്മില്‍ വലിയ മത്സരംനടന്നത്. മുഖ്യമന്ത്രി ഇ.എം.എസ്സിനെയും അതിലേറെ മന്ത്രി വി.ആര്‍.കൃഷ്ണയ്യരെയും അതികഠിനമായി പത്രങ്ങള്‍ ആക്ഷേപിച്ചുപോന്നു. വിമര്‍ശനങ്ങളെ അവഗണിക്കുക എന്നതായിരുന്നില്ല അന്നത്തെ ഭരണനയം. നിരവധി പത്രങ്ങള്‍ക്കെതിരെ മന്ത്രിമാര്‍ മാനനഷ്ടക്കേസ്സ് ഫയല്‍ ചെയ്തു. അന്നേ നിയമജ്ഞനായ നിയമമന്ത്രി വി.ആര്‍.കൃഷ്ണയ്യര്‍തന്നെയാണ് ഇതിനു തുടക്കമിട്ടത്്.
പില്‍ക്കാലത്ത് മാന്യതയുടെയും നീതിബോധത്തിന്റെയും ജനാധിപത്യമൂല്യത്തിന്റെയുമെല്ലാം പ്രതീകമായ ഉയര്‍ന്ന വി.ആര്‍.കൃഷ്ണയ്യരുടെ അക്കാലത്തെ നിയമസഭാ പ്രകടനം അത്രയൊന്നും അഭിനന്ദനീയമായിരുന്നില്ല എന്നാണ് അന്നത്തെ പത്രങ്ങള്‍ വായിച്ചാല്‍ മനസ്സിലാവുക. അന്നത്തെ പത്രങ്ങളുടെ കമ്യൂണിസ്റ്റ് വിരോധമാണോ ആ നിലപാടിനു കാരണം എന്നും പറയാവില്ല. പ്രമുഖ പത്രാധിപരും ആര്‍.എസ്.പി.നേതാവുമായ കെ.ബാലകൃഷ്ണന്‍ കൃഷ്ണയ്യര്‍ക്കെതിരെ നടത്തിയത് കടുത്ത കടന്നാക്രമണം തന്നെയാണ്. ‘ രാജ്യത്തെ ഒരു മന്ത്രി കൂടിയാണല്ലോ കൃഷ്ണയ്യര്‍. അദ്ദേഹത്തിനു പക്വത വരാനുള്ള പ്രായവും കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും ബ്രഹ്മാവ് ഫയലു പാസ്സാക്കിയപ്പോള്‍ എന്തോ മറന്നുപോയെന്ന തോന്നലുണ്ടാക്കുമാറാണ് അദ്ദേഹത്തിന്റെ നാക്കൊന്നു വളച്ചാല്‍ അനുഭവപ്പെടുക’- കെ.ബാലകൃഷ്ണന്‍ പേരുവെച്ചഴുതിപ്പോന്ന ‘സത്യമേവ ജയതേ’ എന്ന തലക്കെട്ടിലെഴുതിയ കൗമുദിക്കുറിപ്പുകള്‍ പംക്തിയില്‍ ആക്ഷേപിച്ചു.
വിദ്രോഹപരമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു എന്ന പേരില്‍ അഞ്ചു ദിനപത്രങ്ങളുടെയും പത്രാധിപ-പ്രസാധകന്മാരുടെ പേരില്‍ കേസ് എടുത്തതായി 1959 ജുലായി 19ന് മാതൃഭൂമി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ദീപിക, മലയാള മനോരമ, കേരളജനത, കൗമുദി പത്രങ്ങള്‍ക്കെതിരെയാണ് കേസ് എടുത്ത് ഓഫീസുകള്‍ റെയ്ഡ് ചെയ്്തത്. വിദ്രോഹപരമായ പ്രസംഗം നടത്തിയതിന് പ്രമുഖ പ്രതിപക്ഷനേതാക്കന്മാരായ പനമ്പിള്ളി ഗോവിന്ദമേനോന്‍, മന്ദത്തു പത്മനാഭന്‍, ആര്‍.എസ്.പി.നേതാവ് ബേബി ജോണ്‍ എന്നിവര്‍ക്കെതിരെയും കേസ് എടുത്തതായി ഇതേ റിപ്പോര്‍ട്ടിലുണ്ട്. വിമോചനസമരത്തോടെ സര്‍ക്കാറും പ്രതിപക്ഷവും തമ്മിലുള്ള വൈരം അത്ര മൂര്‍ച്ഛിച്ചിരുന്നു. പില്‍ക്കാലത്തൊന്നും ഇത്തരം നടപടികള്‍ ഒരു സര്‍ക്കാറും പത്രങ്ങള്‍ക്കെതിരെ എടുത്തിട്ടില്ല.
വിമോചനസമരം തുടങ്ങിയ ശേഷം സ്ഥിതി കൂടുതല്‍ മോശമായി. ശരിക്കും ഭരണ-പ്രതിപക്ഷങ്ങള്‍ത്തമ്മില്‍ യുദ്ധസമാനമായ ഏറ്റുമുട്ടല്‍ത്തന്നെയാണ് നടന്നത്. മിക്കവാറും പത്രങ്ങള്‍ ഞാന്‍ ഞാന്‍ മുന്നില്‍ എന്ന ഭാവത്തില്‍ സമരക്കാര്‍ക്ക് വീര്യം പകരാന്‍ നിലയുറപ്പിച്ചു. അപൂര്‍വം പത്രങ്ങളേ പക്വമായ വിമര്‍ശനങ്ങള്‍ക്കു തയ്യാറായുള്ളൂ. 1959 ജൂണ്‍ 12 നടന്ന സംസ്ഥാന വ്യാപക ഹര്‍ത്താലോടെയാണ് വിമോചനസമരം ഉദ്ഘാടനം ചെയ്യപ്പെട്ടത്. തുടര്‍ന്നു സമരക്കാരും സമരവിരുദ്ധരും പോലീസും എല്ലാം ഒപ്പത്തിനൊപ്പം അക്രമാസക്തരായി. പലേടത്തും വെടിവെപ്പുകള്‍ നടന്നു.
ഇ.എം.എസ് മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ടതോടെ സമരം അവസാനിച്ചെങ്കിലും പത്രങ്ങള്‍ക്കെതിരായ സമരം പിന്നീടാണ് ആരംഭിക്കുന്നത്. കമ്യൂണിസ്റ്റ്്ു ഗവണ്മെന്റിനെ താഴെയിറക്കാന്‍ സംസ്ഥാനത്തെ നിരവധി പത്രങ്ങള്‍ സി.ഐ.എ.യുടെ പണംപറ്റി എന്ന ആരോപണം പില്‍ക്കാലത്ത് ഉയര്‍ന്നുവരികയും മാധ്യമചരിത്രത്തിലെ നാണക്കേടുണ്ടാക്കുന്ന ഒരു അധ്യായമായി നിലനില്‍ക്കുകയും ചെയ്തു.
വിമോചനസമരത്തില്‍ പങ്കാളികളാവുകയും കമ്യൂണിസ്റ്റ് ഭരണത്തെയും നേതാക്കളെയും അത്യുച്ചത്തില്‍ അധിക്ഷേപിക്കുകയും ചെയ്ത നിരവധി പേര്‍ ആറേഴുവര്‍ഷംകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പക്ഷത്തെത്തുകയും 1967ലെ സപ്തകക്ഷി മുന്നണി ഭരണത്തില്‍ പങ്കാളികളാകുകയും ചെയ്തു. ആര്‍.എസ്.പി.യും കെ.ടി.പി.-കെ.എസ്.പി. പാര്‍ട്ടികളും മുസ്ലിം ലീഗും സോഷ്യലിസ്റ്റുകളും ഇക്കൂട്ടത്തില്‍പെടും.
എന്തൊരു മത്സരം..എന്തൊരു വളര്‍ച്ച
പത്രങ്ങള്‍ ഉണ്ടായ കാലം മുതല്‍തന്നെ പത്രങ്ങള്‍തമ്മില്‍ മത്സരവും ഉണ്ടായിരുന്നിരിക്കാം. വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ മറ്റുള്ളവരെ തോല്പിക്കുന്നതിലാവാം ആ മത്സരം. നല്ല പ്രസിദ്ധീകരണം ആവണം, കൂടുതല്‍ പേര്‍ വായിക്കണം, ആളുകളുടെ പിന്തുണയും അടുപ്പവും ഉണ്ടാക്കണം തുടങ്ങിയ നിര്‍ദ്ദോഷമായ വിചാരങ്ങളാണ് മത്സരത്തിനു പ്രേരിപ്പിച്ചിട്ടുണ്ടാവുക. വില്പന കൂട്ടുക, കൂടുതല്‍ പരസ്യമുണ്ടാക്കുക, ലാഭം പെരുപ്പിക്കുക തുടങ്ങിയ ചിന്തകള്‍ എഴുപതുകള്‍ക്കു ശേഷമാവണം ശക്തി പ്രാപിച്ചത്.
എന്തായാലും മുന്‍നിരയില്‍നിന്ന മലയാളപത്രങ്ങളായ മാതൃഭൂമിയും മലയാളമനോരമയും തമ്മിലുള്ള മത്സരമാണ് അര നൂറ്റാണ്ടായി മലയാള മാധ്യമരംഗത്തെ ഏറ്റവും ശ്രദ്ധേയമായ മത്സരം എന്നു കരുതുന്നതില്‍ തെറ്റില്ല. ദൃശ്യമാധ്യമപ്പോരിനെ പെടുത്താതെയാണ് ഇങ്ങനെ പറയുന്നത്. കണ്ണൂര്‍ മുതല്‍ പാലക്കാട് വരെ സ്വാധീനമുള്ള മാതൃഭൂമിയും കോട്ടയം ബെല്‍ട്ടില്‍ സ്വാധീനമുള്ള മനോരമയും അവരവരുടെ മേഖലയില്‍ ഒതുങ്ങിനില്‍ക്കുകയായിരുന്നു അമ്പതുകള്‍വരെ. കേരള രൂപവല്‍ക്കരണവുമായി ബന്ധമുണ്ടെങ്കിലും ഇല്ലെങ്കിലും ആ ചരിത്രസംഭവത്തിനു ശേഷമാണ് രണ്ടു പത്രങ്ങളും തമ്മില്‍ ശരിക്കുമുള്ള മത്സരം ആരംഭിക്കുന്നത്. കോഴിക്കോടന്‍ പത്രം എന്ന നില വിട്ട് കേരള പത്രമാകാനുള്ള തീരുമാനം മാതൃഭൂമി 1962 ല്‍ നടപ്പാക്കുന്നത് കൊച്ചിയില്‍ രണ്ടാമത്തെ യൂണിറ്റ് തുടങ്ങിക്കൊണ്ടാണ്. അങ്ങനെ രണ്ടാമത്തെ യൂണിറ്റ് തുറക്കുന്ന ആദ്യത്തെ പത്രം എന്ന സ്ഥാനം മാതൃഭൂമി നേടി. സംഗതിയുടെ ഗൗരവം തിരിച്ചറിയാനും കോഴിക്കോട്ട് തങ്ങളുടെ രണ്ടാമത്തെ എഡിഷന്‍ തുടങ്ങാനും തീരുമാനിക്കുന്നതിന് മലയാള മനോരമയ്ക്ക് അധികം ആലോചിക്കേണ്ടിവന്നില്ല. 1966 ല്‍ മനോരമ കോഴിക്കോട്ട് യൂണിറ്റ് തുടങ്ങി.
1962ല്‍ കൊച്ചിയില്‍ യൂണിറ്റ് സ്ഥാപിക്കുന്ന കാലത്ത് മാതൃഭൂമിക്കു 1,70,000 കോപ്പിയാണ് പ്രചാരമുണ്ടായിരുന്നത്. അന്ന് മനോരമയേക്കാള്‍ 19,000 കോപ്പി കൂടുതലുണ്ടായിരുന്നു മാതൃഭൂമിക്ക്്. കോഴിക്കോട്ട് മനോരമ യൂണിറ്റ് തുടങ്ങിയ ശേഷം നില മാറിത്തുടങ്ങി. എഴുപതുകളിലേക്കു കടന്നതോടെ മനോരമ മുന്നിലെത്തി. ഇരുപത്രങ്ങളുടെയും സര്‍്ക്കുലേഷന്‍ നന്നായി ഉയരുന്നുണ്ടായിരുന്നു. പക്ഷേ, അതോടൊപ്പം സര്‍ക്കുലേഷനിലെ വ്യത്യാസവും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. പ്രശസ്ത ഗവേഷകനായ റോബിന്‍ ജെഫ്‌റി മലയാളമുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളെക്കുറിച്ചു എഴുതിയ പഠനഗ്രന്ഥത്തില്‍ നമ്മുടെ പത്രവായനസമൂഹത്തിന്റെ സവിശേഷതകള്‍ വിവരിച്ചിട്ടുണ്ട്്(6)
സെന്‍സസ് തുടങ്ങിയ 1870കള്‍ മുതല്‍ കേരളമാണ് ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള പ്രദേശം എന്നു റോബിന്‍ ജെഫ്‌റി ചൂണ്ടിക്കാട്ടുന്നുണ്ട്. പത്രവായനയ്ക്ക് അവശ്യം വേണ്ട ഈ യോഗ്യത സ്വാഭാവികമായും പത്രത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തി. ക്രിസ്ത്യന്‍ സഭാപ്രവര്‍ത്തനം സാക്ഷരതയെ എന്നപോലെ നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം ഇടതുപക്ഷ ചിന്തയെ വളര്‍ത്താനും കാരണമായി. അതിവേഗം വളര്‍ന്ന രാഷ്ട്രീയപ്രബുദ്ധതയും സാക്ഷരതയോടൊപ്പം പത്രപ്രചാരം ഉയര്‍ത്തി. നായന്മാര്‍ക്കിടയിലെ മരുമക്കത്തായം സ്ത്രീവിദ്യാഭ്യാസത്തെ സഹായിച്ചെന്നും ഇതും വീടുകളില്‍ പത്രം എത്താന്‍ കാരണമായെന്നും റോബിന്‍ ജെഫ്‌റി എഴുതി.
ക്ഷേമവും സമത്വവും ഉള്ള സമൂഹം രൂപപ്പെടുത്താനുള്ള ആശയപ്രകാശനവും പ്രവര്‍ത്തനവും സാധ്യമാക്കിയ പത്രങ്ങള്‍ ആ നിലയില്‍ നിന്നു മാറി ബഹുജനമാധ്യമമാകുന്ന പ്രക്രിയ ആരംഭിച്ചത് അറുപതുകളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളം സംസ്ഥാനമായ ആദ്യവര്‍ഷംതന്നെ കേരളത്തില്‍ 2,46,000 കോപ്പിയായിരുന്നു മൊത്തം പത്രപ്രചാരം. പത്തു വര്‍ഷത്തിനകം 1967 ല്‍ പ്രചാരം മൂന്നിരട്ടിയോളം കുതിച്ച് 6,88,000 ആയി. ആയിരം പേര്‍ക്ക് പതിനാറു പത്രമെന്ന 1957 ലെ നില 2001 ല്‍ ആയിരത്തിന് 94 ആയി. പത്രവളര്‍ച്ചയും സംസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ചയും ഒരേ തോതിലായിരുന്നില്ല-പത്രം മുന്നിലും സമ്പദ് വ്യവസ്ഥ പിന്നിലുമായിരുന്നു വളര്‍ച്ചയുടെ കാര്യത്തില്‍. രാഷ്ട്രീയബോധം പൗരന്മാരില്‍ എത്തിയതിന്റെ അനുപാതത്തിലാണ് പത്രം എത്തിയത് എന്നു പറയാം. ഇതിനെന്താണ് തെളിവ്? 1957 ല്‍ 78 ശതമാനവും 1960 85ശതമാനവും കേരളീയര്‍ ബൂത്തുകളിലെത്തിയപ്പോള്‍ ദേശീയശരാശരി വെറും 48 ശതമാനമായിരുന്നു എന്നതുതന്നെ.
1960ല്‍ പത്തു മലയാളപത്രങ്ങള്‍ ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷനില്‍ അംഗത്വം നേടിയിരുന്നു. ഈ പത്തു പത്രങ്ങളുടെ ഒരു ദിവസത്തെ ആകെ പ്രചാരം 3,41,000 കോപ്പി ആയിരുന്നു. 2002ല്‍ നാലു പത്രങ്ങളേ എ.ബി.സി.യില്‍ തുടര്‍ന്നുള്ളൂ. പക്ഷേ, അവയുടെ മൊത്തം വില്പന 28 ലക്ഷമായി ഉയര്‍ന്നു. 1960ലെ മൊത്തം പത്രവില്പനയില്‍ മാതൃഭൂമിയുടെ പങ്ക് അമ്പതു ശതമാനമായിരുന്നെങ്കില്‍ 2002 ല്‍ അത് 87 ശതമാനമായി ഉയര്‍ന്നു. 2016 ജനവരി-ജൂണ്‍ കാലത്തെ മലയാള പത്രങ്ങളുടെ മൊത്തം സര്‍ക്കുലേഷന്‍ 46 ലക്ഷം ആണ് എ.ബി.സി. റിപ്പോര്‍ട്ട് പ്രകാരം. (മലയാള മനോരമ, മാതൃഭൂമി, മാധ്യമം, ദേശാഭിമാനി പത്രങ്ങളേ എ.ബി.സി.യില്‍ ഉള്ളൂ) രാജ്യത്തിന്റെ ജനസംഖ്യയില്‍ കേരളം മൂന്നു ശതമാനമേ ഉള്ളൂ എങ്കിലും പത്രവില്പനയില്‍ മലയാളം പത്തു ശതമാനമെത്തിയിട്ടുണ്ട്. പ്രാദേശിക ഭാഷകളില്‍ ഹിന്ദിക്കു ചുവടെ മലയാളമാണ്.
അറുപതുകള്‍ക്കു മുമ്പത്തെ മത്സരവുമായി ഇന്നത്തെ മത്സരത്തെ താരതമ്യപ്പെടുത്താന്‍ കഴിയില്ല. ആശയങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് അക്കാലത്ത് കാര്യമായി നടന്നിരുന്നത്. അറുപത്തിരണ്ടിനു ശേഷമാണ് ഉല്പന്നത്തിന്റെ വിപണി വിശാലമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മത്സരം നടക്കുന്നത്. നല്ല വാര്‍ത്ത കൊടുക്കുക എന്നതില്‍നിന്ന് കൂടുതല്‍ കോപ്പി വില്‍ക്കുക എന്നതായി മുഖ്യലക്ഷ്യം. ഇതിനു പരസ്യലഭ്യതമായാണ് ബന്ധം. വായനക്കാരന്റെ എണ്ണം കൂടിയാല്‍ മാത്രം പോര.
വാങ്ങല്‍ശേഷിയുള്ളവരായിരിക്കണം അവര്‍. പ്രധാന പത്രസ്ഥാപനങ്ങള്‍ നാട്ടിലെങ്ങും സ്ഥാപിക്കുന്ന പരസ്യബോര്‍ഡുകളില്‍ പത്രത്തിന്റെ ഗുണത്തെക്കുറിച്ചോ ഉള്ളടക്കത്തെക്കുറിച്ചോ അല്ല അവകാശവാദങ്ങള്‍ ഉണ്ടാവുക; പത്രത്തിന്റെ പ്രചാരത്തെക്കുറിച്ചാണ്. അതുകൊണ്ടു നമുക്കെന്തുകാര്യം എന്നു വായനക്കാരന്‍ സംശയിച്ചേക്കാം. വായനക്കാര്‍ വായിക്കാനല്ല, പരസ്യക്കാര്‍ വായിക്കാനാണ് ഈ പ്രചരണബോര്‍ഡുകള്‍ എന്നവര്‍ ഓര്‍ക്കാറില്ല!
1962ല്‍ രണ്ടു യൂണിറ്റുള്ള ഒരു പത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് രണ്ടു യൂണിറ്റ് മാത്രമുള്ള ഒരു പത്രം പോലും കാണില്ല. വയനാട്, ഇടുക്കി, കാസറഗോഡ് എന്നീ ജില്ലകളിലൊഴികെ എല്ലാ ജില്ലകളിലും മിക്ക പത്രങ്ങള്‍ക്കും എഡിഷനുകളുണ്ട്. കൂടുതല്‍ ഉള്‍പ്രദേശങ്ങളില്‍ വായനക്കാരനു കൂടുതല്‍ നേരത്തെ പത്രമെത്തിക്കുന്നതിനുള്ള മത്സരമാണ് ഇത്രയും യൂണിറ്റുകള്‍ ഉണ്ടാകാന്‍ കാരണം. ഈ മത്സരം കേരളത്തിനു പുറത്തേക്കും പരന്നു. കേരളത്തിനകത്തുള്ളതിനേക്കാള്‍ പുറത്ത് എഡിഷനുകളുള്ള ഒരു പത്രമെങ്കിലുമുണ്ട്. മാധ്യമം ആദ്യത്തെ ഇന്റര്‍നാഷനല്‍ മലയാളംപത്രമാണ്. കേരളത്തിനു പുറത്തെ പത്തു യൂണിറ്റുകളില്‍ ഒമ്പതും വിദേശ(വിദേശം എന്നാല്‍ ഗള്‍ഫ്) രാജ്യങ്ങളിലാണ്.
പത്രങ്ങളുടെ പ്രചാരത്തിലുള്ള വര്‍ദ്ധന ഗുണനിലവാരത്തിലുള്ള വര്‍ദ്ധനയുടെ സൂചനയായി കണക്കാക്കാന്‍ പറ്റുമോ? പ്രയാസമാണ്. എല്ലാ ദിവസവും വിപണിയിലെത്തുന്ന ഉല്പന്നമാണ് പത്രം. ഗുണനിലവാരം എന്ന പഴയ അര്‍ത്ഥത്തിലുള്ള മികവു കൊണ്ടു മാത്രം പിടിച്ചുനില്‍ക്കാന്‍ കഴിയുമായിരിക്കും. പക്ഷേ, വിപണിയിലെ ആധിപത്യം നിലനിറുത്താന്‍ ഉല്പന്നത്തിന്റെ ജനപ്രിയത വര്‍ദ്ധിപ്പിച്ചേ തീരൂ. പത്രങ്ങള്‍ സെന്‍സേഷനല്‍ ആവുന്നു എന്ന പരാതി വ്യാപകമാകുന്നതിന് ഇതൊരു കാരണം തന്നെ. ആളെണ്ണം കൂടുതലുള്ള, സംഘടിതവിഭാഗങ്ങളെ പ്രീണിപ്പിക്കലും ഇതിന്് ആവശ്യമാകുന്നു. പരമ്പരാഗത അര്‍ത്ഥത്തിലുള്ള ഗുണനിലവാരമല്ല പുതിയ കാലത്തെ വിജയത്തിനാധാരം. ഇതു പത്രങ്ങളുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നു, ഒപ്പം പത്രങ്ങളെക്കുറിച്ചുള്ള വായനക്കാരന്റെ പരാതികളും പല മടങ്ങു വര്‍ദ്ധിക്കുന്നു.
