വിഭജിക്കപ്പെട്ടപ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നാണ് മിക്കവരും പാകിസ്താനിലേക്ക് കുടിയേറിയത്. കൊടിയ വര്‍ഗീയ കലാപത്തിനിടയില്‍ അവര്‍ പലരും ഉടുതുണിക്ക് മറുതുണിയില്ലാതെ പാഞ്ഞുപോയവരാണ്. ബി.എം കുട്ടി എന്ന ബിയ്യാത്തില്‍ മൊഹിയുദ്ധീന്‍ കുട്ടി എന്ന തിരൂര്‍ വൈലത്തൂര്‍ ചിലവുകാരന്‍ തികച്ചും യാദൃച്ഛികമായാണ് അതിര്‍ത്തികടന്നത്. അതും വിഭജനം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനു ശേഷം. ദല്‍ഹിയിലെ കോളേജ് പഠനത്തിനു ശേഷം 1949-ലാണ് ആദ്യം ബോംബെയില്‍ നിന്ന് സുഹൃത്തുക്കളാരോ വിളിച്ചപ്പോള്‍ കറാച്ചിയിലേക്കും പിന്നെ ലഹോറിലേക്കുമെല്ലാം സഞ്ചരിച്ച് പാകിസ്താന്‍ പൗരനായത്. 2019-ല്‍ മരിക്കുമ്പോള്‍ അദ്ദേഹം പാകിസ്താനില്‍ ശ്രദ്ധേയനായ പൊതുപ്രവര്‍ത്തകനായിരുന്നു. പക്ഷേ, അപ്പോഴുമദ്ദേഹത്തിന്റെ മനസ്സു നിറയെ ഒരു മലയാളിയായിരുന്നു.
ബി.എം കുട്ടിയെപ്പോലെ മറ്റൊരു മലയാളിയില്ല. ജോലികിട്ടിയും മറ്റു കാരണങ്ങളാലുമെല്ലാം വിദേശത്തേക്കു പോകുകയും അവിടത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്ത മറ്റനേകം-ലക്ഷക്കണക്കിനു തന്നെ കാണും- മലയാളികള്‍ ആ രാജ്യങ്ങളിലെ പൗരന്മാരായി അവിടെ മണ്ണടിഞ്ഞിട്ടുണ്ട്. പക്ഷേ, അവരില്‍നിന്നു വ്യത്യസ്തമായി ശത്രുരാജ്യം പോലെ കണക്കാക്കപ്പെട്ട പാകിസതാനില്‍ ജീവിതാന്ത്യംവരെ മലയാളികളുടെ മിത്രമായി തുടരുകയും അതിന്റെ ദോഷങ്ങള്‍ അനുഭവിക്കുകയും ചെയ്ത ആളാണ് ബി.എം കുട്ടി. അങ്ങനെ വേറെ ഒരാളില്ല. അതുകൊണ്ടുകൂടിയാവാം അദ്ദേഹത്തെ ഇന്ത്യന്‍ ചാരനായി മുദ്രകുത്തി രണ്ടു വര്‍ഷത്തിലേറെ ജയിലിലടച്ചത്.
