പത്രപ്രവര്‍ത്തകനായ സഞ്ജയന്‍

എൻ.പി.രാജേന്ദ്രൻ

സഞ്ജയന്‍  എന്ന തൂലികാനാമം സ്വീകരിച്ചത് എന്തുകൊണ്ട്  എന്ന് മാണിക്കോത്ത് രാമുണ്ണിനായര്‍ക്ക് അധികം വിസ്തരിക്കേണ്ടിവന്നിട്ടില്ല. പത്രപ്രവര്‍ത്തനധര്‍മം നിര്‍വഹിക്കാന്‍ വേണ്ടി എന്ന് അത്രയേറെ വ്യക്തമായിരുന്നു. മഹാഭാരത യുദ്ധവാര്‍ത്തകള്‍ അപ്പപ്പോള്‍ എങ്ങനെ അമ്പുകളേറ്റു മുറിയാതെയും തളര്‍ച്ച ബാധിക്കാതെയും സഞ്ജയന്‍ ധൃതരാഷ്ട്രരെ  അറിയിച്ചുവോ അതുപോലെ നമ്മുടെ സഞ്ജയന്‍ ഒട്ടും ഭയക്കാതെ തന്റെ പത്രപ്രവര്‍ത്തകദൗത്യം നിറവേറ്റുന്നുണ്ടായിരുന്നു.

വ്യക്തിബന്ധങ്ങളിലെയും നിത്യജീവിതത്തിലെയും പിഴവുകളും വൈരുദ്ധ്യങ്ങളും പൊള്ളത്തരങ്ങളുമാണ് പൊതുവെ ഹാസ്യസാഹിത്യകാരന്മാര്‍ വിഷയമാക്കാറുള്ളതെങ്കില്‍, സഞ്ജയന്‍ സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധതയാണ് തന്റെ ഹാസ്യത്തിന് വിഷയമാക്കിപ്പോന്നത്. അടിസ്ഥാനപരമായി ഒരു പ്രാദേശികലേഖകന്റെ അല്ലെങ്കില്‍ ടൗണ്‍ റിപ്പോര്‍ട്ടറുടെ ദൗത്യമാണ് അദ്ദേഹം ഉടനീളം നിര്‍വഹിച്ചത് എന്ന് കാണാം.

കോഴിക്കോട് നഗരത്തിലെ മുന്‍സിപ്പല്‍ ഭരണത്തിന്റെ വീഴ്ചകളും പാളിച്ചകളും കൊള്ളരുതായ്മകളും യഥാര്‍ത്ഥത്തില്‍ സാഹിത്യത്തിന്റെ വിഷയമല്ല, പ്രാദേശിക പത്രപ്രവര്‍ത്തനത്തിന്റെ വിഷയങ്ങളാണ്. സഞ്ജയന്‍ ആദ്യാവസാനം പ്രതിബന്ധത നിറഞ്ഞ ഒരു പത്രപ്രവര്‍ത്തകനായിരുന്നു.

ആനുകാലികസംഭവങ്ങളുടെ പ്രതിപാദ്യത്തില്‍ ഹാസ്യത്തിന്റെ കുളിര്‍കാറ്റല്ല, പരിഹാസത്തിന്റെ തിരമാലകളും കൊടുങ്കാറ്റുകളുമാണ് ഉണ്ടാവുക. വ്യക്തമായ നിലപാടുകളും കുത്യമായ മാര്‍ഗരേഖകളുമുള്ള ഒരു സാമൂഹ്യവിമര്‍ശകനെയുമാണ് സഞ്ജയനിലൂടെ നമുക്ക് കാണാനാവുക. പലരും ധരിക്കാറുള്ളത് എഴുത്തുകാരനും തൂലികാനാമക്കാരനും ഒരേ വ്യക്തി തന്നെയാണ് എന്നാണ്. ഈ വിഷയം സഞ്ജയനോളം തത്ത്വചിന്താപരമായി നിര്‍വചിച്ചവര്‍ ലോകസാഹിത്യത്തില്‍ വേറെ ഉണ്ടോ എന്നറിയില്ല.. ‘മാണിക്കോത്ത് രാമണ്ണി നായര്‍ അല്ല സഞ്ജയന്‍. ഞാന്‍ സ്‌നേഹിക്കുന്നവരെയെല്ലാം സഞ്ജയന്‍ സ്‌നേഹിക്കുന്നില്ല., സഞ്ജയന്‍ ദ്വേഷിക്കുന്നവരെയെല്ലാം ഞാന്‍ ദ്വേഷിക്കുന്നില്ല. സഞ്ജയന്റെ സ്‌നേഹാന്വേഷണങ്ങള്‍ ആദര്‍ശങ്ങളെയും എന്റെ സ്‌നേഹവിദ്വേഷങ്ങള്‍ പരിചയത്തെയും വ്യക്തിപരമായ ഉപകാരാപകാരങ്ങളെയും രുചിസാദൃശ്യത്തെയും ആശ്രയിച്ചിരിക്കുന്നു. എന്റെ പ്രാണസ്‌നേഹിതന്മാരെ സ്തുതിക്കുവാന്‍ സഞ്ജയന്‍ ഒരുതുള്ളി മഷി ചെലവാക്കുകയില്ല. നേരെ മറിച്ച് സഞ്ജയന്‍ നിരന്തരം എതിര്‍ക്കുന്ന ചില സഖാക്കളുടെ നേരെ-അവരത് വിശ്വസിച്ചാലും ഇല്ലെങ്കിലും – എനിക്ക് സഹോദര നിര്‍വിശേഷമായ സനേഹമാണുള്ളത്….’