കേരളനവോത്ഥാനത്തെ പിറകോട്ടു വഹിച്ചത് മലയാളമാധ്യമങ്ങളാണെന്ന് ഈയിടെ എഴുത്തുകാരന്‍ സക്കറിയ ആക്ഷേപിച്ചതില്‍ കഴമ്പില്ലാതില്ല. അറുപതു വര്‍ഷം മുമ്പത്തെ മലയാളപത്രങ്ങളിലെ ഉള്ളടക്കത്തില്‍ മതം എത്രത്തോളം ഉണ്ടായിരുന്നു? ഇന്ന് എത്രത്തോളം ഉണ്ട്? സ്ഥിതിവിവരക്കണക്കുകളൊന്നും ആവശ്യമില്ല-നമുക്കറിയാം മുഖ്യധാരാമാധ്യമങ്ങള്‍ മതങ്ങളെ പ്രീണിപ്പിക്കുകയായിരുന്നു. മതമത്സരത്തിന് ആക്കം കൂട്ടുകയായിരുന്നു. അതിന്റെ ദോഷം സമൂഹത്തില്‍ പ്രകടമാകുന്നത് സ്വാഭാവികംമാത്രം.
ഭാഷയിലെ മാറ്റം, പ്രൊഫഷനലിസത്തിന്റെ വരവ്
വാര്‍ത്തയില്‍ ആളുകളുടെ പേരു ചേര്‍ക്കുമ്പോള്‍ ശ്രീ എന്നു മുന്‍പില്‍ ചേര്‍ക്കാറുണ്ട് എന്ന്് ഓര്‍ക്കുന്നവരും അറിയുന്നവരും ഇന്ന് അധികം കാണില്ല. ബ്രിട്ടീഷ് ഭരണകാലത്തും തുടര്‍ന്നു കുറെക്കാലവും മി. എന്നാണ് എഴുതാറുള്ളത്. മിസ്റ്റര്‍ ഗാന്ധി എന്ന് മഹാത്മാഗാന്ധിയെ വിളിച്ച പത്രം എന്ന ചീത്തപ്പേര് ഇപ്പോഴും മലയാള മനോരമയുടെ പേരിലുണ്ട്. പിന്നീടാണ് ശ്രീ വന്നത്. എഴുപതുകളിലാണ് ശ്രീയും വേണ്ട മി.യും വേണ്ട എന്ന ചിന്ത വന്നത്്. ആദ്യമായി ശ്രീ ഉപേക്ഷിച്ചതു മലയാള മനോരമയാണ്-1972 ഡിസംബര്‍ 31ന് ആണ് ആ തീരുമാനം നടപ്പാകുന്നത്. അതു കണ്ടപ്പോഴാണ് പണ്ഡിതനായ ദേശാഭിമാനി പത്രാധിപര്‍ പി.ഗോവിന്ദപ്പിള്ളയ്ക്ക് ഒരു ഗ്രാന്‍ഡ് ഐഡിയ ഉണ്ടായത്. ദേശാഭിമാനിയില്‍ പാര്‍ട്ടി അംഗങ്ങളുടെയും അനുഭാവികളുടെയുമെല്ലാം പേരുകള്‍ വാര്‍ത്തകളില്‍ ചേര്‍ക്കുമ്പോള്‍ മുന്നില്‍ സഖാവ് എന്നു ചേര്‍ക്കുമായിരുന്നു. സഖാവ് ഉപേക്ഷിച്ചാല്‍ ഭൂകമ്പമുണ്ടാകുമെന്നു പലരും ഭയപ്പെടുത്തിയെങ്കിലും സംഗതി പ്രാവര്‍ത്തികമാക്കിയപ്പോള്‍ പ്രശ്‌നമൊന്നും ഉണ്ടായില്ല.
മാതൃഭൂമി രണ്ടാമതൊരു എഡിഷന്‍ തുടങ്ങിക്കൊണ്ട് മലയാള പത്രരംഗത്തെ നീണ്ടുനില്‍ക്കുന്ന വികേന്ദ്രീകരണവിപ്ലവത്തിനു തുടക്കംകുറിച്ച 1962ല്‍ തന്നെയാണ് ശ്രീലങ്കക്കാരന്‍ ടാര്‍സി വിറ്റാച്ചി എന്ന ന്യൂസ് പേപ്പര്‍ കണ്‍സള്‍ട്ടന്റിനെ മലയാള മനോരമ കേരളത്തിലേക്കു കൊണ്ടുവരുന്നത്. ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ആയിരുന്നു ടാര്‍സി വിറ്റാച്ചിയുടെ സ്ഥാപനം. മനോരമ മറ്റു പത്രങ്ങളെയും ആ വിദഗ്ദ്ധന്റെ സേവനം ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചു. അന്നത്തെ ചീഫ് എഡിറ്റര്‍ കെ.എം.ചെറിയാന്റെ അനുജന്‍ കെ.എം.മാത്യൂ ആയിരുന്നു ഇതിനു കാരണക്കാരന്‍. എല്ലാ പത്രങ്ങളിലും പോയിത്തന്നെ ആ വിദഗ്ദ്ധന്‍ പത്രങ്ങളില്‍ എന്തെല്ലാം ഗുണപരമായ മാറ്റങ്ങള്‍ വരുത്താം എന്നതിനെക്കുറിച്ച് വിസ്തരിച്ച് ചര്‍ച്ച നടത്താനും തയ്യാറായി. പ്രൊഫഷനലിസത്തിന്റെ വരവായി ഇതിനെ കണക്കാക്കാം.
ഒരു യൂണിറ്റില്‍നിന്നു തന്നെ വ്യത്യസ്ത പ്രദേശങ്ങള്‍ക്കായി പ്രാദേശിക പേജുകള്‍ തുടങ്ങാം എന്ന ആശയം കേരളത്തിലെത്തിയത് ടാര്‍സി വിറ്റാച്ചിയിലൂടെയാണെന്ന് അക്കാലം മുതലുള്ള മലയാള പത്രപരിണാമം നേരില്‍ കണ്ട പത്രപ്രവര്‍ത്തന ആചാര്യന്‍ തോമസ് ജേക്കബ്ബ് ഓര്‍ക്കുന്നു.(7) പത്രസ്ഥാപനങ്ങളെ സംബന്ധിച്ച് ഇതൊരു വലിയ മാറ്റമായിരുന്നു. പക്ഷേ, വായനക്കാര്‍ അന്നും ഇന്നും ഇതിനെ മനസ്സുകൊണ്ട് സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. മാഹി പാലത്തിന് ഇപ്പുറം വായിച്ച വാര്‍ത്ത, പാലത്തിന് അപ്പുറം വില്‍ക്കുന്ന പത്രത്തില്‍ കാണില്ല എന്ന കാര്യം അക്കാലത്ത് ആളുകള്‍ അദ്ഭുതത്തോടെയും തെല്ല് അരിശത്തോടെയും ചര്‍ച്ച ചെയ്തത് ഇന്നും ഓര്‍ക്കുന്നു. അനിവാര്യമായ ഒരു വിപ്ലവം ആയിരുന്നു അതെന്നു നമുക്ക് ഇന്നറിയാം. അത്രത്തോളം പ്രാദേശികവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതുകൊണ്ടാണ് പത്രങ്ങള്‍ ഇത്രയും വേഗത്തില്‍, ഇത്രയും ആഴത്തില്‍ ജനഹൃദയങ്ങളിലെത്തിയത്.
ന്യൂസ്പ്രിന്റ് ക്ഷാമത്തിന്റെ കാര്യം പറഞ്ഞല്ലോ. ന്യൂസ്പ്രിന്റ് ക്ഷാമം ഇല്ലായിരുന്നുവെങ്കില്‍ ടൈറ്റ് എഡിറ്റിങ്ങ് എന്ന ആശയം വേരുപിടിക്കില്ലായിരുന്നു. വെട്ടിക്കളയാവുന്ന ഓരോ വാക്കും വെട്ടിക്കളയണം എന്നു വാര്‍ത്തയെഴുത്തുകാരെയും എഡിറ്റര്‍മാരെയും പഠിപ്പിച്ചത് നല്ല ഭാഷ ഉണ്ടാകാന്‍ വേണ്ടി മാത്രമല്ല, കുറഞ്ഞ സ്ഥലം ഉപയോഗിച്ച് കൂടുതല്‍ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ വേണ്ടിക്കൂടിയാണ്. ഒരു ജേണലിസം വര്‍ക്‌ഷോപ്പില്‍ ഇങ്ങനെ പരീക്ഷിച്ചുനോക്കിയപ്പോള്‍ മൂന്നിലൊന്നു സ്ഥലം വരെ ലാഭിക്കാന്‍ കഴിയുമെന്നു കണ്ടെത്തിയതായി പല പഴയകാല പത്രപ്രവര്‍ത്തകരും ഓര്‍മിപ്പിക്കാറുണ്ട്. ഈ ചിന്ത പ്രൊഫഷനല്‍ പത്രാധിപന്മാരില്‍ മാത്രം ഒതുങ്ങിനിന്ന ചിന്തയല്ല. ജനയുഗം പതത്തിലെ ഒരു ലേഖകന്‍ എഴുതിയയച്ച് ഒരു വാര്‍ത്ത ഇങ്ങനെ-
കരുനാഗപ്പള്ളി, ജൂണ്‍ 11ന് ഇതിനടുത്തു ചാമ്പക്കുളത്തു വീട്ടില്‍ ഇന്നലെ രാത്രിയുണ്ടായ കൊടുങ്കാറ്റില്‍പെട്ട്് ഒരു തെങ്ങു മറിഞ്ഞുവീണ് ഉറങ്ങിക്കിടന്ന അമ്മയും കുഞ്ഞും തല്ക്ഷണം കൊല്ലപ്പെട്ട ഒരു ദാരുണസംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു-
ഇതുവായിച്ച പത്രാധിപര്‍ കാമ്പിശ്ശേരി കരുണാകരന്‍ ചോദിച്ചത് നാട്ടിന്‍പുറത്തെ ആര്‍ക്കും ചോദിക്കാവുന്ന ചോദ്യമാണ്. തെങ്ങുവീണ് അമ്മയും കുഞ്ഞും മരിച്ചു എന്നു പറയുന്നതിന് ഇത്രയും സാഹസം വേണോ? നിര്യാതനായിരിക്കുന്നു എന്ന് എഴുതിയാലും അദ്ദേഹം പരിഹസിക്കും-നിര്യാതനായാല്‍ പോരേ, പിന്നെയെന്തിന് ഇരിക്കുന്നു? (8)
സ്വാതന്ത്ര്യം കിട്ടുംവരെ ദേശീയവാര്‍ത്തകളാണ് പത്രങ്ങളില്‍ ഏറെ സ്ഥലം കയ്യടക്കിയിരുന്നത്. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി നാട്ടില്‍നടന്ന സംഭവങ്ങളും ധാരാളം സ്ഥലംകയ്യടക്കി. നാട്ടുകാര്‍ക്ക് വാര്‍ത്തകളില്‍ വലിയ പങ്കാളിത്തം ഉണ്ടായിരുന്നില്ല. ഒരുവിധപ്പെട്ടവരൊന്നും മരിച്ചാല്‍പോലും വാര്‍ത്താവിഷയമാകാറില്ല. എണ്‍പതുകളുടെ ആരംഭം വരെ ഇതായിരുന്നു സ്ഥിതി എന്ന് അക്കാലത്ത് പത്രപ്രവര്‍ത്തനം തുടങ്ങിയ ഈ ലേഖകന് നേരിട്ടറിയാം. വലിയ പത്രങ്ങളിലൊന്നും ചരമപ്പേജ് ഉണ്ടായിരുന്നില്ല. പ്രധാന വാര്‍ത്താപേജിന്റെ ഒന്നാം കോളത്തില്‍ ചുവടെ മൂന്നോ നാലോ ചരമക്കുറിപ്പുകളാണ് സാധാരണ ഉണ്ടാവുക. പരേതാത്മാക്കള്‍ ക്രമേണ കൂടുതല്‍ കൂടുതല്‍ സ്ഥലം കയ്യടക്കി. ഇപ്പോള്‍ ഒരു പേജൊന്നും പോരാ എന്നാണ് മുറവിളി.
വെറും ആറു പേജാണ് അക്കാലത്ത് പ്രധാനപത്രങ്ങള്‍ക്കു പോലും ഒരു ദിവസം ഉണ്ടാകുക. ഇന്നു പതിനാറാണ് ശരാശരി; നഗരം പോലുള്ള സ്‌പെഷല്‍ പേജുകള്‍ വേറെ.
കേരളസംസ്ഥാനം രൂപവല്‍ക്കരിക്കപ്പെട്ടതോടെയാണ് സംസ്ഥാനവികസനം സംബന്ധിച്ച വാര്‍ത്തകള്‍ക്കു പ്രാധാന്യം കിട്ടിത്തുടങ്ങിയത്. പഞ്ചവത്സരപദ്ധതി ഇപ്പോഴും ഉണ്ടോ? നാട്ടുകാരോടു ചോദിച്ചാല്‍ ഉത്തരം കിട്ടിയെന്നു വരില്ല. (പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി 2017 ല്‍ അവസാനിച്ചു). പക്ഷേ, ആദ്യകാലത്ത് മാതൃഭൂമിയൊക്കെ വലിയ സൈസിലുള്ള പത്തുംനൂറും പേജുള്ള പ്രത്യേക പഞ്ചവത്സരപദ്ധതി പതിപ്പുകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. പ്രധാനമന്ത്രിമാര്‍ കേരളപര്യടനം നടത്തുമ്പോള്‍ ഓരോ പ്രസംഗവും ആദ്യാവസാനം പൂര്‍ണരൂപത്തില്‍ അനേകകോളങ്ങള്‍ നിറയെ പ്രസിദ്ധീകരിക്കാറുമുണ്ട്്. ഇന്ന് ഒരു പ്രസംഗം-ആരുടേതായാലും- ഏതാനും ഇഞ്ചുകള്‍ കവിയില്ല.
പത്രങ്ങളുടെ സമീപനങ്ങളില്‍ കുറെയെല്ലാം സ്വതന്ത്രസ്വഭാവം ഉണ്ടായതും അറുപതുകളിലാണ് എന്നു കാണാം. എന്‍.വി.കൃഷ്ണവാരിയരുടെയും കെ.പി.കേശവമേനോന്റെയും മറ്റും നിലപാടുകള്‍ കാരണം മാതൃഭൂമി പത്രത്തില്‍ കുറെയെല്ലാം സ്വതന്ത്രനിലപാടുകള്‍ ചില പ്രശ്‌നങ്ങളില്‍ സ്വീകരിച്ചുകണ്ടിട്ടുണ്ടെങ്കിലും പത്രം കോണ്‍ഗ്രസ് ചായ്‌വാണു പുലര്‍ത്തിയിരുന്നത്. 1969ല്‍ കോണ്‍ഗ്രസ് ദേശീയതലത്തില്‍ പിളര്‍ന്ന് ഇന്ദിരാ കോണ്‍ഗ്രസ്സും സിന്‍ഡിക്കേറ്റ് കോണ്‍ഗ്രസ്സും ആയ ശേഷം കുറെയെല്ലാം പ്രൊഫഷനല്‍ ആകാന്‍ ശ്രമം നടന്നിരുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം സ്വതന്ത്രസ്വഭാവം പുലര്‍ത്തുന്നു എന്നു ജനങ്ങളെ ബോധ്യപ്പെടുത്തിയേ തീരു എന്ന നിലവന്നു. ലേഖകന്മാര്‍ വാര്‍ത്തയില്‍ കയറി അഭിപ്രായം പറയുക പഴയ കാലത്തൊന്നും ഒട്ടും മോശം കാര്യമായി പരിഗണിച്ചിരുന്നില്ല. എഴുപതുകളോടെയേ അതെല്ലാം അവസാനിച്ചുള്ളു. നേതാക്കളുടെ പ്രസംഗങ്ങള്‍ക്കു പ്രാധാന്യം കുറഞ്ഞുവന്നു.
‘മനോരമ ആദ്യകാലം തൊട്ട് കോണ്‍ഗ്രസ് ചായ്‌വ് പ്രകടിപ്പിച്ച പത്രമാണ്.പക്ഷേ, പ്രൊഫഷനലിസത്തില്‍ അധിഷ്ഠിതമായ വാര്‍ത്താവീക്ഷണം വന്നപ്പോള്‍ വസ്തുതാപരമായ വാര്‍ത്താറിപ്പോര്‍ട്ടിങ്ങിലും അവതരണത്തിലുമാണ് ഞങ്ങള്‍ ശ്രദ്ധിച്ചത്. രാഷ്ട്രീയചായ്‌വും വാര്‍ത്തയും രണ്ടാണെന്ന തിരിച്ചറിവായിരുന്നു ഇത്’എന്നു മനോരമ ചീഫ് എഡിറ്റര്‍ കെ.എം.മാത്യു പറയുന്നുണ്ട്.(9)
എഴുപതുകള്‍ക്കു ശേഷം റിപ്പോര്‍ട്ടിങ്ങില്‍വന്ന ശ്രദ്ധേയമായ ഒരു മാറ്റം ഹൂമണ്‍ ഇന്ററസ്റ്റ് റിപ്പോര്‍ട്ടുകളില്‍ ഉണ്ടായ വര്‍ദ്ധനയാണ്. വളരെ കാര്യമാത്രപ്രസക്തമായി സംഭവങ്ങള്‍ വിവരിക്കുന്നതാണ് ശരിയായ റിപ്പോര്‍ട്ടിങ്ങ് എന്ന സങ്കല്പം ഈ കാലത്ത് കാലഹരണപ്പെട്ടു. ഏതു ഗൗരവമേറിയ സംഭവങ്ങള്‍ക്കും ഇടയില്‍ കൗതുകമുണര്‍ത്തുന്ന സംഭവങ്ങള്‍, വസ്തുതകള്‍ ഉണ്ടാകാം.
ഇത്തരം വാര്‍ത്തകളുടെ ആചാര്യനായി കരുതപ്പെടുന്ന എന്‍.എന്‍.സത്യവ്രതന്‍ ഇവയെ മനോരമ്യവാര്‍ത്തകള്‍ എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹം ഇതിനെ നിര്‍വചിച്ചിട്ടുണ്ട, ഉദാഹരണങ്ങള്‍ നിരത്തിയിട്ടുമുണ്ട്്.(10) എണ്‍പതുകളുടെ അവസാനത്തോടെ ഹ്യൂമണ്‍ ഇന്ററസ്റ്റ്് വാര്‍ത്താരചന ശ്രദ്ധേയമായ റിപ്പോര്‍ട്ടിങ്ങ് സങ്കേതമായി മാറിക്കഴിഞ്ഞിരുന്നു.
ഒരു വാര്‍ത്തയ്ക്ക് ഒറ്റ വാക്കിലുള്ള തലക്കെട്ട് ഉണ്ടാവുക എന്നത് പത്തോ പതിനഞ്ചോ കൊല്ലം മുമ്പു പോലും നല്ല പത്രരീതിയായി അംഗീകരിക്കപ്പെട്ടിരുന്നില്ല. യോഗം, ഉത്സവം, ആഘോഷം എന്നിങ്ങനെയുള്ളവ ആ തരത്തില്‍പ്പെട്ട ലേബ്ള്‍ ഹെഡ്ഡിങ്ങുകളാണ്. ഇന്ന് എട്ടുകോളം തലക്കെട്ടുകള്‍ പോലും പലപ്പോഴും ഒറ്റ വാക്കുമാത്രമുള്ള ലേബ്ള്‍ തലക്കെട്ടുകളായിട്ടുണ്ട്്. ഒരു രാഷ്ട്രനേതാവിന്റെ മരണവാര്‍ത്തയ്ക്കു വിട എന്ന രണ്ടു വാക്കുകൊണ്ട് എട്ടുകോളം തലക്കെട്ടാകാം എന്നുവന്നിരിക്കുന്നു. പലപ്പോഴും ഇവ തീര്‍ത്തും അസംബന്ധങ്ങളും ആകാറുണ്ടെന്നു പറയാതെ വയ്യ.
ടെലിവിഷന്‍ വാര്‍ത്തകളുടെ മഹാപ്രവാഹം ദിനപത്രങ്ങളിലുണ്ടാക്കിയ ആശയക്കുഴപ്പം ചില്ലറയല്ല. തലേ ദിവസം പകല്‍മുഴുവന്‍ ചാനല്‍ ലൈവു കണ്ട, അന്തമില്ലാതെ തുടര്‍ന്ന ചര്‍ച്ചകള്‍ കേട്ട ആളുകളോടു പിറ്റേന്നു രാവിലെ അതേകാര്യം എങ്ങനെ പറയും എന്നത് ചെറിയ പ്രശ്‌നമല്ല. പല രീതിയിലുള്ള പരീക്ഷണങ്ങള്‍ നടത്തിനോക്കി. ഇനിയും കുറെക്കാലം അതു തുടരുകയും ചെയ്യും.
ചാനലുകളോട് ദൃശ്യമികവു കൊണ്ടു മത്സരിക്കാനാവില്ലെങ്കിലും കൂടുതല്‍ വിവരങ്ങള്‍കൊണ്ടും വിശകലനം കൊണ്ടും മത്സരിക്കാനാവും. പക്ഷേ, പലപ്പോഴും പത്രത്തെ ദൃശ്യമാക്കി രൂപാന്തരപ്പെടുത്തുക എന്ന എളുപ്പവിദ്യ കൊണ്ട് പ്രതിസന്ധി മറികടക്കാമെന്നാണ് പലരും കരുതുന്നത്.
ദൂരം മാത്രമല്ല, മറ്റു പലതും മരിച്ചു…
മൂന്നര പതിറ്റാണ്ട് മുമ്പ് ന്യൂഡല്‍ഹിയില്‍ ഏഷ്യന്‍ ഗെയിംസ് നടന്നത് ഓര്‍ക്കുന്നു. 1982. അതതു ദിവസം നടക്കുന്ന മത്സരങ്ങളുടെ ഫോട്ടോകള്‍ വല്ല വിധേനയും പ്രിന്റ് ഇട്ട്, കേരളത്തിലേക്കു വരുന്ന ഏതെങ്കിലും യാത്രക്കാരനെ ഏല്പിക്കാന്‍ വിമാനത്താവളത്തിലേക്ക് ഓടിച്ചെന്ന അനുഭവം അക്കാലത്തെ മിക്ക പത്രഫോട്ടോഗ്രാഫര്‍മാര്‍ക്കും ഉണ്ടാകും. കേരളീയര്‍ക്ക് ടെലിവിഷനില്‍ കാണാന്‍ കാലമായിട്ടുണ്ടായിരുന്നില്ല. ആ കഥകള്‍ ഇനിയും പറയുന്നതില്‍ അര്‍ത്ഥമില്ല. മാധ്യമരംഗത്തു മൂന്നു പതിറ്റാണ്ടു കൊണ്ടുണ്ടായ ഏറ്റവും വലിയ സംഭവം എന്ത് എന്നു ചോദിച്ചാല്‍ ദൂരത്തിന്റെ മരണം എന്നാണ് ഉത്തരമെന്നു പലരും പറഞ്ഞിട്ടുണ്ട്.