ബി.എം. കുട്ടിയുടെ ആത്മകഥ നമ്മളറിയേണ്ട അനേകം യാഥാര്‍ത്ഥ്യങ്ങളുടെയും ചരിത്ര അറിവിന്റെയും കലവറയാണ്. കുട്ടി സ്വമേധയാ പാകിസ്താനിലേക്കു പോയതാണ്. പാകിസ്താനില്‍ കുടങ്ങിപ്പോയ മലയാളികള്‍ അനേകമുണ്ട്. അവര്‍ വിഭജനത്തിനു മുന്‍പ് കറാച്ചിയിലും ലാഹോറിലുമെല്ലാം ചില്ലറ ജോലികള്‍ ചെയ്തിരുന്നവരാണ്. മുസ്ലിങ്ങള്‍ക്കു ഒരു രാഷ്ട്രം കിട്ടിയ ശേഷവും ഇന്ത്യയിലേക്കു തിരിച്ചുവരുന്നത് അപകടമാകുമോ എന്നു ഭയന്നാണ് അവര്‍ പലരും പാകിസ്താനില്‍ തന്നെ പാര്‍പ്പുറപ്പിച്ചത്. മലയാളിത്തം കൈവിടാതെ ജീവിതം മുന്നോട്ടുകൊണ്ടു പോയിക്കാണും അവരും. അമേരിക്കയില്‍ പോയാലും കാറില്‍ മലയാള ചലചിത്രഗാനങ്ങളിടാതെ വണ്ടിയോടിക്കാന്‍ പറ്റാത്തവരാണ് മിക്ക മലയാളികളും. പക്ഷേ,് അവര്‍ക്കൊന്നും പാകിസ്താന്‍ മലയാളിയുടെ ധര്‍മസങ്കടങ്ങളില്ല. കറാച്ചിയില്‍ ബീഡിത്തൊഴിലാളികള്‍ വരെ കേരള അവാമി ലീഗില്‍ ചേര്‍ന്നിരുന്നു. ഒരു സമയത്ത് അതിന്റെ സിക്രട്ടറി ആയിരുന്നിട്ടുണ്ട് ബി.എം.കുട്ടി. കെട്ടുറപ്പുള്ള ബീഡി തൊഴിലാളി സംഘടനയും രൂപവല്‍ക്കരിച്ചിരുന്നു. ചായക്കടകളിലും മുറുക്കാന്‍കടകളിലും ഉണ്ടായിരുന്നു മലയാളി തൊഴിലാളികള്‍. മിക്കവാറുമെല്ലാം മലബാറുകാര്‍തന്നെ. എന്തിനേറെ, അവിടെ മലയാളികള്‍ കേരള മുസ്ലിം ലീഗും രൂപവല്‍ക്കരിച്ചിരുന്നു.
1948-ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കല്‍ക്കത്ത കോണ്‍ഗ്രസ്സിലാണ് പാകിസ്താനില്‍ പാര്‍ട്ടി രൂപവര്‍ക്കരിക്കാനുള്ള തീരുമാനമെടുത്തത്. പാകിസ്താനിലെ പാര്‍ട്ടിയുടെ ആദ്യ സിക്രട്ടറിയെ ഇന്ത്യയില്‍ നിന്നാണ് അയച്ചുകൊടുത്തത്. കിഴക്കും പടിഞ്ഞാറുമുള്ള പാകിസ്താനുകള്‍ ഏതാണ്ട് വെവ്വേറെയായാണ് നില നിന്നത് എന്നു ബി.എം കുട്ടി എഴുതുന്നു. 1961-ല്‍ റാവല്‍പിണ്ടി ഗൂഡാലോചന പുറത്തുവന്ന ശേഷം കമ്യൂണിസ്റ്റ് നേതാക്കള്‍ മിക്കവരും ജയിലിലായി. പാകിസ്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നീണ്ട ചരിത്രം ഈ കൃതിയില്‍ പലേടത്തായി കുട്ടി വിവരിക്കുന്നുണ്ട്. പല ഘട്ടത്തിലും അദ്ദേഹം അതില്‍ ഭാഗഭാക്കായിരുന്നിട്ടുമുണ്ട്.