സഞ്ജയന്‍ എന്ന നിഷ്പക്ഷനും നീതിമാനുമായ സാമൂഹിക വിമര്‍ശകന്‍ എം.ആര്‍.നായര്‍ എന്ന സാധാരണ മനുഷ്യനില്‍ നിന്ന് എങ്ങനെ വ്യത്യസ്തനാണെന്ന് നിര്‍വചിക്കാനുള്ള ശ്രമമാണിത്. അനീതികളെയും അധര്‍മങ്ങളെയും സമൂഹത്തിന് ഹാനികരമായ പ്രവണതകളെയും പ്രസ്ഥാനങ്ങളെയും വിമര്‍ശിക്കുമ്പോള്‍ സഞ്ജയന്‍ നിഷ്‌കളങ്കമായ പുഞ്ചിരി ഉണര്‍ത്താനല്ല ശ്രമിക്കാറുള്ളത്. അവിടെ ഹാസ്യത്തിന്റെ സ്വരം താഴുകയും വിമര്‍ശനത്തിന്റെ സ്വരമുയരുകയുമാണ് ചെയ്യുക. അധര്‍മങ്ങളെ ചെറുക്കുമ്പോള്‍ സഞ്ജയന്‍ പത്രപ്രവര്‍ത്തകനാണ്, പത്രാധിപരാണ്.

1934 മുതല്‍ 42 വരെയാണ് സഞ്ജയന്റെ ജീവിതത്തിലെ ഏറ്റവും സജീവമായ കാലം. മൂന്ന് പ്രസിദ്ധീകരണങ്ങളുടെ പത്രാധിപത്യം അദ്ദേഹം ഈ കാലത്ത് വഹിക്കുകയുണ്ടായി. മലബാറിലെ ആദ്യത്തെ ആധുനികസ്വഭാവങ്ങളുള്ള പ്രസിദ്ധീകരണമായ ‘കേരളപത്രിക’യാണ് സഞ്ജയന്‍ ആദ്യം പ്രവര്‍ത്തിച്ച മാസിക. അരനൂറ്റാണ്ട് പ്രവര്‍ത്തിച്ച് ക്ഷയോന്മുഖമായ കാലമായപ്പോഴാണ് സഞ്ജയന്‍  ആ പ്രസിദ്ധീകരണത്തിന്റെ ചുമതല ഏല്‍ക്കുന്നത്. കേരളപത്രികയെ അദ്ദേഹം സമൂലം മാറ്റിമറിച്ചു. കേരളപത്രിക നിലനില്‍ക്കെ തന്നെയാണ് അദ്ദേഹം മലയാളത്തിലെ ആദ്യ ഹാസ്യപ്രസിദ്ധീകരണമായ  ‘സഞ്ജയന്‍’ ഇറക്കിയത.് 1939 ഏപ്രിലിലാണത്. ആദ്യം മാസികയായും  പിന്നെ ദൈ്വവാരികയായും ആണ് അത് ഇറങ്ങിയിരുന്നത്. അനാരോഗ്യവും മറ്റനേകം തടസ്സങ്ങളും കാരണം മുടങ്ങിയും മുടന്തിയും അതിന്റെ 43 ലക്കങ്ങള്‍ പ്രസിദ്ധീകൃതമായി. അതിന് ശേഷമിറങ്ങിയ ‘ വിശ്വരൂപം’ 14 ലക്കങ്ങള്‍ മാത്രവും. മാതൃഭൂമിയില്‍ ചെന്നിരുന്നാണ് അതിന്റെ പണി അദ്ദേഹം നിര്‍വഹിച്ചിരുന്നത്.