എവിടെ നടക്കുന്ന കാര്യവും തത്‌സമയം വീടുകളിലെ സ്വീകരണമുറിയില്‍ കാണാം എന്നത് വാര്‍ത്താറിപ്പോര്‍ട്ടിങ്ങ് രംഗത്തു സാധ്യമായതില്‍ വെച്ചേറ്റവും വലിയ വിപ്ലവമാണ്. ഇതിനു സമാനമായാണ് അച്ചടിമേഖലയിലെ പഴയ സാങ്കേതികവിദ്യകളുടെ സൃഷ്ടികളായ തൊഴിലുപകരണങ്ങളുടെയും സമ്പ്രദായങ്ങളുടെയും കൂട്ടമരണത്തിലേക്കു നയിച്ച വിപ്ലവവും നടക്കുന്നത്. എണ്‍പതുകളുടെ തുടക്കത്തില്‍പ്പോലും അച്ചുകള്‍ പെറുക്കി നിരത്തിയാണ് മാറ്റര്‍ അച്ചടിക്കാന്‍ തയ്യാറാക്കിയിരുന്നത്.
പത്രാധിപന്മാര്‍ കുത്തിയിരുന്ന് കടലാസ്സില്‍ എഴുതുന്ന മുഖപ്രസംഗങ്ങള്‍വരെ പ്രസ്സിലേക്ക് പീസ് പീസ്സായ കമ്പോസിങ്ങിനു കൊടുത്തയക്കുന്നതും മാറ്റര്‍ വൈകിയാല്‍ പ്രസ്സിലെ സുപ്രവൈസര്‍മാര്‍ വന്ന് അലമുറയിടുന്നതും അന്നത്തെ രാത്രികളിലെ സ്ഥിരം കാഴ്ചയായിരുന്നു. പലരുടെയും കയ്യക്ഷരം വായിക്കാന്‍ സ്‌പെഷലിസ്റ്റുകള്‍തന്നെ വേണ്ടിവരാറുണ്ട്. മലയാള മനോരമയില്‍ പത്രാധിപര്‍ കെ.സി. മാമ്മന്‍ മാപ്പിള എന്തു കുത്തിവരച്ചാലും അതു അക്ഷരങ്ങളാക്കിമാറ്റുന്ന കമ്പോസിറ്റര്‍ ഉള്ളതായി കഥയുള്ള കാര്യം കെ.എം.മാത്യു എഴുതിയത്(10) മറ്റു പത്രങ്ങള്‍ക്കും ബാധകമായിരുന്നു. ഡിജിറ്റല്‍ കമ്പോസിങ്ങ് വന്നതോടെ കയ്യക്ഷരവും കടലാസ്സും മരിച്ചു. പത്രവാര്‍ത്തകള്‍ നിക്ഷേപിക്കാന്‍ ബസ് സ്റ്റാന്‍ഡുകളില്‍ തൂക്കിയിടാറുള്ള പ്രസ് ബോക്‌സുകള്‍, അയക്കുന്ന ന്യൂസ് കവറുകള്‍, പ്രാദേശികലേഖകര്‍ ഉപയോഗിച്ചിരുന്ന ഫാക്‌സ് മെഷീനുകള്‍, പേജറുകള്‍, പെറുക്കി വെക്കുന്ന അച്ചുകള്‍, ടൈപ്പ് ചെയ്യുന്നതിനൊപ്പം ലോഹം ഉരുക്കി വരിവരിയായി വാര്‍ത്തയുടെ അച്ചുനിരത്തുന്ന ലൈനോ മെഷീനുകള്‍, ഫോട്ടോ അച്ചടിക്കാനുള്ള മെറ്റല്‍ ബ്രോക്കുകള്‍, ഓഫീസുകളിലേക്ക് സന്ദേശങ്ങള്‍ അയച്ചിരുന്ന ടെലിപ്രിന്റര്‍, അതില്‍ ഉപയോഗിച്ചിരുന്ന മംഗ്ലീഷ് സമ്പ്രദായം തുടങ്ങി ഈ കാലത്തു ചരമമടഞ്ഞ വിദ്യകളുടെയും യന്ത്രങ്ങളുടെയും എണ്ണം ചെറുതല്ല. പേന പത്രപ്രവര്‍ത്തനത്തിന്റെ ഒരു ചിഹ്നം പോലും അല്ലാതായി.
കോഴിക്കോട് മാതൃഭൂമിയിലാണ് കേരളത്തിലെ ആദ്യത്തെ ഹൈസ്പീഡ് റോട്ടറി പ്രസ് ഉദ്ഘാടനം ചെയ്തത്-1950 ഏപ്രില്‍ 15ന്. ആദ്യത്തെ ടെലിപ്രിന്ററും മാതൃഭൂമിയിലാണ് സ്ഥാപിക്കപ്പെടുന്നത്. അത് 1955 ആഗസ്ത് 17ന് കൊച്ചിയെയും കോഴിക്കോടിനെയും ബന്ധിപ്പിച്ചു. കൊച്ചിയില്‍ ആദ്യത്തെ രണ്ടാം എഡിഷന്‍ 1962 മെയ് 25ന് ഉദ്്ഘാടനം ചെയ്യപ്പെട്ടു പിന്നീട് ഡിജിറ്റല്‍ യുഗത്തില്‍ മറ്റു പത്രങ്ങള്‍ വേഗത ആര്‍ജിച്ചു. ആദ്യത്തെ ഫോട്ടോ ട്രാന്‍സ്മിഷന്നും പേജ് ഫാക്്സിമിലി അയക്കലിനും തുടക്കമിട്ട കേരളകൗമുദിയും ഇന്റര്‍നെറ്റ് എഡിഷന്‍ തുടങ്ങിയ ദീപികയും പിന്നീട് പിറകോട്ടു പോയി.
കേരള പത്രങ്ങളില്‍ ആദ്യമായി ഒരു കളര്‍ വാര്‍ത്താചിത്രം പ്രത്യക്ഷപ്പെടുന്നത് 1980 നവംബറിലാണ്, മാതൃഭൂമി തിരുവനന്തപുരം എഡിഷനില്‍. ആറ്റുകാല്‍ പൊങ്കാലയുടേതായിരുന്നു ചിത്രം. അതു പക്ഷേ ശരിക്കും ഒരു വാര്‍ത്താചിത്രമായിരുന്നില്ല. പൊങ്കാലയുമായി ബന്ധപ്പെട്ട ഒരു കളര്‍പടം മുന്‍കൂട്ടി പ്രൊസസ് ചെയ്ത് പത്രത്തില്‍ പൊങ്കാലനാള്‍ അച്ചടിക്കുകയാണ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ ഒരു വാര്‍ത്താചിത്രം കളറില്‍ അച്ചടിക്കുന്നത് 1984 ജനവരി ഒന്നിനാണ്. തലേ ദിവസം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വര്‍ക്കല പാപനാശം കടപ്പുറത്തു ഹെലികോപ്റ്ററില്‍ വന്നിറങ്ങിയതാണ് ആദ്യത്തെ കളര്‍ വാര്‍ത്താചിത്രം എന്നു ഫോട്ടോഗ്രാഫര്‍ രാജന്‍ പൊതുവാള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു.
പത്രത്തില്‍ കളര്‍ ഫോട്ടോയോ? മുഖ്യധാരാ ദേശീയപത്രങ്ങള്‍ പോലും അതൊരു മണ്ടത്തമായാണ് കണക്കാക്കിയിരുന്നത്. കുറെക്കാലത്തേക്ക് ആരും ആ വഴിക്കു പോയില്ല. പക്ഷേ, അത് പതുക്കെ സര്‍വപത്രങ്ങളെയും ആകര്‍ഷിച്ചു. ഒരു ദശകത്തിനകം ഏതാണ്ട് എല്ലാ പത്രങ്ങളിലും കളറെത്തി. ഇപ്പോള്‍ ചില പത്രങ്ങള്‍ എല്ലാ പേജിലും കളര്‍ അടിക്കുന്നു.
അടിയന്തരാവസ്ഥ എന്ന പത്രസ്വാതന്ത്ര്യനിഷേധ കാലഘട്ടത്തിനു ശേഷമാണ് ദേശീയതലത്തിലും കേരളത്തിലും വന്‍കിടവ്യവസായമായി വളരുന്നതിന്റെ ആദ്യചുവടുകള്‍ വെച്ചുതുടങ്ങിയത്.
അഭിപ്രായസ്വാതന്ത്ര്യത്തിനു ലഭിച്ച പുതിയ ഉത്തേജനം സ്വതന്ത്രപത്രം എന്ന ആശയത്തിനു കൂടുതല്‍ ബലമേകി. ധാരാളം പുതിയ വാരികകളും പത്രങ്ങളും പ്രസിദ്ധീകരണം തുടങ്ങി എന്നുമാത്രമല്ല രാഷ്ട്രീയവിശകലനവും വിമര്‍ശനവും ഒരു സാധാരണകാര്യമാക്കി. പാര്‍ട്ടികള്‍ക്കോ പ്രസ്ഥാനത്തിനോ വേണ്ടിയല്ലാതെ പ്രവര്‍ത്തിക്കുന്നവരും എഴുതുന്നവരും പത്രപംക്തികളെ സജീവമാക്കി. എണ്‍പതുകളായപ്പോഴേക്ക് വിപണിയാണ് പ്രധാനം എന്ന ചിന്തയ്ക്ക് പ്രസക്തിയേറി. ഇറക്കിയ മൂലധനത്തെക്കുറിച്ചും എതിരാളിയെ പിന്നിലാക്കാന്‍ ഇനി വര്‍ദ്ധിച്ച തോതില്‍ ഇറക്കേണ്ട മൂലധനത്തെക്കുറിച്ചുമുള്ള സംസാരം ന്യൂസ്‌റൂമുകളിലും കേട്ടുതുടങ്ങി. മാനേജ്‌മെന്റുകള്‍ എഡിറ്റര്‍മാര്‍ക്കു ക്ലാസ് കൊടുത്തുതുടങ്ങി. പത്രാധിപന്മാര്‍ മാനേജ്‌മെന്റുകളുടെ ഭാഗമായി മാറിയതും സര്‍ക്കുലേഷനും പരസ്യവരുമാനവും വര്‍ദ്ധിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഉപദേശങ്ങളില്‍ കഴമ്പുണ്ടെന്ന് പത്രപ്രവര്‍ത്തകര്‍ക്കും തോന്നിത്തുടങ്ങിയതും ഈ കാലത്താണ്.
തൊണ്ണൂറുകളിലെ ഉദാരീകരണവും ആഗോളീകരണവും പത്രങ്ങളെ വലിയ വ്യവസായമാക്കി മാറ്റി. കാല്‍നൂറ്റാണ്ടു പിന്നിട്ടപ്പോള്‍, വാര്‍ത്തയല്ല പരസ്യമാണ് തങ്ങളുടെ മുഖ്യ വില്പനവസ്തു എന്നു ദേശീയതലത്തിലെ പ്രമുഖ മാധ്യമഉടമകള്‍ക്കു പരസ്യമായി പറയാന്‍ ധൈര്യം നല്‍കുന്ന അവസ്ഥ ഉണ്ടായി. പ്രൊഫഷനലിസമെന്നത് വിപണിയുടെ താല്പര്യംതന്നെയാണെന്നു മാധ്യമപ്രവര്‍ത്തകരും അംഗീകരിച്ചിട്ടുണ്ട്. ഇതു വലിയ വികാസത്തിന്റെ കാലഘട്ടം തന്നെയാണ്. ഒപ്പം ഇതാണ് മാധ്യമങ്ങളെ വായനക്കാര്‍ ഏറ്റവുമേറെ അവിശ്വസിക്കുന്ന കാലമെന്നും പറയാതെ വയ്യ. ദൂരം, കയ്യെഴുത്ത്, കടലാസ് തുടങ്ങിയ പഴഞ്ചന്‍ വസ്തുക്കള്‍പ്പോലെ പത്രങ്ങളുടെ വിശ്വാസ്യതയും മരിക്കേണ്ട ഒരു പഴഞ്ചന്‍ സാധനമാണോ എന്ന ആശങ്ക ശക്തിപ്പെട്ടതും ഈ കാലത്തുതന്നെയാണ്.
ഈ വിപ്ലവങ്ങള്‍ക്കെല്ലാം ശേഷം മലയാളപത്രത്തിന്റെ വിപണി കേരളം മാത്രമല്ല ലോകം മുഴുവനുമാണ് എന്ന നില വന്നിട്ടുണ്ട്. വായിക്കാന്‍ പഴയതുപോലെ പത്രം കഷ്ടപ്പെട്ട് അച്ചടിച്ച് ലോറിയില്‍ കയറ്റി ദീര്‍ഘ ദൂരംകൊണ്ടുപോയി കടയില്‍ തൂക്കിയിടേണ്ട കാര്യമില്ല ഇന്ന്. ന്യൂസ്‌റൂമിലെ കമ്പ്യൂട്ടറില്‍ ഉണ്ടാക്കുന്ന പത്രം ഒരു ക്ലിക്ക് കൊണ്ട് ഇ പേപ്പറായി പ്രസിദ്ധപ്പെടുത്താം, ലോകത്തെവിടെയിരുന്നും വായിക്കാം. അച്ചടിച്ച പത്രം ഇവിടെ ലോറിയില്‍ കയറ്റുംമുമ്പ് അത് ആയിരക്കണിക്കിന് കിലോമീറ്ററുകള്‍ അകലെ, ഏഴുകടലിനുമപ്പുറം കമ്പ്യൂട്ടറുകളില്‍ വായിക്കാം. ഇതല്ലേ വലിയ വിപ്ലവം?
ഇവിടെ സാധാരണക്കാരും വില കൊടുത്താണ് ഈ പത്രം വാങ്ങുന്നത്. പക്ഷേ, ഒരു പത്രം മാത്രമല്ല പല പത്രങ്ങളും, ഒരു എഡിഷന്‍ മാത്രമല്ല പല എഡിഷനകളും പൂര്‍ണ സൗജന്യമായി വായിക്കാന്‍ കൈയില്‍ നെറ്റ് കണക്ഷന്‍ ഉള്ള ഫോണ്‍മതി എന്ന ആര്‍ക്കും വിശദീകരിക്കാനാവാത്ത അത്യാധുനിക യുക്തിയും ഈ കാലത്തിന്റെ മാത്രം സൃഷ്ടിയാണ്, പ്രത്യേകതയാണ്. ഇതു യുക്തിയുടെയും മരണമാവാം!
കുനിയുകയും ഇഴയുകയും ചെയ്ത കാലം
മലബാറിലെ ബ്രിട്ടീഷ് ഭരണകാലത്തോ സര്‍ സി.പി.യുടെ തിരുവിതാംകൂര്‍ ഭരണകാലത്തോ പോലും വാര്‍ത്തകള്‍ക്കുമേല്‍ സെന്‍സറിങ്ങ് ഉണ്ടായിരുന്നില്ല. പക്ഷേ, സ്വതന്ത്ര ഇന്ത്യയില്‍ അതുണ്ടായി. 1975 ജുണ്‍ 25 ന് രാഷ്ട്രപതി ആഭ്യന്തര അടിയന്താവസ്ഥ പ്രഖ്യാപിക്കുകയും വാര്‍ത്തകള്‍ക്കുമേല്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തപ്പോള്‍ കുറെ നാള്‍ പിറ്റേന്ന് ഇറക്കുന്ന പത്രം രാത്രി സെന്‍സറെ വീട്ടില്‍ ചെന്നു കാണിച്ചു കൊടുത്ത് അംഗീകാരം വാങ്ങേണ്ടിയിരുന്നു. ഓര്‍ക്കുമ്പോള്‍പോലും ലജ്ജ തോന്നുന്ന കാര്യം.
ചട്ടംനിലവില്‍വന്ന ശേഷം അടിയന്തരാവസ്ഥയെ ചോദ്യം ചെയ്ത് പത്രം പൂട്ടിക്കാനൊന്നും ആരും മെനക്കെട്ടില്ല. അതു സാധ്യവുമായിരുന്നില്ല. എന്തിനു പത്രം ഇറക്കണം എന്ന ചിന്ത ദേശാഭിമാനിയില്‍ പോലും ഉണ്ടായി. പത്രം ഉപജീവനമാര്‍ഗമായ കുറെ ആളുകളെ ഓര്‍ത്ത് അതുവേണ്ടെന്നു വെച്ചു. കുറെ ദിവസം മുഖപ്രസംഗകോളം ഒഴിവാക്കിയിട്ടു. അതും അധികനാള്‍ അനുവദിക്കപ്പെട്ടില്ല. സര്‍ക്കാര്‍ വിരുദ്ധമല്ലാത്ത എന്തും പ്രസിദ്ധപ്പെടുത്താന്‍ സ്വാതന്ത്ര്യമുണ്ടല്ലോ എന്ന് ആശ്വസിച്ച് എല്ലാവരും വായനക്കാരെ ആകര്‍ഷിക്കാന്‍ സാധ്യതയുള്ള വാര്‍ത്തകള്‍ തേടിപ്പോയി. ചിലര്‍ ഈനാംപേച്ചി എന്ന ‘അദ്ഭുതജീവി’യെക്കുറിച്ച് നീണ്ട കഥകളെഴുതി കോളംനിറച്ചു. വേറെ ചിലര്‍ വേറെ പലതും എഴുതി കാലം കഴിച്ചുകൂട്ടി.
സര്‍ക്കാറിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും അക്ഷരംപ്രതി അനുസരിച്ചാണ് പ്രതിപക്ഷപത്രങ്ങളും വാര്‍ത്ത അടിച്ചുപോന്നത്. പക്ഷേ,പ്രതികാരനടപടികള്‍ക്കു കുറവുണ്ടായിരുന്നില്ല. സി.പി.എം മുഖപത്രമാണ് എന്ന ഒറ്റക്കാരണം കൊണ്ട് ദേശാഭിമാനിക്കു സര്‍ക്കാര്‍ പരസ്യം നിഷേധിച്ചു. പരസ്യനിഷേധത്തിനെതിരെ സംസാരിക്കാന്‍ വന്ന പത്രപ്രവര്‍ത്തകസംഘത്തോട് മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയില്‍ പി.ആര്‍.ഡി.ഡയറക്റ്റര്‍ പറഞ്ഞ കാര്യം അന്നും ഇന്നും ആരെയും ചിരിപ്പിക്കാന്‍പോന്ന ഒരു തമാശയായിരുന്നു. ദേശാഭിമാനി പ്രസിദ്ധപ്പെടുത്തിയ സഹപ്രവര്‍ത്തകരെ ഷണ്ഡന്മാരാക്കി സ്വേച്ഛാധിപതിയായി വാഴുന്ന റാണി എന്ന തലക്കെട്ടിലുള്ള ലേഖനമാണ് പ്രശ്‌നത്തിനു കാരണമെന്ന് ഡി.പി.ആര്‍ വിശദീകരിച്ചു. നെട്ടെല്ലില്ലാത്ത ചിലയിനം ജീവികളെക്കുറിച്ചുള്ളതാണെന്ന് ലേഖനം അന്ന് ആ യോഗത്തിലുണ്ടായിരുന്ന പത്രപ്രവര്‍ത്തകയൂണിയന്‍ നേതാവും ദേശാഭിമാനി ചീഫ് സബ് എഡിറ്ററുമായ മലപ്പുറം പി. മൂസ്സ വിശദീകരിച്ചത് സ്വീകരിക്കപ്പെട്ടില്ല. പ്രധാനമന്ത്രിയെ പരിഹസിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നു സര്‍ക്കാര്‍ കരുതുന്നു എന്നതായിരുന്നു ഡി.പി.ആറിന്റെ വിശദീകരണം(12). പരസ്യം നിഷേധിക്കുന്നതിനുള്ള തീരുമാനം പിന്നീട് പില്‍വലിക്കപ്പെട്ടത് മാതൃഭൂമി മാനേജിങ്ങ് എഡിറ്റര്‍ വി.എം.നായരുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നായിരുന്നു. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കുകയാണ് വേണ്ടത്, പരസ്യംനിഷേധിക്കകയല്ല എന്ന് അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയല്ലെങ്കിലും മന്ത്രിമുഖ്യനായിരുന്ന കെ.കരുണാകരനു വഴങ്ങേണ്ടിവന്നു. അടിയന്തരാവസ്ഥയെ ശക്തമായി അനുകൂലിച്ച ആളായിരുന്നു വി.എം.നായര്‍ എന്നതുകൊണ്ട് ഒരു ദുരുദ്ദേശവും അദ്ദേഹത്തിനുമേല്‍ ആരോപിക്കാന്‍ പറ്റുമായിരുന്നില്ല.
തത്ത്വത്തില്‍ അടിയന്തരാവസ്ഥയെ അനുകൂലിച്ചിരുന്നുവെങ്കിലും ഉദ്യോഗസ്ഥരുടെ അമിതാധികാരപ്രയോഗങ്ങളെ ശക്തിയായി എതിര്‍ത്തുപോന്നിരുന്നു പത്രാധിപര്‍ കെ.പി.കേശവമേനോന്‍. രാത്രി നഗരത്തില്‍ ഒരു യുവതിയെ കുറെ കശ്മലര്‍ തട്ടിക്കൊണ്ടുപോയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ സെന്‍സര്‍മാര്‍ അനുവദിക്കാതിരുന്നപ്പോള്‍ കേശവമേനോന്‍ രൂക്ഷമായി പ്രതികരിച്ചതിനെക്കുറിച്ച് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററായിരുന്ന വി.എം.കൊറാത്ത് എഴുതിയിട്ടുണ്ട്.(13) സംഭവത്തെക്കുറിച്ച് രൂക്ഷമായ വിമര്‍ശനം ഉള്‍ക്കൊള്ളുന്ന ഒരു ലേഖനം അദ്ദേഹം എഴുതി സെന്‍സറിന് അയക്കാതെ എഡിറ്റ് പേജില്‍ പ്രസിദ്ധപ്പെടുത്തുകയാണ് ചെയ്തത്. അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ ഇതു മതിയായി. കുറ്റവാളികള്‍ അറസ്റ്റ്‌ചെയ്യപ്പെട്ടു.