നല്ല നാടായ കേരളം വിട്ട് എന്തിന് ഇങ്ങോട്ടു വന്നു എന്ന ചോദ്യം പലരും ചോദിച്ചത് കുട്ടി അനുസ്മരിക്കുന്നുണ്ട്. ഉത്തരം പറയുക എളുപ്പമായിരുന്നില്ല. കാരണം എന്തിനു പാകിസ്താനില്‍ തുടര്‍ന്നു എന്ന് കുട്ടിക്കും ബോധ്യമായിരുന്നില്ല. അങ്ങനെ സംഭവിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെട്ട എല്ലാവരും തിരൂരില്‍തന്നെ ഉണ്ടായിരുന്നു. സ്വത്തു പോലും പിന്നീട് സഹോദരന് കൈമാറുകയാണ് ചെയ്തത്. എന്നാല്‍, ഒരു ബന്ധവും അവസാനംവരെ മുറിച്ചെറിഞ്ഞില്ല. ഓരോ ഘട്ടത്തിലും പരക്കം പാഞ്ഞ് നാട്ടിലെത്താറുണ്ട്. മാതാപിതാക്കളുടെ ശവസംസ്‌കാരത്തിനു പോലും എത്താത്തവര്‍ നമുക്ക് ധാരാളമുണ്ട് എന്നോര്‍ക്കണം. എന്തിനു കേരളം വിട്ടു എന്നു ചോദിച്ചവരില്‍ ഒരാള്‍ പ്രധാനമന്ത്രിയായ സുള്‍ഫിക്കര്‍ അലി ഭൂട്ടോ ഉള്‍പ്പെടുന്നു.
സദാ ഹൃദയത്തില്‍ ഇന്ത്യയെ കൊണ്ടുനടക്കുന്നു ആളാണെന്നത് ഇദ്ദേഹത്തെ ഒരപകടത്തില്‍ ചാടിച്ചു. രണ്ടു വര്‍ഷത്തിലേറെ ജയിലിലായി. ഇടതുപക്ഷ സംഘടനകളുമായി ബന്ധപ്പെട്ട രാഷ്ട്രീയപ്രവര്‍ത്തനം ഉണ്ടായിരുന്ന കാലത്താണ് രാജ്യത്ത് പട്ടാളഭരണം പ്രഖ്യാപിച്ചത്. കുറച്ചുകാലം വിട്ടുനില്‍ക്കുന്നത് നല്ലതായിരിക്കും എന്ന സുഹൂത്തിക്കളുടെ ഉപദേശംമാനിച്ച്് അദ്ദേഹം ധൃതിപ്പെട്ട്് കേരളത്തിലേക്കു മടങ്ങി. ഭാര്യയെയും ഒപ്പം കൂട്ടി. മലയാളിയായ പി.ടി.ഐ ലേഖകന്‍ വി.പി രാമചന്ദ്രന്‍ ഇക്കാര്യത്തില്‍ വലിയ സഹായം ചെയ്തു.എല്ലാം ശാന്തമായെന്നു കരുതി മൂന്നു മാസത്തിനു ശേഷം തിരിച്ചുവന്നു. തിരിച്ചെത്തിയ ദിവസംതന്നെ അദ്ദേഹം തടങ്കലിലാക്കപ്പെട്ടു. കാരണമൊന്നും പറയാതെ മാസങ്ങള്‍ തുടര്‍ന്നു ജയില്‍വാസം. ഒടുവിലാണ് കാര്യം വെളിപ്പെടുത്തുന്നത്. …… ബി.എം. കുട്ടി ഇന്ത്യന്‍ ചാരനാണ്. മുസ്ലിം പോലുമല്ല. എല്ലാം ഇന്ത്യക്കാര്‍ പഠിപ്പിച്ച് ഇങ്ങോട്ടയച്ചതാണ്. പത്രപ്രവര്‍ത്തകന്‍ വി.പി രാമചന്ദ്രന്‍ താങ്കളുടെ കൂട്ടാളിയായാണ്. കേരളത്തിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ ദീര്‍ഘനേരം സൗഹൃദം പുലര്‍ത്തിയ പട്ടാള ഉദ്യോഗസ്ഥന്റെ പേരുപോലും പൊലീസ് ഉദ്യോഗസ്ഥന്‍ കുട്ടിയോട് പറഞ്ഞു. എല്ലാം ചാരപ്പണിയാണ്…..