വിശ്വരൂപ’ത്തിന്റെ പണിക്കിടെ അദ്ദേഹം മാതൃഭൂമിക്ക് വേണ്ടി പല എഡിറ്റോറിയല്‍ പ്രവര്‍ത്തികളും സേവനമായി നിര്‍വഹിച്ചുപോന്നു. കോളേജ് അധ്യാപകനായിരുന്ന അദ്ദേഹത്തിന് ഇംഗ്ലീഷിലുള്ള നെടുങ്കന്‍ വാര്‍ത്തകള്‍ അതിവേഗം മലയാളത്തിലാക്കാന്‍ കഴിഞ്ഞിരുന്നതായി മാതൃഭൂമി അസി.എഡിറ്ററായിരുന്ന ടി.പി.സി. കിടാവ് സഞജയന്‍ സ്മാരകഗ്രന്ഥമായ ‘ഹാസ്യപ്രകാശ’ത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും തട്ടുപൊളിപ്പന്‍ പ്രസംഗങ്ങള്‍ തര്‍ജ്ജമ ചെയ്യാന്‍ അദ്ദേഹത്തിന് പ്രത്യേക താല്പര്യവുമായിരുന്നു.
താന്‍ പ്രസിദ്ധപ്പെടുത്തുന്നവയുടെ ഗുണനിലവാരത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു അദ്ദേഹത്തിന്. കിട്ടുന്ന ഓരോ കൃതിയും വെട്ടിയും തിരുത്തിയും ചിലപ്പോള്‍ സമൂലം മാറ്റിയെഴുതിയും അദ്ദേഹം നിലവാരം ഉയര്‍ത്തിപ്പോന്നു. അദ്ദേഹത്തിന്റെ കൈ വിളയാടാതെ ഒരു ലേഖനം പോലും പ്രസിദ്ധപ്പെടുത്താറില്ലെന്ന് ചുരുക്കം. പ്രസിദ്ധീകരണം ജനപ്രിയമാക്കാന്‍ ഏതറ്റംവരെ പോകാം എന്നതിനെ സംബന്ധിച്ച് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. വായനക്കാര്‍ നിലവാരം കുറഞ്ഞ ഹാസ്യം ആണ് ആഗ്രഹിക്കുന്നത് എന്ന സിദ്ധാന്തം അദ്ദേഹം അംഗീകരിക്കുമായിരുന്നില്ല. ഒരിക്കല്‍ അദ്ദേഹം എഴുതി-‘ അവരാണ് വായനക്കാരില്‍ ഭൂരിപക്ഷം എന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. നിങ്ങള്‍ തെളിയിക്കുന്ന ദിവസം..ഭഗവാനേ.. നിങ്ങളുടെ കാലാണേ സത്യം പി.എസ് ഈ പേന വലിച്ചെറിഞ്ഞ്, മനസ്സിനൊത്ത അരഡസന്‍ ചങ്ങാതിമാരെയും കൂട്ടി പാറപ്പുറത്ത്  ചെന്നിരുന്ന് വെടിപറഞ്ഞ് സമയം കളയും…..’