കോഴിക്കോട്ട് പ്രവര്‍ത്തിക്കുന്ന കേസരി വാരികയ്ക്കു നേരെയും പോലീസ് നടപടിയുണ്ടായി. റെയ്ഡ് നടത്തി പത്രം ഓഫീസ് തകര്‍ത്തതിനെയും കേശവമേനോന്‍ ചോദ്യംചെയ്തു. അദ്ദേഹം നേരിട്ടു ആഭ്യന്തരമന്ത്രി കരുണാകരനെ വിളിച്ചു സംസാരിച്ചപ്പോള്‍ കേസരി തുറക്കാനുള്ള അനുമതി നല്‍കാമെന്നു സമ്മതിക്കുകയാണ് ചെയ്തത്. നിരോധിക്കപ്പെട്ട ആര്‍.എസ്.എസ്സിന്റെ മുഖ്യപ്രസിദ്ധീകരണമാണെന്നതുപോലും പരിഗണിക്കാതെയാണ് കേശവമേനോന്‍ മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചതും കരുണാകരന്‍ അതു സ്വീകരിച്ചതും.
അടിയന്തരാവസ്ഥയുടെ തുടക്കത്തില്‍ യോഗം ചേരാനും എതിര്‍ത്തുപ്രമേയം പാസ്സാക്കാനുമൊക്കെ പത്രപ്രവര്‍ത്തകര്‍ ധൈര്യം പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് അനുകൂലികളായ പത്രപ്രവര്‍ത്തകര്‍ പോലും ഇക്കാര്യത്തില്‍ ഒപ്പംനിന്നു. ബംഗളൂരില്‍ ചേര്‍ന്ന ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ്ങ് ജേണലിസ്റ്റ്(ഐ.എഫ്.ഡബ്‌ള്യൂ.ജെ.) ദേശീയസമിതി യോഗത്തിന്റെ അധ്യക്ഷവേദിയില്‍ രാജ്യത്തെ ചീഫ് സെന്‍സര്‍ ഹാജരായതിനെ ചോദ്യം ചെയ്യാനും അടിയന്തരാവസ്ഥാപ്രഖ്യാപനത്തെ എതിര്‍ക്കാനും കോണ്‍ഗ്രസ് മുഖപത്രത്തില്‍നിന്നുള്ള സംഘടനാനേതാക്കള്‍ പോലും തയ്യാറായതായി അന്നു സംസ്ഥാന പ്രസിഡന്റായിരുന്ന മലപ്പുറം പി.മൂസ്സ ഓര്‍ക്കുന്നുണ്ട്. പക്ഷേ, ക്രമേണ എതിര്‍സ്വരങ്ങള്‍ ഇല്ലാതായി. എല്ലാവരും സ്വേച്ഛാധിപത്യത്തിനു വഴങ്ങി. വായനക്കാരെ പിടിച്ചുനിര്‍ത്താന്‍ വാര്‍ത്തയുടെ പുതിയ മേഖലകള്‍ തിരഞ്ഞുകൊണ്ടിരുന്നു പത്രപ്രവര്‍ത്തകര്‍. മുന്‍കാലങ്ങളില്‍ നിസ്സാരമെന്നു കരുതിപ്പോന്ന പലതും വലിയ സംഭവങ്ങളായി ആഘോഷിച്ചുകൊണ്ടിരുന്നു മാധ്യമങ്ങള്‍….
തീര്‍ത്തും പത്രപ്രവര്‍ത്തനപരമെന്നു പറയാവുന്ന കാരണത്താലല്ലെങ്കിലും അടിയന്തരാവസ്ഥയില്‍ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒരേയൊരു മുഖ്യധാര മാധ്യമപ്രവര്‍ത്തകന്‍ മാതൃഭൂമി ഹൈക്കോടതി നിയമകാര്യ ലേഖകന്‍ പി.രാജനായിരുന്നു. അക്കാലത്ത് കോണ്‍ഗ്രസ്സില്‍നിന്നു ആശയപരമായ കാരണങ്ങളാല്‍ വിഘടിച്ചുനിന്ന പരിവര്‍ത്തനവാദി കോണ്‍ഗ്രസ്സിന്റെ സംസ്ഥാനതല പ്രവര്‍ത്തകന്‍ കൂടിയായിരുന്നു രാജന്‍. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനെതിരെ പാര്‍ട്ടി തയ്യാറാക്കിയ ഇന്ദിരയുടെ അടിയന്തരം എന്ന തലക്കെട്ടിലുള്ള ലഘുലേഖയുടെ പേരിലാണ് രാജന്‍ അറസ്റ്റുചെയ്യപ്പെട്ടത്. രാജനാണ് ലഘുലേഖ എഴുതിയത് എന്നു കയ്യക്ഷരം നോക്കിയാണ് പോലീസ് കണ്ടെത്തിയത്. രാജ്യസുരക്ഷാനിയമത്തിലെ വകുപ്പുകളനുസരിച്ചായിരുന്നു അറസ്റ്റ്. മൂന്നുമാസം ജയിലിലായി. പിന്നെ കോടതി വിട്ടയച്ചു. നിയമംനിലവില്‍ വരുംമുമ്പാണ് ലഘുലേഖ എഴുതിയത് എന്ന കാരണത്താലാണ് കേസ് വിട്ടത്. രാജനെ മാതൃഭൂമിയില്‍നിന്നു പുറത്താക്കിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പലരും ശ്രമിച്ചെങ്കിലും വി.എം.നായരും കെ.പി.കേശവമേനോനും വഴങ്ങിയില്ല.
അടിയന്തരാവസ്ഥ ഒരു അപൂര്‍വകാലഘട്ടമായിരുന്നു. എന്നാല്‍, പത്രസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണങ്ങള്‍ സംസ്ഥാന രൂപവല്‍ക്കരണ കാലം മുതല്‍തന്നെ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യ മന്ത്രിസഭയുടെ കാലത്തുതന്നെ ഈ പ്രവണതകള്‍ ഉഗ്രമായി ഫണമുയര്‍ത്തിയിരുന്നു. സംസ്ഥാനത്തിന്റെ ആദ്യത്തെ ബജറ്റ് സഭയില്‍ അവതരിപ്പിക്കുംമുമ്പെ ചോര്‍ത്തി പത്രത്തില്‍ പ്രസിദ്ധീകരിച്ചത് ഒരു വലിയ സ്‌കൂപ്പ് ആയി അഭിനന്ദിക്കപ്പെട്ടില്ല എന്നു മാത്രമല്ല അതൊരു കുറ്റകൃത്യമായി കണക്കാക്കി നിയമനടപടികള്‍ ഉണ്ടാവുകയും ചെയ്തു. കൗമുദി ദിനപത്രത്തിലാണ് ബജറ്റ് വാര്‍ത്ത വന്നത്. ധിഷണശാലിയും വിപ്ലവസോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവുമായിരുന്ന കെ.ബാലകൃഷ്ണനായിരുന്നു പത്രാധിപര്‍. ബ്രിട്ടീഷ് സര്‍ക്കാറിന്റെ കാലത്തുതന്നെ ഏറെ പഴികേട്ട ഔദ്യോഗികരഹസ്യനിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്യൂണിസ്റ്റ് സര്‍ക്കാറിന്റെ നടപടി. പത്രാധിപരെയും ചീഫ് റിപ്പോര്‍ട്ടര്‍ ജി.വണുഗോപാലിനെയും കോടതി 40 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചു.
പിന്നീടൊരിക്കല്‍ കേരളകൗമുദി പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടും സംസ്ഥാനത്ത് വലിയ വിവാദമായിട്ടണ്ട്. ഗവണ്‍മെന്റിന്റെ അറിവോടെ വനസ്വത്ത് അപഹരണം എന്ന തലക്കെട്ടില്‍ 1974 സെപ്തംബര്‍ 12ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അന്നത്തെ വനംമന്ത്രി ഡോ.കെ.ജി.അടിയോടിയെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു. പ്രമുഖപത്രപ്രവര്‍ത്തകരായ എസ്.ജയചന്ദ്രന്‍നായരും എന്‍.ആര്‍.എസ് ബാബുവും ചേര്‍ന്നു തയ്യാറാക്കിയ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ട് മലയോരഭാഗത്തു നടക്കുന്ന വനംകൊള്ളയ്ക്ക് രാഷ്ട്രീയ പിന്‍ബലമുണ്ട് എന്ന് ആരോപിച്ചു. മന്ത്രി കെ.ജി.അടിയോടിക്ക് ഇതില്‍ പങ്കുണ്ടെന്നു തെളിയിക്കാനുള്ള ശ്രമമാണ് റിപ്പോര്‍ട്ടില്‍ കണ്ടത്. ഇതിനെതിരെ സര്‍ക്കാര്‍ കോടതിയില്‍ അപകീര്‍ത്തിക്കേസ് ഫയല്‍ചെയ്തു. ആരോപണം അന്വേഷിക്കാന്‍ കൂട്ടാക്കാതെ പത്രപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തത് വലിയ ആക്ഷേപത്തിനു വഴിവെച്ചു. ഭരണപക്ഷത്തുതന്നെ അഭിപ്രായഭിന്നത ഉണ്ടായതിനെത്തുടര്‍ന്ന് കെ.പി.സി.സി. പ്രശ്‌നം ചര്‍ച്ച ചെയ്യുകയും ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിക്കുകയുമാണു ചെയ്തത്. എ.കെ.ആന്റണി ആയിരുന്നു അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ്.
മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പരമോന്നത കോടതിയുടെ ഭരണഘടനാബെഞ്ചു വരെ ചര്‍ച്ചക്കെടുത്ത ഒരു സുപ്രധാനപ്രശ്‌നവും കേരളത്തിലാണ് ഉടലെടുത്തത്. നിയമസഭാനടപടികള്‍ ആരു റിപ്പോര്‍ട്ട് ചെയ്യണം എന്നു തീരുമാനിക്കാന്‍ നിയമസ്പീക്കര്‍ക്ക് അധികാരമുണ്ടോ എന്ന പ്രശ്‌നം ഉയര്‍ന്നുവന്നത് 1983 ഫിബ്രുവരിയിലായിരുന്നു. അന്നത്തെ സ്്പീക്കര്‍ വക്കം പുരുഷോത്തമന്‍ ദേശാഭിമാനി ലേഖകന്‍ ആര്‍.എസ്. ബാബുവിന് അക്രഡിറ്റേഷന്‍ നിഷേധിച്ചത്് ഒരു വാര്‍ത്തയില്‍ അപ്രീതി തോന്നിയതിനാലാണ്. പത്രസമൂഹം ഒറ്റക്കെട്ടായി ഇതിനെ ചോദ്യംചെയ്തു. പ്രതിഷേധിച്ച പത്രപ്രവര്‍ത്തകര്‍ ആദ്യമായി ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്‌കരിച്ചു. സ്പീക്കര്‍ക്കെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ ഹൈക്കോടതിയില്‍ കേസ്സുകൊടുത്തു. സ്പീക്കറുടെ നടപടിക്കെതിരെയായിരുന്നു ഹൈക്കോടതിയുടെ വിധി. സ്പീക്കര്‍ സുപ്രീം കോടതിയില്‍ സ്‌പെഷല്‍ ലീവ് അപേക്ഷയുമായി പോയി. കോടതി ഇതു ഭരണഘടനാബെഞ്ചിനു കൈമാറി. പത്തുവര്‍ഷം അത് അവിടെക്കിടന്നു. പിന്നീടു വന്ന സ്പീക്കര്‍ പത്രപ്രവര്‍ത്തകനു പാസ്സ് തിരിച്ചുകൊടുത്തതോടെ പ്രശ്‌നം തീര്‍ന്നതായി പരിഗണിച്ച് ഭരണഘടനാബെഞ്ചും പ്രശ്‌നത്തില്‍നിന്നു പിന്‍മാറുകയാണ് ചെയ്തത്.
അന്നു പത്രസ്വാതന്ത്ര്യത്തിന് അനുകൂലമായി ഉറച്ച നിലപാട് എടുത്ത ഹൈക്കോടതി തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ പത്രസ്വാതന്ത്ര്യനിഷേധത്തിനുള്ള വേദിയായി മാറുന്നതാണ് സംസ്ഥാനത്തിന്റെ വജ്രജൂബിലി വര്‍ഷത്തില്‍ കണ്ടത്. നിസ്സാരമായ തര്‍ക്കങ്ങളുടെ പേരില്‍ നിയമം കൈയിലെടുത്ത ഒരു സംഘം അഭിഭാഷകര്‍ ഹൈക്കോടതിയില്‍ മാധ്യമറിപ്പോര്‍ട്ടിങ്ങിനു നിരോധനം ഏര്‍പ്പെടുത്തി. നിയമവും ഭരണഘടനയുമൊന്നും തങ്ങള്‍ക്കു ബാധകമല്ല എന്നവര്‍ പ്രഖ്യാപിച്ചപ്പോഴും ചീഫ് ജസ്്റ്റിസിന്റെ നേതൃത്വത്തില്‍ എടുത്ത തീരുമാനങ്ങള്‍പ്പോലും ചവുട്ടിമെതിക്കപ്പെട്ടപ്പോഴും തികഞ്ഞ നിഷ്‌ക്രിയത്വവും നിസ്സഹായതയുമാണ് ജുഡീഷ്യറിയുടെയും ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുണ്ടായത്. മാധ്യമസ്വാതന്ത്ര്യത്തിന്റെ മുഖത്തടിക്കുന്ന പുത്തന്‍ പ്രവണതകള്‍ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരെ കൊഞ്ഞനം കാട്ടുകയാണ്.
ജനാധിപത്യസംസ്‌കാരം വളര്‍ത്താന്‍ പേനയെടുത്തവര്‍
നൂറുവര്‍ഷത്തെ പത്രപ്രവര്‍ത്തനചരിത്രത്തിന്റെയും അനുഭവങ്ങളുടെയും കരുത്തോടെയാണ് കേരളീയര്‍ സ്വതന്ത്രഭാരതത്തിന്റെ ഭാഗമാകുന്നത്. തലശ്ശേരിയിലെ ഇല്ലിക്കുന്നില്‍ ജര്‍മന്‍കാരനായ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് 1847ല്‍ ഉദ്ഘാടനം ചെയ്്തതാണ് വാര്‍ത്താപ്രസിദ്ധീകരണത്തിന്റെ യുഗം. മനുഷ്യജീവിതം സ്വതന്ത്രവും നീതിപൂര്‍വകവും അഭിവൃദ്ധിയുള്ളതുമാക്കി മാറ്റുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് അനേകം ആദര്‍ശവാന്മാര്‍ കേരളത്തില്‍ പത്രപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ട്. രാജഭരണത്തില്‍ നിന്നും കൊളോണിയല്‍ ആധിപത്യത്തില്‍നിന്നും മോചിതരായ മലയാളികളുടെ ജനാധിപത്യജീവിതക്രമം രൂപപ്പെടുത്തുക അവരുടെ ലക്ഷ്യമായിരുന്നു. സ്വാതന്ത്ര്യാനന്തരവും പോരാട്ടങ്ങള്‍ നിലച്ചിട്ടില്ല. മാധ്യമം എന്ന നാലാം തൂണിന്റെ രചനാത്മകമായ പങ്കിനെക്കുറിച്ച് ബോധമുള്ള നിരവധി പ്രതിഭാശാലികള്‍ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്താനും നിലനിര്‍ത്താനും രാപകല്‍ അധ്വാനിച്ചിട്ടുണ്ട്്. ഒരു വലിയ ഹു ഇസ് ഹൂ വിനു മാത്രമാണ് എല്ലാവരെയും രേഖപ്പെടുത്താന്‍ കഴിയുക. ഇവിടെ നമ്മുടെ ഓട്ടത്തില്‍ കുറച്ചു മുഖങ്ങള്‍ മാത്രമേ കാണാനാവൂ.
രാജഭരണത്തിന്റെയും കൊളാണിയല്‍ ഭരണത്തിന്റെയും സംസ്‌കാരത്തില്‍നിന്ന് കേരളത്തെ ശരിക്കും ജനാധിപത്യകേരളമാക്കാന്‍ പേനയെടുത്തവര്‍ നിരവധിയാണ്. ഇവിടെ നടന്ന രാഷ്ട്രീയനാടകങ്ങള്‍ക്കെല്ലാം സാക്ഷി മാത്രമല്ല ചിലരെല്ലാം അതില്‍ മുഖ്യറോളുകള്‍ അഭിനയിച്ചവരുമായിരുന്നു. മുന്‍നിരയില്‍തന്നെ അനേകരുണ്ട്. പക്ഷേ, മൂന്നു പേരുകള്‍ തുടക്കത്തില്‍ത്തന്നെ എടുത്തുപറഞ്ഞേ തീരൂ. ആദ്യം പറയുന്നത് ‘പത്രാധിപരെ’ക്കുറിച്ചാണ്. പത്രാധിപന്മാരെ തട്ടാതെ മുട്ടാതെ കടന്നുപോകാന്‍ കഴിയാതിരുന്ന തിരുവനന്തപുരത്ത് ‘പത്രാധിപര്‍’ എന്നുമാത്രം പറഞ്ഞാല്‍ ഉദ്ദേശിക്കുന്നത് കേരളകൗമുദി പത്രാധിപര്‍ കെ.സുകുമാര(1903-1981)നെ ആണ് എന്ന് എല്ലാവര്‍ക്കും അറിയാം.
പിതാവ് സി.വി.കുഞ്ഞുരാമന്‍ സ്ഥാപിച്ച പത്രത്തെ ഒരു വലിയ പ്രസ്ഥാനമാക്കി വളര്‍ത്തുന്നതില്‍ സുകുമാരന്‍ വലിയ പങ്കാണ് വഹിച്ചത്. എഴുത്തില്‍ മാത്രമായി പരിമിതപ്പെട്ടിരുന്നില്ല അക്കാലത്തെ പത്രാധിപത്യം. സാമൂഹ്യനീതിക്കുവേണ്ടിയുള്ള പിന്നാക്കജനതയുടെ പോരാട്ടത്തിന്റെ നേതൃത്വമായിരുന്നു സി.വി.യുടെയും സുകുമാരന്റെയും കെ.ബാലകൃഷ്ണന്റെയും മൂര്‍ക്കോത്തു കൂമാരന്റെയും മിതവാദി കൃഷ്ണന്റെയുമെല്ലാം പത്രാധിപത്യം. 1911 ല്‍ കേരളകൗമുദി സ്ഥാപിച്ച സി.വി.കുഞ്ഞുരാമന്‍ പത്രാധിപരാകുന്നത് വളരെക്കഴിഞ്ഞാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതുകൊണ്ട് പേരുവെക്കാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നെ ജോലി രാജിവെച്ച് മുഖ്യപത്രാധിപരായി രംഗത്തുവന്നപ്പോള്‍ മകന്‍ കെ.സുകുമാരന്‍ മാനേജിങ്ങ് എഡിറ്ററായി. കെ.സുകുമാരന്റെ മാനേജ്‌മെന്റിലും പത്രാധിപത്യത്തിലുമാണ് കേരളകൗമുദി വളര്‍ന്നു പന്തലിച്ചത്. ഒരു രാഷ്ട്രീയശക്തി കൂടിയായി കേരളകൗമുദി.
സ്വാതന്ത്ര്യസമരത്തിലും ഐക്യകേരള പ്രസ്ഥാനത്തിലും മാതൃഭൂമി വളര്‍ത്തുന്നതിലും വഹിച്ച പങ്കു മാത്രമായിരുന്നില്ല കെ.പി.കേശവമേനോന് ലഭിച്ച സാര്‍വത്രികമായ ആദരവിനു കാരണം. പൊതുപ്രശ്‌നങ്ങളില്‍ ഭരണാധികാരികള്‍ക്കും തീര്‍ത്തും സ്വകാര്യപ്രശ്‌നങ്ങളില്‍ സാധാരണമനുഷ്യര്‍ക്കും ഒരു പോലെ വഴി കാട്ടിയ വിവേകിയും പക്വമതിയുമായ പത്രാധിപര്‍ ആയിരുന്നു കേശവമേനോന്‍. പ്രധാനമന്ത്രിമാര്‍ പോലും അദ്ദേഹത്തിന്റെ ഉപദേശം തേടിയ സന്ദര്‍ഭങ്ങളുണ്ട്. എന്തു പ്രതിബന്ധം നേരിട്ടാലും അഭിപ്രായങ്ങളില്‍നിന്നു വ്യതിചലിക്കാത്ത വ്യക്തിയായിരുന്നു അദ്ദേഹമെന്ന് അദ്ദേഹത്തിന്റെ ജീവിതകഥ വായിച്ചവര്‍ക്കറിയാം. സ്വതന്ത്രപത്രപ്രവര്‍ത്തനത്തിന്റെ എക്കാലത്തേക്കുമുള്ള മാതൃകയാണ് കേശവമേനോന്‍.
സ്വപ്രയത്‌നം കൊണ്ട് ഒരു മാധ്യമസ്ഥാപനത്തെ ഏറ്റവും ഉയരത്തിലേക്കു നയിച്ച പത്രാധിപര്‍ ആരെന്നു ചോദിച്ചാല്‍ കെ.എം.മാത്യു എന്നുപറയാന്‍ അധികമൊന്നും ആലോചിക്കേണ്ട. 1954 ല്‍ കെ.എം.മാത്യു(2017-2010) ജോലിയില്‍ ചേരുമ്പോള്‍ കഷ്ടിച്ച് ഒരു ജില്ലയില്‍ മാത്രം ഒതുങ്ങിനിന്ന പത്രമായിരുന്നു മലയാള മനോരമ. ആ പത്രത്തെ മലയാളത്തിലെ ഏറ്റവും വലിയ പത്രമാക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചത് അദ്ദേഹമാണ്. പത്രത്തിന്റെ എല്ലാമെല്ലാമായിരുന്നു അദ്ദേഹം അരനൂറ്റാണ്ടിലേറെക്കാലം.
പത്മഭൂഷണ്‍ ഉള്‍പ്പെടെയുള്ള നിരവധി ബഹുമതികള്‍ക്ക് അര്‍ഹനാക്കുംവിധമുള്ള രാഷ്ട്രസേവനം നിര്‍വഹിക്കുകയും ചെയ്തു. മലയാളത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ആത്മകഥകളില്‍ ഒന്നാണ് അദ്ദേഹത്തിന്റെ എട്ടാമത്തെ മോതിരം.