രഹസ്യപൊലീസ് ദീര്‍ഘകാലമായി ഈ കമ്യൂണിസ്റ്റുകാരനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. വേണ്ടത്ര മതകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നില്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെടുന്നു, ഇന്ത്യക്കാരുടെ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നു എന്നെല്ലാമുള്ള സംശയങ്ങള്‍ നേരത്തെ ഉള്ളതാണ്. സദാ പിന്തുടര്‍ന്ന ഒരു ചെറുപ്പക്കാരനെ ഒരിക്കല്‍ കുട്ടി പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ അയാള്‍ സത്യം പറഞ്ഞു. പിന്നെ അയാളൊരു സുഹൃത്തായി എങ്ങോട്ടു പോകുന്നു എന്ന് അയാളെ അറിയിച്ചായി പിന്നെ കുട്ടിയുടെ യാത്രകള്‍. അത്യാവശ്യത്തിനു സിഗരറ്റ് വാങ്ങിക്കൊണ്ടുവന്നു കൊടുക്കുക എന്ന സഹായം പോലും ഈ രഹസ്യപ്പോലീസുകാരന്‍ നിര്‍വഹിച്ചിരുന്നത്രെ! എന്തായാലും, കുട്ടിയുടെ സ്വദേശസന്ദര്‍ശനം കുട്ടിക്ക് രണ്ട് വര്‍ഷത്തെ ജയില്‍വാസമാണ് നേടിക്കൊടുത്തത്. ഇത് ആദ്യത്തെ ജയില്‍വാസമായി. പിന്നെയും രണ്ടു തവണ രാഷ്ട്രീയമായ കാരണങ്ങളാള്‍ അദ്ദേഹം ജയിലിലായിട്ടുണ്ട്്.
പേരിലെ ‘കുട്ടി’ ആണ് പിന്നൊരിക്കല്‍ കുട്ടിക്ക് അപകടമായത്. ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ സൈനികനുമായി ബന്ധം പുലര്‍ത്തിയത് അറസ്റ്റിലായ രണ്ട് പാക് വ്യോമസേന ഉദ്യാഗസ്ഥരുടെ പേരിലും കുട്ടി ഉണ്ടായിരുന്നു. അവര്‍ കേരളത്തില്‍നിന്ന് പാക് എയര്‍ഫോഴ്‌സില്‍ ജോലികിട്ടി വന്നവരായിരുന്നു. വലിയ വാര്‍ത്താപ്രാധാന്യംകിട്ടിയ ഈ സംഭവം നമ്മുടെ കുട്ടിയെക്കുറിച്ചും ചെല്ലുന്നേടത്തെല്ലാം സംശയമുണര്‍ത്താന്‍ കാരണമായി. വാടകയ്ക്ക താമസിച്ച വീട്ടില്‍നിന്ന് ഇറക്കിവിടുക പോലും ചെയ്തു ഒരു തവണ. കുട്ടി എന്നത് ഹിന്ദുപ്പേരാണ് എന്ന തെറ്റിദ്ധാരണയും അവര്‍ക്കുണ്ടായത് സ്വാഭാവികംതന്നെ. ഹിന്ദുവിനും മുസ്ലിമിനും ഒരേ പേരു പാടില്ലല്ലോ!