ഹാസ്യത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും കാര്യത്തില്‍ അദ്ദേഹം സ്വന്തമായ ഒരു പ്രകടന പത്രിക തന്നെ മുറുകെപ്പിടിച്ചിരുന്നു. ‘ പരിഹാസപ്പുതുപ്പനീര്‍ചെടിക്കെടോ ചിരിയത്രെ പുഷ്പം  ശകാരം മുള്ളുതാന്‍..’ എന്ന് അദ്ദേഹം ഒരു നീണ്ട കവിതക്കകത്താണ് വ്യക്തമാക്കുന്നത്. എന്നാല്‍ ഈ രണ്ടുവരി ‘സഞ്ജയന്‍’ മാസികയുടെ എല്ലാ ലക്കത്തിലും നാലാം പേജില്‍ വൃത്താന്തരഹസ്യം പംക്തിയുടെ മുകളില്‍ കൊടുത്തുപോന്നു. സാന്ദര്‍ഭികമായി പറയട്ടെ, കൃത്യമായി ഒരു പംക്തി-പാശ്ചാത്യനിര്‍വചനപ്രകാരമുള്ള ഒരു  കോളം മലയാളത്തില്‍ ആദ്യം എഴുതിയത് സഞ്ജയന്‍ ആണ് എന്ന് കരുതാം. വൃത്താന്തരഹസ്യം, എഴുത്തുപെട്ടി തുടങ്ങി പല പംക്തികള്‍ അദ്ദേഹംതന്നെ ഒരേ ലക്കത്തില്‍ കൈകാര്യംചെയ്തുപോന്നിട്ടുണ്ട്. മാതൃഭൂമി പത്രത്തില്‍ വാരാന്തചിന്തകള്‍ എന്ന പംക്തിയും അദ്ദേഹത്തിന്റേതായി ഉണ്ടായിരുന്നു. അതില്‍ വന്ന ലേഖനത്തിന്റെ പേരിലാണ് ഒരിക്കല്‍ മാതൃഭൂമി നിരോധിക്കപ്പെട്ടത്. കൊച്ചിയില്‍ വന്നിറങ്ങിയ വെള്ളപ്പട്ടാളക്കാര്‍ പെണ്‍കുട്ടികളോട് മര്യാദകേട് കാട്ടിയതിനെതിരെ ആണ് സഞ്ജയന്‍ രൂക്ഷമായി പ്രതികരിച്ചത്. അതില്‍ ‘പുതുപ്പനിനീര്‍പുഷ്പ’മായിരുന്നില്ല ഉണ്ടായിരുന്നത്, കടുപ്പമേറിയ ‘മുള്ളുകള്‍’ തന്നെയായിരുന്നു. അതങ്ങനെയാണ് വേണ്ടതും. ആത്മരക്ഷക്കും ബലാല്‍സംഗം ചെറുക്കാനും കൊലപാതകംനടത്താന്‍ പൗരന് അധികാരമുണ്ടെന്ന് വരെ അദ്ദേഹം മടികൂടാതെ എഴുതി. അതാണ് പത്രനിരോധനത്തില്‍ എത്തിച്ചത്. പിന്നീട് പത്രനിരോധം നീക്കിയെങ്കിലും ഒരു വര്‍ഷക്കാലം മാതൃഭൂമി പ്രസിദ്ധപ്പെടുത്തിയത് മുഖപ്രസംഗം ഇല്ലാതെയാണ്. എം.ആര്‍.നായര്‍ക്ക് മലബാര്‍ കൃസ്ത്യന്‍ കോളേജിലെ ഉദ്യോഗം നഷ്ടപ്പെട്ടത് ഈ ലേഖനം കാരണമാണ്. മാപ്പെഴുതിക്കൊടുത്തിരുന്നുവെങ്കില്‍ തിരിച്ചുകിട്ടുമായിരുന്നു ആ ജോലി. അദ്ദേഹം അതിന് കൂട്ടാക്കിയില്ല.

മാസികകളിലെ പേജുകള്‍ ഉണ്ടാക്കുമ്പോള്‍ അവിടെയും ഇവിടെയും പ്രത്യക്ഷപ്പെടുന്ന ഒഴിഞ്ഞ സ്ഥലങ്ങള്‍ പത്രാധിപന്മാര്‍ക്ക് വലിയ വെല്ലുവിളിയാണ്. അവിടേക്ക് ഫില്ലറുകള്‍ കണ്ടെത്തണം. സഞ്ജയന്റെ ഹാസ്യ പ്രതിഭ നിറഞ്ഞുനില്‍ക്കാറുള്ളത് ഈ ഫില്ലറുകളിലാണ്. നൂറുനൂറ് പൊട്ടിച്ചിരിപ്പിക്കുന്ന വിറ്റുകള്‍ അദ്ദേഹം അപ്പപ്പോള്‍ സൃഷ്ടിച്ച് കൂട്ടിച്ചേര്‍ക്കും. ഇവയില്‍ പലതും സമാഹാരങ്ങളില്‍പ്പോലും ഉള്‍പ്പെടുത്തിയവയല്ല. ചിത്രകാരന്റെ, കാര്‍ട്ടൂണിസ്റ്റിന്റെ സേവനം പ്രസിദ്ധീകരണത്തില്‍ ഉപയോഗപ്പെടുത്തിയ ആദ്യത്തെ പത്രാധിപരും സഞ്ജയന്‍ ആയിരുന്നു. എം.ഭാസ്‌കരന്‍ എന്ന ആദ്യ കാര്‍ട്ടൂണിസ്റ്റ് മലയാളപ്രസിദ്ധീകരണത്തില്‍ വരച്ചത് സഞ്ജയന്റെ നിര്‍ബന്ധം കൊണ്ട് മാത്രമായിരുന്നു.