ചിന്തകരും വിപ്ലവകാരികളും
വിമര്‍ശകരും ചിന്തകരും വിപ്ലവകാരികളുമായിരുന്ന പത്രാധിപന്മാരുടെ നീണ്ട നിരയാണ് ഐക്യകേരളത്തിനു മുമ്പും ശേഷവും മാധ്യമദൗത്യം മുന്നോട്ടുകൊണ്ടുപോയത്. രാജഭരണകാലത്തു സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെയും പിന്നീട് കെ.എസ്.പി., ആര്‍.എസ്.പി. എന്നീ പാര്‍ട്ടികളുടെയും ഭാഗമായി തീവ്രതയോടെ പ്രവര്‍ത്തിച്ചവരില്‍ ചിലരെല്ലാം മികച്ച പത്രപ്രവര്‍ത്തകരുമായിരുന്നു. കെ.ബാലകൃഷ്ണന്‍ (1924-1984)ആണ് അതിലേറ്റവും ശ്രദ്ധിക്കപ്പെട്ട പത്രപ്രവര്‍ത്തകന്‍. തിരുവിതാംകൂര്‍ മുഖ്യമന്ത്രിയായ സി.കേശവന്റെ മകന്‍ ബാലകൃഷ്ണന്‍ അച്ഛനെതിരെയും രൂക്ഷമായ കടന്നാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. കേരള മാധ്യമചരിത്രത്തില്‍ ഒരു സംഭവം തന്നെയായിരുന്നു അദ്ദേഹം പത്രാധിപത്യം വഹിച്ച കൗമുദി ആഴ്ചപ്പതിപ്പ്. ആര്‍ജവമുള്ള അഭിപ്രായങ്ങളും മൗലികത നിറഞ്ഞ ആശയങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനത്തിന്റെ മുഖമുദ്ര. ഏറെ സാഹിത്യനിരൂപക പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിയിട്ടുണ്ട്് ബാലകൃഷ്ണന്‍. സിനിമ, സാഹിത്യം കല, രാഷ്ട്രീയം എന്നീ വിഷയങ്ങളിലെല്ലാം അസാധാരണമായ ഉള്‍ക്കാഴ്ച പ്രകടിപ്പിച്ചു. വാരികയില്‍ അദ്ദേഹം എഴുതിയ പത്രാധിപകുറിപ്പുകള്‍ വലിയ ചര്‍ച്ചാവിഷയങ്ങളായി മാറുമായിരുന്നു. കെ.ബാലകൃഷ്ണന്റെ ചോദ്യോത്തരപംക്തി ഏറെ വായനക്കാരുള്ള പംക്തിയായിരുന്നു. ഉജ്വലപ്രാസംഗികനായ ബാലകൃഷ്ണന്‍ 1971-77 കാലത്തു ആര്‍.എസ്.പി.പ്രതിനിധിയായി ലോക്‌സഭാംഗമായിരുന്നിട്ടുണ്ട്.
കൗമുദിയിലൂടെ പ്രശസ്തരായ നിരവധി എഴുത്തുകാരും പത്രപ്രവര്‍ത്തകരുമുണ്ട്. അവരില്‍ പ്രധാനിയാണ് പ്രമുഖ ആക്ഷേപഹാസ്യപംക്തി രചയിതാവ് കെ.കാര്‍ത്തികേയന്‍(1904-1966). കേരളകൗമുദിയില്‍ സബ് എഡിറ്ററായി ചേര്‍ന്ന കാര്‍ത്തികേയന്‍ ചീഫ് എഡിറ്ററും എസ്.എന്‍.ഡി.പി.യോഗം സെക്രട്ടറിയും ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ്ങ് ജേണലിസ്റ്റ് ദേശീയ ജനറല്‍ സെക്രട്ടറിയുമൊക്കെ ആയെങ്കിലും പൊതുജനങ്ങള്‍ അദ്ദേഹത്തെ അറിയുന്നത് പൊതുജനം കാര്‍ത്തികേയന്‍ എന്നാണ്. വിരമിച്ചശേഷം 1958ല്‍ അദ്ദേഹം ആരംഭിച്ച പത്രമാണ് പൊതുജനം. കെ.ബാലകൃഷ്ണന്റെ പത്രാധിപത്യത്തിലുള്ള കൗമുദി ആഴ്ചപ്പതിപ്പില്‍ എഴുതിയ കിറുക്കുകള്‍ എന്ന ആക്ഷേപഹാസ്യപംക്തിയാണ് പഴയ വായനക്കാര്‍ കാര്‍ത്തികേയന്റെ പേരിനോട് ചേര്‍ത്ത് ഓര്‍ക്കുന്നത്.
സാമൂഹിക നവോത്ഥാനത്തില്‍ പങ്കുവഹിച്ച സഹോദരപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു സഹോദരന്‍ അയ്യപ്പന്‍ എന്നു വിളിക്കപ്പെട്ട കെ.അയ്യപ്പന്‍മാസ്റ്റര്‍(1989-1968). അദ്ദേഹം യുക്തിവാദപ്രചാരണത്തിനായി സ്ഥാപിച്ച സഹോദരന്‍ മാസിക അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അനീതിയെയും എതിര്‍ക്കാനുള്ള പടവാളായി. വേലക്കാരന്‍ എന്ന പേരില്‍ തൊഴിലാളികള്‍ക്കായും സ്ത്രീ എന്ന പേരില്‍ സ്ത്രീകള്‍ക്കായും അദ്ദേഹം പ്രസിദ്ധീകരണങ്ങള്‍ നടത്തിയിരുന്നു. മിശ്രഭോജനവും മിശ്രവിവാഹവും സഹോദരന്‍ പ്രസ്ഥാനം പ്രോത്സാഹിപ്പിച്ചുപോന്നു. സഹോദരന്‍ പ്രസിദ്ധീകരണത്തിലാരംഭിച്ച ആഴ്ചക്കുറിപ്പുകള്‍ അദ്ദേഹം ജീവിതാന്ത്യം വരെ കേരളകൗമുദിയില്‍ തുടര്‍ന്നു.
നിരവധി പത്രങ്ങളില്‍ സിറ്റി റിപ്പോര്‍ട്ടര്‍ മുതല്‍ പത്രാധിപര്‍ വരെയുള്ള ചുമതലകള്‍ നിര്‍വഹിച്ച വിപ്ലവകാരിയായ പത്രപ്രവര്‍ത്തകനായിരുന്നു കാമ്പിശ്ശേരി കരുണാകരന്‍. മലയാളത്തിലെ ഏറ്റവും ആശയസമ്പന്നനായ പത്രാധിപന്മാരില്‍ ഒരാളായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. 1953 മുതല്‍ 1977 വരെ ജനയുഗം പത്രാധിപരായിരുന്നു കാമ്പിശ്ശേരി. സി.പി.ഐ.യുടെ മുഖപത്രമായ ജനയുഗം വാരികയെ പാര്‍ട്ടിക്കാരല്ലാത്തവരും വായിക്കാന്‍ തുടങ്ങിയത് കാമ്പിശ്ശേരിയുടെ കാലത്തായിരുന്നു. അദ്ദേഹം തുടക്കമിട്ട പല പംക്തികളും ഇന്നും പല പ്രസിദ്ധീകരണങ്ങളിലും തുടരുന്നു.
വൈക്കം ചന്ദ്രശേഖരന്‍നായര്‍ എണ്ണമറ്റ വാരികളില്‍ എഴുതിക്കൂട്ടിയതിന്റെ പത്തിലൊരംശം പുസ്തകമാക്കി പ്രസിദ്ധീകരിച്ചുകാണില്ലെന്നാണ് കണക്ക്. അദ്ദേഹം അതൊട്ടു കാര്യമാക്കിയുമില്ല. മനോരമയില്‍ തുടങ്ങി ഇടതുപക്ഷ പത്രങ്ങളിലേക്കു മാറുകയും ജനയുഗം തുടങ്ങുമ്പോള്‍ മുപ്പതാംവയസ്സില്‍ അതിന്റെ പത്രാധിപരാകുകയും ചെയ്ത പ്രതിഭാശാലിയായ വൈക്കം പത്രാധിപത്യത്തില്‍ അദ്ഭുതങ്ങള്‍ കാഴ്ച്ച വെക്കുമ്പോഴും കഥകളും തിരക്കഥകളും നോവലുകളും പംക്തികളും ചലചിത്രഗാനങ്ങളും ചരിത്രനോവലുകളും ഡിറ്റക്റ്റീവ് നോവലുകളും വരെ എഴുതിക്കൂട്ടുന്നുണ്ടായിരുന്നു. എഴുപത്തഞ്ചിലേറെ കൃതികള്‍ സ്വന്തം പേരില്‍, മറ്റുപേരുകളില്‍ വേറെയും നിരവധി! ഇത്രയേറെ എഴുതിയ മറ്റാരുണ്ടായിരുന്നു പത്രപ്രവര്‍ത്തനരംഗത്ത്?
തൂലികാനാമം സ്വന്തംപേരാക്കിമാറ്റിയ പവനന്‍ എന്ന പി.വി.നാരായണന്‍ നായര്‍ യുക്തിവാദി പ്രസ്ഥാനത്തിന്റെ നേതാവുകൂടി ആയിരുന്നു. തലശ്ശേരിയില്‍ ജനിച്ച പവനന്‍ ‘ജയകേരള’ത്തിലാണ് തുടങ്ങിയത്. കമ്യൂണിസ്റ്റ് ആയതിന്റെ പേരില്‍ ജയകേരളം വിടേണ്ടിവന്നു. പിന്നെ ചേര്‍ന്നത് കോഴിക്കോട് പൗരശക്തിയിലാണ്. തുടര്‍ന്ന് ദേശാഭിമാനിയില്‍. പത്തു വര്‍ഷക്കാലം അദ്ദേഹം തിരുവനന്തപുരത്തും മദിരാശിയിലും ലേഖകനായി ഏറെ അനുഭവങ്ങള്‍ നേടി. പാര്‍ട്ടി പിളര്‍പ്പിനെത്തുടര്‍ന്ന് ദേശാഭിമാനി വിട്ടു. ഇന്ത്യാപ്രസ് ഏജന്‍സി, നവയുഗം വാരിക, നവജീവന്‍ വാരിക, ജനയുഗം എന്നിവയ്‌ക്കെല്ലാം വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനരംഗത്ത് ഇത്രയേറെ അനുഭവസമ്പത്തുള്ള മറ്റൊരു പത്രപ്രവര്‍ത്തകനെ കണ്ടെത്തുക പ്രയാസമാണ്. 1991-ല്‍ സോവിയറ്റ് യൂണിയന്‍ തകരുന്നതുവരെ സോവിയറ്റ് വക്താവ് ആയിരുന്നു പവനന്‍.
ദേശാഭിമാനിയുടെ രൂപാന്തരം
ചിന്തകനും പണ്ഡിതനും പ്രമുഖ ഗ്രന്ഥകാരനും രാഷ്ട്രീയനേതാവുമെല്ലാമായ പി.ഗോവിന്ദപ്പിള്ള(1926-2012) പാര്‍ട്ടിക്കാരല്ലാത്തവര്‍ക്കും വായിക്കാവുന്ന പത്രമായി ദേശാഭിമാനി പത്രത്തെ പരിവര്‍ത്തനപ്പെടുത്തിയ പത്രാധിപരായിരുന്നു. പാര്‍ട്ടി പ്രസിദ്ധീകരണങ്ങളില്‍ എപ്പോഴും രാഷ്്ട്രീയപ്രശ്‌നങ്ങളെക്കുറിച്ചും വിദേശകാര്യങ്ങളെക്കുറിച്ചും എഴുതി. പത്രഭാഷയുടെ ഏകീകരണത്തിനും ശുദ്ധീകരണത്തിനും വേണ്ടി അദ്ദേഹം എപ്പോഴും പരിശ്രമിച്ചുപോന്നിട്ടുണ്ട്.
ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിനെ(1909-1998) ഒരു മാധ്യമപ്രവര്‍ത്തകനായി ചുരുക്കിക്കാണാനാവില്ലെങ്കിലും അദ്ദേഹം കൈകാര്യം ചെയ്്ത അനന്തവിഷയങ്ങളില്‍ മാധ്യമപ്രവര്‍ത്തനത്തിന് പ്രമുഖസ്ഥാനം ഉണ്ടായിരുന്നു. പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുമ്പോഴും രാഷ്ട്രീയത്തിനുപരി മലയാളഭാഷയെയും മാധ്യമപ്രവര്‍ത്തനത്തെയും കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ മുഖ്യരചനകള്‍ പ്രത്യക്ഷപ്പെട്ടിരുന്നതും മുഖ്യധാരാപ്രസിദ്ധീകരണങ്ങളിലാണ്. വിവിധ പ്രസിദ്ധീകരണങ്ങളില്‍ ദശകങ്ങളോളം എഴുതിപ്പോന്ന പംക്തികള്‍ വേറെ. ബൗദ്ധികതലത്തില്‍ ഇത്രത്തോളം ഉയരത്തില്‍ പറന്ന മറ്റൊരു മാധ്യമപ്രവര്‍ത്തകനെയോ പൊതുപ്രവര്‍ത്തകനെയോ കേരളം കണ്ടുകാണില്ല.
തലസ്ഥാന ലേഖകര്‍
മുപ്പതും നാല്പതും വര്‍ഷം നിയമസഭ റിപ്പോര്‍ട്ട് ചെയ്ത നിരവധി പത്രപ്രവര്‍ത്തകരുണ്ട് തിരുവനന്തപുരത്ത്. വലിയ പത്രങ്ങളില്‍ പ്രവര്‍ത്തിച്ച ചിലരെല്ലാം പ്രശസ്തരായി. ഏറെ പ്രശസ്തി നേടിയവരില്‍ ഒരാളാണ് 45 വര്‍ഷം നിയമസഭ റിപ്പോര്‍ട്ട് ചെയ്ത പി.സി.സുകുമാരന്‍ നായര്‍(1931-2004). ആദ്യം കേരളകൗമുദിയിലും പിന്നെ കാല്‍നൂറ്റാണ്ട്് മാതൃഭൂമിയിലും വീണ്ടും കേരളകൗമുദിയിലും ലേഖകനായി. നിയമസഭ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് പി.സി. പി.സി.ക്കു സ്വന്തമായ ഒരു ശൈലിയുണ്ടായിരുന്നു.
ഏറ്റവും നീണ്ട കാലം കേരളനിയമസഭ റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകനാണ് കേരളകൗമുദി ലേഖകനായിരുന്ന പി.ജി.പരമേശ്വരന്‍ നായര്‍. അദ്ദേഹം കണ്ടേടത്തോളം നിയമസഭയും നിയമനിര്‍മാണവുമൊന്നും ഏതെങ്കിലും എം.എല്‍.എ.യോ സ്പീക്കര്‍ പോലുമോ കണ്ടിരിക്കില്ല. മുപ്പത്തഞ്ചുകൊല്ലത്തെ അനുഭവങ്ങള്‍ ഉപയോഗപ്പെടുത്തി അദ്ദേഹം രചിച്ച ഗ്രന്ഥം- കേരള നിയമസഭയുടെ ചരിത്രവും ധര്‍മവും- ഈ രംഗത്തെ മികച്ച രചനയാണ്.
മുംബൈ ഇംഗ്‌ളീഷ് പത്രങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ, കേരളസംസ്ഥാനം രൂപവല്‍ക്കരിക്കുന്നതിനു തൊട്ടുമുമ്പ് തിരുവനന്തപുരത്ത് ടൈംസ് ഓഫ് ഇന്ത്യ ലേഖകനായി ചേര്‍ന്ന കെ.സി.ജോണ്‍(1924-2006) തലസ്ഥാനത്തിന്റെ എല്ലാ നാഡിഞെരമ്പുകളും തൊട്ടറിഞ്ഞ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരില്‍ പ്രധാനിയാണ്. കേരള രാഷ്ട്രീയത്തെക്കുറിച്ച് മൂന്നു പുസ്തകങ്ങളും അദ്ദേഹത്തിന്‍േതായുണ്ട്.
രാഷ്ട്രീയത്തില്‍നിന്നു പത്രപ്രവര്‍ത്തനത്തിലേക്കു വരുന്നവര്‍ ധാരാളമുണ്ടെങ്കിലും പത്രപ്രവര്‍ത്തനത്തില്‍നിന്നു രാഷ്ട്രീയപദവികളിലേക്കു കടന്നവരും കുറവല്ല.ദീപിക ലേഖകനായിരുന്ന കെ.സി. സെബാസ്റ്റ്യന്‍((1929-1986) പത്രത്തില്‍നിന്നു പറന്നതു പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്കാണ്. അമ്പതുകളിലാണ് സെബാസ്റ്റ്യന്‍ ദീപികയുടെ തിരുവനന്തപുരം ലേഖകനാകുന്നത്. മൂന്നു പതിറ്റാണ്ടിലേറെ തലസ്ഥാനത്തു ലേഖകനായിരുന്നു. അദ്ദേഹം. കേരള കോണ്‍ഗ്രസ്സിന്റെ ഒരു രാഷ്ട്രീയോപദേശകന്‍ കൂടിയായിരുന്നു. അങ്ങനെയാണ് 1979 ല്‍ രാജ്യസഭയില്‍ സീറ്റ് ഒഴിവു വന്നപ്പോള്‍ പരിഗണിക്കപ്പെട്ടത്.
ഇടതുപക്ഷത്തുനിന്ന് എതിര്‍പക്ഷത്തേക്ക്
ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ മാധ്യമങ്ങളില്‍നിന്നു മുഖ്യധാരാമാധ്യമങ്ങളിലേക്കു കടന്നുവന്ന് പ്രശസ്തരായവരില്‍ പ്രമുഖരാണ് കെ.ആര്‍.ചുമ്മാറും വി.കെ.ഭാര്‍ഗവന്‍നായരും ടി.കെ.ജി.നായരും. മൂന്നുപേരും മനോരമയിലാണ് ഒടുവില്‍ പ്രവര്‍ത്തിച്ചിരുന്നത്. കഴിവുള്ള റിപ്പോര്‍ട്ടറും എഡിറ്ററും രാഷ്ട്രീയനിരീക്ഷകനും കോളമിസ്റ്റുമായിരുന്നു കെ.ആര്‍.ചുമ്മാര്‍ (1929-1990). തൃശ്ശൂരുകാരനായിരുന്ന ചുമ്മാര്‍. ആദ്യകാലത്തു കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ തീപ്പൊരി പ്രസംഗകനായിരുന്നു. സോഷ്യലിസ്റ്റ് വാരികകളിലും തൃശ്ശൂര്‍ ഗോമതി പത്രത്തിലും എക്‌സ്പ്രസ് പത്രത്തിലും പ്രവര്‍ത്തിച്ച ശേഷമാണ് മനോരമയിലെത്തുന്നത്. അദ്ദേഹത്തിന്റെ ആഴ്ചക്കുറിപ്പുകള്‍ പംക്തി ഇന്നും ഓര്‍ക്കപ്പെടുന്നു.
വി.കെ.ബി. എന്ന പേരിലാണ് വി.കെ.ഭാര്‍ഗവന്‍ നായര്‍(1930-1995) എഴുതിയിരുന്നത്. മനോരമയില്‍ വരുന്നതിനുമുമ്പ് കമ്യൂണിസ്റ്റ് പാര്‍ട്ടിയംഗമായിരുന്നു. ആനുകാലികസംഭവങ്ങളെക്കുറിച്ചുള്ള അവലോകനങ്ങളും ശക്തമായ വിമര്‍ശനവും അദ്ദേഹത്തെ ശ്രദ്ധേയനാക്കിയിരുന്നു. മനോരമയുടെ ന്യൂസ് എഡിറ്ററായും ദ വീക് ഇംഗ്ലീഷ് വാരികയുടെ എഡിറ്ററും ആയിരുന്നു.
തൃശ്ശൂര്‍ സ്വദേശിയായ ടി.കെ.ജി.നായര്‍ എന്ന ടി.കെ.ഗോവിന്ദന്‍കുട്ടിനായര്‍(1928-1992) കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രസിദ്ധീകരണമായ നവജീവനില്‍ നിന്നാണ് മലയാള മനോരമയിലെത്തുന്നത്. തോംസണ്‍ ഫൗണ്ടേഷനില്‍ പത്രപ്രവര്‍ത്തന പരിശീലനം നേടിയ അദ്ദേഹം കേരള പ്രസ് അക്കാഡമിയുടെ അദ്ധ്യക്ഷനായിരുന്നു. കേരള പത്രപ്രവര്‍ത്തകയൂണിയന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്ന ടി.കെ.ജി. മൂന്നുതവണ സംഘടനയുടെ പ്രസിഡന്റായിരുന്നിട്ടുണ്ട്.
സാഹിത്യരംഗത്തു നിന്ന്
കേരളത്തിന്റെ ആദ്യമന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി എന്ന സ്ഥാനം ജോസഫ് മുണ്ടശ്ശേരി (1903-1977)ക്കു ശാശ്വത പ്രസിദ്ധി നേടിക്കൊടുക്കാന്‍ പര്യാപ്തമാണെങ്കിലും കോളേജ് അധ്യാപകനും സാഹിത്യനിരൂപകനും കോളമിസ്റ്റും പത്രാധിപരും പ്രഭാഷകനും ആയിരുന്നു മുണ്ടശ്ശേരി. 1953 ല്‍ തൃശ്ശൂരില്‍ നവജീവന്‍ ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ പത്രാധിപത്യത്തിലാണ്. അതിനുമുമ്പു പ്രേഷിതന്‍ എന്ന പ്രസിദ്ധീകരണത്തിലാണ് മുണ്ടശ്ശേരി എഴുത്തിനു തുടക്കമിടുന്നത്. കേരളം, കൈരളി, മംഗളോദയം, പ്രജാമിത്രം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം പങ്കാളിത്തം വഹിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പിലും ധാരാളമായി എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മുഖപ്രസംഗങ്ങളും വാരാന്തക്കുറിപ്പുകളും ഉജ്വലങ്ങളായിരുന്നു.
തൃശ്ശൂര്‍ കണ്ടശ്ശാംകടവ് സ്വദേശിയായ മുണ്ടശ്ശേരി ഉജ്വലപ്രഭാഷകനും ശ്രഷ്ഠനായ അധ്യാപകനുമായിരുന്നു. നിരവധി നിരൂപണ കൃതികളും മൂന്നുനോവലുകളും കഥാസമാഹാരങ്ങള്‍, യാത്രാവിവരണങ്ങള്‍, ആത്മകഥ എന്നിവയും മലയാളത്തിന് സംഭാവന ചെയ്തിട്ടുണ്ട്.