നീണ്ട പാകിസ്താന്‍ വാസത്തിനിടെ റെയില്‍വെ തൊഴിലാളികളുടെ യൂണിയന്‍, പട്ടാളഭരണകൂടത്തിനെതിരായ മൂവ്‌മെന്റ് ഫോര്‍ റിസ്റ്ററേഷന്‍ ഓഫ് ഡമോക്രസി, സാര്‍ക്ക് പ്യൂപ്പ്ള്‍സ് യൂണിയന്‍ ഓഫ് സൗത്ത് ഏഷ്യ തുടങ്ങി നിരവധി സംഘടകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടണ്ട്. ഇന്ത്യ-പാക് സൗഹൃദത്തിനും സമാധാനത്തിനുമുള്ള എല്ലാ യജ്ഞങ്ങളിലും പങ്കാളിയായിരുന്നിട്ടുണ്ട്. ഉയര്‍ന്ന ഔദ്യോഗികപദവികളും വഹിച്ചു. കുട്ടിയുടെ ആത്മകഥ നിറയെ വര്‍ഷവും ദിവസവും എടുത്തു പറയുന്ന സംഭവവിവരണങ്ങളാണ്. നീണ്ട കാലമായി സൂക്ഷിച്ചുപോന്ന-അദ്ദേഹം അത് എവിടെയും പറയുന്നില്ല-ദൈനംദിന ഡയറിക്കുറിപ്പുകളാകാം അദ്ദേഹത്തെ സഹായിച്ചിരിക്കുക എന്നു തോന്നുന്നു. ദശാബ്ദങ്ങള്‍ക്കു മുന്‍പു നടത്തിയ അപ്രധാനയാത്രകളില്‍ വഴിയില്‍ കണ്ടവരുടെ പേരുകള്‍പോലുള്ള ഇത്രയേറെ കൃത്യമായ വിവരങ്ങളടങ്ങിയ ഒരു ആത്മകഥയും ജീവചരിത്ര ഗ്രന്ഥവും കാണുക പ്രയാസമാണ്. ഓര്‍മയും ഡയറിക്കുറിപ്പും പോര ആഴത്തിലുള്ള ഗവേഷണവും ആവശ്യമാണ്. ആത്മകഥയെഴുതുന്നവര്‍ക്കു ഒരു മാതൃകയാക്കാവുന്നതാണ് ഈ 528 പേജ് ഗ്രന്ഥം.
തികഞ്ഞ മതനിരപേക്ഷവാദിയായിരുന്നു ബി.എം. കുട്ടി. മതപക്ഷപാതികള്‍ക്ക് സ്വീകാര്യമല്ലാത്ത പല ചരിത്രയാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും അദ്ദേഹം എടുത്തുപറയുന്നുണ്ട്. കേരളത്തില്‍ എത്രയെത്ര ആത്മകഥകളും ജീവചരിത്രങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. അതിലൊന്നും വായിച്ചിട്ടില്ല മതംമാറി ഹിന്ദുക്കളായതിന്റെ പേരില്‍ ഒരു കൂടുംബം ഒന്നടങ്കം ഉന്മൂലനം ചെയ്യപ്പെട്ട ഒരു സംഭവം. ബി.എം. കുട്ടിയുടെ ചെറിയ പ്രായത്തില്‍ കേരളത്തില്‍ നടന്നത് കുട്ടി ഓര്‍മിപ്പിക്കുന്നു. കിളിമാനൂര്‍കാരായ രാംസിംഹന്‍, നരസിംഹന്‍ എന്നീ രണ്ടു സഹോദരന്മാരെയും മതംമാറിയ ശേഷം നരസിംഹന്‍ വിവാഹം ചെയ്ത പതിനഞ്ചുകാരി ബ്രാഹ്മണ പെണ്‍കുട്ടിയെയും അവര്‍ ഉണ്ടാക്കിയ ക്ഷേത്രത്തിലെ പുരോഹിതനെയും മുഖംമൂടിയിട്ട ഒരു സംഘമാളുകള്‍ വെട്ടിക്കൊന്ന സംഭവമാണത്. വലിയൊരു അഗ്നിപരീക്ഷയായിരുന്നു അത്. ഈ തീക്കളികളെയെല്ലാം മറികടന്നാണ് കേരളം ഇന്നും മതനിരപേക്ഷതയില്‍ ഉറച്ചുനില്‍ക്കുന്നത് എന്നു ആരും മറന്നുകൂടല്ലോ.