പ്രാദേശികപത്രങ്ങളിലെ റിപ്പോര്‍ട്ടുകളാണ് അദ്ദേഹത്തിന്റെ ഒട്ടനവധി ഹാസ്യരചനകള്‍ക്ക് പ്രേരണയും അടിസ്ഥാനവുമായിരുന്നത്. അമ്പ് കൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന പോലെ പരിഹസിക്കപ്പെട്ടിട്ടില്ലാത്ത ഒരു ജനവിഭാഗവും ഇല്ല എന്ന് തന്നെ പറയാം. രാഷ്ട്രീയപ്രവര്‍ത്തകരും ഭരണാധികാരികളും ദേശീയനേതാക്കളും ഉദ്യോഗസ്ഥപ്രമാണികളും മാത്രമല്ല, എഴുത്തുകാരും ലേഖകന്മാരും പത്രാധിപന്മാരും എല്ലാം പരിഹസിക്കപ്പെട്ടിട്ടുണ്ട്. തന്നെത്തന്നെ പരിഹസിക്കാന്‍ ഒട്ടും മടിയില്ലാതിരുന്ന ഇദ്ദേഹം മറ്റുള്ളവരെ പരിഹസിക്കാന്‍ എന്തിന് മടിക്കണം. സ്ത്രീകളെ കളിയാക്കാനും ഒട്ടും മടിച്ചിട്ടില്ല അദ്ദേഹം. ഫുട്‌ബോള്‍ റിപ്പോര്‍ട്ടുകള്‍ മനുഷ്യന് മനസ്സിലാകാത്ത വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന റിപ്പോര്‍ട്ടര്‍മാര്‍ ആവര്‍ത്തിച്ച് പരിഹസിക്കപ്പെട്ടിട്ടുണ്ട്.

പ്രൊഫഷനല്‍ പത്രപ്രവര്‍ത്തനത്തിന്റെ കാലമെത്തുംമുമ്പ് പത്രപ്രവര്‍ത്തനം അവസാനിപ്പിച്ച അദ്ദേഹത്തിന് പത്രപ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയായിരുന്നു. സ്വാതന്ത്ര്യസമരത്തിന് തന്റേതായ സംഭാവന നല്‍കിപ്പോന്നിട്ടുണ്ട് അദ്ദേഹം. ഒളിവിലിരുന്ന് സമരസേനാനികള്‍ പുറത്തിറക്കിയ സ്വതന്ത്രഭാരതം പ്രസിദ്ധീകരണത്തിന് സഞ്ജയന്‍ സഹായങ്ങള്‍ ചെയ്തത് അദ്ദേഹത്തിന്റെ അവസാനനാളുകളിലായിരുന്നു. സ്വതന്ത്രഭാരതം പോലീസ് കണ്ടുകെട്ടിയപ്പോള്‍ അദ്ദേഹത്തിന് ഇതുമായുള്ള ബന്ധം കണ്ടെത്തി പോലീസ് തിരഞ്ഞുവരുമ്പോള്‍ മരണക്കിടക്കയിലായിരുന്നു അദ്ദേഹം. അറസ്റ്റ് ചെയ്യാന്‍ നോക്കാതെ അവര്‍ മടങ്ങുകയായിരുന്നുവത്രെ. എന്തൊരു ജീവിതം !

സഞ്ജയനെ വായിച്ചിട്ടുള്ളവര്‍ ഇന്നത്തെ രാഷ്ട്രീയ വൈകൃതങ്ങളും ഭരണ പാളിച്ചകളും അഴിമതികളും കാണുമ്പോള്‍ എപ്പോഴും ആഗ്രഹിച്ചുപോകാറുള്ളത് ഒരേ കാര്യംതന്നെ- ‘സഞ്ജയന്‍ ഇന്നും ഉണ്ടായിരുന്നെങ്കില്‍ ‘.

( 2004ല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയുട്ട് പ്രസിദ്ധപ്പെടുത്തിയ സഞ്ജയന്‍-പഠനങ്ങള്‍ സ്മരണകള്‍ എന്ന ഗ്രന്ഥത്തിന് വേണ്ടി എഴുതിയ ലേഖനത്തിന്റെ ചുരുക്കം)

Leave a Reply

Your email address will not be published. Required fields are marked *

Go Top