സാഹിത്യവിമര്‍ശകനും ഗ്രന്ഥകാരനും പ്രഭാഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു ഡോ.സുകുമാര്‍ അഴിക്കോട്. നാല്പതോളം കൃതികളുടെ കര്‍ത്താവാണ്. മാധ്യമപ്രവര്‍ത്തകനായി ജീവിതം ആരംഭിക്കുകയും പല പത്രങ്ങളിലും ഉത്തരവാദിത്വങ്ങള്‍ വഹിക്കുകയുംചെയ്ത അഴീക്കോട്, മാധ്യമങ്ങളില്‍ എഴുതിയിരുന്ന പംക്തികളില്‍ത്തന്നെ നിര്‍ദ്ദയമായ മാധ്യമവിചാരണയും നിര്‍വഹിക്കാറുണ്ട്. അവസാനകാലത്തും അദ്ദേഹം ദിനപത്രങ്ങളില്‍ പത്രാധിപത്യം വഹിക്കുകയും പംക്തികള്‍ എഴുതുകയും ചെയ്തു. പൊതുസമൂഹത്തിന്റെ മനസ്സ് പ്രതിഫലിക്കുന്ന നിലപാടുകള്‍ സ്വീകരിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തെ കേരളത്തിന്റെ മനസ്സാക്ഷിയായി വിശേഷിപ്പിക്കപ്പെട്ടിരുന്നു.
അപൂര്‍വം വനിതകള്‍
എണ്‍പതുകള്‍ക്കു മുമ്പ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ല എന്നുതന്നെ പറയാം. വളരെ അപൂര്‍വമായി ചില ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ പത്രാധിപത്യം വഹിച്ചവര്‍ ഇല്ലെന്നല്ല. പക്ഷേ, ചുരുങ്ങിയ ആയുസ് മാത്രമുണ്ടായ, ചുരുക്കം ആളുകള്‍ മാത്രം കണ്ടിരുന്ന പ്രസിദ്ധീകരണങ്ങളായിരുന്നു അവ.
ദിനപത്രങ്ങളില്‍ പത്രപ്രവര്‍ത്തകയായി ആദ്യം നിയമനം ലഭിച്ച വനിത മാതൃഭൂമിയില്‍ സബ് എഡിറ്ററായി 1952 ല്‍ ചേര്‍ന്ന തങ്കം മേനോന്‍ ആയിരുന്നു എന്നാണ് മാധ്യമചരിത്രകാരന്മാര്‍ കരുതുന്നത്്. കോഴിക്കോട് ബിലാത്തിക്കുളത്തെ കോലിയത്തു വീട്ടില്‍ നിന്നുള്ള തങ്കം പത്രത്തില്‍ അസി.എഡിറ്റര്‍ സ്ഥാനം വരെയെത്തി. കെ.പി.കേശവമേനോന്റെ ഗ്രന്ഥരചനയില്‍ പ്രധാനസഹായി ആയിരുന്നു അവര്‍. മാതൃഭൂമിയില്‍ ജോലിയിലിരിക്കെ 1983 ല്‍ ആണ് അവര്‍ അന്തരിച്ചത്.
മാതൃഭൂമി എഡിറ്റോറിയില്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വി.പാറുക്കുട്ടിയമ്മ(1923-2012)യെ ഓര്‍ക്കേണ്ടതുണ്ട്. 23 വര്‍ഷം അധ്യാപികയായിരുന്ന ശേഷമാണ് അവര്‍ മാധ്യമരംഗത്തേക്കു വരുന്നത്. ധാരാളം ലേഖനങ്ങളും എഡിറ്റോറിയലുകളും അവര്‍ മാതൃഭൂമിയില്‍ എഴുതി. പത്രപ്രവര്‍ത്തനത്തിനൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തനവും നടത്തിപ്പോന്നു. കെ.പി.സി.സി. അംഗവുമായിരുന്നു.
ദൃശ്യമാധ്യമങ്ങള്‍ വരുന്നതു വരെ റിപ്പോര്‍ട്ടിങ്ങ് രംഗത്ത് ശ്രദ്ധിക്കപ്പെട്ട ഏക വനിത ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ പ്രവര്‍ത്തിച്ചിരുന്ന ലീലാമേനോന്‍ ആണ്. മാതൃഭൂമി പത്രത്തിന്റെയും ഗൃഹലക്ഷ്മി മാഗസീനിന്റെയും ഡസ്‌കുകളില്‍ പ്രവര്‍ത്തിച്ച ഡോ.പി.ബി.ലല്‍ക്കാര്‍ ഡപ്യൂട്ടി എഡിറ്ററായാണ് വിരമിച്ചത്. ജേണലിസത്തില്‍ ഡോക്റ്ററേറ്റ് നേടിയ ആദ്യ മലയാളി വനിത ലല്‍ക്കാര്‍ ആണെന്നു പറയാം.
ഇന്നു വനിതകള്‍ ദൃശ്യമാധ്യമരംഗം കയ്യടക്കിക്കഴിഞ്ഞു. അച്ചടിപ്പത്രത്തില്‍ അത്രത്തോളം ഇല്ല. എങ്കിലും, രണ്ടിടത്തും ഉയര്‍ന്ന നയരൂപവല്‍ക്കരണ പദവികളില്‍ വനിതകള്‍ അപൂര്‍വമായേ ഉള്ളൂ.
കായികരംഗം
സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിങ്ങ് ഒരു പ്രധാന മേഖലയായി വളര്‍ന്നത് അറുപതുകള്‍ക്കു ശേഷമാണ്. മിക്ക പത്രങ്ങള്‍ക്കും സ്‌പോര്‍ട്‌സ് വാര്‍ത്തകള്‍ക്കു പ്രത്യേക പേജുകള്‍ ഉണ്ടായതും ആ കാലത്താണ്. മാതൃഭൂമി കോളമിസ്റ്റും ന്യൂസ് എഡിറ്ററുമായിരുന്ന വിംസി എന്ന വി.എം.ബാലചന്ദ്രന്‍ ചെയ്ത സംഭാവനകള്‍ ചെറുതല്ല. മുഷ്താഖ് എന്ന പേരില്‍ എഴുതിയിരുന്ന പി.എ.മുഹമ്മദ്‌കോയ, പ്രാഞ്ചി എന്ന പേരില്‍ എഴുതിയിരുന്ന ഫ്രാന്‍സിസ്, കണ്ണൂരുകാരായ കെ.കോയയും കെ.പി.ആര്‍.കൃഷ്ണനും, തിരുവനന്തപുരം കൗമുദിയില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്ന ഡി.അരവിന്ദന്‍ എന്നിവരും ഓര്‍മിക്കപ്പെടേണ്ടവരാണ്. ഒളിമ്പിക്‌സും ഏഷ്യാഡുമടക്കമുള്ള ആഗോള മത്സരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ വിദേശരാജ്യങ്ങളിലേക്ക് അക്രഡിറ്റേഷന്‍ കിട്ടിത്തുടങ്ങിയ പുതിയ തലമുറയില്‍ ഇതിനു തുടക്കമിട്ടത് മാതൃഭൂമി ഡപ്യൂട്ടി എഡിറ്ററായിരുന്ന വി.രാജഗോപാല്‍(1950-2015) ആണ്. നീണ്ട കാലം അദ്ദേഹം ഒളിമ്പ്യന്‍ എന്ന പേരില്‍ സ്‌പോര്‍ട്‌സ് പംക്തി എഴുതിയിട്ടുണ്ട്.
ദല്‍ഹി അമ്പാസ്സഡര്‍മാര്‍
ന്യൂഡല്‍ഹിയില്‍നിന്ന് മലയാളികളായ മാധ്യമപ്രവര്‍ത്തകര്‍ ദിവസവും എഴുതിപ്പോന്ന വാര്‍ത്തകളാണ് നമുക്കു ദേശീയരാഷ്ട്രീയവും രാജ്യഭരണവും സംബന്ധിച്ച സൃഷ്ടിച്ചുപോന്നിരുന്നത്. മാതൃഭൂമിയുടെ ലേഖകനായിരുന്ന വി.കെ. മാധവന്‍കുട്ടി(1934-2005)യാണ് അതില്‍ പ്രധാനിയാണ്. ഡല്‍ഹിയില്‍ കേരളത്തിന്റെ അംബാസഡറായാണ് മാധവന്‍കുട്ടി പ്രവര്‍ത്തിച്ചിരുന്നത് എന്നു പലരും പറയാറുണ്ട്. വ്യക്തികളുടെ കാര്യങ്ങള്‍ക്കുവേണ്ടി മാത്രമല്ല, ചിലപ്പോഴെല്ലാം സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ക്കുവേണ്ടിപ്പോലും അദ്ദേഹം അധികാരകേന്ദ്രങ്ങളില്‍ ഇടപെടാറുണ്ട്. ദീര്‍ഘകാലം ലേഖകനായിരുന്ന ശേഷം 1987-1990 കാലത്തു മാതൃഭൂമി പത്രാധിപരായി കോഴിക്കോട്ട് പ്രവര്‍ത്തിച്ചിരുന്നു
കേരളകൗമുദിയുടെ ഡല്‍ഹി പ്രതിനിധിയായിരുന്ന നരേന്ദ്രനും യഥാര്‍ത്ഥത്തില്‍ തലസ്ഥാനത്തെ കേരളത്തിന്റെതന്നെ പ്രതിനിധിയായിരുന്നു. വി.എന്‍. നായര്‍ എന്ന പേരിലായിരുന്നു ആദ്യകാലത്ത്് അറിയപ്പെട്ടിരുന്നത്. മുംബൈ ഫ്രീ പ്രസ് ജേണലില്‍ നിന്നാണ് അദ്ദേഹം ഡല്‍ഹിയിലെ കേരളകൗമുദി ബ്യൂറോവിലെത്തിയത്. ഞെട്ടിക്കുന്ന ഏറെ സ്‌കൂപ്പുകളുടെ ഉടമയായിരുന്നു നരേന്ദ്രന്‍.
എ.കെ.ജി.യുടെ സിക്രട്ടറിയായി ഡല്‍ഹിയിലെത്തിയ നരിക്കുട്ടി മോഹനന്‍ പിന്നീട് ദീര്‍ഘകാലം അവിടെ ദേശാഭിമാനിയുടെ ലേഖകനായിരുന്നു. പിന്നീട് കോഴിക്കോട് മെയിന്‍ ഡെസ്‌കിലാണ് പ്രവര്‍ത്തിച്ചത്.
മലയാളത്തിന്റെ അഭിമാനങ്ങള്‍
മലയാളപത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന സേവനം ഡല്‍ഹിയിലും മറ്റു സംസ്ഥാനങ്ങളിലും നിര്‍വഹിച്ചവരെ വിസമരിച്ചുകൂടാ. ആദ്യം ഓര്‍ക്കേണ്ട പേര് പോത്തന്‍ ജോസഫി(1892-1972)ന്റേതാണ്. ചെങ്ങന്നൂരാണ് അദ്ദേഹത്തിന്റെ ജന്മദേശം. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമായി 40 വര്‍ഷം പത്രപ്രവര്‍ത്തനം നടത്തിയ പോത്തന്‍ ജോസഫ് 26 പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്്. ഒരു ഡസനോളം പത്രങ്ങളുടെ സ്ഥാപക പത്രാധിപര്‍തന്നെയായിരുന്നു. ഓരോന്നില്‍നിന്നു മറ്റൊന്നിലേക്ക് അദ്ദേഹം മാറിയിരുന്നത് പത്രധര്‍മപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചക്ക് സന്നദ്ധനല്ലാതിരുന്നതുകൊണ്ടാണ്. അദ്ദേഹം നാല്പതുവര്‍ഷക്കാലം ഓവര്‍ എ കപ്പ് ഓഫ് ടീ എന്ന കോളം ദിവസവും എഴുതുന്നുണ്ടായിരുന്നു.
ദല്‍ഹി പത്രപ്രവര്‍ത്തന-രാഷ്ട്രീയവൃത്തങ്ങളില്‍ ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച സി.പി.രാമചന്ദ്രന്‍(1923-1997)പാര്‍ട്ടി പത്രമായ ക്രോസ്‌റോഡ്‌സ് ല്‍ ആണ് പത്രപ്രവര്‍ത്തനം തുടങ്ങുന്നത്. ശങ്കേഴ്‌സ് വീക്‌ലിയില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ച ശേഷം ഹിന്ദുസ്ഥാന്‍ ടൈംസിലെത്തി. ലാസ്റ്റ് വീക് ഇന്‍ പാര്‍ലമെന്റ് എന്ന അദ്ദേഹത്തിന്റെ പംക്തി പ്രധാനമന്ത്രിപോലും സൂക്ഷ്മമായി വായിച്ചുപോന്നു. പോരാട്ടംനിറഞ്ഞ ജീവിതമായിരുന്നു അത്.
തലശ്ശേരിക്കാരനായ എടത്തട്ട നാരായണന്‍(1907-1978) മഹാത്മാഗാന്ധിയുടെ യങ്ങ് ഇന്ത്യ പത്രത്തിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഹിന്ദുസ്ഥാന്‍ ടൈംസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് പയനിയര്‍ പത്രത്തില്‍ ചേര്‍ന്നു. ക്വിറ്റ് ഇന്ത്യാസമരകാലത്ത് ജയിലിലായി. പ്രധാനമന്ത്രി നെഹ്‌റു ആദരവോടെ ശ്രദ്ധിച്ചിരുന്ന പത്രപ്രവര്‍ത്തകനായിരുന്നു നാരായണന്‍. ന്യൂഏജ്, ലിങ്ക് പത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയനേതാക്കളുമായെല്ലാം സൗഹൃദം പുലര്‍ത്തിപ്പോന്നു.
എം.ശിവറാം, ബി.ജി.വര്‍ഗീസ്, കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ തുടങ്ങിയ നിരവധി പ്രതിഭകള്‍ കേരളത്തിനു പുറത്തായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെങ്കിലും കേരളം അവരുടെയെല്ലാം പ്രവര്‍ത്തനങ്ങളുമായി പല രീതിയില്‍ ബന്ധപ്പെടുന്നുണ്ട്.. ശങ്കറിനെ വിളിച്ചുകൊണ്ടുവന്ന് കാര്‍ട്ടൂണിസ്റ്റ് ആക്കുന്നതു പോത്തന്‍ജോസഫ് ആണ്. എന്നെയും വെറുതെ വിടേണ്ട എന്നു പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു ശങ്കറിനോട് പറഞ്ഞത് ഭരണാധിപന്മാര്‍ മറന്നാലും പത്രപ്രവര്‍ത്തകര്‍ക്കു മറക്കാനാവില്ല. അസംഖ്യം കാര്‍ട്ടൂണിസ്റ്റുകളെ വാര്‍ത്തെടുത്ത കാര്‍ട്ടൂണ്‍ വിദ്യാലയം ആയിരുന്നു ശങ്കേഴ്‌സ് വീക്ക്‌ലി. കായംകുളത്തുകാരനാണ് ശങ്കര്‍.
എം.ശിവറാം(1907-1972) ബര്‍മയില്‍ പട്ടാളവിപ്ലവം നടക്കുന്നതും മന്ത്രിമാരെ കൊന്നൊടുക്കുന്നതും നേരില്‍ക്കണ്ട് റിപ്പോര്‍ട്ട് ചെയ്ത് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയ പത്രപ്രവര്‍ത്തകനാണ്. സുഭാഷ് ചന്ദ്രബോസിനൊപ്പം മലയയിലും തായ്‌ലണ്ടിലും രണ്ടാം ലോകയുദ്ധകാലത്ത് ഐ.എന്‍.എ.യില്‍ പ്രവര്‍ത്തിച്ചതിന്റെ ഖ്യാതിയുമായാണ് ഇന്ത്യയില്‍ മടങ്ങിയെത്തിയത്. ആലപ്പുഴ തോട്ടപ്പള്ളിക്കാരനായ ശിവറാം അവസാനകാലത്ത് തിരുവനന്തപുരത്താണ് ചെലവഴിച്ചത്.
ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യന്‍ എക്‌സ്പ്രസ് പത്രങ്ങളുടെ പത്രാധിപരായിരിക്കുകയും ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിന്നു പിരിച്ചുവിട്ടപ്പോള്‍ അതൊരു ദേശീയവാര്‍ത്തയും കോടതിക്കേസ്സുമൊക്കെ ആയി. ബി.ജി. വര്‍ഗീസ്് (1927-2014) പത്രസ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടിനടന്ന പോരാട്ടങ്ങളിലും പങ്കുവഹിച്ചു. അടിയന്തരാവസ്ഥക്കെതിരായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1977 ലെ പൊതുതിരഞ്ഞെടുപ്പില്‍ അദ്ദേഹം മാവേലിക്കരയില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായെങ്കിലും ജയിച്ചില്ല.
ദല്‍ഹി മലയാള പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ പദ്മഭൂഷണ്‍ ബഹുമതി നേടിയത് ടി.വി.ആര്‍.ഷേണായി മാത്രം. ദ വീക്ക് വാരികയുടെ ആദ്യ എഡിറ്ററായിരുന്നു. ഇപ്പോഴും ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നു. ഡല്‍ഹി മനോരമയില്‍ ബ്യൂറോ തലവനായിരുന്നു ദീര്‍ഘകാലം.
ദല്‍ഹിയില്‍ മാധ്യമരംഗത്തു പ്രവര്‍ത്തിച്ചവരില്‍ പ്രസിദ്ധരായ മലയാളികള്‍ ഏറെയുണ്ട്. പ്രശസ്തസാഹിത്യകാരന്മാരായ ഒ.വി.വിജയന്‍, വി.കെ.എന്‍ എന്നിവര്‍ മുന്നില്‍ നില്‍ക്കുന്നു. ജനഗുഗം ഗോപി, പ്രശസ്ത സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍, ബി.ആര്‍.പി.ഭാസ്‌കര്‍ തുടങ്ങിയവരും ദല്‍ഹിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യകാലത്തു മാതൃഭൂമി ലേഖകനായിരുന്ന കെ.പി.ഉണ്ണികൃഷ്ണന്‍ പിന്നീട് രാഷ്ട്രീയത്തിലേക്കു നിങ്ങി കേന്ദ്രമന്ത്രിവരെയായി.
ഒരു കാലത്ത് അന്താരാഷ്ട്ര പ്രശസ്തി നേടിയ ഏഷ്യാവീക്ക്് മാഗസീനിന്റെ സ്ഥാപകന്‍ മലയാളിയായ ടി.ജെ.എസ്.ജോര്‍ജ് ആണെന്ന് ഇന്ന് അധികംപേര്‍ ഓര്‍ക്കുന്നുണ്ടാവില്ല. കേരളമുണ്ടാകുന്നതിനും ആറു വര്‍ഷംമുമ്പ് ബോംബെ ഫ്രീപ്രസ് ജേണലില്‍ പത്രപ്രവര്‍ത്തനം തുടങ്ങി തുമ്പമണ്‍കാരനായ ജോര്‍ജ്. അവിടെ നിന്നാണ് പട്‌നയില്‍ സെര്‍ച്ച്‌ലൈറ്റ് പത്രത്തില്‍ എഡിറ്ററായി ചെല്ലുന്നത്. ബിഹാര്‍ മുഖ്യമന്ത്രിക്കു ഇഷ്ടമില്ലാത്ത എന്തോ എഴുതിയതിന് ജോര്‍ജിനെ പിടിച്ച് ജയിലിലിട്ടു. ജോര്‍ജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അതുവലിയ ഭാഗ്യമായി. ജോര്‍ജ് പ്രസിദ്ധനായി. പിന്നെ കുറെക്കാലം വിദേശത്തായിരുന്നു പ്രവര്‍ത്തനം. വി.കെ.കൃഷ്ണമേനോന്റെയും പോത്തന്‍ ജോസഫിന്റെയും നര്‍ഗീസിന്റെയും ഉള്‍പ്പെടെ അഞ്ചു ജീവചരിത്രങ്ങള്‍ രചിച്ച ജോര്‍ജിന്റെ ആത്മകഥ ഘോഷയാത്ര ഏറ്റവും മികച്ച പത്രപ്രവര്‍ത്തക ആത്മകഥയാണ്. എണ്‍പത്തേഴു പിന്നിട്ട ജോര്‍ജിന് വിശ്രമമില്ല. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ എഡിറ്റോറിയല്‍ അഡൈ്വസറും കോളമിസ്റ്റുമാണ്.
അമ്പതുകളുടെ അവസാനം ഡല്‍ഹിയില്‍ നിയോഗിക്കപ്പെട്ട വി.എം.മരങ്ങോലിയാണ് മലയാളപത്രങ്ങളുടെ ആദ്യലേഖകനെന്നു കരുതപ്പെടുന്നു. അദ്ദേഹം ഒരേ സമയം മനോരമയുടെയും കേരളകൗമുദിയുടെയും ലേഖകനായിരുന്നിട്ടുണ്ട്. പ്രമുഖപത്രപ്രവര്‍ത്തകനായ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ദേശാഭിമാനി ലേഖകനായും പ്രമുഖ യുക്തിവാദി ഇടമറുക് കേരളശബ്ദം ലേഖകനായും ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
രാഷ്ട്രീയം പത്രപ്രവര്‍ത്തനം
പാര്‍ട്ടികളുടെ മുഖപത്രങ്ങളിലുള്ള പത്രപ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തനവും പത്രപ്രവര്‍ത്തനവും തമ്മില്‍ വ്യത്യാസം കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ അവര്‍ പലപ്പോഴും ഉയര്‍ന്ന രാഷ്്ട്രീയപദവികളില്‍ ചെന്നെത്താറുമുണ്ട്. മുഖ്യമന്ത്രിസ്ഥാനം വരെ എത്തിയ സി.എച്ച്്. മുഹമ്മദ് കോയ ആവും ഒരു പക്ഷേ, അവരിലേറ്റവും പ്രമുഖന്‍. യു.എ.ബീരാന്‍, പി.എം. അബൂബക്കര്‍ തുടങ്ങി പലരും മന്ത്രിമാരും ആയിരുന്നിട്ടുണ്ട്. ഇവരെല്ലാം ചന്ദ്രിക പത്രത്തിന്റെ ന്യൂസ്‌റൂമുകളില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ്. ദീര്‍ഘകാലം കേന്ദ്രമന്ത്രിയായിരുന്ന ഇ.അഹമ്മദിന്റെയും തുടക്കം ചന്ദ്രികയില്‍നിന്നാണ്. രാഷ്ട്രീയത്തിലേക്കു കടക്കാതെ ജീവിതം മുഴുവന്‍ പത്രപ്രവര്‍ത്തനം നടത്തിയ ചന്ദ്രിക പ്രവര്‍ത്തകര്‍ ധാരാളമുണ്ട്. കോളമിസ്റ്റായ വി.സി.അബൂബക്കറും സ്‌പോര്‍ട്‌സ് ലേഖകനും നോവലിസ്റ്റുമായ മുഷ്താഖ് എന്ന പി.എ.മുഹമ്മദ് കോയയും പത്രാധിപരായിരുന്ന റഹീം മേച്ചേരിയും ഇക്കുട്ടത്തില്‍പെടുന്നു.
സായാഹ്നപത്രങ്ങള്‍
ആദ്യകാലത്ത് പത്രങ്ങളേറെയും വിതരണം ചെയ്തിരുന്നത് വൈകുന്നേരങ്ങളിലാണ്. ഇന്നത്തെ പ്രമുഖ പത്രങ്ങളായ മനോരമയും മാതൃഭൂമിയും ഇക്കൂട്ടത്തില്‍ പെടും. ക്രമേണയാണ് ഇവ രാത്രി അച്ചടിച്ച് രാവിലെ പ്രസിദ്ധീകരിക്കുന്ന രീതി സ്വീകരിച്ചത്. എന്നാല്‍ പുതുതായി തുടങ്ങിയ ചില പത്രങ്ങള്‍ സായാഹ്നപത്രങ്ങള്‍ എന്ന നിലയില്‍ തന്നെ അറിയപ്പെട്ടു.
ജനശ്രദ്ധയും ജനവിശ്വാസവും നേടിയ നിരവധി സായാഹ്നപത്രങ്ങള്‍ ചെറുതും വലുതുമായ കേരളപട്ടണങ്ങളില്‍ സ്വാതന്ത്ര്യത്തിനു മുമ്പുതന്നെയും നിരവധിയുണ്ടായിരുന്നു. അവയില്‍ ചിലതെങ്കിലും സ്വാതന്ത്ര്യലബ്ധിക്കുശേഷവും നിലനിന്നു. എണ്ണമറ്റ പുതിയവ പൊട്ടിമുളയ്ക്കുകയും ചെയ്തു.
തെരുവത്തു രാമന്‍ പത്രാധിപത്യം വഹിച്ച പ്രദീപം, ആദ്യകാലത്ത് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും പില്‍ക്കാലത്ത് മൊയ്തുമൗലവിയും നടത്തിയ അല്‍ അമീന്‍ എന്നീ കോഴിക്കോടന്‍ പത്രങ്ങള്‍ അടുത്തകാലം വരെ പ്രചാരത്തിലുണ്ടായിരുന്നു. കാസര്‍ഗോട്ടെ ഉത്തരദേശം, കാഞ്ഞങ്ങാട്ടെ ലേറ്റസ്റ്റ്, തളിപ്പറമ്പിലെ മക്തബ്, തലശ്ശേരിയിലെ പടയണി, കണ്ണൂരിലെ സുദിനം, പാലക്കാട്ട് എം.വി.ചേറൂസ് നടത്തിപ്പോന്ന സ്വദേശി, തൃശ്ശൂരില്‍ ഫാദര്‍ വടക്കന്‍ തുടങ്ങിയ തൊഴിലാളി, കെ.വി.ദാനിയല്‍ എഡിറ്ററായിരുന്ന ടെലഗ്രാഫ്്, ആലുവയിലെ ഇന്ത്യന്‍ പൗരന്‍ തുടങ്ങിയ പ്രാദേശികമായി ഏറെ ശ്രദ്ധിക്കപ്പെട്ട പത്രങ്ങളാണ്. മിക്കതും ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്നു. ഓണ്‍ലൈന്‍ എഡിഷന്‍ ഉള്‍പ്പെടെ പ്രഭാതപത്രങ്ങളുടെ പല സൗകര്യങ്ങളും ഉള്ള സായാഹ്നപത്രങ്ങളും ധാരാളം.
.
ഫോട്ടോഗ്രാഫര്‍മാര്‍
ന്യൂസ് ഫോട്ടോഗ്രാഫി കേരള സംസ്ഥാന രൂപവല്‍ക്കരണകാലത്തുതന്നെ സജീവമായിരുന്നുവെങ്കിലും വാര്‍ത്താ ചിത്രങ്ങള്‍ ശ്രദ്ധേയമായി പ്രസിദ്ധീകരിക്കുന്നത് അപൂര്‍വമായിരുന്നു. എത്ര നല്ല ചിത്രമെടുത്താലും മെറ്റല്‍ ബ്ലോക്കുകളില്‍ നിന്ന് അതു മഴി പുരണ്ട് കടലാസ്സില്‍ പതിപ്പിക്കുമ്പോഴേക്ക് അനാകര്‍ഷകമായി മാറുമായിരുന്നു. പക്ഷേ, അക്കാലത്തും ശ്രദ്ധേയമായ ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്.
1968ല്‍ തലശ്ശേരി പോലീസ് സ്റ്റേഷന്‍ ആക്രമണത്തെത്തുടര്‍ന്നു പിടിയിലായ പതിനെട്ടുകാരിയായ നക്‌സലൈറ്റ് പ്രവര്‍ത്തക അജിതയുടെ ഇരുമ്പഴിക്കു ഇപ്പുറത്തുനിന്നുള്ള ടി.നാരായണന്റെ(മലയാള മനോരമ) ഫോട്ടോ ആവാം ഒരുപക്ഷേ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ആദ്യത്തെ ന്യൂസ് ഫോട്ടോ.
ഓഫ്‌സെറ്റ് പ്രസ്സുകളുടെ വരവോടെ ന്യൂസ് ഫോട്ടോഗ്രാഫി വന്‍ മുന്നേറ്റംതന്നെ നടത്തി. ചിത്രം അടിക്കുമ്പോഴത്തെ തെളിമ കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. തിരുവനന്തപുരത്ത് മാതൃഭൂമിയുടെ യൂണിറ്റ് ആരംഭിച്ചപ്പോള്‍ രാജന്‍ പൊതുവാളിന്റെ മികച്ച ചിത്രങ്ങള്‍ ന്യൂസ് എഡിറ്റര്‍ ടി.വേണുഗോപാല്‍ മുമ്പൊരു പത്രവും അച്ചടിച്ചിട്ടില്ലാത്ത വലുപ്പത്തില്‍ പ്രസിദ്ധപ്പെടുത്തിയത് ന്യൂസ് ഫോട്ടോഗ്രാഫിയുടെ പ്രാധാന്യം വിളിച്ചുപറഞ്ഞു. ഇന്നു ഏതാണ്ട് എല്ലാ പത്രങ്ങളും ഒരേ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ക്യാമറകളുടെയും സ്ഥിതി അതുതന്നെ. വാര്‍ത്തയോളം പ്രാധാന്യം-ചിലപ്പോള്‍ വാര്‍ത്തയേക്കാള്‍- ഇപ്പോള്‍ ഫോട്ടോകള്‍ക്കു ലഭിക്കുന്നുണ്ട്.
പത്രലോകം ദുഃഖത്തോടെ ഓര്‍ക്കുന്ന ഒരു സംഭവമുണ്ട്. അത് ഫോട്ടോഗ്രാഫര്‍ വിക്റ്റര്‍ ജോര്‍ജിന്റെ മരണമാണ്. ഫോട്ടോഗ്രാഫിയെ സ്‌നേഹിച്ച, മഴയെ സ്‌നേഹിച്ച, പ്രകൃതിയെ സ്‌നേഹിച്ച, ഒട്ടനവധി ദേശീയ അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ വിക്റ്ററിനെ(1955-2001) മഴയോടുള്ള കമ്പം മരണത്തിലേക്കു തട്ടിയെടുത്തു. മനോരമ ഫോട്ടോഗ്രാഫറായിരുന്ന വിക്റ്റര്‍ ഇടുക്കി വെള്ളയാനി മലയില്‍ ഉരുള്‍പൊട്ടല്‍ ചിത്രീകരിക്കവെ ആണ് 2001 ജുലൈ ഒമ്പതിന് മരണമടഞ്ഞത്.
വരയും ചിരിയും
ആറു പതിറ്റാണ്ടു മുമ്പ്് വരച്ചുതുടങ്ങിയ ആള്‍ ഇന്നും കാര്‍ട്ടൂണ്‍ വരക്കുന്നു എന്നതാണ് ആ രംഗത്തെ ഒരു പ്രത്യേകത. യേശുദാസന്‍ എന്ന ചാക്കേലാത്ത് ജോണ്‍ യേശുദാസന്‍ ആണ് ആ കാര്‍ട്ടൂണിസ്റ്റ്. യേശുദാസന്‍ ജനയുഗത്തില്‍ വരച്ച കിട്ടുമ്മാവന്‍ മലയാളത്തിലെ ആദ്യ പോക്കറ്റ് കാര്‍ട്ടൂണ്‍ ആണ്്. വിമോചന സമരകാലത്ത്് തുടങ്ങിയ കിട്ടുമ്മാവന്‍ അനേകദശകങ്ങള്‍ യേശുദാസനൊപ്പം സഞ്ചരിച്ചു. ശങ്കേഴ്‌സ് വീക്ക്‌ലിയുടെ മാതൃകയില്‍ അസാധു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരണവും കട്കട്ട് എന്ന സിനിമാ പ്രസിദ്ധീകരണവും ഏറെ പുതുമകളുള്ളവയായിരുന്നു. 23 വര്‍ഷം മനോരമയില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായിരുന്നു. ഇപ്പോഴും ദേശാഭിമാനിയില്‍ വരയ്ക്കുന്നു.
ബോബനും മോളിയും പരമ്പര വരച്ച ടോംസ്(1929-2016), ആദ്യം ദേശാഭിമാനിയിലും പിന്നെ മാതൃഭൂമിയിലും വരച്ച ബി.എം.ഗഫൂര്‍ എന്നിവര്‍ മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കാര്‍ട്ടൂണിസ്റ്റുകളാണ്. ദേശീയതലത്തിലാണ് മലയാളികള്‍ ഏറ്റവുമേറെ കാര്‍ട്ടൂണ്‍രംഗത്തു ശ്രദ്ധിക്കപ്പെട്ടിരുന്നത്. എഴുത്തുകാരന്‍ എന്ന നിലയില്‍ ഏറെ പ്രശസ്തനായ ഒ.വി.വിജയന്‍(1930-2005) അവരില്‍ മുന്നില്‍നില്‍ക്കുന്നു. വിജയന്‍ ശങ്കേഴ്‌സ് വീ്ക്ക്‌ലിയില്‍ ആണ് വര തുടങ്ങിയത്. പാട്രിയറ്റ്, ദി സ്‌റ്റേറ്റ്‌സ്മാന്‍, ദി ഹിന്ദു പത്രങ്ങള്‍ക്കും കാര്‍ട്ടൂണ്‍ വരച്ചു. അടിയന്തരാവസ്ഥക്കു ശേഷവും മാതൃഭൂമിയില്‍ കുറെക്കാലം വരച്ചു. സാധാരണ കാര്‍ട്ടൂണുകളില്‍നിന്നു വ്യത്യസ്തമായി തത്ത്വചിന്തയുടെ അംശങ്ങളുള്ളവയായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികള്‍.
കേശവ ശങ്കര പിള്ള എന്ന ശങ്കര്‍(1902-1989) ഇന്ത്യയിലെ രാഷ്ട്രീയ കാര്‍ട്ടൂണ്‍ പിതാവായാണ് അറിയപ്പെടുന്നത്. അദ്ദേഹം സ്ഥാപിച്ച പ്രസിദ്ധീകരണമാണ് ശങ്കേഴ്‌സ് വീക്ക്്‌ലി. പത്മശ്രീ(1956)യും പത്മഭൂഷണും(1966) പത്മവിഭൂഷണും(1976) ലഭിച്ച അപൂര്‍വം വ്യക്തികളിലൊരാളാണ് ശങ്കര്‍. അബു എന്ന ആറ്റുപുറത്തു മാത്യു എബ്രഹാം (1924-2002) നാല്പതു വര്‍ഷക്കാലം അനേകം പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണ്‍ വരച്ചിട്ടുണ്ട്. ഇവയില്‍ ദ് ഗാര്‍ഡിയന്‍, ദ് ഒബ്‌സര്‍വര്‍ എന്നീ പ്രമുഖ വിദേശപത്രങ്ങളും പെടുന്നു. രാജ്യസഭയിലെ നോമിറ്റേറ്റഡ് അംഗമായിരുന്നു ഈ മാവേലിക്കരക്കാരന്‍.
ചലചിത്രസംവിധായകനായി അറിയപ്പെടുംമുമ്പെതന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരച്ചിരുന്ന ചെറിയ മനുഷ്യനും വലിയ ലോകവും എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലൂടെ പ്രശസ്തനായിരുന്നു അരവിന്ദന്‍(1935-1991). പോക്കറ്റ് കാര്‍ട്ടൂണുകളിലൂടെ ഏറെ പേരെടുത്ത മറ്റൊരു മലയാളിയായ കൊല്ലംകാരനായ സാമുവല്‍(1925-2012), കുട്ടി എന്നു മാത്രം പേരിട്ടു വരച്ചിരുന്ന പി.കെ.ശങ്കരന്‍കുട്ടിനായര്‍(1921-2011) അംഗീകാരം നേടിയ മറ്റു മലയാളി കാര്‍ട്ടൂണിസ്റ്റുകളാണ്.
.മാധ്യമനിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ മുന്‍കൈ
പത്രപ്രവര്‍ത്തകര്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യയിലൊരു സംസ്ഥാനസര്‍ക്കാറും മടി കാണിക്കാറില്ല. പക്ഷേ, അതുകൊണ്ടൊന്നും മാധ്യമപ്രവര്‍ത്തനത്തിന്റെ നിലവാരമോ പൊതുജനങ്ങള്‍ക്ക് അതുകൊണ്ടുള്ള പ്രയോജനമോ മെച്ചപ്പെടാറില്ല. എന്നാല്‍ ഇന്ത്യയിലാദ്യമായി മാധ്യമപ്രവര്‍ത്തകര്‍ക്കു അവരുടെ തൊഴില്‍പരമായ പരിശീലനവും അറിവും നല്‍കുന്നതിന് ആദ്യമായി ഒരു സ്ഥാപനം സര്‍ക്കാര്‍ സ്ഥാപിക്കുന്നത് കേരളത്തിലാണ്. കേരള പ്രസ് അക്കാദമിയാണ് അത്.
മാധ്യമപഠന സ്ഥാപനങ്ങളില്‍നിന്നുള്ള ഡിഗ്രിയോ ഡിപ്ലോമയോ ഇല്ലാതെ തൊഴിലിലെത്തിയവരാണ് കേരളത്തിലെ ബഹുഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരുമെന്ന തിരിച്ചറിവില്‍ സംസഥാനത്തെ ഏക പത്രപ്രവര്‍ത്തകസംഘടനയായ കെ.യു.ഡബ്‌ള്യൂ.ജെ.ആവിഷ്‌കരിച്ച പരിശീലനപദ്ധതിയുടെ തുടര്‍ച്ചയായാണ് സര്‍ക്കാര്‍ പ്രസ് അക്കാദമി എന്ന സ്ഥാപനം സ്ഥാപിക്കുന്നത്. മാധ്യമവിഷയങ്ങളില്‍ പഠനവും ഗവേഷണവും നടത്തുക, ശില്പശാലകളും സെമിനാറുകളും നടത്തുക, പ്രസിദ്ധീകരണങ്ങള്‍ ഇറക്കുക, ജേണലിസം പഠനസ്ഥാപനം നടത്തുക, പുരസ്‌കാരങ്ങളും ഫെല്ലോഷിപ്പുകളും നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ നേടുന്നതിനാണ് സംസ്ഥാന സര്‍ക്കാറും പത്രപ്രവര്‍ത്തകസംഘടനയും പത്ര ഉടമസ്ഥ സംഘടനയും കൂട്ടുത്തരവാദിത്തത്തോടെ അക്കാദമി സ്ഥാപിക്കുന്നത്.
1979 മാര്‍ച്ച് 19ന് നിലവില്‍ വന്ന സ്ഥാപനത്തിന്റെ ആദ്യ ചെയര്‍മാന്‍ സ്വാതന്ത്ര്യസമരസേനാനിയും പത്രാധിപരുമായിരുന്ന കെ.എ. ദാമോദരമേനോന്‍ ആയിരുന്നു. പ്രമുഖ പത്രാധിപന്മാരായ പി.ഗോവിന്ദപിള്ള, ടി.കെ.ജി.നായര്‍, കെ.മോഹനന്‍, വി.പി.രാമചന്ദ്രന്‍, തോമസ് ജേക്കബ് തുടങ്ങിയവര്‍ തുടര്‍ന്ന് അക്കാദമി ചെയര്‍മാന്മാരായി. അക്കാദമി മാധ്യമപ്രവര്‍ത്തനത്തില്‍ മൂന്നു ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്നു.
പത്രപ്രവര്‍ത്തനം സംബന്ധിച്ച നിരവധി പുസ്തകങ്ങള്‍ അക്കാദമി
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ദ്വിഭാഷാ പ്രസിദ്ധീകരണമായ മീഡിയ ആണ് അക്കാദമിയുടെ മുഖമാസിക.ദ്യശ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുകൂടി പങ്കാളിത്തം നല്‍കുന്നുണ്ട് എന്നു പ്രകടമാക്കാന്‍വേണ്ടി പ്രസ് അക്കാദമിയുടെ പേര്് 2014ല്‍ കേരള മീഡിയ അക്കാദമി എന്നു മാറ്റി.
കേരള ചരിത്രത്തില്‍ സ്ഥാനംനേടിയ പത്രപ്രവര്‍ത്തകപോരാളികളായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും കേസരി ബാലകൃഷ്ണപിള്ളയുടെയും സ്മരണ നിലനിര്‍ത്തുന്നതിനു കൂടിയായി സംസ്ഥാനസര്‍ക്കാര്‍ കേസരി-സ്വദേശാഭിമാനി മാധ്യമപുരസ്‌കാരം ഏര്‍പ്പെടുത്തിയത് എടുത്തുപറയേണ്ട കാര്യമാണ്. 2011ലാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്്. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററായി വിമരിച്ച ടി.വേണുഗോപാലിന് ആയിരുന്നു ആദ്യവര്‍ഷം പുരസ്‌കാരം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സമഗ്രജീവചരിത്രത്തിന്റെ രചയിതാവ് കൂടിയാണ് വേണുഗോപാല്‍. കേരളത്തിലെ ആദ്യത്തെ ന്യൂസ് ചാനലിന്റെ സ്ഥാപകനും പ്രഗത്ഭ ജേണലിസം അക്കഡമിഷനുമായ ശശികുമാര്‍, മാതൃഭൂമി മുന്‍ പത്രാധിപരും പ്രസ് അക്കാദമി മുന്‍ ചെയര്‍മാനുമായ വി.പി.രാമചന്ദ്രന്‍, ബി.ആര്‍.പി.ഭാസ്‌കര്‍, കെ.എം.റോയി, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്റ്റര്‍ തോമസ് ജേക്കബ്ബ്് എന്നിവര്‍ക്കാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ ബഹുമതി ലഭിച്ചത്.
‘വിനോദം, വിനോദം, വിനോദം…’
എഴുപതുകളുടെ തുടക്കത്തിലാവാനാണ് സാധ്യത, കേരളത്തിലെ പല പട്ടണങ്ങളിലും ആദ്യമായി ടെലിവിഷന്‍ പ്രത്യക്ഷപ്പെട്ടു. ആളുകള്‍ കൂടുന്ന ചെറുമൈതാനങ്ങളില്‍ വൈകുന്നേരങ്ങളില്‍ ഏതാനും മണിക്കൂര്‍ ബ്ലാക്ക് ആന്റ് വൈറ്റ് ടെലിവിഷനില്‍ ഹിന്ദിയിലുള്ള പ്രോഗ്രാമുകള്‍ കാണാമായിരുന്നു. പാട്ടും നൃത്തവുമൊന്നുമല്ല, കൃഷിയാണ് മിക്കപ്പോഴും വിഷയം എന്നു മനസ്സിലാക്കിയ ശേഷം അധികംപേരൊന്നും ടി.വി.കാണാന്‍ വരാറില്ല. ഏതോ ഒരു ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഹ്രസ്വകാലത്തേക്ക് നമുക്ക് ഉണ്ടാക്കിത്തന്ന സാധ്യത ഉപയോഗപ്പെടുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ പട്ടണങ്ങളില്‍ ടി.വി.ഏര്‍പ്പെടുത്തിയത്. പിന്നെ അത് അപ്രത്യക്ഷമായി.
അതാവണം കേരളീയരുടെ ആദ്യ ടെലിവിഷന്‍ അനുഭവം. 1972ല്‍ ബോംബെയില്‍ ആരംഭിച്ച ടി.വി.സംപ്രേഷണം കേരളത്തിലെത്തുന്നത് 1984ലാണ്. തിരുവനന്തപുരത്തായിരുന്നു തുടക്കം. വിദ്യാഭ്യാസവും കൃഷിയുമായിരുന്നു ഉള്ളടക്കം. ക്രമേണ ഹിന്ദി സിനിമകളും സീരിയലുകളൊക്കെ വന്നു. 1985 ജനവരി ഒന്നിന് മലയാളം ദൂരദര്‍ശന്‍ കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിതമായെങ്കിലും കേരളം മുഴുവനുമൊന്നും മലയാളം പ്രോഗ്രാമുകള്‍ കിട്ടുമായിരുന്നില്ല. 1993ല്‍ കണ്ണൂരില്‍ മാതൃഭൂമി യൂണിറ്റ് തുടങ്ങിയപ്പോള്‍ ആദ്യത്തെ ഒരു കാംപെയിന്‍ മലയാളം പരിപാടി കണ്ണൂരില്‍ ലഭ്യമാക്കുന്നതിനു വേണ്ടിയായിരുന്നു എന്ന്് ഇന്ന് ഓര്‍ക്കുമ്പോള്‍ കൗതുകം തോന്നുന്നു. 2000 ജനവരി ഒന്നിനാണ് ദൂര്‍ദര്‍ശന്‍ മുഴുവന്‍ സമയം മലയാളം സംപ്രേഷണം ആരംഭിക്കുന്നത്്.
കലയും സാഹിത്യവും വിജ്ഞാനവുമെല്ലാം ഗുണനിലവാരവും സമൂഹനന്മയും നോക്കി സംപ്രേഷണം ചെയ്തിരുന്ന ദൂരദര്‍ശന്‍ ആയിരുന്നു ദീര്‍ഘകാലം നമ്മുടെ ടെലിവിഷന്‍. ദൂരദര്‍ശനിലെ മെഗാപരമ്പരകളുടെ ജനപ്രീതി അമ്പരപ്പിക്കുന്നതായിരുന്നു. രാമായണം പരമ്പര ജനജീവിതത്തെ മാറ്റിമറിക്കുകതന്നെ ചെയ്തു. ജനപ്രിയ പരിപാടികള്‍ക്കുവേണ്ടിയുള്ള നെട്ടോട്ടത്തില്‍, ദൃശ്യമാധ്യമത്തിന്റെ തുടക്കകാല തത്ത്വങ്ങളൊക്കെ വിസ്മൃതമായി. മുതിര്‍ന്ന ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ ബൈജു ചന്ദ്രന്‍, ഡോ.ടി.കെ.സന്തോഷ് കുമാറിന്റെ മലയാള ടെലിവിഷന്‍ ചരിത്രഗ്രന്ഥത്തിനുള്ള അവതാരികയില്‍ ഇതു വ്യക്തമാക്കിയിട്ടുണ്ട്. ‘
…ഏതൊരു ലക്ഷ്യവുമായാണോ ഇന്ത്യയില്‍ ടെലിവിഷന്‍ ആരംഭിച്ചത്, പുതിയ മാധ്യമവിപ്ലവം തൂത്തുവാരിയെറിഞ്ഞത് ആ ലക്ഷ്യത്തെത്തന്നെയാണ്. വിദ്യാഭ്യാസം, വിജ്ഞാനം, വികസനം, വിനോദം എന്ന ഇന്ത്യന്‍ ടെലിവിഷന്റെ മുദ്രാവാക്യം വിനോദം, വിനോദം, വിനോദം എന്നായി മാറി'(14)
തൊണ്ണൂറുകളുടെ തുടക്കത്തില്‍ ആഗോളീകരണത്തിന്റെ വരവായി. ആകാശവും ഉപഗ്രഹങ്ങളും തുറന്നുകൊടുക്കപ്പെട്ടു. 1993 ആഗസ്ത് മുപ്പതിന് ഏഷ്യാനെറ്റ് വന്നത്് മലയാളത്തിലെ ആദ്യത്തെ സ്വകാര്യചാനല്‍ എന്ന സ്ഥാനപ്പേരോടെയാണല്ലോ. അതു കേരളത്തിലെ ആദ്യ ഉപഗ്രഹ ചാനല്‍ കൂടിയായിരുന്നു. അതുവരെ ഭൂതലത്തിലായിരുന്നു ട്രാന്‍സ്മിഷന്‍. ഉപഗ്രഹ ട്രാന്‍സ്മിഷന്‍ ഉപയോഗപ്പെടുത്തി സ്വകാര്യ ചാനല്‍ എന്ന ആശയം, പി.ടി.ഐ വാര്‍ത്താ ഏജന്‍സിയില്‍ ടെലിവിഷന്‍ മേധാവിയായിരുന്ന ശശികുമാറിന്റേതായിരുന്നു. പി.ടി.ഐ. തന്റെ ആശയം സ്വീകരിക്കാതിരുന്നപ്പോഴാണ് ശശികുമാര്‍ സ്വകാര്യചാനലിനെക്കുറിച്ചു ചിന്തിച്ചത്. അതാണ് ഏഷ്യാനെറ്റിന്റെ തുടക്കം. അപ്പോഴും കേരളത്തില്‍ ഉപഗ്രഹസൗകര്യങ്ങള്‍ ലഭ്യമായിരുന്നില്ല. സിഗ്നലുകള്‍ സ്വീകരിക്കാം, പക്ഷേ, അപ്‌ലിങ്കിങ്ങ് സാധ്യമായിരുന്നില്ല. അതുകൊണ്ട് ആദ്യം അപ്‌ലിങ്കിങ്ങ് ഫിലിപ്പീന്‍സില്‍നിന്നാക്കി. 1995 ല്‍ സിംഗപ്പൂരിലേക്കുമാറ്റി. അതോടെ 24 മണിക്കൂര്‍ സംപ്രേഷണം സാധ്യമായി. ദൂരദര്‍ശന്‍ 24 മണിക്കൂര്‍ സംപ്രേഷണം സാധിച്ചെടുത്തത് 2000 ജനവരി ഒന്നിനാണ്. രാപകല്‍ ടെലിവിഷന്‍ കാണാം എന്നതിന്റെ സാധ്യതകള്‍ അമ്പരപ്പിക്കുന്നതായിരുന്നു.
ഏഷ്യാനെറ്റ് കേബ്ള്‍ സംവിധാനം കേരളംമുഴുവന്‍ എത്തിയതിന് ഏഷ്യാനെറ്റിന്റെ മാത്രമല്ല കേരളത്തിന്റെ മൊത്തം കടപ്പാട് കെ.കരുണാകരന്‍ എന്ന മുഖ്യമന്ത്രിയോടാണ്. വൈദ്യുതിപോസ്റ്റ് വഴി കേരളം മുഴുവന്‍ കേബ്ള്‍ എത്തിക്കാന്‍ അനുമതി നല്‍കിയത് അദ്ദേഹമാണ്. അതിന്റെ പേരില്‍ ഒരു ആനുകൂല്യത്തിനും കരുണാകരന്‍ കൈനീട്ടിയില്ല. സാറ്റലൈറ്റ് ടെലിവിഷന്‍ സാധ്യമാക്കിയാല്‍ അത് കേരളത്തില്‍ ഒരു ഇന്‍ഫര്‍മേഷന്‍ വിപ്ലവം സൃഷ്ടിക്കുമെന്നു പറഞ്ഞപ്പോള്‍ അതു മനസ്സിലാക്കാന്‍ കരുണാകരന് ഒരു നിമിഷംപോലും ആലോചിക്കേണ്ടിവന്നില്ല എന്നു ശശികുമാര്‍ ഓര്‍ക്കുന്നു.(15)
1999 മെയ് മാസം ശശികുമാര്‍ തന്റെ ഓഹരികളെല്ലാം അമ്മാമന്‍ രജികുമാറിനു കൈമാറി വിടപറഞ്ഞതും ഏഷ്യാനെറ്റ് കേബ്ള്‍ വേറെ സ്ഥാപനമായി മാറിയതും ന്യൂസ് ഒഴികെയുള്ള ഏഷ്യാനെറ്റ് ചാനലുകളുടെ ഓഹരികള്‍ മുര്‍ഡോക്കിന്റെ കമ്പനി വാങ്ങിയതുമെല്ലാം ചരിത്രത്തില്‍ സംഭവിച്ച ചില കാര്യങ്ങള്‍ മാത്രം. ചാനല്‍വിപ്ലവം അനസ്യൂതം തുടര്‍ന്നു. 1999ല്‍ ആണ് ഇന്ത്യയില്‍ നിന്ന് ഉപഗ്രഹ അപ്‌ലിങ്കിനു സ്വകാര്യസ്ഥാപനങ്ങള്‍ക്ക് അനുമതി ലഭിച്ചതും.
പുതിയ ചാനലുകളെ വിഭാഗങ്ങളായി വേണമെങ്കില്‍ തരംതിരിക്കാം. അച്ചടി മാധ്യമം ദൃശ്യമാധ്യമത്തില്‍ കൂടി ഒരു കൈ നോക്കാന്‍ തീരുമാനിക്കുമ്പോഴുണ്ടാകുന്നതാണ് ഒരു വിഭാഗം. സ്വാഭാവികമായും അതിനു ആദ്യം ഒരുമ്പെട്ടത് മലയാള മനോരമയാണ്. അല്പം വൈകിയാണെങ്കിലും മാതൃഭൂമിയും ശക്തമായിത്തന്നെ രംഗത്തെത്തി. കേരളകൗമുദിയുടെ ചാനലും മാധ്യമം പത്രത്തിന്റെ മീഡിയവണ്‍ ചാനലും രംഗത്തുവന്നു.
രാഷ്ട്രീയപാര്‍ട്ടികളുടേതാണ് അടുത്ത വിഭാഗം. ലോകകമ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്കു കാരണമായാത് ടെലിവിഷന്‍ ചാനലുകളും അതു ഇളക്കിവിട്ട ഉപഭോഗാസക്തിയുമാണെന്നൊരു സിദ്ധാന്തമുണ്ടെങ്കിലും കമ്യൂണിസം ശക്തിപ്പെടുത്താന്‍ ടെലിവിഷന്‍ വേണമെന്ന നിഗമനത്തില്‍ സി.പി.എം. എത്തിയതിന്റെ ഫലമായാണ് കൈരളി ചാനല്‍ സ്ഥാപിതമായത്. സി.പി.എമ്മിനോളം വോട്ടുള്ള പാര്‍ട്ടിയാണെന്നു അവകാശപ്പെടാറുണ്ടെങ്കിലും മാധ്യമനടത്തിപ്പില്‍ ഒരിക്കലും പാസ് മാര്‍ക്ക് കിട്ടാത്ത കോണ്‍ഗ്രസ് സ്വന്തമായല്ലെങ്കിലും ഒരു ചാനല്‍ എന്ന പരീക്ഷണത്തിനായാണ് ജെയ്ഹിന്ദ് സ്ഥാപിച്ചത്. രാജ്യം ഭരിക്കാന്‍ അവസരം കിട്ടുന്നതിനുമുമ്പു തന്നെ ബി.ജെ.പി.യുടെ ചാനല്‍ ജനം സാന്നിദ്ധ്യമറിയിച്ചു. ഡി.എം.കെ.യുടെ ചാനല്‍ എന്നൊക്കെ പറയുമെങ്കിലും കാശുണ്ടാക്കാന്‍ കേരളം വേണമെന്ന ബോധ്യത്തിലാവും സൂര്യാടി.വി. കേരളത്തിലുമെത്തിയത്.
ആത്മീയതയാണ് അടുത്ത വിഭാഗം. പലതിലും ആത്മീയത പേരിനേ കാണൂ. അമൃതയില്‍ ആത്മീയതയും ഉണ്ട്, സാധാരണ ചാനലുകളില്‍ കാണുന്ന രസക്കൂട്ടുകളുമുണ്ട്. ഷാലോം ടി.വി, ദര്‍ശന തുടങ്ങിയ വേറെയും ചാനലുകള്‍ ഈ മേഖലയില്‍ ഉണ്ടെങ്കിലും റിമോട്ടിലെ തുടരന്‍ ഞെക്കലുകള്‍ക്കിടയില്‍പ്പോലും ഇവ കണ്ണില്‍ പെടാറില്ല.. പരസ്യം ഒട്ടും കാണാറില്ലെങ്കിലും സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ അഖണ്ഡ യാത്രാ ചാനലായ സഫാരി എന്ന അപൂര്‍തകളുള്ള വ്യത്യസ്തചാനലിന് കാഴ്ചക്കാര്‍ ധാരാളമാണ്.
ഈ വിഭാഗങ്ങളിലൊന്നും പെടാത്ത ഒരു ചാനലാണ് കഴിഞ്ഞ മുപ്പതിലേറെ വര്‍ഷത്തെ ചാനല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായതെന്നു പറയുന്നത് അതിശയോക്തിയാവില്ല. ആദ്യത്തെ 24 മണിക്കൂര്‍ ന്യൂസ് ചാനലാണത്. ഒരു ട്രെന്‍ഡ് സെറ്റര്‍. ഇന്ത്യാവിഷന്‍ വരവും പോക്കും(?) ദൃശ്യമാധ്യമ ഗവേഷകര്‍ പഠിക്കേണ്ട ഒരു വിഷയംതന്നെയാണ്. മുസ്ലിം ലീഗ് നേതാവായ ഡോ.എം.കെ. മുനീറിന്റെ മാനസപുത്രനാണ് ചാനല്‍. യു.ഡി.എഫ് സര്‍ക്കാറില്‍ മന്ത്രിയായിരുന്ന എം.വി.രാഘവന്റെ മകന്‍ എം.വി.നികേഷ് കുമാര്‍ ഏഷ്യാനെറ്റ് വിട്ട് ഇന്ത്യാവിഷന്റെ സി.ഇ.ഒ.യും ചീഫ് എഡിറ്ററുമായപ്പോള്‍ ഒരു യു.ഡി.എഫ് ചാനല്‍തന്നെ എന്നേ ജനം കരുതിയിരുന്നുള്ളൂ. പക്ഷേ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയോട് നികേഷിനേയും വക്കം മൗലവിയോട് എം.കെ.മുനീറിനെയും തുല്യപ്പെടുത്തി പലരും ലേഖനങ്ങള്‍ എഴുതുംവിധം ചാനല്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്റെ അസാധ്യമായ അറ്റങ്ങള്‍വരെ സഞ്ചരിച്ചു. ആരും പ്രതീക്ഷിക്കാത്ത നിലപാടുകളിലൂടെയും അനുഭവങ്ങളിലൂടെയും മലയാളികളെ നിരന്തരം ഞെട്ടിച്ചു. നമ്മുടെ കണ്‍മുമ്പില്‍നിന്നു മായാന്‍ മാത്രം സമയമായിട്ടില്ലാത്തതുകൊണ്ട് അവയൊന്നും വിസ്തരിക്കേണ്ടതില്ലല്ലോ. ഇന്ത്യാവിഷന്‍ ഉപേക്ഷിച്ച് സ്വന്തം ചാനല്‍ -റിപ്പോര്‍ട്ടര്‍- തുടങ്ങിയ എം.വി.നികേഷ് കുമാറി ര്‍ നിയമസഭാംഗമാകാന്‍ മത്സരരംഗത്തിറങ്ങിയതു വഴി മാധ്യമപ്രവര്‍ത്തകനെന്ന നിലയിലുള്ള ആദരവും വിശ്വാസ്യതയും തീര്‍ത്തും കളഞ്ഞുകുളിച്ചു.
ദൃശ്യമാധ്യമങ്ങളുടെ മലവെള്ളപ്പാച്ചില്‍ മലയാളപത്രങ്ങളെ എങ്ങനെ ബാധിച്ചു എന്ന് വിലയിരുത്താന്‍ സമയമായിട്ടുണ്ടാവില്ല. എന്നാല്‍, ദൃശ്യമാധ്യമങ്ങളുടെ വളര്‍ച്ചയ്ക്ക് നേതൃത്വംനല്‍കിയ ഒട്ടനവധി പ്രതിഭാശാലികളെ സംഭാവന ചെയതത് പത്രങ്ങളാണ്. അവരില്‍ പ്രധാനി, രംഗത്തുനിന്നു മാറാന്‍ പ്രായമാകുംമുമ്പ് വിട പറഞ്ഞ ടി.എന്‍.ഗോപകുമാറാണ്. മാതൃഭൂമിയിലും മറ്റനേകം പത്രങ്ങളിലും പ്രവര്‍ത്തിച്ചാണ് അദ്ദേഹം ഏഷ്യാനെറ്റിലെത്തിയത്. ഏഷ്യാനെറ്റിന്റെ ഇപ്പോഴത്തെ എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്‍, മനോരമ ന്യൂസ് തലവന്‍ ജോണി ലൂക്കോസ്, കൈരളി ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ്, മീഡിയവണ്‍ ചീഫ് എഡിറ്റര്‍ സി.എല്‍.തോമസ്, ന്യൂസ് 18 ഹെഡ് ജയദീപ്, ജെയ്ഹിന്ദ് ടി.വി. എഡിറ്റര്‍ കെ.പി.മോഹനന്‍, മുന്‍ എഡിറ്റര്‍ സണ്ണിക്കുട്ടി എബ്രഹാം എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. നിരന്തരമായി ആദിവാസികളുടെയും മറ്റനവധി ചൂഷിതജനവിഭാഗങ്ങളുടെ ജീവിതം ചിത്രീകരിച്ച് അകാലത്തില്‍ വിടപറഞ്ഞ കെ.ജയചന്ദ്രനും പത്രമേഖല ദൃശ്യമാധ്യമത്തിനു നല്‍കിയ വിലപ്പെട്ട സംഭാവനയായിരുന്നു.
കാഴ്ചക്കാരെയും അതുവഴി പരസ്യക്കാരെയും പിടിച്ചുനിര്‍ത്താന്‍ എന്തും ചെയ്യാന്‍ നിര്‍ബന്ധിതമാകുന്ന ഒരു വ്യവസായമാണ് ദ്യശ്യമാധ്യമം. ചാനല്‍ ചര്‍ച്ചകളുടെ അസംബന്ധത്തെയും വാര്‍ത്തകളുടെ സെന്‍സേഷനിസത്തെയും രാപകല്‍ കുറ്റം പറയുന്നവരെങ്കിലും ഇവ കാണാതെ മാറിനിന്നിരുന്നെങ്കില്‍ ചാനലുകള്‍ അര്‍ത്ഥപൂര്‍ണമാകുമായിരുന്നു. പക്ഷേ, അങ്ങനെ സംഭവിക്കില്ല. ദൃശ്യമാധ്യമപ്രവേശം കേരളരാഷ്ട്രീയത്തേയും ജനജീവിതത്തെത്തന്നെയും മാറ്റിമറിച്ചിട്ടുണ്ട്്. ആര്‍ക്കും ഒരു വാര്‍ത്തയും ഒളിപ്പിച്ചുവെക്കാന്‍ പറ്റില്ല എന്ന വലിയ അവകാശവാദം ഒരു ഭാഗത്ത്. പരസ്യം എന്ന അദൃശ്യകോഴ കൊടുക്കുന്നവര്‍ക്കു ദോഷകരമായ ഒന്നും ഇവരും പുറത്തറിയിക്കില്ല എന്ന ആക്ഷേപം മറുവശത്ത്. പരസ്യപ്പണം കൊണ്ടുമാത്രം നിലനില്‍ക്കുന്ന ഒരു മാധ്യമത്തിന് പൗരനെ ശ്രദ്ധിക്കാന്‍ കഴിയില്ല. അവര്‍ക്ക് ഉപഭോക്താവിന്റെ താല്പര്യമേ സംരക്ഷിക്കാന്‍ കഴിയൂ. പരസ്യക്കാരന്റെ ശക്തിയെക്കുറിച്ചേ മാധ്യമങ്ങള്‍ വേവലാതിപ്പെടാറുള്ളൂ. കാഴ്ച്ചക്കാര്‍ എന്ന ഉപഭോക്താവിന്റെ ശക്തി അറിയുംവരെ അതങ്ങനെ തുടരുകയും ചെയ്യും.
ജനങ്ങള്‍ ഇഷ്ടപ്പെടുന്നതാണ് മാധ്യമങ്ങള്‍ നല്‍കുന്നത് എന്നു പറയാം. ചാനലുകളില്‍ നല്ല പരിപാടികളേ ഉണ്ടാകുന്നില്ല എന്നാരും പറയില്ല. ഉണ്ടാകുന്നത് അധികമാരും കാണാറില്ല എന്നതാണ് വാസ്തവം. അതു ചാനലുകളുടെ മാത്രം കുറ്റമല്ലല്ലോ. വിഷയമുണ്ടെങ്കിലും ഇല്ലെങ്കിലും ദിവസവും കൃത്യസമയത്ത് കൃത്യദീര്‍ഘം നടക്കുന്ന ചര്‍ച്ച നല്ല വിനോദപരിപാടിയാണെന്നു വീട്ടമ്മമാരും തിരിച്ചറിയുന്നു. സീരിയലുകളെ തള്ളിമാറ്റി റിയാലിറ്റി ഷോകളും കോമഡി ഷോകളും പെരുകുന്നു. ആക്ഷേപഹാസ്യം നിത്യവിനോദമാണ് അര ഡസനോളം ചാനലുകളില്‍. ഒരു ജനത അര്‍ഹിക്കുന്ന ഭരണാധികാരികളെ അവര്‍ക്കു ലഭിക്കും എന്നേ ഫ്രഞ്ച് ചിന്തകന്‍ ജോസഫ് ജി മാറീ ഡി മെയ്‌സ്ട്രി പറഞ്ഞിട്ടുള്ളൂ. അര്‍ഹിക്കുന്ന മാധ്യമങ്ങളും ലഭിക്കും.
കുറിപ്പുകള്‍
1.കേരളോപകാരി ഒരു പഠനം- ദേവദാസ് മാടായി സി.എല്‍.എസ് എറണാകുളം 2007
2. മണ്‍മറഞ്ഞ മലയാള മാസികകള്‍-ജി.പ്രിയദര്‍ശനന്‍ പേജ് 94 എസ്.പി.സി.എസ്് 2011
3. മാതൃഭൂമിയുടെ ചരിത്രം-(1998) ഒന്നാം വാള്യം-പേജ് 61
4. എന്‍.വി.കൃഷ്ണവാരിയരുടെ വിചിന്തനങ്ങള്‍ വിശദീകരണങ്ങള്‍ എന്ന ഗ്രന്ഥത്തിലെ സാഹിത്യപത്രപ്രവര്‍ത്തനം എന്ന ലേഖനം പേജ് 227
5. കമ്യൂണിസ്റ്റ് ഭരണവും വിമോചനസമരവും- എ.ജയശങ്കര്‍ (പത്രങ്ങളുടെ പത്മവ്യൂഹം എന്ന അധ്യായം-പേജ് 91-97)
6. Robin Jeffrey. India’s Newspaper Revolution: Capitalism, Politics and the Indian-language Press,
7. തെറ്റിപ്പോയ ഒരു ചരമക്കുറിപ്പ്-തോമസ് ജേക്കമ്പ്
മീഡിയ 2016 ഒക്‌റ്റോബര്‍-നവംബര്‍ വജ്രകേരളം പതിപ്പ്
8. കാമ്പിശ്ശേരി കാലം കാത്തുവച്ച പത്രാധിപര്‍-കെ.സുന്ദരേശന്‍ പേജ് 60 (കേരള പ്രസ് അക്കാദമി 2012)
9. മലയാള പത്രപ്രവര്‍ത്തനത്തിന്റെ അമ്പതുവര്‍ഷം-1947-1997-പത്രങ്ങള്‍ സ്വാതന്ത്ര്യത്തിനു ശേഷം-കെ.എം.മാത്യു- പേജ് 8. കേരള പ്രസ് അക്കാദമി കൊച്ചി
10. വാര്‍ത്തയുടെ ശില്പശാല- പേജ് 43, മനോരമ്യകഥകള്‍ പേജ് 126-135, കേരള പ്രസ് അക്കാദമി 2013
12. സുഖം തേടിയുള്ള യാത്ര-മലപ്പുറം പി. മൂസ്സ പേജ് 184. ഷാമ പബ്ലിക്കേഷന്‍സ് കോഴിക്കോട്-1992
14. മലയാളം ടെലിവിഷന്‍ ചരിത്രം 1985-2013 -ഡോ.ടി.കെ.സന്തോഷ്‌കുമാര്‍ പേജ് 25. കേരള പ്രസ് അക്കാദമി കൊച്ചി, 2013
15. ഇതേ പുസ്തകം- പേജ് 91
(മാധ്യമം വാരിക 2018 ജനവരിയില്‍ പ്രസിദ്ധപ്പെടുത്തിയ മുദ്ര എന്ന പ്രത്യേകപതിപ്പില്‍ പ്രസിദ്ധപ്പെടുത്തിയതാണ് ഈ ലേഖനം)